അമിതമായി മധുരം കഴിക്കുന്ന മകനെ അതില്‍നിന്ന് പിന്മാറ്റുവാന്‍ ഉപദേശിക്കണമെന്ന് മാതാവ് ഒരു ഗുരുവിനോട് അഭ്യര്‍ഥിച്ചു. ഒരാഴ്‌ച കഴിഞ്ഞ് വരൂ എന്ന് ഗുരു നിര്‍ദേശിച്ചു. അവര്‍ വന്നു. മകനെ ഗുരു ഉപദേശിച്ചു. ഒരാഴ്‌ചത്തെ അവധിയെന്തിനായിരുന്നെന്ന് മാതാവ് ചോദിച്ചപ്പോള്‍ ഗുരുവിന്റെ മറുപടി ഇങ്ങനെയായിരുന്നു: ``ഞാനും ഒരു മധുരപ്രിയനായിരുന്നു. ആദ്യം എന്റെ ശീലം മാറ്റിയിട്ടല്ലേ കുട്ടിയെ ഉപദേശിക്കാന്‍ പാടുള്ളൂ?''
പണച്ചെലവില്ലാതെ കിട്ടുന്നതാണ് ഉപദേശം. എവിടെച്ചെന്നാലും അതിന് യാതൊരു കുറവുമില്ല. പക്ഷേ, ഉപദേശികള്‍ അതിന് അര്‍ഹരാണോ എന്ന് പരിശോധിക്കേണ്ടത് മറ്റാരുമല്ല, അവര്‍തന്നെയാണ്. കരളില്‍ തറയ്‌ക്കുംവിധം പ്രസംഗിച്ചു ഫലിപ്പിക്കാന്‍ കഴിയുന്നവരുണ്ട്. ഉള്ളില്‍കൊള്ളുന്നവിധത്തില്‍ സംസാരിക്കുവാനും കഴിയും. പക്ഷേ, നാവില്‍നിന്ന് പുറത്തേക്ക് പോകുന്ന വാക്കുകള്‍ പലപ്പോഴും മറ്റുള്ളവരുടെ ഹൃദയത്തിലേക്ക് പ്രവേശിച്ചാലും ഉപദേശികളുടെ ഹൃദയത്തിലേക്ക് പ്രവേശിക്കാറില്ല.
നിറയാത്ത ഗ്ലാസ്സ് പുറത്തേക്ക് ഒഴുകാറില്ലല്ലോ. നിറയുമ്പോഴേ കവിയൂ. സല്‍ഗുണങ്ങളെ കൊണ്ട് ജീവിതം നിറയുമ്പോഴാണ് അത് മറ്റുള്ളവരിലേക്ക് പകര്‍ന്നുതുടങ്ങേണ്ടത്. അങ്ങനെയാവുമ്പോള്‍ അത് ഫലപ്രദമാകുന്നു. കഴുത ആട്ടുകല്ല് ചുറ്റുന്നതുപോലെ ചിലയാളുകള്‍ നരകത്തിലുണ്ടാകുമെന്ന് നബിതിരുമേനി പറഞ്ഞു. അവരുടെ ശരീരത്തിന്നുള്ളിലുള്ളതെല്ലാം പുറത്തേക്ക് വന്നിരിക്കും. അപ്പോള്‍ ആളുകള്‍ ചോദിക്കും: ``താങ്കള്‍ ഞങ്ങളെ ഉപദേശിച്ച ആളായിരുന്നല്ലോ?'' ``അതെ, ഞാന്‍ നിങ്ങളോട് നന്മ കല്‌പിച്ചിരുന്നു. പക്ഷേ, ഞാനത് ചെയ്‌തിരുന്നില്ല. നിങ്ങളോട് തിന്മ വിരോധിച്ചിരുന്നു. പക്ഷേ, ഞാനത് ഉപേക്ഷിച്ചിരുന്നില്ല.'' ഇതായിരിക്കും അയാളുടെ മറുപടി.
നിറയാതെ കവിഞ്ഞതിന്റെ ഫലമാണ് ഇയാളനുഭവിക്കുന്നത്. വാക്കുകള്‍ ഹൃദയത്തില്‍നിന്ന് വന്നതായിരുന്നില്ല. ഉപദേശിച്ച് ഉപദേശിച്ച് താന്‍ അതിനു മാത്രമുള്ളവനാണെന്ന് അയാള്‍ ധരിച്ചുപോയി. മറ്റുള്ളവരുടെ ഉപദേശങ്ങള്‍ കേള്‍ക്കാന്‍ സമയം കണ്ടില്ല. അവസാനം അല്ലാഹുവിന്റെ ശിക്ഷയിലേക്കാണ് ചെന്നണയുന്നത്.
ഉപദേശി എങ്ങനെയാവണമെന്ന് നബിതിരുമേനിയുടെ ജീവിതത്തില്‍നിന്ന് പഠിക്കാം. ജനങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞ് സ്വകാര്യമായ പര്‍ണശാലയില്‍ കഴിഞ്ഞ ഒരു നിഗൂഢ വ്യക്തിയായിരുന്നില്ല, അദ്ദേഹം. മറിച്ച് ജനങ്ങളോടൊപ്പം കഴിഞ്ഞ്, അവരിലൊരാളായി ജീവിച്ച് മാതൃകയാവുകയായിരുന്നു ആ മഹാപുരുഷന്‍. നമസ്‌കരിക്കാന്‍ ഉപദേശിക്കുക മാത്രമല്ല, അതിന് നേതൃത്വം നല്‌കുകയായിരുന്നു. വിട്ടുവീഴ്‌ചയെക്കുറിച്ച് പറയുക മാത്രമല്ല, അത് ജീവിതത്തിലൂടെ കാണിച്ചുകൊടുത്തു. കളവു പറയരുതെന്ന് പറഞ്ഞു. ജീവിതത്തില്‍ ഒരു കളവുപോലും പറഞ്ഞില്ല.
ജനങ്ങളോട് പുണ്യത്തെക്കുറിച്ച് ഉപദേശിക്കുകയും സ്വജീവിതത്തില്‍ അത് വിസ്‌മരിക്കുകയും ചെയ്യുന്നതിനെ ഖുര്‍ആന്‍ നിശിതമായി വിമര്‍ശിക്കുന്നുണ്ട്. ``നിങ്ങള്‍ പ്രവര്‍ത്തിക്കാത്തത് നിങ്ങളെന്തിന് പറയുന്നു'' എന്ന സൂറത്തുസ്സ്വഫ്‌ഫിലെ ആയത്ത് മനോഹരമായി വിശദീകരിക്കുമ്പോള്‍ പോലും മനസ്സാക്ഷിക്കുത്തില്ലാത്തവര്‍ ധാരാളമുണ്ട്. ആരാധനാകാര്യങ്ങളിലും മറ്റും യാതൊരു നിഷ്‌ഠയും പുലര്‍ത്താത്ത ചിലര്‍ `ഭക്തകേമന്മാര്‍' എന്ന വിധം അന്യരെ ആരാധനാകാര്യത്തില്‍ ഗുണദോഷിക്കുന്നത് കാണുകയോ അനുഭവിക്കുകയോ ചെയ്‌തവരാണ് നാം.
ഹസനില്‍നിന്ന് ദാരിമി ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ നബിതിരുമേനി പറയുന്നുണ്ട്; ``അറിവ് രണ്ടുവിധമാണ്. ഒന്ന്, ഹൃദയത്തില്‍ പതിഞ്ഞത്. അതാണ് പ്രയോജനപ്പെടുന്ന അറിവ്. മറ്റൊന്ന് നാവില്‍ മാത്രം നിലനില്‌ക്കുന്നതാണ്. അത് അല്ലാഹുവിന്റെ മുമ്പില്‍ മനുഷ്യനെതിരില്‍ തെളിവായിരിക്കും.''
`തവക്കുലി'നെക്കുറിച്ചും ക്ഷമയെക്കുറിച്ചും ഭക്തിയെക്കുറിച്ചും പറയാനും ഉപദേശിക്കാനും വളരെ എളുപ്പമാണ്. പക്ഷേ, പ്രായോഗികജീവിതത്തില്‍ ഭൂരിപക്ഷം ആളുകളും അതെല്ലാം കൈവെടിയുന്നു. സ്വന്തം കുടുംബത്തിലും ദേശത്തും പ്രബോധനപ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ മടിക്കുന്ന പലരുടെയും പ്രശ്‌നം, അതിനു തക്കവിധത്തിലുള്ള വ്യക്തിത്വം രൂപപ്പെടുത്താനാവാത്തതാണ്. അവര്‍ തന്നെ അന്യദേശങ്ങളില്‍ പോയി `ഉപദേശകജോലി'യില്‍ മുഴുകുകയും ചെയ്യും!
മിഠായി മധുരമുള്ളതായിരിക്കുമ്പോഴും അത് തരുന്ന കൈ വൃത്തിഹീനവും ദുര്‍ഗന്ധംവമിക്കുന്നതുമാണെങ്കില്‍ നാമത് വാങ്ങാന്‍ ഇഷ്‌ടപ്പെടില്ല. അതുപോലെ, ഇസ്‌ലാമിനെ മറ്റുള്ളവരിലേക്ക് പകരുന്നവര്‍ ശുദ്ധരല്ലെങ്കില്‍ അതിനെ സ്വീകരിക്കുവാന്‍ ആരുമുണ്ടാവുകയില്ല.
വിശ്വാസവും വിജ്ഞാനവും ജീവിതത്തില്‍ പ്രതിഫലിപ്പിക്കുന്ന വ്യക്തി, നീണ്ട പ്രഭാഷണങ്ങള്‍ നടത്താതെ തന്നെ ജനങ്ങളില്‍ മതിപ്പുള്ളവനാവുകയും മാതൃകാപുരുഷനാവുകയും ചെയ്യും. അതില്ലാത്തവര്‍ എത്ര സുന്ദരമായി സംസാരിച്ചാലും ആ വാക്കുകള്‍ വിലമതിക്കപ്പെടുകയില്ല; കേള്‍ക്കുകയും ആസ്വദിക്കുകയും ചെയ്‌തേക്കാമെങ്കിലും.
"ഇസ്‌റാഅ് രാവില്‍ ഞാന്‍ ചിലരെ കണ്ടു. അവരുടെ ചുണ്ടുകള്‍ അഗ്‌നിയാലുള്ള കത്രികകൊണ്ട് വെട്ടിക്കൊണ്ടിരുന്നു. ഞാന്‍ ജിബ്‌രീലിനോട് ചോദിച്ചു. ഇവര്‍ ആരാണ്? ജിബ്‌രീല്‍ പറഞ്ഞു: ഇവര്‍ അങ്ങയുടെ സമുദായത്തിലെ പ്രസംഗകരാണ്. ഇവര്‍ ജനങ്ങളോട് നന്മ കല്‌പിക്കുകയും സ്വന്തത്തെ മറന്നുകളയുകയും ചെയ്‌തിരിക്കുന്നു." -മിശ്‌കാത്ത്
നോക്കൂ, നബിതിരുമേനിയുടെ ഈ വാക്കുകള്‍ എത്ര ഗൗരവം നിറഞ്ഞതാണ്! ഹര്‍മലയില്‍നിന്ന് ബുഖാരി ഉദ്ധരിച്ച വചനത്തില്‍ ഇങ്ങനെയുണ്ട്; ``ജനങ്ങള്‍ നിന്നെക്കുറിച്ച് നല്ലത് പറയണമെന്ന് നീ ഇഷ്‌ടപ്പെടുന്നുവെങ്കില്‍ നീ സുകൃതവാനാകൂ. ജനങ്ങള്‍ നിന്നെക്കുറിച്ച് പറയാനിഷ്‌ടപ്പെടാത്തത് നീ ഉപേക്ഷിക്കുകയും ചെയ്യുക.''
ജനങ്ങളെ ഉപദേശിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ഇബ്‌നുഅബ്ബാസിനോട് ഒരു സ്വഹാബി വന്നു പറഞ്ഞപ്പോള്‍ അദ്ദേഹം നല്‌കിയ മറുപടി ``താങ്കള്‍ സ്വന്തത്തില്‍ നിന്ന് തുടങ്ങുക.'' എന്നായിരുന്നു.
0 comments:
Post a Comment