this site the web

ഉമ്മയോളം വരില്ല, മറ്റൊന്നും



അബ്‌ദുല്‍വദൂദ്‌ 

പഴയൊരു സുഹൃത്തിനെ വര്‍ഷങ്ങള്‍ക്കു ശേഷമാണ്‌ വീണ്ടും കണ്ടത്‌. ഒരുപാട്‌ പറയാന്‍ ഞങ്ങള്‍ ഒരുമിച്ചിരുന്നു. ഉമ്മയെക്കുറിച്ചാണ്‌ അവന്‍ പറഞ്ഞതെല്ലാം. പിതാവ്‌ നഷ്‌ടപ്പെട്ടതിനെത്തുടര്‍ന്ന്‌ ഉമ്മയാണ്‌ അവരെയെല്ലാം വളര്‍ത്തിയത്‌. ദു:ഖങ്ങള്‍ മാത്രം സമ്പാദ്യമായപ്പോഴും പരാതികളേതുമില്ലാതെ, ബാധ്യതകളെല്ലാം ആ ഉമ്മ നിര്‍വഹിച്ചു.

അവന്‍ തന്നെ പറയട്ടെ: ``കുറച്ചു നാളികേരമായിരുന്നു ആകെ വരുമാനം. അത്‌ വിറ്റ്‌ കിട്ടുന്ന കാശ്‌ വളരെ ചെറുതായിരുന്നു. എന്നിട്ടും ഉമ്മ ഞങ്ങളെ ജീവിക്കാന്‍ പഠിപ്പിച്ചു. അതില്‍ നിന്നൊരു പങ്ക്‌ പാവങ്ങള്‍ക്കും നല്‍കി. സങ്കടങ്ങളെല്ലാം ഉള്ളിലൊതുക്കി ആരെയും ഒന്നുമറിയിച്ചില്ല. ജീവിതത്തെക്കുറിച്ച്‌ ഉമ്മയ്‌ക്ക്‌ വ്യക്തമായ കാഴ്‌ചപ്പാടും ആസൂത്രണവുമുണ്ടായിരുന്നു. അതാണ്‌ ഞങ്ങള്‍ക്ക്‌ തുണയായത്‌. ഇസ്‌ലാമിക ജീവിതത്തിന്റെ എല്ലാ വശങ്ങളും ഉമ്മയില്‍ നിന്നാണ്‌ ഞങ്ങള്‍ പഠിച്ചത്‌. മക്കളെല്ലാം വലുതായി. സാമ്പത്തിക നില തൃപ്‌തികരമായി. അതോടെ ഉമ്മയ്‌ക്ക്‌ രോഗങ്ങളായി. മാരകരോഗം തന്നെയാണ്‌ പിടിപെട്ടത്‌. ചെറിയ മകനായതുകൊണ്ട്‌ ഉമ്മയുടെ ചികിത്സാ കാര്യങ്ങളൊക്കെ ഞാനാണ്‌ നോക്കിയത്‌. രാവും പകലും ഉമ്മയുടെ അരികിലിരുന്ന്‌ പരിചരിച്ചു. കാല്‌ മുറിച്ചുമാറ്റേണ്ടിവന്നതോടെ ഉമ്മയ്‌ക്ക്‌ നടക്കാനും കഴിയാതായി. ഒരു നിമിഷം പോലും എനിക്ക്‌ അകന്നുനില്‍ക്കാന്‍ തോന്നിയില്ല. ആശുപത്രിയിലേക്കുള്ള നിരന്തര യാത്രകള്‍ ഉമ്മയെ കൂടുതല്‍ വിഷമിപ്പിച്ചു. പാതിരാത്രിയില്‍ ഉമ്മയെ ബാത്ത്‌റൂമില്‍ കൊണ്ടുപോയി ഇരുത്തിക്കഴിഞ്ഞാല്‍ പുറത്തിരുന്ന്‌ ചിലപ്പോള്‍ ഞാനുറങ്ങിപ്പോകും. വിളിക്കാന്‍ ഉമ്മയ്‌ക്ക്‌ കഴിയില്ല. കോപ്പെയെടുത്ത്‌ വാതിലിലേക്കെറിഞ്ഞ്‌ എന്നെ ഉണര്‍ത്തും. ഒരു രാത്രി, ബാത്ത്‌റൂമിലേക്ക്‌ ഉമ്മയെ കൊണ്ടുപോകുന്നതിനിടെ ഞാന്‍ കാലു തെന്നിവീണു! ഭാഗ്യം, എന്റെ ഉമ്മയ്‌ക്ക്‌ യാതൊന്നും സംഭവിച്ചില്ല. പിന്നെ, ഞാന്‍ നോക്കുമ്പോള്‍ എന്റെ ലുങ്കിയില്‍ നിറയെ രക്തം! വീഴുന്നതിനിടെ എവിടെയോ ഉരസി, എന്റെ തുടയില്‍ നിന്ന്‌ തോല്‍ചീന്തിപ്പോയിരിക്കുന്നു. ആകെ രക്തം! ഉമ്മയെങ്ങാനും ആ കാഴ്‌ച കണ്ടാല്‍ അതുമതി. അവരെ അറിയിക്കാതെ വാതിലടച്ച്‌ രക്തമെല്ലാം കഴുകി വൃത്തിയാക്കി. ആശുപത്രിയില്‍ പോയാല്‍ മുറിവ്‌ കെട്ടും. അതോടെ ഉമ്മ അറിയും. അതിനാല്‍ ഡോക്‌ടറെ കാണിച്ചില്ല. ഉമ്മയുടെ മരണശേഷമാണ്‌ ഞാനാ മുറിവ്‌ ചികിത്സിച്ചത്‌. സങ്കടങ്ങളൊന്നുമില്ലാതെ എന്റെ പുന്നാര ഉമ്മ പടച്ചവനിലേക്ക്‌ യാത്രയായി...''

പാതി മുറിഞ്ഞ വാക്കില്‍, കണ്ണീരു കലര്‍ന്നു. ഇനിയും പറയാന്‍ അവന്‌ കഴിയുന്നില്ല. കനം കെട്ടിയ സങ്കടം ഓര്‍മകളെ മങ്ങിയ കാഴ്‌ചപ്പാടുകള്‍ മാത്രമാക്കി. ഈ ജന്മത്തില്‍ ഒരു മകന്‍ ചെയ്യേണ്ടതെല്ലാം അവന്‍ ചെയ്‌തുകഴിഞ്ഞിരിക്കുന്നു. രോഗദുരിതങ്ങള്‍ക്കിടയിലും സന്തോഷവതിയായി ആ ഉമ്മയെ അവന്‍ നാഥനിലേക്കയച്ചു. മുറിഞ്ഞുപോകാത്ത ഊഷ്‌മള ബന്ധം.

മസ്‌ജിദുല്‍ഹറാം ഇമാമും ഖതീബുമായ ഡോ. സുഊദ്‌ ബ്‌നു ഇബ്‌റാഹീം ശുറൈം എഴുതിയ ഉമ്മ: സ്ഥാനവും പദവിയും എന്ന ലഘുലേഖ, അര്‍ഥവത്തായ ആലോചനകള്‍ സമ്മാനിക്കുന്നുണ്ട്‌. യാദൃച്ഛികമാവാം, മുകളില്‍ സൂചിപ്പിച്ച സുഹൃത്ത്‌ തന്നെയാണ്‌ ഇത്‌ സമ്മാനിച്ചത്‌! അതില്‍ ഉദ്ധരിച്ച ഒരു തിരുവചനം: ``മാതാപിതാക്കളെ അനുസരിച്ചും പ്രീതിപ്പെടുത്തിയുമാണ്‌ ഒരാള്‍ പ്രഭാതമാവുന്നതെങ്കില്‍ അയാള്‍ക്കുവേണ്ടി സ്വര്‍ഗലോകത്തേക്ക്‌ രണ്ട്‌ കവാടങ്ങള്‍ തുറന്നുവെക്കും. അവരില്‍ ഒരാളെയാണ്‌ പ്രീതിപ്പെടുത്തുന്നതെങ്കില്‍ ഒരു കവാടം തുറന്നുവെക്കും. മാതാപിതാക്കളുടെ അനിഷ്‌ടം സമ്പാദിച്ചുകൊണ്ടാണ്‌ ഒരാള്‍ എഴുന്നേല്‍ക്കുന്നതെങ്കില്‍ അയാള്‍ക്കുവേണ്ടി നരകലോകത്തേക്ക്‌ രണ്ട്‌ വാതിലുകള്‍ തുറന്നുവെക്കും. അവരില്‍ ഒരാളെയാണ്‌ പ്രകോപിപ്പിച്ചതെങ്കില്‍ ഒരു കവാടവും.'' (ബൈഹഖി 7916)

മക്കളുടെ പീഡനം കൊണ്ട്‌ മാതാപിതാക്കള്‍ കരയേണ്ടിവരുന്നതിനെ അബ്‌ദുല്ലാഹിബ്‌നു ഉമര്‍(റ) വിശദീകരിക്കുന്നതിങ്ങനെ: ``മാതാപിതാക്കളെ കരയാന്‍ ഇടവരുത്തുന്നത്‌ അവരെ ഉപദ്രവിക്കലും മഹാപാപവുമാണ്‌.'' (ബുഖാരി, അദബുല്‍ മുഫ്‌റദ്‌ 31)

ഖാദിസിയ്യാ യുദ്ധത്തിന്‌ നാല്‌ മക്കളെയും പറഞ്ഞയക്കുമ്പോള്‍ ധീരയായ ഖന്‍സാഅ്‌(റ) മക്കളോട്‌ പറയുന്നതിങ്ങനെ: ``മക്കളേ, നിങ്ങള്‍ ഒരൊറ്റ പിതാവിന്റെയും മാതാവിന്റെയും മക്കളാണ്‌. നിങ്ങളുടെ പിതാവിനെ ഞാന്‍ വഞ്ചിച്ചിട്ടില്ല. നിങ്ങളുടെ കുടുംബത്തിന്‌ ഞാന്‍ പേരുദോഷം വരുത്തിയിട്ടുമില്ല.''

സദ്‌വൃത്തയായ ഉമ്മയ്‌ക്ക്‌ സല്‍പ്പെരുമാറ്റം തിരിച്ചുകിട്ടും. മക്കളോടുള്ള പിതാവിന്റെ ബാധ്യതകളെക്കുറിച്ചുള്ള ഖലീഫ ഉമറിന്റെ നിരീക്ഷണം എക്കാലവും പ്രസക്തമാണ്‌. ``അവന്റെ ഉമ്മയെ സംസ്‌കരിക്കുക. കുഞ്ഞിന്‌ നല്ല പേരിടുക. ഖുര്‍ആന്‍ പഠിപ്പിക്കുക.'' (തര്‍ബിയതുല്‍ അവ്‌ലാദ്‌ 7:124)

മക്കളുടെ ജീവിതവിജയം മാതാപിതാക്കളിലാണ്‌. സ്വര്‍ഗത്തിന്റെ താക്കോലുകളാണ്‌ അവര്‍ രണ്ടുപേരും. അവരോടുള്ള ബാധ്യത വിസ്‌മരിച്ചാല്‍ ജീവിതം പിഴച്ചു. രോഗിയായ ഉമ്മയെ ശുശ്രൂഷിച്ചതുകൊണ്ടു മാത്രം സ്വര്‍ഗം നേടിയ ഒരാളെക്കുറിച്ച്‌ തിരുനബി ഉമറിനോട്‌(റ) പറയുന്നുണ്ട്‌. അങ്ങനെയുള്ളവരുടെ പ്രാര്‍ഥനകള്‍ സ്വീകരിക്കപ്പെടുമെന്നും പറഞ്ഞു. ചുട്ടുപൊള്ളുന്ന മണലിലൂടെ ഉമ്മയെ തോളിലേറ്റി നടന്നുപോയ ഒരാള്‍ അതേപ്പറ്റി ചോദിച്ചപ്പോള്‍ റസൂല്‍(സ) പറഞ്ഞു: ``ഉമ്മ അനുഭവിച്ച അനേകം വേദനകളില്‍ ചെറിയൊരു വേദനയ്‌ക്കുള്ള പരിഹാരം മാത്രമേ അതാകാന്‍ സാധ്യതയുള്ളൂ.'' (മജ്‌മഉസ്സവാഇദ്‌ 8:137)

നമുക്കുവേണ്ടി മാത്രം ജീവിച്ചവരാണ്‌ ഉമ്മയും ഉപ്പയും. അവര്‍ക്കുവേണ്ടി കുറച്ചെങ്കിലും നമുക്കും ജീവിച്ചുകൂടേ?

6 comments:

ഒരു കുഞ്ഞുമയിൽപീലി said...

UMMAYUDE SNEHATHINU ATHIRVARAMBUKALILLA
UMMAKKU PAKARAM MATTONNILLA...
SNEHATHINTE THYAGATHINTE ....
NIRAKUDAMANU UMMA

റഷീദ് കോട്ടപ്പാടം said...

How we can read this without a drop of tears!

Riyaz Hamza said...

Take care about your parents today, You will awarded the same Tomorrow Insha Allah!

ഷാജു അത്താണിക്കല്‍ said...

അമ്മയോളം വരില്ല മറ്റൊന്നു,.......................

തിര said...

നമുക്കുവേണ്ടി മാത്രം ജീവിച്ചവരാണ്‌ ഉമ്മയും ഉപ്പയും. അവര്‍ക്കുവേണ്ടി കുറച്ചെങ്കിലും നമുക്കും ജീവിച്ചുകൂടേ? yes

Unknown said...

Yes
I will.....

 

തർബിയ

അശുദ്ധിയില്ലാത്ത മനസ്സും അഴകുള്ള ജീവിതവും കൈവരുമ്പോൾ മാത്രമേ ഒരാളുടെ ഇസ്‌ലാമിക വ്യക്തിത്വം അർഥപൂർണമാവൂ. വിശുദ്ധ ഖുർ‌ആനും തിരുനബി(സ)യുടെ സാരോപദേശങ്ങളും ഈ വഴിക്കാണ് നമ്മെ നയിക്കുന്നത്. വ്യക്തി എന്ന നിലയിലും കുടുംബ-സാമൂഹിക മേഖലകളിലെ അംഗമെന്ന നിലയിലും പാലിക്കേണ്ട നിർദേശ തത്വങ്ങളുടെ സംഗ്രഹമാണ് ഇസ്‌ലാം. ആദർശ നിഷ്‌ഠയും ആത്മശുദ്ധിയുമുള്ള ഒരു സമൂഹത്തെയാണ് ഇസ്‌ലാം വളർത്തിയെടുക്കുന്നത്. നിലവിലുള്ളതിൽ നിന്ന് കൂടുതൽ മികച്ച മറ്റൊരവസ്ഥയിലേക്ക് എത്തിക്കുക എന്ന പ്രക്രിയയാണ് അത്. പ്രവാചക തിരുമേനി(സ)യുടെ നിയോഗ ലക്ഷ്യമായ ‘തസ്‌കിയത്തി’ന് ഇങ്ങനെയൊരർഥം കൂടിയുണ്ട്. ഇസ്‌ലാമിക പ്രമാണങ്ങളെയും ചരിത്ര പാഠങ്ങളെയും മുൻ‌നിർത്തി ആത്മശുദ്ധീകരണപ്രധാനമായ ആലോചനകളാണ് ഈ ബ്ലോഗിലുള്ള കുറിപ്പുകൾ.

ഇസ്‌ലാം
ജീവിത ശുദ്ധീകരണത്തിന്റെ പുതുമഴയാണ്.
വ്യക്തിത്വത്തിന് ചന്തമുള്ള വഴിയാണ്.
വിശ്വാസിയെ അത് ശാന്തനും പോരാളിയുമാക്കുന്നു.
ഉള്ളും പുറവും സ്‌ഫടിക സുന്ദരമാക്കുന്നു.
സദ്‌ഗുണങ്ങളിലൂടെ സംസ്കാര സമ്പന്നമാക്കുന്നു.

സ്വസ്ഥമായിരുന്ന് സ്വന്തത്തെക്കുറിച്ചാലോചിക്കാൻ ഇതാ അല്പം ചിന്തകൾ.....

Usage Policies