ഉയര്‍ച്ചയുടെ വഴി
Posted by
Malayali Peringode
, Friday, October 9, 2009 at Friday, October 09, 2009, in
Labels:
ഉയര്‍ച്ചയുടെ വഴി
അബ്‌ദുല്‍വദൂദ്
കടല്‍ക്കരയിലെ പൂഴിമണലില്‍ പൂണ്ടുകിടക്കുന്ന ചിപ്പികളെ ശ്രദ്ധിച്ചിട്ടുണ്ടോ? ആരും ശ്രദ്ധിക്കാറില്ല. നിരവധിപേര്‍ അവയെ ചവിട്ടിക്കടന്നുപോകുമ്പോഴും അവ കൂടുതല്‍ കൂടുതല്‍ മണലിലേക്ക് മറയും. വിലപിടിച്ച മുത്തുകള്‍ നിറച്ച ആ ചിപ്പികള്‍ നമ്മുടെ കാലിന്നടിയിലേക്ക് ചെറുതാവുന്നു! ഉദാത്തമായ സന്ദേശം പകര്‍ന്നുതരുന്ന നിശ്ശബ്‌ദമായ പ്രവര്‍ത്തനമാണിത്.
ചെറുതാകുന്നതിലെ മഹത്വം തിരിച്ചറിയാന്‍ നമുക്കും സാധിക്കണം. അഹങ്കാരപ്പെരുമകളുടെ മനോമോഹങ്ങളില്‍നിന്ന് സ്വയം മോചനം നേടി, എളിമയുടെ ഉന്നതിയിലേക്കുയരാന്‍ എല്ലാവര്‍ക്കും എളുപ്പം സാധിക്കില്ല. വിനയംകൊണ്ട് ചെറുതാകാന്‍ ശീലിക്കുമ്പോള്‍ നാമറിയാതെ നമുക്കുയരാന്‍ സാധിക്കും. ഗര്‍വുകൊണ്ട് വലുതാകാന്‍ മുതിരുമ്പോള്‍ മറ്റുള്ളവരുടെ കണ്ണില്‍ നാം ചെറുതാകാന്‍ തുടങ്ങും. “കാറ്റുകെടുത്തിയ വിളക്കുകളെത്ര! അഹന്ത നശിപ്പിച്ച ആരാധനകളെത്ര!” എന്ന വചനം ഈസാ നബി(അ)യുടേതായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഇമാം ശാഫിഈ(റ) പറയുന്നു: “ഒരാള്‍ ഉള്ളതില്‍ കവിഞ്ഞ വില തനിക്കിട്ടാല്‍ യഥാര്‍ഥ വിലയിലേക്ക് അല്ലാഹു അയാളെ താഴ്‌ത്തിക്കൊണ്ടുവരും.”
ചെറിയ ജീവിതം നയിച്ച് വലിയ പദവിയിലേക്കുയരുന്നവരെക്കുറിച്ച തിരുവചനം ശ്രദ്ധേയമാണ്. തിര്‍മിദിയും അബൂദാവൂദും ഇബ്‌നുമാജയും ഇബ്‌നുഉമാമയില്‍ നിന്ന് ഉദ്ധരിക്കുന്നു: “ഏറ്റവും ഇഷ്‌ടപ്പെട്ട വലിയ്യുകളെ സംബന്ധിച്ച് അല്ലാഹു പറയുന്നു: ചെറിയ ജീവിതസൗഭാഗ്യങ്ങള്‍ മാത്രമുള്ളവരാണവര്‍, പക്ഷേ ധാരാളം നമസ്‌കരിച്ചവരായിരിക്കും. നല്ല ആരാധനകള്‍കൊണ്ട് ധന്യമായിരിക്കും ആ ജീവിതം. അല്ലാഹുവിനെ രഹസ്യജീവിതത്തിലും അനുസരിച്ചും ഭയപ്പെട്ടും ജീവിച്ചവര്‍. ജനങ്ങള്‍ക്കിടയില്‍ അറിയപ്പെടാത്തവരാണവര്‍. ഒരു വിരലും അവര്‍ക്കുനേരെ ചൂണ്ടുന്നില്ല. പരിമിതമായ ഉപജീവനമാര്‍ഗങ്ങള്‍ മാത്രമേ അവര്‍ക്കുള്ളൂവെങ്കിലും അവരതില്‍ സംതൃപ്‌തരാണ്” -ഇത്രയും പറഞ്ഞ് തിരുനബി(സ) അവിടുത്തെ കൈകള്‍ ചുരുട്ടിപ്പിടിച്ചു. ഇത്രകൂടി പറഞ്ഞ് തിരുവചനം അവസാനിപ്പിച്ചു: “അയാളുടെ മയ്യിത്ത് ഖബ്‌റടക്കുന്നു, അനന്തരാവകാശികളും അനന്തരസ്വത്തും അയാള്‍ക്ക് വളരെ കുറച്ചുമാത്രം.”
ഭൗതിക കൗതുകങ്ങളുടെ മുന്നില്‍ അന്ധാളിച്ചു നിന്ന്, അവ സ്വന്തമാക്കാനുള്ള ഓട്ടത്തിന്നിടയില്‍ യാഥാര്‍ഥ്യങ്ങള്‍ മറന്നുപോകുന്നവരാണ് ആധുനിക മനുഷ്യര്‍.
മൂല്യങ്ങള്‍ മറന്ന്, ആര്‍ത്തിയുടെയും ആഡംബരത്തിന്റെയും വഴിയിലൂടെ സഞ്ചരിച്ച്, എല്ലാം നേടാന്‍ ശ്രമിച്ചിട്ടും ഒന്നും നേടിയതില്‍ തൃപ്‌തരാകാതെ ജീവിതം വിഫലമാക്കുന്നവര്‍! അവര്‍ക്കിടയിലാണ് ഇങ്ങനെയുള്ള വലിയ്യുകള്‍ ജീവിക്കുന്നത്. ഭൗതിക സുഖങ്ങള്‍ അവരെ സ്വാധീനിക്കുകയേ ഇല്ല. പണവും പ്രതാപവും അവരെ തകര്‍ക്കുകയില്ല. പ്രസിദ്ധിയോ പ്രചാരണങ്ങളോ അവര്‍ കൊതിക്കുന്നില്ല. പത്രാസോ പത്രശ്രദ്ധയോ മോഹിക്കാതെ സ്വന്തം ബാധ്യതകള്‍ പൂര്‍ത്തീകരിച്ച് ജന്മത്തെ സഫലമാക്കുന്നവരാണവര്‍. അവരുടെ പ്രാര്‍ഥന ഇങ്ങനെയായിരിക്കുമെന്ന് തിരുനബി(സ) പഠിപ്പിക്കുന്നു: “അല്ലാഹുവേ, ഞാന്‍ നിന്റെ ദാസനാകുന്നു. നിന്റെ ദാസന്റെയും ദാസിയുടെയും പുത്രനുമാകുന്നു. എന്റെ കുടുമ നിന്റെ കയ്യിലാണ്. നിന്റെ വിധിയാണ് എന്നില്‍ നടപ്പാകുന്നത്. എന്നെക്കുറിച്ച നിന്റെ തീരുമാനങ്ങള്‍ നീതിപൂര്‍വമാണ്. നീ സ്വയം വിളിച്ചതും നിന്റെ ഗ്രന്ഥത്തില്‍ അവതരിപ്പിച്ചതും നിന്റെ സൃഷ്‌ടികളിലാരെയെങ്കിലും നീ ഏല്‌പിച്ചതുമായ നിന്റെ സകല നാമങ്ങള്‍കൊണ്ടും ഞാന്‍ നിന്നോട് ചോദിക്കുന്നു. ഖുര്‍ആനെ എന്റെ ഹൃദയത്തിന്റെ ശോഭയും എന്റെ മനസ്സിന്റെ പ്രകാശവും എന്റെ ദുഃഖത്തിന്റെ ശമനവും എന്റെ സങ്കടങ്ങളുടെ പരിഹാരവുമാക്കേണമേ...”
അല്ലാഹുവിനെ വലുതായിക്കണ്ട്, സ്വന്തം എളിമ ബോധ്യപ്പെടുന്ന പ്രാര്‍ഥനയാണിത്. തിരുനബി(സ) പഠിപ്പിക്കുന്നു: “വിനാശകരങ്ങളായ മൂന്നുകാര്യങ്ങള്‍ ഇവയാണ്. ദേഹേച്ഛയെ പിന്തുടരല്‍, പിശുക്കുകാണിക്കല്‍, സ്വന്തത്തെക്കുറിച്ച അമിതമായ മതിപ്പ് -ഇതാണ് കൂട്ടത്തില്‍ ഏറ്റവും ഗുരുതരമായിട്ടുള്ളത്.” (മിന്‍ഹാജുല്‍ മുസ്‌ലിം 273)
ബിശ്‌റുബ്‌നു ഹാരിസില്‍ ഹാഫി(റ)യുടെ ഒരു നിരീക്ഷണം ശ്രദ്ധേയമാണ്: “തന്റെ കര്‍മങ്ങള്‍ വലുതായി കാണുകയും മറ്റുള്ളവരുടെ പ്രവര്‍ത്തനങ്ങള്‍ നിസ്സാരമായി ഗണിക്കുകയും ചെയ്യുന്നതാണ് അപകടം.” ഫുദൈലുബ്‌നു ഇയാദ് പറയുന്നു: “മനുഷ്യനില്‍ മൂന്നില്‍ ഒരു സ്വഭാവം ഉണ്ടായാല്‍ പിശാച് സംതൃപ്‌തനാകും. സ്വന്തത്തെക്കുറിച്ച അതിരുവിട്ട മതിപ്പും തന്റെ പ്രവര്‍ത്തനങ്ങളെ വലുതായി കാണുന്നപ്രവണതയും തന്റെ തെറ്റുകളെ ചെറുതായി കാണുന്ന രീതിയുമാണ് ആ മൂന്ന് സ്വഭാവങ്ങള്‍.”
ലാളിത്യത്തിന്റെ സൗന്ദര്യമാണ് വിശ്വാസിയില്‍ തെളിയേണ്ടത്. ഉള്ളും പുറവും കഴുകിത്തുടച്ച പരിശുദ്ധമായ ജീവിതം. അഹന്തയും നാട്യങ്ങളുമില്ലാതെ, പ്രശസ്‌തിമോഹമോ ജനശ്രദ്ധയോ കൊതിക്കാതെയുള്ള ജീവിതം, ജനങ്ങളുടെ കണ്ണില്‍ ചെറിയവനായാലും അല്ലാഹുവിന്റെ പരിഗണനയില്‍ വലിയവനാകാനാണ് അയാള്‍ കൊതിക്കുക. ഈ ലോകത്തെയല്ല, മറ്റൊരു ലോകത്തെ നേട്ടങ്ങളിലാണ് അയാള്‍ മോഹം വെക്കുക. ആരും അംഗീകരിച്ചില്ലെങ്കിലും അല്ലാഹു അംഗീകരിക്കുമെന്നും ആരൊക്കെ കൈവിട്ടാലും അല്ലാഹു കൈവിടില്ലെന്നുമുള്ള വിശ്വാസമാണ് വിശ്വാസിയുടെ കരുത്തും കര്‍മശക്തിയും.
പ്രശസ്‌തിമോഹം ജാഹിലിയ്യത്താണ്. ആ ജാഹിലിയ്യത്തിന്റെ കളങ്കം നമ്മെ സ്‌പര്‍ശിക്കരുത്. ഇസ്‌ലാമിക പ്രസ്ഥാനങ്ങളില്‍ പോലും ഈ ജാഹിലിയ്യത്തിന്റെ ചെറിയ പൊടിയും കരിയും കലരുന്നത് നമ്മെ ഏറെ ഭയപ്പെടുത്തേണ്ടതുണ്ട്; അല്ലാഹുവേ, നിന്നിലാണ് രക്ഷ!
Subscribe to:
Post Comments (Atom)
0 comments:
Post a Comment