ഇറങ്ങിയും കയറിയും തീരുന്ന യാത്ര...!
Posted by
Malayali Peringode
, Friday, October 9, 2009 at Friday, October 09, 2009, in
Labels:
ഇറങ്ങിയും കയറിയും തീരുന്ന യാത്ര...
ആമിറുബ്‌നു അബ്‌ദില്ല(റ) വിശ്രുതനായ പണ്ഡിതനായിരുന്നു. പ്രമുഖ സ്വഹാബിവര്യന്‍ അബൂമുസല്‍ അശ്‌അരിയുടെ ശിഷ്യന്‍. ഭക്തിയും വിശുദ്ധിയും നിറഞ്ഞുതുളുമ്പുന്ന ജീവിതം. ആരാധനയുടെയും ജിഹാദിന്റെയും വഴിയില്‍ സമര്‍പ്പിച്ച ജീവിതം. ഐഹിക സുഖാസ്വാദനത്തിന്റെ വര്‍ണപ്പകിട്ടില്‍ ഒട്ടും താല്‌പര്യമില്ലാത്ത ജീവിതം. പാണ്ഡിത്യത്തിന്റെ വര്‍ണമായിരുന്നു ആ ജീവിതത്തിന്റെ സൗന്ദര്യം. അവസാനകാലം അദ്ദേഹം ചെലവഴിച്ചത് ബൈത്തുല്‍ മുഖദ്ദസിലായിരുന്നു. രോഗശയ്യയിലായിരിക്കെ ആമിര്‍ പലപ്പോഴും കരഞ്ഞിരിക്കും. കണ്ണീരിന്റെ കാരണമെന്താണെന്ന് സുഹൃത്തുക്കള്‍ ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുമൊഴി ഇങ്ങെയായിരുന്നു:
“ഇഹലോകത്തോടുള്ള കൊതികൊണ്ടല്ല ഞാന്‍ കരയുന്നത്. മരിക്കാനുള്ള ഭയം കൊണ്ടുമല്ല. ഇനിയുള്ള ദീര്‍ഘയാത്രക്ക് ആവശ്യമായ വിഭവങ്ങള്‍ എനിക്കില്ലല്ലോ എന്ന ചിന്തയിലാണ് കരയുന്നത്. ഇറങ്ങിയും കയറിയും ഇതാ, എന്റെ ജീവിതയാത്ര തീരുകയാണ്. സ്വര്‍ഗത്തിലേക്കാണോ നരകത്തിലേക്കാണോ ഈ യാത്ര?”
ആമിറുബ്‌നു അബ്‌ദില്ല(റ)യുടെ ചോദ്യം നമ്മുടെയുള്ളിലും ഭയമായി പടരേണ്ടതാണ്. തുരുമ്പെടുത്തു തീരുന്ന ജീവിതയാത്രയില്‍, തിരിഞ്ഞുനിന്ന് സ്വന്തത്തെ വിലയിരുത്താനും ശരിതെറ്റുകള്‍ ഉള്‍ക്കൊള്ളാനും സാധിക്കേണ്ടതുണ്ട്. ഭയംകൊണ്ടും പ്രതീക്ഷ കൊണ്ടും ജീവിതത്തെ ക്രമീകരിക്കുന്നിടത്താണ് വിശ്വാസിയുടെ വിജയം. തിര്‍മിദി ഉദ്ധരിക്കുന്ന ഒരു ഹദീസില്‍, മരണാസന്നനായ ഒരു സ്വഹാബിയെ തിരുനബി(സ) സന്ദര്‍ശിക്കുന്ന സംഭവമുണ്ട്. “എങ്ങനെയുണ്ട്?” റസൂല്‍ അന്വേഷിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: “എനിക്ക് അല്ലാഹുവില്‍ പ്രതീക്ഷയുണ്ട് റസൂലേ, എങ്കിലും എന്റെ പാപങ്ങള്‍ എന്നെ ഭയപ്പെടുത്തുന്നുമുണ്ട്.” ഇതു കേട്ടപ്പോള്‍ തിരുനബി(സ)യുടെ മറുപടി ഇങ്ങനെയായിരുന്നു: “ഭയവും പ്രതീക്ഷയുമെന്ന രണ്ടവസ്ഥകളുള്ള ഒരാള്‍ക്ക് അയാളുടെ ഭയത്തില്‍ നിന്ന് മോചനവും പ്രതീക്ഷയുടെ സാഫല്യവും അല്ലാഹു നല്‌കാതിരിക്കില്ല.”
മരണത്തെ ഭയക്കുന്നവരാണ് എല്ലാവരും. “ഞാന്‍ മരിച്ചാല്‍ എന്റെ മകളെന്താവും? കുടുംബമെന്താവും?” എന്നൊക്കെ ആലോചിക്കുന്നു. ഞാന്‍ മരിച്ചാല്‍ കുടുംബമെന്താകുമെന്ന ആലോചന ഭയപ്പെടുത്തുമ്പോഴാണ് ഇവിടെയുള്ള സമ്പാദ്യം വര്‍ധിക്കുക. കുടുംബത്തിനും മക്കള്‍ക്കുമൊക്കെ വേണ്ടിയുള്ള നീക്കിയിരുപ്പ് പെരുകുക. എന്നാല്‍, “ഞാന്‍ മരിച്ചാല്‍ ഞാനെന്താകും?” എന്ന ചിന്തയുണ്ടാകുമ്പോള്‍ പരലോകത്തേക്കുള്ള നീക്കിയിരുപ്പ് വര്‍ധിക്കാന്‍ തുടങ്ങും.
യുദ്ധ മുന്നേറ്റങ്ങളിലൂടെ സുഖജീവിതത്തിലേക്കെത്തിയ മുസ്‌ലിംകളെ, ഖലീഫാ ഉമറി(റ)ന്റെ സൈന്യാധിപനായിരുന്ന ഉത്‌ബതുബ്‌നു ഗസ്വാന്‍(റ) ഉപദേശിക്കുന്നത് നമ്മളും ശ്രദ്ധിച്ചു കേള്‍ക്കേണ്ടതുണ്ട്. പുതുതായി രൂപം കൊണ്ട ബസ്വറ പട്ടണം മുസ്‌ലിംകളെ കൂടുതല്‍ സുഖിപ്പിച്ചു. ഇന്നലെ വരെ, ഉമി കളയാത്ത പരുക്കന്‍ ഗോതമ്പുകൊണ്ടുണ്ടാക്കിയ ഉണങ്ങിയ റൊട്ടി മാത്രം കഴിച്ചിരുന്നവര്‍ക്കിന്ന് മുന്തിയ ഇനം ഭക്ഷണമാണ് മുന്നിലുള്ളത്. പട്ടണത്തില്‍ എല്ലാം സുലഭമായി ലഭിക്കുന്നു. സുഖാസ്വാദനങ്ങള്‍ വര്‍ധിച്ചപ്പോള്‍ ജനങ്ങള്‍ പലതും മറക്കാന്‍ തുടങ്ങി.
സുഖം തുളുമ്പുന്ന ജീവിതത്തിലൊഴുകുന്ന നമ്മുടെയും പ്രാര്‍ഥന ഇങ്ങനെയാകട്ടെ!
Subscribe to:
Post Comments (Atom)
0 comments:
Post a Comment