--
എല്ലാം തന്നവന് നാമെന്തു നല്കി?
Posted by
Malayali Peringode
, Tuesday, October 6, 2009 at Tuesday, October 06, 2009, in
Labels:
എല്ലാം തന്നവന് നാമെന്തു നല്കി?
അബ്ദുല്‍വദൂദ്
താങ്കള്‍ വളരെയേറെ ഇഷ്ടപ്പെടുന്ന ഒരു കുട്ടി. എന്തു വേണമെന്ന് പറഞ്ഞാലും അവള്‍ക്ക് വാങ്ങിക്കൊടുക്കുന്നു. അവളുടെ ആവശ്യങ്ങളെല്ലാം സന്തോഷപൂര്‍വം ചെയ്തുകൊടുക്കുന്നു. അവളോടുള്ള സ്നേഹവും വാത്സല്യവും നിങ്ങളുടെയുള്ളില്‍ എപ്പോഴും നിറഞ്ഞുതുളുമ്പുന്നു. ഇത്രയധികം നിങ്ങള്‍ സ്നേഹിക്കുന്ന ആ കുട്ടിയോട് ചെറിയൊരു കാര്യം ആവശ്യപ്പെടുമ്പോള്‍, അവള് അത് പരിഗണിക്കുകയേ ചെയ്യാതെ തിരിഞ്ഞുകളഞ്ഞാല്‍ ദേഷ്യമാണോ സങ്കടമാണോ നിങ്ങള്‍ക്കുണ്ടാവുക? ദേഷ്യത്തെക്കാള്‍ സങ്കടമാണുണ്ടാവുക, അല്ലേ? ഇത്രയേറെ ഞാനാ കുട്ടിയെ സ്നഹിച്ചിട്ടും എന്റെ സ്നേഹം അവള് തിരിച്ചറിയുന്നില്ലല്ലോ എന്ന ദു:ഖമാണുണ്ടാവുക.
എങ്കില്‍ അല്ലാഹുവെക്കുറിച്ച് ഒന്നോര്‍ത്തുനോക്കൂ. കാരണം, അവന് നമ്മെ ഏറെ സ്നേഹിക്കുന്നുണ്ട്. പക്ഷേ, സ്വര്‍ഗത്തിന്റെ വഴിയിലേക്ക് അല്ലാഹു നമ്മെ ക്ഷണിക്കുമ്പോള്‍ നാം തിരിഞ്ഞുകളയുന്നു. അവന് നല്കിയ അനുഗ്രഹങ്ങളുടെ കൂമ്പാരങ്ങളില്‍ ജീവിക്കുമ്പോഴും അവനോട് നന്ദികേട് കാണിക്കുന്നു. അവന്റെ നിര്‍ദേശങ്ങള്‍ക്ക് വില കല്പിക്കാതെ, നമ്മുടെ ഇഷ്ടങ്ങളുടെ പിറകെ സഞ്ചരിക്കുന്നു. ഓരോ സെക്കന്റിലും പാലിച്ചുകൊണ്ടേയിരിക്കേണ്ടതാണ് അവന്റെ നിര്‍ദേശങ്ങളെങ്കിലും അവയോട് മുഖം തിരിച്ച്, അലസമായി നാം നീങ്ങുന്നു! എങ്കില്‍ എത്ര വലിയ നന്ദികേടാണ് നാം കാണിക്കുന്നത്.
നെറ്റിയില്‍ ഒരു കെട്ടുമായി നടന്നുവരുന്ന യുവാവിനോട്, പണ്ഡിതനായ സുഫ്യാനുസ്സൗരി ആ കെട്ടിന്റെ കാരണം ചോദിച്ചു: “ശക്തമായ തലവേദന കാരണം നനഞ്ഞ ശീല കെട്ടിയതാണ്.” “സുഹൃത്തേ താങ്കള്ക്കെത്ര വയസ്സായി?”
“മുപ്പത്”
“ഈ മുപ്പത് വര്‍ഷത്തിനിടയില്‍ കാര്യമായ വല്ല അസുഖങ്ങളും വന്നിട്ടുണ്ടോ?”
“ഇല്ല.”
“അപകടങ്ങള്‍ വല്ലതും?”
“ഇല്ല.”
“നോക്കൂ സുഹൃത്തേ, കഴിഞ്ഞ മുപ്പതുവര്‍ഷത്തെ സുഖകരമായ ജീവിതം താങ്കള്‍ക്ക് അല്ലാഹു തന്നു. രോഗങ്ങളും അപകടങ്ങളും ഇല്ലാതാക്കിയതിന് ഒരടയാളവും താങ്കള്‍ പ്രദര്‍ശിപ്പിച്ചില്ല. ഇപ്പോള്‍ ഒരു ചെറിയ തലവേദന വന്നപ്പോഴേക്ക് അത് താങ്കള്‍ക്ക് അസഹനീയമായിരിക്കുന്നു, അല്ലേ?''
സുഫ്യാനുസ്സൗരിയുടെ ചോദ്യം യുവാവിനെ ചിന്തിപ്പിച്ചു.
സൂറത്തുല്‍ ആദിയാത്ത് ആരംഭിക്കുന്നത്, യജമാനനോട് അനുസരണവും നന്ദിയുമുള്ള കുതിരയെ വര്‍ണിച്ചുകൊണ്ടാണല്ലോ. പ്രഭാതത്തിന്റെ പ്രകാശമെത്തും മുമ്പേ യജമാനനു വേണ്ടി യുദ്ധക്കളത്തിലേക്കോടുന്ന കുതിരയെ വര്‍ണിച്ച ശേഷം ഇത്രയുമാണ് അല്ലാഹു പറയുന്നത്: “തീര്‍ച്ച, മനുഷ്യന് അവന്റെ രക്ഷിതാവിനോട് നന്ദികേട് കാണിക്കുന്നവനാണ്. അവന് തന്നെ അതിന് സാക്ഷിയാണ്...''
അല്ലാഹുവോടുള്ള നന്ദിയെന്നാല്‍, അവനെക്കുറിച്ച വിചാരങ്ങളോടെയുള്ള ജീവിതമാണ്. ആ നിയമങ്ങളെ മുറ തെറ്റാതെ പാലിച്ചുകൊണ്ടുള്ള ജീവിതം. അല്ലാഹുവോട് നന്ദിയുണ്ടാവാന്‍ മൂന്നു കാര്യങ്ങള്‍ ഇമാം ഗസ്സാലി(റ) നിര്‍ദേശിക്കുന്നുണ്ട്: ഒന്ന്, അവന്റെ അനുഗ്രഹങ്ങളെ തിരിച്ചറിയാന്‍ സാധിക്കണം. രണ്ട്, ആ അനുഗ്രഹങ്ങളില്‍ തികഞ്ഞ സന്തോഷമുണ്ടാകണം. മൂന്ന്, അനുഗ്രഹദാതാവിന് ഇഷ്ടമുള്ളവിധം അവ ഉപയോഗപ്പെടുത്തണം. (ഇഹ്യാ ഉലൂമിദ്ദീന്‍ 103)
അല്ലാഹു നല്കിയ അനുഗ്രഹങ്ങളെ അവനു പ്രിയമുള്ള വിധം ഉപയോഗപ്പെടുത്തുകയാണ് പ്രധാനം. സമ്പത്തും അവയവങ്ങളും സമയവുമെല്ലാം അവന് അനിഷ്ടമുള്ളതില്‍ പ്രയോഗിക്കാതിരിക്കാനുള്ള ജാഗ്രതയാണ് അവനുള്ള നന്ദി.
നോക്കൂ, തിരക്കുപിടിച്ച ജോലി ചെയ്യുന്ന സമയത്ത് ഫോണില്‍ ആരോ വിളിക്കുന്നു. ചെയ്യുന്ന ജോലി വളരെ പ്രധാനമാണെങ്കിലും വിളിക്കുന്നയാള്‍ അതിലേറെ പ്രിയപ്പെട്ടയാളാണെങ്കില്‍ മാത്രമേ നാം ഫോണെടുക്കൂ; അല്ലേ? അങ്ങനെയെങ്കില്‍ കച്ചവടത്തില്‍, വീട്ടില്‍ പ്രിയങ്കരങ്ങളായ പലതിനോടുമൊപ്പം കഴിയുമ്പോള്‍ അതാ ഒരാള്‍ വിളിക്കുന്നു! വിജയത്തിലേക്കുള്ള വിളിയാണ്. നമസ്കാരത്തിലേക്കുള്ള ക്ഷണമാണ്. ഫോണെടുക്കുന്നതും എടുക്കാതിരിക്കുന്നതും വിളിക്കുന്നയാളുടെ പ്രാധാന്യത്തിനനുസരിച്ചാണെങ്കില്‍, ഈ ക്ഷണത്തിന് നാം ഉത്തരം നല്‍കുന്നതും ക്ഷണിക്കുന്നയാള്‍ക്ക് നമ്മുടെ മനസ്സിലുള്ള സ്ഥാനത്തിനനുസരിച്ചായിരിക്കും.
എല്ലാ പ്രിയങ്ങളേക്കാളും വലിയ പ്രിയമായി അല്ലാഹു മാറിയിട്ടുണ്ടെങ്കില്‍ അവന്റെ ക്ഷണം നാമാരും നിരസിക്കില്ല.
“നിങ്ങള്‍ നന്ദി കാണിച്ചാല്‍ നിങ്ങള്‍ക്ക് വര്‍ധിപ്പിച്ചുതരും. നന്ദികേട് കാണിച്ചാല്‍ എന്റെ ശിക്ഷ അതികഠിനമാണ്, തീര്‍ച്ച.”(14:7)
അല്ലാഹു തന്നതാണ് എല്ലാ സുഖങ്ങളും. അല്ലാഹു തന്ന ഏതെങ്കിലുമൊരു സുഖം അതേ അല്ലാഹുവിനെ മറക്കാന്‍ കാരണമാകുന്നുണ്ടോ? നമ്മുടെ ജീവിതത്തില്‍ അല്ലാഹുവിന് നല്കുന്ന സ്ഥാനവും സമയവുമെത്രയാണ്? ഓരോ നിമിഷവും നമ്മെ അസ്വസ്ഥപ്പെടുത്തേണ്ട ആലോചനയാവണം ഇത്. എല്ലാമെല്ലാം തന്നവന് തിരിച്ചെന്തു നല്കി?
--
Subscribe to:
Post Comments (Atom)
1 comments:
എല്ലാം തന്നവന് നാം എന്തു നല്കി??
Post a Comment