this site the web

ജീവിതം ലളിതം, മനോഹരം

അബ്ദുൽ വദൂദ് 
നിങ്ങള്‍ മാവിനെ ശ്രദ്ധിച്ചിട്ടുണ്ടോ? ഉറച്ച വേരുകളും വിടര്‍ന്ന ചില്ലകളുംകൊണ്ട്‌ വളര്‍ന്നുനില്‌ക്കുന്ന മാവ്‌. അതില്‍ ഏറ്റവും താഴ്‌ന്നു തൂങ്ങിനില്‌ക്കുന്നത്‌ ഏതു ചില്ലയായിരിക്കും? സംശയമില്ല, ഏറ്റവും കൂടുതല്‍ മാമ്പഴങ്ങള്‍ കായ്‌ച്ചുനില്‌ക്കുന്ന ചില്ല. നാം കല്ലെറിഞ്ഞാല്‍ തിരികെ തരുന്നത്‌ തുടുത്ത മധുരമാമ്പഴങ്ങള്‍!

ചിപ്പികളെ ശ്രദ്ധിച്ചിട്ടുണ്ടോ? ആരാലും ശ്രദ്ധിക്കപ്പെടാതെ മണലില്‍ പൂണ്ട്‌ കിടക്കുന്ന ചിപ്പികള്‍. ആളുകള്‍ അവയെ ചവിട്ടി കടന്നുപോകുന്നു. ചിപ്പിക്കുള്ളില്‍ എന്താണ്‌? വിലപിടിച്ച മുത്തുകള്‍!

ഈ ഉദാഹരണങ്ങളില്‍ നമുക്ക്‌ ഒരുപാട്‌ ദൃഷ്‌ടാന്തങ്ങളില്ലേ? തീര്‍ച്ചയായും ഉണ്ട്‌. ഒരു യഥാര്‍ഥ സത്യവിശ്വാസി ഇങ്ങനെയായിരിക്കണം. കായ്‌ച്ച്‌ പുഷ്‌പിച്ച്‌ നില്‌ക്കുമ്പോഴും അന്യര്‍ക്ക്‌ നന്മകള്‍ മാത്രം പകരമായി നല്‌കുന്ന മാവിനെപ്പോലെ, ഉള്ളില്‍ വിലപിടിച്ച സ്വത്തുക്കള്‍ കൊണ്ടുനടക്കുമ്പോഴും മണലിന്നടിയില്‍ കിടന്ന്‌ ആരുടെയും ശ്രദ്ധ ക്ഷണിക്കാതെ കഴിയുന്ന ചിപ്പിയെപ്പോലെ വിനയത്തിന്റെയും എളിമയുടെയും പ്രശസ്‌തി മോഹങ്ങളില്ലാത്ത സരള ജീവിതത്തിന്റെയും നല്ല ഉദാഹരണങ്ങളായിത്തീരണം.

ലാളിത്യം ഈമാനില്‍ പെട്ടതാണെന്ന്‌ അബൂദാവൂദ്‌ ഉദ്ധരിച്ച ഒരു ഹദീസിലുണ്ട്‌. വിശ്വാസിയാണെന്നതിനാല്‍ വിനയം കാണിക്കുന്നുവെന്നര്‍ഥം. ഏതു സാഹചര്യത്തിലും നിര്‍വികാരനായി പ്രതികരണങ്ങളേതുമില്ലാതെ നിശ്ചേഷ്‌ഠനായി നില്‌ക്കലല്ല വിശ്വാസിയുടെ വിനയം. ധൂര്‍ത്തും പൊങ്ങച്ചവുമില്ലാത്ത ജീവിതം, ആര്‍ക്കും ഉപദ്രവമോ ചതിയോ വരുത്താത്ത പ്രവര്‍ത്തനങ്ങള്‍. മറ്റാരെക്കാളും മുകളിലെത്തണമെന്ന ചിന്തയില്ലാതെ ആരെയും തോല്‌പിക്കണമെന്നോ സ്വയം ഉയര്‍ന്ന്‌ പൊങ്ങച്ചം കാണിക്കണമെന്നോ ആഗ്രഹിക്കാത്ത ജീവിതം! തിരുനബിയുടെ ജീവിതം അത്തരത്തിലായിരുന്നു. ആരില്‍ നിന്നെങ്കിലും തെല്ലുയര്‍ന്ന്‌ ജീവിക്കണമെന്ന്‌ അവിടന്ന്‌ ഒരിക്കലും ആഗ്രഹിച്ചില്ല. എന്നാല്‍ ലോകത്തേറ്റം വലിയ മഹാനായ മനുഷ്യനായി അവിടന്ന്‌ എണ്ണപ്പെട്ടു. അതിന്‌ കാരണം സുതാര്യവും സരളവുമായ ആ ജീവിതം തന്നെയായിരുന്നു. `സ്വയം ചെറുതാകുന്നവരെ അല്ലാഹു വലുതാക്കും, സ്വയം വലുതാകുന്നവരെ അല്ലാഹു ചെറുതാക്കും' എന്ന്‌ തിരുനബി(സ) പറയുകയും ചെയ്‌തു. അല്ലാഹുവിന്റെ പ്രവാചകനാണെന്ന കാരണത്താല്‍ പ്രത്യേകം സ്ഥാനവസ്‌ത്രമോ കൊട്ടാരമോ അവിടുന്ന്‌ സ്വീകരിച്ചില്ല. തികച്ചും സാധാരണമായ ജീവിതം നയിച്ച്‌ അസാധാരണമായ ചരിത്രം ബാക്കിവെച്ചു. കൂട്ടയാത്ര പോകുമ്പോള്‍ തിരുനബി(സ) ഏറ്റവും പുറകിലായിരുന്നു നടന്നിരുന്നത്‌. ഏതു ചെറിയ കുട്ടിയോടും സലാം പറഞ്ഞ്‌ വിശേഷങ്ങള്‍ തിരക്കും. ആരെയും സഹായിക്കും. എളിമയുള്ള ജീവിതം നയിച്ചു.

വിശ്വാസികള്‍ക്ക്‌ മാതൃകയായ തിരുനബി(സ)യുടെ ഓരോ കര്‍മവും സമീപനവും പകര്‍ത്തേണ്ടവരാണ്‌ നാം. പക്ഷേ നമ്മുടെ കൂട്ടത്തിലുള്ളവരുടെ ജീവിതരീതിയൊന്ന്‌ പരിശോധിച്ചുനോക്കുക. സുഖലോലുപന്മാരായ അവിശ്വാസികളില്‍ നിന്ന്‌ നാം വല്ല വ്യത്യാസവും പുലര്‍ത്തുന്നുണ്ടോ? നമ്മുടെ ദേഹത്തും വീട്ടിലും എണ്ണിയാല്‍ തീരാത്ത ആര്‍ഭാടങ്ങളില്ലേ? താഴ്‌മയോടും ലാളിത്യത്തോടും ആളുകളെ സമീപിക്കുന്നവരാണോ നാം? നമ്മുടെ കുട്ടികളെ വളര്‍ത്തുന്നത്‌ ആര്‍ഭാടമായ ഗാര്‍ഹികാന്തരീക്ഷത്തിലല്ലേ?

വീടിനുമുന്നില്‍ ഡിഷ്‌ ആന്റിനയും കൈയില്‍ മൊബൈല്‍ഫോണും അത്യാവശ്യകാര്യത്തിനു വേണ്ടി തന്നെയാണോ നമ്മില്‍ പലരും കരുതിവെക്കുന്നത്‌? അതോ അയല്‍പക്കത്തിനൊപ്പിച്ച്‌ പൊങ്ങച്ചം കാണിക്കാനോ? കാണുന്നതും കേള്‍ക്കുന്നതുമൊക്കെ നിരവധി വാങ്ങിയും വാരിയും കൂട്ടിവെച്ച്‌ നമ്മള്‍ എങ്ങോട്ടാണ്‌ ഇതെല്ലാമായി പോകുന്നത്‌?

വസ്‌ത്രവ്യാപാരരംഗത്തും സ്വര്‍ണ വില്‌പനയിലും ഏറ്റവും മുന്നില്‍ നില്‌ക്കുന്നത്‌ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളാണെന്ന്‌ കണക്കുകള്‍ പറയുന്നു. അട്ടിയായി കൂട്ടിവെച്ചിരിക്കുന്ന ഈ `ചത്തപണം' ഇന്ന്‌ സമുദായത്തിന്റെ ദുരന്തമായി തീര്‍ന്നിട്ടില്ലേ?

നൂറു വീടുകളുള്ള ഒരു മഹല്ലില്‍ ചുരുങ്ങിയത്‌ പത്തുപവനെങ്കിലും ഒരു വീട്ടിലുണ്ടെങ്കില്‍ ആയിരം പവന്‍ സ്വര്‍ണമാണ്‌ ആ മഹല്ലില്‍ മാത്രമുണ്ടാവുക! ഇത്രയും പണമാണ്‌ യഥാര്‍ഥത്തില്‍ മരിച്ചു കിടക്കുന്നത്‌. ഈ സമുദായത്തിലെ എത്രയോ പട്ടിണിപ്പാവങ്ങള്‍ക്ക്‌ കിട്ടേണ്ടത്‌, എത്രയോ സാമൂഹിക സംരംഭങ്ങള്‍ക്ക്‌ മുടക്കേണ്ടതും സകാത്തിലൂടെ വികേന്ദ്രീകരിക്കപ്പെടേണ്ടതുമായ പണം!

തിരക്കിനിടയില്‍, ഇങ്ങനെയൊക്കെ ഒന്ന്‌ ആലോചിച്ചു നോക്കൂ.

0 comments:

 

തർബിയ

അശുദ്ധിയില്ലാത്ത മനസ്സും അഴകുള്ള ജീവിതവും കൈവരുമ്പോൾ മാത്രമേ ഒരാളുടെ ഇസ്‌ലാമിക വ്യക്തിത്വം അർഥപൂർണമാവൂ. വിശുദ്ധ ഖുർ‌ആനും തിരുനബി(സ)യുടെ സാരോപദേശങ്ങളും ഈ വഴിക്കാണ് നമ്മെ നയിക്കുന്നത്. വ്യക്തി എന്ന നിലയിലും കുടുംബ-സാമൂഹിക മേഖലകളിലെ അംഗമെന്ന നിലയിലും പാലിക്കേണ്ട നിർദേശ തത്വങ്ങളുടെ സംഗ്രഹമാണ് ഇസ്‌ലാം. ആദർശ നിഷ്‌ഠയും ആത്മശുദ്ധിയുമുള്ള ഒരു സമൂഹത്തെയാണ് ഇസ്‌ലാം വളർത്തിയെടുക്കുന്നത്. നിലവിലുള്ളതിൽ നിന്ന് കൂടുതൽ മികച്ച മറ്റൊരവസ്ഥയിലേക്ക് എത്തിക്കുക എന്ന പ്രക്രിയയാണ് അത്. പ്രവാചക തിരുമേനി(സ)യുടെ നിയോഗ ലക്ഷ്യമായ ‘തസ്‌കിയത്തി’ന് ഇങ്ങനെയൊരർഥം കൂടിയുണ്ട്. ഇസ്‌ലാമിക പ്രമാണങ്ങളെയും ചരിത്ര പാഠങ്ങളെയും മുൻ‌നിർത്തി ആത്മശുദ്ധീകരണപ്രധാനമായ ആലോചനകളാണ് ഈ ബ്ലോഗിലുള്ള കുറിപ്പുകൾ.

ഇസ്‌ലാം
ജീവിത ശുദ്ധീകരണത്തിന്റെ പുതുമഴയാണ്.
വ്യക്തിത്വത്തിന് ചന്തമുള്ള വഴിയാണ്.
വിശ്വാസിയെ അത് ശാന്തനും പോരാളിയുമാക്കുന്നു.
ഉള്ളും പുറവും സ്‌ഫടിക സുന്ദരമാക്കുന്നു.
സദ്‌ഗുണങ്ങളിലൂടെ സംസ്കാര സമ്പന്നമാക്കുന്നു.

സ്വസ്ഥമായിരുന്ന് സ്വന്തത്തെക്കുറിച്ചാലോചിക്കാൻ ഇതാ അല്പം ചിന്തകൾ.....

Usage Policies