ഉണര്‍ത്തുന്ന ഉപദേശങ്ങള്‍
Posted by
Malayali Peringode
, Thursday, October 8, 2009 at Thursday, October 08, 2009, in
Labels:
ഉണര്‍ത്തുന്ന ഉപദേശങ്ങള്‍
അബ്‌ദുല്‍വദൂദ്
ഇമാം ശാഫിഈയുടെ ഉപദേശങ്ങള്‍ അര്‍ഥവത്താണ്. വിജ്ഞാനവും ജീവിതാനുഭവങ്ങളും സമ്മേളിക്കുന്ന സംക്ഷിപ്‌ത വാക്യങ്ങളാണവ.
അവയില്‍ നിന്ന് ചിലത്:
മരണകാരണമായ രോഗം ബാധിച്ച് കിടപ്പിലായ ഇമാമിനെ കാണാനെത്തിയ സുഹൃത്തുക്കളോട് അദ്ദേഹം പറഞ്ഞു: “ഞാന്‍ ദുന്‍യാവിനോട് വിട പറയുകയാണ്. സ്‌നേഹിതരെ പിരിയുകയാണ്. എന്റെ കര്‍മങ്ങളുടെ ഫലം അനുഭവിക്കാന്‍ പുറപ്പെടുകയാണ്. മരണത്തിന്റെ പാനപാത്രം കുടിക്കാനിരിക്കുകയാണ്. നാഥന്റെ അടുത്ത് ചെല്ലുകയാണ്. എന്റെ ആത്മാവ് സ്വര്‍ഗത്തിലോ നരകത്തിലോ -എവിടെയാണെത്തുകയെന്നറിയില്ല.”
***
ഇമാം ശാഫിഈയും ശിഷ്യരും അങ്ങാടിയിലൂടെ നടന്നുപോകുമ്പോള്‍ ഒരാള്‍ മറ്റൊരാളെ ചീത്തവിളിക്കുന്നത് കേട്ടു. അപ്പോള്‍ ഇമാം ശിഷ്യരോട് പറഞ്ഞു: “അങ്ങോട്ട് ശ്രദ്ധിക്കേണ്ട. അനാവശ്യം പറയുന്നതുപോലെ തന്നെ അത് കേള്‍ക്കുന്നതും തെറ്റാണ്. കേള്‍ക്കുന്നവന്‍ പറയുന്നവന്റെ പങ്കുകാരനാണ്. ദുഷ്‌ടന്റെ പാത്രത്തിലെ മോശമായ വസ്‌തു നിങ്ങളുടെ പാത്രത്തിലും ഇട്ടുതരാനായിരിക്കും ശ്രമിക്കുക. അവന്റെ വാക്ക് അവഗണിക്കുക. അതാണ് നല്ലത്. അവനെപ്പോലെ തിരിച്ചുപറയുന്നതും വിഡ്‌ഢിത്തം!”
***
മറ്റു ചില സന്ദര്‍ഭങ്ങളില്‍ ഇമാം പറഞ്ഞു: “ഞാന്‍ പ്രചരിപ്പിക്കുന്ന വിജ്ഞാനം ആളുകള്‍ക്ക് ഉപകാരപ്പെടണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അല്ലാതെ അതുകൊണ്ട് എനിക്കെന്തെങ്കിലും നേട്ടമുണ്ടാകണമെന്ന് മോഹമില്ല.”
“ആരോടെങ്കിലും എന്തെങ്കിലും സംസാരിക്കുമ്പോള്‍ എന്റെ ഒരേയൊരു ഉദ്ദേശ്യം, അയാള്‍ നന്നാവണം, ശരിയായ വഴിയിലേക്ക് വരണം, അയാള്‍ക്ക് അല്ലാഹുവിന്റെ സംരക്ഷണം ലഭിക്കണം എന്ന് മാത്രമാണ്.”
“എതിരാളി തോല്‍ക്കണം എന്ന ആഗ്രഹത്തോടെ ഞാനൊരിക്കലും വാദപ്രതിവാദം നടത്താറില്ല.”
“നീ ചെയ്യുന്ന കാര്യങ്ങളില്‍ നിനക്ക് അഹങ്കാരമുണ്ടാകുമോ എന്ന് ഭയം തോന്നിയാല്‍ താഴെ പറയുന്ന കാര്യങ്ങള്‍ ചിന്തിക്കണം. നീ തേടുന്ന ദൈവപ്രീതി, നീ ആഗ്രഹിക്കുന്ന പ്രതിഫലം, നീ ഭയപ്പെടുന്ന ശിക്ഷ, നീ സന്തോഷത്തോടെ ഓര്‍ക്കുന്ന നിന്റെ ആരോഗ്യം, ഭയത്തോടെ ഓര്‍ക്കുന്ന ദുരിതം. ഇവയിലേതെങ്കിലുമൊന്ന് ഓര്‍ത്താല്‍ നിന്റെ കര്‍മം വളരെ നിസ്സാരമാണെന്ന് മനസ്സിലാകും. അഹങ്കരമില്ലാതാകും.”
“ദുന്‍യാവിനെയും അല്ലാഹുവിനെയും ഒരുപോലെ സ്‌നേഹിക്കുന്നു എന്ന് പറയുന്നവന്‍ നുണയാണ് പറയുന്നത്. രണ്ടിനെയും ഒരുപോലെ സ്‌നേഹിക്കാന്‍ കഴിയില്ല.”
“എട്ടു കൂട്ടര്‍ എട്ട് ആവശ്യവുമായി എന്നെ നിരന്തരം വളഞ്ഞുകൊണ്ടിരിക്കുന്നു; അല്ലാഹുവിന്റെ ഗ്രന്ഥം: അതനുസരിച്ച് ജീവിക്കാന്‍. നബിചര്യ: അത് പിന്‍പറ്റുവാന്‍. പിശാച്: അല്ലാഹുവെ ധിക്കരിക്കുവാന്‍. എന്റെ കുടുംബം: ആഹാരം സമ്പാദിക്കാന്‍. എന്റെ ശരീരം: കുറേ മോഹങ്ങളുമായി. കാലം: കുറേ ആവശ്യങ്ങളുമായി. മരണത്തിന്റെ മലക്ക്: എന്റെ ആത്മാവിനെ പിടിക്കാനൊരുങ്ങിക്കൊണ്ട്.”
“എന്റെ ജീവിതത്തില്‍ മൂന്നുപ്രാവശ്യം ഞാന്‍ കടുത്ത ദാരിദ്ര്യത്തില്‍ പെട്ടിട്ടുണ്ട്. അന്ന് സര്‍വതും നുള്ളിപ്പെറുക്കി വിറ്റു. ഭാര്യയുടെയും മക്കളുടെയും ആഭരണങ്ങള്‍പോലും. എന്നാല്‍ അവയൊരിക്കലും ഞാന്‍ പണയം വെച്ചിട്ടില്ല.”
“16 വര്‍ഷമായി ഞാന്‍ വയറുനിറയെ ഭക്ഷണം കഴിച്ചിട്ട്. വയറുനിറഞ്ഞാല്‍ പല ദോഷങ്ങളുമുണ്ട്. ഭാരം കൂടും. മനസ്സ് ദുഷിക്കും. ബുദ്ധി കുറയും. ഉറക്കം വരും. ഇബാദത്തില്‍ താല്‍പര്യംകുറയും.”
(മുഹമ്മദ് അഫീഫുസ്സഅബിയുടെ ദീവാനുല്‍ ഇമാമിശ്ശാഫിഈ, മുഹമ്മദുല്‍ ഹജ്ജാറിന്റെ സമീറുല്‍ മുഅ്‌മിനീന്‍ എന്നീ ഗ്രന്ഥങ്ങളില്‍ നിന്ന്)
Subscribe to:
Post Comments (Atom)
0 comments:
Post a Comment