ഉര്‍വത്‌ബിന്‍ സുബൈര്‍ (റ) പ്രസിദ്ധനായ സ്വഹാബിവര്യനും കര്‍മശാസ്‌ത്ര പണ്ഡിതനുമായിരുന്നു. അറിവുകൊണ്ട് അനുഗൃഹീതനായ അദ്ദേഹത്തിന് അല്ലാഹു പരീക്ഷണങ്ങളുടെയും യാതനകളുടെയും പാരാവാരങ്ങള്‍ അളവില്ലാതെ നല്‌കി. അദ്ദേഹത്തിന്റെ കാലിന് മാരകമായ രോഗം പിടിപെട്ടു. വേദനകൊണ്ട് പുളഞ്ഞ ഉര്‍വത് പ്രാര്‍ഥനയുടെ പ്രത്യൗഷധം പുരട്ടി. വൈദ്യന്മാരുടെ അഭിപ്രായമാരാഞ്ഞപ്പോള്‍, കാല് മുറിച്ചുമാറ്റുകയല്ലാതെ രക്ഷയില്ലെന്ന് പ്രതിവിധി. നീറിപ്പുകയുന്ന വേദനയെക്കുറിച്ചോര്‍ത്തപ്പോള്‍ അദ്ദേഹത്തിന് കാല് മുറിക്കാന്‍ സമ്മതിക്കേണ്ടിവന്നു.
കാല് മുറിച്ച് മാറ്റേണ്ട ദിവസമെത്തി. സമയമടുത്തപ്പോള്‍ വൈദ്യന്‍ ഒരു മരുന്നുമായി വരുന്നു.
“ഇതെന്തിനാണ്?” ഉര്‍വത് ചോദിച്ചു.
“ബോധമില്ലാതാക്കാന്‍. കാല് മുറിച്ചു മാറ്റുന്നത് പിന്നെ നിങ്ങളറിയുകയില്ല” വൈദ്യന്റെ മറുപടി ഉര്‍വതിനെ ചൊടിപ്പിച്ചു.
“ബോധം നശിപ്പിക്കുകയോ? എങ്കില്‍ ഈ മരുന്ന് എനിക്കുവേണ്ട.
എന്റെ ബോധം നിറയെ എന്റെ രക്ഷിതാവിന്റെ ഓര്‍മകളാണ്. അവനാണ് എന്റെ ശക്തി. എന്റെ ബലം. നിങ്ങളെന്റെ കാല് മുറിച്ചോളൂ. അതല്ലേ വേണ്ടൂ”
വൈദ്യന്‍ അത്ഭുതപ്പെട്ടു. മരുന്നുകള്‍ പ്രയോഗിക്കാതെ കാല് മുറിച്ചെടുത്തു. ഉര്‍വതിന്റെ നാവിലും മനസ്സിലും നാഥനെ പ്രകീര്‍ത്തിക്കുന്ന വാക്കുകള്‍ മാത്രം. സമയം രാത്രിയായി. അപ്പോള്‍ മറ്റൊരു വാര്‍ത്തകൂടി, അദ്ദേഹത്തിന്റെ ഒരു മകന്‍ കുതിരപ്പുറത്ത് നിന്ന് വീണുമരിച്ചു!. ഒരു മനുഷ്യനെ സംബന്ധിച്ചേടത്തോളം ഏറ്റവും വലിയ രണ്ടു വേദനകള്‍. ഒന്ന്, ഒരവയവത്തിന്റെ നഷ്‌ടം. മറ്റൊന്ന് ഒരു പുത്രന്റെ നഷ്‌ടം. രണ്ടു ദുരിതവും ഒരൊറ്റ ദിവസത്തില്‍! മുറിച്ചുമാറ്റപ്പെട്ട കാല്, അവസാനമായി കാണുവാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. ചോരയിറ്റുന്ന ആ കാല് വൈദ്യന്മാര്‍ ഉര്‍വതിന്റെ കൈയിലേക്ക് നല്‌കി. കാലിനെ നോക്കി അദ്ദേഹം ഇടറുന്ന മനസ്സോടെ പറഞ്ഞു.
“എന്റെ പ്രിയപ്പെട്ട കാലേ, നീ സ്വര്‍ഗത്തിലേക്കാണ് പോകുന്നത്. കാരണം നിന്റെ സഹായത്താല്‍ ഞാനൊരു തിന്മയും ചെയ്‌തിട്ടില്ല. നിന്റെ വിരലുകളെ ഭൂമിയിലേക്ക് പതിപ്പിച്ച് ഞാന്‍ ഒരു പാപത്തിലേക്കും നടന്നിട്ടില്ല. എന്നാല്‍ രാവെന്നോ പകലെന്നോ ഇല്ലാതെ, വെയിലെന്നോ മഴയെന്നോ വകവെക്കാതെ ഞാന്‍ അല്ലാഹുവിന്റെ ഭവനത്തിലേക്ക് പ്രാര്‍ഥനയ്‌ക്കായി പോയിട്ടുണ്ട്...”
അന്ന് രാത്രി മനമുരുകി അദ്ദേഹം പ്രാര്‍ഥിച്ചു: “നാഥാ, നീയെത്ര കാരുണ്യവാന്‍! ജനനം മുതല്‍ ഇത്രകാലവും നീ എനിക്ക് എത്രയോ അവയവങ്ങള്‍ നല്‌കി. അവയില്‍ നിന്ന് ഒരു കാല് മാത്രമല്ലേ നീ തിരിച്ചെടുത്തിട്ടുള്ളൂ. ആറ് മക്കളെ നീ എനിക്ക് നല്‌കി. അവരില്‍ നിന്ന് ഒരു മകനെ മാത്രമല്ലേ നീ എടുത്തിട്ടുള്ളൂ. നീയെത്ര സ്‌നേഹമുള്ളവന്‍, നീയെത്ര കൃപയുള്ളവന്‍.”
‘ക്ഷമ’ എന്നത് പറയാനും ഉപദേശിക്കാനും ഭംഗിയുള്ള വാക്കാണ്. പക്ഷേ, ജീവിതത്തിലേക്ക് പകര്‍ത്താന്‍ ഏറെ പ്രയാസമുള്ളതും. പ്രതീക്ഷയുടെ പ്രകാശം കെട്ടുപോവുകയും അഭിലാഷങ്ങള്‍ക്ക് മങ്ങലേല്‌ക്കുകയും ചെയ്യുമ്പോള്‍ ജീവിതത്തില്‍ പതറിപ്പോകുന്നവരാണ് ഏറെയും. എന്നാല്‍ ക്ഷമയുടെ സിദ്ധൗഷധം കൊണ്ട് വേദനയാല്‍ നീറുന്ന മുറിവുണക്കാന്‍ സാധിക്കുന്ന ഭാഗ്യവാന്മാര്‍ വളരെ കുറച്ചേയുള്ളൂ. ആടിയുലയാത്ത ദൈവവിശ്വാസമാണ് ക്ഷമയുടെ നിദാനം. ക്ഷമിക്കുന്നതിന് പകരമായി സ്വര്‍ഗമുണ്ടെന്ന് ഖുര്‍ആന്‍ പറയുന്നു. അല്ലാഹുവിന്റെ ഏറ്റവും വലിയ സമ്മാനം.
ക്ഷമാലുക്കളായ ദാസന്മാര്‍ക്ക് സഹായിയായി അല്ലാഹുവുണ്ട്. നംറൂദിന്റെ തീകുണ്‌ഠാരത്തില്‍ നിന്ന് ഇബ്‌റാഹീം നബിയെ രക്ഷിച്ച അല്ലാഹു. ദുരിതക്കയങ്ങളില്‍ നിന്ന് അയ്യൂബ് നബിയെ രക്ഷിച്ച അല്ലാഹു. ഫറോവയില്‍ നിന്ന് മൂസാനബിയെ രക്ഷിച്ച അല്ലാഹു. ശത്രുസഞ്ചയങ്ങളില്‍ നിന്ന് മുഹമ്മദ് നബിയെ രക്ഷിച്ച അല്ലാഹു.
0 comments:
Post a Comment