this site the web

വെയിലില്‍ വാടാതെ, മഴയില്‍ കുതിരാതെ...

-അബ്‌ദുല്‍വദൂദ്‌ 

ഈയടുത്താണ്‌ അദ്ദേഹത്തെ വീണ്ടും കണ്ടത്‌. വിദേശത്ത്‌ ഇസ്‌ലാമിക പ്രബോധനത്തില്‍ സജീവ പങ്കാളിയായ അദ്ദേഹം അനുഭവങ്ങളുടെ തീച്ചൂളയിലൂടെ കടന്നുവന്നതാണ്‌. ഒരു രാത്രി ഞങ്ങള്‍ ഒരുമിച്ചിരുന്നു. കുവൈത്തിന്റെ വിദൂര ദിക്കില്‍ നീണ്ടുപരന്ന മരുഭൂമിയുടെ വക്കില്‍ മനോഹരമായ ആ കൊച്ചുവീട്ടിലിരുന്ന്‌ ഞങ്ങള്‍ സംസാരം തുടങ്ങി. അദ്ദേഹത്തിന്റെ ഭാര്യയും മക്കളും ചുറ്റുമുണ്ട്‌. ഭക്തി കൊണ്ട്‌ അലങ്കരിക്കപ്പെട്ട ആ വീട്‌ ആരെയും ആകര്‍ഷിക്കും. മുപ്പത്‌ വര്‍ഷത്തിലേറെയുള്ള കുവൈത്തിലെ ജീവിതം അദ്ദേഹം ഇതള്‍ നിവര്‍ത്തി; കനല്‍വഴികളിലൂടെയുള്ള ആ ജീവിതയാത്ര പലരെയും പലതും പഠിപ്പിക്കും. അദ്ദേഹം ഇങ്ങനെയൊക്കെ പറഞ്ഞു:

``എന്റെ ജീവിതത്തില്‍ പല അനുഭവങ്ങളുമുണ്ടായിട്ടുണ്ട്‌. ഇപ്പോഴും കണ്ണു നനയുകയും ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ ബാക്കിയാവുകയും ചെയ്യുന്ന അനുഭവങ്ങളാണത്‌. വളരെ ചെറുപ്രായത്തില്‍ വിദേശത്ത്‌ എത്തിയവനാണ്‌ ഞാന്‍. ഭാര്യയെ ഇങ്ങോട്ടു കൊണ്ടുവന്ന്‌, അവള്‍ പൂര്‍ണ ഗര്‍ഭിണിയായിരിക്കുന്ന സമയത്താണ്‌ ഇവിടെ ഇറാഖ്‌-കുവൈത്ത്‌ യുദ്ധം ആരംഭിച്ചത്‌. മരണം പ്രതീക്ഷിച്ചു കഴിഞ്ഞ എത്രയോ നിമിഷങ്ങള്‍ ഞങ്ങള്‍ക്കുണ്ടായിരുന്നു. തൊട്ടപ്പുറത്തുള്ള വീടുകളില്‍ വരെ ബോംബാക്രമണം നടന്നു. ഒരിക്കല്‍, രക്ഷപ്പെടാനുള്ള ശ്രമത്തില്‍ ഒരു ഇറാഖീ സൈനികന്‍ എന്റെ നേരെ തോക്കു ചൂണ്ടി. നിമിഷങ്ങളുടെ വ്യത്യാസത്തിലാണ്‌ രക്ഷപ്പെട്ടത്‌. പ്രസവശേഷം ആ കൈക്കുഞ്ഞുമായാണ്‌ ഞങ്ങള്‍ നാട്ടിലേക്കു പോകാനൊരുങ്ങിയത്‌. കൈയില്‍ പണമില്ല. വാഹനമില്ല. ചുറ്റും ഇറാഖീ സൈന്യം! ആര്‍ക്കും എങ്ങനെയും രക്ഷപ്പെടാനാകില്ല. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം ചിലപ്പോഴൊക്കെ രക്ഷപ്പെടാനുള്ള മാര്‍ഗങ്ങളുണ്ടായി. ചെറിയ കുഞ്ഞ്‌ ഉള്ളതിനാല്‍ ഞങ്ങള്‍ക്ക്‌ വേഗം പോകാന്‍ വഴിയൊരുങ്ങി.

ബാഗ്‌ദാദ്‌ വരെ ബസ്സിലാണ്‌ യാത്ര. നാട്ടില്‍ പോകാന്‍ വഴിയില്ലാതെ പൊട്ടിക്കരയുന്ന എത്രയോ പേര്‍, അന്നു ഞങ്ങളെ യാത്രയയ്‌ക്കാന്‍ കുടെ വന്നു. ആരും കൊതിച്ചു പോകുന്ന രക്ഷപ്പെടലായിരുന്നു അത്‌. പക്ഷെ, എന്റെ മനസ്സില്‍ എന്തോ ഒരു പന്തികേട്‌. ഞാന്‍ ഭാര്യയോട്‌ പറഞ്ഞു: നമുക്ക്‌ ഇറങ്ങാം! മറുത്തൊരു വാക്കും അവള്‍ പറഞ്ഞില്ല. ഞങ്ങള്‍ ഇറങ്ങി. എല്ലാവരും ഞങ്ങളെ കുറ്റപ്പെടുത്തി. പക്ഷെ, പിന്നെയാണ്‌ അറിയുന്നത്‌, ആ ബസ്സില്‍ പോയവരെല്ലാം വെറും കൈയോടെ തിരികെ വന്നു! അല്ലാഹുവിലുള്ള പ്രതീക്ഷയും വിശ്വാസവും എനിക്ക്‌ വര്‍ധിച്ചു. അവനാണ്‌ സഹായിച്ചത്‌. പിന്നീടും നാട്ടിലേക്ക്‌ പോകാനൊരുങ്ങി. ആ യാത്രയുടെ കഥ വിവരിച്ചാല്‍ തീരുകയില്ല. കൈയില്‍ പണമില്ല, ഭക്ഷണമില്ല, മറ്റൊരു വസ്‌ത്രമില്ല -പക്ഷേ ഒന്നു മാത്രം ഉണ്ടായിരുന്നു; പടച്ചവനിലുള്ള പതറാത്ത പ്രതീക്ഷ! അവന്‍ ഞങ്ങളെ സഹായിച്ചു. അഞ്ചു ദിവസങ്ങള്‍ക്കു ശേഷം ഞങ്ങള്‍ നാട്ടില്‍ വിമാനമിറങ്ങി. അഭയാര്‍ഥികളായിരുന്നു ഞങ്ങള്‍. മുഷിഞ്ഞു നാറിയ വസ്‌ത്രങ്ങളായതുകൊണ്ട്‌, പകലില്‍ വീട്ടിലേക്കു പോയില്ല; രാത്രിയാകാന്‍ കാത്തിരുന്നു. ഇന്നുമോര്‍ക്കുമ്പോള്‍ അല്ലാഹുവിനോടുള്ള നന്ദിയും കടപ്പാടും എങ്ങനെ തീര്‍ക്കും!''

ഓര്‍മയുടെ തീനാളങ്ങള്‍ ചൂടേല്‌പിച്ചപ്പോള്‍ അവരുടെയെല്ലാം കണ്ണു നിറഞ്ഞു. കണ്ണു നിറഞ്ഞാലും ഈമാന്‍അവരുടെ നെഞ്ചിലുണ്ട്‌.

``പിന്നെയും ഇങ്ങോട്ടു പോന്നു. അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ കൊണ്ട്‌ നല്ല അവസ്ഥയില്‍ ജീവിച്ചു. പക്ഷേ, അവന്റെ പരീക്ഷണങ്ങള്‍ എന്നെ വിട്ടുപോയില്ല. വാഹനം പല പ്രാവശ്യം അപകടത്തില്‍ പെട്ടു. മരണത്തെ മുഖാമുഖം കണ്ട നേരത്തും ഈമാനോടു കൂടി പിടിച്ചുനിന്നു. അല്ലാഹുവിനെപ്പറ്റി അറിഞ്ഞ കാര്യങ്ങള്‍ ഹൃദയത്തിന്‌ കരുത്തായിത്തീര്‍ന്നു. എനിക്കറിയാം, എല്ലാം അല്ലാഹുവിന്റെ പരീക്ഷണങ്ങളായിരുന്നു. എന്റെ ഈമാന്‍ അളന്നുനോക്കുകയായിരുന്നു. പരീക്ഷണങ്ങളിലാണ്‌ ഈമാന്‍ നഷ്‌ടപ്പെട്ടുപോവുക. എന്റെ ഉപ്പയാണ്‌ എനിക്ക്‌ മാതൃക. അര്‍ഹതയില്ലാത്ത ഒന്നും അദ്ദേഹം അനുഭവിച്ചിട്ടില്ല. ഭൗതികമായി ഒന്നും ഞങ്ങള്‍ക്ക്‌ ബാക്കി വെച്ചില്ലെങ്കിലും ആത്മീയമായ ശക്തിയും ഉന്നത മൂല്യങ്ങളും ഞങ്ങളില്‍ നിറച്ചു. രോഗം കഠിനമായ സമയത്ത്‌, എന്തിനോ ആംഗ്യം കാണിച്ചു. എഴുന്നേറ്റിരിക്കാനായിരുന്നു. കലിമ ചൊല്ലി, നമസ്‌കരിക്കാന്‍ കൈ കെട്ടി. കമിഴ്‌ന്നു വീണു, മരിച്ചു! ഉപ്പ നല്‌കിയ ഉപദേശങ്ങള്‍ മുഴുവന്‍ ഖുര്‍ആനായിരുന്നു. എന്റെ മക്കളെയും ആ വഴിയിലൂടെയാണ്‌ ഞാന്‍ നടത്തുന്നത്‌...''

അനുഭവങ്ങളുടെ അനേകം കഥകള്‍ അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നു; സ്‌നേഹധന്യയായ ആ ഭാര്യ അദ്ദേഹത്തിന്റെ വലിയ കരുത്താണ്‌. എന്തിലും പരിഭവമില്ലാതെ, എത്രയും പിന്തുണയായി, എവിടെയും താങ്ങായി അവര്‍ കൂടെയുണ്ട്‌. ഈമാനിന്റെ ശക്തി അനുഭവിക്കുന്നവരാണ്‌ ഈ കുടുംബാംഗങ്ങള്‍. ഈമാന്‍ അറിയാനുള്ളതല്ല, അനുഭവിക്കാനുള്ളതാണ്‌!

ഭര്‍ത്താവും മക്കളുമെല്ലാം മരണപ്പെട്ട്‌, കഷ്‌ടപ്പാടിന്റെ കടലില്‍ ഒറ്റപ്പെട്ട ഒരു സ്‌ത്രീയെ പരിചയമുണ്ട്‌. ``ഖുര്‍ആന്‍ പഠിച്ചില്ലായിരുന്നെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്‌തിരിക്കും'' എന്നാണവര്‍ പറഞ്ഞത്‌! ഭാര്യയും മകനും മകന്റെ ഭാര്യയും മകളും ഭര്‍ത്താവും മരണപ്പെട്ട്‌ സങ്കടക്കടലിലായ ഒരാളുണ്ട്‌. അദ്ദേഹം പറഞ്ഞതിങ്ങനെ: ``എനിക്ക്‌ അല്ലാഹു മാത്രമാണ്‌ ആശ്വാസം!''

തിരുനബി(സ) പറഞ്ഞിട്ടുണ്ട്‌: ``പരീക്ഷണങ്ങളില്‍ ക്ഷമയവലംബിക്കുന്നവനെ അല്ലാഹു കൂടുതല്‍ ക്ഷമാശീലം നല്‌കി അനുഗ്രഹിച്ചുകൊണ്ടിരിക്കും. ക്ഷമയെക്കാള്‍ വിപുലവും വിശിഷ്‌ടവുമായ ഒരുനുഗ്രഹവും ഒരാള്‍ക്കും നല്‌കിയിട്ടില്ല.'' (ഇമാം മാലിക്‌-മുവത്വ 2:997)

ഇനിയും പലതും അനുഭവിക്കാനുള്ളതാണ്‌ നമ്മുടെയൊക്കെ ജീവിതം. അന്ന്‌ പിടിച്ചുനില്‌ക്കാനുള്ള ഈമാന്‍ ഇന്ന്‌ ശേഖരിച്ചുകൊണ്ടിരിക്കണം. നല്ല കാലത്ത്‌ പണം നിക്ഷേപിച്ചവര്‍ക്കേ, പ്രയാസമുള്ളപ്പോള്‍ എ റ്റി എമ്മില്‍ നിന്ന്‌ പണം ലഭിക്കൂ; അല്ലേ?

പ്രാര്‍ഥനയുടെ കണ്ണീരില്‍ തൗബയുടെ തേങ്ങലോടെ

-അബ്‌ദുല്‍വദൂദ്‌    

രം മുറിച്ചുകഴിഞ്ഞാല്‍ ബാക്കി കിടക്കുന്ന കുറ്റിയെ നിരീക്ഷിച്ചുനോക്കൂ. അതിന്റെ തൊലിയും വെള്ളയുമെല്ലാം നശിച്ചുപോകുന്നു. പക്ഷേ, കാതല്‍ മാത്രം കാലങ്ങളോളം ബാക്കി കിടക്കുന്നു. മരത്തിന്റെ ഗുണവും കരുത്തുമാണ്‌ ആ കാതല്‍.

ശരി. നമ്മുടെ ഗുണവും കരുത്തുമെന്താണ്‌? കര്‍മങ്ങളാണെന്ന്‌ തിരുനബി(സ) പറഞ്ഞുതന്നു. ഇക്കാണുന്നതെല്ലാം ഇന്നോ നാളെയോ നശിച്ചുപോകാനുള്ളതാണ്‌. കര്‍മങ്ങള്‍-നല്ലതും ചീത്തയും പിന്നെയും ബാക്കി കിടക്കും. ``സമ്പത്ത്‌, കുടുംബം കര്‍മങ്ങള്‍ എന്നിവയുടെ ഉപമ മൂന്നു സഹോദരങ്ങളെപ്പോലെയോ കൂട്ടുകാരെപ്പോലെയോ ആണ്‌. അവരില്‍ ഒരാള്‍ പറയും: ``ഞാന്‍ നിന്റെ ജീവിതകാലത്ത്‌ നിന്റെ കൂടെയുണ്ടാവും, എന്നാല്‍ നീ മരണപ്പെടുന്നതോടെ ഞാനും നീയും തമ്മിലുള്ള സര്‍വ ബന്ധങ്ങളും അറ്റുപോകുന്നതാണ്‌. രണ്ടാമന്‍ പറയും: ഞാനും നിന്നോടൊപ്പം ഉണ്ടാകും. എന്നാല്‍ ആ കാണുന്ന മരത്തിന്റെ സമീപത്ത്‌ നീ എത്തിയാല്‍ (ഖബ്‌റിടത്തില്‍) പിന്നെ ഞാനും നീയും തമ്മില്‍ ബന്ധമൊന്നുമില്ല. മൂന്നാമന്‍ പറയും: ഞാന്‍ സദാ നിന്റെ കൂടെയുണ്ടാവും. നീ ജീവിച്ചാലും മരിച്ചാലും.'' (ബസ്സാര്‍ 3228, ഹൈഥമി, മജ്‌മൂഉസ്സവാഇദ്‌ 10:252)

ആയുസ്സിനെക്കാള്‍ പ്രധാനമാണ്‌ ആയുസ്സില്‍ ചെയ്‌ത കര്‍മങ്ങള്‍. മരണശേഷവും അവ നമ്മെ പിന്തുടര്‍ന്നു കൊണ്ടിരിക്കുന്നു; അഥവാ, മരണത്തോടെയാണ്‌ കര്‍മങ്ങളുമായുള്ള യഥാര്‍ഥ ബന്ധം ആരംഭിക്കുന്നത്‌. മറ്റുള്ള എല്ലാ അനുഗ്രഹങ്ങളും കര്‍മങ്ങളുമായാണ്‌ ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നത്‌. മക്കളും സമ്പത്തുമെല്ലാം മരണാനന്തര ജീവിതത്തിനായി എപ്രകാരം ഉപയോഗിച്ചുവെന്നതാണ്‌ കാര്യം. മരണപ്പെട്ട വ്യക്തിയെക്കുറിച്ച്‌ റസൂല്‍(സ) പറഞ്ഞതിങ്ങനെ: ``കുടുംബവും സ്വത്തും തിരിച്ചുപോരും. കര്‍മങ്ങള്‍ അവനോടൊപ്പം നിലകൊള്ളും.'' (ബുഖാരി 6514)

ബര്‍റാഅ്‌ബിനു ആസിബില്‍(റ) നിന്നുദ്ധരിക്കുന്ന ദീര്‍ഘമായൊരു ഹദീസില്‍, ഖബ്‌റിലെ അവസ്ഥ വിശദമാക്കുന്നതിങ്ങനെയാണ്‌: ``സുന്ദര വസ്‌ത്രങ്ങള്‍ ധരിച്ച്‌, പരിമളം വിതറി, സുമുഖനായ ഒരാള്‍ അവിടേക്ക്‌ വരും. അയാള്‍ പറയും: സന്തോഷിച്ചോളൂ, ആനന്ദകരമായതെല്ലാം നിനക്കായി ഒരുക്കിയിരിക്കുന്നു. മുമ്പേ പറഞ്ഞ ആ ദിവസമാണിന്ന്‌. വിശ്വാസി ചോദിക്കും: താങ്കള്‍ ആരാണ്‌? നിങ്ങളുടെ സുന്ദരമുഖം കാണുമ്പോള്‍ തന്നെ ആനന്ദമുണ്ടാകുന്നു. അയാള്‍ പറയും: നിന്റെ സല്‍കര്‍മങ്ങളാണു ഞാന്‍. അപ്പോള്‍ സത്യവിശ്വാസി പറയും: നാഥാ, ആ ഖിയാമത്ത്‌ ദിനം ഒന്നു വേഗമാക്കണേ. അപ്പോഴതാ, മുഷിഞ്ഞ വസ്‌ത്രം ധരിച്ച്‌, ദുര്‍ഗന്ധം പരത്തി, വിരൂപനായ ഒരാള്‍ അങ്ങോട്ട്‌ വരുന്നു. നിനക്ക്‌ നാശം, അന്നു പറഞ്ഞ ആ ദിവസമാണിത്‌. നിഷേധിയായ മനുഷ്യന്‍ ചോദിക്കും: നീയാരാണ്‌? ഞാന്‍ നിന്റെ പാപങ്ങളാണ്‌! സത്യനിഷേധിയായ അയാള്‍ കരഞ്ഞു പേടിച്ച്‌ പറയും: നാഥാ, ആ ഖിയാമത്ത്‌ അടുത്തൊന്നും വരാതിരിക്കണേ...''(അഹ്‌മദ്‌ 4:287)
അധികം ഭയാനകവും ഗുരുതരവുമായ അവസരത്തിലേക്കാണ്‌ സത്യനിഷേധി അവസാനമണയുന്നത്‌. ചെയ്‌തുകൂട്ടിയ തിന്മകള്‍ അയാളുടെ നാശകാരണമാകുന്നു. ആയുസ്സിനെ ആപത്തുകളിലൂടെ ദുരുപയോഗിച്ചതിനാല്‍ ആപത്തുകള്‍ അയാളെ വിടാതെ കൂടുന്നു.
ജനങ്ങളില്‍ ഏറ്റവും ശ്രേഷ്‌ഠന്‍, നല്ല കര്‍മങ്ങളോടെ ദീര്‍ഘായുസ്സ്‌ ലഭിച്ചവനാണെന്നും തിരുനബി പറഞ്ഞു. (തിര്‍മിദി 23:30). ``ഒരു വിശ്വാസിക്ക്‌, അവന്‍ അല്ലാഹുവിനെ വാഴ്‌ത്തുകയും പുകഴ്‌ത്തുകയും ചെയ്യാന്‍, ആയുസ്സ്‌ നീട്ടിക്കിട്ടുക എന്നതിനേക്കാള്‍ ശ്രേഷ്‌ഠകരമായ മറ്റൊരനുഗ്രഹവും അല്ലാഹുവില്‍ നിന്ന്‌ ലഭിക്കാനില്ലെന്നും അവിടുന്ന്‌ പറഞ്ഞു (അഹ്‌മദ്‌ 1 :163). ``അല്ലാഹുവിന്‌ ചില ദാസന്മാരുണ്ട്‌. രക്തസാക്ഷിത്വം നല്‌കാതെ അവന്‍ അവരെ തടഞ്ഞുവെക്കും. കൂടുതല്‍ സല്‍കര്‍മങ്ങള്‍ ചെയ്യാന്‍ മെച്ചപ്പെടുത്തിക്കൊടുക്കും. ക്ഷേമമുള്ള ജീവിതം അവര്‍ക്ക്‌ നല്‌കും. ഒടുവില്‍ സ്വന്തം വിരിപ്പില്‍ ഉറങ്ങുന്നവരായിരിക്കെ, അവര്‍ മരിക്കും. അല്ലാഹു അവര്‍ക്ക്‌ ശുഹദാക്കളുടെ പദവിയാണ്‌ നല്‍കുക'' (ഇമാം ത്വബ്‌റാനി-കബീര്‍ 10371) എന്ന്‌ സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്‌തു.

നോക്കൂ, നമ്മള്‍ ഉണ്ട്‌, നമുക്ക്‌ ശ്വാസമുണ്ട്‌ എന്ന്‌ ഉറപ്പുള്ള ഈ നിമിഷങ്ങളാണ്‌ ജീവിതം. ലഭിച്ച അനുഗ്രഹങ്ങളെല്ലാം മറ്റൊരു മഹാവിജയത്തിനാക്കിത്തീര്‍ത്തവര്‍ക്ക്‌ രക്ഷപ്പെടാം. പാപങ്ങളിലേക്ക്‌ പതറുന്നവര്‍ക്കാണ്‌ പരാജയം. കാരുണ്യവാനാണ്‌ അല്ലാഹു. ശിക്ഷ നല്‍കണമെന്ന്‌ ആഗ്രഹിക്കാത്തവനാണ്‌ അവന്‍. ശിക്ഷ നാം ചോദിച്ചുവാങ്ങുകയാണ്‌. ചെറിയ പാപങ്ങളെയാണ്‌ ഗൗരവത്തോടെ വിശ്വാസികള്‍ കാണേണ്ടത്‌. കാരണം വന്‍പാപങ്ങള്‍ സത്യനിഷേധികളാണ്‌ ചെയ്യുക. അത്രയൊന്നും പ്രാധാന്യം നല്‍കാതെ, ചെയ്‌തുകൂട്ടിയതാവാം നമുക്ക്‌ വിനാശകരമാവുന്നത്‌. 

ഹുനൈന്‍ യുദ്ധം കഴിഞ്ഞ്‌ മടങ്ങവെ, താഴ്‌വരയില്‍ വിശ്രമിക്കുമ്പോള്‍ അവിടെയുള്ള പാഴ്‌വസ്‌തുക്കളെല്ലാം സംഭരിക്കാന്‍ തിരുനബി നിര്‍ദേശിച്ചു. എല്ലിന്‍കഷ്‌ണങ്ങളും ജന്തുക്കളുടെ പല്ലുകളും അടക്കം ഒന്നിച്ചുകൂട്ടിയപ്പോള്‍, അവിടെ വലിയൊരു കൂമ്പാരം കുന്നുകൂടി! ഉടനെ റസൂല്‍(സ) ഇങ്ങനെ പറഞ്ഞു: ``ഇപ്പോള്‍ എന്തുതോന്നുന്നു? ചെറിയ തിന്മകള്‍ ഒരാളില്‍ പെരുകുമ്പോള്‍ ഇതായിരിക്കും അവസ്ഥ! അതിനാല്‍ ചെറുതും വലുതുമായ തെറ്റുകുറ്റങ്ങളില്‍ നിന്നെല്ലാം അകലുക.'' (ത്വബ്‌റാനി)

വെള്ളപ്പേജുപോലെ ഒട്ടും അഴുക്കില്ലാതെ അല്ലാഹുവിനെ കാണേണ്ടവരാണ്‌ നാം. പതിഞ്ഞുപോയ അഴുക്കെല്ലാം കഴുകിക്കളയുക. ഈ ജീവിതം തീര്‍ന്നാലും തിന്മയുടെ തൊലിയും വെള്ളയും ചീഞ്ഞുപോകട്ടെ. നന്മയുടെ കാതല്‍ കരുത്തോടെ ബാക്കിയാവണം. പ്രാര്‍ഥനയുടെ കണ്ണുനീരില്‍, തൗബയുടെ തേങ്ങലോടെ ഉള്ളും പുറവും ശുദ്ധമാക്കാം. പിന്നെയുമൊരു റമദാന്‍ വന്നത്‌ മറ്റെന്തിനാണ്‌?

സ്‌നേഹത്തോടെ...


-അബ്‌ദുല്‍വദൂദ്‌     
ഡോ.ആഇദ്‌ അബ്‌ദുല്ലാ അല്‍ഖറനിയുടെ happiest women in the world എന്ന ഗ്രന്ഥം മനോഹരമാണ്‌. ഇസ്‌ലാമിക വ്യക്തിത്വത്തിന്റെ സൗന്ദര്യവും സദ്‌ഫലങ്ങളുമാണ്‌ ചര്‍ച്ചാവിഷയം. ചെറിയ അധ്യായങ്ങളിലൂടെ, ലളിതമായ ശൈലിയിലും മൂര്‍ച്ചയേറിയ വാക്കുകളിലും കാര്യങ്ങള്‍ വിവരിക്കുകയാണിതില്‍. ഗ്രന്ഥത്തില്‍ നിന്നുള്ള ഏതാനും വരികള്‍:
l സ്വന്തം ഭക്തി, ആരോഗ്യം, സന്തോഷം, മനസ്സമാധാനം, ഉറക്കം എന്നിവയെക്കാള്‍ പണത്തിന്‌ പ്രാധാന്യം നല്‍കരുത്‌.
l കണ്ണുനീര്‍ തുടക്കുക, നിങ്ങളുടെ നാഥനെക്കുറിച്ച്‌ നല്ലത്‌ വിചാരിക്കുക, അവന്റെ അനുഗ്രഹങ്ങളെ ധാരാളം ഓര്‍ക്കുക.
l സദ്‌ഫലങ്ങള്‍ മാത്രം തിരിച്ചുതരുന്ന മരത്തെപ്പോലെയാവുക. കല്ലെറിഞ്ഞാലും അത്‌ ഫലങ്ങള്‍ കൊഴിച്ചുതരും.
l പെരുമാറ്റരീതികളും മനോഭാവങ്ങളും പൂന്തോട്ടത്തെക്കാള്‍ മനോഹരമാകട്ടെ.
l പൂക്കളില്‍ നിന്ന്‌ പൂക്കളിലേക്കും കുന്നുകളില്‍ നിന്നു കുന്നുകളിലേക്കും പാറിനടക്കുന്ന നിര്‍മലയും സുന്ദരിയുമായ ചിത്രശലഭത്തെപ്പോലെയാവുക.
l സമയത്തെ ക്രമീകരിച്ചാല്‍ ചെയ്യാനുള്ളതെല്ലാം ചെയ്യാന്‍ കഴിയും.
l നല്ല ഗ്രന്ഥങ്ങള്‍ വായിക്കുക. അല്ലെങ്കില്‍ ഖുര്‍ആന്‍ പാരായണം കേള്‍ക്കുക. ഒരുപക്ഷേ അതിലെ ചെറിയൊരു വചനം ഹൃദയത്തില്‍ പ്രകമ്പനം സൃഷ്‌ടിച്ചേക്കാം. തിരുനബിയുടെ ചര്യകള്‍ പഠിക്കുക. തിന്മയില്‍ നിന്ന്‌ അത്‌ നിങ്ങളെ തടയും.
l മഴയെക്കാള്‍ ഉപകാരിയാവുക. ചന്ദ്രനെക്കാള്‍ സൗന്ദര്യമുള്ളവരാവുക. നിങ്ങളുടെ അലങ്കാരം സ്വര്‍ണമോ വെള്ളിയോ അല്ല. അല്ലാഹുവിന്‌ മുമ്പിലെ സുജൂദുകളാണ്‌.
l നിരാശയില്‍ അകപ്പെട്ടാല്‍ ഒന്നും പഠിക്കാനോ ഒന്നിലും സന്തോഷം കണ്ടെത്താനോ കഴിയില്ല.
l ആരോഗ്യകരമായ ഹൃദയത്തില്‍ ശിര്‍ക്ക്‌, ചതി, വിദ്വേഷം, അസൂയ എന്നിവക്ക്‌ സ്ഥാനമില്ല.
l ദാനധര്‍മങ്ങളിലൂടെ പാവപ്പെട്ടവന്റെയും ആവശ്യക്കാരന്റെയും സ്‌നേഹവും പ്രാര്‍ഥനയും സ്വന്തമാക്കുക.
l ഒരോ നിമിഷവും ഒരു സുബ്‌ഹാനല്ലാഹ്‌ പറയുക. ഒരു മിനിറ്റില്‍ ഒരു ആശയം രൂപീകരിക്കുക. ഒരു മണിക്കൂറില്‍ ഒരു സല്‍കര്‍മമെങ്കിലും ചെയ്യുക.
l സന്തോഷകരമായ വാര്‍ത്തകള്‍ തരുന്ന സന്ദേശമാണ്‌ രോഗം. വിലപിടിപ്പുള്ള വസ്‌ത്രമാണ്‌ ആരോഗ്യം.
l നിങ്ങളുടെ മതമാണ്‌ നിങ്ങളുടെ സ്വര്‍ണം. ധാര്‍മികതയാണ്‌ അലങ്കാരം. നല്ല പെരുമാറ്റമാണ്‌ സമ്പത്ത്‌.
l കൊടുങ്കാറ്റിന്റെ നടുവിലായാലും നല്ലതേ വരൂ എന്ന്‌ ചിന്തിക്കുക.
l ഉപദേശം കൊണ്ടും ദയയുള്ള വാക്കുകള്‍ കൊണ്ടും നിങ്ങളെ സഹായിക്കാന്‍ കഴിയുന്നവരോട്‌ മാത്രം നിങ്ങളുടെ സങ്കടങ്ങള്‍ പങ്കുവെക്കുക.
l വീണുപരുക്കേറ്റ കുഞ്ഞിനേ ഓര്‍ത്ത്‌ കരഞ്ഞ്‌ സമയം കളയരുത്‌; അവന്റെ മുറിവുകള്‍ വേഗം പരിചരിക്കുക.
l ഓരോ ദിവസവും പുതിയ തുടക്കമാവുക.
l ചെയ്യാന്‍ സാധിക്കാത്ത കാര്യങ്ങളോര്‍ത്ത്‌ വിഷമിക്കരുത്‌. മെച്ചപ്പെടുത്താന്‍ കഴിയുന്ന കാര്യങ്ങള്‍ക്ക്‌ സമയം കണ്ടെത്തുക.
l നിങ്ങളുടേതു പോലെ എല്ലാവര്‍ക്കും പ്രശ്‌നങ്ങളുണ്ടെന്ന്‌ ഉള്‍ക്കൊള്ളുക. മനസ്സ്‌ ശാന്തമാക്കുക.
l കഴിഞ്ഞകാലത്ത്‌ നിങ്ങള്‍ തെറ്റുചെയ്‌തിട്ടുണ്ടെങ്കില്‍ അതില്‍ നിന്ന്‌ പാഠമുള്‍ക്കൊള്ളുക; എന്നിട്ട്‌ അവയെ വിട്ടുകളയുക.
l ഏറ്റവും നീചമായ ശത്രുവാണ്‌ നിരാശ. അതിന്‌ മനസ്സമാധാനം നശിപ്പിക്കാനുള്ള കരുത്തുണ്ട്‌.
l പോയ കാലത്തെ മാറ്റാന്‍ എനിക്കാവില്ല. ഇനിയുള്ള കാലത്ത്‌ എന്താണ്‌ സംഭവിക്കുക എന്നുമറിയില്ല. പിന്നെന്തിനാണ്‌ ഞാന്‍ സങ്കടപ്പെടുന്നത്‌.
l ഭക്ഷണം കുറക്കുക; ശരീരത്തിന്‌ ആരോഗ്യമുണ്ടാകും. പാപങ്ങള്‍ കുറക്കുക; മനസ്സിന്‌ ആരോഗ്യമുണ്ടാവും. ദുഖങ്ങള്‍ കുറക്കുക; ഹൃദയത്തിന്‌ ആരോഗ്യമുണ്ടാവും. സംസാരം കുറക്കുക; ജീവിതത്തിന്‌ ആരോഗ്യമുണ്ടാവും.
l ജീവിതം കുറച്ചേയുള്ളൂ. വിഷമിച്ചും ദുഖിച്ചും അതിനെ കൂടുതല്‍ കുറച്ചാക്കരുത്‌.
l ആസ്യയില്‍ നിന്ന്‌ ക്ഷമയും ഖദീജയില്‍ നിന്ന്‌ ഭക്തിയും ആഇശയില്‍ നിന്ന്‌ ആത്മാര്‍ഥതയും ഫാത്വിമയില്‍ നിന്ന്‌ സ്ഥൈര്യവും പഠിക്കുക.
l മോശമായ നാവ്‌, അതിന്റെ ഇരയെക്കാള്‍ ഉടമസ്ഥനാണ്‌ കൂടുതല്‍ പ്രയാസമുണ്ടാക്കുക.
l സുന്ദരിയായ സ്‌ത്രീ ആഭരണമാണെങ്കില്‍, സദ്‌വൃത്തയായ സ്‌ത്രീ നിധിയാണ്‌.
l മനസ്സ്‌ സുന്ദരമായാല്‍, കാണുന്നതെല്ലാം സുന്ദരമാകും.

മതി, കുറച്ചുമതി

-അബ്‌ദുല്‍വദൂദ്‌   

ഹാതിം അസമ്മ്‌ വിശ്രുതനായ പണ്ഡിതനായിരുന്നു. വിട്ടുവീഴ്‌ചയില്ലാത്ത ഭക്തിയായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത. ഒരിക്കല്‍ റയ്യ്‌ പട്ടണത്തിലെത്തിയ ഹാതിം അസമ്മ്‌ ആ നാട്ടിലെ ഇമാം രോഗശയ്യലിയാണെന്നറിഞ്ഞ്‌ അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ ചെന്നു. ഇമാമിന്റെ ആഡംബര ജീവിതവും വലിയ വീടും കണ്ട്‌ ഹാതിം അസമ്മ്‌ നിരാശനായി.
ഇമാം ഇരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഹാതിം അസമ്മ്‌ ഇരുന്നില്ല.
``ഒരുകാര്യം ചോദിച്ചോട്ടെ?'' -ഹാതിം ചോദിച്ചു.
``എന്തു വേണമെങ്കിലും ചോദിച്ചോളൂ''
``ശരി, ആരില്‍ നിന്നാണ്‌ താങ്കള്‍ അറിവ്‌ നേടിയത്‌?''
``പ്രഗത്ഭരായ താബിഉകളില്‍ നിന്ന്‌''
``അവര്‍ ആരില്‍ നിന്ന്‌ അറിവു നേടി?''
``സ്വഹാബിമാരില്‍ നിന്ന്‌''
``അവരോ?''
``നബി തിരുമേനിയില്‍ നിന്ന്‌''
``നബി തിരുമേനി എവിടെ നിന്ന്‌ അറിവ്‌ നേടി?''
``അല്ലാഹുവിങ്കല്‍ നിന്ന്‌ ജിബ്‌രീല്‍ എത്തിച്ചുകൊടുത്തു''
``ശരി, എനിക്കു ചോദിക്കാനുള്ള കാര്യമിതാണ്‌: താങ്കളുടെ അറിവ്‌ താങ്കള്‍ക്ക്‌ താബിഉകളില്‍ നിന്നും അവര്‍ക്ക്‌ സ്വഹാബിമാരില്‍ നിന്നും അവര്‍ക്ക്‌ നബിതിരുമേനിയില്‍ നിന്നും തിരുമേനിക്ക്‌ അല്ലാഹുവിങ്കല്‍ നിന്നും ലഭിച്ചതാണല്ലോ. വലിയ വീടുകളും അതില്‍ ആഡംബര ജീവിതവും ഉള്ളവര്‍ക്ക്‌ അല്ലാഹുവിങ്കല്‍ ഉയര്‍ന്ന പദവി കൈവരുമെന്ന്‌ ആ വിജ്ഞാനത്തില്‍ എവിടെയങ്കിലും പറയുന്നുണ്ടോ?''
``ഇല്ല. അങ്ങനെയൊന്നും ഞാന്‍ കണ്ടിട്ടില്ല''
``എങ്കില്‍ ഒന്നുകൂടി ചോദിക്കട്ടെ. ഭൗതിക സുഖങ്ങളില്‍ മുഴുകാതെ പരലോകത്തേക്ക്‌ വേണ്ട വിഭവങ്ങള്‍ ഒരുക്കുകയും അഗതികളെയും ദരിദ്രരെയും സ്‌നേഹിക്കുകയും ചെയ്യുന്നവര്‍ക്ക്‌ അല്ലാഹുവിങ്കല്‍ ഉന്നതപദവി ലഭിക്കുമെന്ന്‌ അതില്‍ പറഞ്ഞിട്ടുണ്ടോ?''
``ഉണ്ട്‌. പറഞ്ഞിട്ടുണ്ട്‌''
ഇത്രയും പറഞ്ഞപ്പോഴേക്ക്‌ ഹാതിം അസമ്മിന്റെ കണ്ണു നിറഞ്ഞിരുന്നു. ഇമാമിന്റെ മുഖത്തേക്ക്‌ കോപവികാരങ്ങളോടെ നോക്കി, തുടര്‍ന്ന്‌ പറഞ്ഞു: ``അല്ലയോ ഇമാം, ആരുടെ ജീവിതത്തിലാണ്‌ താങ്കള്‍ മാതൃക കാണുന്നത്‌?''

നബിതിരുമേനിയുടെയും സ്വഹാബികളുടെയും താബിഉകളുടെയും ജീവിതത്തിലോ അതോ, ഫിര്‍ഔനിന്റെയും ഖാറൂനിന്റെയും ഹാമാന്റേയും ജീവിതത്തിലോ?''പിന്നീടദ്ദേഹം കൈകളുയര്‍ത്തി പറഞ്ഞു: ``ദുഷ്‌ടരായ പണ്ഡിതന്മാരേ, നിങ്ങളുടെ ഈ ജീവിതരീതി, പാവപ്പെട്ടവരും വിജ്ഞാനം കുറഞ്ഞവരുമായ സാധാരണ ജനങ്ങളില്‍ എന്തു പ്രതികരണമാണുണ്ടാക്കുക എന്ന്‌ നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? പണ്ഡിതന്മാര്‍ക്ക്‌ ഇങ്ങനെയൊക്കെ ആവാമെങ്കില്‍ ഞങ്ങള്‍ക്ക്‌ പിന്നെ എന്തും ആകാമല്ലോ എന്നല്ലേ അവര്‍ ചിന്തിക്കുക!''
***

ഇസ്‌ലാമിന്റെ വിത്ത്‌, നമ്മുടെ മണ്ണിലും മനസ്സിലും നട്ടുവളര്‍ത്തിയ വിഖ്യാത പണ്ഡിതനാണ്‌ മാലിക്‌ബ്‌നു ദീനാര്‍(റ). അനീതിയെയും അനിസ്‌ലാമികതയെയും നെഞ്ചൂക്കോടെ ചോദ്യം ചെയ്‌ത വിജ്ഞാനിയായിരുന്നു അദ്ദേഹം. ആര്‍ക്കു മുന്നിലും പതറാത്ത ഈമാനിന്റെ നിശ്ചയ ദാര്‍ഢ്യം ആ മഹാന്റെ സവിശേഷതയായിരുന്നു. അദ്ദേഹം ബസ്വറയില്‍ താമസിക്കുന്ന കാലം. ഒരിക്കല്‍ അവിടുത്തെ ഗവര്‍ണറും സംഘവും മാലിക്‌ബ്‌നു ദീനാറിന്റെ പീടികയുടെ അരികിലൂടെ കടന്നുപോയി. അഹങ്കാരേത്തോടും അലങ്കാര പ്രൗഢിയോടും കൂടിയുള്ള ആ പോക്ക്‌ കണ്ട്‌ ഇബ്‌നുദീനാര്‍ പറഞ്ഞു: ``ഈ അഹങ്കാരവും ജാടയും അവസാനിപ്പിക്കണം!''
അതുകേട്ട്‌, ഗവര്‍ണറുടെ സേവകന്‍ മാലിക്‌ബ്‌നു ദീനാറിനെ അടിക്കാനൊരുങ്ങി. ഗവര്‍ണര്‍ തടഞ്ഞു. പിന്നെ മാലിക്‌ബ്‌നു ദീനാറിനോട്‌ ചോദിച്ചു: ``എന്നെ കണ്ടിട്ട്‌ നിനക്ക്‌ മനസ്സിലായില്ല, അല്ലേ?''
``നല്ലവണ്ണം മനസ്സിലായിട്ടുണ്ട്‌. ഗവര്‍ണര്‍, താങ്കളോര്‍ക്കണം, താങ്കളുടെ തുടക്കം ദുര്‍ഗന്ധമുള്ള ജലത്തില്‍ നിന്നായിരുന്നു. ദുര്‍ഗന്ധമുള്ള ജഡമായിട്ടായിരിക്കും താങ്കളുടെ ഒടുക്കം. ഈ തുടക്കത്തിനും ഒടുക്കത്തിനുമിടയിലെ ഇത്തിരി കാലം അഹങ്കാരം വെടിഞ്ഞ്‌ നല്ലതു പ്രവര്‍ത്തിച്ചുകൂടെ? വിതച്ചതേ കൊയ്യുകയുള്ളൂ.''
***

ഒരു ദിവസം ഉമര്‍(റ) തിരുനബിയുടെ വീട്ടിലെത്തി. നബി ഈത്തപ്പനയോലയില്‍ വിശ്രമിക്കുകയായിരുന്നു. ഉമറിനെ കണ്ടപ്പോള്‍ തിരുനബി എഴുന്നേറ്റു. ഉമര്‍, നബിയുടെ അരികത്തിരുന്നു. തിരുനബിയുടെ പുറത്ത്‌ പനയോലപ്പാടുകള്‍ തെളിഞ്ഞു കാണാമായിരുന്നു. നബി എന്തോ ചോദിച്ചു. പക്ഷേ, ഉമര്‍ മുറിയുടെ ചുറ്റും നോക്കുകയായിരുന്നു. സ്‌നേഹറസൂല്‍ കൂട്ടുകാരനെ നോക്കി. ഉമര്‍ കരയുകയായിരുന്നു! കൊച്ചുകുഞ്ഞിനെപ്പോലെ അദ്ദേഹം വിതുമ്പി. അദ്ദേഹത്തെ തലോടിക്കൊണ്ട്‌ നബി ചോദിച്ചു:
``ഉമര്‍, എന്തിനാണ്‌ കരയുന്നത്‌?''ആ പാടുകളാണ്‌ ഉമറിനെ കരയിച്ചത്‌. സത്യവിശ്വാസികളുടെ നേതാവ്‌. ഒരു സാമ്രാജ്യത്തിന്റെ അധിപന്‍! ഇതാ, ഈ ചൂടിക്കട്ടിലും വെള്ളപ്പാത്രവും ഒരു പിടി ധാന്യവും മാത്രം സ്വന്തമുള്ള ചക്രവര്‍ത്തി!!
ഇതിനേക്കാള്‍ ദാരിദ്ര്യം ആ രാജ്യത്ത്‌ മറ്റാരും അനുഭവിക്കുന്നുണ്ടാവില്ല. ഉമറിന്റെ മനസ്സ്‌ വേദനകൊണ്ടു വെന്തു. നിയന്ത്രിച്ചിട്ടും നില്‌ക്കാതെ അദ്ദേഹം കരഞ്ഞു. എളിമയുടെ ആ മഹാപ്രവാഹം ഇത്രമാത്രം പറഞ്ഞു:
``ഉമര്‍, സുഖങ്ങള്‍ പെരുകിയാല്‍ സ്വര്‍ഗം നേടാനാവില്ല. രസങ്ങള്‍ കുറച്ചു മതി. എന്റെ മനസ്സ്‌ ശാന്തമാണ്‌. എനിക്കു പരാതികളില്ല; ഞാന്‍ കരയുന്നില്ല. ഉമര്‍, താങ്കളും കരയരുത്‌!''

ചെറിയ ജീവിതവും വലിയ ചിന്തകളുമാണ്‌ മഹത്വത്തിന്റെ മാര്‍ഗം. ഇങ്ങനെ മാതൃകയാകേണ്ടവര്‍ തന്നെ ഇതിനു വിപരീതമാകുന്ന സങ്കടകരമായ അനുഭവങ്ങള്‍ നമ്മുടെ കാലത്തും സുലഭമാണല്ലോ! തിരുനബി പറഞ്ഞപോലെ നമുക്കും കുറച്ചുമതി; കൊതി തീരുവോളം ഒന്നും കിട്ടരുത്‌. സ്വര്‍ഗത്തില്‍ വിശ്വാസമുണ്ടെങ്കില്‍ ആ സ്വര്‍ഗത്തിനാവട്ടെ നമ്മുടെ കൊതി!

ഒരു പൂവിത്തെങ്കിലും വിതറുക

-അബ്‌ദുല്‍വദൂദ്‌    

ഞ്ചാരിയായ ഒരാളുണ്ടായിരുന്നു. പോകുന്ന നാടുകളിലെല്ലാം പൂവിത്തുകള്‍ വിതറുന്നത്‌ കണ്ട്‌ ആരോ അയാളോട്‌ ചോദിച്ചു: ``ഇനിയൊരിക്കലും തിരിച്ചുവരാത്ത സ്ഥലങ്ങളിലെല്ലാം നിങ്ങളെന്തിനാണ്‌ പൂച്ചെടികള്‍ നടുന്നത്‌?''
അദ്ദേഹം മറുപടി നല്‌കി: ``ശരിയാണ്‌, ഞാന്‍ ഒരിക്കലും ഇവിടെ തിരിച്ചുവരാന്‍ സാധ്യതയില്ല. നമ്മുടെ പൂച്ചെടികള്‍ നമുക്ക്‌ വേണ്ടിയാണ്‌ എന്ന തെറ്റായ ചിന്ത നിങ്ങളില്‍ വരുന്നത്‌ നിങ്ങള്‍ സഞ്ചരിക്കാത്തതിനാലാണ്‌. നാം ആസ്വദിച്ച്‌, ആനന്ദിച്ചു നടന്നുപോകുന്ന ഈ പൂക്കളും വൃക്ഷങ്ങളുമെല്ലാം നാം നട്ടുപിടിപ്പിച്ചതാണോ? ആരോ നനച്ചു വളര്‍ത്തിയതിനെ നാം ആസ്വദിക്കുന്നു. അതുകൊണ്ട്‌ പ്രപഞ്ചത്തിനും ഈ പ്രകൃതിക്കും വേണ്ടി ഒരു പൂവിത്തെങ്കിലും വിതറുക!''
എത്ര ഹൃദ്യമാണീ കഥ. ഒരു പൂവിത്തെങ്കിലും വിതറുമ്പോള്‍, ഒരു തയ്യെങ്കിലും വിടര്‍ത്തുമ്പോള്‍ എത്ര പേരിലേക്കാണ്‌ ആ നന്മ പടരുന്നത്‌! വിത്തില്‍ നിന്ന്‌ മുളയും മുളയില്‍ നിന്ന്‌ തടിയും തടിയില്‍ നിന്ന്‌ ചില്ലയും ചില്ലയില്‍ ഇലയും മൊട്ടും പൂവും കായുമായി അത്‌ എത്ര വര്‍ഷങ്ങളില്‍ ഗുണം പരത്തും! നമ്മള്‍ മരണത്തിലേക്കൊടുങ്ങിയാലും നമ്മുടെ നന്മയായി, നന്മയുടെ ശിഷ്‌ടമായി അതങ്ങനെ തുടരും! മരണാനന്തരവും നമുക്ക്‌ പിന്നില്‍ പ്രതിഫലമായി, തീരാതെ തുടരുന്ന സല്‍കര്‍മമാണത്‌.
ചെടി വളര്‍ത്തുന്നതും വിത്ത്‌ വിതറുന്നതും തിരുനബി(സ) ഏറെ പ്രോത്സാഹിപ്പിച്ചു. ലോകംതീരുമെന്ന്‌ ഉറപ്പായാലും കൈയിലെ ചെറുമരം മണ്ണിന്‌ നല്‌കണമെന്നുംസ്‌നേഹത്തിന്റെ മഹാദൂതന്‍ നമ്മോട്‌ പറഞ്ഞു. എത്ര ഉദാത്തമാണ്‌ ആ ഉപദേശങ്ങള്‍!
``ജനങ്ങള്‍ക്കേറ്റവും ഗുണംചെയ്യുന്നവരാണ്‌ അല്ലാഹുവിന്‌ ഏറ്റവും പ്രിയപ്പെട്ടവര്‍'' എന്നും പറഞ്ഞു. ഒരു തൈ, ഒരു തണല്‍ മരം, ഒരിറ്റു വെള്ളം, ഒരു കൈ സഹായം. വേണ്ട, ഒരു പുഞ്ചിരി പോലും ആ ഗുണത്തിലാണ്‌ ഉള്ളതെന്നും സ്‌നേഹറസൂല്‍(സ) പഠിപ്പിച്ചു. ``സൃഷ്‌ടികള്‍ മുഴുവന്‍ അല്ലാഹുവിന്റെ കുടുംബമാണ്‌. ആ കുടുംബത്തില്‍ ഏറ്റവും ഉപകാരം ചെയ്യുന്നവരാരോ അവരത്രെ അല്ലാഹുവിന്റെ സ്‌നേഹം ലഭിക്കുന്നവര്‍.'' (ത്വബ്‌റാനി 10033) കൃഷി ചെയ്യുകയോ സസ്യംനടുകയോ ചെയ്‌തിട്ട്‌ അത്‌ പക്ഷിയോ മൃഗമോ മനുഷ്യനോ തിന്നാല്‍ നിലയ്‌ക്കാത്ത സല്‍കര്‍മമാണതെന്ന്‌ അവിടുന്ന്‌ പറഞ്ഞു. തന്റെ ആവശ്യം കഴിഞ്ഞ്‌ മിച്ചമുള്ള വെള്ളം ആവശ്യക്കാര്‍ക്ക്‌ നല്‍കാത്തവരോട്‌ പരലോകത്ത്‌ അല്ലാഹു സംസാരിക്കില്ല. വെള്ളം തടഞ്ഞതു പോലെ അല്ലാഹുവിന്റെ ഔദാര്യവും തടയപ്പെടും.'' (ബുഖാരി, മുസ്‌ലിം)
സ്വന്തം പുരോഗതിക്കായി പൊരുതുന്നവരെയല്ല, അന്യരുടെ അന്നത്തിന്‌ ശ്രമിക്കുന്നവരെയാണ്‌ അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള പടയാളിയായി വിശുദ്ധ ഖുര്‍ആന്‍ വിവരിച്ചത്‌. തള്ളപ്പക്ഷിയില്‍ നിന്ന്‌ അടര്‍ത്തിയെടുത്ത കൊച്ചുകുരുവിയെ കണ്ടപ്പോള്‍ കണ്ണു നിറഞ്ഞ കാരുണ്യത്തിന്റെ തിരുനബിയെ അറിയില്ലേ? ആരോരുമില്ലാതെ, ഒറ്റപ്പെട്ടു കഴിയുന്ന ഒരു വൃദ്ധയെ പരിചരിക്കാനോടിയെത്തിയ അബൂബക്കര്‍ സിദ്ദീഖ്‌(റ) എന്ന ഖലീഫയെ കേട്ടിട്ടില്ലേ? ഹജ്ജിനിടെ മിനായിലേക്കുള്ള യാത്രയില്‍ പട്ടിണിക്കൂരകള്‍ കണ്ടപ്പോള്‍ ഇവരൊന്നും പട്ടിണിമാറാതെ എന്റെ പ്രാര്‍ഥന സ്വീകരിക്കപ്പെടുകയില്ലെന്ന്‌ പറഞ്ഞ്‌ കരഞ്ഞ ഉമറുബ്‌നു ഖത്വാബിനെ(റ) കേട്ടിട്ടില്ലേ? പാവപ്പെട്ടവര്‍ക്കുള്ള ദാഹജലം തടഞ്ഞവരില്‍ നിന്ന്‌ പൊന്‍വില നല്‌കി ആ കിണര്‍ വാങ്ങി സാധുക്കള്‍ക്ക്‌ നല്‌കിയ ഖലീഫ ഉസ്‌മാനെ(റ) കേട്ടിട്ടില്ലേ? ഹൃദയഭാജനമായ ഫാത്തിമക്ക്‌ സമ്മാനിക്കാനുള്ള ഈത്തപ്പഴം, വിശന്ന്‌ കവിളൊട്ടിയ വൃദ്ധന്‌ നല്‌കിയ അലി(റ)യെ അറിയില്ലേ?
ഒരു കഥയുണ്ട്‌. അമേരിക്കയിലെ ഒരു നഗരത്തില്‍ ദരിദ്രനായ ബാലന്‍ ജീവിച്ചിരുന്നു. വൈദ്യുതി കണ്ടുപിടിക്കാത്ത കാലം. ഇരുട്ടില്‍, കുണ്ടും കുഴിയുമുള്ള റോട്ടിലൂടെ പോകുന്നവര്‍ കുഴിയില്‍ വീണ്‌ അപകടത്തില്‍ പെടുന്നത്‌ അവന്‍ എന്നും കാണും. അവനൊരു കാര്യം ചെയ്‌തു. വീടിന്റെ മുന്നില്‍ ചെറിയൊരു വിളക്ക്‌ കത്തിച്ചുവെച്ചു. മറ്റെല്ലായിടത്തും ഇരുട്ടാണെങ്കിലും അവിടെ മാത്രം ഇത്തിരി വെളിച്ചം! യാത്രക്കാരെല്ലാം അവനെ അഭിനന്ദിച്ചു. പതുക്കെ മറ്റു വീട്ടുകാരെല്ലാം അതേപോലെ ചെയ്‌തു. അങ്ങനെ സൂര്യനസ്‌തമിച്ചാലും ആ നഗരത്തിലെ തെരുവീഥികള്‍ ചെറുവിളക്കുകള്‍ കൊണ്ടും ദീപങ്ങള്‍ കൊണ്ടും പ്രകാശിച്ചു. ഈ നഗരമാണ്‌ `സഹോദരസ്‌നേഹം' എന്നര്‍ഥമുള്ള ഫിലാഡല്‍ഫിയ; ലോകശ്രദ്ധയാകര്‍ഷിക്കുന്ന പട്ടണം!
നമുക്കു വേണ്ടിയല്ല, മറ്റുള്ളവര്‍ക്കു വേണ്ടി കരയുന്ന കണ്ണാവണം നമ്മുടേത്‌. സ്വയം ആസ്വദിച്ചതല്ല, അന്യരെ ആസ്വദിപ്പിച്ചതാണ്‌ `ബാക്കിയുള്ളത്‌ ആഇശാ' എന്നല്ലേ തിരുനബി(സ) പറഞ്ഞത്‌. (തിര്‍മിദി)
ഇത്തിരിപ്പോന്ന വിത്ത്‌ എത്രയോ കതിരുകളായി വിടരുന്നതു പോലെ ധാനവും കതിരുകളേറെയുള്ള സദ്‌ഫലമായിത്തീരുമെന്നാണല്ലോ ഖുര്‍ആനിന്റെ സന്തോഷവാര്‍ത്ത. എത്ര ചെറുതാണെങ്കിലും മറ്റൊരാള്‍ക്കു വേണ്ടി നാം ചെയ്യുക. ഒരു പൂവിത്തുകൊണ്ടും ചെറുവിളക്കു കൊണ്ടും അന്യര്‍ക്ക്‌ തണലും തെളിച്ചവുമാവുക. മഴ പെയ്യുന്നുണ്ട്‌. ഒരു വിത്ത്‌ നട്ടാല്‍ മതി. ഫലങ്ങള്‍ പൊട്ടിമുളക്കും; നമുക്കും മറ്റുള്ളവര്‍ക്കും!

മനസ്സിന്റെ ആഴങ്ങളില്‍ മായാതെ ഒരാള്‍

-അബ്‌ദുല്‍വദൂദ്‌   
മുഹമ്മദിനെ എല്ലാവര്‍ക്കും ഇഷ്‌ടമായിരുന്നു. ദുശ്ശീലങ്ങളില്ലാത്ത ചെറുപ്പക്കാരന്‍. പിഴച്ച കൂട്ടുകെട്ടുകളില്ല. പ്രായത്തില്‍ കവിഞ്ഞ പക്വത, കുലീനതയുള്ള പെരുമാറ്റം! വിശ്വസ്‌തനായ മുഹമ്മദിനെപ്പറ്റി കേട്ടപ്പോഴേ ഖദീജക്ക്‌ അദ്ദേഹത്തില്‍ മതിപ്പുതോന്നി. തന്റെ കച്ചവട
സംഘത്തെ നയിക്കാന്‍ ഒരാളെ ആവശ്യമായപ്പോള്‍ വിശ്വസ്‌തനും പ്രാപ്‌തനുമായ മുഹമ്മദിനെ തന്നെ ഖദീജ തീരുമാനിച്ചു. അടുത്തറിഞ്ഞപ്പോള്‍ മതിപ്പു വര്‍ധിച്ചു. കച്ചവട സംഘം യാത്രപോകുമ്പോള്‍ മുഹമ്മദിന്റെ വ്യക്തിപരമായ ആവശ്യങ്ങള്‍ നിര്‍വഹിച്ചുകൊടുക്കാന്‍ മൈസര്‍ എന്ന അടിമയെ ഖദീജ നിയോഗിക്കുക വരെ ചെയ്‌തു.
സ്‌നേഹധന്യയായ ഖദീജ ഒടുവില്‍ ആ യുവാവിന്റെ ജീവിതസഖിയായി. തന്റെ സര്‍വസ്വവും അവള്‍ മുഹമ്മദിന്‌ സമര്‍പ്പിച്ച്‌, പാവന പ്രണയത്തിന്റെ ത്യാഗസുരഭിലമായ മാതൃകയായി! സ്‌ത്രീത്വത്തിന്റെ എല്ലാ ഭാവങ്ങളും അവള്‍ പ്രാണനാഥന്‌ നല്‍കി. ഉമ്മയില്ലാത്ത മുഹമ്മദിന്‌ അവള്‍ ഉമ്മയായി, പെങ്ങളായി, പ്രണയിനിയായി, പുത്രിയായി.... മുഹമ്മദിന്റെ ജീവിതത്തിന്‌ ഖദീജ പുതുവര്‍ണങ്ങളേകി. ഹിറാഗുഹയിലെ ആദ്യാനുഭവങ്ങളില്‍ വിഭ്രാന്തനായപ്പോള്‍ അവള്‍ ആശ്വാസത്തിന്റെ പൂമഴയായി. പ്രവാചകത്വത്തിന്റെ പ്രഭ പരന്നപ്പോള്‍ സത്യസാക്ഷ്യത്തിന്റെ പുതുമഴയായി. വെയിലില്‍ തണലായി, മഴയില്‍ കുടയായി! ഖുറൈശികളുടെ പീഡനങ്ങളില്‍ മനം മടുക്കാതെ, ഭര്‍ത്താവിനെ ഉന്മേഷവാനാക്കി. ഉണര്‍വും ഉത്തേജനവും നല്‍കി.
സ്‌ത്രീയുടെ പ്രണയാനുഭവങ്ങളെല്ലാം ഖദീജയില്‍ നിന്നാണ്‌ നബി ആദ്യം നുകര്‍ന്നത്‌. ഖദീജയ്‌ക്ക്‌ മുമ്പ്‌ നബി ഒരാളെയും പ്രണയിച്ചിട്ടില്ല.
ഖദീജയുടെ ശേഷം ഒരാളെയും അത്രയധികം നബി പ്രണയിച്ചിട്ടില്ല. തിരുനബിയുടെ ജീവിതത്തില്‍ വേറെയും ഇണകള്‍ വന്നെങ്കിലും ഖദീജയുടെ ഓര്‍മകള്‍ ഹൃദയത്തില്‍ നിലാവായി നിന്നു. ഖദീജയുടെ മരണം ആ ജീവിതത്തില്‍ വലിയ ആഘാതമായി. ദുഃഖഭാരം കൊണ്ട്‌ പല ദിവസങ്ങള്‍ പുറത്തേക്കിറങ്ങിയില്ല. വീടുപരിചരിക്കാന്‍ ആരുമില്ലാത്ത അവസ്ഥയായി. ഒരു ദിവസം ഖൗല ബിന്‍ത്‌ ഹകീം എന്ന സ്‌ത്രീ റസൂലിന്റെ വസതിയിലെത്തി -പലപ്പോഴും അവരവിടെ വന്നിട്ടുണ്ട്‌. വീട്ടിലെ അവസ്ഥ കണ്ടപ്പോള്‍ മറ്റൊരു വിവാഹത്തിന്‌ അവര്‍ പ്രവാചകരെ നിര്‍ബന്ധിച്ചു. കണ്ണുനിറഞ്ഞ്‌ റസൂല്‍ അവരോട്‌ ചോദിച്ചു: ``ഖദീജയെപ്പോലെ മറ്റാരുണ്ട്‌!''
കുടുംബങ്ങളായ ബനൂഹാശിമും ബനൂ മുത്വലിബും നബിയോട്‌ നിസ്സഹകരണം പ്രഖ്യാപിച്ച കാലമുണ്ടായിരുന്നു. ക്രൂരമായ ഉപരോധംഏര്‍പ്പെടുത്തിയപ്പോള്‍ ശിഅബ്‌ അബീത്വാലിബ്‌ എന്ന കുന്നിന്‍
ചെരുവില്‍ കഴിഞ്ഞുകൂടിയ കാലത്ത്‌, പച്ചിലകള്‍ മാത്രം തിന്നാന്‍ കിട്ടിയപ്പോഴും റസൂലിന്റെ കൈപ്പിടിച്ച്‌ ഖദീജ കൂട്ടിനുണ്ടായിരുന്നു. ദാഹവും പട്ടിണിയുംകൊണ്ട്‌ പുളഞ്ഞ കാലമായിരുന്നു അത്‌. സുഖങ്ങളില്‍ ജനിച്ച്‌, സുഖാനന്ദങ്ങളില്‍ ജീവിച്ച ഖദീജ, ഭര്‍തൃപ്രണയത്തിന്റെ ഉന്നത മാതൃകയായിരുന്നു.
പിതൃവ്യന്‍ അബൂത്വാലിബ്‌ മരണമടഞ്ഞതിന്റെ മൂന്നാം നാളാണ്‌ ഖദീജയും വിടപറഞ്ഞത്‌. ആശ്വസിപ്പിക്കാനെത്തിയ അബൂബക്‌റിനെ കണ്ടപ്പോള്‍ തിരുനബി(സ) കൊച്ചുകുഞ്ഞിനെപ്പോലെ വിതുമ്പിക്കരഞ്ഞു. `ദു:ഖവര്‍ഷം' ആയിരുന്നു അത്‌.
ആ മനസ്സിന്റെ ആഴങ്ങളില്‍ നിന്ന്‌ ഖദീജ മാഞ്ഞുപോയില്ല. ഒരിക്കല്‍ പത്‌നി ആഇശയോടൊത്ത്‌ സംസാരിച്ചിരിക്കുമ്പോള്‍ മുറ്റത്ത്‌ ഒരു സ്‌ത്രീയുടെ ശബ്‌ദം.
``ആരിത്‌ ഹാലയോ?'' അവരെ കണ്ടപ്പോള്‍ റസൂലിന്‌ സന്തോഷം. ഖദീജയുടെ ഇളയ സഹോദരിയാണ്‌ ഹാല. ഖദീജയുടെതു പോലെയാണ്‌ മുഖവും ശബ്‌ദവും. ഹാലയോട്‌ സംസാരിക്കുന്നതിനും അവരെ സ്വീകരിക്കുന്നതിനും റസൂല്‍(സ) കാണിച്ച താല്‍പര്യം ആഇശക്ക്‌ രുചിച്ചില്ല. സ്‌ത്രീ സഹജമായ അസഹ്യതയോടെ അവര്‍ പറഞ്ഞു: ``മരിച്ചുപോയിട്ടും
ആ കിഴവിയെ അങ്ങ്‌ ഇപ്പോഴും ഓര്‍ക്കുകയാണോ?! അവരെക്കാള്‍ മെച്ചപ്പെട്ടത്‌ അല്ലാഹു അങ്ങേക്ക്‌ പകരം തന്നിട്ടുണ്ടല്ലോ?''
ആഇശയുടെ വാക്കുകള്‍ റസൂലിന്‌ ഇഷ്‌ടപ്പെട്ടില്ല. കണ്ണുകള്‍ ചുവന്നു, മുഖം തുടുത്തു.
``അല്ലാഹുവാണ്‌ സത്യം. ഖദീജയെക്കാള്‍ ഉത്തമമായത്‌ എനിക്ക്‌ കിട്ടിയിട്ടില്ല. ജനങ്ങളെല്ലാം അവിശ്വസിച്ചപ്പോള്‍ ഖദീജ എന്നില്‍ വിശ്വസിച്ചു. ജനങ്ങള്‍ എന്നെ കളവാക്കിയപ്പോള്‍ അവള്‍ എന്നെ സംശയിച്ചില്ല. സ്വത്തുകൊണ്ടും ശരീരംകൊണ്ടും എനിക്കവള്‍ തുണയായി. അവളിലാണ്‌ അല്ലാഹു എനിക്ക്‌ മക്കളെ തന്നത്‌.''
ഇനി ഒരിക്കലും അങ്ങനെ പറയരുതെന്ന്‌ ആഇശയെ ഉപദേശിച്ചു.
``ഖദീജയോടുള്ള സ്‌നേഹം എന്നില്‍ ഊട്ടിയുറപ്പിക്കപ്പെട്ടിരിക്കുന്നു'' എന്ന്‌ തിരുനബി(സ) പലപ്പോഴും പറയാറുണ്ടായിരുന്നു. വിശേഷവിഭവങ്ങളെല്ലാം ഖദീജയുടെ കൂട്ടുകാരികള്‍ക്കെത്തിക്കും. ഒരിക്കല്‍ ഇതേപ്പറ്റി അവിടുന്ന്‌ പറഞ്ഞു: ``ഖദീജയെയും അവള്‍ സ്‌നേഹിച്ചവരെയും ഞാന്‍ സ്‌നേഹിക്കുന്നു.''
ഭാര്യയായിരിക്കണം പ്രണയിനിയെന്നാണ്‌ തിരുനബിയുടെ ഈ സന്ദേശം. അവള്‍ക്കുമുമ്പോ ശേഷമോ മറ്റാര്‍ക്കും പ്രണയം കൈമാറാതിരിക്കുമ്പോള്‍ - പുതുമതീരാതെ, പൂതിതീരാതെ പരസ്‌പരം ആസ്വദിക്കാം.
ബദ്‌റില്‍ വിജയിച്ചപ്പോള്‍ ഖുറൈശികളില്‍ നിന്ന്‌ മോചനദ്രവ്യം വാങ്ങി യുദ്ധത്തടവുകാരെവിട്ടയച്ചുകൊണ്ടിരുന്നപ്പോള്‍, ഒരു സ്വര്‍ണാഭരണം തിരുനബി(സ)യെ ആകര്‍ഷിച്ചു. വിവാഹസമയത്ത്‌ ഖദീജ അണിഞ്ഞ മാലയായിരുന്നു അത്‌. അതുണര്‍ത്തിയ വേദനയുള്ള ഓര്‍മകള്‍ ആ മനസ്സില്‍ നിറഞ്ഞുകവിഞ്ഞു. മകള്‍ സൈനബ്‌, തടവിലാക്കപ്പെട്ട ഭര്‍ത്താവിനുവേണ്ടി മോചനദ്രവ്യം നല്‍കിയതായിരുന്നു അത്‌.
നോക്കൂ, എങ്ങനെയാണ്‌ റസൂല്‍ ഖദീജയെ മറക്കുക? അന്‍പത്തിയഞ്ച്‌ വയസ്സുള്ള സാധുവായൊരു സ്‌ത്രീ! അവര്‍ക്ക്‌ മക്കളെ പരിചരിക്കണം, വീട്‌ വൃത്തിയാക്കണം, വരുമാനമുണ്ടാക്കണം - ഇതിനെല്ലാമിടയില്‍, നൂര്‍മലയിലെ ഒരു ഗുഹയിലിരിക്കുന്ന ഭര്‍ത്താവിന്‌ ഭക്ഷണമെത്തിക്കണം! കല്ലും മുള്ളും കരിമ്പാറകളും കാട്ടുമൃഗങ്ങളുമെല്ലാം ഭയപ്പെടുത്തിയപ്പോഴും ആ ഭാര്യ മടുപ്പോ മുടക്കമോ ഇല്ലാതെ അത്‌ ചെയ്‌തുപോന്നു. അതാണ്‌ ഖദീജ! ലോകത്തിലെ ആദ്യത്തെ മുസ്‌ലിം വനിത!
രണ്ടാമതൊരു വിവാഹം കഴിക്കാത്തത്‌ എന്തുകൊണ്ടാണ്‌ എന്ന്‌ ചോദിച്ചപ്പോള്‍ ഒരു പണ്ഡിതന്‍ പറഞ്ഞതിങ്ങനെയായിരുന്നു: ``എന്റെ ഖദീജ മരിച്ചിട്ടില്ല!''

അന്യരുടേത്‌ ആഗ്രഹിക്കാതെയും ആരെയും ദ്രോഹിക്കാതെയും

-അബ്‌ദുല്‍വദൂദ്‌       
രു ബേക്കറിക്കാരന്‍ ഉണ്ടായിരുന്നു. അടുത്ത ഗ്രാമത്തിലെ സാധുവായ കര്‍ഷകനില്‍ നിന്നായിരുന്നു റൊട്ടി നിര്‍മിക്കാനാവശ്യമായ വെണ്ണ അയാള്‍ വാങ്ങിയിരുന്നത്‌. കുറെ നാള്‍ തുടര്‍ന്നപ്പോള്‍ വെണ്ണയുടെ തൂക്കം കുറവാണെന്ന്‌ അയാള്‍ക്കൊരു സംശയം. തൂക്കി നോക്കിയപ്പോള്‍ സംശയിച്ചത്‌ സത്യമാണെന്ന്‌ ബോധ്യപ്പെട്ടു. ബേക്കറിക്കാരനെ കര്‍ഷകന്‍ കബളിപ്പിക്കുകയായിരുന്നു! അരിശവും അമര്‍ഷവും കാരണം ബേക്കറിക്കാരന്‍ കോടതിയില്‍ പരാതിപ്പെട്ടു. വിശ്വാസവഞ്ചന കാണിച്ചുവെന്നായിരുന്നു ആരോപണം. കര്‍ഷകനെ വിളിച്ചുവരുത്തി ന്യായാധിപന്‍ ചോദിച്ചു: ``നിങ്ങള്‍ക്ക്‌ വെണ്ണയും മറ്റും തൂക്കാന്‍ ത്രാസ്‌ ഉണ്ടോ?''

ഇല്ല എന്നായിരുന്നു മറുപടി. ``അപ്പോള്‍ എങ്ങനെയാണ്‌ ബേക്കറിക്കാരന്‌ വെണ്ണ തൂക്കിക്കൊടുത്തിരുന്നത്‌?'' മറുപടി: ``ബേക്കറിക്കാരന്‍ എന്റെ അടുക്കല്‍ നിന്ന്‌ വെണ്ണ വാങ്ങാന്‍ തുടങ്ങിയപ്പോള്‍ എനിക്കാവശ്യമുള്ള റൊട്ടി അയാളില്‍ നിന്ന്‌ വാങ്ങാന്‍ തീരുമാനിച്ചു. ഒരു കിലോ റൊട്ടിയാണ്‌ ഞാന്‍ വാങ്ങിയിരുന്നത്‌. ആ തൂക്കം കൃത്യമായിരിക്കുമല്ലോ എന്ന്‌ കരുതി, റൊട്ടിയുടെ തൂക്കം നോക്കിയാണ്‌ വെണ്ണ കൊടുത്തിരുന്നത്‌!'' -അവസാനം വാദി പ്രതിയായി, ബേക്കറിക്കാരന്‍ ചെയ്‌ത വഞ്ചന അയാളെ തന്നെ തിരിച്ചടിച്ചു!

നമ്മെ വിശ്വസിക്കുന്നവരെ ചതിക്കുന്നതാണ്‌ വലിയ അപരാധമെന്ന്‌ തിരുനബി(സ) പറയുന്നുണ്ട്‌. വ്യക്തിത്വം ഇടിഞ്ഞു തകരുന്നതിന്റെ കാരണമാണത്‌. പറ്റിച്ചും ചതിച്ചുമുള്ള ജീവിതം ആപത്ത്‌ മാത്രമല്ല, അസുഖവുമാണ്‌. തിരുനബി ഏറെ ജാഗ്രത കാണിച്ച ജീവിതശീലമായിരുന്നു ഇത്‌. വിശ്വാസ്യത തകര്‍ന്നുപോകുന്ന നിസ്സാര കര്‍മങ്ങള്‍ പോലും അവിടുന്ന്‌ അനുവര്‍ത്തിക്കുകയോ അനുവദിക്കുകയോ ചെയ്‌തില്ല.
ഹുദയ്‌ബിയ ഉടമ്പടി പ്രസിദ്ധമാണല്ലോ. മക്കയില്‍ നിന്ന്‌ ആരെങ്കിലും രക്ഷിതാക്കളുടെ അനുവാദമില്ലാതെ മദീനയില്‍ അഭയം പ്രാപിച്ചാല്‍ അവരെ തിരിച്ചയക്കണമെന്നാണ്‌ ഉടമ്പടിയിലുണ്ടായിരുന്നത്‌. ഇസ്‌ലാം വിശ്വസിച്ചതിന്റെ പേരില്‍ മക്കയില്‍ ഖുറൈശികളുടെ മര്‍ദനങ്ങള്‍ സഹിക്കാനാവാതെ, തടവു

ചാടിയ അബൂജന്‍ദല്‍ തിരുനബിയുടെ അരികിലേക്ക്‌ ഓടിയണഞ്ഞത്‌ ഉടമ്പടി എഴുതി അംഗീകരിച്ച നിമിഷമായിരുന്നു. അബൂജന്‍ദലിന്റെ പിതാവ്‌ സുഹൈലുബ്‌നു അംറ്‌ അവിടെയുണ്ട്‌. ``മുഹമ്മദേ, ഇവനെ എനിക്ക്‌ വിട്ടുതരണം. ഇതാണ്‌ കരാറനുസരിച്ച്‌ എനിക്കാദ്യം ആവശ്യപ്പെടാനുള്ളത്‌.''
തിരുനബിക്ക്‌ സമ്മതിക്കേണ്ടിവന്നു. പൊട്ടിക്കരയുന്ന അബൂജന്‍ദലിനെ കണ്ടപ്പോള്‍ തിരുനബിയുടെയും കണ്ണുനിറഞ്ഞു. അദ്ദേഹത്തെ നെഞ്ചോട്‌ ചേര്‍ത്ത്‌ പറഞ്ഞതിങ്ങനെ: ``പ്രിയമുള്ള അബൂജന്‍ദല്‍, ക്ഷമിക്കുക, സ്വയം നിയന്ത്രിക്കുക. അല്ലാഹു സഹായിക്കും. ഉടമ്പടി ലംഘിക്കാന്‍ പാടില്ല. വിശ്വാസവഞ്ചന നമ്മുടെ ചര്യയില്‍ പെട്ടതേ അല്ല...''
സത്യവിശ്വാസി സാത്വികനും മാന്യനുമായിരിക്കണം, വഞ്ചകനും മാന്യതയില്ലാത്തവനുമാകരുതെന്ന്‌ തിരുനബി പഠിപ്പിച്ചു തന്നു. ആ ജീവിതം ഇതിനെല്ലാം സാക്ഷിയുമായിരുന്നു. പ്രവാചകത്വം ലഭിക്കുന്നതിനു മുമ്പുള്ള ഒരു സംഭവം: അബ്‌ദുല്ലാഹിബ്‌നു അബില്‍ ഖുമൈസ പറയുന്നു:

``അല്‍അമീനായിരുന്ന മുഹമ്മദിന്‌ ഞാന്‍ കുറച്ചു പണം കൊടുക്കാനുണ്ടായിരുന്നു. ഒരിടത്തുവെച്ചു കണ്ടപ്പോള്‍, പണവുമായി തിരിച്ചുവരാം എന്നു പറഞ്ഞ്‌ ഞാന്‍ പോയി. എന്നെയും കാത്ത്‌ മുഹമ്മദ്‌ അവിടെ നിന്നു. മൂന്ന്‌ ദിവസങ്ങള്‍ക്കു ശേഷം ആ വഴി പോകുമ്പോള്‍ മുഹമ്മദിനെ അവിടെ തന്നെ കണ്ടു. അപ്പോഴാണ്‌ ഞാനക്കാര്യം ഓര്‍ത്തത്‌. മുഹമ്മദ്‌ പറഞ്ഞതിത്രമാത്രം: താങ്കള്‍ എന്നെ കുറച്ചു പ്രയാസപ്പെടുത്തി. മൂന്ന്‌ ദിവസമായി ഞാന്‍ താങ്കളെ കാത്ത്‌ ഇവിടെ നില്‍ക്കുന്നു!'' -അബൂദാവൂദ്‌ ഉദ്ധരിച്ച ഈ സംഭവം ആ ജീവിതത്തിന്റെ മഹത്വവും ഔന്നത്യവുമാണ്‌ വര്‍ണിക്കുന്നത്‌.

അസത്യമാര്‍ഗത്തിലൂടെ പുരോഗതിപ്പെടാനാവില്ല. താല്‍ക്കാലിക വിജയം ലഭിച്ചേക്കാമെങ്കിലും, അതിലേറെ വലിയ ദുരന്തങ്ങള്‍ സംഭവിക്കുക തന്നെ ചെയ്യും. കള്ളസത്യത്തിലൂടെ വസ്‌തുക്കള്‍ വിറ്റഴിച്ചവരെ പരലോകത്ത്‌ അല്ലാഹു സംരക്ഷിക്കില്ലെന്നും ഏറ്റവും വലിയ നഷ്‌ടക്കാരായിരിക്കും അവരെന്നും റസൂല്‍(സ) മുന്നറിയിപ്പ്‌ നല്‌കി. ബുഖാരിയും മുസ്‌ലിമും ഉദ്ധരിക്കുന്ന ഹദീസില്‍ കള്ളസാക്ഷ്യത്തെ വന്‍ പാപമായി പോലും അവിടുന്ന്‌ വിവരിച്ചിട്ടുണ്ട്‌.

ഇമാം അബൂഹനീഫയുടെ ഒരു സംഭവമുണ്ട്‌: ബസ്വ്‌റയില്‍ കച്ചവടം നടത്തിയ കാലത്ത്‌, ഇമാം പുറത്തുപോയ സമയം. അന്യനാട്ടുകാരനായ ഒരാള്‍ തുണി വാങ്ങാനെത്തി. കടയിലെ വേലക്കാരന്‍ അയാളില്‍ നിന്ന്‌ അധികം വില വാങ്ങി. യജമാനനെ സന്തോഷിപ്പിക്കാനാണ്‌ ചെയ്‌തത്‌. പക്ഷേ, ഇതറിഞ്ഞപ്പോള്‍ വേലക്കാരനെ ഇമാം ജോലിയില്‍ നിന്ന്‌ പിരിച്ചുവിട്ടു. തുണി വാങ്ങിയ ആളെ കണ്ടെത്തി, അധികം വാങ്ങിയ വില തിരിച്ചുകൊടുത്താല്‍ ജോലിയില്‍ പ്രവേശിപ്പിക്കാം എന്നു പറഞ്ഞു. അവന്‍ നീണ്ട യാത്രക്കൊടുവില്‍ അയാളെ കണ്ടെത്തി. വീണ്ടും അവന്‍ ഇമാമിന്റെ ജോലിക്കാരനായി! (ചാര്‍ ഇമാം, വജീഹുല്ല ഖാന്‍, പേ. 413)
എത്ര ചെറുതാണെങ്കിലും സ്വന്തം ജീവിതത്തില്‍ സംതൃപ്‌തമാകലാണ്‌ മഹാഭാഗ്യം. അന്യരുടേത്‌ ആഗ്രഹിക്കാതെയും, ആരെയും ദ്രോഹിക്കാതെയും ജീവിക്കലാണ്‌ സത്യമുള്ള വഴി. ഓര്‍ക്കുക, കുറച്ചാളുകളെ എല്ലാ കാലത്തേക്കും എല്ലാ ആളുകളെയും കുറച്ചുകാലത്തേക്കും വഞ്ചിക്കാന്‍ കഴിഞ്ഞേക്കാം. പക്ഷേ, എല്ലാവരെയും എല്ലാ കാലത്തേക്കും വഞ്ചിക്കാനാവില്ല.

‘നിങ്ങളോര്‍ക്കുക, നിങ്ങളെങ്ങനെ നിങ്ങളായെന്ന്‌!‘

-അബ്‌ദുല്‍വദൂദ്‌   

ല്‍ഖമയെ തിരുനബിക്കിഷ്‌ടമായിരുന്നു. ഭക്തനും വിശുദ്ധനുമായ സ്വഹാബി. സുന്നത്തുകളോട്‌ അങ്ങേയറ്റത്തെ പ്രതിബദ്ധതയുള്ള സത്യവിശ്വാസി. അല്‍ഖമ മാരകരോഗം പിടിപെട്ടു കിടപ്പിലായി. അദ്ദേഹത്തിന്റെ ഭാര്യ നബിയുടെ അരികിലെത്തി വിവരം പറഞ്ഞു. ഉമറിനെയും അലിയെയും ബിലാലിനെയും റസൂല്‍ പറഞ്ഞയച്ചു. അവര്‍ അല്‍ഖമയെ പരിചരിച്ചു. മരണം കാത്തുകിടക്കുന്നതിനാല്‍ കലിമ ചൊല്ലിക്കൊടുത്തു. പക്ഷേ, അല്‍ഖമയ്‌ക്ക്‌ അതേറ്റു ചൊല്ലാന്‍ കഴിയുന്നില്ല. ബിലാല്‍ വേഗം റസൂലിന്റെ അരികിലെത്തി വിവരം പറഞ്ഞു: ``റസൂലേ, അല്‍ഖമയ്‌ക്ക്‌ കലിമ ചൊല്ലാന്‍ കഴിയുന്നില്ല!'' തിരുനബി കുറേ ആലോചിച്ച ശേഷം ചോദിച്ചു: ``അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ജീവിച്ചിരിപ്പുണ്ടോ?'' ബിലാലിന്റെ മറുപടി: ``അദ്ദേഹത്തിന്റെ പിതാവ്‌ നേരത്തെ മരിച്ചിട്ടുണ്ട്‌. വൃദ്ധയായ ഉമ്മ അവിടെയുണ്ട്‌.'' ``ശരി. ആ മാതാവിന്റെ അടുത്ത്‌ ചെന്ന്‌ എന്റെ സലാം പറയുക. കഴിയുമെങ്കില്‍ എന്റെ അടുത്ത്‌ വരാനും പറയുക. അല്ലെങ്കില്‍ ഞാന്‍ അവരുടെ അടുത്തേക്ക്‌ ചെല്ലാം.''
റസൂലിന്റെ നിര്‍ദേശം കേട്ടപ്പോള്‍, ഉടന്‍ ആ ഉമ്മ തിരുനബിയുടെ അരികിലെത്തി. റസൂല്‍ അവരെ ആദരവോടെ സ്വീകരിച്ചിരുത്തി. അല്‍ഖമയുടെ പെരുമാറ്റത്തെക്കുറിച്ച്‌ അന്വേഷിച്ചു. ആ വൃദ്ധമാതാവ്‌ പറഞ്ഞു:
``എന്റെ മകന്‍ അല്ലാഹുവിന്റെ കല്‍പനകള്‍ അനുസരിച്ച്‌ ജീവിക്കുന്നവനാണ്‌, റസൂലേ! എന്നാല്‍ എന്നോടുള്ള പെരുമാറ്റം നല്ല രീതിയിലല്ല. അതിനാല്‍ എനിക്കവനോട്‌ ചെറിയ വെറുപ്പുണ്ടായിരുന്നു. പലപ്പോഴും അവന്റെ ഭാര്യയുടെ മുമ്പില്‍ വെച്ച്‌ എന്നോട്‌ കയര്‍ത്തിരുന്നു.'' തിരുനബി പറഞ്ഞു: ``അതെ, അതുതന്നെയാണ്‌ അല്‍ഖമയ്‌ക്ക്‌ കലിമ ചൊല്ലാന്‍ കഴിയാത്തത്‌.'' തുടര്‍ന്ന്‌, അല്‍ഖമയെ തീയില്‍ ചുട്ടെരിക്കാന്‍ ബിലാലിനോട്‌ റസൂല്‍ കല്‍പിച്ചു. ``അല്ലാഹുവിന്റെ ദൂതരേ, അതുവേണ്ട. എനിക്കത്‌ സഹിക്കാനാവില്ല റസൂലേ'' -ആ ഉമ്മ കരഞ്ഞു പറഞ്ഞു. ``അല്ലാഹുവിന്റെ ശിക്ഷ ഇതിലേറെ കഠിനമാണ്‌. നിങ്ങളവന്‌ മാപ്പുനല്‍കിയാല്‍ അവന്‍ രക്ഷപ്പെട്ടു. ഇല്ലെങ്കില്‍ അവന്റെ നമസ്‌കാരവും നോമ്പും സല്‍ക്കര്‍മങ്ങളുമെല്ലാം നഷ്‌ടത്തിലാകും''
അവര്‍ മകന്‌ മാപ്പുനല്‍കി; ഉമ്മയല്ലേ! തിരുനബി(സ) ബിലാലിനെ വീണ്ടും അല്‍ഖമയുടെ അടുത്തേക്കയച്ചു. ബിലാല്‍ എത്തിയപ്പോള്‍ വ്യക്തമായി കലിമ ചൊല്ലുന്നുണ്ടായിരുന്നു. ആ വിശുദ്ധ വചനങ്ങള്‍ ചൊല്ലിക്കൊണ്ടിരിക്കെ, അല്‍ഖമ ഇഹലോകത്തോട്‌ യാത്ര പറഞ്ഞു. തിരുനബി(സ) തന്നെയായിരുന്നു മയ്യിത്ത്‌ നമസ്‌കാരത്തിന്‌ നേതൃത്വം നല്‍കിയത്‌.
ഉമ്മയോളം വരില്ല മറ്റൊന്നും എന്നതാണ്‌ ഈ ചരിത്രത്തില്‍ നിന്നുള്ള പാഠം. പരിഗണനയില്‍ പ്രധാനം ഉമ്മയ്‌ക്കാണ്‌. പ്രായമേറും തോറും പരിഗണന വര്‍ധിക്കണം. ഉമ്മയും ഉപ്പയും നമ്മുടെ ജീവിതത്തിന്‌ അലങ്കാരമാണ്‌. അവരുടെ സഹവാസം മഹാഭാഗ്യമാണ്‌. അവരുടെ പ്രാര്‍ഥനകള്‍ നമുക്ക്‌ കാവലാണ്‌. ആ കൈത്തലങ്ങള്‍ ആശ്വാസത്തിന്റെ മേഘവര്‍ഷമാണ്‌. അവര്‍ കൂട്ടിനുണ്ടെങ്കില്‍ അതിലേറെ വലിയ സമ്പത്തില്ല. അവരുടെ സന്തോഷത്തേക്കാള്‍ മികച്ച ലക്ഷ്യമില്ല. അവര്‍ക്കായുള്ള പ്രാര്‍ഥനയേക്കാള്‍ ഉന്നതമായ പ്രത്യുപകാരവുമില്ല!
പ്രായമായ തേനീച്ചയെ മറ്റു തേനീച്ചകള്‍ കുത്തിപ്പുറത്താക്കാറുണ്ട്‌. മനുഷ്യരിലും ചിലര്‍ ഇങ്ങനെയായിട്ടുണ്ട്‌. പ്രായമേറും തോറും നമ്മുടെ നെഞ്ചിലേക്കടുപ്പിക്കേണ്ടവരാണ്‌ ഉമ്മയും ഉപ്പയും. അവരില്‍ നിന്ന്‌ തിരിച്ചൊന്നും കിട്ടാത്ത സന്ദര്‍ഭമാണ്‌ വാര്‍ധക്യം. അപ്പോഴാണ്‌ മക്കളില്‍ നിന്ന്‌ അവര്‍ക്ക്‌ കൂടുതല്‍ തിരിച്ചുകിട്ടേണ്ടത്‌. വൃദ്ധരായ ഉമ്മയോ ഉപ്പയോ ജീവിച്ചിരുന്നിട്ടും സ്വര്‍ഗം ലഭിക്കാന്‍ ഭാഗ്യമില്ലാത്തവര്‍ ഏറ്റവും വലിയ നാശമുള്ളവരാണെന്ന്‌ നബി(സ) പറയുന്നുണ്ട്‌. കേവലമൊരു മാംസക്കഷ്‌ണം മാത്രമായിരുന്ന നമ്മെ സംരക്ഷിച്ച്‌ പരിപാലിച്ച്‌ വളര്‍ത്തിയെടുത്തവരാണവര്‍. അന്ന്‌, അതവര്‍ക്കൊരു വലിയ പരീക്ഷണമായിരുന്നു. ഇന്നവര്‍ വാര്‍ധക്യത്തിലാണ്‌; ഈ പരീക്ഷണം അവര്‍ക്കുള്ളതല്ല, നമുക്കുള്ളതാണ്‌. അവരുടെ ശരീരത്തില്‍ നിന്ന്‌ ചോരയും നീരുമെല്ലാം വറ്റിപ്പോയിരിക്കുന്നു. ചുക്കിച്ചുളിഞ്ഞ ശരീരമാണിന്ന്‌. എവിടെയാണ്‌ ആ ചോരയും നീരുമെല്ലാം?
ഇതാ മക്കളുടെ തുടുത്തു സുന്ദരമായ ശരീരത്തില്‍ അതുണ്ട്‌. അവര്‍ കരഞ്ഞത്‌, കഷ്‌ടപ്പെട്ടത്‌, ഉറക്കമിളച്ചത്‌, കാത്തിരുന്നത്‌ എല്ലാം നമ്മെയായിരുന്നു; നമ്മെ മാത്രം! പക്ഷേ, ഇന്ന്‌ അധിക വീടുകളിലും അനാഥരായി കിടക്കുന്നത്‌ മാതാപിതാക്കളാണ്‌. ഒന്ന്‌ തളരുമ്പോള്‍, ക്ഷീണിക്കുമ്പോള്‍ കൈപിടിക്കേണ്ടവര്‍ അവരുടെ അരികിലില്ല! അതെ, കൈത്താങ്ങാകേണ്ടവരെല്ലാം കൈവിട്ടിരിക്കുന്നു! വാര്‍ധക്യത്തില്‍ ഉമ്മയെ പരിചരിച്ചതിന്റെ കാരണത്താല്‍ സ്വര്‍ഗസ്ഥനായ ഒരാളെക്കുറിച്ച്‌ ഉമറിനോട്‌ തിരുനബി പറയുന്നുണ്ട്‌. അയാളെ കണ്ടാല്‍ പ്രാര്‍ഥനയ്‌ക്ക്‌ വസിയ്യത്ത്‌ ചെയ്യണമെന്നും നിര്‍ദേശിച്ചു. അദ്ദേഹത്തിന്റെ പ്രാര്‍ഥനകള്‍ അല്ലാഹു കേള്‍ക്കും! `കാരുണ്യത്താലുള്ള എളിമയുടെ ചിറക്‌' അവര്‍ക്ക്‌ താഴ്‌ത്തി നല്‍കണമെന്നാണ്‌ (17:23) അല്ലാഹുവിന്റെ നിര്‍ദേശം. ഉമ്മയെ അവഗണിച്ചതു കാരണം അപകടത്തിലായ, മഹാനായ സത്യവിശ്വാസി ജുറൈജിന്റെ കഥ തിരുനബി(സ)യും പറഞ്ഞുതന്നു. (മിന്‍ഹാജുസ്സ്വാലിഹീന്‍ 785,786)
നമുക്ക്‌ ജന്മം നല്‍കിയവര്‍, പേരിട്ടവര്‍, കല്ലും മുള്ളും തട്ടാതെ കാത്തു വളര്‍ത്തിയവര്‍, പിശുക്കില്ലാതെ സ്‌നേഹിച്ചവര്‍, നമുക്കായി ഏറ്റവും ദു:ഖിച്ചവര്‍, സന്തോഷിച്ചവര്‍..... എല്ലാം അവര്‍ക്ക്‌ തിരിച്ചു നല്‍കുക. കടമ്മനിട്ടയുടെ ഒരു വരിയുണ്ട്‌:
നിങ്ങളോര്‍ക്കുക,
നിങ്ങളെങ്ങനെ
നിങ്ങളായെന്ന്‌!

ദുശ്ശീലങ്ങളേ, വിട!

-അബ്‌ദുല്‍വദൂദ്‌  

ഇങ്ങനെയൊരു കഥയുണ്ട്‌: രക്തദാഹിയായ വേട്ടനായ തടിച്ചുകൊഴുത്ത കലമാനിന്റെ പിറകെ ഓടുകയാണ്‌. അപ്പോള്‍ അതുവഴി ഒരു കുറുക്കന്‍ ഓടിപ്പോകുന്നത്‌ കണ്ടു. വേട്ടനായ അന്നേരം കുറുക്കന്റെ പിന്നാലെ ഓടാന്‍ തുടങ്ങി. കൗശലക്കാരനായ കുറുക്കന്‍ വളഞ്ഞ വഴിയില്‍ കൂടി ഓടിത്തുടങ്ങി. ഓടുന്നതിനിടയിലതാ, സുന്ദരനായ ഒരു മുയല്‍ ഓടിപ്പോകുന്നു! വേട്ടനായ മുയലിന്റെ പിറകെ ഓടിത്തുടങ്ങി; നിരാശയായിരുന്നു ഫലം. അപ്പോഴതാ, നല്ലൊരു എലി ഓടിപ്പോകുന്നു! അതോടെ നായയുടെ ലക്ഷ്യം എലിയെപ്പിടിക്കലായി. എലി ഓടിച്ചെന്ന്‌ മാളത്തില്‍ കയറി. വേട്ടനായ മാളത്തിനു മുന്നില്‍ മുരണ്ട്‌ കുത്തിയിരിക്കാന്‍ തുടങ്ങി. പാവം! കലമാനിനെ പിന്തുടര്‍ന്ന വേട്ടനായക്ക്‌ അവസാനം ഗതിയില്ലാതെ എലിമാളത്തിനു മുന്നില്‍ കുത്തിയിരിക്കേണ്ട അവസ്ഥയായി!

നോക്കൂ, കൗതുകം തോന്നിയതിന്റെയെല്ലാം പിറകെ ഓടിത്തുടങ്ങിയതാണ്‌ വേട്ടനായ ചെയ്‌ത അവിവേകം. ഈ അവിവേകം നമ്മില്‍ പലരുടേതുമാണ്‌. മനസ്സിനെ കടുത്ത ശിക്ഷണത്തിനു വിധേയമാക്കേണ്ടവരാണ്‌ നാം. അവിവേകങ്ങളിലേക്ക്‌ വഴുതാതെ, ഓരോ നിമിഷവും മനോനിയന്ത്രണം ആവശ്യമുള്ളവര്‍. രസകരമെന്നു തോന്നുന്നതിന്റെയെല്ലാം പിന്നാലെ പായാനുള്ള ആഗ്രഹമാണ്‌ മനസ്സിനുള്ളത്‌. നന്മയെക്കാള്‍ തിന്മയിലേക്കാണ്‌ അതിന്റെ ചായ്‌വ്‌. തിന്മ ചെയ്യാന്‍ നിരന്തരം പ്രേരിപ്പിക്കുന്നതാണ്‌ മനസ്സെന്ന്‌ വിശുദ്ധ ഖുര്‍ആന്‍ (12:53) പറയുന്നുണ്ടല്ലോ. മനസ്സിന്റെ ഈ ആകര്‍ഷണ സ്വഭാവം നാശത്തിലെത്തിക്കുന്നത്‌ നമ്മെയാണ്‌. ഉറച്ച ഭക്തികൊണ്ടും സൂക്ഷ്‌മമായ ജീവിതചര്യകള്‍ കൊണ്ടും മാത്രമേ രക്ഷപ്പെടാന്‍ സാധിക്കൂ. ``മനസ്സ്‌ കൈക്കുഞ്ഞിനെപ്പോലെയാണ്‌. അശ്രദ്ധമായി വിട്ടാല്‍ യുവാവായാലും അത്‌ മുലകുടി മാറ്റില്ല. മുലകുടി നിര്‍ത്തിച്ചാലോ, അത്‌ നിര്‍ത്തിയതു തന്നെ!'' എന്നൊരു കവിവാക്യമുണ്ട്‌.

ശീലങ്ങളിലേക്കാണ്‌ മനസ്സ്‌ നമ്മെ നയിക്കുന്നത്‌. മാറ്റാനാവാത്ത പതിവായി അവ നമ്മെ ദുരന്തത്തിലെത്തിക്കും. ദുശ്ശീലങ്ങളിലേക്ക്‌ ആകര്‍ഷിക്കുന്ന മനസ്സിനെ, നല്ല ശീലങ്ങളില്‍ ഉറപ്പിക്കണമെങ്കില്‍ ഉന്നതമായ സത്യവിശ്വാസം കൈവരണം. വ്യഭിചാരം ശീലമാക്കിയിരുന്ന യുവാവിനെ അതില്‍ നിന്ന്‌ പിന്മാറ്റുന്ന റസൂലി(സ)ന്റെ രീതി നോക്കൂ:

``ഈ പ്രവൃത്തി നിന്റെ മാതാവിന്റെ കാര്യത്തില്‍ നീ ഇഷ്‌ടപ്പെടുമോ?''
``റസൂലേ, ആരുമത്‌ ഇഷ്‌ടപ്പെടില്ല.''
``നിന്റെ മകളുടെ കാര്യത്തിലോ?''
``റസൂലേ, അതാരും ഇഷ്‌ടപ്പെടില്ല.''
``നിന്റെ സഹോദരിയുടെ കാര്യത്തിലോ?''
``ആരുമത്‌ ഇഷ്‌ടപ്പെടില്ല, റസൂലേ''
``പിതൃസഹോദരിയാണെങ്കിലോ?''
``അതും അത്‌ ഇഷ്‌ടപ്പെടില്ല.''
``മാതൃസഹോദരിയാണെങ്കിലോ?''
``അല്ലാഹുവാണ സത്യം, ആരുമത്‌ ഇഷ്‌ടപ്പെടില്ല.''

ഇത്രയുമായപ്പോള്‍ ആ യുവാവിന്റെ ശിരസ്സില്‍ കൈവെച്ച്‌ റസൂല്‍ പ്രാര്‍ഥിച്ചതിങ്ങനെ: ``അല്ലാഹുവേ, ഈ യുവാവിന്റെ തെറ്റുകള്‍ നീ പൊറുത്തു കൊടുക്കണമേ! ഇവന്റെ മനസ്സ്‌ നീ ശുദ്ധീകരിക്കണമേ. രഹസ്യഭാഗങ്ങളുടെ വിശുദ്ധി നീ കാത്തു സൂക്ഷിക്കണമേ'' (ഇബ്‌നു കസീര്‍ 3:38). തിരുനബി(സ) ചോദിച്ച ചോദ്യങ്ങള്‍ അയാള്‍ സ്വയം ചോദിക്കേണ്ടതായിരുന്നു. ആകര്‍ഷകമായി തോന്നുന്ന ഓരോ തിന്മയുടെ കാര്യത്തിലും നമ്മുടെ നിലപാട്‌ ഇതായിരിക്കണം.

``എത്ര ശ്രമിച്ചിട്ടും എനിക്കത്‌ നിര്‍ത്താന്‍ കഴിയുന്നില്ല'' എന്ന്‌ സങ്കടത്തോടെ പലതിനെക്കുറിച്ചും പറയുന്നവരുണ്ട്‌. പത്തുനേരം കള്ളു കുടിച്ചിരുന്നവര്‍ അഞ്ചുനേരം നമസ്‌കരിക്കുന്നതായി മാറിയ ചരിത്രമറിയുന്ന നമ്മള്‍ ഇങ്ങനെ പറയുന്നതിന്റെ അര്‍ഥമെന്താണ്‌?

``അതിനെ സംസ്‌കരിച്ചവര്‍ വിജയിച്ചു'' (91:6) എന്നാണ്‌ മനസ്സിനെക്കുറിച്ച്‌ അല്ലാഹു ഉണര്‍ത്തുന്നത്‌. സംസ്‌കരണം കറ കളയലാണ്‌. അഴുക്കുകളില്‍ നിന്നെല്ലാമുള്ള ശുദ്ധീകരണം! സ്വര്‍ഗാവകാശികളുടെ സദ്‌ഗുണങ്ങള്‍ വിശദീകരിക്കുമ്പോള്‍ അല്ലാഹു പറയുന്നു: ``ചെയ്‌തുപോയ ദുഷ്‌പ്രവൃത്തിയില്‍ അറിഞ്ഞുകൊണ്ട്‌ ഉറച്ചുനില്‌ക്കാത്തവരുമാകുന്നു അവര്‍'' (3:135). ദുഷ്‌പ്രവൃത്തികളില്‍ ഉറച്ചുനില്‌ക്കലാണ്‌ ദുശ്ശീലം. ദുശ്ശീലങ്ങളില്‍ നിന്നകലുന്നതും സുശീലങ്ങള്‍ തുടരുന്നതും അല്ലാഹു എന്ന ഓര്‍മയാല്‍ ആകണമെന്നാണ്‌ ആയത്തിന്റെ ആശയം.

ഗോവര്‍ധന്റെ യാത്രകള്‍ എന്ന നോവലില്‍ രണ്ടു അടിമകളുടെ കഥ പറയുന്നുണ്ട്‌. യജമാനന്‍ അവരെ മോചിപ്പിച്ചപ്പോള്‍ അവര്‍ക്ക്‌ ജീവിക്കാന്‍ കഴിയുന്നില്ല. അടിമകളായേ അവര്‍ ജീവിച്ചിട്ടുള്ളൂ. അതാണവരുടെ ശീലം. ഒടുവില്‍ വീണ്ടും അടിമകളായിത്തീര്‍ന്നു! ശീലങ്ങള്‍ക്ക്‌ അടിമകളാകുന്നവര്‍ക്ക്‌ അവ അനിവാര്യമായിത്തീരുകയാണ്‌. ഒരു തിന്മ ആദ്യമായി ചെയ്യുമ്പോള്‍ വലിയ കുറ്റബോധമുണ്ടാകുന്നു. അതേ തിന്മ ആവര്‍ത്തിക്കുമ്പോള്‍ കുറ്റബോധം കുറഞ്ഞുവരുന്നു. `കുറ്റപ്പെടുത്തുന്ന മനസ്സി'നെപ്പറ്റി ഖുര്‍ആന്‍ പറയുന്നുണ്ടല്ലോ (75:2). കുറ്റബോധമില്ലാതാവുമ്പോള്‍ പാപങ്ങള്‍ പെരുകും. തിരുനബി(സ) പറഞ്ഞതുപോലെ, ഹൃദയത്തില്‍ കറുത്ത അടയാളങ്ങള്‍ കനം വെക്കും!

വലിയ തോട്ടങ്ങള്‍ നശിപ്പിക്കുന്നത്‌ വലിയ മൃഗങ്ങളല്ല. ചെറിയ കുറുനരികളാണ്‌. വമ്പന്‍ വീടുകളെപ്പോലും കേടുവരുത്താന്‍ ഇത്തിരിപ്പോന്ന ചിതലുകള്‍ക്ക്‌ കഴിയും. സൂക്ഷിക്കുക, നമ്മുടെ ഈമാനിനെ നശിപ്പിക്കുന്നത്‌ നാം അവഗണിച്ചുതള്ളുന്ന ചെറിയ ചെറിയ ദുശ്ശീലങ്ങളായിരിക്കും. അല്ലേ, ഓര്‍ത്തുനോക്കൂ!

സത്യപ്രബോധകന്റെ ഉപമ

അബൂമിഖ്‌ദാദ്‌    

അബൂമൂസല്‍ അശ്‌അരി(റ) പറയുന്നു: നബി(സ) പറഞ്ഞു: ``നിങ്ങളെ ആക്രമിക്കാന്‍ വരുന്ന സേനയെ ഞാന്‍ കണ്ടിരിക്കുന്നുവെന്ന്‌ ഒരാള്‍ തന്റെ ജനതയ്‌ക്ക്‌ മുന്നറിയിപ്പ്‌ നല്‌കി. നിങ്ങള്‍ രക്ഷപ്പെട്ടുകൊള്‍ക; അയാള്‍ ജനങ്ങളെ വിളിച്ചറിയിച്ചു. അയാളുടെ ജനതയില്‍ നിന്നൊരു വിഭാഗം അയാളെ അനുസരിക്കുകയും അന്നു രാത്രി തന്നെ സ്ഥലം വിടുകയും ചെയ്‌തു. അവര്‍ക്ക്‌ രക്ഷപ്പെടാന്‍ വേണ്ടത്ര സാവകാശം ലഭിക്കുകയും ചെയ്‌തു. വേറൊരു വിഭാഗം ജനങ്ങള്‍ മുന്നറിയിപ്പുകാരനെ അവിശ്വസിക്കുകയും അവിടെ തന്നെ തങ്ങുകയും ചെയ്‌തു. പ്രഭാതത്തില്‍ അവരെ സേന ആക്രമിക്കുകയും അവരൊന്നടങ്കം നശിക്കുകയും ചെയ്‌തു. എന്നെ അനുസരിക്കുകയും ഞാന്‍ കൊണ്ടുവന്നതിനെ പിന്തുടരുകയും ചെയ്‌തവന്റെയും, എന്നെയും ഞാന്‍ കൊണ്ടുവന്നതിനെയും നിഷേധിച്ചവന്റെയും ഉപമ ഇതുപോലെയാണ്‌.'' (ബുഖാരി, മുസ്‌ലിം)

ലോകം മുഴുവന്‍ നാശത്തിന്റെ പടുകുഴിയിലേക്ക്‌ ആപതിച്ചുകൊണ്ടിരുന്ന കാലത്താണ്‌ നബി(സ)യെ വിശുദ്ധ ഖുര്‍ആനുമായി അല്ലാഹു നിയോഗിച്ചത്‌. ആത്മീയവും ഭൗതികവുമായ നാശങ്ങളില്‍ നിന്ന്‌ മനുഷ്യനെ കരകയറ്റാനും ഭൗതിക-പാരത്രിക ജീവിതങ്ങളില്‍ സൗഭാഗ്യം കൈവരിക്കാനുള്ള വീഥിയിലേക്ക്‌ അവനെ നയിക്കാനുമാണ്‌ പ്രവാചകന്‍ പരിശ്രമിച്ചത്‌. തന്റെ ജനതയെ ആക്രമിക്കാന്‍ വരുന്ന സൈന്യത്തില്‍ നിന്ന്‌ രക്ഷപ്പെടാന്‍ അവരെ ഉപദേശിക്കുന്ന മുന്നറിയിപ്പുകാരനോടാണ്‌ നബി(സ) തന്നെ ഉപമിച്ചത്‌. തന്റെ ജനതയെ നാശത്തില്‍ നിന്ന്‌ രക്ഷിക്കാന്‍ ആത്മാര്‍ഥമായി ആഗ്രഹിച്ച അയാളെ ഒരു വിഭാഗം മനസ്സിലാക്കുകയും അവര്‍ രക്ഷ പ്രാപിക്കുകയും ചെയ്‌തു. ഇയാള്‍ തങ്ങള്‍ക്ക്‌ മുന്നറിയിപ്പ്‌ നല്‌കുന്നത്‌ തങ്ങളുടെ നന്മക്ക്‌ വേണ്ടിയാണെന്ന്‌ മറ്റൊരു വിഭാഗം മനസ്സിലാക്കിയില്ല. അവര്‍ മുന്നറിയിപ്പുകാരനെ അവഗണിക്കുകയും അയാളെ നിഷേധിക്കുകയും ചെയ്‌തു. ഫലമോ അവരെ ശത്രു സൈന്യം അക്രമിച്ച്‌ നശിപ്പിച്ചു.

നബി(സ)യുടെ ഉപമ ആത്മാര്‍ഥതയുള്ള മുന്നറിയിപ്പുകാരന്റേതാണ്‌. മുന്നറിയിപ്പുകാരന്‌ യാതൊരു സ്വാര്‍ഥതയും ഉണ്ടായിരുന്നില്ല. ജനതയുടെ രക്ഷയോര്‍ത്താണ്‌ ശത്രുസേനയെ കണ്ടമാത്രയില്‍ ഓടിക്കിതച്ചുകൊണ്ടാണയാള്‍ തന്റെ ജനങ്ങളുടെ സമീപമെത്തിയത്‌. പക്ഷേ എന്തുചെയ്യാം? ഒരു വിഭാഗം അദ്ദേഹത്തിന്റെ മുന്നറിയിപ്പ്‌ തള്ളിക്കളയുകയും തത്‌ഫലമായി നശിക്കുകയും ചെയ്‌തു. ദൈവികാജ്ഞകളില്‍ നിന്ന്‌ പിന്തിരിയുകയും യഥേഷ്‌ടം വിഹരിക്കുകയും ചെയ്യുന്നവര്‍ക്ക്‌ വരാനുള്ള തീരാനഷ്‌ടത്തെ സംബന്ധിച്ചും നരകശിക്ഷയെക്കുറിച്ചും നബി(സ) മുന്നറിയിപ്പ്‌ നല്‌കി. മനുഷ്യരിലെ ചിലരത്‌ സ്വീകരിച്ചുവെങ്കിലും മറ്റു പലരും അത്‌ തിരസ്‌ക്കരിക്കുകയാണ്‌ ചെയ്‌തത്‌. തത്‌ഫലമായി അവര്‍ സ്വയം നാശത്തിന്റെ പടുകുഴിയാണ്‌ തോണ്ടിയത്‌ എന്നു സാരം.

മറ്റൊരിക്കല്‍ പ്രവാചകന്‍ തന്റെയും പ്രബോധിതരുടെയും അവസ്ഥയെ മറ്റൊരു ഉപമയിലൂടെ വിശദീകരിച്ചത്‌ ഇപ്രകാരമാണ്‌: ``ഒരാള്‍ തീ കത്തിച്ചു. ചുറ്റുഭാഗത്തേക്കും അതിന്റെ പ്രകാശം പ്രസരിച്ചപ്പോള്‍ ധാരാളം പാറ്റകളും തീ കണ്ടാല്‍ അണയുന്ന കീടങ്ങളും ജീവികളും അവിടേക്ക്‌ പാറിവന്നു. അവ തീയില്‍ വീണു നശിച്ചുകൊണ്ടിരുന്നു. (ഇത്‌ കണ്ട്‌ ദുഃഖിച്ച) അയാള്‍ തീയില്‍ നിന്ന്‌ പ്രാണികളെ തടയാന്‍ ശ്രമിച്ചു. അവയാകട്ടെ അയാളുടെ മുകളിലൂടെ തീയില്‍ വീണുകൊണ്ടിരുന്നു. അതാണ്‌ എന്റെയും നിങ്ങളുടെയും ഉപമ. ഞാന്‍ നിങ്ങളെ നരകശിക്ഷയില്‍ നിന്ന്‌ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നു. നരകത്തില്‍ നിന്ന്‌ വിട്ടുനില്‌ക്കൂ, വിട്ടുനില്‌ക്കൂ എന്ന്‌ ഞാന്‍ നിങ്ങളെ ആഹ്വാനം ചെയ്യുന്നു. നിങ്ങളാകട്ടെ എന്നെ മറികടന്ന്‌ അതില്‍ ചെന്നു പതിക്കുകയും ചെയ്യുന്നു.'' (ബുഖാരി, മുസ്‌ലിം).

തന്റെ സഹജീവികള്‍ നാശത്തില്‍ പതിക്കുന്നതില്‍ നബി(സ)ക്കുണ്ടായിരുന്ന മനോവിഷമവും അവരുടെ ഐഹിക-പാരത്രിക വിജയത്തില്‍ അദ്ദേഹത്തിനുണ്ടായിരുന്ന അഭിവാഞ്‌ഛയും ഉപരിസൂചിത ഉപമകള്‍ അനാവരണം ചെയ്യുന്നു. ``അവര്‍ ഈ വൃത്താന്തത്തില്‍ വിശ്വസിക്കാത്തതു നിമിത്തമായുള്ള ദുഃഖത്താല്‍ താങ്കള്‍ അവരുടെ പിറകെ സ്വയം ജീവന്‍ അപകടപ്പെടുത്തിയേക്കാം'' (വി.ഖു.18:6) എന്ന വചനം ഇത്തരുണത്തില്‍ സ്‌മരണീയമാണ്‌.

നന്മ കല്‌പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്‌തുകൊണ്ട്‌ മനുഷ്യരെ ഐഹിക-പാരത്രിക സൗഭാഗ്യങ്ങളിലേക്ക്‌ വഴി നടത്തുന്നവനാണ്‌ പ്രബോധകന്‍. ജനങ്ങളുടെ നന്മയും വിജയവുമാണ്‌ അയാള്‍ ലക്ഷ്യമാക്കേണ്ടത്‌. അതിനാല്‍ രോഗിയെ പരിചരിക്കുന്ന ഭിഷഗ്വരനെപ്പോലെ അയാള്‍ പ്രബോധിതരോട്‌ ദീനാനുകമ്പയും സ്‌നേഹവും പ്രകടിപ്പിക്കുകയും അവരുടെ മോക്ഷത്തിനായി യത്‌നിക്കുകയും ചെയ്യേണ്ടതാണ്‌ എന്നെല്ലാം ഈ നബിവചനം നമ്മെ പഠിപ്പിക്കുന്നു.

ഈ നബിവചനം മറ്റൊരു കാര്യം കൂടി ഉണര്‍ത്തുന്നുണ്ട്‌: ജനങ്ങളുടെ മോക്ഷത്തില്‍ അതീവ തത്‌പരനായിരുന്ന നബി(സ)യുടെ സന്ദേശത്തെപ്പോലും തിരസ്‌കരിച്ച ഒരു പറ്റം മനുഷ്യര്‍ ഉണ്ടായിരുന്നു. അതിനാല്‍ പ്രബോധകന്‍ എത്ര തന്നെ പരിശ്രമിച്ചാലും സത്യം പുല്‍കുവാന്‍ തയ്യാറാവാത്ത ഇരുട്ടിന്റെ വക്താക്കള്‍ എവിടെയും ഉണ്ടായേക്കാവുന്നതാണ്‌. അവരുടെ സത്യനിഷേധം പ്രബോധകനെ ഒരിക്കലും നിരാശപ്പെടുത്തുകയോ വ്യാകുലനാക്കുകയോ ചെയ്യേണ്ടതില്ല.

മുരടിക്കുന്നവരോ പടരുന്നവരോ

അബ്‌ദുല്‍വദൂദ്‌                    

ബോണ്‍സായി വൃക്ഷങ്ങളെ ശ്രദ്ധിച്ചിട്ടുണ്ടോ? സ്വീകരണമുറിയില്‍ അലങ്കാര വസ്‌തുക്കളായി സൂക്ഷിക്കുന്ന ഇത്തരം വൃക്ഷങ്ങള്‍ അത്ഭുതകരമാണ്‌. മാവ്‌, പ്ലാവ്‌, ആല്‍മരം തുടങ്ങിയ ഏത്‌ വൃക്ഷമായാലും അതിന്റെ വളര്‍ച്ച പതിനഞ്ചോ പതിനെട്ടോ ഇഞ്ച്‌ മാത്രമായി പരിമിതപ്പെടുത്തി ഒരു ചട്ടിയില്‍ വളര്‍ത്തുന്നു. ചെറിയ വലുപ്പത്തില്‍ കുറിയ വൃക്ഷങ്ങളായി നില്‍ക്കുന്ന കാഴ്‌ച കൗതുകമുണര്‍ത്തുന്നതാണ്‌. വൃക്ഷത്തൈകളെപ്പോലെ തോന്നിക്കുന്ന ഇവ നിരവധി പ്രായമുള്ള മരങ്ങളാണ്‌. വൃക്ഷങ്ങളിലെ കുള്ളന്മാര്‍!

എങ്ങനെയാണ്‌ ഇവയുടെ വളര്‍ച്ച മുരടിക്കുന്നത്‌? ഏത്‌ വൃക്ഷത്തിന്റേതായാലും ഇളംതൈ ആയിരിക്കുമ്പോള്‍ പറിച്ചെടുത്ത്‌ തായ്‌വേരും പറ്റുവേരുകളും വെട്ടിമുറിക്കുന്നു. അതോടെ അതിന്റെ വളര്‍ച്ച നിയന്ത്രിക്കപ്പെടുന്നു!
ഭീമാകാരമായി വളര്‍ന്നു പന്തലിക്കുന്ന മരങ്ങളും ലോകത്തുണ്ട്‌. സെക്കോഇയാ വൃക്ഷങ്ങള്‍ 80 അടി ചുറ്റളവിലും 300 അടി ഉയരത്തിലും ഉയര്‍ന്നു പന്തലിക്കുന്ന വൃക്ഷമാണ്‌. അത്‌ മുറിച്ചെടുത്താല്‍ മുപ്പത്തഞ്ച്‌ മുറികള്‍ വീതമുള്ള പല വീടുകള്‍ക്ക്‌ ഫര്‍ണിച്ചറുകള്‍ പണിയാം. നോക്കൂ, ഈ വൃക്ഷത്തിന്റെയും തുടക്കം ബോണ്‍സായി വൃക്ഷത്തിന്റെ പോലെ ഒരു ചെറിയ വിത്തില്‍ നിന്നാണ്‌. പക്ഷേ, വളര്‍ച്ച മുരടിക്കാതെ സെക്കോഇയാ ആകാശത്തേക്ക്‌ ഉയര്‍ന്നുപടര്‍ന്നു!

വൃക്ഷങ്ങളെപ്പോലെയാണ്‌ വ്യക്തികളും. മുരടിക്കുന്നവരും പടരുന്നവരുമുണ്ട്‌. അവനവന്റെ ചെറിയ ചുറ്റളവില്‍ നിന്ന്‌ അന്യരുടെ ഹൃദയങ്ങളിലേക്ക്‌ പടരേണ്ടവരാണ്‌ സത്യവിശ്വാസികള്‍. സ്വാര്‍ഥതയുടെ അഴുക്ക്‌ കലരാതെ, ഒഴുകിക്കൊണ്ടേയിരിക്കേണ്ട തളിര്‍ജലമാണവര്‍. കെട്ടി നിന്നാല്‍ വെള്ളം ദുഷിക്കും. പരന്നൊഴുകുമ്പോഴാണ്‌ ശുദ്ധമാവുക!

അബൂമൂസല്‍ അശ്‌അരിയില്‍ നിന്ന്‌ ഉദ്ധരിക്കുന്ന ഒരു തിരുവചനമുണ്ട്‌. തിരുനബി ഇങ്ങനെ പറഞ്ഞു: ദാനം ചെയ്യല്‍ ഓരോ മുസ്‌ലിമിനും നിര്‍ബന്ധമാണ്‌. അശ്‌അരിയുടെ ചോദ്യം: ഒരാളുടെ കൈയില്‍ പണമില്ലെങ്കിലോ? തിരുനബി: അവന്‍ അധ്വാനിച്ച്‌ പണമുണ്ടാക്കുകയും സ്വയം ഉപയോഗിക്കുകയും ദരിദ്രര്‍ക്ക്‌ നല്‌കുകയും ചെയ്യട്ടെ. അതിനും കഴിയില്ലെങ്കിലോ? വിഷമാവസ്ഥയില്‍ കഴിയുന്ന ഏതെങ്കിലും പാവപ്പെട്ടവനെ സഹായിക്കട്ടെ. അതിനും കഴിഞ്ഞില്ലെങ്കിലോ? എങ്കില്‍ ജനങ്ങളോട്‌ നല്ലത്‌ പറയട്ടെ. അതിനും കഴിഞ്ഞില്ലെങ്കിലോ? എങ്കില്‍ ഇത്ര മതി, ആര്‍ക്കും ഉപദ്രവം ചെയ്യാതിരിക്കുക!

ആര്‍ക്കൊക്കെ എന്തെല്ലാം പരിമിതികളുണ്ടെങ്കിലും അടങ്ങിയിരിക്കാന്‍ അനുവദിക്കാതിരിക്കുകയാണ്‌ തിരുനബി ചെയ്യുന്നത്‌. ഉള്ളതുകൊണ്ട്‌ അന്യരിലേക്ക്‌ ഇറങ്ങിയേ മതിയാവൂ. സ്വന്തത്തിന്റെയും കുടുംബത്തിന്റെയും സുഖ സൗകര്യങ്ങളെപ്പറ്റി വേവലാതിപ്പെടാതെ, നമ്മുടെ വിജയത്തെക്കുറിച്ച്‌ വേവലാതിപ്പെടുക. വിജയം വരിക്കണമെങ്കില്‍ മറ്റുള്ളവരിലേക്ക്‌ ഇറങ്ങിയേ പറ്റൂ. സഹായങ്ങളുടെ വശങ്ങള്‍ വിശാലമാണ്‌. തിരുനബി ഇത്രവരെ പറഞ്ഞു: രണ്ടു പേര്‍ക്കിടയില്‍ നീതി കാണിക്കുന്നത്‌ പുണ്യമാണ്‌. നിങ്ങളുടെ വാഹനത്തില്‍ ഒരാളെ കയറ്റുകയോ അയാളുടെ ചുമട്‌ കയറ്റുകയോ ചെയ്യുന്നതും പുണ്യമാണ്‌. നല്ല വാക്ക്‌ പുണ്യമാണ്‌. നമസ്‌കാരത്തിന്നായുള്ള ഓരോ ചുവടും പുണ്യമാണ്‌. വഴിയില്‍ നിന്ന്‌ ഉപദ്രവങ്ങള്‍ നീക്കുന്നതും പുണ്യമാണ്‌.

``പില്‍ക്കാലക്കാര്‍ക്കിടയില്‍ എനിക്ക്‌ നീ സല്‍കീര്‍ത്തി ഉണ്ടാക്കേണമേ'' എന്ന്‌ ഇബ്‌റാഹീം നബി പ്രാര്‍ഥിക്കുന്നുണ്ട്‌. (വി. ഖു 26:84). സല്‍കീര്‍ത്തിയുടെ അടിസ്ഥാനം സല്‍വൃത്തികളാണ്‌. എത്ര ആയുഷ്‌കാലം ഇവിടെ കഴിഞ്ഞു എന്നതല്ല, ഉള്ള കാലം എന്തുചെയ്‌തു എന്നതാണ്‌ കാര്യം. ജീവിതമെന്ന ചെറിയ പ്രതിഭാസത്തെ വലിയ പ്രതിഭാസമാക്കുന്നത്‌ യഥാര്‍ഥത്തില്‍ സല്‍കര്‍മങ്ങളാണ്‌. കാലഭേദങ്ങളില്ലാതെ കായ്‌കനികള്‍ നല്‌കുന്ന നല്ലൊരു മരംപോലെയാണ്‌ നല്ല വചനത്തിന്റെ ഉപമ. (14:24,25).

നല്ല വചനം ഉള്‍ക്കൊണ്ടവനും ഇങ്ങനെയാകേണ്ടതാണ്‌. എപ്പോഴും എല്ലാവര്‍ക്കും വേണ്ടപ്പെട്ടവര്‍! വരാനിരിക്കുന്നത്‌ ജൂണ്‍ മാസമാണ്‌. സഹായങ്ങള്‍ പെരുകേണ്ട കാലം. ഓര്‍മയില്‍ ഇതൊക്കെ ഉണ്ടാകട്ടെ.
തീരത്തേക്ക്‌ അടിച്ചുവരുന്ന തിരമാലകളില്‍ പെട്ട്‌ കടല്‍ക്കരയില്‍ വന്നടിയുന്ന ചെറിയ മത്സ്യങ്ങളുണ്ട്‌. വെയിലേറ്റാല്‍ അവ ചൂടേറ്റ്‌ ചത്തുപോവും. പ്രഭാതസവാരിക്കിറങ്ങുന്ന ഒരാള്‍ സ്ഥിരമായി ഇവയെ കടലിലേക്കെറിഞ്ഞ്‌ രക്ഷപ്പെടുത്തുന്നു. ഇത്‌ കാണുന്ന ഒരാള്‍ ചോദിച്ചു: സുഹൃത്തേ എന്താണ്‌ നിങ്ങള്‍ ചെയ്യുന്നത്‌? നൂറുകണക്കിന്‌ മത്സ്യങ്ങളുണ്ട്‌ ഈ കടല്‍ക്കരയില്‍. ഇവയില്‍ എത്രയെണ്ണത്തെ നിങ്ങള്‍ക്ക്‌ രക്ഷിക്കാനാവും? എന്തു വ്യത്യാസം വരുത്താന്‍ കഴിയും? അയാള്‍ ഉത്തരമൊന്നും പറഞ്ഞില്ല. തന്റെ മുന്നില്‍ കണ്ട ഒരു മത്സ്യത്തെക്കൂടി കുനിഞ്ഞെടുത്ത്‌ കടലിലേക്കെറിഞ്ഞ്‌ ഇത്രമാത്രം പറഞ്ഞു: ഈയൊരു മത്സ്യത്തിനെങ്കിലും വലിയ വ്യത്യാസം വരുമല്ലോ!''

ഈ മനോഭാവമാണ്‌ നമ്മിലും വളരേണ്ടത്‌. വലിയ പ്രവര്‍ത്തനങ്ങള്‍ എന്നതിനെക്കാള്‍ മഹത്തരമായ പ്രവര്‍ത്തനങ്ങളാണ്‌ നമ്മിലുണ്ടാവേണ്ടത്‌. തിരുനബി ഉണര്‍ത്തുന്നു: ഒരു നന്മയെയും നീ നിസ്സാരമായി കാണരുത്‌. പുഞ്ചിരിയാല്‍ നിന്റെ സഹോദരനെ അഭിമുഖീകരിക്കുന്നതും പുണ്യമാണ്‌. നിന്റെ തൊപ്പിയിലെ വെള്ളം സഹോദരന്റെ പാത്രത്തില്‍ ഒഴിച്ചുകൊടുക്കുന്നതും പുണ്യമാണ്‌.
വളര്‍ച്ച മുരടിച്ച്‌ കുനിഞ്ഞുപോകാതെ, ചെറുതും വലുതുമായ നല്ല കര്‍മങ്ങളിലൂടെ വളര്‍ന്നു പന്തലിച്ച്‌ സകലരിലേക്കുമെത്തുക. നല്ല മരം എങ്ങോട്ടും നീങ്ങുന്നില്ല. അതിനെത്തേടി എല്ലാവരും ഇങ്ങോട്ടെത്തുന്നു. നാം കുറച്ചുകാലം ഇവിടെ ജീവിച്ചിരുന്നു എന്നതിനുള്ള തെളിവാണ്‌ നമ്മുടെ പ്രവര്‍ത്തികള്‍. നാളേക്കുള്ളതും മറ്റെന്താണ്‌?

കളിമണ്‍ പാത്രങ്ങള്‍ കത്തിനശിക്കാറില്ല!

അബ്‌ദുല്‍വദൂദ്‌       

തീപിടുത്തത്തില്‍ വീടും വീട്ടുപകരണങ്ങളുമെല്ലാം വെന്തെരിഞ്ഞാലും നിസ്സാരമായ കളിമണ്‍ പാത്രങ്ങള്‍ കത്തിനശിക്കില്ലെന്നു മാത്രമല്ല, കൂടുതല്‍ കരുത്ത്‌ നേടി ബാക്കിയാവും! കാരണം മറ്റൊന്നുമല്ല, അതിലേറെ വലിയ തീച്ചൂളയില്‍ നിന്നാണ്‌ അവയുണ്ടായത്‌. വെന്ത്‌ വെണ്ണീരാകാത്ത ഉള്‍ക്കരുത്ത്‌ കളിമണ്‍ പാത്രം കൈവരിച്ചത്‌ ചുട്ടുപൊള്ളുന്ന അഗ്നി കുണ്‌ഠത്തില്‍ നിന്നാണ്‌.

ജീവിതത്തിലെ കരുത്താണ്‌ ദുഃഖാനുഭവങ്ങള്‍. പ്രതിസന്ധികളുടെ എത്ര വലിയ പെരുംകാറ്റിലും ഉലഞ്ഞുപോകാത്ത ഉറപ്പുനല്‌കുന്നത്‌ മുമ്പ്‌ അനുഭവിച്ച ചെറുതോ വലുതോ ആയ പ്രതിസന്ധികളാണ്‌. വാഹനത്തിന്റെ വലതുഭാഗത്തൊരു കണ്ണാടി എന്തിനാണ്‌? പുറകിലെ കാഴ്‌ചകള്‍ കാണാന്‍! പുറകിലെ കാഴ്‌ചകള്‍ ഭംഗിയായി കാണുമ്പോഴേ മുന്നോട്ടുള്ള യാത്ര സുഖകരമാകൂ. കഴിഞ്ഞകാലത്തെ കണ്ണീര്‍കാഴ്‌ചകള്‍ ഈ കാലത്തെ ശക്തിയാണ്‌; ഇന്നനുഭവിക്കുന്ന സങ്കടങ്ങള്‍ നാളേക്കുള്ള ശക്തിസംഭരണമാണ്‌. സഹിക്കാവുന്നത്ര ജീവിതദുഖങ്ങള്‍ സഹിച്ചവരാണ്‌ തിരുനബി(സ)യുടെ ആദ്യകാല സ്വഹാബികള്‍. പിന്നീടവര്‍ക്ക്‌ മെച്ചപ്പെട്ട അവസ്ഥ അല്ലാഹു നല്‌കി. എന്നിട്ടിങ്ങനെ ഉണര്‍ത്തി:

``അക്രമത്തിന്‌ വിധേയരായതിന്‌ ശേഷം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സ്വദേശം വെടിഞ്ഞവരാരോ, അവര്‍ക്ക്‌ ഇഹലോകത്ത്‌ നാം നല്ല താമസസൗകര്യം ഏര്‍പ്പെടുത്തിക്കൊടുക്കുക തന്നെ ചെയ്യും. എന്നാല്‍ പരലോകത്തെ പ്രതിഫലം തന്നെയാകുന്നു ഏറ്റവും മഹത്തായത്‌. അവര്‍ അറിഞ്ഞിരുന്നെങ്കില്‍! ക്ഷമിക്കുകയും തങ്ങളുടെ രക്ഷിതാവിന്റെ മേല്‍ ഭരമേല്‌പിക്കുകയും ചെയ്‌തവരത്രെ അവര്‍.'' (16:41,42)

സര്‍ക്കസ്‌ കാണിക്കുന്ന ചെറിയ കുട്ടികളെ നോക്കൂ. വലിച്ചുകെട്ടിയ നേരിയ കമ്പിയില്‍ കൂടി അവര്‍ അനായാസം നടന്നു നീങ്ങുന്നു. അവരുടെ തോളില്‍ ഒരു നീണ്ട മുളംകമ്പ്‌ വിലങ്ങനെ വഹിക്കുന്നുണ്ട്‌. അതവര്‍ക്കൊരു ഭാരമേ അല്ല. സഹായമാണ്‌. ബാലന്‍സ്‌ നിലനിര്‍ത്താനാണത്‌. ജീവിതത്തിന്റെ ബാലന്‍സ്‌ നിലനിര്‍ത്താന്‍ നമുക്കും ചില ഭാരങ്ങള്‍ കരുണാവാരിധിയായ അല്ലാഹു നല്‌കുന്നുവെന്നേയുള്ളൂ! ജീവിത യാഥാര്‍ഥ്യങ്ങളില്‍ നിന്ന്‌ ഒളിച്ചോടുന്നവര്‍ക്ക്‌ പരാജയങ്ങളേ പകരം കിട്ടൂ. യാഥാര്‍ഥ്യബോധത്തോടെ അവയെ നേരിടുകയാണ്‌ വിജയത്തിന്റെ വഴി. യഅ്‌ഖൂബ്‌ നബി(അ) മക്കളോട്‌ സംസാരിക്കുന്നത്‌ ഈ യാഥാര്‍ഥ്യബോധത്തോടെയാണ്‌:

``എന്റെ മക്കളേ, അല്ലാഹുവിങ്കല്‍ നിന്നുണ്ടാകുന്ന യാതൊന്നും നിങ്ങളില്‍ നിന്ന്‌ തടുക്കുവാന്‍ എനിക്കാവില്ല. വിധിയുടെ തീരുമാനം അല്ലാഹുവിനു മാത്രമാകുന്നു. അവന്റെ മേല്‍ ഞാന്‍ ഭരമേല്‌പിച്ചിരിക്കുന്നു.'' (12:67)
നമുക്ക്‌ അനിഷ്‌ടകരമാണെങ്കിലും ചിലതെല്ലാം അല്ലാഹു നമ്മെ അനുഭവിപ്പിച്ചുകൊണ്ടിരിക്കും. ഇഷ്‌ടകരമെങ്കിലും ചിലതൊന്നും തരാതെയുമിരിക്കും. കയ്‌പും ചവര്‍പ്പുമുള്ള പല മരുന്നുകളും അനിഷ്‌ടത്തോടെയാണെങ്കിലും ഉപയോഗിക്കുന്നവരാണല്ലോ നാം. അതുകൊണ്ട്‌ രോഗം മാറുമെങ്കില്‍ നാമതിന്‌ തയ്യാറാണ്‌! ശക്തിയും മൂര്‍ച്ചയുമുള്ള കത്തി ചോദിച്ച്‌ കുട്ടി എത്ര കരഞ്ഞാലും നാമത്‌ കൊടുക്കാറില്ല.
കാരണം, അത്‌ അപകടമാണെന്ന്‌ നമുക്കേ അറിയൂ. നമ്മുടെ കാര്യത്തിലുള്ള
അല്ലാഹുവിന്റെ തീരുമാനങ്ങളും ഇങ്ങനെയൊക്കെയാണ്‌.

കയ്‌പുള്ളതാണെങ്കിലും ചിലതൊക്കെ തരും, ഇഷ്‌ടമുള്ളതാണെങ്കിലും ചിലതൊന്നും തരില്ല. അയ്യൂബ്‌ നബി(അ)യുടെ ചരിത്രം ബൈബിളില്‍ വിശദമായുണ്ട്‌. ഏഴായിരം ആടുകളും അഞ്ഞൂറു കാളകളും അഞ്ഞൂറ്‌ പെണ്‍കഴുതകളും ധാരാളം ദാസീദാസന്മാരും ഉണ്ടായിരുന്ന വലിയ സമ്പന്നന്‍. മക്കളും ആടുമാടുകളും അപഹരിക്കപ്പെട്ടു. കൊടുങ്കാറ്റടിച്ച്‌ വീടും കുടുംബവും നഷ്‌ടപ്പെട്ടു. ഈ വാര്‍ത്തയറിഞ്ഞ അയ്യൂബ്‌ (അയ്യൂബ്‌ നബി) തല മുണ്ഡനം ചെയ്‌ത്‌ പ്രാര്‍ഥിച്ചത്‌ ഇങ്ങനെ: അമ്മയുടെ ഉദരത്തില്‍ നിന്ന്‌ നഗ്‌നനായി ഞാന്‍ വന്നു. നഗ്‌നനായി തന്നെ പിന്‍വാങ്ങും. ദൈവം തന്നു, ദൈവം എടുത്തു. അവിടുത്തെ നാമം മഹത്വപ്പെടട്ടെ.'' (ഈയോബ്‌ 23-24)

അല്ലാഹുവിന്റെ കാരുണ്യത്തിലുള്ള പ്രതീക്ഷ കൈവിടാതിരുന്ന അയ്യൂബ്‌ നബിയുടെ സംഭവകഥ പറഞ്ഞശേഷം അല്ലാഹു പറയുന്നതിങ്ങനെ: ``അപ്പോള്‍ അദ്ദേഹത്തിന്‌ നാം ഉത്തരം നല്‌കുകയും അദ്ദേഹത്തിന്‌ നേരിട്ട കഷ്‌ടപ്പാട്‌ നാം അകറ്റിക്കളയുകയും ചെയ്‌തു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും അത്രയും പേരെ വേറെയും നാം നല്‌കുകയും ചെയ്‌തു. നമ്മുടെ പക്കല്‍ നിന്നുള്ള കാരുണ്യമാണത്‌....'' (21:83,84) ``തീര്‍ച്ചയായും അദ്ദേഹത്തെ നാം ക്ഷമാശീലനായി കണ്ടു, നല്ല ദാസന്‍!'' (38:43)
സംതൃപ്‌തവും സന്തുഷ്‌ടവുമായ ഹൃദയം കൈവരാനുള്ള മാര്‍ഗങ്ങള്‍:

l നേട്ടങ്ങളുടെ കണക്കെടുക്കുകയും അതില്‍ സന്തോഷിക്കുകയും ചെയ്യുക.
l അമിതമായ ആഗ്രഹങ്ങള്‍ ഉണ്ടാവാതെ, മനസ്സിനെ നിയന്ത്രിക്കുകയും എന്നാല്‍ വലിയ ലക്ഷ്യങ്ങളെ മുന്നില്‍ കണ്ട്‌
അധ്വാനിക്കുകയും ചെയ്യുക.
l പരാതികളില്ലാതെ ജീവിക്കുക. വികലമായ മനസ്സ്‌ രൂപപ്പെടാതിരിക്കാനുള്ള വഴിയാണത്‌.
l നിസ്സാരമെന്ന്‌ തോന്നുന്ന അനുഗ്രഹങ്ങള്‍ക്കു മുകളില്‍ അല്ലാഹുവിനെ ധാരാളമായി സ്‌തുതിക്കുക.
നമ്മോട്‌ ഏറ്റവും സ്‌നേഹമുള്ളത്‌ അല്ലാഹുവിന്നാണ്‌. വിശദമാക്കാനാവാത്ത അത്രയും വിശാലമായ സ്‌നേഹം! എല്ലാ വാതിലുകളും അടക്കപ്പെട്ടതായി തോന്നുമ്പോള്‍ അവന്‍ നമുക്കു വേണ്ടി ഒരു ജനല്‍ തുറന്നുവെച്ചിരിക്കും. അടക്കപ്പെട്ട വാതിലില്‍ തുടര്‍ച്ചയായി മുട്ടി വിഷമിക്കേണ്ടതില്ല. തുറന്നുകിടക്കുന്ന ജനലില്‍ കൂടി രക്ഷപ്പെടുക!
``ആര്‍ അല്ലാഹുവിനെ സൂക്ഷിക്കുന്നുവോ, അവര്‍ക്കൊരു പോംവഴി അവന്‍ നല്‌കും.'' (65:2)

പ്രത്യാശയുടെ ചിറകാണ്‌ അല്ലാഹുവിലുള്ള വിശ്വാസം. ആ ചിറകുമായി പ്രതിസന്ധികള്‍ക്കു മേല്‍ പറന്നുയരുക! കത്തിയാളുന്ന പ്രയാസങ്ങള്‍ക്കിടയില്‍ കരുത്ത്‌ കൈവരിക്കുന്ന കളിമണ്‍ പാത്രങ്ങളാകാന്‍ അപ്പോള്‍ നമുക്കും സാധിക്കും. റോസാ ചെടികള്‍ക്കൊപ്പം നില്‍ക്കുന്ന മുള്ളുകളെയല്ല, മുള്ളുകള്‍ക്കു മുകളില്‍ പുഞ്ചിരിച്ചു നില്‍ക്കുന്ന റോസാപ്പൂവിനെ കണ്ണുനിറയെ കാണുക; ഹായ്‌ എന്തു രസം!!

സ്‌നേഹത്തിന്റെയും സംതൃപ്‌തിയുടെയും പാരസ്‌പര്യം

അല്ലാഹുവെ അത്യധികം ഭയപ്പെടേണ്ടതാണ്‌ എന്ന ആശയം ഭക്തരായ മുസ്‌ലിംകളുടെയെല്ലാം മനസ്സുകളെ ഗണ്യമായി സ്വാധീനിച്ചിട്ടുണ്ട്‌. അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്ന്‌ പല ഖുര്‍ആന്‍ സൂക്തങ്ങളിലും വ്യക്തമാക്കിയിട്ടുള്ളതുകൊണ്ടും, മനുഷ്യരെ ഭയപ്പെടാതെ അല്ലാഹുവെ ഭയപ്പെടണമെന്ന്‌ ഖുര്‍ആനില്‍ (5:44) ആഹ്വാനം ചെയ്‌തിട്ടുള്ളതു കൊണ്ടും അല്ലാഹുവെ സംബന്ധിച്ച ഭയം വിശ്വാസികളുടെ മനസ്സില്‍ നിന്ന്‌ വിട്ടുപോകാന്‍ പാടില്ല. ഇതുപോലെ തന്നെ വിശുദ്ധ ഖുര്‍ആനില്‍ വ്യക്തമാക്കപ്പെട്ടിട്ടുള്ള കാര്യമാണ്‌ സത്യവിശ്വാസികള്‍ അല്ലാഹുവോട്‌ അത്യധികം സ്‌നേഹമുള്ളവരായിരിക്കണം എന്നത്‌. അല്ലാഹുവോടുള്ളത്രയോ അതിലേറെയോ സ്‌നേഹം മറ്റാരോടും ഉണ്ടാകാന്‍ പാടില്ലെന്നതും.
``അല്ലാഹുവിന്‌ പുറമെയുള്ളവരെ അവന്‌ സമന്മാരാക്കുന്ന ചില ആളുകളുണ്ട്‌. അല്ലാഹുവെ സ്‌നേഹിക്കുന്നതുപോലെ ഈ ആളുകള്‍ അവരെയും സ്‌നേഹിക്കുന്നു. എന്നാല്‍ സത്യവിശ്വാസികള്‍ അല്ലാഹുവോട്‌ അതിശക്തമായ സ്‌നേഹമുള്ളവരത്രെ'' (വി.ഖു 2:165). ``സത്യവിശ്വാസികളേ, നിങ്ങളില്‍ ആരെങ്കിലും തന്റെ മതത്തില്‍ നിന്ന്‌ പിന്തിരിഞ്ഞു കളയുന്നപക്ഷം അല്ലാഹു സ്‌നേഹിക്കുന്നവരും അല്ലാഹുവെ സ്‌നേഹിക്കുന്നവരുമായ ഒരു ജനവിഭാഗത്തെ അല്ലാഹു പകരം കൊണ്ടുവരുന്നതാണ്‌.'' (വി.ഖു 5:54). 9:24 സൂക്തത്തില്‍ മാതാപിതാക്കളും മക്കളും ഉള്‍പ്പെടെ മനുഷ്യര്‍ ഏറെ സ്‌നേഹിക്കുന്ന പലതും എടുത്തുപറഞ്ഞശേഷം അതൊന്നും അല്ലാഹുവെക്കാള്‍ പ്രിയപ്പെട്ടതാകാന്‍ പാടില്ലെന്ന്‌ പഠിപ്പിക്കുന്നു.
മറ്റാരെക്കാളും ഉപരിയായി അല്ലാഹുവെ സ്‌നേഹിക്കണമെന്ന്‌ പറയുന്നതിന്റെ കാരണങ്ങള്‍ അനേകം ഖുര്‍ആന്‍ സൂക്തങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. അല്ലാഹു മനുഷ്യരെ അത്യധികം സ്‌നേഹിക്കുന്നു എന്നതു തന്നെയാണ്‌ ഒരു കാരണം. അവന്‍ കരുണാനിധിയും അത്യധികം സ്‌നേഹിക്കുന്നവനുമാണെന്ന്‌ 11:90 സൂക്തത്തിലും അവന്‍ ഏറെ പൊറുക്കുന്നവനും അത്യധികം സ്‌നേഹമുള്ളവനുമാണെന്ന്‌ 85:14 സൂക്തത്തിലും വ്യക്തമാക്കിയിരിക്കുന്നു. അല്ലാഹുവിന്റെ സ്‌നേഹം അവന്റെ അപാരമായ അനുഗ്രഹങ്ങളിലൂടെയാണ്‌ പ്രകടമാകുന്നത്‌. അല്ലാഹുവിന്റെ അനുഗ്രഹം നിങ്ങള്‍ എണ്ണുകയാണെങ്കില്‍ നിങ്ങള്‍ക്കത്‌ തിട്ടപ്പെടുത്താന്‍ കഴിയില്ലെന്ന്‌ 14:34, 16:18 എന്നീ സൂക്തങ്ങളില്‍ പ്രസ്‌താവിച്ചിരിക്കുന്നു. ആകാശ ഗോളങ്ങളിലും ഭൂമിയിലും അല്ലാഹു സൃഷ്‌ടിച്ചു സംവിധാനിച്ച അസംഖ്യം വസ്‌തുക്കളും വസ്‌തുതകളുമാണ്‌ നമ്മുടെ നിലനില്‌പിനും സുസ്ഥിതിക്കും നിദാനം. അവയില്‍ പലതിനെയും വിവിധ ഖുര്‍ആന്‍ സൂക്തങ്ങളില്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്‌. അത്യധികം സ്‌നേഹം നല്‍കുന്നവനെ അതിയായി സ്‌നേഹിക്കുക എന്നത്‌ ശരിയായ മാനവിക ധര്‍മമാകുന്നു.
സകല ജീവികളിലും സ്‌നേഹമെന്ന വികാരം സന്നിവേശിപ്പിച്ച സ്‌നേഹദാതാവാണ്‌ അല്ലാഹു. സഹജവാസനയായി ജന്തുപ്രകൃതിയില്‍ അല്ലാഹു സ്‌നേഹം സന്നിവേശിപ്പിച്ചതുകൊണ്ടാണ്‌ ജീവികളിലെ ഇണകള്‍ പരസ്‌പരം സ്‌നേഹിക്കുന്നത്‌. തള്ളകള്‍ കുഞ്ഞുങ്ങളോട്‌ വാല്‍സല്യം കാണിക്കുന്നതും. വിശേഷബുദ്ധിയുള്ള മനുഷ്യനെ സംബന്ധിച്ചേടത്തോളം സ്‌നേഹത്തിന്റെ പാരസ്‌പര്യം കൂടുതല്‍ മൂല്യവത്താകുന്നു. മനുഷ്യന്റെ വ്യക്തിത്വവികസനത്തില്‍ സ്‌നേഹത്തിന്‌ അനിതരമായ പങ്ക്‌ വഹിക്കാനുണ്ട്‌. മാതാപിതാക്കളില്‍ നിന്നും ജീവിതപങ്കാളിയില്‍ നിന്നും നിര്‍ലോഭമായ സ്‌നേഹം ലഭിച്ച ഒരു സ്‌ത്രീക്ക്‌ തന്റെ സന്തതികളിലേക്ക്‌ കലവറയില്ലാതെ സ്‌നേഹം സംക്രമിപ്പിക്കാന്‍ കഴിയും. മാതാപിതാക്കളുടെ സ്‌നേഹപരിലാളനകളേറ്റു വളരുന്ന സന്തതികള്‍ എല്ലാവരോടുംസ്‌നേഹപൂര്‍വം പെരുമാറുന്ന ലക്ഷണമൊത്ത വ്യക്തികളായിത്തീരുമെന്നാണ്‌ അനുഭവം. സ്‌നേഹം പങ്കിട്ടുകൊണ്ട്‌ ബന്ധങ്ങള്‍ക്ക്‌ സ്‌നിഗ്‌ധതയേകുന്ന വ്യക്തികള്‍ സമൂഹത്തെ സംഘര്‍ഷങ്ങളില്‍ നിന്നും കാലുഷ്യങ്ങളില്‍ നിന്നും മുക്തമാക്കുന്നു.
സ്‌നേഹനിര്‍ഭരമായ ഇടപഴകല്‍ സമാധാനത്തിനും സംതൃപ്‌തിക്കും വഴിയൊരുക്കുന്നു. സ്‌നേഹദാരിദ്ര്യം അനുഭവിക്കുന്നേടത്ത്‌ ശാന്തിയും സ്വാസ്ഥ്യവും സ്ഥാപിക്കുക അസാധ്യമായിരിക്കും. കുടുംബസൗഖ്യത്തിന്‌ ദൈവദത്തമായ സ്‌നേഹം, കാരുണ്യം എന്നീ വികാരങ്ങള്‍ നിര്‍ണായകമാണെന്ന്‌ വിശുദ്ധ ഖുര്‍ആന്‍ സൂചിപ്പിക്കുന്നുണ്ട്‌. ``നിങ്ങള്‍ക്ക്‌ സമാധാനപൂര്‍വം ഒത്തുചേരേണ്ടതിന്നായി നിങ്ങളില്‍ നിന്ന്‌ തന്നെ നിങ്ങള്‍ക്ക്‌ ഇണകളെ സൃഷ്‌ടിക്കുകയും നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്‌തതും അവന്റെ ദൃഷ്‌ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക്‌ ദൃഷ്‌ടാന്തങ്ങളുണ്ട്‌''(30:21).

അല്ലാഹു മനുഷ്യപ്രകൃതിയില്‍ സന്നിവേശിപ്പിച്ച സ്‌നേഹം, കാരുണ്യം എന്നീ വികാരങ്ങളാണ്‌ കുടുംബജീവിതത്തിലെ സമാധാനത്തിനും സംതൃപ്‌തിക്കും നിദാനമെങ്കിലും സ്‌നേഹത്തിന്‌ വിരുദ്ധമായ വികാരങ്ങളെ സ്വയം നിയന്ത്രിക്കാന്‍ സാധിക്കുന്നവര്‍ക്ക്‌ മാത്രമേ കലവറയില്ലാത്ത സ്‌നേഹത്തിന്റെ ആദാനപ്രദാനങ്ങളിലൂടെ തികഞ്ഞ സമാധാനവും സംതൃപ്‌തിയും കൈവരിക്കാന്‍ കഴിയൂ.
അല്ലാഹുവെ അത്യധികം സ്‌നേഹിക്കുന്ന യഥാര്‍ഥ വിശ്വാസികള്‍ക്ക്‌ അല്ലാഹു സ്‌നേഹപൂര്‍വം സൃഷ്‌ടിച്ച സഹജീവികളെ സ്‌നേഹിക്കാതിരിക്കാന്‍ പറ്റില്ല. മനുഷ്യരിലും ജീവജാലങ്ങളിലും അല്ലാഹു സ്‌നേഹം സന്നിവേശിപ്പിച്ചതുകൊണ്ടാണ്‌ നമുക്ക്‌ ഇവിടെ സ്‌നേഹം ലഭിക്കുന്നത്‌. അതിനു പുറമെ സത്യവിശ്വാസികളും സല്‍കര്‍മകാരികളുമായിട്ടുള്ളവര്‍ക്ക്‌ പരമ കാരുണികനായ അല്ലാഹു പ്രത്യേകമായി സ്‌നേഹം ലഭ്യമാക്കുമെന്ന്‌ വിശുദ്ധ ഖുര്‍ആനില്‍ (19:96) പ്രത്യേകം വാഗ്‌ദാനം ചെയ്‌തിട്ടുമുണ്ട്‌. എന്നിട്ടും മുസ്‌ലിംകളില്‍ പലരുടെയും മനസ്സില്‍ സ്‌നേഹമല്ല അതിനെ നിഷ്‌പ്രഭമാക്കുന്ന വിദ്വേഷം, വൈരാഗ്യം, അസൂയ, മാത്സര്യം പോലുള്ള ദുര്‍വികാരങ്ങളാണ്‌ തെളിഞ്ഞുനില്‍ക്കുന്നത്‌.

അല്ലാഹുവിന്റെ സ്‌നേഹത്തണലില്‍ ജീവിക്കുന്ന സഹജീവികളോട്‌ പക വെച്ചു പുലര്‍ത്തുന്നത്‌ ഒരുതരത്തില്‍ അല്ലാഹുവോട്‌ തന്നെ വെറുപ്പ്‌ പ്രകടിപ്പിക്കലാണെന്ന യാഥാര്‍ഥ്യം ദുര്‍വികാരങ്ങളുടെ ദുസ്സ്വാധീനത്താല്‍ അവര്‍ വിസ്‌മരിച്ചുപോവുകയാണ്‌. അല്ലാഹുവിന്റെ പരമമായ സ്‌നേഹത്തെയും വിശ്വാസികള്‍ക്ക്‌ അവനോടുണ്ടാണ്ടായിരിക്കേണ്ട അതിശക്തമായ സ്‌നേഹത്തെയും സംബന്ധിച്ച ഖുര്‍ആനിക ആശയം പല വിശ്വാസികളുടെയും ഉള്ളില്‍ തട്ടിയിട്ടില്ല എന്നതാണ്‌ ഈ സ്ഥിതിവിശേഷത്തിന്‌ കാരണം. ചില പ്രബോധകര്‍ സ്‌നേഹമെന്ന സദ്‌വികാരത്തിന്‌ യാതൊരു ഊന്നലും നല്‍കുന്നേയില്ല. കര്‍മശാസ്‌ത്രപരമായ വിശദാംശങ്ങളില്‍ വിയോജിക്കുന്നവരെപ്പോലും വെറുക്കേണ്ടത്‌ ആദര്‍ശവ്യതിരിക്തതയുടെ താല്‍പര്യമാണെന്നാണ്‌ ചിലര്‍ പ്രചരിപ്പിക്കുന്നത്‌.
നിഷേധാത്മകമായി ചിന്തിക്കുന്നവര്‍ക്ക്‌ ആരെയും വെറുക്കാന്‍ ചില കാരണങ്ങളുണ്ടാകും. രചനാത്മകമായി ചിന്തിക്കുന്നവര്‍ക്കാകട്ടെ എല്ലാവരെയും സ്‌നേഹിക്കാന്‍ അതിലേറെ കാരണങ്ങളുണ്ടാകും. പിതാവ്‌ തന്റെ ഒരാവശ്യം നിറവേറ്റിക്കൊടുക്കാത്തതിന്റെ പേരില്‍ അദ്ദേഹത്തെ വെറുക്കുന്ന മകനെക്കുറിച്ച്‌ ആലോചിച്ചുനോക്കൂ. പോസിറ്റീവായി ചിന്തിക്കാന്‍ തയ്യാറായാല്‍ പിതാവ്‌ ചെയ്‌ത ആയിരക്കണക്കില്‍ ഉപകാരങ്ങള്‍ അവന്‌ അനുസ്‌മരിക്കാനുണ്ടാകും. സ്‌നേഹിക്കാനുള്ള ആ ന്യായങ്ങളൊക്കെ വിസ്‌മരിച്ചുകൊണ്ടോ അവഗണിച്ചുകൊണ്ടോ ആണ്‌ അവന്‍ പിതാവിനെ വെറുക്കുന്നത്‌. ഒരു വേദനയുടെയോ ഒരു രോഗത്തിന്റെയോ പേരില്‍ ചിലര്‍ പടച്ചവനെ വെറുക്കുന്നതും ഇതുപോലെ തന്നെ. ആദര്‍ശവിശകലനത്തില്‍ സ്രഷ്‌ടാവും സൃഷ്‌ടികളും തമ്മിലും സൃഷ്‌ടികള്‍ അന്യോന്യവുമുള്ള സ്‌നേഹത്തിന്റെ പാരസ്‌പര്യത്തിന്‌ വലിയ ഊന്നല്‍ നല്‍കിയാലേ വിശ്വാസികളുടെ മനസ്സ്‌ വെറുപ്പിന്റെ ആധിപത്യത്തില്‍ നിന്ന്‌ മോചിതമാകൂ. അല്ലാഹുവെ അതിശക്തമായി സ്‌നേഹിക്കാന്‍ കഴിഞ്ഞാല്‍ അവന്റെ വിധിവിലക്കുകള്‍ അവന്റെ പരമമായ സ്‌നേഹത്തിന്റെ താല്‍പര്യമാണെന്ന്‌ ബോധ്യമാകും. മനുഷ്യര്‍ക്ക്‌ ആത്യന്തികമായി ഗുണമുണ്ടാക്കുന്ന കാര്യങ്ങള്‍ മാത്രമേ സ്‌നേഹനിധിയായ രക്ഷിതാവ്‌ കല്‍പിക്കുകയുള്ളൂ. യഥാര്‍ഥത്തില്‍ പ്രത്യക്ഷമോ പരോക്ഷമോ ആയ തിന്മ അടങ്ങിയ കാര്യങ്ങള്‍ മാത്രമേ അവന്‍ നിരോധിക്കുകയുള്ളൂ.
അല്ലാഹുവെ അതിരറ്റു സ്‌നേഹിക്കുന്നുവെന്നോ പ്രേമിക്കുന്നുവെന്നോ അവകാശപ്പെടുന്ന സൂഫി ത്വരീഖത്തുകാര്‍ക്ക്‌ പറ്റിയ തെറ്റ്‌, മനുഷ്യരോട്‌ അത്യന്തം സ്‌നേഹമുള്ള അല്ലാഹു അവരുടെ സര്‍വതോന്മുഖമായ നേട്ടത്തിനും വിജയത്തിനും വേണ്ടി നല്‍കിയ നിയമസംഹിതയെ അവഗണിച്ചു സ്വന്തമായി മോക്ഷമാര്‍ഗം ആവിഷ്‌കരിച്ചുവെന്നതാണ്‌. മുഹമ്മദ്‌ നബി(സ) അല്ലാഹുവിന്റെ നിര്‍ദേശപ്രകാരം ആജ്ഞാപിച്ചതെല്ലാം നല്ല കാര്യങ്ങളാണെന്നും ചീത്തകാര്യങ്ങള്‍ മാത്രമേ അദ്ദേഹം വിലക്കിയിട്ടുള്ളൂവെന്നും വിശുദ്ധ ഖുര്‍ആനിലെ 7:157 സൂക്തത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. അല്ലാഹുവെ അതിയായി സ്‌നേഹിക്കുന്നതിന്റെ അനിവാര്യതാല്‍പര്യമാണ്‌ അവന്റെ ഗുണകാംക്ഷാനിര്‍ഭരമായ നിയമത്തെ പൂര്‍ണമനസ്സോടെ സ്വീകരിക്കുക എന്നത്‌.
അല്ലാഹുവെയും അവന്‍ സ്‌നേഹപൂര്‍വം പരിപാലിക്കുന്ന സൃഷ്‌ടികളെയും കലവറയില്ലാതെ സ്‌നേഹിക്കാന്‍ നമുക്ക്‌ കഴിഞ്ഞാല്‍ നമ്മുടെ മനസ്സില്‍ സമാധാനവും സംതൃപ്‌തിയും നിറയും. അശാന്തിയും അസന്തുഷ്‌ടിയും നീങ്ങും. സ്‌നേഹനിധിയായ രക്ഷിതാവിങ്കലേക്ക്‌ മനുഷ്യന്‍ തിരിച്ചുപോകേണ്ടത്‌ മനസ്സില്‍ സമാധാനവും സംതൃപ്‌തിയും നിറഞ്ഞ നിലയിലാണ്‌. ``ഹേ, സമാധാനമടഞ്ഞ ആത്മാവേ, നീ നിന്റെ രക്ഷിതാവിങ്കലേക്ക്‌ സംതൃപ്‌തമായും സംപ്രീതമായും മടങ്ങിക്കൊള്ളുക. എന്നിട്ട്‌ എന്റെ അടിയന്മാരുടെ കൂട്ടത്തില്‍ പ്രവേശിച്ചുകൊള്ളുക. എന്റെ സ്വര്‍ഗത്തില്‍ പ്രവേശിച്ചുകൊള്ളുക.'' (വി.ഖു 89:27-30)

ഇതാ, ഇതാണ്‌ മഹത്വം!

അബ്‌ദുല്‍വദൂദ്‌       

വിതച്ചെലവ്‌ അമിതമായി കുതിച്ചുയര്‍ന്നപ്പോള്‍ ഖലീഫ ഉമര്‍(റ) ഉദ്യോഗസ്ഥരുടെ ശമ്പളം വര്‍ധിപ്പിച്ചുകൊണ്ട്‌ ഉത്തരവിറക്കി. ജീവനക്കാര്‍ക്കെല്ലാം അതൊരാശ്വാസമായി, എന്നാല്‍ ഖലീഫയുടെ ശമ്പളം മാത്രം അദ്ദേഹം വര്‍ധിപ്പിച്ചില്ല.
ഖലീഫയാകുന്നതിനു മുമ്പ്‌ കച്ചവടമായിരുന്നു ഉമറിന്റെ ജീവിതമാര്‍ഗം. സാമാന്യം നല്ല രീതിയില്‍ കുടുംബം പുലര്‍ന്നുപോന്നു. ഖലീഫയായ ശേഷം അധികകാലം കച്ചവടം തുടരാന്‍ കഴിഞ്ഞില്ല. പൊതുസ്വത്തില്‍ നിന്നുള്ള ചെറിയ തുക കൊണ്ടാണിപ്പോള്‍ ഖലീഫയുടെയും കുടുംബത്തിന്റെയും ജീവിതം. ധാരാളിത്തം ആഗ്രഹിച്ചില്ല, ആര്‍ത്തിയില്ലാതെ കഴിഞ്ഞുകൂടി; അയല്‍പക്കത്തിനൊപ്പിച്ച്‌ ജീവിച്ചില്ല. സാധനവില കുതിച്ചുകയറിയപ്പോള്‍ അധികം വിഷമിക്കേണ്ടി വന്നു. പലപ്പോഴും കടം വാങ്ങേണ്ടിയും വന്നു. അപ്പോഴും ഖലീഫയുടെ ശമ്പളവര്‍ധനവിനെപ്പറ്റി ഉമര്‍ ഓര്‍ത്തതേയില്ല.

ഉസ്‌മാന്‍, അലി, ത്വല്‍ഹ, സുബൈര്‍ -ഉമറിന്റെ സുഹൃത്തുക്കളും സഹചാരികളുമാണ്‌. അവര്‍ ഒരുമിച്ചിരുന്ന്‌ ആലോചിച്ചു; ഖലീഫയുടെ വിഷമങ്ങള്‍ ചര്‍ച്ച ചെയ്‌തു. ഖലീഫയുടെ ദരിദ്ര ജീവിതം ഇസ്‌ലാമിക രാഷ്‌ട്രത്തിനാകമാനം വിഷമമാണെന്ന്‌ അവര്‍ക്ക്‌ തോന്നി. എല്ലാവര്‍ക്കും ഒരേ അഭിപ്രായം; ജീവിതവൃത്തിക്കാവശ്യമായ തുക ഖലീഫക്ക്‌ ശമ്പളമായി ലഭിക്കണം!
പോംവഴി കണ്ടെത്താന്‍ എളുപ്പമാണെങ്കിലും നടപ്പിലാക്കാന്‍ വേഗത്തിലാകില്ല. വിഷയം ഉമറിന്റേതാണല്ലോ! പൊതുഖജനാവില്‍ നിന്ന്‌ ഏറ്റവും ചെറിയ സംഖ്യ അനുഭവിക്കുന്നത്‌ താനായിരിക്കണമെന്ന്‌ ഉമറിന്‌ നിര്‍ബന്ധമുണ്ട്‌. അങ്ങനെയുള്ള ഖലീഫക്കു മുമ്പില്‍ ആരാണ്‌ വിഷയമവതരിപ്പിക്കുക?

ഉമര്‍ കര്‍ശന സ്വഭാവിയാണ്‌; വിശേഷിച്ചും സ്വന്തം തീരുമാനങ്ങളില്‍. മതപരമായ വിഷയങ്ങളില്‍ അതിലേറെയും! ഉസ്‌മാന്‍(റ) ഒരു നിര്‍ദേശം പറഞ്ഞു:
``ഖലീഫയുടെ മകള്‍ ഹഫ്‌സ സഹായിക്കുമോ?''
അവര്‍, എല്ലാവരും ഹഫ്‌സയെ സമീപിച്ച്‌, ഖലീഫയെ അറിയിക്കേണ്ട കാര്യം പറഞ്ഞു. ഉമര്‍ ഒറ്റക്കിരുന്ന സമയം നോക്കി ഹഫ്‌സ വിഷയമവതരിപ്പിച്ചു.
എല്ലാം നിശബ്‌ദമായി കേട്ട ഉമര്‍, പതുക്കെ എഴുന്നേറ്റു. ഹഫ്‌സയുടെ മനസ്സില്‍ ഉത്‌കണ്‌ഠ! കര്‍ക്കശമായ മുഖഭാവത്തോടെ ഉമര്‍ ചോദിച്ചു:
``ഹഫ്‌സാ, നീയിപ്പോള്‍ പറഞ്ഞ വാക്കുകള്‍ നിന്റെ വാക്കുകളല്ല എന്നെനിക്കറിയാം, ആരോ ഇതിനു പിന്നിലുണ്ട്‌. അവരെ ഞാന്‍ `വെറുതെ വിടില്ല!'
ഉമര്‍ തുടര്‍ന്നു: ``മോളെ, നീ പ്രവാചകന്റെ പത്‌നിയായിരുന്നല്ലോ, ഒന്നു ചോദിക്കട്ടെ; അദ്ദേഹത്തിന്‌ ആകെ എത്ര വസ്‌ത്രങ്ങളുണ്ടായിരുന്നു?''
``രണ്ട്‌''
``അദ്ദേഹം ഭക്ഷിച്ച ഏറ്റവും നല്ല ആഹാരമേതായിരുന്നു?''
``നെയ്‌ പുരട്ടിയ ഗോതമ്പുറൊട്ടി.''
``പ്രവാചകന്റെ വിരിപ്പ്‌ എങ്ങനെയുള്ളതായിരുന്നു?''
``ഒരു പരുക്കന്‍ തുണി. ചൂടുള്ളപ്പോള്‍ അത്‌ വിരിക്കും. തണുപ്പായാല്‍ പകുതി വിരിക്കും, പകുതി പുതയ്‌ക്കും.''

``ഹഫ്‌സാ, നിന്നെ പറഞ്ഞു വിട്ടവരോട്‌ നീയിത്‌ പറയണം. റസൂലിന്റെയും അബൂബക്‌റിന്റെയും ജീവിതം അത്രമാത്രം ലളിതവും ക്ലേശം നിറഞ്ഞതുമായിരുന്നു, എന്ന്‌. പ്രവാചക തിരുമേനി, അവിടുത്തെതിനു പിന്നില്‍ അബൂബക്‌ര്‍, അവരുടെ പിന്നില്‍ ഈ പാവം ഉമര്‍! എന്റെ മുന്‍ഗാമികളായ രണ്ടു പേരും ജീവിതലക്ഷ്യം സാക്ഷാത്‌കരിച്ചു. അവര്‍ നയിച്ച ജീവിതരീതിയാണ്‌ അവരുടെ വിജയ രഹസ്യം, ഇനി എന്റെ ഊഴമാണ്‌ ഹഫ്‌സാ, ഖുര്‍ആനിനെ മറക്കരുത്‌.
``നിങ്ങളുടെ ഇഹജീവിതത്തില്‍ വെച്ചു തന്നെ നല്ല വസ്‌തുക്കളെ നിങ്ങള്‍ പാഴാക്കിക്കളഞ്ഞു. അവയെക്കൊണ്ട്‌ നിങ്ങള്‍ സുഖമനുഭവിച്ചു.'' (46:20) -മോളേ, ഈ താല്‌ക്കാലിക സുഖത്തിന്റെ പിന്നാലെ ഞാന്‍ പോയ്‌ക്കൂടാ. മുന്‍ഗാമികളുടെ വിശുദ്ധിയുടെ മാര്‍ഗം ഞാന്‍ പിന്തുടര്‍ന്നാല്‍ സംശയമേതുമില്ല, ഞാനും വിജയത്തിലേക്കുയരും. മറിച്ചൊരു മാര്‍ഗം സ്വീകരിച്ചാല്‍ ഞാന്‍ തോറ്റുപോകും!''

പിതാവിനോട്‌ പിന്നൊന്നും മകള്‍ക്ക്‌ പറയാനില്ലായിരുന്നു. കണ്ണു നിറഞ്ഞ്‌, ഗദ്‌ഗദത്തോടെ അവള്‍ തിരിച്ചുപോന്നു!
ലളിതജീവിതവും ഉന്നത ചിന്തയുമാണ്‌ മഹത്വത്തിന്റെ വഴിയെന്ന്‌ ഉമര്‍(റ) തിരിച്ചറിഞ്ഞു. അസംതൃപ്‌തിയും അമിതാഗ്രഹങ്ങളുമാണ്‌ നാശത്തിന്റെ കാരണങ്ങള്‍. ചുറ്റുപാടിനൊപ്പിച്ച്‌ ജീവിക്കാന്‍ ശീലിക്കുമ്പോള്‍ ഉള്ള ജീവിതത്തിന്റെ രസമാണ്‌ തകരുന്നത്‌!

കറകളയുന്ന ഉപദേശങ്ങള്‍

അബ്ദുല്‍ വദൂദ്      .

ഇസ്‌ലാമിക ലോകം കണ്ട സര്‍ഗധന്യനായ പണ്ഡിതനായിരുന്നു ഇമാം ഹസന്‍ ബസ്വരി(റ). ഹിജ്‌റ 21 ല്‍ ജനിച്ച അദ്ദേഹം അബ്‌ദുല്ലാഹിബ്‌നു അബ്ബാസ്‌, അനസുബ്‌നു മാലിക്‌, ജാബിറുബ്‌നു അബ്‌ദില്ല തുടങ്ങിയ വിഖ്യാത സ്വഹാബികളുടെ ശിഷ്യനായിരുന്നു. ഉസ്‌മാന്‍, അലി, അബൂമൂസല്‍ അശ്‌അരി എന്നിവരോടൊപ്പം സഹവസിച്ചതിലൂടെ അവരിലെ മഹദ്‌ഗുണങ്ങളും കൈവരിച്ചു. പതിനാലാം വയസ്സു മുതല്‍ ഇറാഖിലെ ബസ്വറയിലേക്ക്‌ കുടുംബമൊന്നിച്ച്‌ താമസം മാറി. അവിടെ വലിയ പള്ളിയിലെ അബ്‌ദുല്ലാഹിബ്‌നു അബ്ബാസിന്റെ വിജ്ഞാന സദസ്സില്‍ ചേര്‍ന്നു. വിശ്രുത പണ്ഡതനായി വളര്‍ന്നു. ഉമറുബ്‌നു അബ്‌ദില്‍ അസീസിന്റെ സുഹൃത്ത്‌ ഖാലിദിബ്‌നു സ്വഫ്‌വാന്‍ പറയുന്നു: ``ഹസന്‍ ബസ്വരിയുടെ രഹസ്യജീവിതം പരസ്യ ജീവിതം പോലെ തന്നെ പരിശുദ്ധമായിരുന്നു. ഒരു നല്ല കാര്യം കല്‌പിച്ചാല്‍ അത്‌ ആദ്യം ചെയ്യുന്നത്‌ അദ്ദേഹമായിരിക്കും. ചീത്ത കാര്യം നിരോധിച്ചാല്‍ അതില്‍ നിന്ന്‌ ആദ്യം വിട്ടുനില്‌ക്കുന്നതും അദ്ദേഹമായിരിക്കും. ജനങ്ങളെ ആശ്രയിക്കാതെയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.''

ഹസന്‍ ബസ്വരിയുടെ ഉപദേശങ്ങള്‍ പ്രസിദ്ധമാണ്‌: ``കഷ്‌ടം, നാമെന്താണ്‌ ചെയ്‌തത്‌? നമ്മുടെ ദീനിനെ നാം ശോഷിപ്പിച്ചു. ദുനിയാവിനെ പരിപോഷിപ്പിച്ചു. പുതുപുത്തന്‍ ഉടയാടകള്‍ അണിഞ്ഞു. കുശാലായി ഇരുന്ന്‌ അന്യന്റെ മുതല്‍ തിന്ന്‌ വയറു നിറയ്‌ക്കുകയാണ്‌ നാം. മധുരവും പുളിയും ചൂടും തണുപ്പുമുള്ള ആഹാരപാനീയങ്ങള്‍ മാറി മാറി അകത്താക്കി പൊണ്ണത്തടികൊണ്ട്‌ അനങ്ങാന്‍ വയ്യാതാകുമ്പോള്‍ മരുന്ന്‌ തേടി നടക്കുന്നു. വിഡ്‌ഢിയായ മനുഷ്യാ, എവിടെ നിന്റെ സാധുവായ അയല്‍ക്കാരന്‍? വിശപ്പടങ്ങാത്ത അനാഥയെ, നീ കണ്ടില്ലേ, നിന്നേ തേടി വന്ന സാധുവിന്‌ നീ എന്തു നല്‌കി? നിന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടതല്ലേ? ഓരോ പ്രഭാതത്തോടെയും ആയുസ്സിന്റെ ദിനങ്ങളില്‍ ഒന്ന്‌ കൊഴിഞ്ഞുപോവുകയല്ലേ?''
റബീഉബ്‌നു അനസ്‌ പറയുന്നു: ``ഞാന്‍ പത്തു വര്‍ഷക്കാലം ഹസന്‍ബസ്വരിയുടെ അടുക്കല്‍ പോയി വരാറുണ്ടായിരുന്നു. ഓരോ ദിവസവും മുമ്പ്‌ കേള്‍ക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത പുതിയ പുതിയ കാര്യങ്ങള്‍ അദ്ദേഹം പഠിപ്പിച്ചുതന്നു.''

അബൂഹയ്യാന്‍ ഉദ്ധരിക്കുന്നു: ``ഹസന്‍ ബസ്വരി ഒരു വിസ്‌മയമായിരുന്നു. അറിവ്‌, ഭക്തി, സൂക്ഷ്‌മത, ലളിതജീവിതം എന്നിവയിലെല്ലാം അദ്ദേഹം വേറിട്ടുനിന്നു. വിവിധതരം ആളുകള്‍ അദ്ദേഹത്തിന്റെ സദസ്സില്‍ വരാറുണ്ടായിരുന്നു. അദ്ദേഹം വിജ്ഞാനത്തിന്റെ അലയടിച്ചുയരുന്ന ഒരു സമുദ്രമാണ്‌. സദസ്സുകള്‍ക്ക്‌ പ്രഭ ചൊരിയുന്ന ജ്യോതിസ്സാണ്‌. ഹദീസും തഫ്‌സീറും ഫിഖ്‌ഹും നീതിന്യായ വ്യവസ്ഥയും അവിടെ നിന്ന്‌ പഠിക്കാം. ദൃഢസ്വരവും ലളിതഭാഷയുമാണ്‌ അദ്ദേഹത്തിന്റെ ശൈലി. ജനങ്ങള്‍ക്കെല്ലാം പ്രിയങ്കരനായിരുന്നു അദ്ദേഹം. ഇതര മതക്കാര്‍ക്കുപോലും അദ്ദേഹം ആവശ്യക്കാരനായിരുന്നു.''

ഒരിക്കല്‍ ഒരു മദ്യപാനി ചതുപ്പുനിലത്തില്‍ ഇറങ്ങുന്നതു കണ്ട ഹസന്‍ ബസ്വരി പറഞ്ഞു: ``സൂക്ഷിച്ചോളൂ, ചതുപ്പില്‍ താണുപോകും.'' അയാളുടെ പ്രതികരണം ഇങ്ങനെയായിരുന്നു: ``ഹസന്‍ ബസ്വരീ, ഞാന്‍ ചതുപ്പില്‍ മുങ്ങിപ്പോയാല്‍ അതിന്റെ നഷ്‌ടം എനിക്കു മാത്രമാണ്‌. എന്നാല്‍ താങ്കളാണ്‌ വീഴുന്നതെങ്കില്‍ താങ്കളുടെ പ്രഭാഷണങ്ങളും ഉപദേശങ്ങളും പാണ്ഡിത്യവുമെല്ലാം ജനങ്ങള്‍ക്ക്‌ നഷ്‌ടപ്പെടും.''

ഹസന്‍ ബസ്വരിയുടെ പ്രഭാഷണങ്ങളില്‍ നിന്ന്‌: ``ജനങ്ങള്‍ അവരുടെ തന്നെ അഭിലാഷങ്ങള്‍ നശിപ്പിച്ചുകൊണ്ടിരിക്കുന്നു. ബാഹ്യമായ വാക്കുകള്‍ മാത്രമാണ്‌ അവരില്‍. സല്‍കര്‍മങ്ങള്‍ കുറഞ്ഞുപോകുന്നു. അറിവുണ്ട്‌. പക്ഷേ, ക്ഷമയില്ല. വിശ്വാസമുണ്ട്‌ പക്ഷേ, ശക്തിയില്ല. എണ്ണത്തില്‍ വളരെയധികം, പക്ഷേ ഈമാന്‍ വളരെ കുറവാണ്‌. അവരുടെ ഹൃദയം ആരെയും ആകര്‍ഷിക്കുന്നില്ല. അല്ലാഹു സത്യം, ജനങ്ങള്‍ കാര്യങ്ങള്‍ ഗ്രഹിച്ച ശേഷം നിഷേധികളായിട്ടിരുന്നു. ആദ്യം ഒരു കാര്യം ഹറാമാണെന്ന ചിന്തയില്‍ ഭയത്തോടെയാണ്‌ ചെയ്‌തിരുന്നതെങ്കില്‍ ഇപ്പോള്‍ അതേ കാര്യം ധൈര്യത്തോടെ ചെയ്യുന്നു. നിശ്ചയം, അവരുടെ ഈമാന്‍ വെറും വായാടിത്തമായിത്തീര്‍ന്നിരിക്കുന്നു. അന്ത്യദിനത്തില്‍ വിശ്വസിക്കുന്നുണ്ടെങ്കിലും ആ വിശ്വാസം അവരെ സ്വാധീനിക്കുന്നില്ല. സത്യവിശ്വാസികളേ, നിങ്ങള്‍ ബുദ്ധിമാന്മാരും മൃദുല സ്വഭാവികളുമാകണം. ദാരിദ്ര്യത്തില്‍ ക്ഷമിക്കുന്നവരും സമ്പന്നതയില്‍ പരിധി വിടാത്തവരുമാകണം. കടമിടപാടുകള്‍ കൊടുത്തുവീട്ടണം, നീതിയുടെ മാര്‍ഗത്തില്‍ ഉറച്ചുനില്‌ക്കണം. വെറുപ്പുള്ളവരോടു പോലും അനീതി കാണിക്കരുത്‌.

പ്രിയപ്പെട്ടവരെ വഴിവിട്ടു സഹായിക്കരുത്‌. മറ്റുള്ളവരുടെ കുറ്റങ്ങള്‍ ചികഞ്ഞുനടക്കരുത്‌. കുത്തുവാക്കുകള്‍ പറയരുത്‌. കളിതമാശകളില്‍ മതിമറക്കരുത്‌. ഏഷണിക്കാരാവരുത്‌. അവകാശമില്ലാത്തത്‌ ആഗ്രഹിക്കരുത്‌. കൊടുത്തുവീട്ടേണ്ട ബാധ്യതകള്‍ നിഷേധിക്കരുത്‌. മറ്റുള്ളവരുടെ പാപത്തിലും കഷ്‌ടപ്പാടിലും സന്തോഷിക്കരുത്‌. മറ്റുള്ളവരെ വേദനിപ്പിക്കുന്ന വാക്കും പ്രവൃത്തിയും അരുത്‌. നമ്മുടെ ഹൃദയവും ശരീരവും കണ്ണുമെല്ലാം അല്ലാഹുവിന്റെ മുന്നില്‍ തല കുനിക്കണം. അല്ലാഹുവില്‍ നിന്ന്‌ നേട്ടം ലഭിക്കുന്ന കാര്യങ്ങള്‍ക്കുവേണ്ടി എന്തു നഷ്‌ടം സഹിക്കാനും തയ്യാറാവണം...''

സ്വഹാബിവര്യന്‍ സെയ്‌ദുബ്‌നു സ്വാബിത്‌ മോചിപ്പിച്ച അടിമ യാസിറും പ്രവാചക പത്‌നി ഉമ്മു സലമയുടെ അടിമ ഖയ്‌റയുമായിരുന്നു ഹസന്‍ ബസ്വരിയുടെ മാതാപിതാക്കള്‍. ഹിജ്‌റ 110 ല്‍ അദ്ദേഹം അന്തരിച്ചു.

ഇല്ല, ഞാന്‍ തെറ്റിലേക്കില്ല!

അബ്‌ദുല്‍വദൂദ്‌   .

നട്ടെല്ലിന്‌ ക്ഷതം ബാധിച്ച്‌ തളര്‍ന്നുകിടക്കുന്ന ചില രോഗികളെ കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചു. ആരോഗ്യം തിരിച്ചുകിട്ടാവുന്ന ഒരു ചികിത്സാപദ്ധതി അവരെ ധരിപ്പിക്കാനും സൗജന്യമായി അത്‌ നിര്‍വഹിച്ചുകൊടുക്കാനുമായിരുന്നു സുഹൃത്തുക്കളോടൊപ്പം അവരെ തേടിച്ചെന്നത്‌. പതിനാല്‌ വര്‍ഷമായി ഒരേ കിടപ്പില്‍ കഴിയുന്ന ഒരാള്‍ ചികിത്സയെപ്പറ്റിയെല്ലാം ചോദിച്ചറിഞ്ഞ്‌ പ്രതീക്ഷ നിറഞ്ഞ ആനന്ദത്തോടെ പറഞ്ഞു: ``പഴയ അവസ്ഥ തിരിച്ചുകിട്ടണമെന്നില്ല. എങ്കിലും കുറച്ചൊക്കെ ഒരു പുരോഗതി ഉണ്ടായാല്‍ തന്നെ എനിക്കതു മതി. ഇബാദത്തുകള്‍ വര്‍ധിപ്പിച്ച്‌ പഴയതിനേക്കാള്‍ കൂടുതല്‍ നല്ല ജീവിതം നയിക്കണം. അതുമാത്രമാണ്‌ എന്റെ ആഗ്രഹം.''

ഇതേ അവസ്ഥയില്‍ ആറു വര്‍ഷമായി കിടക്കുന്ന മറ്റൊരാള്‍ പറഞ്ഞത്‌ മറ്റൊരു വിധത്തില്‍: ``ഈ അവസ്ഥയില്‍ നിന്നൊരു മോചനം ഞാനാഗ്രഹിക്കുന്നുണ്ട്‌. എന്റെ കാര്യങ്ങള്‍ എനിക്കു തന്നെ നിര്‍വഹിക്കാവുന്ന ഒരവസ്ഥ മതി. പണ്ടത്തെ ആ നല്ല അവസ്ഥയിലേക്ക്‌ തിരിച്ചുപോകാന്‍ എനിക്ക്‌ ഭയമാണ്‌. കാരണം എനിക്ക്‌ എന്നെ വിശ്വാസമില്ല. ഞാന്‍ വീണ്ടും തെറ്റിപ്പോകും...''

സ്വന്തത്തെക്കുറിച്ച്‌ പുലര്‍ത്തുന്ന വിചാരങ്ങളുടെ രണ്ടവസ്ഥയാണിത്‌. അവനവനെ വിശ്വസിക്കാന്‍ കഴിയലാണ്‌ ഏറ്റവും വലിയ വിശ്വസ്‌തത. കടുത്ത സമ്മര്‍ദങ്ങളോടും പിടിച്ചുവലിക്കുന്ന പൈശാചികതകളോടും എതിരിട്ട്‌ കറപറ്റാതെ സ്വന്തത്തെ നിലനിര്‍ത്താന്‍ കഴിയുമെന്ന ഉറപ്പാണത്‌.
``വിശ്വസ്‌തതയില്ലാത്തവന്‌ സത്യവിശ്വാസമില്ല'' എന്ന്‌ തിരുനബി(സ) പറയുന്നുണ്ട്‌. അമാനത്ത്‌ (വിശ്വസ്‌തത) വിശാലമായ അര്‍ഥമേകുന്നുണ്ട്‌. എനിക്ക്‌ എന്നെ വിശ്വാസമുണ്ടാകലും എന്നെ മറ്റുള്ളവര്‍ക്ക്‌ വിശ്വസിക്കാന്‍ കഴിയലും അതില്‍ പ്രധാനമാണ്‌. മനസ്സിനെയും ശരീരാവയവങ്ങളെയും കേടില്ലാതെ നിലനിര്‍ത്തലാണ്‌ അവനവനെക്കുറിച്ചുള്ള വിശ്വസ്‌തതയില്‍ പ്രധാനം. ``മനസ്സ്‌ കുഞ്ഞിളം പൈതലിനെപ്പോലെയാണ്‌. അശ്രദ്ധമായി അതിനെ വിട്ടയച്ചാല്‍ യുവാവായാലും മുലകുടി മാറ്റില്ല. മുലകുടി നിര്‍ത്തിച്ചാലോ, ആ ശീലം പിന്നെ ആവര്‍ത്തിക്കില്ല.''

പ്രമുഖ താബിഈ പണ്ഡിതന്‍ അബ്‌ദുല്ല അല്‍ഖുസാഈ പറയുന്നു: ``എനിക്ക്‌ എന്റെ നാവ്‌ നേരാംവണ്ണം നന്നാവാന്‍ ഇരുപത്‌ വര്‍ഷം ഞാന്‍ അധ്വാനിച്ചു.'' ``എന്റെ മനസ്സിനെ നിയന്ത്രിച്ചുനിര്‍ത്താന്‍ കഴിഞ്ഞ നാല്‍പത്‌ വര്‍ഷമായി ഞാന്‍ പാടുപെടുകയാണ്‌'' എന്ന്‌ മുഹമ്മദ്‌ മുന്‍കദിര്‍(റ) പറയുന്നുണ്ട്‌.
``ഞങ്ങള്‍ ധാരാളമായി പ്രാര്‍ഥിക്കുന്നുണ്ട്‌. പക്ഷേ, പ്രാര്‍ഥനകള്‍ സ്വീകരിക്കപ്പെടുന്നില്ല. ഇതെന്തുകൊണ്ടാണ്‌?'' -ഇബ്‌റാഹീമുബ്‌നു അദ്‌ഹമിനോട്‌ ചിലര്‍ ചോദിച്ചു: ഇങ്ങനെയായിരുന്നു മറുപടി: ``നിങ്ങള്‍ അല്ലാഹുവില്‍ വിശ്വസിക്കുന്നുണ്ട്‌. പക്ഷേ അവന്‌ വഴിപ്പെടുന്നില്ല. പ്രവാചകനെ അംഗീകരിക്കുന്നുണ്ട്‌. അദ്ദേഹത്തിന്റെ പാത സ്വീകരിക്കുന്നില്ല. ഖുര്‍ആന്‍ ഓതുന്നുണ്ട്‌. അതനുസരിച്ച്‌ പ്രവര്‍ത്തിക്കുന്നില്ല. സ്വര്‍ഗമുണ്ടെന്ന്‌ വിശ്വസിക്കുന്നുണ്ട്‌, അത്‌ നേടിയെടുക്കാന്‍ പരിശ്രമിക്കുന്നില്ല. നരകമുണ്ടെന്ന്‌ വിശ്വസിക്കുന്നു, അതില്‍ നിന്ന്‌ രക്ഷപ്പെടാന്‍ ശ്രമിക്കുന്നില്ല. പിശാച്‌ നിന്റെ ശത്രുവാണെന്ന്‌ മനസ്സിലാക്കിയിട്ടുണ്ട്‌. പക്ഷേ അവനെ മിത്രമായി സ്വീകരിക്കുന്നു. മരണം നിശ്ചിതമാണെന്ന്‌ അറിയാം, അതിനു വേണ്ടി തയ്യാറെടുക്കുന്നില്ല. മരിച്ച മാതാപിതാക്കളെയും കുടുംബങ്ങളെയും ഖബ്‌റടക്കുന്നുണ്ട്‌. അതില്‍ നിന്ന്‌ പാഠമുള്‍ക്കൊള്ളുന്നില്ല. സ്വന്തം തെറ്റുകളില്‍ നിന്ന്‌ പിന്മാറാതെ മറ്റുള്ളവരുടെ തെറ്റുകുറ്റങ്ങള്‍ ചിക്കിപ്പരതുന്ന ഇത്തരക്കാരുടെ പ്രാര്‍ഥനകള്‍ എങ്ങനെ സ്വീകരിക്കപ്പെടാനാണ്‌?'' (മിന്‍ മവാഖിഇല്‍ ഹയാത്‌ 126)

ഖല്‍ബുന്‍ സലീം (സുരക്ഷിത ഹൃദയം) ഉള്ളവര്‍ക്കു മാത്രമേ പരലോകത്ത്‌ സുരക്ഷയുള്ളൂവെന്ന്‌ ഖുര്‍ആന്‍ (അശ്ശുഅറാഅ്‌ 89) പറയുന്നുണ്ട്‌. അല്ലാമാ ഇബ്‌നുല്‍ ഖയ്യിം(റ) `സുരക്ഷിത ഹൃദയ'ത്തെ വിശദീകരിക്കുന്നു. ``ശിര്‍ക്കില്‍ നിന്നും ബിദ്‌അത്തില്‍ നിന്നും മ്ലേച്ഛവികാരങ്ങളില്‍ നിന്നും അശ്രദ്ധയില്‍ നിന്നും ദേഹേച്ഛയില്‍ നിന്നും മോചനം നേടലാണത്‌.''

ശരിയുടെയും തെറ്റിന്റെയും സാഹചര്യങ്ങള്‍ക്ക്‌ നടുവിലാണ്‌ നാം. ബോധപൂര്‍വം നന്മയിലേക്ക്‌ നീങ്ങാനും ബോധപൂര്‍വമല്ലാതെ പോലും തെറ്റിലേക്ക്‌ തെറ്റാനും ഓരോ സെക്കന്റിലും സാധ്യതയുണ്ട്‌. തെറ്റിനെയും വീഴ്‌ചയെയും സംബന്ധിച്ച ഭയം ഉള്ളില്‍ എപ്പോഴും കരുതിവെക്കേണ്ടതുണ്ട്‌. ``സ്വര്‍ഗാവകാശിയായ ഒരാള്‍ നരകാവകാശിയുടെ പ്രവര്‍ത്തനങ്ങള്‍ ചെയ്‌തേക്കാം. നരകാവകാശിയായ ഒരാള്‍ സ്വര്‍ഗാവകാശിയായവരുടെ പ്രവര്‍ത്തനങ്ങളും ചെയ്‌തേക്കാം'' എന്ന്‌ തിരുനബി മുന്നറിയിപ്പ്‌ നല്‍കുന്നുണ്ട്‌.
സാഹചര്യങ്ങള്‍ എവ്വിധമായിരുന്നാലും സമ്മര്‍ദങ്ങള്‍ പിടിച്ചുലച്ചാലും മറ്റാരും കാണാനില്ലാത്തപ്പോഴും എത്ര സ്വകാര്യതയിലായിരുന്നാലും ഏത്‌ വിദൂരത്തിലാകുമ്പോഴും എത്ര ആസ്വാദ്യകരമായിരുന്നാലും - ഇല്ല, ഞാന്‍ തെറ്റിലേക്ക്‌ പിഴയ്‌ക്കുകയില്ലെന്ന ഉറപ്പ്‌ നമുക്കുണ്ടോ? അതാണ്‌ ഏറ്റവും വലിയ ശക്തി. അല്ലാഹു എന്ന ഒരൊറ്റ വിചാരമാണ്‌ അതിന്റെ പിന്‍ബലം.

നബി(സ)യുടെ ഒരു പ്രാര്‍ഥന ഇങ്ങനെയായിരുന്നു: ``അല്ലാഹുവേ! എന്റെ പാപങ്ങള്‍, ഞാന്‍ അറിയാതെ ചെയ്‌തതും അധികമായി ചെയ്‌തതും കാര്യമായി ചെയ്‌തതും കളിയായി ചെയ്‌തതും എന്റെ പിഴവുകളുമെല്ലാം നീ എനിക്ക്‌ പൊറുത്തുതരേണമേ''

വൈകിക്കിട്ടിയ കത്തുപോലെ...

സുഹൃത്തിനൊപ്പം യാത്രയിലാണ്‌. വഴിയരികില്‍ കണ്ട വീടിന്റെ ജനല്‍ നോക്കി അദ്ദേഹം പറഞ്ഞു: ``നമ്മുടെ പുതിയ പള്ളിക്ക്‌ `ഇങ്ങനെയുള്ള ജനല്‍ വെക്കണം.''
``ശരി, പക്ഷേ, എല്ലാവരും സ്വന്തം വീടിനെക്കുറിച്ചാണല്ലോ ഇങ്ങനെയൊക്കെ പറയാറുള്ളത്‌, പള്ളിയെക്കുറിച്ചല്ല.''
എന്റെ അഭിപ്രായം കേട്ട്‌ അല്‌പനേരത്തെ ആലോചനക്കു ശേഷം അദ്ദേഹം പറഞ്ഞു: ``ഞാനും വീടിനെക്കുറിച്ചാണ്‌ പറഞ്ഞത്‌. പക്ഷേ, അത്‌ എനിക്ക്‌ കിട്ടണമെന്ന്‌ ഞാനാഗ്രഹിക്കുന്ന സ്വര്‍ഗത്തിലെ വീടിനെക്കുറിച്ചാണെന്നു മാത്രം!''
സുഹൃത്തിന്റെ മറുപടി ചെവിയില്‍ പതിയുകയല്ല, ചിന്തയെ ഉണര്‍ത്തുകയാണ്‌ ചെയ്‌തത്‌.
തിരക്കിന്നിടയില്‍ ഇങ്ങനെ ചിന്തിക്കാന്‍ നമ്മളൊക്കെ മറന്നുപോയില്ലേ?

വൈകിക്കിട്ടിയ കത്തുപോലെയാണീ ജീവിതം. തിരിച്ചറിയുമ്പോഴേക്ക്‌ തീര്‍ന്നുപോയിരിക്കും. ബാല്യ,കൗമാര, യൗവന ഘട്ടങ്ങള്‍ കൂറ്റന്‍ വേഗതയിലാണ്‌ കടന്നുപോകുന്നത്‌. ഒരോന്നിന്റെയും രസവും മധുരവും അനുഭവിച്ചറിയുമ്പോഴേക്ക്‌ അതോരോന്നും അസ്‌തമിച്ചിരിക്കും. കത്തിത്തീര്‍ന്നു കൊണ്ടേയിരിക്കുന്ന ജീവിതത്തെ ഉണര്‍വോടെ ഉപയോഗപ്പെടുത്തുന്നവര്‍ ബുദ്ധിമാന്മാര്‍.

കഴിഞ്ഞ കാലത്തേക്കൊന്ന്‌ തിരിഞ്ഞുനോക്കുമ്പോള്‍ കര്‍മങ്ങളെക്കുറിച്ച്‌ സംതൃപ്‌തിയുണ്ടോ? എങ്കിലതുമതി! കുറച്ചുകൂടിയൊക്കെ ആകാമായിരുന്നു എന്നൊരു തോന്നല്‍ കൂടെയുണ്ടാകട്ടെ. ഇനിയുള്ള നിമിഷങ്ങള്‍ക്ക്‌ ആ വിചാരം വെളിച്ചം പകരും. എല്ലാം വിട്ടേച്ചുതിരിച്ചുപോകുമ്പോള്‍ നഷ്‌ടബോധമൊട്ടുമില്ലാതെ തികഞ്ഞ മനസ്സംതൃപ്‌തിയോടെ മടങ്ങാനാകണം.

അധികമാളുകളും അലസമായാണ്‌ ജീവിക്കുന്നത്‌. അടിയന്തിരമായും ശ്രദ്ധിക്കേണ്ട പല കാര്യങ്ങളും വിസ്‌മരിക്കുന്നു. രോഗത്തിന്റെയും മരണത്തിന്റെയും മഹാസത്യത്തിലേക്ക്‌ നമ്മളും എത്തിച്ചേരാനിരിക്കുന്നു. വിറങ്ങലിച്ചു വിടവാങ്ങേണ്ട ഒരു ദിവസം നമുക്കും സ്വന്തമായുണ്ട്‌. തുണിക്കടയില്‍ നിന്ന്‌ ബാഗ്‌ നിറയെ വസ്‌ത്രങ്ങളുമായി മടങ്ങുമ്പോള്‍ ഒന്നുമാത്രം വാങ്ങാന്‍ നമ്മള്‍ മറന്നു. ഏത്‌ നിമിഷവും ആവശ്യമായേക്കാവുന്ന ഒരു തുണി. അതില്‍ പൊതിഞ്ഞുകിടന്ന്‌ തിരിച്ചുപോകാനുള്ള ചിന്ത എപ്പോഴാണ്‌ മറന്നുപോയത്‌?

അംറുബ്‌നുല്‍ആസ്വ്‌(റ) രോഗബാധിതനായി കിടക്കേ നിറകണ്ണുകളോടെ മകനു നല്‍കിയ വസ്വിയ്യത്ത്‌ ഇപ്രകാരമായിരുന്നു:

``മൂന്ന്‌ ഘട്ടങ്ങള്‍ പിന്നിട്ടവനാണ്‌ ഞാന്‍. ആദ്യം ഞാന്‍ ഒരു അവിശ്വാസിയായിരുന്നു. അന്ന്‌ ഞാന്‍ മരിച്ചിരുന്നുവെങ്കില്‍ നരകാവകാശിയാകുമെന്നുറപ്പാണ്‌. റസൂലിന്‌ ബൈഅത്ത്‌ ചെയ്‌ത സന്ദര്‍ഭമാണ്‌ രണ്ടാമത്തെ ഘട്ടം. തിരുമേനിയെ നിറകണ്ണോടെ ഒന്നു നോക്കാന്‍ പോലും സാധിക്കാത്തവിധം അങ്ങേയറ്റം ലജ്ജയായിരുന്നു എനിക്ക്‌. അന്ന്‌ ഞാന്‍ മരിച്ചിരുന്നുവെങ്കില്‍ ജനങ്ങള്‍ പറയും: `അംറിന്‌ നന്മ വരട്ടെ, ജീവിച്ചതും മരിച്ചതും നല്ല നിലക്കായിരുന്നു.' പിന്നെ പല കാര്യങ്ങളിലും ഇടപെട്ടു. അതൊക്കെ ശരിയായിരുന്നോ തെറ്റായിരുന്നോ എന്ന്‌ തീര്‍ത്തുപറയാന്‍ ഈ പാവത്തിനാവില്ല.''
ശേഷം അദ്ദേഹം ചുമരിനുനേരെ തിരിഞ്ഞുകിടന്ന്‌ തേങ്ങാന്‍ തുടങ്ങി.

``അല്ലാഹുവേ, നീ ഞങ്ങളോട്‌ കല്‌പിച്ചു. ഞാന്‍ ധിക്കരിച്ചു. നീ ചെയ്യരുതെന്ന്‌ പറഞ്ഞത്‌ ഞാന്‍ ചെയ്‌തു. നിന്റെ കനിവും വിട്ടുവീഴ്‌ചയുമില്ലാതെ ഒന്നും ആശിക്കാനാവില്ല. എനിക്ക്‌ ഒരു ശക്തിയുമില്ല. എന്നെ സഹായിക്കേണമേ. നിരപരാധിയല്ല ഞാന്‍. എന്നോട്‌ പൊറുക്കേണമേ. അഹന്തയൊട്ടുമില്ല. പാപമോചന പ്രാര്‍ഥന മാത്രമേയുള്ളൂ. എനിക്കെല്ലാം പൊറുത്തതരണേ തമ്പുരാനേ!''

മരണം വരെ ഈ പ്രാര്‍ഥന ഉരുവിട്ടുകൊണ്ടേയിരുന്നു. ആ ജേതാവിന്റെ യാത്ര സാര്‍ഥകമായിരുന്നു. ഫലസ്‌ത്വീനിന്റെയും ഈജിപ്‌തിന്റെയും ഭൂപ്രദേശങ്ങള്‍ ഇസ്‌ലാമിന്റെ കൊടിക്കു കീഴില്‍ കൊണ്ടുവന്ന ഇതിഹാസമായിരുന്നു അദ്ദേഹം. ആദി ഖിബ്‌ല അവകാശികള്‍ക്ക്‌ തിരിച്ചുകിട്ടിയതിനു പിന്നിലെ കൂര്‍മബുദ്ധിയും കൂര്‍ത്ത തന്ത്രവും അദ്ദേഹത്തിന്റെതായിരുന്നു.
ഉമറുബ്‌നു അബ്‌ദില്‍അസീസ്‌(റ) മരണസമയത്ത്‌ മക്കളെ വിളിച്ച്‌ പറഞ്ഞതിങ്ങനെ: ``മക്കളേ, ധാരാളം നന്മകള്‍ നിങ്ങള്‍ക്കായി ഞാന്‍ വിട്ടേച്ചിട്ടുണ്ട്‌. ഏത്‌ മുസ്‌ലിമിന്റെയും അമുസ്‌ലിമിന്റെയും അരികിലൂടെ നടക്കുമ്പോഴും നിങ്ങളോടുള്ള കടപ്പാട്‌ അവര്‍ ഓര്‍ക്കാതിരിക്കില്ല. മക്കളേ, നിങ്ങളുടെ മുമ്പില്‍ രണ്ട്‌ വഴികളാണുള്ളത്‌. ഒന്നുകില്‍ നിങ്ങള്‍ പണക്കാരായി ഉപ്പ നരകത്തില്‍ പോകുക. അല്ലെങ്കില്‍ നിങ്ങള്‍ ദരിദ്രരായി ഉപ്പ സ്വര്‍ഗത്തില്‍ പോവുക. സമ്പത്തിനേക്കാള്‍ നിങ്ങള്‍ക്കിഷ്‌ടം ഉപ്പയെ നരകത്തില്‍ നിന്ന്‌ രക്ഷപ്പെടുത്തലാവും എന്നാണ്‌ എന്റെ വിശ്വാസം.

ഉസ്‌മാനുബ്‌നു അഫ്‌ഫാന്റെ ഭരണാന്ത്യത്തിലാണ്‌ മദീനയിലെ ഏഴ്‌ മതപണ്ഡിതന്മാരില്‍ ഒരാളായ ഖാസിം ജനിച്ചത്‌. അബൂബക്കര്‍ സ്വിദ്ദീഖിന്റെ മകന്‍ മുഹമ്മദാണ്‌ പിതാവ്‌. കിസ്‌റാ ചക്രവര്‍ത്തിയുടെ മകള്‍ മാതാവും. ആഇശ(റ)യാണ്‌ ഖാസിമിനെ വളര്‍ത്തിയത്‌. മഹാപണ്ഡിതനായിരുന്നു അദ്ദേഹം. 90 വയസ്സ്‌ കഴിഞ്ഞ്‌ കാഴ്‌ച നഷ്‌ടപ്പെട്ട ഖാസിം ഹജ്ജിന്‌ വരുന്നതിനിടയിലാണ്‌ മരിച്ചത്‌. മരണം അടുത്തെന്ന്‌ തോന്നിയപ്പോള്‍ അദ്ദേഹം മകനോട്‌ പറഞ്ഞു. ``ഞാന്‍ മരിച്ചാല്‍, എന്റെ നമസ്‌കാര വസ്‌ത്രത്തില്‍ എന്റെ കുപ്പായം, തുണി, തട്ടം എന്നിവയില്‍ എന്നെ കഫന്‍ ചെയ്യണം. എന്റെ ഉപ്പാപ്പ അബൂബക്കറിനെ കഫന്‍ ചെയ്‌തത്‌ അങ്ങനെയാണ്‌. എന്നെ ഖബറടക്കി കുഴിനിരപ്പാക്കി നീ കുടുംബത്തിലേക്ക്‌ പോകണം. എന്റെ ഖബറിന്നരികില്‍ വന്ന്‌ `അദ്ദേഹം അതായിരുന്നു, ഇതായിരുന്നു' എന്ന്‌ പറയരുത്‌, ഞാന്‍ ഒന്നുമായിരുന്നില്ല!

വെളിച്ചത്തിനു പിറകില്‍ തന്നെ തുടരുക!

ഉഹ്‌ദ്‌ യുദ്ധം കഴിഞ്ഞ്‌ മുസ്‌ലിംകള്‍ മടങ്ങുകയാണ്‌. അതാ, അവരെ കാത്ത്‌ വഴിവക്കില്‍ ഒരു സ്‌ത്രീ. ബനൂദീനാര്‍ ഗോത്രക്കാരി. കടുത്ത ആശങ്കയുള്ള മുഖഭാവം. അവളുടെ പല ബന്ധുക്കളും യുദ്ധത്തിനു പോയിരുന്നു. ഭര്‍ത്താവും പിതാവും സഹോദരനും കൂട്ടത്തിലുണ്ട്‌. അവരൊക്കെ എന്തായിരിക്കും. ജീവിച്ചിരിപ്പുണ്ടോ അതോ രക്തസാക്ഷികളായോ?

വളരെ ദുഖകരമായ വാര്‍ത്തയാണ്‌ അവള്‍ കേള്‍ക്കാനിരിക്കുന്നത്‌. ഉറ്റവരായ മൂന്നുപേരും രക്തസാക്ഷികളായിരിക്കുന്നു. ഈ കനത്ത സങ്കടം സഹിക്കാന്‍ അവള്‍ക്ക്‌ കഴിയുമോ? ഹൃദയം തകര്‍ക്കുന്ന ഈ വാര്‍ത്ത എങ്ങനെ അറിയിക്കും? -യോദ്ധാക്കള്‍ ആലോചിച്ചു.

മൂന്നുപേരും നഷ്‌ടപ്പെട്ട വിവരം ഒന്നിച്ച്‌ അറിയേണ്ട. ഓരോന്നായി അറിയിക്കാം. ``സഹോദരീ, നിങ്ങളുടെ ഭര്‍ത്താവ്‌ രക്തസാക്ഷിയായിരിക്കുന്നു.'' 

പ്രിയങ്കരനായ പ്രിയതമന്‍ നഷ്‌ടപ്പെട്ടെന്നോ! അവളൊന്ന്‌ ഞെട്ടി. ദുഖം താങ്ങിനിര്‍ത്തി അവള്‍ ചോദിച്ചു: ``നമ്മുടെ നബിയുടെ സ്ഥിതി എന്ത്‌? അദ്ദേഹത്തിന്‌ വല്ലതും സംഭവിച്ചിട്ടുണ്ടോ?''

``സഹോദരീ, നിങ്ങളുടെ ബാപ്പയും രക്തസാക്ഷിയായിരിക്കുന്നു.'' സ്‌നേഹവത്സലനായ പിതാവും നഷ്‌ടപ്പെട്ടുവോ! നെഞ്ച്‌ പിളരുന്നതുപോലെ അവള്‍ക്ക്‌ തോന്നി. ``നബിക്ക്‌ ഒന്നും പറ്റിയില്ലല്ലോ'' -അവള്‍ ചോദിച്ചു.
``പെങ്ങളേ, നിങ്ങളുടെ സഹോദരനും വധിക്കപ്പെട്ടിരിക്കുന്നു.''
``ഞാന്‍ ചോദിച്ചതിന്‌ നിങ്ങള്‍ മറുപടി പറഞ്ഞില്ലല്ലോ. എന്റെ നബിയുടെ സ്ഥിതിയെന്ത്‌? അദ്ദേഹം സുരക്ഷിതനല്ലേ?''
സോദരീ, അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ നമ്മുടെ നബി സുരക്ഷിതനാണ്‌. സുഖത്തോടെയിരിക്കുന്നു. അദ്ദേഹത്തിന്‌ യാതൊന്നും സംഭവിച്ചിട്ടില്ല.
``ഇല്ല. അദ്ദേഹത്തെ കണ്ടാലേ എനിക്ക്‌ സമാധാനമാകൂ. എനിക്ക്‌ അദ്ദേഹത്തെ കാണിച്ചുതരുമോ?''
അവര്‍ തിരുനബിയെ അവള്‍ക്ക്‌ കാണിച്ചുകൊടുത്തു. നബിയെ അവള്‍ കണ്‍കുളിര്‍ക്കെ കണ്ടു. ഉറ്റവര്‍ നഷ്‌ടപ്പെട്ടതിന്റെ സങ്കടംകൊണ്ട്‌ തുളുമ്പുന്ന കണ്ണുകളോടെയും തിരുനബിയെ തിരിച്ചുകിട്ടിയതിലുള്ള കണ്‍കുളിര്‍മയോടെയും അവള്‍ പറഞ്ഞു: ``ഇല്ല റസൂലേ, ഇല്ല. അങ്ങ്‌ സുരക്ഷിതനാണെങ്കില്‍ ഇവള്‍ക്ക്‌ യാതൊന്നും പ്രശ്‌നമല്ല. എല്ലാ ദുരന്തവും നിസ്സാരമാണ്‌.'' (ഇബ്‌നുഹിശാം, അസ്സീറത്തുന്നബവിയ്യ 3:105)

*****
തിരുനബി(സ) മക്കയില്‍ നിന്ന്‌ പലായനംചെയ്‌ത്‌ മദീനയിലെത്തിയ സന്ദര്‍ഭം. മദീനക്കാര്‍ക്ക്‌ ആനന്ദത്തിന്‌ അതിരില്ല. വില മതിക്കാനാവാത്ത സൗഭാഗ്യമാണ്‌ കൈവന്നത്‌. നബിക്ക്‌ സമ്മാനങ്ങള്‍ നല്‌കാനും സല്‍ക്കരിക്കാനും സൗകര്യങ്ങളൊരുക്കാനും അവര്‍ മത്സരിച്ചു. പലരും പല വിധത്തിലുള്ള സമ്മാനങ്ങളുമായി നബിക്കരികിലെത്തി.

പാവം ഉമ്മുസുലൈം. നബിക്കൊരു സമ്മാനം നല്‌കണമെന്ന്‌ അതിയായ ആഗ്രഹമുണ്ട്‌. പക്ഷേ, നല്‌കാനൊന്നുമില്ല. അവള്‍ ഒറ്റക്കിരുന്ന്‌ ആലോചിച്ചു. സങ്കടപ്പെട്ടു. അവസാനം ഒരു മാര്‍ഗം കണ്ടെത്തി; കൊള്ളാം. അതുതന്നെ ചെയ്യാം!

ഒട്ടും വൈകിയില്ല. അവള്‍ നബിക്കരികിലേക്ക്‌ പുറപ്പെട്ടു. പത്തു വയസ്സുകാരന്‍ പുത്രനെയും കൂടെക്കൂട്ടി.
``പ്രവാചകരേ, അങ്ങേക്ക്‌ പലരും പല ഉപഹാരങ്ങളും തരുന്നുണ്ടല്ലോ. എനിക്കുമുണ്ട്‌ അതിയായ മോഹം. പക്ഷേ, എന്റെയടുത്ത്‌ യാതൊന്നുമില്ല. ഇവനെന്റെ പൊന്നുമോന്‍ അനസ്‌. എന്റെ സമ്പാദ്യം. എന്റെ ജീവന്റെ ജീവന്‍! ഇവനെ അങ്ങ്‌ സ്വീകരിക്കണം. അങ്ങയുടെ സേവകനായി, ഭൃത്യനായി കൂടെ നില്‍ക്കട്ടെ. വേണ്ടെന്നു പറയരുത്‌. തീര്‍ച്ചയായും സ്വീകരിക്കണം. ഇവനു വേണ്ടി പ്രാര്‍ഥിക്കണേ റസൂലേ.''
തിരുനബി ആ സമ്മാനം സ്‌നേഹപൂര്‍വം സ്വീകരിച്ചു. അവനു വേണ്ടി പ്രാര്‍ഥിച്ചു. ആ ദിവസം മുതല്‍ തിരുനബിയുടെ ജീവിതാന്ത്യം വരെ അവന്‍ കൂടെ നിന്നു. വിഖ്യാത പണ്ഡിതനായി, തലമുറകള്‍ക്ക്‌ തിരുചര്യ പഠിപ്പിച്ച ഗുരുനാഥനായി; അനസ്‌ബ്‌നു മാലിക്‌(റ). (അല്‍ഇസ്വാബ 4:442)

*****
പ്രവാചകസ്‌നേഹം ഹൃദയഭിത്തികളില്‍ കൊത്തിവെച്ച സച്ചരിതരുടെ ഓര്‍മകളാണിത്‌. തിരുദൂതരോടുള്ള തീവ്രാനുരാഗം അവരെ എന്തിനും സന്നദ്ധമാക്കിയിരുന്നു. അവര്‍ക്ക്‌ അദ്ദേഹം ജീവനെക്കാള്‍ ജീവനായിത്തീര്‍ന്നു. പ്രിയപ്പെട്ടവയെല്ലാം ആ പ്രിയപ്പെട്ടവനുവേണ്ടി അവര്‍ ത്യജിച്ചു. റസൂലിന്റെ വാക്കുകളും തീര്‍പ്പുകളും സന്ദേഹങ്ങളില്ലാതെ അവര്‍ സ്വീകരിച്ചു. സത്യവിശ്വാസത്തിന്റെ സമ്പൂര്‍ണതയ്‌ക്ക്‌ അങ്ങനെ വേണമെന്ന്‌ ഖുര്‍ആന്‍ (4:65) ഉണര്‍ത്തുകയും ചെയ്‌തു. അല്ലാഹു ഉദ്ദേശിക്കുന്നതേ അദ്ദേഹം മൊഴിയൂവെന്നും (53:3,4) അവര്‍ ഉള്‍ക്കൊണ്ടു. അതിനു വിപരീതം പ്രവര്‍ത്തിക്കുന്നതിന്റെ അപകടം അവര്‍ തിരിച്ചറിഞ്ഞു (24:63). ഞാന്‍ കൊണ്ടുവന്നതെന്തും നിങ്ങളുടെ ഇഷ്‌ടമാകുന്നതുവരെ നിങ്ങള്‍ സത്യവിശ്വാസികളാവുകയില്ലെന്നും അല്ലാഹുവോടും റസൂലിനോടുമുള്ള ഇഷ്‌ടം മറ്റേതിനെക്കാളും പ്രിയങ്കരമാവുന്നവര്‍ക്കേ സത്യവിശ്വാസത്തിന്റെ മധുരാനുഭവം അറിയൂ എന്നും അവിടുന്ന്‌ പറഞ്ഞു. ആ മധുരാനുഭവം അറിയേണ്ടവരാണ്‌ നമ്മളും. നമ്മുടെ ഹൃദയത്തിന്റെ സൗന്ദര്യമാകട്ടെ ആ റസൂല്‍! കരളിന്റെ കുളിരായി അവിടുത്തെ വചനങ്ങള്‍ നമ്മില്‍ പുലരട്ടെ. ആ സന്ദേശങ്ങള്‍ നമ്മുടെ വഴിയില്‍ പടരട്ടെ. സ്‌നേഹറസൂല്‍ നമ്മുടെ മുന്നില്‍ വെളിച്ചമാണ്‌. ഇരുട്ടുകളെയെല്ലാം തകര്‍ത്ത്‌ ആ വെളിച്ചത്തിനു പിറകില്‍ തന്നെ തുടരുക!
 

തർബിയ

അശുദ്ധിയില്ലാത്ത മനസ്സും അഴകുള്ള ജീവിതവും കൈവരുമ്പോൾ മാത്രമേ ഒരാളുടെ ഇസ്‌ലാമിക വ്യക്തിത്വം അർഥപൂർണമാവൂ. വിശുദ്ധ ഖുർ‌ആനും തിരുനബി(സ)യുടെ സാരോപദേശങ്ങളും ഈ വഴിക്കാണ് നമ്മെ നയിക്കുന്നത്. വ്യക്തി എന്ന നിലയിലും കുടുംബ-സാമൂഹിക മേഖലകളിലെ അംഗമെന്ന നിലയിലും പാലിക്കേണ്ട നിർദേശ തത്വങ്ങളുടെ സംഗ്രഹമാണ് ഇസ്‌ലാം. ആദർശ നിഷ്‌ഠയും ആത്മശുദ്ധിയുമുള്ള ഒരു സമൂഹത്തെയാണ് ഇസ്‌ലാം വളർത്തിയെടുക്കുന്നത്. നിലവിലുള്ളതിൽ നിന്ന് കൂടുതൽ മികച്ച മറ്റൊരവസ്ഥയിലേക്ക് എത്തിക്കുക എന്ന പ്രക്രിയയാണ് അത്. പ്രവാചക തിരുമേനി(സ)യുടെ നിയോഗ ലക്ഷ്യമായ ‘തസ്‌കിയത്തി’ന് ഇങ്ങനെയൊരർഥം കൂടിയുണ്ട്. ഇസ്‌ലാമിക പ്രമാണങ്ങളെയും ചരിത്ര പാഠങ്ങളെയും മുൻ‌നിർത്തി ആത്മശുദ്ധീകരണപ്രധാനമായ ആലോചനകളാണ് ഈ ബ്ലോഗിലുള്ള കുറിപ്പുകൾ.

ഇസ്‌ലാം
ജീവിത ശുദ്ധീകരണത്തിന്റെ പുതുമഴയാണ്.
വ്യക്തിത്വത്തിന് ചന്തമുള്ള വഴിയാണ്.
വിശ്വാസിയെ അത് ശാന്തനും പോരാളിയുമാക്കുന്നു.
ഉള്ളും പുറവും സ്‌ഫടിക സുന്ദരമാക്കുന്നു.
സദ്‌ഗുണങ്ങളിലൂടെ സംസ്കാര സമ്പന്നമാക്കുന്നു.

സ്വസ്ഥമായിരുന്ന് സ്വന്തത്തെക്കുറിച്ചാലോചിക്കാൻ ഇതാ അല്പം ചിന്തകൾ.....

Usage Policies