ആശ്വാസമേകുന്ന ഈമാന്‍
Posted by
Malayali Peringode
, Friday, October 9, 2009 at Friday, October 09, 2009, in
Labels:
ആശ്വാസമേകുന്ന ഈമാന്‍
അബ്‌ദുല്‍വദൂദ്
ഇന്നലെ രാത്രിയും ഞാന്‍ ഉറങ്ങീട്ടില്ല. സഹിക്കാന്‍ കഴിയാത്ത വേദനയായിരുന്നു. എന്തിനാണ് അല്ലാഹു ഇത്രയധികം എന്നെ കഷ്‌ടപ്പെടുത്തുന്നത്? ഞാനെന്റെ ജീവിതത്തില്‍ മനപ്പൂര്‍വം ആരെയും ഉപദ്രവിച്ചിട്ടില്ല. ഒരാള്‍ക്കും ഒരു പ്രയാസവും എന്റെ അടുത്തുനിന്നുണ്ടായിട്ടില്ല. എന്നിട്ടും ഞാനിത്രയധികം വേദനിക്കേണ്ടിവരുന്നു. എല്ലാത്തിലും അല്ലാഹു എന്തെങ്കിലും നന്മകള്‍ ചെയ്‌തിട്ടുണ്ടാകും അല്ലേ? എനിക്കീ ജീവിതത്തില്‍ വലിയ ആഗ്രഹങ്ങളൊന്നുമില്ല. കഴിയാവുന്ന വിധമൊക്കെ അധ്വാനിച്ച് എന്റെ കുട്ടികളെ പോറ്റണം. അവരെ പഠിപ്പിക്കണം. ചെറിയ മോളെ കുളിപ്പിച്ച് നല്ല വസ്‌ത്രമൊക്കെ ഉടുപ്പിച്ച് നഴ്‌സറിയിലാക്കണം. പക്ഷേ അതൊന്നുമിനി എന്റെ ജീവിതത്തില്‍ നടക്കുമെന്ന് തോന്നുന്നില്ല. ഈ കാലൊന്ന് അനക്കാന്‍പോലും കഴിയുന്നില്ല. ഒരിറ്റു ഭക്ഷണംപോലും തൊണ്ടയിലൂടെ ഇറങ്ങുന്നില്ല. ഇത്രയധികം വേദന ഒരാളും സഹിക്കുന്നുണ്ടാവില്ല.
വേദന തളംകെട്ടിയ അനേകായിരം കുടുംബങ്ങളിലൊന്നാണിത്. നെഞ്ചുപിടയുന്ന അനുഭവങ്ങള്‍ മാത്രം കൂട്ടിനുള്ള എണ്ണമറ്റ രോഗികളുടെ കൂട്ടത്തില്‍ ഒരുവള്‍ മാത്രമാണവള്‍. പ്രതീക്ഷയും സ്വപ്‌നങ്ങളും സൗഭാഗ്യത്തിനില്ലാത്ത സാധുക്കള്‍. എങ്ങനെ ചിന്തിച്ചാലും ശുഭകരമല്ലാത്ത കാഴ്‌ചകള്‍ മാത്രം വിധിക്കപ്പെട്ട കുറേപേര്‍. അടുത്ത നേരത്തെ അന്നം അവര്‍ക്ക് വലിയ ആശങ്കയുള്ള പ്രശ്‌നമാണ്. അത്രതന്നെ ആശങ്കയുള്ളതാണ് ഓരോ നേരത്തെ മരുന്നുകളും.
വീഴാറായ വീടും പുരനിറഞ്ഞ പെണ്‍കുട്ടികളും ഒരുപാട് അകലെയൊന്നുമല്ല, വളരെ അടുത്താണ്. ആ യുവതിയുടെ നാലുവയസ്സുകാരിയായ പിഞ്ചുമോള്‍ ഉമ്മയുടെ കൈപ്പടത്തില്‍ ഉഴിഞ്ഞുകൊടുത്ത് കരയുന്നു. ആ കുട്ടിയുടെ വാടിവലഞ്ഞ മുഖം കാണുമ്പോള്‍ ആശ്വാസവാക്കുകളെല്ലാം അസ്‌തമിക്കുന്നു. കളിയും ചിരിയും മറന്ന ആ കുട്ടി കണ്ണീരുകലര്‍ന്ന വഴിയിലൂടെയാണ് ജീവിതം തുടങ്ങുന്നത്!
ഇങ്ങനെയുള്ളവരെ കാണുമ്പോഴാണ് നമ്മുടെ ഹൃദയത്തില്‍ കൊച്ചുകൊച്ചു വെളിച്ചങ്ങള്‍ പ്രകാശം പരത്തുന്നത്. ജീവിതത്തില്‍ എന്തൊക്കെയോ നഷ്‌ടപ്പെട്ടുവെന്ന് കരുതുന്നവരാണ് നമ്മള്‍. കൊതിച്ച പലതും കൈവരാതെ പോയല്ലോ, ആശിച്ച പലതും കൈവിട്ടുപോയല്ലോ എന്ന് വിലപിക്കുന്നവര്‍. ഇതാ, ഇവരെയൊക്കെയൊന്ന് പോയ്‌ക്കണ്ടുനോക്കൂ. അപ്പോഴറിയാം നമുക്ക് നഷ്‌ടപ്പെട്ടതൊന്നും നഷ്‌ടങ്ങളായിരുന്നില്ല എന്ന്!
ഈ ജീവിതം അത്ര വലിയ പ്രതിഭാസമൊന്നുമല്ല. ഒരു ചെറിയ ശ്വാസവേള മാത്രമാണ്. ജനനത്തിന്റെയും മരണത്തിന്റെയും ഇടയിലെ എണ്ണിയെടുക്കാവുന്ന ഏതാനും ശ്വാസങ്ങള്‍! അതിന്നിടയ്‌ക്ക് കുറച്ച് സന്തോഷങ്ങള്‍, കുറെ ദു:ഖങ്ങള്‍, നേട്ടങ്ങള്‍, നഷ്‌ടങ്ങള്‍, ബന്ധങ്ങള്‍.. അതൊക്കെ അനുഭവിച്ച് തീരുമ്പോഴേക്ക് ജീവിതവും തീരുന്നു. ബാല്യകൗമാരയൗവന സുഖങ്ങള്‍ക്കൊടുവില്‍ വാര്‍ധക്യവും രോഗവും...! കൈക്കുമ്പിളില്‍ നിന്ന് അറിയാതെ തുള്ളിപ്പോവുന്ന മഴവെള്ളം പോലെയാണ് ജീവിതം. നമ്മള്‍ ഒട്ടും ആഗ്രഹിക്കാതെ തന്നെ ആനന്ദമില്ലാത്തത് അനുഭവിക്കേണ്ടിവരുന്നു.
സിറിയയിലെ പ്രമുഖ പണ്ഡിതനും പരിഷ്‌കര്‍ത്താവുമായിരുന്ന ഡോ. മുസ്‌തഫസ്സിബാഈ പറയുന്നു: “നിങ്ങള്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും ജയില്‍ സന്ദര്‍ശിക്കുക. അല്ലാഹു താങ്കള്‍ക്കേകിയ സ്വാതന്ത്ര്യത്തിന്റെ മൂല്യമറിയാം. ആയുസ്സിലൊരിക്കല്‍ കോടതിയില്‍ ചെല്ലുക; അല്ലാഹു നല്‍കിയ നീതിയുടെ വിലയറിയാം. മാസത്തിലൊരിക്കല്‍ ഒരു ആശുപത്രി സന്ദര്‍ശിക്കുക. അല്ലാഹു അരുളിയ ആരോഗ്യത്തിന്റെ അനുഗ്രഹമറിയാം. ആഴ്‌ചയിലൊരിക്കല്‍ പൂന്തോപ്പില്‍ പോവുക. അല്ലാഹു താങ്കള്‍ക്കൊരുക്കിയ പ്രകൃതിഭംഗി കാണാം. ദിവസത്തിലൊരുവട്ടം ലൈബ്രറിയില്‍ പോവുക. അല്ലാഹു നല്‍കിയ ചിന്താശക്തിയറിയാം. ഓരോ നിമിഷവും ആ അല്ലാഹുവോട് ബന്ധപ്പെടുക. അവന്‍ താങ്കള്‍ക്ക് നല്‍കിയ ജീവിതാനുഗ്രഹങ്ങള്‍ ബോധ്യമാകും.” (മിന്‍മവാഖിഇല്‍ ഹയാത്ത് 210)
അല്ലാഹുവെപ്പറ്റിയുള്ള ബോധ്യം വര്‍ധിക്കുന്നു. അവനേകിയ അനുഗ്രഹങ്ങളെ വലുതായി കാണാന്‍ കഴിയുന്നു. ലഭ്യമായ ജീവിതസുഖങ്ങള്‍ തന്നെ മികച്ചതാണെന്ന് ബോധ്യമാകുന്നു. പരാതിയും പരിഭവവുമില്ലാത്ത ജീവിതം കൈവരുന്നു. വേദനകൊണ്ട് പുളയുന്നവരുടെ മുറിവില്‍ സ്‌നേഹത്തിന്റെ സാന്ത്വനം നല്‍കുമ്പോള്‍ അവര്‍ അനുഭവിക്കുന്ന മനസ്സുഖത്തേക്കാള്‍ ആത്മീയ സുഖം അനുഭവിക്കാന്‍ നമുക്ക് കഴിയും.
ഈമാനിന്റെ കരുത്തും കര്‍മശക്തിയും അപ്പോള്‍ നാമറിയും. കണ്ണീരുകൊണ്ട് ജീവിതം കുതിര്‍ന്നവര്‍ക്ക് ആശ്വാസത്തിന്റെ കൈത്താങ്ങ് നല്‍കുമ്പോള്‍ ഈമാനിന്റെ ശക്തികൊണ്ട് നമ്മുടെ കണ്ണും നിറയും. എത്ര പ്രതിസന്ധികളിലും കരയാത്ത കരുത്തുള്ളവരാക്കി നമ്മെ മാറ്റുന്നതും അല്ലാഹുവിന്റെ തിരുമുമ്പില്‍ കരയുന്ന കുഞ്ഞാക്കി നമ്മെ മാറ്റുന്നതും ഈമാന്‍ ആണ്. ആ ഈമാന്‍ വര്‍ധിക്കാനും ആ സുഖം അനുഭവിക്കാനും വിശ്രമമില്ലാത്ത സല്‍ക്കര്‍മങ്ങളിലേക്ക് പുറപ്പെട്ടേ പറ്റൂ.
Subscribe to:
Post Comments (Atom)
0 comments:
Post a Comment