പണ്ട്: “മോഷണത്തിന്റെ പേരില്‍ നബി(സ) കൈ മുറിച്ച വ്യക്തിയെ ഞാന്‍ ഓര്‍ക്കുകയാണ്. അയാളുടെ കൈ മുറിക്കാന്‍ കല്പിച്ചപ്പോള് തിരുദൂതരുടെ മുഖം ദു:ഖത്താല്‍ വെണ്ണീറു പുരണ്ടതു പോലെ നിറം മാറിയിരുന്നു. ചിലര്‍ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, അയാളുടെ കൈ മുറിക്കുന്നത് അങ്ങേയ്ക്ക് ഇഷ്ടമില്ലെന്നു തോന്നുന്നു. നബി(സ) പറഞ്ഞു: അതെ, എങ്ങനെയാണ് ഞാനത് ഇഷ്ടപ്പെടുക? നിങ്ങള്‍ നിങ്ങളുടെ സഹോദരനെതിരില്‍ പിശാചിനെ സഹായിക്കുന്നവരാകരുത്. ശിക്ഷാര്‍ഹമായ കുറ്റങ്ങള്‍ ഭരണാധികാരിയുടെ മുന്നിലെത്തിയാല്‍ ശിക്ഷ നടപ്പാക്കുകയല്ലാതെ നിര്‍വാഹമില്ല. എന്നാല്‍, അല്ലാഹു വിട്ടുവീഴ്ച ചെയ്യുന്നവനും വിട്ടുവീഴ്ച ഇഷ്ടപ്പെടുന്നവനുമാണ്. അല്ലാഹുവിന്റെ വചനം നിങ്ങള്‍ ഓര്‍ക്കുന്നില്ലേ; `ജനങ്ങള്‍ മാപ്പു നല്‍കുകയും വിട്ടു വീഴ്ച ചെയ്യുകയും വേണം. അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തു തരണമെന്ന് നിങ്ങളാഗ്രഹിക്കുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്.” (24:22)
സമൂഹ സുരക്ഷിതത്വത്തിന്റെ താക്കോലാണ് നബി(സ) കൈമാറുന്നത്. അന്യോന്യം പുലര്‍ത്തേണ്ട ആദരവും മര്യാദയും ഇതിലേറെ മനോഹരമായി എങ്ങനെയാണ് വിവരിക്കുക? ശിക്ഷാര്‍ഹമായ കുറ്റങ്ങളെപ്പോലും പരസ്പരം പരതി നടക്കരുതെന്നുള്ള താക്കീതാണിത്. സ്വന്തം തിന്മകളെക്കുറിച്ച് വേവലാതിപ്പെടാതെ, അന്യന്റെ സ്വകാര്യതകളെപ്പറ്റി അസ്വസ്ഥരാകുന്നവര്‍ക്കുള്ള മുന്നറിയിപ്പാണിത്. `അല്ലാഹു പൊറുത്താലും ഞാന്‍ പൊറുക്കില്ല' എന്ന സമീപനം പുലര്‍ത്തുന്നവര്‍ക്കുള്ള നിര്‍ദേശവുമാണിത്.
പല തരക്കാര്‍ക്കിടയിലാണ് നമ്മുടെ ജീവിതം. സത്യവിശ്വാസികള്‍ക്കിടയില്‍ പോലും സ്വഭാവങ്ങള്‍ ബഹുവിധമുണ്ടെന്ന് അല്ലാഹു തന്നെ പറഞ്ഞിട്ടുമുണ്ട്. അഥവാ, അല്ലാഹുവിന് അത് ഉള്‍ക്കൊള്ളാന്‍ കഴിയുന്നുണ്ട്. തിരുനബി(സ)ക്കും അതിന് കഴിഞ്ഞിരുന്നു. ``നിനക്ക് നിന്റെ ഹൃദയം നാം വിശാലമാക്കിത്തന്നില്ലേ?'' (94:1) എന്ന ഖുര്‍ആന്‍ വചനം നമുക്കു കൂടി ഉള്ളതാണല്ലോ. സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയുമെല്ലാം ഖനിയാണ് ഹൃദയം. ഹൃദയം വിശാലമായാല്‍, എല്ലാ നല്ല ഗുണങ്ങളും വിശാലമായുണ്ടാകും. അങ്ങനെയുള്ള കുറെയാളുകളുടെ കൂട്ടമാവണം സത്യവിശ്വാസികള്‍.
കണ്ടതെല്ലാം പറയാനോ കേട്ടതെല്ലാം പ്രചരിപ്പിക്കാനോ ഉള്ളതല്ല. ചിലതൊന്നും കണ്ടില്ലെന്ന് വിചാരിക്കണം. കേട്ടാലും കേള്‍ക്കാത്ത പോലെ ചിലപ്പോള്‍ നടിക്കേണ്ടിയും വരാം. അങ്ങനെയാണ് തിരുനബി(സ)യുടെ ഉത്തമ മാതൃക. ``തന്റെ കൂട്ടുകാരന് സംഭവിച്ച ഒരു തെറ്റ് ഒരാള്‍ അറിയുകയും എന്നിട്ട് അത് രഹസ്യമാക്കി വെക്കുകയും ചെയ്താല്‍ അന്ത്യനാളില്‍ അല്ലാഹു അവന്റെ ന്യൂനതകള്‍ ജനങ്ങളില്‍ നിന്ന് മറച്ചുവെക്കും.'' (ത്വബ്റാനി)
മദ്യപിക്കുന്ന അയല്‍ക്കാരെക്കുറിച്ച് പരാതിപ്പെടാന്‍ ഒരുങ്ങിയ സുഹൃത്തിനോട് ഉഖ്ബതുബ്നു ആമിര്‍(റ) പറയുന്നത് ഈ തിരുവചനമാണ്: ``വല്ലവനും മറ്റൊരാളുടെ ന്യൂനതകള്‍ മറച്ചുവെച്ചാല്‍, ജീവനോടെ കുഴിച്ചുമൂടിയ പെണ്‍കുട്ടിക്ക് ജീവന് നല്കിയതുപോലെയാണവന്‍.'' (ഹാകിം 4:384)
ഉമര്‍(റ) നിര്‍ദേശിക്കുന്നതിങ്ങനെ: ``നിങ്ങളുടെ സഹോദരന് തെറ്റുപറ്റിയാല്‍, അയാളെ ആ വീഴ്ചയില്‍ നിന്ന് രക്ഷിക്കാനും നേര്‍മാര്‍ഗത്തില്‍ നടത്താനുമാണ് നിങ്ങള്‍ ശ്രദ്ധിക്കേണ്ടത്. ചെയ്തുപോയ തെറ്റിന്റെ പേരില്‍ അയാളില്‍ പശ്ചാത്താപമുണ്ടാകാനും, അല്ലാഹു അയാള്‍ക്ക് പൊറുത്തു കൊടുക്കാനും പ്രാര്‍ഥിക്കുക. ഒരിക്കലും അയാളുടെ കാര്യത്തില്‍ നിങ്ങള്‍ പിശാചിനെ സഹായിക്കരുത്.'' (ബൈഹഖി)
ഈ ചരിത്രമൊന്ന് കേള്‍ക്കൂ; ഖലീഫ ഉമറും അബ്ദുര്റഹ്മാനിബ്നു ഔഫും മദീനാ തെരുവിലൂടെ പാതിരാവില്‍ നടക്കുകയായിരുന്നു. ഒരു വീട്ടില്‍ വലിയ ബഹളം! ഉമര്‍(റ) പറഞ്ഞു: ``ഇത് റബീഅതുബ്നു ഉമയ്യതിന്റെ വീടാണ്. അവിടെ അവരെല്ലാം മദ്യപിച്ചുകൊണ്ടിരിക്കുകയാണ്. നാമെന്താണ് ചെയ്യേണ്ടത്?'' ഇബ്നുഔഫ് പറഞ്ഞു: ``അമീറുല്‍ മുഅ്മിനീന്‍, അല്ലാഹു നിരോധിച്ച കാര്യമാണ് നാമിപ്പോള്‍ ചെയ്യുന്നത്. അന്യരുടെ രഹസ്യങ്ങള്‍ ചുഴിഞ്ഞന്വേഷിക്കരുതെന്ന് നമ്മോട് പറഞ്ഞിട്ടില്ലേ? ഇതു കേട്ടപ്പോള്‍ കൂടുതല്‍ അന്വേഷണത്തിന് മുതിരാതെ ഉമര്‍(റ) തിരിച്ചുപോന്നു. ഈ ചരിത്രം പറഞ്ഞ ശേഷം ഇമാം ഗസ്സാലി(റ) വിശദമാക്കുന്നു: ``ജനങ്ങളുടെ ന്യൂനതകള്‍ മറച്ചുവെക്കണമെന്നും അവരുടെ തെറ്റുകുറ്റങ്ങള്‍ അന്വേഷിച്ചു നടക്കരുതെന്നുമാണ് ഈ സംഭവം തെളിയിക്കുന്നത്.'' (ഇഹ്യാഉലൂമിദ്ദീന്‍ 2:200)
``നല്ലതു വിചാരിക്കല്‍ ശ്രേഷ്ഠമായ ഇബാദത്താണ്'' എന്ന് തിരുനബി(സ) പറഞ്ഞിട്ടുണ്ട്. (ഇബ്നുഹിബ്ബാന്‍ 632) ``ഒരാളെക്കുറിച്ച് ചീത്തയായ വല്ല ധാരണയുമുണ്ടായാല്‍ പിന്നീടതിനെക്കുറിച്ച് കൂടുതലന്വേഷിക്കാന്‍ ശ്രമിക്കരുത്.'' (ഇബ്നുമാജ)
ഒരിക്കല്‍, വഴിയരികില്‍ വെച്ച് ഒരു സ്ത്രീയുമായി കൊഞ്ചിക്കുഴയുന്നയാളെ, ഉമര്‍(റ) അടിക്കാന്‍ ചാട്ടവാറെടുത്തപ്പോള്‍ ``അമീറുല്‍ മുഅ്മിനീന്‍ ഇതെന്റെ ഭാര്യയാണ്'' എന്നയാള്‍ പറഞ്ഞു. ഉമറിന്റെ മറുപടി ഇതായിരുന്നു: ``എങ്കില്‍ നിനക്കത് ആരും കാണാത്തിടത്ത് വെച്ച് ചെയ്തുകൂടെ?'' (ഇമാംദഹബി, മനാഖീബു ഉമര്‍ 34). സംശയമുണ്ടാക്കുന്ന പ്രവര്‍ത്തനമാണ് അയാള്‍ ചെയ്തത്. ഖലീഫ ഉമര്‍ അത് തിരുത്തുന്നു. നമ്മള് നല്ലതു വിചാരിച്ചാല്‍ മാത്രം പോരാ; ചിലപ്പോള്‍ മറ്റുള്ളവരെ അതു ബോധ്യപ്പെടുത്തേണ്ടിയും വന്നേക്കാം; ആര്‍ക്കും മോശമായതൊന്നും നമ്മെക്കുറിച്ച് തോന്നുകപോലും ചെയ്യരുത്.
നന്മ മാത്രം കാണുകയും നന്മ മാത്രം പകരുകയും ചെയ്യേണ്ടവരാണ് നമ്മള്. കറയില്ലാത്ത മനസ്സുള്ളവര്‍ക്കേ വക്രതയില്ലാതെ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കഴിയൂ. നമ്മുടെ വിരലുകള്‍ സ്വന്തം നെഞ്ചിനു നേരെ ചൂണ്ടുക. അന്യരെയല്ല അവനവനെ വീണ്ടും വീണ്ടും വിചാരണ ചെയ്യുക. വീണ്ടും വീണ്ടും നന്നാക്കുക. അങ്ങനെയുള്ളവരെയാണ് അല്ലാഹുവന്നിഷ്ടം.
2 comments:
assalamu alaikkum
i'm your old friend SANEEN from RANDATHANI..
i don't have your number to contact you
Follow my blog
http://www.saneenow.blogspot.com
to be connected with me
jazakallu ghair
Post a Comment