ലോകത്തുള്ള സര്‍വ മനുഷ്യരും ഒരേ മാതാവിന്റെയും പിതാവിന്റെയും മക്കളാണെന്ന് ഖുര്‍ആന്‍ പറയുന്നു. എന്നാല്‍ സത്യവിശ്വാസികളായ സ്‌ത്രീ പുരുഷന്മാരെ സംബന്ധിച്ചുമാത്രമേ `സഹോദരങ്ങള്‍' എന്ന് ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നുള്ളൂവെന്നത് ചിന്തനീയമാണ്.
വ്യക്തികള്‍ തമ്മിലുള്ള അടുപ്പത്തെയും സ്‌നേഹത്തെയും പ്രാധാന്യപൂര്‍വം പ്രോത്സാഹിപ്പിക്കുകയും പരിഗണിക്കുകയും ചെയ്‌ത മതമാണ് ഇസ്‌ലാം. ബന്ധുക്കളും സഹോദരന്മാരും മാതാപിതാക്കളും അവിശ്വാസികളായിരുന്നാല്‍ പോലും ആദര്‍ശേതരമായ ആത്മബന്ധം അവരോടു പുലര്‍ത്തുന്നതിന് മതം എതിരല്ല. എന്നാല്‍ ഏറ്റവും അടുത്ത കൂട്ടുകാരായി ശത്രുവിഭാഗങ്ങളില്‍പെട്ടവരെ സ്വീകരിക്കുന്നതിനെ മതം വിലക്കുകയും ചെയ്യുന്നു.
അതോടൊപ്പം തന്നെ വിശ്വാസികളായിരുന്നാലും അവിശ്വാസികളായിരുന്നാലും തമ്മില്‍ പാലിക്കേണ്ട നിയമങ്ങളും മതം കണിശമായി നിര്‍ണയിച്ചു നല്‌കി.
അബ്‌ദുല്ലാഹിബ്‌നു ഉമ്മിമക്‌തൂം പ്രഗത്ഭനായ സ്വഹാബിയായിരുന്നു. പൂര്‍ണമായും അന്ധനായിരുന്നിട്ടും അഞ്ച് സമയങ്ങളിലും ജമാഅത്ത് നമസ്‌കാരത്തിനു കൃത്യമായി എത്തിയിരുന്ന ഭക്തനായ വിശ്വാസി. അദ്ദേഹം ഒരിക്കല്‍ റസൂലിന്റെ വീട്ടിലേക്ക് കയറിവന്നു. ആഇശയടക്കമുള്ള നബിപത്‌നിമാര്‍ അവിടെ നില്‌പ്പുണ്ടായിരുന്നു, ആ സമയത്ത്. തിരുമേനി അവരോട് അകത്തേക്ക് പോവാന്‍ കല്‌പിച്ചു. ഇബ്‌നു ഉമ്മിമക്‌ത്തൂമിന് കണ്ണുകാണാത്തതിനാല്‍ തങ്ങളെ കാണില്ലല്ലോ എന്നായിരുന്നു അവരുടെ ന്യായം. എന്നാല്‍ `അദ്ദേഹത്തെ കാണാന്‍ നിങ്ങള്‍ക്ക് കണ്ണില്ലേ' എന്നായിരുന്നു നബിതിരുമേനിയുടെ മറുചോദ്യം.
നോക്കൂ, വിശ്വാസിയും ഭക്തനുമായ ഇബ്‌നു ഉമ്മി മക്‌തൂമും വിശ്വാസികളുടെ മുഴുവന്‍ മാതാക്കളായ നബിപത്‌നിമാരും. എന്നിട്ടും നബിതിരുമേനി അവര്‍ക്കിടയില്‍ ശക്തമായ മാര്‍ഗ നിര്‍ദേശം നല്‌കുന്നു. വിശ്വാസിയും വിശ്വാസിനികളും എന്നതിനേക്കാള്‍ സ്‌ത്രീകളും പുരുഷന്മാരുമെന്നതിനാണ് റസൂല്‍ അവിടെ പരിഗണന നല്‌കുന്നത്. മറ്റൊരിക്കല്‍ അല്‌പമിരുട്ടിയ സമയത്ത് റസൂലും ഒരു സ്‌ത്രീയും നടന്നുപോകുമ്പോള്‍ കുറച്ചുദൂരെ മറ്റാരോ നില്‌ക്കുന്നത് കാണുന്നു. തിരുമേനി അയാളുടെ അടുത്തേക്ക് ചെന്ന്, കൂടെയുള്ള സ്‌ത്രീ ഭാര്യയാണെന്ന് അയാളെ അറിയിക്കുന്നു. സംശയങ്ങള്‍ക്കും ഊഹങ്ങള്‍ക്കുമുള്ള സാധ്യതകളെ ഇല്ലാതാക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.
മിക്ക മുസ്‌ലിം കുടുംബങ്ങളിലും ഇന്നു നടന്നുകൊണ്ടിരിക്കുന്ന ദുരവസ്ഥ ഏറെ ആശങ്കാജനകമാണ്. ഭര്‍ത്താവ് വിദേശത്തേക്ക് ജോലിക്ക് പോവുകയും നാട്ടിലൊരു വീടുണ്ടാക്കി ഭാര്യയെയും കുട്ടികളെയും അവിടെ ഒറ്റയ്‌ക്ക് താമസിപ്പിക്കുകയും ചെയ്യുന്നതിന്റെ പൊള്ളുന്ന അനുഭവങ്ങള്‍ ഇന്ന് ഏറിവരികയാണ്. പുറത്തറിഞ്ഞതും അറിയാത്തതുമായ അനേകം വൃത്തികെട്ട കഥകള്‍ അത്തരം ചില കുടുംബങ്ങളില്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്.
മറ്റൊന്ന്, വീടുകളിലെ ജോലിക്കാരാണ്. ജോലിക്കാരോട് ഏതുവിധമുള്ള ബന്ധമാണ് പുലര്‍ത്തേണ്ടതെന്ന കാര്യത്തില്‍ മിക്ക കുടുംബനാഥന്മാരും അലസമായ അജ്ഞതയിലാണിന്ന്. വീട്ടിലുള്ള സ്‌ത്രീകളോടും പെണ്‍കുട്ടികളോടും ജോലിക്കുവന്ന ചെറുപ്പക്കാര്‍ അടുപ്പം കാണിക്കുന്നതിനെയും അടുത്തിടപെടുന്നതിനെയും പലരും ഗൗരവത്തോടെ കാണാറില്ല.
ഡ്രൈവര്‍മാരാണ് മറ്റൊരു കൂട്ടര്‍. അന്യകുടുംബങ്ങളില്‍ പോകുമ്പോഴും സ്വന്തം കുടുംബങ്ങളിലാകുമ്പോഴും കൂടെയുള്ള വാഹനത്തിന്റെ ഡ്രൈവര്‍മാര്‍ക്ക് അനര്‍ഹമായ പരിഗണന നല്‌കുന്നതില്‍ പലര്‍ക്കും താല്‌പര്യമാണ്. അവരെ അനിയന്ത്രിതമായി വിലസാന്‍ അനുവദിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നതിന് ഉദാഹരണങ്ങള്‍ ഏറെയാണ്.
സ്‌ത്രീകള്‍ അന്യപുരുഷന്മാര്‍ക്ക് മുന്നില്‍ കൊഞ്ചിക്കുഴഞ്ഞ് സംസാരിക്കുന്നതിനെയും ആകര്‍ഷണീയമായി വസ്‌ത്രം ധരിക്കുന്നതിനേയും വിലക്കിയ മതമാണ് ഇസ്‌ലാം. സ്‌ത്രീയുടെ സൗന്ദര്യവും ശാലീനതയുമെല്ലാം കാണേണ്ടതും അനുഭവിക്കേണ്ടതും അവളുടെ ഭര്‍ത്താവ് മാത്രമാണെന്ന് ഇസ്‌ലാം നിര്‍ദേശിക്കുന്നു. പുരുഷന്റെതും അങ്ങനെ തന്നെ. പ്രായപൂര്‍ത്തിയായ മക്കള്‍ക്കു പോലും തങ്ങളുടെ സ്വകാര്യ നിമിഷങ്ങളില്‍ അനുവാദമില്ലാതെ പ്രവേശനം നല്‌കരുതെന്ന് മാതാപിതാക്കളെ ഖുര്‍ആന്‍ പഠിപ്പിച്ചു.
0 comments:
Post a Comment