this site the web

ഹൃദയത്തില്‍ അനുകമ്പ കാത്തുവെക്കുക

അബൂലസ്‌ന    

“തിരുദൂതരേ, അവിടുത്തെ ജീവിതത്തിലെ ഏറ്റവും വേദനയേറിയ അനുഭവം ഏതാണ്‌?” പ്രിയപത്‌നി ആഇശ(റ)യുടെ ചോദ്യം തിരുനബിയെ നിമിഷങ്ങളോളം ആലോചനയിലാഴ്‌ത്തി. പ്രവാചകത്വ ലബ്‌ധിക്കു ശേഷമുള്ള സംഭവങ്ങളോരോന്നും ഓര്‍മയിലൂടെ ഒന്നൊന്നായി മിന്നിമറഞ്ഞു. ഒടുവില്‍ ദീര്‍ഘനിശ്വാസത്തോടെ ആലോചനയില്‍ നിന്നുണര്‍ന്നു, ശേഷം അവിടുന്ന്‌ പറഞ്ഞു: “ത്വാഇഫ്‌ യാത്ര. മക്കയിലെ കൊടുംപീഡനത്തില്‍ മനംനൊന്ത്‌ അത്യധികം പ്രതീക്ഷകളുമായാണ്‌ ഞാന്‍ അവിടേക്ക്‌ ചെന്നത്‌. പക്ഷേ, ബന്ധുക്കള്‍ പോലും കൈയൊഴിയുകയും എറിഞ്ഞോടിക്കുകയും ചെയ്‌തത്‌ മനസ്സിനെ ആഴത്തില്‍ നോവിച്ചു. ആ വേദന കാലങ്ങളോളം മനസ്സില്‍ മായാതെ നിന്നു.”

രക്തംപൊടിഞ്ഞ ചരണങ്ങളും കടുത്ത മനോവേദനയാല്‍ നനവ്‌ പൊടിഞ്ഞ നയനങ്ങളുമായി സെയ്‌ദുബ്‌നു ഹാരിസയോടൊപ്പം തിരിച്ചുനടക്കുമ്പോള്‍ മുന്നില്‍ ജിബ്രീല്‍ മാലാഖ തെളിഞ്ഞുവന്നു. ``ദൈവദൂതനെ നിര്‍ദയം എറിഞ്ഞാട്ടിയ ജനതയെ എന്തു ചെയ്യണം?'' മാലാഖയുടെ ചോദ്യത്തിനു മുന്നില്‍ ഒരു നിമിഷം തിരുദൂതര്‍ നിശ്ശബ്‌ദനായി, ആ ഹൃദയത്തില്‍ കാരുണ്യം പൊടിഞ്ഞു. “അറിവില്ലായ്‌മകൊണ്ടാണ്‌ നാഥാ, ഈ സമൂഹം ഇതെല്ലാം ചെയ്യുന്നത്‌. നീ ഇവര്‍ക്ക്‌ പൊറുത്തുകൊടുക്കേണമേ!'' മനസ്സില്‍ വേദനയുടെ കടലിരമ്പുമ്പോഴും ഹൃദയത്തില്‍ നിന്ന്‌ അനുകമ്പയുടെ മഹാപ്രവാഹം! പില്‍ക്കാലത്ത്‌ ഇതേ സമൂഹം ഒന്നാകെ ഇസ്‌ലാമിലേക്ക്‌ കടന്നുവന്നത്‌ തിരുദൂതര്‍ കണ്‍കുളിര്‍ക്കെ കണ്ടു. അപ്പോള്‍, തന്റെ അടിമയുടെ ഹൃദയത്തില്‍ അനുകമ്പയുടെ നിധി നിക്ഷേപിച്ച അല്ലാഹുവിന്റെ മഹത്വത്തെ അവിടുന്ന്‌ വാനോളം വാഴ്‌ത്തി.

ഇത്‌ തിരുനബിയുടെ ചരിത്രത്തിലെ ഏട്‌. മുന്‍ഗാമി ഇബ്‌റാഹീം(അ) ആര്‍ദ്രഹൃദയത്തിന്റെ ഉടമയായിരുന്നുവെന്ന്‌ ഇതേ ദൂതര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്‌. സദാചാരത്തിന്റെ അതിരുകളെല്ലാം തകര്‍ത്ത സദൂം ജനത മ്ലേച്ഛതയില്‍ ആറാടിയ കാലം. സ്വവര്‍ഗരതിയെന്ന വൃത്തികേടില്‍ മുങ്ങിയ അവരെ ഭൂലോകത്തുനിന്നും തുടച്ചുമാറ്റാന്‍ അല്ലാഹു നിശ്ചയിക്കുന്നു. തീരുമാനം നടപ്പാക്കാന്‍ വാനലോകത്തു നിന്നിറങ്ങിയ മാലാഖമാര്‍ യാത്രാ മധ്യെ ഇബ്‌റാഹീമി(അ)നെ കണ്ടു. തീരുമാനമറിഞ്ഞ അദ്ദേഹത്തിന്റെ അകം വിങ്ങി.

വ്യാകുലനായ അദ്ദേഹം മാലാഖമാരുമായി തര്‍ക്കിച്ചു. ശിക്ഷയിറങ്ങാന്‍ പോകുന്ന ജനതയുമായി അദ്ദേഹത്തിന്‌ ബന്ധമൊന്നുമില്ല. എന്നിട്ടും ഇബ്‌റാഹീമി(അ)ന്റെ കണ്ണുനനയുന്നു. ദയാ-കാരുണ്യത്തിന്നായി അവസാനം വരെ യാചിക്കുന്നു. അസ്സമയത്തെ അദ്ദേഹത്തിന്റെ അവസ്ഥ അല്ലാഹു വിവരിക്കുന്നതിങ്ങനെ: “ലൂത്വിന്റെ ജനതയുടെ കാര്യത്തില്‍ ഇബ്‌റാഹീം നമ്മോട്‌ തര്‍ക്കിക്കുന്നു. ഇബ്‌റാഹീം അത്യധികം അനുകമ്പയുള്ളവനും ഏറെ സഹനശീലനും പാശ്ചാത്താപമുള്ളവനുമാണ്‌, നിശ്ചയം.” (ഹൂദ്‌ 74,75)

നിഷ്‌കരുണം എറിഞ്ഞാട്ടിയ പിതാവും കുടുംബവും. ക്രൂരമായ ആഹ്ലാദത്തോടെ തീയിലെറിഞ്ഞ സമൂഹം. പക്ഷേ, ഇവര്‍ക്കുവേണ്ടി ഇബ്‌റാഹീം(അ) ചെയ്യുന്നതോ, ഗദ്‌ഗദകണ്‌ഠനായി അല്ലാഹുവിലേക്ക്‌ കൈകളുയര്‍ത്തുന്നു.

“പ്രിയനാഥാ, വിഗ്രഹങ്ങളാണ്‌ എന്റെ ജനതയിലെ അധിക പേരെയും വഴിതിരിച്ചുവിടുന്നത്‌. നീ പൊറുക്കുന്നവനും കാരുണ്യവാനുമല്ലോ.” (ഇബ്‌റാഹീം 36)

ദൈവികനിയമങ്ങള്‍ പവിത്രതയേറിയതാണ്‌. ഇതിന്റെ പ്രബോധന ബാധ്യത ഏറ്റെടുക്കുന്നവര്‍ ഇത്‌ തിരിച്ചറിഞ്ഞേക്കാം. എന്നാല്‍ ജനസമൂഹങ്ങളിലധികവും അറിവില്ലാത്തവരാണ്‌. ഇവര്‍ ദൈവിക അതിരുകള്‍ ലംഘിക്കുന്നത്‌ സ്വാഭാവികം. ഇത്‌ തിരിച്ചറിയപ്പെടാതിരുന്നുകൂടാ. ഇവരെ നേര്‍വഴിയിലാക്കാനും അതേവഴിയിലൂടെ നടത്താനും പണിയെടുക്കലാണ്‌ പ്രബോധനം. പ്രബോധിതരുടെ പ്രതികരണം എത്ര ഹീനമാണെങ്കിലും പ്രബോധകരുടെ മനസ്സില്‍ വെറുപ്പും വിദ്വേഷവും കടന്നുവന്നുകൂടാ; ദയാ-ദാക്ഷിണ്യം നിറഞ്ഞൊഴുകുകയാണ്‌ വേണ്ടത്‌. ജനങ്ങളുടെ ഹൃദയം കോപംകൊണ്ട്‌ കടുത്താല്‍ പ്രബോധകന്റേത്‌ അനുകമ്പയാല്‍ അലിയണം. അവര്‍ കടുത്ത ശിക്ഷ വഴി നശിപ്പിക്കപ്പെടണമെന്നാണ്‌ ദൈവനിശ്ചയമെങ്കില്‍ പോലും അനുകമ്പയുള്ള പ്രബോധകമനസ്സ്‌ അതിന്റെ പേരില്‍ അസ്വസ്ഥമാകുന്നു എന്നാണല്ലോ `ദൈവമിത്രം' നമ്മെ പഠിപ്പിക്കുന്നത്‌. പ്രബോധകനും പ്രബോധിതനും തമ്മിലുള്ള ഈ പവിത്രബന്ധത്തിന്റെ നൂലിഴ പൊട്ടുമ്പോഴാണ്‌ നാം ഇബ്‌റാഹീമി(അ)ല്‍ നിന്നും മുഹമ്മദി(സ)ല്‍ നിന്നും അകലുന്നത്‌.

പുണ്യംകൊണ്ടൊരു തഴമ്പ്‌

അബ്‌ദുല്‍വദൂദ്‌   

പ്രവാചകപൗത്രന്‍ ഹുസൈന്റെ(റ) മകനാണ്‌ സൈനുല്‍ആബിദീന്‍. അലി എന്നായിരുന്നു യഥാര്‍ഥ പേരെങ്കിലും ആരാധനയിലുള്ള സൂക്ഷ്‌മതയും ഭക്തിയും കൊണ്ട്‌ `സൈനുല്‍ആബിദീന്‍' (ആരാധനകര്‍ക്ക്‌ അലങ്കാരം) എന്ന പേരിലാണ്‌ അദ്ദേഹം അറിയപ്പെട്ടത്‌. കച്ചവടത്തിലൂടെ സമ്പന്നനായിത്തീര്‍ന്നെങ്കിലും ഒട്ടും അഹങ്കാരം കാണിക്കാതെ, പരലോകവിജയത്തിനുള്ള നല്ല മാര്‍ഗമായി അദ്ദേഹം ധനത്തെ വിനിമയം ചെയ്‌തു. രഹസ്യധര്‍മമായിരുന്നു അദ്ദേഹത്തിന്റെ സവിശേഷത. എല്ലാവരും ഗാഢനിദ്രയിലാകുമ്പോള്‍ പാതിരാത്രിയില്‍ പൊടിച്ചാക്കുകള്‍ തോളിലേറ്റി അദ്ദേഹം വീടുവിട്ടിറങ്ങും. യാചിക്കാന്‍ മടിയുള്ള പാവങ്ങളെ കണ്ടെത്തി അവര്‍ക്കത്‌ നല്‍കും. അവര്‍ക്കാര്‍ക്കും സ്വന്തം പേരോ വിവരങ്ങളോ അദ്ദേഹം നല്‍കില്ല. നിരവധി പട്ടിണിപ്പാവങ്ങള്‍ അദ്ദേഹം നല്‍കുന്ന ഉപജീവനത്തിലൂടെ സുഭിക്ഷമായി ജീവിച്ചു. പെട്ടെന്നൊരു ദിനംമുതല്‍ അദ്ദേഹത്തെ കാണാതായി. ആ പാവങ്ങളെല്ലാം പട്ടിണിയിലായി. പിന്നീടാണവര്‍ അറിയുന്നത്‌, ആ മഹാനായ മനുഷ്യന്‍ മരിച്ചുപോയെന്ന്‌! അപ്പോഴാണ്‌ പ്രവാചകന്റെ പൗത്രനായിരുന്നു ആ രഹസ്യധര്‍മിഷ്‌ഠന്‍ എന്ന്‌ ജനങ്ങളെല്ലാം അറിയുന്നത്‌!

സൈനുല്‍ ആബിദീന്റെ മയ്യിത്ത്‌ കുളിപ്പിക്കാന്‍ വെച്ചപ്പോള്‍ ആ മുതുകില്‍ കട്ടിയായിക്കിടക്കുന്ന തഴമ്പ്‌ കണ്ടപ്പോള്‍ അതെന്താണെന്ന്‌ ആളുകള്‍ പരസ്‌പരം ചോദിച്ചു. ``പട്ടണത്തിലെ നൂറുകണക്കിന്‌ വീടുകളിലേക്ക്‌ പൊടിച്ചാക്കുകള്‍ ചുമന്ന തഴമ്പാണിത്‌. ഈ മനുഷ്യന്റെ വേര്‍പാടോടെ ആ പാവങ്ങള്‍ക്ക്‌ രക്ഷിതാവ്‌ നഷ്‌ടപ്പെട്ടു'' -കൂട്ടത്തിലൊരാള്‍ പറഞ്ഞു.

തഖ്വയുടെ സ്വാധീനമാണ്‌ സൈനുല്‍ആബിദീന്റെ ജീവിതത്തില്‍ തെളിഞ്ഞുകാണുന്നത്‌. പാതിരാവില്‍ പൊടിച്ചാക്കുമായി പാവങ്ങളെത്തേടി അലയാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്‌ ഈമാന്‍ ഒന്നുമാത്രമായിരുന്നു. മദീനയുടെ ഏതോ അറ്റത്ത്‌ സഹായിക്കാന്‍ ആരുമില്ലാതെ കഷ്‌ടപ്പെടുന്ന ഒരു വൃദ്ധയെക്കുറിച്ച്‌ ഉമര്‍(റ) അറിഞ്ഞു. പ്രഭാതത്തിനും മുമ്പ്‌ അദ്ദേഹം ആ വൃദ്ധയെ സഹായിക്കാനെത്തി. പക്ഷേ, അതിനും മുമ്പേ മറ്റാരോ വന്ന്‌ അവര്‍ക്ക്‌ വേണ്ടതെല്ലാം ചെയ്‌തുപോയിട്ടുണ്ട്‌! പിറ്റേ ദിവസം അതിലേറെ നേരത്തെ അദ്ദേഹമെത്തി. അപ്പോഴും തലേദിവസത്തെ കാഴ്‌ച തന്നെയായിരുന്നു, അവിടെ! മൂന്നാമത്തെ ദിവസം, ആ സേവകനെ കണ്ടുപിടിക്കാന്‍ ഏറെ നേരത്തെ ഉമര്‍ ആ വീട്ടിലെത്തി. ഇരുട്ട്‌ മായുന്നതിനും വളരെ മുമ്പ്‌ ഒരാള്‍ നടന്നുവരുന്നു! ആളെ വ്യക്തമാകുന്നില്ല. തൊട്ടടുത്തെത്തിയപ്പോള്‍ ഉമര്‍ അയാളെ കടന്നുപിടിച്ചു. അപ്പോഴാണ്‌ ആളെ തിരിച്ചറിയുന്നത്‌; ഖലീഫ അബൂബക്കര്‍!! ആളെ വ്യക്തമായപ്പോള്‍ ഉമര്‍ പറഞ്ഞതിങ്ങനെ: ``അബൂബക്കര്‍, എനിക്കറിയാമായിരുന്നു, താങ്കള്‍ക്കല്ലാതെ മറ്റാര്‍ക്കും എന്നെ ഈ വിഷയത്തില്‍ തോല്‍പിക്കാനാവില്ലെന്ന്‌.''

രഹസ്യജീവിതത്തിന്റെ ഉള്ളിന്റെയുള്ളിലും പരമമായ ഭക്തി സൂക്ഷിക്കാന്‍ സാധിക്കുന്നത്‌ വലിയ ഭാഗ്യമാണ്‌. ആരാധനകള്‍കൊണ്ടും പ്രാര്‍ഥനകള്‍ കൊണ്ടും കീര്‍ത്തനങ്ങള്‍ കൊണ്ടും ജീവിതത്തെ ധന്യമാക്കുന്നതോടൊപ്പം, സല്‍കര്‍മങ്ങള്‍കൊണ്ട്‌ ഐശ്വര്യപൂര്‍ണമാക്കുക കൂടി വേണം.

സ്വകാര്യ സന്ദര്‍ഭങ്ങളെ രണ്ടു രീതിയിലാണ്‌ നാം വിനിയോഗിക്കേണ്ടത്‌. ഒന്ന്‌, ആത്മവിചാരണയ്‌ക്ക്‌. സൂക്ഷ്‌മമായ ജീവിതരീതി വ്യക്തി ശുചിത്വത്തിനുള്ള നല്ല വഴിയാണ്‌. ജീവിതവഴികളില്‍ പറ്റിച്ചേര്‍ന്നിട്ടുള്ള അഴുക്കുകളെ കഴുകി വെടിപ്പാക്കാന്‍ സ്വകാര്യതയിലെ ആത്മവിചാരണ ഉത്തമമാര്‍ഗമാണ്‌. രണ്ടാമത്തേത്‌, സല്‍പ്രവര്‍ത്തികളാണ്‌. അറിയാനോ, അഭിനന്ദിക്കാനോ ആരുമില്ലാത്തപ്പോള്‍ മനസ്സ്‌ അല്ലാഹുവിലേക്ക്‌ മാത്രമായി കേന്ദ്രീകരിക്കപ്പെടും. തഹജ്ജുദിന്റെ അനുഭവം അതാണ്‌.

സ്വയം വിചാരണയ്‌ക്ക്‌ മാത്രമല്ല, സ്വയം വിശകലനത്തിനും സ്വകാര്യത തന്നെയാണുത്തമം. ഒറ്റയ്‌ക്കാവുമ്പോള്‍ എന്താണ്‌ മനസ്സില്‍ തോന്നുന്നത്‌? എന്തു ചെയ്യണമെന്നാണ്‌ ആഗ്രഹിക്കുന്നത്‌? എന്താണ്‌ ചെയ്യുന്നത്‌ എന്നൊക്കെ നിരീക്ഷിച്ച്‌ അവനവനെക്കുറിച്ച്‌ അറിയാം. തിന്മ ചെയ്യാനാണ്‌ മനസ്സ്‌ കൊതിക്കുന്നതെങ്കില്‍, ശക്തമായ ശിക്ഷണം ഇനിയും മനസ്സിനുണ്ടാകണമെന്നാണര്‍ഥം. ഒമ്പത്‌ വസ്വിയ്യത്തുകള്‍ നല്‍കുന്ന പ്രസക്തമായ ഒരു ഹദീസില്‍, ആദ്യത്തെ വസ്വിയ്യത്ത്‌ ``സ്വകാര്യ ജീവിതത്തിലും പരസ്യജീവിതത്തിലും കളങ്കങ്ങളില്ലാതെ ജീവിക്കുക'' എന്നാണ്‌. അല്ലാഹുവെപ്പറ്റിയുള്ള ഭയവും ഭക്തിയും കൂടുതല്‍ പ്രകടമാകേണ്ടത്‌ സ്വകാര്യതയിലാണ്‌. നല്ലത്‌ ചെയ്‌തും നല്ലതു കണ്ടും നല്ലത്‌ കൊതിച്ചും സ്വകാര്യ സന്ദര്‍ഭങ്ങള്‍ക്ക്‌ അര്‍ഥം നല്‍കുക! സൈനുല്‍ ആബിദീനും ഉമറും അബൂബക്‌റും ആ അര്‍ഥമാണ്‌ ആഹ്വാനം ചെയ്യുന്നത്‌. മായാത്ത തഴമ്പായി മുതുകില്‍ ബാക്കിയായത്‌, സ്വകാര്യതയിലും ജ്വലിച്ചുനിന്ന ഈമാനിന്റെ അഴകാണ്‌.

താക്കോല്‍ പൂട്ടാനുമുള്ളതാണ്‌

അബ്‌ദുല്‍ വദൂദ്   

ജലീല്‍ അഹ്‌സന്‍ നദ്‌വിയുടെ റാഹേ അമലില്‍ ഉദ്ധരിക്കുന്ന ഒരു തിരുവചനം: “തിരുനബി(സ) അരുളുന്നു: അന്ത്യദിനത്തില്‍ അല്ലാഹു തന്റെ ഒരടിമയെ അഭിമുഖീകരിച്ച്‌ ചോദിക്കുന്നു: നിനക്ക്‌ നാം മാന്യതയും നേതൃത്വവും നല്‌കിയില്ലേ? നിനക്ക്‌ നാം ഇണയെ നല്‌കിയില്ലേ? വാഹനങ്ങള്‍ നല്‌കിയില്ലേ? നേട്ടമുണ്ടാക്കാനുള്ള അവസരങ്ങള്‍ നല്‌കിയില്ലേ? ഓരോ ചോദ്യത്തിനും ‘അതെ’ എന്നയാള്‍ ഉത്തരം പറയും. അല്ലാഹു വീണ്ടും ചോദിക്കും: നമ്മെ കണ്ടുമുട്ടുമെന്ന്‌ നീ വിചാരിച്ചിരുന്നുവോ? ഇല്ല എന്നയാള്‍ മറുപടി പറയും. അപ്പോള്‍ അല്ലാഹുവിന്റെ മറുപടി ഇങ്ങനെ: നീ അന്ന്‌ എന്നെ മറന്നതുപോലെ ഇന്ന്‌ ഞാന്‍ നിന്നെയും മറക്കുന്നു. ശേഷം മറ്റൊരാളെ അഭിമുഖീകരിക്കുന്നു. അയാളുമായുള്ള സംഭാഷണവും ആദ്യത്തേതു പോലെ തന്നെ. മൂന്നാമതൊരാളെ അഭിമുഖീകരിക്കുന്നു. ഇതേ ചോദ്യങ്ങള്‍ അല്ലാഹു ചോദിക്കുമ്പോള്‍ അയാള്‍ പറയും: നാഥാ, ഞാന്‍ നിന്നിലും നിന്റെ വേദത്തിലും പ്രവാചകരിലും വിശ്വസിക്കുന്നു. നമസ്‌കാരവും നോമ്പും ദാനധര്‍മങ്ങളും അനുഷ്‌ഠിച്ചു. കഴിയുന്നത്ര പുണ്യകര്‍മങ്ങള്‍ ചെയ്‌തു. ഈ വാക്കുകള്‍ അയാള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കും. അപ്പോള്‍ അല്ലാഹു പറയും: നിര്‍ത്തുക! നിനക്കെതിരെ ഇപ്പോള്‍ തന്നെ ഞാന്‍ സാക്ഷിയെ കൊണ്ടുവരും! അപ്പോള്‍ അയാള്‍ ആലോചിക്കും: ആരായിരിക്കും എനിക്കെതിരെ ഇവിടെ സാക്ഷിയായി വരിക? അപ്പോഴതാ, അയാളുടെ വായക്ക്‌ സീല്‍വെക്കുന്നു! തുടയോട്‌ ‘സംസാരിക്കുക’ എന്നാജ്ഞാപിക്കുന്നു. അപ്പോള്‍ അയാളുടെ തുടയും മാംസവും എല്ലും അയാളുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി സംസാരിക്കുന്നു! അവന്‍ ഒഴികഴിവ്‌ പറയാതിരിക്കാനാണ്‌ അങ്ങനെ ചെയ്യുന്നത്‌. അവന്‍ കപടനാണ്‌. അവനു മേല്‍ അല്ലാഹുവിന്റെ കോപമുണ്ട്‌.” മുസ്‌ലിം ഉദ്ധരിക്കുന്ന ഈ തിരുവചനം ഭയപ്പെടുത്തുന്ന സന്ദേശങ്ങളാണ്‌ പകരുന്നത്‌. ഇഹലോകത്ത്‌ അനുഗ്രഹങ്ങളായി കിട്ടിയ അവയവങ്ങള്‍ പരലോകത്ത്‌ എതിര്‍സാക്ഷികളായി തിരിഞ്ഞുകുത്തുന്നു!

കാഴ്‌ചയ്‌ക്കുള്ള അനുഗ്രഹമാണ്‌ കണ്ണ്‌. എല്ലാം കാണാനുള്ള അനുഗ്രഹമായിരിക്കുമ്പോള്‍ തന്നെ ചിലതൊന്നും കാണാതിരിക്കാനുള്ള അനുഗ്രഹം കൂടിയാണത്‌. നാവും കാതും കൈകാലുകളുമെല്ലാം ഇങ്ങനെ തന്നെ. ചിലതൊന്നും പറയാതെയും കേള്‍ക്കാതെയും ചെയ്യാതെയും ശീലിക്കുമ്പോള്‍ മാത്രമേ വിശ്വാസത്തിന്റെ സദ്വഴി പ്രാപിക്കാന്‍ കഴിയൂ. അഴുക്കുകള്‍ നിറഞ്ഞ കാലത്തിലൂടെയാണ്‌ നമ്മുടെയെല്ലാം സഞ്ചാരം. അഴുക്കിലൂടെ നീങ്ങുമ്പോഴും അഴുക്കൊന്നും നമ്മിലേക്ക്‌ തെറിക്കരുത്‌. പാപത്തിന്റെ പൊടിപടലങ്ങള്‍ നമ്മില്‍ പതിയരുത്‌. ഈ ജാഗ്രതയാണ്‌ തഖ്‌വ*.

അബ്‌ദുല്ലാഹിബ്‌നു മസ്‌ഊദ്‌(റ) പറയുന്നു: “സത്യം ഇച്ഛയെ നയിക്കുന്ന കാലത്താണ്‌ ഇപ്പോള്‍ നമ്മള്‍. ഇച്ഛ സത്യത്തെ നയിക്കുന്ന ഒരു കാലം ഇനി വരാനുണ്ട്‌. ആ കാലത്തില്‍ നിന്ന്‌ ഞാന്‍ അല്ലാഹുവിനോട്‌ അഭയം തേടുന്നു.” ഇബ്‌നുമസ്‌ഊദ്‌(റ) ഭയപ്പെട്ട ആ ദുഷിച്ച കാലത്താണ്‌ നാമിന്ന്‌ ജീവിക്കുന്നത്‌. മനസ്സും ശരീരവും തിന്മകള്‍ കൊതിക്കുകയും തിന്മകളിലേക്ക്‌ കുതിക്കുകയും ചെയ്യുന്ന കാലമാണിത്‌. പെരുകിപ്പരന്ന തിന്മകള്‍ക്കിടയിലൂടെയാണ്‌ ഓരോരുത്തരുടെയും ജീവിതം. കടുത്ത പോരാട്ടമാണ്‌ നമ്മില്‍ നിന്നുണ്ടാകേണ്ടത്‌. തിന്മകള്‍ക്കു മുന്നില്‍ തോറ്റു കൊടുക്കാന്‍ ആര്‍ക്കും കഴിയും. ജയിച്ചുകിട്ടാനാണ്‌ പ്രയാസം. ശൈഖ്‌ അബ്‌ദുല്‍ഖാദിര്‍ ജീലാനി(റ)യുടെ ഒരുപദേശമുണ്ട്‌: “മകനേ, ഹൃദയത്തിന്റെ കര്‍മം ഇല്ലാതെയുള്ള നാവിന്റെ സഞ്ചാരം സത്യസരണിയില്‍ ഒരു ചുവടും മുന്നോട്ടുവെക്കാന്‍ നിന്നെ സഹായിക്കില്ല. അവയവങ്ങളെ തെറ്റില്‍ നിന്ന്‌ തടയുക. ഹൃദയത്തെ ദുര്‍വിചാരങ്ങളില്‍ നിന്നകറ്റുക.” (അല്‍ഫത്‌ഹുര്‍റബ്ബാനി 29)

“തന്റെ നാഥന്റെ സന്നിധിയില്‍ ഹാജരാകേണ്ടി വരുമല്ലോ എന്ന്‌ ഭയപ്പെടുകയും ദേഹേച്ഛയില്‍ നിന്ന്‌ ആത്മാവിനെ തടയുകയും ചെയ്യുന്നവര്‍- സ്വര്‍ഗമാണ്‌ അവര്‍ക്കുള്ള അവസാന സങ്കേതം” (അന്നാസിആത്ത്‌ 40, 41) എന്ന ഖുര്‍‌ആന്‍ വചനമാണ്‌ നമ്മുടെ വിചാരങ്ങളെയും കര്‍മങ്ങളെയും നയിക്കേണ്ടത്‌. വാക്കും നോക്കും പ്രവൃത്തിയും അല്ലാഹുവിനോടുള്ള ഭയത്താല്‍ നിയന്ത്രിക്കപ്പെടണം. പ്രമുഖ താബിഈ പണ്ഡിതന്‍ അത്വാഉബ്‌നു റബീഅ്‌(റ) പുത്രന്‌ നല്‌കുന്ന ഉപദേശം അര്‍ഥവത്താണ്‌: “മകനേ നമ്മുടെ പൂര്‍വികര്‍ അനാവശ്യ സംസാരം ഇഷ്‌ടപ്പെട്ടിരുന്നില്ല. ദീനിനോ ദുന്‍യാവിനോ പ്രയോജനം ചെയ്യാത്തതെല്ലാം അനാവശ്യ സംസാരങ്ങളാണ്‌. ഖുര്‍ആന്‍ പഠിക്കുക, നല്ല പുസ്‌തകങ്ങള്‍ വായിക്കുക, നന്മ കല്‌പിക്കുക, തിന്മ തടയുക, വിജ്ഞാനം നേടുക, അത്യാവശ്യത്തിനു മാത്രം സംസാരിക്കുക.”

നാവിന്റെ കാര്യത്തിലുള്ള ഈ നിര്‍ദേശം മറ്റ്‌ അവയവങ്ങള്‍ക്കും ബാധകമാണ്‌. അല്ലാഹു നല്‌കിയ ഒരനുഗ്രഹം അതേ അല്ലാഹുവിനെ മറന്നുപോകാന്‍ കാരണമാകരുത്‌. കണ്ണുകൊണ്ട്‌ എല്ലാം കാണുമ്പോള്‍ തന്നെ ചിലതൊന്നും കാണാതിരിക്കുകയും ചെയ്യുമ്പോള്‍ അല്ലാഹു എന്ന ഓര്‍മ നമ്മെ സ്വാധീനിക്കുന്നുണ്ടെന്നാണ്‌ അര്‍ഥം. ഓര്‍ക്കുക, താക്കോല്‍ തുറക്കാനുള്ളത്‌ മാത്രമല്ല, പൂട്ടാനുള്ളതു കൂടിയാണ്‌!

-----------
തഖ്‌വ = (ദൈവത്തിലുള്ള) ഭയഭക്തി

ഉയര്‍ച്ചയുടെ വഴി

അബ്‌ദുല്‍വദൂദ്‌

കടല്‍ക്കരയിലെ പൂഴിമണലില്‍ പൂണ്ടുകിടക്കുന്ന ചിപ്പികളെ ശ്രദ്ധിച്ചിട്ടുണ്ടോ? ആരും ശ്രദ്ധിക്കാറില്ല. നിരവധിപേര്‍ അവയെ ചവിട്ടിക്കടന്നുപോകുമ്പോഴും അവ കൂടുതല്‍ കൂടുതല്‍ മണലിലേക്ക്‌ മറയും. വിലപിടിച്ച മുത്തുകള്‍ നിറച്ച ആ ചിപ്പികള്‍ നമ്മുടെ കാലിന്നടിയിലേക്ക്‌ ചെറുതാവുന്നു! ഉദാത്തമായ സന്ദേശം പകര്‍ന്നുതരുന്ന നിശ്ശബ്‌ദമായ പ്രവര്‍ത്തനമാണിത്‌.

ചെറുതാകുന്നതിലെ മഹത്വം തിരിച്ചറിയാന്‍ നമുക്കും സാധിക്കണം. അഹങ്കാരപ്പെരുമകളുടെ മനോമോഹങ്ങളില്‍നിന്ന്‌ സ്വയം മോചനം നേടി, എളിമയുടെ ഉന്നതിയിലേക്കുയരാന്‍ എല്ലാവര്‍ക്കും എളുപ്പം സാധിക്കില്ല. വിനയംകൊണ്ട്‌ ചെറുതാകാന്‍ ശീലിക്കുമ്പോള്‍ നാമറിയാതെ നമുക്കുയരാന്‍ സാധിക്കും. ഗര്‍വുകൊണ്ട്‌ വലുതാകാന്‍ മുതിരുമ്പോള്‍ മറ്റുള്ളവരുടെ കണ്ണില്‍ നാം ചെറുതാകാന്‍ തുടങ്ങും. “കാറ്റുകെടുത്തിയ വിളക്കുകളെത്ര! അഹന്ത നശിപ്പിച്ച ആരാധനകളെത്ര!” എന്ന വചനം ഈസാ നബി(അ)യുടേതായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്‌. ഇമാം ശാഫിഈ(റ) പറയുന്നു: “ഒരാള്‍ ഉള്ളതില്‍ കവിഞ്ഞ വില തനിക്കിട്ടാല്‍ യഥാര്‍ഥ വിലയിലേക്ക്‌ അല്ലാഹു അയാളെ താഴ്‌ത്തിക്കൊണ്ടുവരും.”

ചെറിയ ജീവിതം നയിച്ച്‌ വലിയ പദവിയിലേക്കുയരുന്നവരെക്കുറിച്ച തിരുവചനം ശ്രദ്ധേയമാണ്‌. തിര്‍മിദിയും അബൂദാവൂദും ഇബ്‌നുമാജയും ഇബ്‌നുഉമാമയില്‍ നിന്ന്‌ ഉദ്ധരിക്കുന്നു: “ഏറ്റവും ഇഷ്‌ടപ്പെട്ട വലിയ്യുകളെ സംബന്ധിച്ച്‌ അല്ലാഹു പറയുന്നു: ചെറിയ ജീവിതസൗഭാഗ്യങ്ങള്‍ മാത്രമുള്ളവരാണവര്‍, പക്ഷേ ധാരാളം നമസ്‌കരിച്ചവരായിരിക്കും. നല്ല ആരാധനകള്‍കൊണ്ട്‌ ധന്യമായിരിക്കും ആ ജീവിതം. അല്ലാഹുവിനെ രഹസ്യജീവിതത്തിലും അനുസരിച്ചും ഭയപ്പെട്ടും ജീവിച്ചവര്‍. ജനങ്ങള്‍ക്കിടയില്‍ അറിയപ്പെടാത്തവരാണവര്‍. ഒരു വിരലും അവര്‍ക്കുനേരെ ചൂണ്ടുന്നില്ല. പരിമിതമായ ഉപജീവനമാര്‍ഗങ്ങള്‍ മാത്രമേ അവര്‍ക്കുള്ളൂവെങ്കിലും അവരതില്‍ സംതൃപ്‌തരാണ്‌” -ഇത്രയും പറഞ്ഞ്‌ തിരുനബി(സ) അവിടുത്തെ കൈകള്‍ ചുരുട്ടിപ്പിടിച്ചു. ഇത്രകൂടി പറഞ്ഞ്‌ തിരുവചനം അവസാനിപ്പിച്ചു: “അയാളുടെ മയ്യിത്ത്‌ ഖബ്‌റടക്കുന്നു, അനന്തരാവകാശികളും അനന്തരസ്വത്തും അയാള്‍ക്ക്‌ വളരെ കുറച്ചുമാത്രം.”

ഭൗതിക കൗതുകങ്ങളുടെ മുന്നില്‍ അന്ധാളിച്ചു നിന്ന്‌, അവ സ്വന്തമാക്കാനുള്ള ഓട്ടത്തിന്നിടയില്‍ യാഥാര്‍ഥ്യങ്ങള്‍ മറന്നുപോകുന്നവരാണ്‌ ആധുനിക മനുഷ്യര്‍.

മൂല്യങ്ങള്‍ മറന്ന്‌, ആര്‍ത്തിയുടെയും ആഡംബരത്തിന്റെയും വഴിയിലൂടെ സഞ്ചരിച്ച്‌, എല്ലാം നേടാന്‍ ശ്രമിച്ചിട്ടും ഒന്നും നേടിയതില്‍ തൃപ്‌തരാകാതെ ജീവിതം വിഫലമാക്കുന്നവര്‍! അവര്‍ക്കിടയിലാണ്‌ ഇങ്ങനെയുള്ള വലിയ്യുകള്‍ ജീവിക്കുന്നത്‌. ഭൗതിക സുഖങ്ങള്‍ അവരെ സ്വാധീനിക്കുകയേ ഇല്ല. പണവും പ്രതാപവും അവരെ തകര്‍ക്കുകയില്ല. പ്രസിദ്ധിയോ പ്രചാരണങ്ങളോ അവര്‍ കൊതിക്കുന്നില്ല. പത്രാസോ പത്രശ്രദ്ധയോ മോഹിക്കാതെ സ്വന്തം ബാധ്യതകള്‍ പൂര്‍ത്തീകരിച്ച്‌ ജന്മത്തെ സഫലമാക്കുന്നവരാണവര്‍. അവരുടെ പ്രാര്‍ഥന ഇങ്ങനെയായിരിക്കുമെന്ന്‌ തിരുനബി(സ) പഠിപ്പിക്കുന്നു: “അല്ലാഹുവേ, ഞാന്‍ നിന്റെ ദാസനാകുന്നു. നിന്റെ ദാസന്റെയും ദാസിയുടെയും പുത്രനുമാകുന്നു. എന്റെ കുടുമ നിന്റെ കയ്യിലാണ്‌. നിന്റെ വിധിയാണ്‌ എന്നില്‍ നടപ്പാകുന്നത്‌. എന്നെക്കുറിച്ച നിന്റെ തീരുമാനങ്ങള്‍ നീതിപൂര്‍വമാണ്‌. നീ സ്വയം വിളിച്ചതും നിന്റെ ഗ്രന്ഥത്തില്‍ അവതരിപ്പിച്ചതും നിന്റെ സൃഷ്‌ടികളിലാരെയെങ്കിലും നീ ഏല്‌പിച്ചതുമായ നിന്റെ സകല നാമങ്ങള്‍കൊണ്ടും ഞാന്‍ നിന്നോട്‌ ചോദിക്കുന്നു. ഖുര്‍ആനെ എന്റെ ഹൃദയത്തിന്റെ ശോഭയും എന്റെ മനസ്സിന്റെ പ്രകാശവും എന്റെ ദുഃഖത്തിന്റെ ശമനവും എന്റെ സങ്കടങ്ങളുടെ പരിഹാരവുമാക്കേണമേ...”

അല്ലാഹുവിനെ വലുതായിക്കണ്ട്‌, സ്വന്തം എളിമ ബോധ്യപ്പെടുന്ന പ്രാര്‍ഥനയാണിത്‌. തിരുനബി(സ) പഠിപ്പിക്കുന്നു: “വിനാശകരങ്ങളായ മൂന്നുകാര്യങ്ങള്‍ ഇവയാണ്‌. ദേഹേച്ഛയെ പിന്തുടരല്‍, പിശുക്കുകാണിക്കല്‍, സ്വന്തത്തെക്കുറിച്ച അമിതമായ മതിപ്പ്‌ -ഇതാണ്‌ കൂട്ടത്തില്‍ ഏറ്റവും ഗുരുതരമായിട്ടുള്ളത്‌.” (മിന്‍ഹാജുല്‍ മുസ്‌ലിം 273)

ബിശ്‌റുബ്‌നു ഹാരിസില്‍ ഹാഫി(റ)യുടെ ഒരു നിരീക്ഷണം ശ്രദ്ധേയമാണ്‌: “തന്റെ കര്‍മങ്ങള്‍ വലുതായി കാണുകയും മറ്റുള്ളവരുടെ പ്രവര്‍ത്തനങ്ങള്‍ നിസ്സാരമായി ഗണിക്കുകയും ചെയ്യുന്നതാണ്‌ അപകടം.” ഫുദൈലുബ്‌നു ഇയാദ്‌ പറയുന്നു: “മനുഷ്യനില്‍ മൂന്നില്‍ ഒരു സ്വഭാവം ഉണ്ടായാല്‍ പിശാച്‌ സംതൃപ്‌തനാകും. സ്വന്തത്തെക്കുറിച്ച അതിരുവിട്ട മതിപ്പും തന്റെ പ്രവര്‍ത്തനങ്ങളെ വലുതായി കാണുന്നപ്രവണതയും തന്റെ തെറ്റുകളെ ചെറുതായി കാണുന്ന രീതിയുമാണ്‌ ആ മൂന്ന്‌ സ്വഭാവങ്ങള്‍.”

ലാളിത്യത്തിന്റെ സൗന്ദര്യമാണ്‌ വിശ്വാസിയില്‍ തെളിയേണ്ടത്‌. ഉള്ളും പുറവും കഴുകിത്തുടച്ച പരിശുദ്ധമായ ജീവിതം. അഹന്തയും നാട്യങ്ങളുമില്ലാതെ, പ്രശസ്‌തിമോഹമോ ജനശ്രദ്ധയോ കൊതിക്കാതെയുള്ള ജീവിതം, ജനങ്ങളുടെ കണ്ണില്‍ ചെറിയവനായാലും അല്ലാഹുവിന്റെ പരിഗണനയില്‍ വലിയവനാകാനാണ്‌ അയാള്‍ കൊതിക്കുക. ഈ ലോകത്തെയല്ല, മറ്റൊരു ലോകത്തെ നേട്ടങ്ങളിലാണ്‌ അയാള്‍ മോഹം വെക്കുക. ആരും അംഗീകരിച്ചില്ലെങ്കിലും അല്ലാഹു അംഗീകരിക്കുമെന്നും ആരൊക്കെ കൈവിട്ടാലും അല്ലാഹു കൈവിടില്ലെന്നുമുള്ള വിശ്വാസമാണ്‌ വിശ്വാസിയുടെ കരുത്തും കര്‍മശക്തിയും.

പ്രശസ്‌തിമോഹം ജാഹിലിയ്യത്താണ്‌. ആ ജാഹിലിയ്യത്തിന്റെ കളങ്കം നമ്മെ സ്‌പര്‍ശിക്കരുത്‌. ഇസ്‌ലാമിക പ്രസ്ഥാനങ്ങളില്‍ പോലും ഈ ജാഹിലിയ്യത്തിന്റെ ചെറിയ പൊടിയും കരിയും കലരുന്നത്‌ നമ്മെ ഏറെ ഭയപ്പെടുത്തേണ്ടതുണ്ട്‌; അല്ലാഹുവേ, നിന്നിലാണ്‌ രക്ഷ!

സൗമ്യത ഒരു സൗഭാഗ്യം

അബൂലസ്‌ന  

നാവ്‌ ആയുധമാണ്‌. വാക്കുകള്‍ ആയുധപ്രയോഗവുമാണ്‌. അത്‌ അസ്ഥാനത്ത്‌ പ്രയോഗിക്കുകയോ അതിരുവിടുകയോ ചെയ്‌താല്‍ ഫലം വിപരീതമാവും.

അനുചരര്‍ക്കൊപ്പമിരിക്കുന്ന തിരുനബി(സ)യുടെ സന്നിധിയിലേക്ക്‌ സത്യനിഷേധിയായ ഹിസ്വീന്‍ ഖുസാഈ കയറിവന്നത്‌ എല്ലാവരിലും അമ്പരപ്പുളവാക്കി. ഹിസ്വീന്‍ ബുദ്ധിമാനും ഖുറൈശി പ്രമുഖനുമായിരുന്നു. അതിന്റെ അഹങ്കാരം അയാളുടെ മുഖത്ത്‌ നിഴലിടുകയും ചെയ്‌തിരുന്നു.

“മുഹമ്മദ്‌, താങ്കള്‍ ഞങ്ങളുടെ ദൈവങ്ങളെ ചീത്തവിളിക്കുകയും ഞങ്ങളെ അപമാനിക്കുകയും ചെയ്യുന്നു. താങ്കളുടെ പിതാവ്‌ നല്ലവനും മാന്യനുമായിരുന്നല്ലോ” -മുഖവുരയില്ലാതെ തന്നെ ഹിസ്വീന്‍ ചോദ്യമെറിഞ്ഞു. ഹിസ്വീനെ നോക്കി തിരുനബി(സ) വശ്യമായി പുഞ്ചിരിച്ചു. പിന്നെ സൗമ്യത തുളുമ്പുന്ന വാക്കുകളോടെ അവിടുന്ന്‌ മൊഴിഞ്ഞു: “നമുക്ക്‌ മണ്‍മറഞ്ഞ മുന്‍ഗാമികളെ വിടാം, ഹിസ്വീന്‍. നാം തമ്മിലായിക്കൂടേ?”

ഹിസ്വീന്‍ : തീര്‍ച്ചയായും

തിരുനബി : എത്ര ദൈവങ്ങളോടാണ്‌ നിങ്ങള്‍ പ്രാര്‍ഥിക്കുന്നത്‌?

ഹിസ്വീന്‍ : ഏഴെണ്ണത്തോട്‌. ഒന്ന്‌ ആകാശത്തും ആറെണ്ണം ഭൂമിയിലും.

തിരുനബി : രോഗംവരുമ്പോള്‍ നിങ്ങള്‍ ആരോട്‌ പ്രാര്‍ഥിക്കും?

ഹിസ്വീന്‍ : ആകാശത്തുള്ളവനോട്‌!

തിരുനബി : വിശപ്പും കെടുതിയും ബാധിക്കുമ്പോഴോ?

ഹിസ്വീന്‍ : ആകാശത്തുള്ളവനോടു തന്നെ!

തിരുനബി : സഹോദരാ, ഇതിലെന്തു നീതി? ആവശ്യങ്ങളെല്ലാം ആകാശത്തുള്ളവനോട്‌. പ്രാര്‍ഥനകള്‍ ഭൂമിയിലുള്ളവയോടും!

തിരുദൂതരുടെ മുഖത്തെ പുഞ്ചിരിയും വാക്കുകളിലെ സൗമ്യതയും ഹിസ്വീനെ വല്ലാതെ ആകര്‍ഷിച്ചു. ആ ചോദ്യങ്ങള്‍ അദ്ദേഹത്തെ ഇരുത്തിക്കളഞ്ഞു. തിരിച്ചുനടക്കുമ്പോള്‍ ഹിസ്വീന്റെ ഹൃദയത്തില്‍ ഇസ്‌ലാമിന്റെ വെളിച്ചം നിറഞ്ഞിരുന്നു.

തിരുനബിയുടെ ജീവിതം ഒരു പാഠശാല തന്നെയായിരുന്നുവെന്ന്‌ ചരിത്രം പറയുന്നു. തത്വങ്ങള്‍ പറയുകയല്ല, ജീവിതംകൊണ്ട്‌ പഠിപ്പിക്കുകയായിരുന്നു അവിടുന്ന്‌. വശ്യമായ പെരുമാറ്റവും സൗമ്യവും മൃദുലവും ദീപ്‌തവുമായ സംസാരവുമാണ്‌ പ്രബോധകന്റെ ഏറ്റവും വലിയ കൈമുതലെന്ന്‌ തിരുനബി(സ) ജീവിതംകൊണ്ട്‌ കാണിച്ചുകൊടുത്തു. ഹിസ്വീന്‍ ഖുസാഈ എന്ന കൊലകൊമ്പനെ മുട്ടുകുത്തിച്ചതും തന്റെ വഴിയെ നടത്തിയതും ദിവസങ്ങള്‍ നീണ്ട വാഗ്വാദത്തിലൂടെയായിരുന്നില്ല; സൗമ്യത വഴിഞ്ഞൊഴുകുന്ന മൂന്നേ മൂന്ന്‌ ചോദ്യങ്ങള്‍ കൊണ്ടായിരുന്നു.

നാവ്‌ ആയുധമാണ്‌. വാക്കുകള്‍ ആയുധപ്രയോഗവുമാണ്‌. അത്‌ അസ്ഥാനത്ത്‌ പ്രയോഗിക്കുകയോ അതിരുവിടുകയോ ചെയ്‌താല്‍ ഫലം വിപരീതമാവും. എന്നാല്‍ കൃത്യവും സദുദ്ദേശ്യപരവുമായ പ്രയോഗം അതിശയിപ്പിക്കുന്ന ഫലങ്ങള്‍ കൊണ്ടുവരുമെന്നു മാത്രമല്ല, ഇരുലോക വിജയത്തിന്റെ വാതില്‍ തുറക്കുകയും ചെയ്യും.

നാവും ചുണ്ടുകളും അല്ലാഹു നല്‌കിയ വിലപ്പെട്ട അനുഗ്രഹമാണെ ന്ന്‌ വിശുദ്ധ ഖുര്‍ആന്‍ (സൂറതുബലദ്‌ 9) പറയുന്നു. വിശ്വാസിയെ സംബന്ധിച്ചിടത്തോളം നാവും അതുകൊണ്ടുള്ള സംസാരവും സഹോദരനെ ഇണക്കാനും അവനെ നേര്‍വഴി നടത്താനുമുള്ള അവയവവും നിമിത്തവുമാകണം. അതേസമയം, അവനെ പിണക്കാ നും അവന്റെ മാനത്തിന്‌ ഹാനിവരുത്താനുമുള്ള ആയുധമായിക്കൂടതാനും. പരുഷമായ സംസാരം വായില്‍ നിന്ന്‌ കാതിലേക്കാണെത്തുക. അവിടെ ശ്രോ താവ്‌ മുഖംതിരിക്കുന്നു. വെറുപ്പും ശ ത്രുതയും വളരുകയും ചെയ്യുന്നു. സൗ മ്യത നിറഞ്ഞ വാക്കുകള്‍ വായില്‍ നി ന്ന്‌ തലച്ചോറിലാണെത്തുക. അവിടെ മൈത്രിയും സൗഹൃദവും പൂക്കുന്നു.

തിരുനബി(സ)യുടെ സംസാരം വാക്കുകള്‍ എണ്ണിയെടുക്കാവുന്നത്ര സാവകാശത്തിലായിരുന്നുവെന്ന്‌ ഹദീസുകള്‍ വിശദീകരിക്കുന്നു. അതുകൊണ്ടാണല്ലോ അവിടുത്തെ സദസ്സ്‌ സദാ നിറഞ്ഞുകവിഞ്ഞിരുന്നത്‌. ദുര്‍മാര്‍ഗിയെ നിമിഷനേരം കൊണ്ട്‌ സന്മാര്‍ഗിയാക്കാന്‍ മാത്രം ദീപ്‌തവും മൃദുലവുമായിരുന്നു തിരുനബി(സ)യുടെ മൊഴികള്‍. വ്യഭിചരിക്കാന്‍ അനുവാദം ചോദിച്ച്‌ തന്റെ മുമ്പിലെത്തിയവന്റെ മനസ്സിനെ കഴുകിത്തുടച്ച്‌ നന്മയില്‍ പൊതിഞ്ഞ്‌ മടക്കിയയക്കാന്‍ തിരുദൂതര്‍ക്കായത്‌ സൗമ്യഭാവം അവിടുത്തെ പ്രകൃതിയില്‍ അല്ലാഹു നിക്ഷേപിച്ചതുകൊണ്ടായിരുന്നു. വെറുപ്പ്‌ നിറഞ്ഞ മനസ്സുമായി തന്നെ കാണാനെത്തിയ അദിയ്യുബ്‌നു ഹാതിമിനെ വാക്കുകള്‍ കൊണ്ട്‌ വിസ്‌മയിപ്പിച്ച്‌ ഇസ്‌ലാമിലേക്ക്‌ വഴിനടത്തിയത്‌ സൗമ്യതയില്‍ പൊതിഞ്ഞ ആ മൊഴികളായിരുന്നു.

മാന്യവും സൗമ്യവുമായ സംസാര മര്യാദ ശീലിക്കേണ്ടത്‌ വീട്ടില്‍നിന്നാവണം. മാതാപിതാക്കളോടും കുടുംബങ്ങളോടും സൗമ്യമായി വര്‍ത്തിക്കാനും മാന്യമായി സംസാരിക്കാനും കഴിയാത്തവനെങ്ങനെ പ്രബോധിതരോട്‌ നന്നായി ഇടപഴകാന്‍ കഴിയും? “മാതാപിതാക്കളോട്‌ നീ `ഛെ' എന്നുപോലും പറയുകയോ അവരെ ആട്ടിയോടിക്കുകയോ ചെയ്യരുത്‌. അവര്‍ ഇരുവരോടും നീ മാന്യമായി സംസാരിക്കുക” (ഇസ്‌റാഅ്‌ 23) എന്നത്‌ സൗമ്യസംസാരത്തിന്റെ ഗൃഹപാഠം നടത്താനുള്ള ഖുര്‍ആനികാഹ്വാനമാണ്‌.

അനുയായികള്‍ക്ക്‌ സൗമ്യമായും അതീവഹൃദ്യമായും മതപാഠങ്ങള്‍ പകര്‍ന്നു കൊടുക്കവെ തിരുനബി(സ) പറഞ്ഞു: “സ്വര്‍ഗത്തില്‍ ഒരു മാളികയുണ്ട്‌. പുറത്തുനിന്ന്‌ നോക്കുന്നവര്‍ക്ക്‌ മാളികയുടെ ഉള്‍വശം മുഴുവനും കാണാം. അതിന്റെ അകത്തുനിന്ന്‌ നോക്കുന്നവര്‍ക്ക്‌ പുറംഭാഗവും പൂര്‍ണമായി കാണാം.”

“ആ അത്ഭുത മാളികയുടെ അവകാശികള്‍ ആരാണ്‌ തിരുദൂതരേ?” -സംസാരത്തില്‍ ലയിച്ചിരുന്ന അനുചരര്‍ക്കിടയില്‍ നിന്നെഴുന്നേറ്റ്‌ അബൂമൂസല്‍ അശ്‌അരി(റ) ചോദിച്ചു. “സംസാരത്തില്‍ സൗമ്യത കാണിക്കുന്നവരാണ്‌ അതിന്റെ അവകാശികളില്‍ ഒരു വിഭാഗം....” -തിരുനബി(സ) ഉത്തരം നല്‌കി. വിസ്‌മയങ്ങളുടെ സ്വര്‍ഗീയ മാളികയില്‍ പരലോകജീവിതം നയിക്കാനുള്ള സൗഭാഗ്യം നമ്മില്‍ എത്രപേര്‍ക്ക്‌ കിട്ടും?

മനസ്സ്‌ അശുദ്ധമായാല്‍

അബ്‌ദുല്‍വദൂദ്‌  

നാം ഉപയോഗിക്കുന്ന ഉപകരണങ്ങളെല്ലാം ഓരോ കമ്പനികളുടെ ഉല്‌പന്നങ്ങളാണ്‌. കമ്പനി യന്ത്രങ്ങളുടെ ഗുണത്തിനും മേന്മയ്‌ക്കുമനുസരിച്ചാണ്‌ ഉപകരണങ്ങളും നന്നാവുക. അങ്ങനെയെങ്കില്‍ വ്യക്തിയെന്ന നിലയില്‍ നമ്മുടെ വാക്കും കര്‍മവും ഇടപെടലും ഇടപാടുമെല്ലാം ഓരോ ഉല്‍പ്പന്നങ്ങളാണ്‌. അവയെല്ലാം ശരിയും ശുദ്ധവുമാവണമെങ്കില്‍ അവയുടെയെല്ലാം സ്രോതസ്സായ ഒരു യന്ത്രം നന്നാവണം; ആ യന്ത്രമാണ്‌ മനസ്സ്‌. മനസ്സ്‌ അശുദ്ധമായാല്‍ വാക്ക്‌ അശുദ്ധമായി. മനസ്സ്‌ അശുദ്ധമായാല്‍ വിചാരം അശുദ്ധമായി. മനസ്സ്‌ അശുദ്ധമായാല്‍ കര്‍മങ്ങളിലെല്ലാം ആ അശുദ്ധി പ്രകടമാകും.

എളുപ്പം കേടുവരാവുന്നതാണ്‌ മനസ്സ്‌. ഏറെ ശ്രദ്ധയും ജഗ്രതയുമുണ്ടെങ്കിലേ കേടില്ലാതെ നിലനിര്‍ത്താന്‍ പറ്റൂ. നിത്യജീവിതത്തിലെ വ്യത്യസ്‌ത മേഖലകളിലൂടെ നീങ്ങുന്ന ഓരോരുത്തരുടെയും മനസ്സ്‌ തിന്മകളിലേക്ക്‌ വഴുതാനുള്ള സാഹചര്യങ്ങള്‍ ഇന്നധികമാണ്‌. തിരക്കുപിടിച്ച ജീവിതയാത്രയില്‍ മനസ്സിനെ ശ്രദ്ധിക്കാതെ പോയാല്‍ മായ്‌ക്കാനാവാത്ത കറകള്‍ അതില്‍ വന്നുവീഴും. വികാരങ്ങളുടെ വാസകേന്ദ്രമാണ്‌ മനസ്സ്‌. ഓരോ വികാരവും പാകത്തിലും പക്വതയിലും നിയന്ത്രിക്കപ്പെടേണ്ടതാണ്‌.

ഡോ. ഫത്‌ഹീയകന്‍ രചിച്ച ഖവാരിബുന്നജാത്തി ഫീ ഹയാത്തിദ്ദുന്‍യാ എന്ന ഗ്രന്ഥം മനസ്സിന്റെ സ്വാധീനത്തെയും ശുദ്ധീകരണത്തെയും കൃത്യമായി വിശകലനം ചെയ്യുന്നുണ്ട്‌. അതില്‍ ഉദ്ധരിക്കപ്പെട്ട ഒരു നബിവചനം ശ്രദ്ധേയമാണ്‌. “മനുഷ്യന്‌ കാണാന്‍ കണ്ണും കേള്‍ക്കുവാന്‍ കാതും സംസാരിക്കുവാന്‍ നാവുമുണ്ട്‌. അവന്റെ കൈകള്‍ ചിറകുകളാണ്‌. കാലുകള്‍ സഞ്ചാരസഹായിയും. അവന്റെ മനസ്സ്‌ രാജാവാകുന്നു. രാജാവ്‌ നന്നായാല്‍ സൈന്യവും നന്നായി.'

മനസ്സിനെ നിയന്ത്രിച്ച്‌ ചിട്ടപ്പെടുത്താന്‍ വലിയ അധ്വാനവും ശ്രദ്ധയും ആവശ്യമുണ്ട്‌. അലസമായ ജീവിതം നയിക്കുന്നവരുടെ മനസ്സും അലസവും അശുദ്ധവുമായിത്തീരും. ദുര്‍വിചാരങ്ങളില്‍ നിന്നും ദുര്‍മോഹങ്ങളില്‍ നിന്നും കടഞ്ഞെടുത്ത്‌ മനസ്സിനെ വിമലീകരിക്കാന്‍ കഴിയണം.

“ജനങ്ങളില്‍ ഏറ്റവും ഉത്തമന്‍ ആരാണ്‌? സ്വഹാബിയുടെ ചോദ്യത്തിന്‌ തിരുനബി(സ)യുടെ മറുമൊഴി ഇങ്ങനെയായിരുന്നു: “മഖ്‌മൂമുല്‍ ഖല്‍ബ്‌ ഉള്ളവര്‍”. “അതാരാണ്‌?” “വഞ്ചനയില്ലാത്ത, അസൂയയില്ലാത്ത, അതിക്രമമില്ലാത്ത, ചതിയില്ലാത്ത ഭക്തിയുള്ള മനസ്സുള്ളവര്‍!”

ഫത്‌ഹിയകന്‍ ഉദ്ധരിക്കുന്ന മറ്റൊരു തിരുവചനം:“അല്ലാഹുവിന്‌ ഭൂമിയില്‍ ഒരു പാത്രമുണ്ട്‌. ഹൃദയമത്രെ അത്‌. അതില്‍ അല്ലാഹുവിന്‌ എറെയിഷ്‌ടം ദീനില്‍ അടിയുറച്ചതും വിശ്വാസത്താല്‍ ശുദ്ധമായതും സഹോദരങ്ങളോട്‌ നൈര്‍മല്യമുള്ളതുമായ ഹൃദയമാണ്‌.”

ഇമാം ഗസ്സാലി(റ)യുടെ നിരീക്ഷണങ്ങള്‍ ശ്രദ്ധേയമാണ്‌. വ്യക്തിയുടെ പരാജയത്തിന്റെ കാരണങ്ങള്‍ മൂന്നായി അദ്ദേഹം സംഗ്രഹിക്കുന്നുണ്ട്‌. ഒന്ന്‌, മനസ്സിന്റെ സംസ്‌കരണത്തിലും ശുദ്ധീകരണത്തിലും സംഭവിക്കുന്ന വീഴ്‌ച. രണ്ട്‌, ഇസ്‌ലാമിക നിയമങ്ങള്‍ പാലിക്കാന്‍ മനസ്സിനെ പാകപ്പെടുത്താതിരിക്കല്‍. മൂന്ന്‌, കേള്‍ക്കുകയും പറയുകയും ചെയ്യുന്ന കാര്യങ്ങള്‍ പ്രവര്‍ത്തനങ്ങളില്‍ പാലിക്കാതിരിക്കല്‍.

മനസ്സിനെ സംസ്‌കരിച്ചവന്‍ വിജയിച്ചുവെന്നും മലിനമാക്കിയവന്‍ പരാജിതനെന്നും ഖുര്‍ആന്‍ (അശ്ശംസ്‌ 8,9) പറയുന്നു. കല്ലിനേക്കാള്‍ കടുത്ത ഹൃദയങ്ങളെപ്പറ്റിയും ഖുര്‍ആന്‍ (2:74) വിവരിക്കുന്നുണ്ട്‌. തിന്മകളിലേക്ക്‌ നിരന്തരം പ്രേരിപ്പിക്കുന്നതാണ്‌ മനസ്സെന്നും ഖുര്‍ആന്‍ (12:53) താക്കീത്‌ ചെയ്യുന്നുണ്ട്‌. മനസ്സിനെ നിയന്ത്രിച്ചവര്‍ക്കുള്ളതാണ്‌ സ്വര്‍ഗമെന്നും അല്ലാഹു (79:40) പറയുന്നു.

വിശ്വാസിയുടെ മനസ്സിനാണ്‌ ഏറ്റവും വലിയ പരിഗണന. ആ മനസ്സ്‌ ഈമാന്‍കൊണ്ട്‌ നിറയുകയും സദ്വിചാരങ്ങള്‍കൊണ്ട്‌ സൗന്ദര്യമുള്ളതാവുകയും ചെയ്യുമ്പോള്‍ ആ ജീവിതത്തില്‍ സല്‍കര്‍മങ്ങള്‍ പൂത്തുനില്‌ക്കും.

ദീനുകൊണ്ടും ഭക്തികൊണ്ടും ഇഖ്‌ലാസ്വുകൊണ്ടും കടിഞ്ഞാണിട്ട്‌ മനസ്സിനെ ശുദ്ധീകരിക്കണം. തിന്മയിലേക്ക്‌ വശീകരിക്കപ്പെടുന്ന മനസ്സിനെ നന്മയിലേക്ക്‌ വലിച്ചടുപ്പിച്ച്‌ നല്ല വിചാരങ്ങള്‍കൊണ്ടും നല്ലതു ചെയ്യണമെന്ന വിചാരംകൊണ്ടും പ്രകാശമുള്ളതാക്കാന്‍ നിരന്തര ശ്രദ്ധ നല്‌കണം. വിശ്വാസത്തിന്റെ സ്വാധീനം ഒരു സെക്കന്റെങ്കിലും നഷ്‌ടമായാല്‍ ആ സെക്കന്റില്‍ പിശാച്‌ കൂടുകെട്ടും.

സ്വകാര്യവേളകളില്‍ മനസ്സിനെ ശക്തമായി വിലയിരുത്തേണ്ടതുണ്ട്‌. സദാ സമയവും നിരീക്ഷിച്ച്‌ കടുത്ത ശിക്ഷണത്തില്‍ പാകപ്പെടുത്തി മനസ്സില്‍ നന്മയുടെയും നേരിന്റെയും നല്ല നിലാവ്‌ പരത്താന്‍ സാധിക്കട്ടെ.

മനസ്സില്‍ നല്ലതു മാത്രം

അബ്‌ദുല്‍വദൂദ്‌  

സാമൂഹിക ജീവിതത്തിന്റെ സുരക്ഷിതത്വത്തിന്‌ നല്ല ശീലങ്ങള്‍ ധാരാളം പഠിപ്പിച്ച മതമാണ്‌ ഇസ്‌ലാം. വാക്കിലും നോക്കിലും കര്‍മങ്ങളിലും പാലിക്കേണ്ട പാഠങ്ങള്‍ ഒന്നും വിട്ടൊഴിയാതെ ഇസ്‌ലാമിലുണ്ട്‌. അച്ചടക്കവും അടുക്കും ചിട്ടയുമുള്ള വ്യക്തികളുടെ കൂട്ടായ്‌മയായിത്തീരേണ്ട മുസ്‌ലിം സമൂഹം, പരസ്‌പരമുള്ള പെരുമാറ്റങ്ങളിലും ധാരണകളിലും പുലര്‍ത്തേണ്ട സംസ്‌കാരം കൃത്യമായി പഠിപ്പിക്കപ്പെട്ടിട്ടുണ്ട്‌. അവ പിന്തുടരാതെ പോയാലുണ്ടാകാവുന്ന സാമൂഹിക ദുരന്തങ്ങള്‍ എത്ര വലുതായിരിക്കുമെന്നതിന്‌ എത്രയോ ഉദാഹരണങ്ങള്‍ നമുക്കു മുന്നിലുണ്ട്‌. ഖലീഫാ ഉസ്‌മാന്റെ(റ) വധവും ആഇശ(റ)യെ സംബന്ധിച്ച അപവാദ പ്രചാരണവും തന്നെ ധാരാളം! അപവാദ പ്രചാരണത്തെ നിശിതമായി വിമര്‍ശിച്ചുകൊണ്ടുള്ള സൂറത്തുന്നൂറിലെ വചനങ്ങള്‍ക്കിടയില്‍ അല്ലാഹു താക്കീതു ചെയ്യുന്ന ചില കാര്യങ്ങള്‍ കാലപ്പഴക്കങ്ങളെയെല്ലാം അതിജീവിക്കുന്ന മുന്നറിയിപ്പുകളാണ്‌: “നിങ്ങള്‍ നിങ്ങളുടെ നാവുകള്‍ കൊണ്ട്‌ അതേറ്റുപറയുകയും നിങ്ങള്‍ക്കൊരു വിവരവുമില്ലാത്തത്‌ നിങ്ങളുടെ വായ കൊണ്ട്‌ മൊഴിയുകയും ചെയ്‌തിരുന്ന സന്ദര്‍ഭം. അതൊരു നിസ്സാര കാര്യമായി നിങ്ങള്‍ ഗണിക്കുന്നു. അല്ലാഹുവിന്റെയുടക്കല്‍ അത്‌ ഗുരുതരമാകുന്നു.” (24:15) “വിശ്വാസികള്‍ക്കിടയില്‍ ദുര്‍വൃത്തി പ്രചരിക്കുന്നതിഷ്‌ടപ്പെടുന്നവര്‍ക്ക്‌ ഇഹത്തിലും പരത്തിലുമുണ്ട്‌ വേദനയേറിയ ശിക്ഷ!” (24:19) നിസ്സാരമായി അവഗണിക്കേണ്ട കാര്യത്തെ പെരുപ്പിച്ച്‌ വലുതാക്കിയതായിരുന്നു ആ പ്രശ്‌നം.

“വിശ്വസികളെപ്പറ്റി നല്ലതു മാത്രം എന്തുകൊണ്ട്‌ നിങ്ങള്‍ വിചാരിച്ചില്ല” എന്നൊരു ചോദ്യവും അല്ലാഹു ചോദിക്കുന്നുണ്ട്‌. മറ്റുള്ളവരെക്കുറിച്ച്‌ നല്ല വിചാരങ്ങള്‍ മാത്രമുണ്ടാവുക എന്നതാണ്‌ ഏറ്റവും പ്രധാനം. ബാക്കിയെല്ലാം അതിനെത്തുടര്‍ന്ന്‌ നല്ലതേ ആകൂ. ഒരാളുടെയും അഭിമാനത്തിന്‌ പരിക്കേല്‌പിക്കാതെ അതീവ സൂക്ഷ്‌മമായിരിക്കേണ്ടതുണ്ട്‌ നമ്മുടെ വാക്കും പ്രവൃത്തിയും. ഒരാളുടേയും മനസ്സിനെ മുറിപ്പെടുത്തുന്ന യാതൊന്നും നാവില്‍ നിന്നുതിര്‍ത്തിട്ടില്ലെന്ന്‌ ഉറപ്പുവരുത്താന്‍ സാധിക്കണം. ഉമര്‍(റ) പറഞ്ഞിട്ടുണ്ട്‌: “ഒരാളുടെ രൂപമോ പ്രവര്‍ത്തനമോ നിങ്ങളെ അത്ഭുതപ്പെടുത്തേണ്ടതില്ല. ബാധ്യതകള്‍ നിറവേറ്റുകയും ജനങ്ങളുടെ അഭിമാനം ക്ഷതപ്പെടുത്തുന്നതില്‍ നിന്ന്‌ മാറിനില്‌ക്കുകയും ചെയ്യുന്നവനാണ്‌ നല്ലവന്‍.” (കിതാബുസ്സുഹ്‌ദ്‌, ഇബ്‌നു മുബാറക്‌ 234)

“ആളുകളുടെ സ്വഭാവഗുണങ്ങള്‍ പരിശോധിച്ചപ്പോള്‍ ഏറ്റവും ഉത്തമമായിരിക്കേണ്ടത്‌ നാവിന്റെ സത്യനിഷ്‌ഠയാണ്‌” (തഹ്‌ദീബുത്തഹ്‌ദീബ്‌ 1:39) എന്ന വചനം ഈ വിഷയത്തിന്റെ അടിസ്ഥാന രേഖയാക്കാം. തിരുനബി(സ) പറയുന്നു: “രണ്ടുപേര്‍ കൂട്ടിക്കൊണ്ടുപോയി എന്നെ കാണിച്ചു തന്ന ഭയപ്പെടുത്തുന്ന കാഴ്‌ച; ഒരു വ്യക്തി മലര്‍ന്നു കിടക്കുന്നു. മറ്റയാള്‍ ഇരുമ്പു ദണ്ഡുകൊണ്ട്‌ അയാളുടെ മുഖം പിരടിയിലേക്ക്‌ പിടിച്ചുവലിക്കുന്നു. കണ്ണുകളില്‍ കൊളുത്തിട്ടു വലിച്ച്‌ പിരടിയിലേക്ക്‌ വീണ്ടും മുഖം തിരിച്ചുകൊണ്ടുപോവുകയും ചെയ്യുന്നു. പലവട്ടം അത്‌ ആവര്‍ത്തിക്കുന്നു. മുഖവും പിരടിയും പഴയ അവസ്ഥയിലേക്കെത്തുന്നു. വീണ്ടും ഇതേ പീഡനം. എന്താണ്‌ ഈ ഭയങ്കര കാഴ്‌ച എന്നു ഞാന്‍ ചോദിച്ചു. രാവിലെ വീട്ടില്‍ നിന്നിറങ്ങി, ചക്രവാളങ്ങളോളം ചെന്നെത്തുന്ന നുണകളുമായി കറങ്ങി നടക്കുന്ന വ്യക്തിയാണിയാള്‍.”(ബുഖാരി 9:56)

“അത്രയൊന്നും കാര്യമാക്കാതെ അല്ലാഹുവിന്‌ കോപമുണ്ടാക്കുന്ന ഒരു വാക്ക്‌ പറഞ്ഞതിലൂടെ ഒരാള്‍ നരകത്തില്‍ പ്രവേശിച്ചേക്കാം” (ബുഖാരി 8:125) എന്ന തിരുവചനം ജാഗ്രതയോടെ ഉള്‍ക്കൊള്ളേണ്ടതുണ്ട്‌. സ്വന്തത്തെക്കുറിച്ച്‌ പറയുമ്പോഴും അന്യരെ വിലയിരുത്തുമ്പോഴും നാം കൂടുതല്‍ ശ്രദ്ധ കാണിക്കേണ്ടതുണ്ട്‌. ഇന്നല്ലെങ്കില്‍ നാളെ ഒരാള്‍ക്കും പ്രയാസകരമാവുന്ന യാതൊന്നും നമ്മില്‍ നിന്നുണ്ടാകാതിരിക്കാനുള്ള ജാഗ്രതയുണ്ടാകണം; വാക്കിന്റെ വിലയാണ്‌ വ്യക്തിയുടെ വില. അന്യരെക്കുറിച്ച്‌ നല്ലതു മാത്രം കേള്‍ക്കാനും പറയാനും ഇഷ്‌ടപ്പെടുക. അങ്ങനെയൊക്കെയാകുമ്പോള്‍ നമ്മുടെ ഉള്ളില്‍ നിന്നും ഒരു പ്രകാശം വിടര്‍ന്നുല്ലസിക്കും, തീര്‍ച്ച!

ആശ്വാസമേകുന്ന ഈമാന്‍

അബ്‌ദുല്‍വദൂദ്‌  

ഇന്നലെ രാത്രിയും ഞാന്‍ ഉറങ്ങീട്ടില്ല. സഹിക്കാന്‍ കഴിയാത്ത വേദനയായിരുന്നു. എന്തിനാണ്‌ അല്ലാഹു ഇത്രയധികം എന്നെ കഷ്‌ടപ്പെടുത്തുന്നത്‌? ഞാനെന്റെ ജീവിതത്തില്‍ മനപ്പൂര്‍വം ആരെയും ഉപദ്രവിച്ചിട്ടില്ല. ഒരാള്‍ക്കും ഒരു പ്രയാസവും എന്റെ അടുത്തുനിന്നുണ്ടായിട്ടില്ല. എന്നിട്ടും ഞാനിത്രയധികം വേദനിക്കേണ്ടിവരുന്നു. എല്ലാത്തിലും അല്ലാഹു എന്തെങ്കിലും നന്മകള്‍ ചെയ്‌തിട്ടുണ്ടാകും അല്ലേ? എനിക്കീ ജീവിതത്തില്‍ വലിയ ആഗ്രഹങ്ങളൊന്നുമില്ല. കഴിയാവുന്ന വിധമൊക്കെ അധ്വാനിച്ച്‌ എന്റെ കുട്ടികളെ പോറ്റണം. അവരെ പഠിപ്പിക്കണം. ചെറിയ മോളെ കുളിപ്പിച്ച്‌ നല്ല വസ്‌ത്രമൊക്കെ ഉടുപ്പിച്ച്‌ നഴ്‌സറിയിലാക്കണം. പക്ഷേ അതൊന്നുമിനി എന്റെ ജീവിതത്തില്‍ നടക്കുമെന്ന്‌ തോന്നുന്നില്ല. ഈ കാലൊന്ന്‌ അനക്കാന്‍പോലും കഴിയുന്നില്ല. ഒരിറ്റു ഭക്ഷണംപോലും തൊണ്ടയിലൂടെ ഇറങ്ങുന്നില്ല. ഇത്രയധികം വേദന ഒരാളും സഹിക്കുന്നുണ്ടാവില്ല.

വേദന തളംകെട്ടിയ അനേകായിരം കുടുംബങ്ങളിലൊന്നാണിത്‌. നെഞ്ചുപിടയുന്ന അനുഭവങ്ങള്‍ മാത്രം കൂട്ടിനുള്ള എണ്ണമറ്റ രോഗികളുടെ കൂട്ടത്തില്‍ ഒരുവള്‍ മാത്രമാണവള്‍. പ്രതീക്ഷയും സ്വപ്‌നങ്ങളും സൗഭാഗ്യത്തിനില്ലാത്ത സാധുക്കള്‍. എങ്ങനെ ചിന്തിച്ചാലും ശുഭകരമല്ലാത്ത കാഴ്‌ചകള്‍ മാത്രം വിധിക്കപ്പെട്ട കുറേപേര്‍. അടുത്ത നേരത്തെ അന്നം അവര്‍ക്ക്‌ വലിയ ആശങ്കയുള്ള പ്രശ്‌നമാണ്‌. അത്രതന്നെ ആശങ്കയുള്ളതാണ്‌ ഓരോ നേരത്തെ മരുന്നുകളും.

വീഴാറായ വീടും പുരനിറഞ്ഞ പെണ്‍കുട്ടികളും ഒരുപാട്‌ അകലെയൊന്നുമല്ല, വളരെ അടുത്താണ്‌. ആ യുവതിയുടെ നാലുവയസ്സുകാരിയായ പിഞ്ചുമോള്‍ ഉമ്മയുടെ കൈപ്പടത്തില്‍ ഉഴിഞ്ഞുകൊടുത്ത്‌ കരയുന്നു. ആ കുട്ടിയുടെ വാടിവലഞ്ഞ മുഖം കാണുമ്പോള്‍ ആശ്വാസവാക്കുകളെല്ലാം അസ്‌തമിക്കുന്നു. കളിയും ചിരിയും മറന്ന ആ കുട്ടി കണ്ണീരുകലര്‍ന്ന വഴിയിലൂടെയാണ്‌ ജീവിതം തുടങ്ങുന്നത്‌!

ഇങ്ങനെയുള്ളവരെ കാണുമ്പോഴാണ്‌ നമ്മുടെ ഹൃദയത്തില്‍ കൊച്ചുകൊച്ചു വെളിച്ചങ്ങള്‍ പ്രകാശം പരത്തുന്നത്‌. ജീവിതത്തില്‍ എന്തൊക്കെയോ നഷ്‌ടപ്പെട്ടുവെന്ന്‌ കരുതുന്നവരാണ്‌ നമ്മള്‍. കൊതിച്ച പലതും കൈവരാതെ പോയല്ലോ, ആശിച്ച പലതും കൈവിട്ടുപോയല്ലോ എന്ന്‌ വിലപിക്കുന്നവര്‍. ഇതാ, ഇവരെയൊക്കെയൊന്ന്‌ പോയ്‌ക്കണ്ടുനോക്കൂ. അപ്പോഴറിയാം നമുക്ക്‌ നഷ്‌ടപ്പെട്ടതൊന്നും നഷ്‌ടങ്ങളായിരുന്നില്ല എന്ന്‌!

ഈ ജീവിതം അത്ര വലിയ പ്രതിഭാസമൊന്നുമല്ല. ഒരു ചെറിയ ശ്വാസവേള മാത്രമാണ്‌. ജനനത്തിന്റെയും മരണത്തിന്റെയും ഇടയിലെ എണ്ണിയെടുക്കാവുന്ന ഏതാനും ശ്വാസങ്ങള്‍! അതിന്നിടയ്‌ക്ക്‌ കുറച്ച്‌ സന്തോഷങ്ങള്‍, കുറെ ദു:ഖങ്ങള്‍, നേട്ടങ്ങള്‍, നഷ്‌ടങ്ങള്‍, ബന്ധങ്ങള്‍.. അതൊക്കെ അനുഭവിച്ച്‌ തീരുമ്പോഴേക്ക്‌ ജീവിതവും തീരുന്നു. ബാല്യകൗമാരയൗവന സുഖങ്ങള്‍ക്കൊടുവില്‍ വാര്‍ധക്യവും രോഗവും...! കൈക്കുമ്പിളില്‍ നിന്ന്‌ അറിയാതെ തുള്ളിപ്പോവുന്ന മഴവെള്ളം പോലെയാണ്‌ ജീവിതം. നമ്മള്‍ ഒട്ടും ആഗ്രഹിക്കാതെ തന്നെ ആനന്ദമില്ലാത്തത്‌ അനുഭവിക്കേണ്ടിവരുന്നു.

സിറിയയിലെ പ്രമുഖ പണ്ഡിതനും പരിഷ്‌കര്‍ത്താവുമായിരുന്ന ഡോ. മുസ്‌തഫസ്സിബാഈ പറയുന്നു: “നിങ്ങള്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും ജയില്‍ സന്ദര്‍ശിക്കുക. അല്ലാഹു താങ്കള്‍ക്കേകിയ സ്വാതന്ത്ര്യത്തിന്റെ മൂല്യമറിയാം. ആയുസ്സിലൊരിക്കല്‍ കോടതിയില്‍ ചെല്ലുക; അല്ലാഹു നല്‍കിയ നീതിയുടെ വിലയറിയാം. മാസത്തിലൊരിക്കല്‍ ഒരു ആശുപത്രി സന്ദര്‍ശിക്കുക. അല്ലാഹു അരുളിയ ആരോഗ്യത്തിന്റെ അനുഗ്രഹമറിയാം. ആഴ്‌ചയിലൊരിക്കല്‍ പൂന്തോപ്പില്‍ പോവുക. അല്ലാഹു താങ്കള്‍ക്കൊരുക്കിയ പ്രകൃതിഭംഗി കാണാം. ദിവസത്തിലൊരുവട്ടം ലൈബ്രറിയില്‍ പോവുക. അല്ലാഹു നല്‍കിയ ചിന്താശക്തിയറിയാം. ഓരോ നിമിഷവും ആ അല്ലാഹുവോട്‌ ബന്ധപ്പെടുക. അവന്‍ താങ്കള്‍ക്ക്‌ നല്‍കിയ ജീവിതാനുഗ്രഹങ്ങള്‍ ബോധ്യമാകും.” (മിന്‍മവാഖിഇല്‍ ഹയാത്ത്‌ 210)

അല്ലാഹുവെപ്പറ്റിയുള്ള ബോധ്യം വര്‍ധിക്കുന്നു. അവനേകിയ അനുഗ്രഹങ്ങളെ വലുതായി കാണാന്‍ കഴിയുന്നു. ലഭ്യമായ ജീവിതസുഖങ്ങള്‍ തന്നെ മികച്ചതാണെന്ന്‌ ബോധ്യമാകുന്നു. പരാതിയും പരിഭവവുമില്ലാത്ത ജീവിതം കൈവരുന്നു. വേദനകൊണ്ട്‌ പുളയുന്നവരുടെ മുറിവില്‍ സ്‌നേഹത്തിന്റെ സാന്ത്വനം നല്‍കുമ്പോള്‍ അവര്‍ അനുഭവിക്കുന്ന മനസ്സുഖത്തേക്കാള്‍ ആത്മീയ സുഖം അനുഭവിക്കാന്‍ നമുക്ക്‌ കഴിയും.

ഈമാനിന്റെ കരുത്തും കര്‍മശക്തിയും അപ്പോള്‍ നാമറിയും. കണ്ണീരുകൊണ്ട്‌ ജീവിതം കുതിര്‍ന്നവര്‍ക്ക്‌ ആശ്വാസത്തിന്റെ കൈത്താങ്ങ്‌ നല്‍കുമ്പോള്‍ ഈമാനിന്റെ ശക്തികൊണ്ട്‌ നമ്മുടെ കണ്ണും നിറയും. എത്ര പ്രതിസന്ധികളിലും കരയാത്ത കരുത്തുള്ളവരാക്കി നമ്മെ മാറ്റുന്നതും അല്ലാഹുവിന്റെ തിരുമുമ്പില്‍ കരയുന്ന കുഞ്ഞാക്കി നമ്മെ മാറ്റുന്നതും ഈമാന്‍ ആണ്‌. ആ ഈമാന്‍ വര്‍ധിക്കാനും ആ സുഖം അനുഭവിക്കാനും വിശ്രമമില്ലാത്ത സല്‍ക്കര്‍മങ്ങളിലേക്ക്‌ പുറപ്പെട്ടേ പറ്റൂ.

അതിരുകള്‍ അവഗണിക്കരുത്‌

അബ്‌ദുല്‍വദൂദ്‌

ആഭരണങ്ങള്‍ ഇല്ലാത്ത സ്‌ത്രീകള്‍ അയല്‍പക്കത്തുനിന്ന്‌ ആഭരണങ്ങള്‍ കടം വാങ്ങാറുണ്ട്‌. തങ്ങളുടേത്‌ എന്ന്‌ തോന്നിപ്പിച്ച്‌ അവര്‍ അത്‌ അണിഞ്ഞൊരുങ്ങുന്നു. കടം വാങ്ങിയ ആഭരണമണിഞ്ഞ്‌ നടക്കുമ്പോള്‍ മനസ്സില്‍ ഇരട്ടി ഭയമായിരിക്കും; അത്‌ നഷ്‌ടപ്പെടുമോ എന്ന ആധിയായിരിക്കും. മറ്റൊരാളുടെ വസ്‌തു ഉപയോഗിക്കുമ്പോള്‍ ഈ ഭയം നമുക്കെല്ലാമുണ്ട്‌. എന്നാല്‍ ഒന്ന്‌ സങ്കല്‌പിച്ചുനോക്കൂ, കണ്ണ്‌ ഇല്ലാത്ത ഒരാള്‍ സുഹൃത്തിന്റെ കണ്ണ്‌ കടം വാങ്ങുന്നു. കണ്ണ്‌ നല്‌കുമ്പോള്‍ അയാള്‍ ഒരു നിബന്ധന പറയുന്നു: “ഈ കണ്ണുകൊണ്ട്‌ തിന്മകളൊന്നും കാണരുത്‌! അഥവാ, വല്ല തിന്മയും നീ കണ്ടാല്‍ അത്‌ ഞാനറിയും, കാരണം കണ്ണ്‌ എന്റേതാണ്‌.” ഈ നിബന്ധന സ്വീകരിച്ച്‌ വാങ്ങിയ ആ കണ്ണുകള്‍ മുഖത്തുണ്ടാവുമ്പോള്‍ എത്ര ഭയത്തോടെയും ജാഗ്രതയോടെയുമായിരിക്കും നാം നടന്നുപോവുക! തിന്മകളിലേക്കൊന്നും നോക്കാതെ, അശ്ലീലങ്ങളൊന്നും കണ്ണില്‍ പെടാതെ ഏറെ പേടിയോടെയുള്ള നടത്തം. കാരണം, കണ്ണു തന്നവന്‍ ചിലതൊക്കെ പറഞ്ഞിട്ടുണ്ടെന്ന വിചാരം നമ്മെ ഭയപ്പെടുത്തുന്നു. എങ്കില്‍ സുഹൃത്തേ, നമ്മുടെ മുഖത്തുള്ള ഈ കണ്ണുകള്‍ തന്നവനും ഇങ്ങനെ ചിലതൊക്കെ പറഞ്ഞിട്ടില്ലേ? കാതു തന്നവന്‍ ചിലതൊന്നും കേള്‍ക്കരുതെന്ന്‌ പറഞ്ഞിട്ടില്ലേ? നാവു തന്നവന്‍ ചിലത്‌ പറയരുതെന്നും പറഞ്ഞിട്ടില്ലേ, കൈകാലുകള്‍ തന്നവന്‍ ചിലതൊന്നും ചെയ്യരുതെന്ന്‌ നിര്‍ദേശിച്ചിട്ടില്ലേ, ഉണ്ട്‌! പക്ഷേ, അങ്ങനെയൊരു ഭയം നമ്മെ നിരന്തരം നിയന്ത്രിക്കുന്നുണ്ടോ? ഇല്ലെങ്കില്‍ ഉണ്ടാവേണ്ടതുണ്ട്‌.

കണ്ണിനും കാതിനും മാത്രമല്ല, ജീവിതവഴികളെയാകെ നിയന്ത്രിക്കുകയും നന്നാക്കുകയും ചെയ്യുവാനാണ്‌ മതം. ഹറാമിന്റേയും ഹലാലിന്റെയും അതിരുകള്‍ അറിഞ്ഞും പാലിച്ചും ജീവിക്കുമ്പോള്‍ മാത്രമാണ്‌ ഇസ്‌ലാമിക വ്യക്തിത്വം സമ്പൂര്‍ണാവുക. “അവയാണ്‌ അല്ലാഹു നല്‌കുന്ന അതിരുകള്‍. നിങ്ങള്‍ അവയോട്‌ അടുക്കരുത്‌” (2:187). “അവയാണ്‌ അല്ലാഹുവിന്റെ അതിര്‍ത്തികള്‍. നിങ്ങളവയെ ലംഘിക്കരുത്‌. ആരെങ്കിലും അല്ലാഹു നല്‌കിയ അതിര്‍ത്തികള്‍ ലംഘിച്ചാല്‍ അവര്‍ അക്രമികളാകുന്നു. സ്വന്തത്തോടു തന്നെ അക്രമം കാണിച്ചവരാകുന്നു”(65:1). ഇങ്ങനെയാണ്‌ അല്ലാഹുവിന്റെ താക്കീതുകള്‍. സത്യവിശ്വാസികളുടെ സദ്‌ഗുണങ്ങള്‍ വിശദീകരിക്കുന്നിടത്ത്‌ “അവര്‍ അല്ലാഹുവിന്റെ അതിര്‍ത്തികള്‍ കാത്തുസൂക്ഷിക്കുന്നവരാണ്‌” എന്ന്‌ ഖുര്‍ആന്‍ (7:157) പറയുന്നുണ്ട്‌.

അതിര്‍ത്തികള്‍ പാലിക്കുന്നതില്‍ ഏറെ കൃത്യതയുള്ളവരാണ്‌ നമ്മള്‍. അയല്‍പക്കക്കാരോട്‌ തെറ്റാറുള്ളത്‌ അതിര്‍ത്തിയില്‍ അതിരു കടക്കുമ്പോളാണ്‌. പോലീസിനെ പേടിച്ചാണെങ്കിലും നിയമങ്ങള്‍ പാലിക്കുന്നതില്‍ നമുക്ക്‌ കണിശതയുണ്ട്‌. നമ്മുടെ പേരിലുള്ള ഭൂമിക്കുള്ളതുപോലെ നമുക്കും ഒരതിര്‍ത്തിയുണ്ട്‌ എന്ന വിചാരമാണ്‌ നമ്മെ നിയന്ത്രിക്കേണ്ടത്‌. അല്ലാഹു എന്ന ഭയംകൊണ്ടാണ്‌ നമ്മുടെ ഉള്ളും പുറവും ശുദ്ധീകരിക്കേണ്ടത്‌. അവന്റെ നിര്‍ദേശങ്ങള്‍, സംശയങ്ങളോ മറു ചോദ്യങ്ങളോ ഇല്ലാതെ അനുസരിക്കലാണ്‌ ജീവിതത്തിന്റെ സൗഭാഗ്യം!

ആദം നബി(അ)യോടും ഹവ്വായോടും സ്വര്‍ഗത്തിലെ ഒരു പ്രത്യേക പഴം ഭക്ഷിക്കരുതെന്ന്‌ അല്ലാഹു നിര്‍ദേശിച്ചതെന്തുകൊണ്ടാവാം? ആ പഴം മോശമായതുകൊണ്ടാണോ? അത്‌ കഴിച്ചാല്‍ വല്ല രോഗവുമുണ്ടാകുമെന്നതിനാലാണോ? അല്ല! സ്വര്‍ഗത്തിലെ പഴം നല്ല പഴമേ അകൂ. പക്ഷേ, അത്‌ ഭക്ഷിക്കരുത്‌! ഭക്ഷിക്കരുതെന്ന്‌ നിര്‍ദേശിച്ചാല്‍ ഭക്ഷിക്കരുത്‌! ഈ നിയമം നമ്മളെയും അവരെയും പഠിപ്പിക്കാനായിരുന്നുവോ ആ നിര്‍ദേശം?

നിയമങ്ങള്‍ പാലിക്കാതിരിക്കാന്‍ വേഗം സാധിക്കും. പാലിക്കണമെങ്കില്‍ ഏറെ പരിശ്രമങ്ങളും ത്യാഗസന്നദ്ധതയും ആവശ്യമുണ്ട്‌. ഹറാമും ഹലാലും പരിഗണിച്ചുകൊണ്ടുള്ള ജീവിതത്തില്‍ ഇവിടെ നഷ്‌ടങ്ങള്‍ പലതുമനുഭവിക്കേണ്ടിവരും. പല സൗഭാഗ്യങ്ങളും ത്യജിക്കേണ്ടി വരും. ഹറാമിന്റെയും ഹലാലിന്റെയും അതിരുകള്‍ പാലിക്കാത്തവര്‍ക്ക്‌ നേട്ടങ്ങള്‍ പലതും ലഭിക്കും. ലാഭങ്ങള്‍ ഏറെ കൈവരും. പക്ഷേ, എല്ലാം താല്‌ക്കാലികം മാത്രം!

എന്താണ്‌ തൗബ എന്ന്‌ ഒരു ഗ്രാമീണന്‍ അലി(റ)യോടു ചോദിച്ചു. ഉത്തരം ഇങ്ങനെയായിരുന്നു: “ആറു കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്‌ തൗബ. (1) സംഭവിച്ചതില്‍ ഖേദമുണ്ടാവുക, (2) വീഴ്‌ച സംഭവിച്ച നിര്‍ബ ന്ധ ബാധ്യതകള്‍ നിറവേറ്റുക, (3) ആര്‍ക്കെങ്കിലും വല്ലതും നല്‌കാന്‍ ബാധ്യതയുണ്ടെങ്കില്‍ അത്‌ തിരിച്ചുകൊടുക്കുക, (4) ഉപദ്രവിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുക, (5) നിന്റെ മനസ്സിനെ അല്ലാഹുവിനുള്ള അനുസരണയില്‍ അലിയിക്കുക; നീ അല്ലാഹുവിനോടുള്ള ധിക്കാരത്തില്‍ മുഴുകിയതുപോലെ, (6) മനസ്സിനെ അല്ലാഹുവിനുള്ള അനുസരണയുടെ കയ്‌പ്‌ അനുഭവിപ്പിക്കുക; അവനോടുള്ള ധിക്കാരത്തിന്റെ മാധുര്യം ആസ്വദിപ്പിച്ചതുപോലെ.”(കശ്ശാഫ്‌ 4:117)

അല്ലാഹുവിനെ ധിക്കരിച്ചുകൊണ്ടുള്ള ജീവിതമെന്നാല്‍ അവന്റെ നിയമനിര്‍ദേശങ്ങള്‍ അവഗണിച്ചുകൊണ്ടുള്ള ജീവിതമാണ്‌. കയ്‌പുള്ളതാണെങ്കിലും അവ നാം പാലിച്ചേ പറ്റൂ; എങ്കില്‍ നിലയ്‌ക്കാത്ത മധുരം ആസ്വദിക്കാം.

സൂക്ഷിക്കുക; മനസ്സില്‍ മറ വീഴരുത്‌

അബൂലസ്‌ന

സത്യവിശ്വാസത്തിന്റെ ശീതളച്ഛായയില്‍ അനുഗൃഹീതരായി ജീവിക്കുന്നവരാണല്ലോ നാം. പക്ഷേ, ഇതെത്ര കാലം? വിശുദ്ധമായ ഈ വഴിയിലൂടെത്തന്നെ മരണം വരെ നമുക്ക്‌ സഞ്ചരിക്കാനാവുമോ? “നാഥാ, സത്യവിശ്വാസത്തോടെയും പശ്ചാത്താപത്തോടെയും നീ എന്നെ നിങ്കലേക്ക്‌ വിളിക്കേണമേ” എന്ന്‌ നാം അകം നൊന്ത്‌ പ്രാര്‍ഥിക്കുന്നു. ഈ പ്രാര്‍ഥന പടച്ചവന്‍ സ്വീകരിക്കും എന്നതിന്‌ നമുക്ക്‌ എന്താണുറപ്പ്‌? ആശങ്കയുണര്‍ത്തുന്ന ഇമ്മാതിരി ആലോചനകള്‍ ജീവിതത്തിലെ ആമോദവേളകളില്‍ അലോസരമായി കടന്നുവരാറുണ്ടോ നമ്മില്‍?

അതെ, ഈ ആശങ്കയുടെ ചെറിയൊരു പൊട്ട്‌ എന്നുമെന്നും എപ്പോഴുമെപ്പോഴും നമ്മുടെ അകത്തുണ്ടാവണമെന്ന്‌ തിരുനബിയുടെ ജീവിതം നമ്മോട്‌ പറയുന്നു. മേല്‍കീഴാകുന്നതും മാറിമറിയുന്നതും ഉഴുതുമറിയുന്നതുമായ `ഖല്‍ബാ'ണ്‌ നമ്മുടെ നെഞ്ചകത്തിരിക്കുന്നത്‌. മുഷ്‌ടി വലിപ്പത്തിലുള്ള ആ മാംസക്കഷ്‌ണമാണ്‌ നമ്മുടെ ഇഹ-പര വഴി നിര്‍ണയിക്കുന്നത്‌. അതിന്റെ കാര്യത്തില്‍ തിരുദൂതര്‍ പുലര്‍ത്തിയിരുന്ന ആശങ്ക എത്രത്തോളമായിരുന്നുവെന്ന്‌ നോക്കൂ.

“ഹൃദയങ്ങളെ തിരിച്ചുമറിക്കാന്‍ കഴിവുള്ള നാഥാ, ഞങ്ങളുടെ ഹൃദയങ്ങളെ നീ നിനക്കുള്ള അനുസരണത്തില്‍ ഉറപ്പിച്ചു നിര്‍ത്തേണമേ” -അവിടുത്തെ ചുണ്ടുകളെ ഈ പ്രാര്‍ഥനാവാക്യങ്ങള്‍ ഇടക്കിടെ ചലിപ്പിക്കുമായിരുന്നു. ഇത്‌ സ്വഹാബികളെ അസ്വസ്ഥരാക്കി. തിരുനബി എന്തിനാണ്‌ ഇത്‌ ഇടക്കിടക്ക്‌ ചൊല്ലുന്നത്‌? ആ ഹൃദയം അല്ലാഹുവിന്റെ ദീന്‍ വിട്ട്‌ പുറത്തുപോവുമോ? അവരില്‍ ചിലര്‍ ഇക്കാര്യം നേരിട്ട്‌ ചോദിക്കുകയും ചെയ്‌തു: “തിരുദൂതരേ, ഞങ്ങള്‍ അല്ലാഹുവിലും താങ്കളിലും താങ്കള്‍ക്ക്‌ ഇറക്കപ്പെട്ടതിലും ദൃഢമായി വിശ്വസിക്കുന്നു. ഞങ്ങളുടെ ഹൃദയങ്ങള്‍ അല്ലാഹു മാറ്റിമറിക്കുമെന്നാണോ താങ്കള്‍ ആശങ്കപ്പെടുന്നത്‌?”

തിരുനബി പറഞ്ഞു: “ഹൃദയങ്ങള്‍ അല്ലാഹുവിന്റെ രണ്ട്‌ വിരലുകള്‍ക്കിടയിലാണ്‌. അത്‌ അവന്‍ എപ്പോഴും മാറ്റിമറിക്കാം.” (അബൂദാവൂദും തിര്‍മിദിയും ഉദ്ധരിച്ചത്‌.) അന്നു മുതല്‍ ആ പ്രാര്‍ഥന സ്വഹാബിമാരുടെ ചുണ്ടുകളിലും നിറഞ്ഞുനിന്നു.

സത്യവിശ്വാസം മഹാസൗഭാഗ്യമാണ്‌. അത്‌ വിരിക്കുന്ന തണലില്‍ നമ്മുടെ അകം കുളിരണിയുന്നു. മനസ്സിന്‌ ശാന്തിയും സമാധാനവും നിര്‍ഭയത്വവും പകരുന്നു. പടച്ചവന്റെ വഴിയിലാണ്‌ എന്ന തിരിച്ചറിവ്‌ ആര്‍ക്കാണ്‌ ധൈര്യം നല്‌കാതിരിക്കുക? പക്ഷേ, ഈ തണലും കുളിരും എന്നുമെന്നും തനിക്കുണ്ടാവുമെന്ന്‌ ഉറപ്പിച്ചു പറയാനാവില്ല. വിശ്വാസത്തിന്റെ വെളിച്ചത്തില്‍ ജീവിക്കുന്ന മുസ്‌ലിം എവിടെവെച്ചാണ്‌ അവിശ്വാസത്തിന്റെ അന്ധകാരത്തിലേക്ക്‌ വഴുതിവീഴുകയെന്ന്‌ ആര്‍ക്കും പറയാനാവില്ല.

സത്യനിഷേധം കടുത്ത ദൗര്‍ഭാഗ്യമാണ്‌. അസ്വസ്ഥതയും കുടുസ്സും ഭീതിയും അവിശ്വാസികളുടെ കൂടപ്പിറപ്പുകളാവും. എന്നാല്‍ നിഷേധത്തിന്റെ ഭാണ്ഡവും പേറി ജീവിതവഴി നടന്നു തീര്‍ക്കേണ്ടവരാണ്‌ അവരെന്ന്‌ ധരിക്കരുത്‌. വിശ്വാസവും നിഷേധവും തമ്മിലുള്ള അന്തരം വലുതാണ്‌. പക്ഷേ, അവ തമ്മിലുള്ള ദൂരം നന്നേ ചെറുതാണ്‌. സത്യനിഷേധത്തിന്റെ കറപുരണ്ട ഹൃദയം ഈമാനിന്റെ വിശുദ്ധിയിലേക്ക്‌ പറന്നുയരുന്നത്‌ എപ്പോഴാവുമെന്ന്‌ ആര്‍ക്കും പ്രവചിക്കാനാവില്ല.

ജുംഹ്‌ വംശജന്‍ വഹബിന്റെ പുത്രന്‍ ഉമൈര്‍ ധീരനായിരുന്നു. അയാളുടെ ഒരേയൊരു ആഗ്രഹം, തിരുനബിയെ വധിക്കുക എന്നതും. അതിന്‌ തടസ്സം കുടുംബ ഭാരം മാത്രം. അതേറ്റെടുക്കാന്‍ ഒരാള്‍ തയ്യാറായി. പിന്നെ വൈകിയില്ല. വിഷം പുരട്ടിയ വാളുമായി മദീനാ പള്ളിക്കു മുമ്പിലെത്തി. “അല്ലാഹുവിന്റെ ശത്രുവായ ശുനകന്‌ ഇവിടെയെന്തു കാര്യം?” -ഉമര്‍(റ) തടഞ്ഞു.

പക്ഷേ, കടത്തി വിടാനായിരുന്നു നബി(സ)യുടെ ഉത്തരവ്‌. വാളുമായി നബി(സ)യുടെ മുമ്പിലെത്തി. “ഉമൈര്‍, സത്യം പറയുക, എന്നെ കൊല്ലാന്‍ സ്വഫ്‌വാന്‍ പറഞ്ഞയച്ചതല്ലേ താങ്കളെ?” -നബി(സ)യുടെ ചോദ്യം കേട്ട്‌ ഉമൈറിന്റെ മുഖം മഞ്ഞളിച്ചു. വാള്‍ നിലത്തിട്ടു. സാക്ഷ്യവാക്യം ചൊല്ലി, തിരുദൂതരെ ആലിംഗനം ചെയ്‌തു ഉമൈര്‍. കണ്ണു നനച്ചു നില്‌ക്കുന്ന ഉമൈറിന്റെ ചുമലില്‍ തട്ടി അവിടുന്ന്‌ ആശ്വസിപ്പിച്ചു. നിഷേധത്തിന്റെ ഇരുളടഞ്ഞ ഹൃദയവുമായി തിരുനബിയെ വധിക്കാനെത്തിയ ഉമൈര്‍ വിശ്വാസത്തിന്റെ തിളക്കവുമായി മടങ്ങുന്നു. എല്ലാം നിമിഷനേരം കൊണ്ട്‌!

അബ്‌ദുല്ലാഹിബ്‌നു ഖത്വലിന്റെ ദുര്‍ഗതി നോക്കൂ: ഇയാള്‍ വിശ്വാസിയും തിരുസഹചാരിയുമായിരുന്നു. ഒരിക്കല്‍ തിരുനബി ഇയാളെ നികുതി പിരിക്കാനയച്ചു; കൂടെ ഭൃത്യനുമുണ്ടായിരുന്നു. പക്ഷേ, യഥാസമയം ഭക്ഷണം തയ്യാറാക്കി നല്‌കാത്ത ഭൃത്യനെ ഇയാള്‍ വധിച്ചു. നബി(സ)യില്‍ നിന്ന്‌ പ്രതികാരമുണ്ടാവുമെന്നറിഞ്ഞ ഇയാള്‍ വിശ്വാസമുപേക്ഷിച്ച്‌ മക്കയിലെത്തുന്നു. തിരുനബി(സ)ക്കെതിരെ കവിത ചമക്കലായിരുന്നു പിന്നീടയാളുടെ പണി. ഒടുവില്‍, കഅ്‌ബയുടെ മടിത്തട്ടിലിട്ട്‌ അയാളെ വധിക്കാന്‍ തിരുനബി ഉത്തരവിട്ടു. ഇയാളുടെ ഹൃദയത്തില്‍ കത്തിനിന്നിരുന്ന വിശ്വാസരൂപം എത്ര പെട്ടെന്നാണ്‌ അണഞ്ഞത്‌!

അല്ലാഹുവിന്റെ ഈ മുന്നറിയിപ്പ്‌ ആര്‍ക്കാണ്‌ അവഗണിക്കാനാവുക: “മനുഷ്യനും അവന്റെ മനസ്സിനുമിടയില്‍ അല്ലാഹു മറയിടുന്നതാണ്‌. അവങ്കല്‍ നിങ്ങള്‍ ഒരുമിച്ചു കൂട്ടപ്പെടുമെന്ന്‌ അറിഞ്ഞുകൊള്ളുക.” (അല്‍അന്‍ഫാല്‍ 24)

ശുദ്ധമാകട്ടെ; മുഖവും അകവും

അബ്‌ദുല്‍വദൂദ്‌

ആളുകള്‍ കാണുന്ന ഭാഗങ്ങള്‍ വളരെ മനോഹരമാണ്‌. ആളുകള്‍ക്ക്‌ കേള്‍ക്കാന്‍ നല്ല വാക്കുകള്‍ പറയുന്നു, നല്ല സുഗന്ധം പൂശുന്നു, അഴകുള്ള വസ്‌ത്രങ്ങള്‍ ധരിക്കുന്നു. ആകര്‍ഷകമായ അലങ്കാരങ്ങള്‍ കൊണ്ട്‌ നമ്മില്‍ നല്ല അഭിപ്രായങ്ങള്‍ ഉണ്ടാക്കുന്നതിനെക്കുറിച്ച്‌ കൂടുതല്‍ അറിഞ്ഞുനോക്കൂ. ആ നല്ല അഭിപ്രായങ്ങള്‍ കുറയുന്നുണ്ടോ? എങ്കില്‍ എവിടെയോ ഒരു പ്രശ്‌നമുണ്ട്‌. മറ്റുള്ളവരെക്കുറിച്ച്‌ ആലോചിക്കുന്നതിനു മുമ്പ്‌ നമുക്ക്‌ നമ്മെ വിലയിരുത്താനും നല്ലൊരു മാര്‍ഗമാണിത്‌. പരസ്യജീവിതവും സ്വകാര്യജീവിതവും കര്‍ശനമായി വിലയിരുത്തിയാല്‍ നമുക്ക്‌ നമ്മെ അറിയാം. “നിങ്ങള്‍ വിചാരണ ചെയ്യപ്പെടുന്നതിനു മുമ്പ്‌ സ്വയം വിചാരണ ചെയ്യുക. കര്‍മങ്ങള്‍ തൂക്കി നോക്കുന്നതിനു മുമ്പ്‌ നിങ്ങള്‍ സ്വയം അവയെ തൂക്കിനോക്കുക. വരാനിരിക്കുന്ന മഹ്‌ശറാ മഹാസംഗമത്തിന്‌ ഒരുങ്ങുക. ഇഹലോകത്തുവെച്ച്‌ സ്വയം വിചാരണ ചെയ്‌തവര്‍ക്ക്‌ പരലോകത്തെ വിചാരണ എളുപ്പമായിരിക്കും” എന്ന്‌ ഉമര്‍(റ) പറയുന്നുണ്ട്‌. (തിര്‍മിദി)

ഹൃദയത്തിലേക്കും കര്‍മത്തിലേക്കുമാണ്‌ അല്ലാഹുവിന്റെ നോട്ടവും നിരീക്ഷണവുമെന്ന്‌ നബി(സ) പറഞ്ഞു. ആളുകള്‍ കാണാനും അംഗീകരിക്കാനുമാണ്‌ മുഖം നന്നാക്കുന്നതെങ്കില്‍ അല്ലാഹുവിന്റെ തൃപ്‌തിയും സ്‌നേഹവും കൈവരിക്കാനാണ്‌ അകം നന്നാക്കേണ്ടത്‌. പക്ഷേ, ഈ വശം പലരും പലപ്പോഴും മറന്നുപോവുകയാണ്‌. ഏറ്റവുമധികം സൗന്ദര്യവര്‍ധക വസ്‌തുക്കള്‍ മുഖത്താണ്‌ പ്രയോഗിക്കുന്നത്‌. ഹൃദയത്തിന്റെ സൗന്ദര്യം ഈമാന്‍ ആണ്‌. ഈമാനിന്റെ അഴകും സല്‍കര്‍മങ്ങളുടെ അലങ്കാരവും കൊണ്ടാണ്‌ നാം ആത്മശുദ്ധി കൈവരിക്കേണ്ടത്‌. പുറമെയുള്ള അഴകിനേക്കാള്‍ നാം ശ്രദ്ധിക്കേണ്ടത്‌ അകത്തെ അഴകിനെയാണ്‌. നബി(സ)യുടെ വിഖ്യാത വചനം ബുഖാരി ഉദ്ധരിക്കുന്നു: “അറിയുക! ശരീരത്തില്‍ ഒരു മാംസപിണ്ഡമുണ്ട്‌. അത്‌ നന്നായാല്‍ ശരീരം മുഴുവന്‍ നന്നായി. അത്‌ ദുഷിച്ചാലോ, ശരീരം മുഴുവന്‍ ദുഷിച്ചു. ഹൃദയമാണ്‌ അത്‌.” ഈ ഹദീസ്‌ വിശദീകരിച്ച്‌ ഇബ്‌നു ഹജര്‍(റ) പറയുന്നു: “റസൂല്‍(സ) ഹൃദയത്തെ എടുത്തു പറഞ്ഞത്‌ ഹൃദയം ശരീരത്തിന്റെ ഭരണാധികാരിയായതു കൊണ്ടാണ്‌. ഭരണാധികാരി നന്നായാല്‍ പ്രജകള്‍ നന്നാകും. ഭരണാധികാരി ദുഷിച്ചാല്‍ പ്രജകളും ദുഷിച്ചു.” (ഫത്‌ഹുല്‍ ബാരി 1:26)

ഇമാം ഇബ്‌നുല്‍ ഖയ്യിം(റ) ഈ ആശയത്തെ കുറച്ചുകൂടി വിശദമാക്കുന്നു: “ശരീരത്തിന്‌ രോഗം പിടിപെടുന്നതുപോലെ ഹൃദയത്തിനും രോഗങ്ങള്‍ വരുന്നുണ്ട്‌. തൗബയും ഈമാനിന്റെ ഊര്‍ജവുമാണ്‌ ആ രോഗത്തിനുള്ള മരുന്നുകള്‍. കണ്ണാടിയുടെ തിളക്കം നഷ്‌ടപ്പെടുന്നതുപോലെ ഹൃദയത്തിന്റെ തിളക്കവും നഷ്‌ടപ്പെടും. അല്ലാഹുവിനെക്കുറിച്ചുള്ള ഓര്‍മകൊണ്ടാണ്‌ അതിനു തിളക്കം വര്‍ധിപ്പിക്കേണ്ടത്‌. ശരീരം നഗ്നമാകുന്നതുപോലെ ഹൃദയവും നഗ്നമാകും. തഖ്‌വ കൊണ്ടാണ്‌ അതിനെ ഉടുപ്പിട്ട്‌ അലങ്കരിക്കേണ്ടത്‌. ശരീരത്തിനുള്ളതുപോലെ ഹൃദയത്തിനുമുണ്ട്‌ ദാഹം. അതിന്റെ ആഹാരപാനീയങ്ങള്‍ അല്ലാഹുവിനോടുള്ള സ്‌നേഹവും തവക്കുലും തൗബയും സല്‍കര്‍മങ്ങളുമാകുന്നു.” (അല്‍ഫവാഇദ്‌ 129)

ഹൃദയം നന്നായാല്‍ അകം നന്നായി. പറ്റിയ കേടുകള്‍ കഴുകിക്കളഞ്ഞും പുതിയ കേടുകള്‍ കലരാതെ കാത്തും നാം ഹൃദയത്തെ ശ്രദ്ധിക്കേണ്ടതുണ്ട്‌. “നീ അകത്ത്‌ സത്യസന്ധനും വിശുദ്ധനുമാവുക. എങ്കില്‍ പുറത്ത്‌ നീ ഇഷ്‌ടപ്പെടുന്നതെന്തോ അത്‌ ആയിത്തീരും” എന്ന്‌ ഇമാം ഇബ്‌നുല്‍ ജൗസി(റ) നിരീക്ഷിക്കുന്നുണ്ട്‌. “തന്റെ നാഥന്റെ സന്നിധിയില്‍ ഹാജരാകേണ്ടി വരുമല്ലോ എന്ന്‌ ഭയപ്പെടുകയും ദേഹേച്ഛയില്‍ നിന്ന്‌ ആത്മാവിനെ വിലക്കുകയും ചെയ്യുന്നവര്‍-സ്വര്‍ഗമാണ്‌ അവര്‍ക്കുള്ള സങ്കേതം.” (അന്നാസിആത്ത്‌ 40,41) എന്ന ഖുര്‍ആന്‍ വചനം നമ്മുടെ ജാഗ്രതയാകേണ്ടതുണ്ട്‌.

ശ്രദ്ധയോടെയുള്ള ശുശ്രൂഷയാണ്‌ എപ്പോഴും ഉള്ളില്‍ നടത്തേണ്ടത്‌. “എന്റെ മനസ്സിനെ നിയന്ത്രിച്ചുനിര്‍ത്താന്‍ കഴിഞ്ഞ നാല്‌പതു വര്‍ഷമായി ഞാന്‍ പ്രയാസപ്പെടുന്നു” എന്ന്‌ താബിഈ ഹാഫിദ്‌ മുഹമ്മദ്‌ബ്‌നു മുന്‍കദിര്‍(റ) പറയുന്നുണ്ട്‌. ഖുര്‍ആന്‍ പറയുന്നു: “തെളിഞ്ഞ പാപങ്ങളെയും ഒളിഞ്ഞ പാപങ്ങളെയും നിങ്ങള്‍ ഒഴിവാക്കുവിന്‍” (ആന്‍ആം 120). ഈ ആയത്തില്‍ പറഞ്ഞ `ഒളിഞ്ഞ പാപങ്ങള്‍' മനസ്സുകൊണ്ടുള്ള പാപങ്ങളാണെന്ന്‌ ചില വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെടുന്നുണ്ട്‌. ഖല്‍ബുന്‍ സലീം (സുരക്ഷിതമായ ഹൃദയം) എന്ന ഖുര്‍ആന്‍ പ്രയോഗത്തെ (അശ്ശുഅറാഅ്‌ 89) ഇമാം ഇബ്‌നുല്‍ ഖയ്യിം ഇങ്ങനെ വിശദീകരിക്കുന്നു: “ശിര്‍ക്കില്‍ നിന്നും ബിദ്‌അത്തില്‍ നിന്നും തെറ്റായ വികാരങ്ങളില്‍ നിന്നും അശ്രദ്ധയില്‍ നിന്നും ദേഹേച്ഛകളില്‍ നിന്നുമുള്ള മനസ്സിന്റെ സുരക്ഷിതത്വമാണിത്‌.” (അല്‍ ഫവാഇദ്‌)

പുറം കൂടുതല്‍ നന്നാവുകയും അകം ഏറെ ദുഷിക്കുകയും ചെയ്യുന്ന കാലമാണിത്‌. നമ്മുടെ ശ്രദ്ധയും ശുശ്രൂഷയും അധികവും അകത്തായിരിക്കണം. അഴുക്കെല്ലാം അലക്കിക്കളഞ്ഞ്‌ അഴക്‌ കൈവരിക്കണം; ഈമാനിന്റെ വര്‍ണഭംഗി കൈവരിക്കണം.

ഇറങ്ങിയും കയറിയും തീരുന്ന യാത്ര...!


അബ്‌ദുല്‍വദൂദ്‌  

ആമിറുബ്‌നു അബ്‌ദില്ല(റ) വിശ്രുതനായ പണ്ഡിതനായിരുന്നു. പ്രമുഖ സ്വഹാബിവര്യന്‍ അബൂമുസല്‍ അശ്‌അരിയുടെ ശിഷ്യന്‍. ഭക്തിയും വിശുദ്ധിയും നിറഞ്ഞുതുളുമ്പുന്ന ജീവിതം. ആരാധനയുടെയും ജിഹാദിന്റെയും വഴിയില്‍ സമര്‍പ്പിച്ച ജീവിതം. ഐഹിക സുഖാസ്വാദനത്തിന്റെ വര്‍ണപ്പകിട്ടില്‍ ഒട്ടും താല്‌പര്യമില്ലാത്ത ജീവിതം. പാണ്ഡിത്യത്തിന്റെ വര്‍ണമായിരുന്നു ആ ജീവിതത്തിന്റെ സൗന്ദര്യം. അവസാനകാലം അദ്ദേഹം ചെലവഴിച്ചത്‌ ബൈത്തുല്‍ മുഖദ്ദസിലായിരുന്നു. രോഗശയ്യയിലായിരിക്കെ ആമിര്‍ പലപ്പോഴും കരഞ്ഞിരിക്കും. കണ്ണീരിന്റെ കാരണമെന്താണെന്ന്‌ സുഹൃത്തുക്കള്‍ ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുമൊഴി ഇങ്ങെയായിരുന്നു:

“ഇഹലോകത്തോടുള്ള കൊതികൊണ്ടല്ല ഞാന്‍ കരയുന്നത്‌. മരിക്കാനുള്ള ഭയം കൊണ്ടുമല്ല. ഇനിയുള്ള ദീര്‍ഘയാത്രക്ക്‌ ആവശ്യമായ വിഭവങ്ങള്‍ എനിക്കില്ലല്ലോ എന്ന ചിന്തയിലാണ്‌ കരയുന്നത്‌. ഇറങ്ങിയും കയറിയും ഇതാ, എന്റെ ജീവിതയാത്ര തീരുകയാണ്‌. സ്വര്‍ഗത്തിലേക്കാണോ നരകത്തിലേക്കാണോ ഈ യാത്ര?”

ആമിറുബ്‌നു അബ്‌ദില്ല(റ)യുടെ ചോദ്യം നമ്മുടെയുള്ളിലും ഭയമായി പടരേണ്ടതാണ്‌. തുരുമ്പെടുത്തു തീരുന്ന ജീവിതയാത്രയില്‍, തിരിഞ്ഞുനിന്ന്‌ സ്വന്തത്തെ വിലയിരുത്താനും ശരിതെറ്റുകള്‍ ഉള്‍ക്കൊള്ളാനും സാധിക്കേണ്ടതുണ്ട്‌. ഭയംകൊണ്ടും പ്രതീക്ഷ കൊണ്ടും ജീവിതത്തെ ക്രമീകരിക്കുന്നിടത്താണ്‌ വിശ്വാസിയുടെ വിജയം. തിര്‍മിദി ഉദ്ധരിക്കുന്ന ഒരു ഹദീസില്‍, മരണാസന്നനായ ഒരു സ്വഹാബിയെ തിരുനബി(സ) സന്ദര്‍ശിക്കുന്ന സംഭവമുണ്ട്‌. “എങ്ങനെയുണ്ട്‌?” റസൂല്‍ അന്വേഷിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: “എനിക്ക്‌ അല്ലാഹുവില്‍ പ്രതീക്ഷയുണ്ട്‌ റസൂലേ, എങ്കിലും എന്റെ പാപങ്ങള്‍ എന്നെ ഭയപ്പെടുത്തുന്നുമുണ്ട്‌.” ഇതു കേട്ടപ്പോള്‍ തിരുനബി(സ)യുടെ മറുപടി ഇങ്ങനെയായിരുന്നു: “ഭയവും പ്രതീക്ഷയുമെന്ന രണ്ടവസ്ഥകളുള്ള ഒരാള്‍ക്ക്‌ അയാളുടെ ഭയത്തില്‍ നിന്ന്‌ മോചനവും പ്രതീക്ഷയുടെ സാഫല്യവും അല്ലാഹു നല്‌കാതിരിക്കില്ല.”

മരണത്തെ ഭയക്കുന്നവരാണ്‌ എല്ലാവരും. “ഞാന്‍ മരിച്ചാല്‍ എന്റെ മകളെന്താവും? കുടുംബമെന്താവും?” എന്നൊക്കെ ആലോചിക്കുന്നു. ഞാന്‍ മരിച്ചാല്‍ കുടുംബമെന്താകുമെന്ന ആലോചന ഭയപ്പെടുത്തുമ്പോഴാണ്‌ ഇവിടെയുള്ള സമ്പാദ്യം വര്‍ധിക്കുക. കുടുംബത്തിനും മക്കള്‍ക്കുമൊക്കെ വേണ്ടിയുള്ള നീക്കിയിരുപ്പ്‌ പെരുകുക. എന്നാല്‍, “ഞാന്‍ മരിച്ചാല്‍ ഞാനെന്താകും?” എന്ന ചിന്തയുണ്ടാകുമ്പോള്‍ പരലോകത്തേക്കുള്ള നീക്കിയിരുപ്പ്‌ വര്‍ധിക്കാന്‍ തുടങ്ങും.

യുദ്ധ മുന്നേറ്റങ്ങളിലൂടെ സുഖജീവിതത്തിലേക്കെത്തിയ മുസ്‌ലിംകളെ, ഖലീഫാ ഉമറി(റ)ന്റെ സൈന്യാധിപനായിരുന്ന ഉത്‌ബതുബ്‌നു ഗസ്വാന്‍(റ) ഉപദേശിക്കുന്നത്‌ നമ്മളും ശ്രദ്ധിച്ചു കേള്‍ക്കേണ്ടതുണ്ട്‌. പുതുതായി രൂപം കൊണ്ട ബസ്വറ പട്ടണം മുസ്‌ലിംകളെ കൂടുതല്‍ സുഖിപ്പിച്ചു. ഇന്നലെ വരെ, ഉമി കളയാത്ത പരുക്കന്‍ ഗോതമ്പുകൊണ്ടുണ്ടാക്കിയ ഉണങ്ങിയ റൊട്ടി മാത്രം കഴിച്ചിരുന്നവര്‍ക്കിന്ന്‌ മുന്തിയ ഇനം ഭക്ഷണമാണ്‌ മുന്നിലുള്ളത്‌. പട്ടണത്തില്‍ എല്ലാം സുലഭമായി ലഭിക്കുന്നു. സുഖാസ്വാദനങ്ങള്‍ വര്‍ധിച്ചപ്പോള്‍ ജനങ്ങള്‍ പലതും മറക്കാന്‍ തുടങ്ങി.

സുഖം തുളുമ്പുന്ന ജീവിതത്തിലൊഴുകുന്ന നമ്മുടെയും പ്രാര്‍ഥന ഇങ്ങനെയാകട്ടെ!

ഉള്ളില്‍ കൊള്ളുന്ന ഉപദേശങ്ങള്‍

അബ്‌ദുല്‍വദൂദ്‌ .

സലമതുബ്‌നു ദീനാര്‍ മഹാനായ പണ്ഡിതനും മദീനയിലെ ഇമാമുമായിരുന്നു. അബൂഹാസിം എന്നറിയപ്പെട്ട അദ്ദേഹം മുടന്തനായിരുന്നു. ‘നാവിന്‍തുമ്പത്ത്‌ വിജ്ഞാനമുള്ളയാള്‍’ എന്നാണ്‌ അദ്ദേഹം അറിയപ്പെട്ടത്‌. ഉന്നതരായ പല സ്വഹാബികളില്‍ നിന്നും വിജ്ഞാനം നേടിയ താബിഈ ആയിരുന്നു അബൂഹാസിം. ഭക്തിയും വിജ്ഞാനവും തുളുമ്പി നില്‍ക്കുന്ന അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ ചിന്തനീയമാണ്‌. ഹിജ്‌റ 97ല്‍ മദീന സന്ദര്‍ശിച്ച ഖലീഫ സുലൈമാനുബ്‌നു അബ്‌ദില്‍മലിക്‌, അബൂഹാസിമിനെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. “ഓര്‍മിപ്പിക്കാനും തുടച്ചുമിനുക്കാനും പറ്റുന്ന അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ കിട്ടിയില്ലെങ്കില്‍ ലോഹങ്ങളെപ്പോലെ മനസ്സും തുരുമ്പുപിടിക്കും” -ഇതായിരുന്നു ഖലീഫയുടെ അഭിപ്രായം. ഖലീഫയും ഇമാമും തമ്മില്‍ നടന്ന സംസാരത്തില്‍നിന്ന്‌

“നാം മരണത്തെ വെറുക്കുന്നു, കാരണം?”

“ദുനിയാവ്‌ പണിയുകയും പരലോകം നശിപ്പിക്കുകയും ചെയ്‌തതുകൊണ്ട്‌. നല്ല കെട്ടിടത്തില്‍ നിന്ന്‌ തകര്‍ന്ന കെട്ടിടത്തിലേക്ക്‌ താമസം മാറാന്‍ മടിയുണ്ടാകും.”

“നാളെ അല്ലാഹുവിന്റെ അടുത്ത്‌ എനിക്ക്‌ എന്താണുള്ളത്‌ എന്നറിയാന്‍ എന്താണ്‌ വഴി?”

“താങ്കളുടെ പ്രവൃത്തികളെ ഖുര്‍ആനുമായി തട്ടിച്ചുനോക്കിയാല്‍ അതറിയാന്‍ കഴിയും.”

“ഖുര്‍ആനില്‍ എവിടെയാണ്‌ അതുള്ളത്‌?”

“പുണ്യവാന്മാര്‍ തീര്‍ച്ചയായും സുഖത്തിലാണ്‌. തെമ്മാടികള്‍ തീര്‍ച്ചയായും നരകത്തിലാണ്‌.”

“നാളെ എങ്ങനെ അല്ലാഹുവിന്റെ അടുത്തു ചെല്ലും?”

“നന്മ ചെയ്‌തവര്‍, കുടുംബത്തിലേക്ക്‌ യാത്രപോകുന്ന പ്രവാസിയെപ്പോലെ. തിന്മ ചെയ്‌തവര്‍, യജമാനന്റെ അടുക്കലേക്ക്‌ നയിക്കപ്പെടുന്ന ഒളിച്ചോടിയ അടിമയെപ്പോലെ.”

“ബുദ്ധിമാനായ മനുഷ്യന്‍ ആരാണ്‌?”

“അല്ലാഹുവിന്റെ മാര്‍ഗം അറിയുകയും അതനുസരിച്ച്‌ പ്രവര്‍ത്തിക്കുകയും അത്‌ പ്രബോധനം നടത്തുകയും ചെയ്യുന്നവന്‍.”

“ബുദ്ധി ശൂന്യനായ മനുഷ്യനോ?”

“അന്യന്റെ ഇഹലോകത്തിനുവേണ്ടി സ്വന്തം പരലോകം വിറ്റു കളയുന്നവന്‍.”

മറ്റൊരിക്കല്‍ അബ്‌ദുര്‌റഹ്‌മാനിബ്‌നു ജരീറും മകനും അബൂഹാസിമിനെ സന്ദര്‍ശിച്ചു. ഇബ്‌നുജരീറിന്റെ ചോദ്യങ്ങളും അബൂഹാസിമിന്റെ മറുപടികളും:

“ഹൃദയമുണരാന്‍ നാമെന്തു ചെയ്യണം?”

“പാപങ്ങള്‍ ഒഴിവാക്കാന്‍ ദൃഢനിശ്ചയം ചെയ്‌താല്‍ ഹൃദയം ഉണരും. അല്ലാഹുവോട്‌ അടുപ്പിക്കാത്ത ഏത്‌ അനുഗ്രഹവും പാപമാണ്‌.”

“അങ്ങ്‌ എപ്പോഴും ഉപദേശിക്കുന്ന നന്ദിയുടെ പൊരുള്‍ എന്താണ്‌?”

“ഓരോ അവയവത്തിനും നന്ദിയുണ്ട്‌. നന്മ കണ്ടാല്‍ പരസ്യപ്പെടുത്തുക. തിന്മ കണ്ടാല്‍ മറച്ചുവെക്കുക - ഇതാണ്‌ കണ്ണുകളുടെ നന്ദി. നല്ലത്‌ കേട്ടാല്‍ ഉള്‍ക്കൊള്ളുക. ചീത്തയായത്‌ അവഗണിക്കുകയും -ഇതാണ്‌ കാതിന്റെ നന്ദി. സ്വന്തത്തിന്റേതല്ലാത്തത്‌ കൈവശം വെക്കരുത്‌. അവകാശങ്ങള്‍ തടയരുത്‌ - ഇതാണ്‌ കൈകളുടെ നന്ദി.”

അബൂഹാസിമിന്റെ പ്രസിദ്ധമായ ഒരുപദേശം: “പരലോകത്ത്‌ എന്തുണ്ടാകണമെന്ന്‌ നോക്കി ഇഹലോകത്ത്‌ അതിന്‌ പരിശ്രമിക്കുക. പരലോകത്ത്‌ ആവശ്യമില്ലാത്തത്‌ ഈ ലോകത്തും ഒഴിവാക്കുക. അസത്യത്തിന്നാണ്‌ താങ്കളുടെ മനസ്സില്‍ സ്ഥാനമെങ്കില്‍ ദുര്‍ജനങ്ങളും കപടരും താങ്കളെ വന്നുപൊതിയും. സത്യത്തിന്നാണ്‌ സ്ഥാനമെങ്കില്‍ സജ്ജനങ്ങളെ കൂട്ടിനുകിട്ടും. അക്കാര്യത്തില്‍ അവരുടെ സഹായവും കിട്ടും. ഇഷ്‌ടമുള്ളത്‌ തെരഞ്ഞെടുക്കാം.”

ഉണര്‍ത്തുക; ഗുണകാംക്ഷയോടെ

അബൂലസ്‌ന  .

ഖലീഫ ഉമര്‍(റ) ചരിത്രത്തിലെ വിസ്‌മയമാണ്‌. അദ്ദേഹത്തെ ലോകം കണ്ട മികച്ച ഭരണാധികാരിയാക്കിയത്‌ ഇസ്‌ലാം ആ ഹൃദയത്തില്‍ നട്ടുവളര്‍ത്തിയ വിശ്വാസത്തിന്റെ കരുത്തായിരുന്നു. നീതിയുടെ പ്രതീകമാക്കിയത്‌ മനസ്സില്‍ ജ്വലിച്ചുനിന്നിരുന്ന ദൈവഭയമായിരുന്നു. ആ ഉമറിന്റെ ജീവിതത്തില്‍ നിന്നൊരു നിമിഷമിതാ:

ഉമര്‍(റ) ഒരിക്കല്‍ ഏകാന്തനായി വീട്ടിലിരുന്ന്‌ കരയുകയാണ്‌. ആ സമയത്താണ്‌ അവിടേക്ക്‌ ഒരാള്‍ കയറിവരുന്നത്‌. സ്വകാര്യതയില്‍ കണ്ണീരണിഞ്ഞിരിക്കുന്ന ഖലീഫയെ കണ്ട്‌ സ്‌തബ്‌ധനായ അയാള്‍ കാരണമാരാഞ്ഞു. ഖലീഫയുടെ മറുമൊഴി ഇങ്ങനെയായിരുന്നു:

“ഈ ഉമര്‍ നിങ്ങളുടെ ഭരണാധികാരിയാണ്‌. അതേസമയം ഞാനൊരു മനുഷ്യനുമാണ്‌. എന്നില്‍ വീഴ്‌ചകള്‍ സംഭവിക്കാം. എനിക്കും തെറ്റുകള്‍ പിണയാം. പക്ഷേ, അത്‌ ചൂണ്ടിക്കാണിക്കാന്‍ ഇവിടെ ആരാണുള്ളത്‌? എല്ലാവരും ഖലീഫയെ ഭയപ്പെടുന്നു, തെറ്റ്‌ ചൂണ്ടിക്കാണിക്കാന്‍ അതിലേറെ പേടിക്കുന്നു. ചെയ്‌തുപോയ തെറ്റുകളെക്കുറിച്ചറിയാതെ ഈ ഉമര്‍ അതില്‍ത്തന്നെ തുടരുന്നു. ഞാന്‍ എന്റെ റബ്ബിനെ കണ്ടുമുട്ടുമ്പോള്‍ എന്തായിരിക്കും അവസ്ഥ എന്ന്‌ ഒരു നിമിഷം ആലോചിച്ചുപോയി” -ഇത്‌ പറയുമ്പോള്‍ വിങ്ങലടക്കാന്‍ ഖലീഫ പാടുപെടുന്നുണ്ടായിരുന്നു.

ഉമറി(റ)ന്റെ വാക്കുകള്‍ കേട്ട ആഗതന്‍ തരിച്ചുപോയി. അദ്ദേഹത്തിന്റെ അന്തരംഗം അഭിമാനപൂരിതമായി. “അങ്ങയുടെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കാന്‍ ഇവിടെ ആളില്ലെന്ന്‌ ആരു പറഞ്ഞു? ഇനി ആരുമില്ലെങ്കില്‍ തന്നെ, ഈയുള്ളവന്‍ അത്‌ ചെയ്യും. അങ്ങ്‌ ധൈര്യമായിരിക്കുക” -ആഗതന്റെ ആശ്വാസവാക്കുകള്‍ ഉമറിന്റെ അകം കുളിര്‍പ്പച്ചു.

മനുഷ്യന്‍ മാലാഖയല്ല, കാട്ടുമൃഗവുമല്ല, പ്രപഞ്ചനാഥന്റെ സവിശേഷ സൃഷ്‌ടിയാണവന്‍. ശ്രേഷ്‌ഠതയില്‍ മാലാഖമാരെ കവച്ചുവെക്കാനും ദുഷ്‌ടതയില്‍ മൃഗങ്ങളെ നാണിപ്പിക്കാനും അവനു കഴിയും. അവന്റെ ശാരീരികഘടന ദൈവിക സൃഷ്‌ടി സൗന്ദര്യത്തിന്റെ പ്രതീകമാണ്‌. മാനസിക ഘടനയാവട്ടെ മാറിമറിയുന്നതുമാണ്‌.

“ദുര്‍ബലനായാണ്‌ മനുഷ്യനെ നാം സൃഷ്‌ടിച്ചിരിക്കുന്നത്‌” (നിസാഅ്‌ 28). അങ്ങേയറ്റം അക്ഷമനായിക്കൊണ്ടാണ്‌ മനുഷ്യന്‍ സൃഷ്‌ടിക്കപ്പെട്ടിരിക്കുന്നത്‌ (മആരിജ്‌ 19). “തീര്‍ച്ചയായും (മനുഷ്യന്റെ) മനസ്സ്‌ ദുഷ്‌പ്രവൃത്തിക്ക്‌ ഏറെ പ്രേരിപ്പിക്കുന്നതു തന്നെയാണ്‌.” (യൂസുഫ്‌ 53)

മനുഷ്യ പ്രകൃതിയിലടങ്ങിയ ദുഷ്‌പ്രേരണ, അക്ഷമ, ദൗര്‍ബല്യം തുടങ്ങിയവ അനാവരണം ചെയ്യുന്ന വിശുദ്ധ വചനങ്ങള്‍ ഇനിയുമേറെയുണ്ട്‌. തെറ്റുകള്‍ മനുഷ്യസഹജമാണ്‌. വീഴ്‌ചകള്‍ ഇല്ലാത്ത ജീവിതം മിക്കവാറും അസാധ്യമാണെന്നാണ്‌ ഖുര്‍ആനിക വീക്ഷണം.

വീഴ്‌ചകളും തെറ്റുകളും പിണയുന്നത്‌ അറിഞ്ഞുകൊണ്ടാവാം, അറിയാതെയുമാവാം. അത്‌, നിസ്സാരമായ സ്‌ഖലിതങ്ങളാവാം, ഗുരുതരമായ പാതകങ്ങളുമാവാം. എന്തുമാവട്ടെ, സംഭവിച്ചുകഴിഞ്ഞാല്‍ പ്രതിവിധി എന്തെന്നതാവണം അടിയന്തിര ചിന്ത.

ഇവിടെ പരസ്‌പരം സഹോദരങ്ങളായി വര്‍ത്തിക്കേണ്ട മുസ്‌ലിംകള്‍ക്ക്‌ വിശ്വാസപ്രചോദിതമായ ഒരു ബാധ്യതയുണ്ട്‌. സഹോദരനില്‍ കാണുന്ന തെറ്റുകള്‍ അപ്പപ്പോള്‍ ഗുണകാംക്ഷാപൂര്‍വം ഉണര്‍ത്തുക. തിന്മകളോടുള്ള അഭിനിവേശം മനുഷ്യപ്രകൃതിയില്‍ അന്തര്‍ലീനമാണ്‌ ഹൃദയത്തില്‍ വിശ്വാസം വേണ്ടത്ര വേരുപിടിച്ചിട്ടില്ലാത്തവരില്‍ പ്രത്യേകിച്ചും, പണ്ഡിതരിലും പാമരരിലും അത്‌ സംഭവിക്കാം. രാജാവിനും പ്രജയ്‌ക്കും ഇതില്‍ നിന്നും ഒഴിയാനാവില്ല. നേതാവും അണിയും സ്‌ത്രീയും പുരുഷനും ഇക്കാര്യത്തില്‍ സമന്മാരാണ്‌. തെറ്റുകള്‍ക്കുള്ള സാധ്യത എത്രത്തോളമാണോ അത്ര തന്നെയാവണം അത്‌ ചൂണ്ടിക്കാണിക്കാനുള്ള സമൂഹാംഗങ്ങളുടെ ബാധ്യതയും. പണ്ഡിതനിലെ തെറ്റ്‌ ചൂണ്ടിക്കാണിക്കാന്‍ പാമരന്‌ ബാധ്യതയുണ്ട്‌. നേതാവിന്‌ പിണയുന്ന അബദ്ധം അണികളാണ്‌ തിരുത്തേണ്ടത്‌. പണ്ഡിതന്റെ മഹത്വവും ജനനേതാവിന്റെ സ്ഥാനവും രാജപദവിയും ഇക്കാര്യത്തില്‍ പ്രശ്‌നമേ ആവരുത്‌. തിരുത്തല്‍ ശ്രമങ്ങളെ പാമരന്റെ അറിവില്ലായ്‌മയായോ അണിയുടെ അച്ചടക്ക ലംഘനമായോ മുദ്രകുത്താനും ശ്രമിക്കരുത്‌. ചൂണ്ടിക്കാണിക്കുന്നവന്റെ നിലവാരമല്ല, ഗുണകാംക്ഷയാണ്‌ പ്രധാനം. തിരുത്തേണ്ടവന്റെ മഹത്വമോ പദവിയോ അല്ല സഹിഷ്‌ണുതയും വിശാലമനസ്സുമാണ്‌ പ്രസക്തം.

ഇസ്‌ലാം ഇക്കാര്യത്തില്‍ വിശ്വാസികളില്‍ വളര്‍ത്തിയെടുത്ത ശിക്ഷണ ശീലമാണ്‌ ഖലീഫ ഉമറി(റ)ല്‍ നാം കണ്ടത്‌. ചൂണ്ടിക്കാണിക്കാന്‍ ആളില്ലാത്ത അവസ്ഥയില്‍, തെറ്റുകള്‍ അറിയാതെ പിണയുകയും അതില്‍ തന്നെ തുടരുകയും അങ്ങനെ അതിന്റെ ഭാരവുമായി അല്ലാഹുവിനെ കണ്ടുമുട്ടുകയും ചെയ്യുന്ന വേദനാപൂര്‍ണമായ ഗതിയെക്കുറിച്ച്‌ ഒഴിഞ്ഞിരുന്നു വേപഥു കൊള്ളുന്ന ഒരു ഭരണാധികാരി നാടിന്റെ പുണ്യമല്ലേ? നേതാവിന്റെ തിന്മകളെ എതിര്‍ക്കുന്നില്ലെന്നു മാത്രമല്ല, അത്‌ നന്മയായി ചിത്രീകരിക്കുകയും നേതാവിനെ വെള്ളപൂശി നേതൃഭക്തിയില്‍ തെളിയിക്കുകയും ചെയ്യുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ നാടിനു നാണക്കേടല്ലാതെ മറ്റെന്താണ്‌? വിമര്‍ശകരില്ലാത്തതാണ്‌ ഉമറി(റ)നെ അലട്ടിയതെങ്കില്‍ വിമര്‍ശകരുള്ളതാണ്‌ ഇന്നത്തെ ഭരണാധികാരികള്‍ക്ക്‌ തലവേദനയുണ്ടാക്കുന്നത്‌.

ശനിയാഴ്‌ചക്ക്‌ അല്ലാഹു കല്‌പിച്ച പവിത്രത ലംഘിച്ച യഹൂദരില്‍ ഒരു വിഭാഗം. അവരെ അതില്‍നിന്ന്‌ വിലക്കി. രണ്ടാം വിഭാഗം അവരെ തടയേണ്ടതില്ലെന്ന്‌ വാദിച്ചു. അവരുടെ കാര്യം അല്ലാഹു നോക്കും എന്നായി മൂന്നാം വിഭാഗം. ഇതില്‍ ഒന്നാം വിഭാഗത്തെ അല്ലാഹു ശിക്ഷിച്ചു. രണ്ടാം വിഭാഗത്തെ രക്ഷിച്ചു. മൂന്നാം പക്ഷത്തെ വ്യംഗ്യമായി വിമര്‍ശിച്ചു (അഅ്‌റാഫ്‌ 164). ഇത്‌ വിശ്വാസിക്കുള്ള പാഠമാണ്‌. തെറ്റുകളെ അപ്പപ്പോള്‍ തിരുത്താന്‍ ശ്രമിക്കണമെന്ന ഗുണപാഠം.

ആരാധന: ആത്മീയതയുടെ ആത്മാവ്‌

പി എം എ ഗഫൂര്‍  

ത്മീയതയുടെ അന്തസ്സത്തയിലും അടിക്കല്ലിലും വികസിക്കുന്ന വ്യക്തിത്വമാണ്‌ മുസ്‌ലിമിന്റേത്‌. ജീവിതത്തിന്റെ സര്‍വതലങ്ങളെയും സംസ്‌കരിക്കുകയും നവീകരിക്കുകയും ചെയ്യുന്ന ആത്മീയതയാണ്‌ ഇസ്‌ലാമിന്റേത്‌. ഉള്ളും പുറവും ആത്മീയവത്‌കരിക്കപ്പെടുമ്പോള്‍ കൈവരുന്ന ഹൃദയശാന്തിയുടെ പേരാണ്‌ ഇസ്‌ലാം. കര്‍മവും കാഴ്‌ചപ്പാടും വിചാരഗതികളും വിമലീകരിക്കപ്പെടുമ്പോള്‍ മാത്രമാണ്‌ സംശുദ്ധമായ ഇസ്‌ലാമിക വ്യക്തിത്വം കൈവരുന്നത്‌. ഈ വിമലീകരണത്തിനുള്ള ഏകകങ്ങളാണ്‌ ആരാധനാകര്‍മങ്ങള്‍. ആത്മീയസൗഖ്യത്തിന്റെ അഴകും അര്‍ഥവും കൈവരിക്കുന്ന സന്ദര്‍ഭമണ്‌ ആരാധനാവേളകള്‍. ഇങ്ങനെ, ആത്മീയ വിമോചനവും ആന്തരിക വിമലീകരണവും ഒരേ അളവില്‍ സാധിച്ചെടുക്കാവുന്ന ആരാധനാകര്‍മങ്ങളുടെയും വിശ്വാസകാര്യങ്ങളുടെയും സംലയമാണ്‌ ഇസ്‌ലാമിക ജീവിതം.

ഉണര്‍ത്തുന്ന ഉപദേശങ്ങള്‍

അബ്‌ദുല്‍വദൂദ്‌ 

മാം ശാഫിഈയുടെ ഉപദേശങ്ങള്‍ അര്‍ഥവത്താണ്‌. വിജ്ഞാനവും ജീവിതാനുഭവങ്ങളും സമ്മേളിക്കുന്ന സംക്ഷിപ്‌ത വാക്യങ്ങളാണവ.

അവയില്‍ നിന്ന്‌ ചിലത്‌:

ആത്മീയതയുടെ സുഖാനുഭവങ്ങള്‍

പി എം എ ഗഫൂര്‍

ത്‌ഖാ എന്ന പദവിയാണ്‌ അല്ലാഹുവുമായുള്ള ബന്ധത്തിന്റെ പാരമ്യമെന്ന്‌ ഖുര്‍ആന്‍ ഉണര്‍ത്തുന്നുണ്ട്‌ (49:13). `ഏറ്റവും ഉയര്‍ന്ന വിധമുള്ള ഭക്തി'യാണ്‌ അത്‌ഖാ. വ്യത്യസ്‌ത വിധമുള്ള ആത്മീയ പദവികളിലൂടെ സഞ്ചരിച്ചെത്തുന്ന അവസാന നിലയെന്ന വിധത്തിലല്ല, അത്‌ഖായെ ഖുര്‍ആന്‍ വിശദീകരിക്കുന്നത്‌. ഒട്ടും അസാധാരണത്വങ്ങളില്ലാതെ, അതിസാധാരണമായ ജീവിതവഴികളിലൂടെ നീങ്ങുമ്പോള്‍ തന്നെ, ദൈവവുമായുള്ള പവിത്ര ബന്ധത്തെ നവീകരിച്ചും വര്‍ധിപ്പിച്ചും സാധിച്ചെടുക്കാവുന്ന വിശേഷണമാണ്‌ അത്‌ഖാ. മനുഷ്യസമൂഹത്തെ വ്യത്യസ്‌ത വംശവല്ലികളായി പടര്‍ത്തിയതിന്റെ ഉദ്ദേശ്യം വ്യക്തമാക്കിയതിന്റെ പിറകെയാണ്‌ അത്‌ഖാ ആയവര്‍ മാത്രമാണ്‌ അല്ലാഹുവുമായി ഏറ്റവും അടുപ്പമുള്ളവര്‍ എന്ന്‌ ഖുര്‍ആന്‍ ഉണര്‍ത്തുന്നത്‌. വംശമോ ദേശമോ അല്ല, അല്ലാഹുവുമായുള്ള ബന്ധം ഈടുറ്റതാക്കുന്നതെന്ന സൂചന ഈ ആയത്തിന്റെ അകത്തുണ്ട്‌. അസാധാരണമായ പ്രവൃത്തികള്‍ കാരണം കല്‍പ്പിക്കപ്പെടാവുന്നതാണ്‌ ആത്മീയതയും ദൈവികതയുമെന്ന ധാരണ സമൂഹത്തില്‍ പടര്‍ന്ന തെറ്റിദ്ധാരണയാണ്‌. യുസ്വദ്ദിഖൂന ബിയൗമിദ്ദീന്‍ (70:26) എന്ന്‌, വിശ്വാസികളുടെ മികവുറ്റ ഗുണമായി ഖുര്‍ആന്‍ എടുത്തു പറയുന്നുണ്ട്‌. `പ്രതിഫല ദിനത്തെ സത്യപ്പെടുത്തുന്നവര്‍' എന്നാണ്‌ ഈ വചനത്തില്‍ വിവക്ഷ. ``പ്രതിഫല ദിനത്തെ വിശ്വസിക്കുന്നവര്‍'' എന്നതിനെക്കാള്‍ ആശയസമ്പുഷ്‌ടമാണ്‌ ഈ വിശേഷണം. പ്രതിഫലദിനത്തില്‍ സത്യപ്പെടുത്തിക്കൊണ്ടേയിരിക്കുന്നവര്‍ ആയിരിക്കണം വിശ്വാസികള്‍ എന്നാണ്‌ വചനത്തിലെ നിര്‍ദേശം. അഥവാ, ജീവിത സന്ദര്‍ഭങ്ങളിലെല്ലാം പരലോകബോധം ജാഗ്രതാ വിചാരമായി കൂടെ വേണം. വാക്കിലും നോക്കിലും ഇടപാടിലും ഇടപെടലിലുമെല്ലാം പരലോകത്തെ `സത്യപ്പെടുത്തുന്ന' ഭയവും സൂക്ഷ്‌മതയും നിഴലിക്കണം. ഇതാണ്‌ അത്‌ഖാ.

തൗബയുടെ തെളിനീരുറവയില്‍ മുങ്ങി...

പി മുഹമ്മദ്‌ കുട്ടശ്ശേരി 

റോമായുദ്ധം നടക്കുമ്പോഴുണ്ടായ ഒരു സംഭവം ചരിത്രകാരന്മാര്‍ വളരെ ആശ്ചര്യത്തോടെ റിപ്പോര്‍ട്ട്‌ ചെയ്യുന്നുണ്ട്‌. യുദ്ധത്തിന്നിടയില്‍ ശത്രുക്കള്‍ ഒരു മുസ്‌ലിം ഭടനെ പിടിച്ചു ബന്ദിയാക്കി. അയാളില്‍നിന്ന്‌ സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തിയെടുക്കാമെന്ന്‌ കണക്കുകൂട്ടി. രാത്രി അയാളുടെ കൂടെ സുന്ദരിയായ ഒരു സ്‌ത്രീയെയും പാര്‍പ്പിച്ചു. അയാളെ വശീകരിച്ച്‌ രഹസ്യങ്ങള്‍ ചോര്‍ത്തിയെടുക്കുകയായിരുന്നു അവളെയേല്‌പിച്ച ദൗത്യം. യുവതി എല്ലാ വിദ്യകളും പ്രയോഗിച്ചുനോക്കി. പക്ഷേ, മുസ്‌ലിം ഭടന്‍ അവളെ ശ്രദ്ധിച്ചതേയില്ല. അയാള്‍ നമസ്‌കാരത്തിലും പ്രാര്‍ഥനയിലും മുഴുകുകയായിരുന്നു. നേരം പുലര്‍ന്ന്‌ ആകാംക്ഷയോടെ കാത്തുനിന്ന ജനം വാതില്‍ തുറന്നപ്പോള്‍ വിവരം തിരക്കി. യുവതിയുടെ പ്രതികരണം ഒറ്റവാക്കില്‍: നിങ്ങള്‍ എന്റെ കൂടെ കിടത്തിയത്‌ മനുഷ്യനല്ല; കരിങ്കല്ലാണ്‌.

എല്ലാം തന്നവന് നാമെന്തു നല്‍കി?

അബ്‌ദുല്‍വദൂദ്‌  

താങ്കള്‍ വളരെയേറെ ഇഷ്‌ടപ്പെടുന്ന ഒരു കുട്ടി. എന്തു വേണമെന്ന്‌ പറഞ്ഞാലും അവള്‍ക്ക്‌ വാങ്ങിക്കൊടുക്കുന്നു. അവളുടെ ആവശ്യങ്ങളെല്ലാം സന്തോഷപൂര്‍വം ചെയ്‌തുകൊടുക്കുന്നു. അവളോടുള്ള സ്‌നേഹവും വാത്സല്യവും നിങ്ങളുടെയുള്ളില്‍ എപ്പോഴും നിറഞ്ഞുതുളുമ്പുന്നു. ഇത്രയധികം നിങ്ങള്‍ സ്‌നേഹിക്കുന്ന ആ കുട്ടിയോട്‌ ചെറിയൊരു കാര്യം ആവശ്യപ്പെടുമ്പോള്‍, അവള്‍ അത്‌ പരിഗണിക്കുകയേ ചെയ്യാതെ തിരിഞ്ഞുകളഞ്ഞാല്‍ ദേഷ്യമാണോ സങ്കടമാണോ നിങ്ങള്‍ക്കുണ്ടാവുക? ദേഷ്യത്തെക്കാള്‍ സങ്കടമാണുണ്ടാവുക, അല്ലേ? ഇത്രയേറെ ഞാനാ കുട്ടിയെ സ്‌നഹിച്ചിട്ടും എന്റെ സ്‌നേഹം അവള്‍ തിരിച്ചറിയുന്നില്ലല്ലോ എന്ന ദു:ഖമാണുണ്ടാവുക.

എങ്കില്‍ അല്ലാഹുവെക്കുറിച്ച്‌ ഒന്നോര്‍ത്തുനോക്കൂ. കാരണം, അവന്‍ നമ്മെ ഏറെ സ്‌നേഹിക്കുന്നുണ്ട്‌. പക്ഷേ, സ്വര്‍ഗത്തിന്റെ വഴിയിലേക്ക്‌ അല്ലാഹു നമ്മെ ക്ഷണിക്കുമ്പോള്‍ നാം തിരിഞ്ഞുകളയുന്നു. അവന്‍ നല്‌കിയ അനുഗ്രഹങ്ങളുടെ കൂമ്പാരങ്ങളില്‍ ജീവിക്കുമ്പോഴും അവനോട്‌ നന്ദികേട്‌ കാണിക്കുന്നു. അവന്റെ നിര്‍ദേശങ്ങള്‍ക്ക്‌ വില കല്‌പിക്കാതെ, നമ്മുടെ ഇഷ്‌ടങ്ങളുടെ പിറകെ സഞ്ചരിക്കുന്നു. ഓരോ സെക്കന്റിലും പാലിച്ചുകൊണ്ടേയിരിക്കേണ്ടതാണ്‌ അവന്റെ നിര്‍ദേശങ്ങളെങ്കിലും അവയോട്‌ മുഖം തിരിച്ച്‌, അലസമായി നാം നീങ്ങുന്നു! എങ്കില്‍ എത്ര വലിയ നന്ദികേടാണ്‌ നാം കാണിക്കുന്നത്‌.

നെറ്റിയില്‍ ഒരു കെട്ടുമായി നടന്നുവരുന്ന യുവാവിനോട്‌, പണ്ഡിതനായ സുഫ്യാനുസ്സൗരി ആ കെട്ടിന്റെ കാരണം ചോദിച്ചു: “ശക്തമായ തലവേദന കാരണം നനഞ്ഞ ശീല കെട്ടിയതാണ്‌.” “സുഹൃത്തേ താങ്കള്‍ക്കെത്ര വയസ്സായി?”

“മുപ്പത്‌”

“ഈ മുപ്പത്‌ വര്‍ഷത്തിനിടയില്‍ കാര്യമായ വല്ല അസുഖങ്ങളും വന്നിട്ടുണ്ടോ?”

“ഇല്ല.”

“അപകടങ്ങള്‍ വല്ലതും?”

“ഇല്ല.”

“നോക്കൂ സുഹൃത്തേ, കഴിഞ്ഞ മുപ്പതുവര്‍ഷത്തെ സുഖകരമായ ജീവിതം താങ്കള്‍ക്ക്‌ അല്ലാഹു തന്നു. രോഗങ്ങളും അപകടങ്ങളും ഇല്ലാതാക്കിയതിന്‌ ഒരടയാളവും താങ്കള്‍ പ്രദര്‍ശിപ്പിച്ചില്ല. ഇപ്പോള്‍ ഒരു ചെറിയ തലവേദന വന്നപ്പോഴേക്ക്‌ അത്‌ താങ്കള്‍ക്ക്‌ അസഹനീയമായിരിക്കുന്നു, അല്ലേ?''

സുഫ്യാനുസ്സൗരിയുടെ ചോദ്യം യുവാവിനെ ചിന്തിപ്പിച്ചു.

സൂറത്തുല്‍ ആദിയാത്ത്‌ ആരംഭിക്കുന്നത്‌, യജമാനനോട്‌ അനുസരണവും നന്ദിയുമുള്ള കുതിരയെ വര്‍ണിച്ചുകൊണ്ടാണല്ലോ. പ്രഭാതത്തിന്റെ പ്രകാശമെത്തും മുമ്പേ യജമാനനു വേണ്ടി യുദ്ധക്കളത്തിലേക്കോടുന്ന കുതിരയെ വര്‍ണിച്ച ശേഷം ഇത്രയുമാണ്‌ അല്ലാഹു പറയുന്നത്‌: “തീര്‍ച്ച, മനുഷ്യന്‍ അവന്റെ രക്ഷിതാവിനോട്‌ നന്ദികേട്‌ കാണിക്കുന്നവനാണ്‌. അവന്‍ തന്നെ അതിന്‌ സാക്ഷിയാണ്‌...''

അല്ലാഹുവോടുള്ള നന്ദിയെന്നാല്‍, അവനെക്കുറിച്ച വിചാരങ്ങളോടെയുള്ള ജീവിതമാണ്‌. ആ നിയമങ്ങളെ മുറ തെറ്റാതെ പാലിച്ചുകൊണ്ടുള്ള ജീവിതം. അല്ലാഹുവോട്‌ നന്ദിയുണ്ടാവാന്‍ മൂന്നു കാര്യങ്ങള്‍ ഇമാം ഗസ്സാലി(റ) നിര്‍ദേശിക്കുന്നുണ്ട്‌: ഒന്ന്‌, അവന്റെ അനുഗ്രഹങ്ങളെ തിരിച്ചറിയാന്‍ സാധിക്കണം. രണ്ട്‌, ആ അനുഗ്രഹങ്ങളില്‍ തികഞ്ഞ സന്തോഷമുണ്ടാകണം. മൂന്ന്‌, അനുഗ്രഹദാതാവിന്‌ ഇഷ്‌ടമുള്ളവിധം അവ ഉപയോഗപ്പെടുത്തണം. (ഇഹ്യാ ഉലൂമിദ്ദീന്‍ 103)

അല്ലാഹു നല്‌കിയ അനുഗ്രഹങ്ങളെ അവനു പ്രിയമുള്ള വിധം ഉപയോഗപ്പെടുത്തുകയാണ്‌ പ്രധാനം. സമ്പത്തും അവയവങ്ങളും സമയവുമെല്ലാം അവന്‌ അനിഷ്‌ടമുള്ളതില്‍ പ്രയോഗിക്കാതിരിക്കാനുള്ള ജാഗ്രതയാണ്‌ അവനുള്ള നന്ദി.

നോക്കൂ, തിരക്കുപിടിച്ച ജോലി ചെയ്യുന്ന സമയത്ത്‌ ഫോണില്‍ ആരോ വിളിക്കുന്നു. ചെയ്യുന്ന ജോലി വളരെ പ്രധാനമാണെങ്കിലും വിളിക്കുന്നയാള്‍ അതിലേറെ പ്രിയപ്പെട്ടയാളാണെങ്കില്‍ മാത്രമേ നാം ഫോണെടുക്കൂ; അല്ലേ? അങ്ങനെയെങ്കില്‍ കച്ചവടത്തില്‍, വീട്ടില്‍ പ്രിയങ്കരങ്ങളായ പലതിനോടുമൊപ്പം കഴിയുമ്പോള്‍ അതാ ഒരാള്‍ വിളിക്കുന്നു! വിജയത്തിലേക്കുള്ള വിളിയാണ്‌. നമസ്‌കാരത്തിലേക്കുള്ള ക്ഷണമാണ്‌. ഫോണെടുക്കുന്നതും എടുക്കാതിരിക്കുന്നതും വിളിക്കുന്നയാളുടെ പ്രാധാന്യത്തിനനുസരിച്ചാണെങ്കില്‍, ഈ ക്ഷണത്തിന്‌ നാം ഉത്തരം നല്‌കുന്നതും ക്ഷണിക്കുന്നയാള്‍ക്ക്‌ നമ്മുടെ മനസ്സിലുള്ള സ്ഥാനത്തിനനുസരിച്ചായിരിക്കും.

എല്ലാ പ്രിയങ്ങളേക്കാളും വലിയ പ്രിയമായി അല്ലാഹു മാറിയിട്ടുണ്ടെങ്കില്‍ അവന്റെ ക്ഷണം നാമാരും നിരസിക്കില്ല.

“നിങ്ങള്‍ നന്ദി കാണിച്ചാല്‍ നിങ്ങള്‍ക്ക്‌ വര്‍ധിപ്പിച്ചുതരും. നന്ദികേട്‌ കാണിച്ചാല്‍ എന്റെ ശിക്ഷ അതികഠിനമാണ്‌, തീര്‍ച്ച.”(14:7)

അല്ലാഹു തന്നതാണ്‌ എല്ലാ സുഖങ്ങളും. അല്ലാഹു തന്ന ഏതെങ്കിലുമൊരു സുഖം അതേ അല്ലാഹുവിനെ മറക്കാന്‍ കാരണമാകുന്നുണ്ടോ? നമ്മുടെ ജീവിതത്തില്‍ അല്ലാഹുവിന്‌ നല്‌കുന്ന സ്ഥാനവും സമയവുമെത്രയാണ്‌? ഓരോ നിമിഷവും നമ്മെ അസ്വസ്ഥപ്പെടുത്തേണ്ട ആലോചനയാവണം ഇത്‌. എല്ലാമെല്ലാം തന്നവന്‌ തിരിച്ചെന്തു നല്‌കി?

--


 

തർബിയ

അശുദ്ധിയില്ലാത്ത മനസ്സും അഴകുള്ള ജീവിതവും കൈവരുമ്പോൾ മാത്രമേ ഒരാളുടെ ഇസ്‌ലാമിക വ്യക്തിത്വം അർഥപൂർണമാവൂ. വിശുദ്ധ ഖുർ‌ആനും തിരുനബി(സ)യുടെ സാരോപദേശങ്ങളും ഈ വഴിക്കാണ് നമ്മെ നയിക്കുന്നത്. വ്യക്തി എന്ന നിലയിലും കുടുംബ-സാമൂഹിക മേഖലകളിലെ അംഗമെന്ന നിലയിലും പാലിക്കേണ്ട നിർദേശ തത്വങ്ങളുടെ സംഗ്രഹമാണ് ഇസ്‌ലാം. ആദർശ നിഷ്‌ഠയും ആത്മശുദ്ധിയുമുള്ള ഒരു സമൂഹത്തെയാണ് ഇസ്‌ലാം വളർത്തിയെടുക്കുന്നത്. നിലവിലുള്ളതിൽ നിന്ന് കൂടുതൽ മികച്ച മറ്റൊരവസ്ഥയിലേക്ക് എത്തിക്കുക എന്ന പ്രക്രിയയാണ് അത്. പ്രവാചക തിരുമേനി(സ)യുടെ നിയോഗ ലക്ഷ്യമായ ‘തസ്‌കിയത്തി’ന് ഇങ്ങനെയൊരർഥം കൂടിയുണ്ട്. ഇസ്‌ലാമിക പ്രമാണങ്ങളെയും ചരിത്ര പാഠങ്ങളെയും മുൻ‌നിർത്തി ആത്മശുദ്ധീകരണപ്രധാനമായ ആലോചനകളാണ് ഈ ബ്ലോഗിലുള്ള കുറിപ്പുകൾ.

ഇസ്‌ലാം
ജീവിത ശുദ്ധീകരണത്തിന്റെ പുതുമഴയാണ്.
വ്യക്തിത്വത്തിന് ചന്തമുള്ള വഴിയാണ്.
വിശ്വാസിയെ അത് ശാന്തനും പോരാളിയുമാക്കുന്നു.
ഉള്ളും പുറവും സ്‌ഫടിക സുന്ദരമാക്കുന്നു.
സദ്‌ഗുണങ്ങളിലൂടെ സംസ്കാര സമ്പന്നമാക്കുന്നു.

സ്വസ്ഥമായിരുന്ന് സ്വന്തത്തെക്കുറിച്ചാലോചിക്കാൻ ഇതാ അല്പം ചിന്തകൾ.....

Usage Policies