പുണ്യംകൊണ്ടൊരു തഴമ്പ്
Posted by
Malayali Peringode
, Friday, October 9, 2009 at Friday, October 09, 2009, in
Labels:
പുണ്യംകൊണ്ടൊരു തഴമ്പ്
അബ്‌ദുല്‍വദൂദ്
പ്രവാചകപൗത്രന്‍ ഹുസൈന്റെ(റ) മകനാണ് സൈനുല്‍ആബിദീന്‍. അലി എന്നായിരുന്നു യഥാര്‍ഥ പേരെങ്കിലും ആരാധനയിലുള്ള സൂക്ഷ്‌മതയും ഭക്തിയും കൊണ്ട് `സൈനുല്‍ആബിദീന്‍' (ആരാധനകര്‍ക്ക് അലങ്കാരം) എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടത്. കച്ചവടത്തിലൂടെ സമ്പന്നനായിത്തീര്‍ന്നെങ്കിലും ഒട്ടും അഹങ്കാരം കാണിക്കാതെ, പരലോകവിജയത്തിനുള്ള നല്ല മാര്‍ഗമായി അദ്ദേഹം ധനത്തെ വിനിമയം ചെയ്‌തു. രഹസ്യധര്‍മമായിരുന്നു അദ്ദേഹത്തിന്റെ സവിശേഷത. എല്ലാവരും ഗാഢനിദ്രയിലാകുമ്പോള്‍ പാതിരാത്രിയില്‍ പൊടിച്ചാക്കുകള്‍ തോളിലേറ്റി അദ്ദേഹം വീടുവിട്ടിറങ്ങും. യാചിക്കാന്‍ മടിയുള്ള പാവങ്ങളെ കണ്ടെത്തി അവര്‍ക്കത് നല്‍കും. അവര്‍ക്കാര്‍ക്കും സ്വന്തം പേരോ വിവരങ്ങളോ അദ്ദേഹം നല്‍കില്ല. നിരവധി പട്ടിണിപ്പാവങ്ങള്‍ അദ്ദേഹം നല്‍കുന്ന ഉപജീവനത്തിലൂടെ സുഭിക്ഷമായി ജീവിച്ചു. പെട്ടെന്നൊരു ദിനംമുതല്‍ അദ്ദേഹത്തെ കാണാതായി. ആ പാവങ്ങളെല്ലാം പട്ടിണിയിലായി. പിന്നീടാണവര്‍ അറിയുന്നത്, ആ മഹാനായ മനുഷ്യന്‍ മരിച്ചുപോയെന്ന്! അപ്പോഴാണ് പ്രവാചകന്റെ പൗത്രനായിരുന്നു ആ രഹസ്യധര്‍മിഷ്‌ഠന്‍ എന്ന് ജനങ്ങളെല്ലാം അറിയുന്നത്!
സൈനുല്‍ ആബിദീന്റെ മയ്യിത്ത് കുളിപ്പിക്കാന്‍ വെച്ചപ്പോള്‍ ആ മുതുകില്‍ കട്ടിയായിക്കിടക്കുന്ന തഴമ്പ് കണ്ടപ്പോള്‍ അതെന്താണെന്ന് ആളുകള്‍ പരസ്‌പരം ചോദിച്ചു. ``പട്ടണത്തിലെ നൂറുകണക്കിന് വീടുകളിലേക്ക് പൊടിച്ചാക്കുകള്‍ ചുമന്ന തഴമ്പാണിത്. ഈ മനുഷ്യന്റെ വേര്‍പാടോടെ ആ പാവങ്ങള്‍ക്ക് രക്ഷിതാവ് നഷ്‌ടപ്പെട്ടു'' -കൂട്ടത്തിലൊരാള്‍ പറഞ്ഞു.
തഖ്വയുടെ സ്വാധീനമാണ് സൈനുല്‍ആബിദീന്റെ ജീവിതത്തില്‍ തെളിഞ്ഞുകാണുന്നത്. പാതിരാവില്‍ പൊടിച്ചാക്കുമായി പാവങ്ങളെത്തേടി അലയാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത് ഈമാന്‍ ഒന്നുമാത്രമായിരുന്നു. മദീനയുടെ ഏതോ അറ്റത്ത് സഹായിക്കാന്‍ ആരുമില്ലാതെ കഷ്‌ടപ്പെടുന്ന ഒരു വൃദ്ധയെക്കുറിച്ച് ഉമര്‍(റ) അറിഞ്ഞു. പ്രഭാതത്തിനും മുമ്പ് അദ്ദേഹം ആ വൃദ്ധയെ സഹായിക്കാനെത്തി. പക്ഷേ, അതിനും മുമ്പേ മറ്റാരോ വന്ന് അവര്‍ക്ക് വേണ്ടതെല്ലാം ചെയ്‌തുപോയിട്ടുണ്ട്! പിറ്റേ ദിവസം അതിലേറെ നേരത്തെ അദ്ദേഹമെത്തി. അപ്പോഴും തലേദിവസത്തെ കാഴ്‌ച തന്നെയായിരുന്നു, അവിടെ! മൂന്നാമത്തെ ദിവസം, ആ സേവകനെ കണ്ടുപിടിക്കാന്‍ ഏറെ നേരത്തെ ഉമര്‍ ആ വീട്ടിലെത്തി. ഇരുട്ട് മായുന്നതിനും വളരെ മുമ്പ് ഒരാള്‍ നടന്നുവരുന്നു! ആളെ വ്യക്തമാകുന്നില്ല. തൊട്ടടുത്തെത്തിയപ്പോള്‍ ഉമര്‍ അയാളെ കടന്നുപിടിച്ചു. അപ്പോഴാണ് ആളെ തിരിച്ചറിയുന്നത്; ഖലീഫ അബൂബക്കര്‍!! ആളെ വ്യക്തമായപ്പോള്‍ ഉമര്‍ പറഞ്ഞതിങ്ങനെ: ``അബൂബക്കര്‍, എനിക്കറിയാമായിരുന്നു, താങ്കള്‍ക്കല്ലാതെ മറ്റാര്‍ക്കും എന്നെ ഈ വിഷയത്തില്‍ തോല്‍പിക്കാനാവില്ലെന്ന്.''
രഹസ്യജീവിതത്തിന്റെ ഉള്ളിന്റെയുള്ളിലും പരമമായ ഭക്തി സൂക്ഷിക്കാന്‍ സാധിക്കുന്നത് വലിയ ഭാഗ്യമാണ്. ആരാധനകള്‍കൊണ്ടും പ്രാര്‍ഥനകള്‍ കൊണ്ടും കീര്‍ത്തനങ്ങള്‍ കൊണ്ടും ജീവിതത്തെ ധന്യമാക്കുന്നതോടൊപ്പം, സല്‍കര്‍മങ്ങള്‍കൊണ്ട് ഐശ്വര്യപൂര്‍ണമാക്കുക കൂടി വേണം.
സ്വകാര്യ സന്ദര്‍ഭങ്ങളെ രണ്ടു രീതിയിലാണ് നാം വിനിയോഗിക്കേണ്ടത്. ഒന്ന്, ആത്മവിചാരണയ്‌ക്ക്. സൂക്ഷ്‌മമായ ജീവിതരീതി വ്യക്തി ശുചിത്വത്തിനുള്ള നല്ല വഴിയാണ്. ജീവിതവഴികളില്‍ പറ്റിച്ചേര്‍ന്നിട്ടുള്ള അഴുക്കുകളെ കഴുകി വെടിപ്പാക്കാന്‍ സ്വകാര്യതയിലെ ആത്മവിചാരണ ഉത്തമമാര്‍ഗമാണ്. രണ്ടാമത്തേത്, സല്‍പ്രവര്‍ത്തികളാണ്. അറിയാനോ, അഭിനന്ദിക്കാനോ ആരുമില്ലാത്തപ്പോള്‍ മനസ്സ് അല്ലാഹുവിലേക്ക് മാത്രമായി കേന്ദ്രീകരിക്കപ്പെടും. തഹജ്ജുദിന്റെ അനുഭവം അതാണ്.
സ്വയം വിചാരണയ്‌ക്ക് മാത്രമല്ല, സ്വയം വിശകലനത്തിനും സ്വകാര്യത തന്നെയാണുത്തമം. ഒറ്റയ്‌ക്കാവുമ്പോള്‍ എന്താണ് മനസ്സില്‍ തോന്നുന്നത്? എന്തു ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നത്? എന്താണ് ചെയ്യുന്നത് എന്നൊക്കെ നിരീക്ഷിച്ച് അവനവനെക്കുറിച്ച് അറിയാം. തിന്മ ചെയ്യാനാണ് മനസ്സ് കൊതിക്കുന്നതെങ്കില്‍, ശക്തമായ ശിക്ഷണം ഇനിയും മനസ്സിനുണ്ടാകണമെന്നാണര്‍ഥം. ഒമ്പത് വസ്വിയ്യത്തുകള്‍ നല്‍കുന്ന പ്രസക്തമായ ഒരു ഹദീസില്‍, ആദ്യത്തെ വസ്വിയ്യത്ത് ``സ്വകാര്യ ജീവിതത്തിലും പരസ്യജീവിതത്തിലും കളങ്കങ്ങളില്ലാതെ ജീവിക്കുക'' എന്നാണ്. അല്ലാഹുവെപ്പറ്റിയുള്ള ഭയവും ഭക്തിയും കൂടുതല്‍ പ്രകടമാകേണ്ടത് സ്വകാര്യതയിലാണ്. നല്ലത് ചെയ്‌തും നല്ലതു കണ്ടും നല്ലത് കൊതിച്ചും സ്വകാര്യ സന്ദര്‍ഭങ്ങള്‍ക്ക് അര്‍ഥം നല്‍കുക! സൈനുല്‍ ആബിദീനും ഉമറും അബൂബക്‌റും ആ അര്‍ഥമാണ് ആഹ്വാനം ചെയ്യുന്നത്. മായാത്ത തഴമ്പായി മുതുകില്‍ ബാക്കിയായത്, സ്വകാര്യതയിലും ജ്വലിച്ചുനിന്ന ഈമാനിന്റെ അഴകാണ്.
Subscribe to:
Post Comments (Atom)
0 comments:
Post a Comment