എന്നെയിപ്പോള്‍ ഏറെ അലട്ടുന്നത് മരണമാണ്. എങ്ങനെയാണ് നാം മരണത്തെ അഭിമുഖീകരിക്കുന്നത്? മരണത്തിന്റെ വാതിലിന്നപ്പുറം നമ്മെ കാത്തിരിക്കുന്നത് എന്തായിരിക്കും? ഇവിടത്തെ അടുപ്പങ്ങളെ വിട്ടുപോകാനുള്ള അവസ്ഥ ഇനിയും മനസ്സിന് കൈവരിക്കാനായിട്ടില്ല.'' (ചെറിയാന്‍ കെ ചെറിയാന്‍, കലാകൗമുദി 1117-1997 ഫിബ്രവരി 9)
ഈ ലോകത്തെ സ്‌നേഹോഷ്‌മളമായ അടുപ്പങ്ങളെയെല്ലാം വിട്ടേച്ച് പരിചയിച്ചിട്ടില്ലാത്ത ഒരു ജീവിതാവസ്ഥയിലേക്കുള്ള ഏതൊരു മനുഷ്യന്റെയും അനിവാര്യമായ യാത്രയാണ് മരണം. നബിതിരുമേനി(സ) മരണത്തെ വിശേഷിപ്പിച്ചത് `ഹാദിമുല്ലദ്ദാത്ത്' (അനുഭൂതികളെ തകര്‍ക്കുന്നത്) എന്നാണ്. `ഹാദിമുല്ലദ്ദാത്തിനെ' കുറിച്ചുള്ള ഓര്‍മ വര്‍ധിപ്പിക്കണമെന്ന് ഉമര്‍ബിന്‍ ഖത്താബിനോട് പ്രവാചകതിരുമേനി ഉപദേശിച്ചു. ഉമര്‍(റ) നബിയുടെ ആ വാക്കുകള്‍ സ്വന്തം മോതിരത്തില്‍ എഴുതിവെച്ചിരുന്നതായി ചരിത്ര ഗ്രന്ഥങ്ങളില്‍ പറയുന്നു.
മരണത്തെയും മരണാനന്തരത്തെയും സംബന്ധിച്ചുള്ള ആശയങ്ങില്‍ ഇനിയും ഒരു ഒത്തുതീര്‍പ്പ് സാധിച്ചിട്ടില്ലാത്ത ഒരാളുടെ ആത്മരോദനമാണ് മുകളില്‍ കൊടുത്തത്. `അന്തമില്ലാത്ത പെരും കടലായി' ജീവിതത്തെയും, അനന്തരമില്ലാത്ത ശൂന്യതയായി മരണത്തെയും വീക്ഷിക്കുന്ന ഭൗതികവാദിയുടെ അര്‍ഥമില്ലാത്ത ചോദ്യങ്ങള്‍ ഉത്തരം കിട്ടാതെ ഉഴറുകയാണ്.
മനുഷ്യായുസ്സിന്റെ നീണ്ട സഞ്ചാരങ്ങള്‍ക്കൊടുവിലെ നിശ്ചലതയാണ് മരണം. മരണത്തോടെ കര്‍മങ്ങളുടെയും ചലനങ്ങളുടെയും അവസാനമായി. പിന്നെ ഭൗതികേതര ജീവിതത്തിന്റെ അജ്ഞാതമായ അവസ്ഥകളാണ്. പക്ഷെ, അല്ലാഹുവിലും പരലോകത്തിലും വിശ്വസിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം ആകുലതകള്‍ അവസാനിക്കുന്നു. ഏതു നിമിഷവും ജീവതാന്ത്യത്തെകുറിച്ചുള്ള ഓര്‍മ അയാളെ ഒരേസമയം കര്‍മസജ്ജനും ഭക്തനുമാക്കിത്തീര്‍ക്കുന്നു.
മുസ്‌ലിമായികൊണ്ടല്ലാതെ മരിക്കരുതെന്ന് ഖുര്‍ആന്‍(3:102) വിശ്വാസികളോട് ആഹ്വാനം ചെയ്യുന്നുണ്ട്. മുസ്‌ലിമായി മരിക്കാന്‍ സാധിക്കുന്നത് മുസ്‌ലിമായി ജീവിച്ചവര്‍ക്കാണ്. കര്‍മ സുരഭിലമായ ഐഹിക ജീവിതത്തെ സാധ്യമാക്കിയവര്‍ക്ക് പ്രതിഫല സുലഭമായ ഒരു പരലോകത്തെ പ്രതീക്ഷിക്കാനുണ്ട്. എപ്പോളെന്നോ എവിടെ വെച്ചെന്നോ അറിയില്ലെങ്കിലും ഭയരഹിതമായ ഒരു തയ്യാറെടുപ്പിന് വിശ്വാസികള്‍ക്കല്ലാതെ സാധ്യമാവുകയില്ല. സ്വാഹാബികള്‍ ക്രൂശിക്കപ്പെടുമ്പോഴും സ്വര്‍ഗത്തെ ഓര്‍ത്ത് അവര്‍ക്ക് കവിതചൊല്ലാന്‍ സാധിച്ചത്, രാജകിങ്കരന്മാര്‍ക്കു നടുവില്‍ നിന്നും നെഞ്ചുവിടര്‍ത്തി വിശ്വാസം പ്രഖ്യാപിക്കാന്‍ സാധിച്ചത് അതുകൊണ്ടായിരുന്നു. വാളുയര്‍ത്തിപിടിച്ച ശത്രുവിനു മുമ്പിലും പതറാത്ത അര്‍പ്പണബോധം പ്രഖ്യാപിക്കാന്‍ നബിതിരുമേനിക്ക് സാധിച്ചതും ഇതിനാല്‍ തന്നെ. യുദ്ധങ്ങളുടെ ചരിത്രം മരണത്തോടുള്ള നിര്‍ഭയമായ ഏറ്റുമുട്ടലിന്റെ കൂടി ചരിത്രമായണല്ലോ.
മരണം പലതുണ്ട്. ഒന്ന് ഫിര്‍ഔനിന്റെ മരണമാണ്. ജീവതകാലം മുഴുക്കെ അവിശ്വാസത്തിന്റെ അഹങ്കാരവാക്കുകള്‍ പറഞ്ഞ ഫിര്‍ഔന്‍ മരണവെപ്രാളത്തില്‍ വിശ്വാസിയാവാന്‍ തയ്യാറാണെന്ന് ആര്‍ത്തു വിളിച്ചു. പക്ഷെ ആ വിശ്വാസത്തെ അല്ലാഹു അംഗീകരിച്ചില്ല. അങ്ങനെ മരിച്ചവര്‍, ഭൂമിനിറയെ സ്വര്‍ണം പ്രായശ്ചിത്തമായി നല്‍കിയാല്‍ പോലും സ്വീകരിക്കുന്നതല്ലെന്ന് ഖുര്‍ആന്‍ വ്യക്‌തമാക്കുകയും ചെയ്‌തു (3:91). മരണം ആസന്നമാകും നേരം പശ്ചാത്താപത്തിന്റെ വഴി സ്വീകരിക്കുന്നവര്‍ക്ക് മാപ്പുനല്‍കില്ലെന്നും ഖുര്‍ആന്‍ പറഞ്ഞു. (4:18)
മറ്റൊരു മരണം ഏറെ പ്രയാസകരമാണ്. അല്ലാഹുവിന്റെ മലക്കുകളാല്‍ ശരീരഭാഗങ്ങളില്‍ ശക്‌തമായ പ്രഹരമേല്‌ക്കേണ്ടി വരുന്ന മരണസന്ദര്‍ഭമായിരിക്കും അത്. സത്യ നിഷേധികള്‍ അനുഭവിക്കുന്ന വിധമാണത്.
എന്നാല്‍ മലക്കുകളുടെ സ്വാഗതം കേട്ട്, ശാന്തസുന്ദരമായ മരണമാണ് യഥാര്‍ഥ വിശ്വാസികള്‍ക്ക് ഉണ്ടായിരിക്കുക എന്ന് ഖുര്‍ആനിലൂടെ അല്ലാഹു പറയുന്നു. പ്രവാചക ശിഷ്യരില്‍ പ്രമുഖനായിരുന്നു അബൂദര്‍റുല്‍ ഗിഫാരി(റ). അദ്ദേഹത്തോടൊരിക്കല്‍ നബി(സ) പറഞ്ഞു. `താങ്കള്‍ ഏകനായി ജീവിക്കുകയും ഏകനായി ഒരിടത്തു മരിക്കുകയും ഏകനായി ഉയിര്‍ത്തെഴുന്നേല്‌ക്കുകയും ചെയ്യും' ഏകനായുള്ള ആ മരണത്തെ അദ്ദേഹം പ്രതീക്ഷിച്ചു. മരുഭൂമിയുടെ വിജനതയലായിരിക്കും ആ മരണമെങ്കിലും അതിനു സാക്ഷികളായി സ്വഹാബികളായ ഒരു സംഘം തന്നെ അവിടെയെത്തുമെന്നും റസൂല്‍(സ)പ്രവചിച്ചിരുന്നു.
വിജനമായ റബ്‌ദ. വിരലിലെണ്ണാവുന്ന ആ നാട്ടുകാരെല്ലാം ഹജ്ജിനുപോയിരിക്കുന്നു. കുന്നിന്‍ മുകളിലെ കുടിലില്‍ മരണവുമായി ഒരാള്‍ മല്ലിടുന്നു. ഭര്‍ത്താവിന്റെ തല മടിയില്‍വെച്ച് വൃദ്ധയായ അയാളുടെ ഭാര്യ നിസ്സഹായയായി അരികിലുണ്ട്. ആ വൃദ്ധ കരയുകയാണ്.
``പ്രിയേ കരയാതിരിക്കൂ. എന്റെ മരണം നിശ്ചിത സമയത്തു തന്നെ നടക്കും'' ഭര്‍ത്താവ് ആശ്വസിപ്പിച്ചു.
``ഞാന്‍ ഭയപ്പെടുന്നത് അങ്ങയെ കഫന്‍ ചെയ്യാന്‍ ഒരു തുണിക്കഷണം പോലും ഇല്ലാത്തതിനാണ്''-അവര്‍ വേവലാതിപൂണ്ടു.
പക്ഷേ അയാള്‍ പ്രവാചക പ്രവചനത്തിലെ ആ സംഘത്തെ കുറിച്ച് പറഞ്ഞ് ഭാര്യയെ ആശ്വസിപ്പിച്ചു. ആ പ്രതീക്ഷ അസ്ഥാനത്തായില്ല. തിളച്ചുമറിയുന്ന മരുഭൂമിയിലൂടെ അന്നേരം ഒരു സംഘമെത്തി. അപ്പോഴേക്കും അബൂദര്‍റ്(റ) മരിച്ചു കഴിഞ്ഞിരുന്നു. അബ്‌ദുല്ലാഹിബ്‌നു മസ്‌ഊദി(റ)ന്റെ നേതൃത്വത്തിലുള്ള ആ സംഘം അദ്ദേഹത്തിന്റെ മരണാനന്തരക്രിയകള്‍ ചെയ്‌തു.
നിര്‍ഭയത്വവും ശാന്തതയും നിറയുന്ന മരണവേള വിശ്വാസിക്കേ സാധ്യമാകൂ. ആകുലതകളില്ലാതെ അയാള്‍ അന്ത്യം വരിക്കുന്നു. മരണം, കാരുണ്യവാനായ രക്ഷിതാവിലേക്കുള്ള യാത്രയാണെന്ന് അയാള്‍ക്കറിയാം.
0 comments:
Post a Comment