this site the web

ബന്ധങ്ങള്‍ ചീന്തിയെറിയുമ്പോള്‍

അബ്ദുൽ വദൂദ്

നല്ലൊരു ചിത്രം വരയ്‌ക്കാന്‍ ഒരുപാട്‌ അധ്വാനമുണ്ട്‌. വരയും വര്‍ണവും കൃത്യമായി യോജിപ്പിച്ച്‌, വ്യത്യസ്‌ത നിറങ്ങളെ മനോഹരമായൊരു ചിത്രമാക്കിയെടുത്തതിനു ശേഷം അത്‌ കീറിക്കളയാന്‍ ഒരുപാട്‌ അധ്വാനമൊന്നും ആവശ്യമില്ല; വളരെ എളുപ്പമാണ്‌. എന്നാല്‍ കീറിക്കളഞ്ഞ ശേഷം വീണ്ടും പഴയ രൂപത്തില്‍ യോജിപ്പിച്ചെടുക്കാന്‍ വേഗം കഴിയില്ല.

സൗഹൃദങ്ങളും ബന്ധങ്ങളുമൊക്കെ ഇങ്ങനെയാണ്‌. ഏറെ കാലത്തെ ഇടപെടലിലൂടെയും സംസാരത്തിലൂടെയും സഹവാസത്തിലൂടെയും കൈവരുന്നതാണ്‌ നല്ല ബന്ധങ്ങള്‍. ഈടും ഉറപ്പുമുള്ള സൗഹൃദങ്ങള്‍ വേഗത്തില്‍ കൈവരില്ല. വെറുമൊരു പരിചയം, വിട്ടുമാറാത്ത ആത്മബന്ധമായിത്തീരാന്‍ ഏറെ സമയം ആവശ്യമുണ്ട്‌. ഹൃദയവും ഹൃദയവുമലിഞ്ഞുചേരുന്ന സുദൃഢ സൗഹൃദങ്ങള്‍ നമ്മുടെ കാലത്ത്‌ അധികമില്ല. യാതൊന്നും മോഹിക്കാതെ ഒരാളെ സ്‌നേഹിക്കാന്‍ വലിയ മനസ്സുള്ളവര്‍ക്കേ കഴിയൂ. സ്വാര്‍ഥതയൊട്ടുമില്ലാതെ മനസ്സുതുറന്ന്‌ ബന്ധങ്ങള്‍ നിലനിര്‍ത്താനും വലിയ കാഴ്‌ചപ്പാടുകള്‍ വേണം. എന്നാല്‍, ഏറെ കാലത്തെ സഹവാസത്തിലൂടെയും പങ്കുവെക്കലിലൂടെയും രൂപപ്പെട്ട സൗഹൃദത്തിന്റെ മനോഹരമായ ചിത്രം പിച്ചിച്ചീന്തിക്കളയാന്‍ അധികനേരത്തെ അധ്വാനമൊന്നും ആവശ്യമില്ല. ബന്ധങ്ങളുടെ ചിത്രക്കൂട്‌ പൊട്ടിച്ച്‌ വലിച്ചെറിയാന്‍ വേഗത്തില്‍ കഴിയും. പക്ഷേ, വീണ്ടുമൊന്ന്‌ പഴയപടി ആവര്‍ത്തിക്കണമെങ്കില്‍ കുറെ സമയമെടുക്കും.

സാദൃശ്യങ്ങളില്ലാത്ത അനുഭവമാണ്‌ സ്‌നേഹം. നുകര്‍ന്നും പകര്‍ന്നും സൗന്ദര്യം വര്‍ധിക്കുന്ന വര്‍ണഭംഗിയുള്ള ചിത്രമാണത്‌. ഒരാളുടെ സ്‌നേഹം മറ്റൊരാള്‍ക്ക്‌ ലഭിക്കുമ്പോള്‍ അയാളില്‍ എന്തെല്ലാം മാറ്റങ്ങളാണ്‌ സംഭവിക്കുന്നത്‌! വസന്തം വരുമ്പോള്‍ ചെടികള്‍ക്കും പൂക്കള്‍ക്കുമെല്ലാം പുതിയ ചന്തവും ചാരുതയും വര്‍ധിക്കുന്നതുപോലെ സ്‌നേഹത്തിന്റെ ഊര്‍ജം കൈവരുമ്പോള്‍ മുമ്പില്ലാത്ത ഉണര്‍വ്‌ ലഭിക്കുന്നു. പകരുമ്പോള്‍ പ്രൗഢി വര്‍ധിക്കുന്ന പ്രകാശമാണ്‌ സ്‌നേഹത്തിന്റേത്‌.

രക്തബന്ധങ്ങളും വ്യക്തിബന്ധങ്ങളുമാണ്‌ ജീവിതത്തിന്റെ സൗന്ദര്യവും സൗരഭ്യവും. രക്തബന്ധം നിയമപരമായി നിലനിര്‍ത്തേണ്ട ബാധ്യതയാണ്‌. എന്നാല്‍ വ്യക്തിബന്ധങ്ങള്‍ നിയമപരമൊന്നുമല്ലാതിരിക്കെ തന്നെ പറിച്ചുമാറ്റാനാവാത്ത ആത്മബന്ധമായിത്തീരുന്നവയാണ്‌. അങ്ങനെയുള്ള ബന്ധങ്ങളായി നാം മാറുമ്പോഴും അങ്ങനെയുള്ള ബന്ധങ്ങള്‍ നമുക്കുണ്ടാവുകയും ചെയ്യുമ്പോള്‍ അന്നു മുതല്‍ ജീവിതത്തിന്‌ പുതിയൊരു ഭംഗി ലഭിക്കുന്നു. ഒട്ടുമാവശ്യപ്പെടാതെ നമുക്കുവേണ്ടി കരയുകയും നമ്മുടെ സന്തോഷങ്ങളില്‍ ആനന്ദിക്കുകയും നമുക്ക്‌ കൂട്ടുവരികയും വിട്ടുപോകേണ്ടി വന്നാലും വിട്ടുപോകാനാവാതെ നമ്മെ ആഗ്രഹിക്കുകയും ചെയ്യുന്ന നല്ല ബന്ധങ്ങള്‍! അകലങ്ങള്‍ക്കിടയിലും അടുത്തുകൊണ്ടേയിരിക്കുന്ന ഹൃദയസൗഹൃദങ്ങളാണവ. മനസ്സിലെന്നും താലോലിക്കാവുന്ന നല്ല ഓര്‍മകള്‍ സമ്മാനിക്കുന്ന സുഹൃത്തുക്കള്‍ ആര്‍ക്കും അധികമുണ്ടാവില്ല. അത്തരം സുഹൃത്തുക്കള്‍ തണലും തലോടലുമായി നമ്മുടെ ഓര്‍മയില്‍ പോലും കൂടെ വരും. സമയവും സാന്നിധ്യവും സമ്പത്തും നമുക്കുവേണ്ടി അവര്‍ നല്‌കിക്കൊണ്ടേയിരിക്കും. മടുപ്പില്ലാതെ നമുക്കുവേണ്ടി കാത്തിരിക്കും. തിരിച്ചൊന്നും ആഗ്രഹിക്കാതെ ഈ ബന്ധം അവര്‍ തുടര്‍ന്നുകൊണ്ടിരിക്കും. രണ്ടു പേര്‍ പരസ്‌പരം ഇങ്ങനെ ഹൃദയബന്ധമുണ്ടാക്കുമ്പോള്‍ എന്തൊരു ഭംഗിയാണത്‌! മൂന്നാമതൊരാള്‍ക്ക്‌ വിശദീകരിച്ചുകൊടുക്കാനാവാത്ത വിധം വശ്യമായിരിക്കും ആ ആനന്ദം. ഇത്രയും ആത്മബന്ധമുള്ളവരുടെ മനസ്സുകളകലുമ്പോള്‍ അത്‌, അസാധ്യമായ വേദനയായിരിക്കും. പിണങ്ങുകയും പിരിയുകയും ചെയ്യുമ്പോള്‍ താങ്ങാനാവാത്ത ഹൃദയദുഃഖമുണ്ടാകുന്നു. ഒരാള്‍ മറ്റൊരാളെ കുറ്റപ്പെടുത്തുമ്പോള്‍ ഉറങ്ങാത്ത മുറിവുണ്ടാക്കുന്നു. ചെറിയ കാരണങ്ങളാല്‍ ഒരാള്‍ അകലുമ്പോള്‍ കനമുള്ള കണ്ണീരായി അത്‌ ബാക്കിയാവുന്നു. അന്നോളമുള്ളതെല്ലാം വേദനയുള്ള ഓര്‍മകളാകുന്നു. പങ്കുവെക്കലില്ലാതാവുമ്പോള്‍ എത്ര തിരക്കിനിടയിലും ഒറ്റപ്പെട്ടതുപോലെ തോന്നുന്നു.

അറിയാനും അടുക്കാനും സൗകര്യങ്ങള്‍ വര്‍ധിച്ചെങ്കിലും അടുപ്പവും ആത്മബന്ധവും കുറയുന്ന കാലമാണിത്‌. താല്‌പര്യങ്ങള്‍ക്കുപരി സുഹൃത്തിനെ അറിയാനും പരിഗണിക്കാനും കഴിയാതെ പോകുന്നു. അടുത്തവര്‍ക്ക്‌ അകലാന്‍ വേഗത്തില്‍ കഴിയുന്നു. അകന്നാലും മനസ്സില്‍ വേദനയില്ലാതാകുന്നു. പരസ്‌പരമുള്ള ബന്ധം ഏറ്റവും മികച്ച ആനന്ദമായിത്തീരേണ്ടതുണ്ട്‌. ``നിങ്ങളാണെന്റെ ശമനൗഷധം'' എന്ന്‌ അബ്‌ദുല്ലാഹിബ്‌നു മസ്‌ഊദ്‌(റ) സുഹൃത്തുക്കളായ സ്വഹാബിമാരോട്‌ പറയുമായിരുന്നു. സുഹൃത്തുക്കളുടെ സാന്നിധ്യവും സംസാരവും വേദനകള്‍ക്കെല്ലാം മരുന്നായിത്തീരുന്നുവെന്ന്‌!. ഇത്തരം ആത്മബന്ധങ്ങളാണ്‌ നമുക്കിടയില്‍ വളര്‍ന്നുയരേണ്ടത്‌. നല്‌കിയും നുകര്‍ന്നും ആനന്ദം വര്‍ധിക്കുന്ന നല്ല സൗഹൃദങ്ങള്‍ നമുക്കിടയില്‍ പൂക്കണം. ഹറാമുകളിലേക്ക്‌ വ്യതിചലിക്കാതെ നന്മയിലേക്കടുപ്പിച്ചും തിന്മയില്‍ നിന്നകറ്റിയും ഈടും ഉറപ്പുമുള്ള ചങ്ങാത്തങ്ങള്‍ കൈവരിക്കാന്‍ സാധിക്കുന്നത്‌ മഹാ ഭാഗ്യമാണ്‌. ഖലീഫ അലി(റ) സ്ഥിരമായി ഒരേ വസ്‌ത്രം ധരിക്കുന്നതു കണ്ടപ്പോള്‍ അതേപ്പറ്റി ആരോ ചോദിച്ചു. അപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു: ``ഇതെന്റെ ആത്മസുഹൃത്ത്‌ ഉമറുല്‍ ഫാറൂഖ്‌ എനിക്ക്‌ സമ്മാനിച്ചതാണ്‌.''

രക്തബന്ധത്തെക്കാള്‍ ചിലപ്പോള്‍ ഹൃദയത്തില്‍ പറ്റിച്ചേര്‍ന്നു കിടക്കുന്നത്‌ ആത്മബന്ധങ്ങളായിരിക്കും. നല്ല ബന്ധങ്ങള്‍ കൈവിടാതെ സൂക്ഷിക്കണം. ഓരോ ബന്ധങ്ങളും ഓരോ പളുങ്കുപാത്രങ്ങളാണ്‌. ഉടയാതെയും തകരാതെയും സൂക്ഷിക്കാന്‍ ഏറെ ജാഗ്രത വേണം. ചീന്തിയെറിയാനല്ല, ചന്തം തീരാതെ കാത്തുവെക്കാനാവട്ടെ നമ്മുടെ സൗഹൃദങ്ങള്‍. അകന്നവര്‍ അടുക്കാനും അടുത്തവര്‍ കൂടുതലറിയാനും കൂടിയാണ്‌ റമദ്വാന്‍!

0 comments:

 

തർബിയ

അശുദ്ധിയില്ലാത്ത മനസ്സും അഴകുള്ള ജീവിതവും കൈവരുമ്പോൾ മാത്രമേ ഒരാളുടെ ഇസ്‌ലാമിക വ്യക്തിത്വം അർഥപൂർണമാവൂ. വിശുദ്ധ ഖുർ‌ആനും തിരുനബി(സ)യുടെ സാരോപദേശങ്ങളും ഈ വഴിക്കാണ് നമ്മെ നയിക്കുന്നത്. വ്യക്തി എന്ന നിലയിലും കുടുംബ-സാമൂഹിക മേഖലകളിലെ അംഗമെന്ന നിലയിലും പാലിക്കേണ്ട നിർദേശ തത്വങ്ങളുടെ സംഗ്രഹമാണ് ഇസ്‌ലാം. ആദർശ നിഷ്‌ഠയും ആത്മശുദ്ധിയുമുള്ള ഒരു സമൂഹത്തെയാണ് ഇസ്‌ലാം വളർത്തിയെടുക്കുന്നത്. നിലവിലുള്ളതിൽ നിന്ന് കൂടുതൽ മികച്ച മറ്റൊരവസ്ഥയിലേക്ക് എത്തിക്കുക എന്ന പ്രക്രിയയാണ് അത്. പ്രവാചക തിരുമേനി(സ)യുടെ നിയോഗ ലക്ഷ്യമായ ‘തസ്‌കിയത്തി’ന് ഇങ്ങനെയൊരർഥം കൂടിയുണ്ട്. ഇസ്‌ലാമിക പ്രമാണങ്ങളെയും ചരിത്ര പാഠങ്ങളെയും മുൻ‌നിർത്തി ആത്മശുദ്ധീകരണപ്രധാനമായ ആലോചനകളാണ് ഈ ബ്ലോഗിലുള്ള കുറിപ്പുകൾ.

ഇസ്‌ലാം
ജീവിത ശുദ്ധീകരണത്തിന്റെ പുതുമഴയാണ്.
വ്യക്തിത്വത്തിന് ചന്തമുള്ള വഴിയാണ്.
വിശ്വാസിയെ അത് ശാന്തനും പോരാളിയുമാക്കുന്നു.
ഉള്ളും പുറവും സ്‌ഫടിക സുന്ദരമാക്കുന്നു.
സദ്‌ഗുണങ്ങളിലൂടെ സംസ്കാര സമ്പന്നമാക്കുന്നു.

സ്വസ്ഥമായിരുന്ന് സ്വന്തത്തെക്കുറിച്ചാലോചിക്കാൻ ഇതാ അല്പം ചിന്തകൾ.....

Usage Policies