മനസ്സ് അശുദ്ധമായാല്‍
Posted by
Malayali Peringode
, Friday, October 9, 2009 at Friday, October 09, 2009, in
Labels:
മനസ്സ് അശുദ്ധമായാല്‍
അബ്‌ദുല്‍വദൂദ്
നാം ഉപയോഗിക്കുന്ന ഉപകരണങ്ങളെല്ലാം ഓരോ കമ്പനികളുടെ ഉല്‌പന്നങ്ങളാണ്. കമ്പനി യന്ത്രങ്ങളുടെ ഗുണത്തിനും മേന്മയ്‌ക്കുമനുസരിച്ചാണ് ഉപകരണങ്ങളും നന്നാവുക. അങ്ങനെയെങ്കില്‍ വ്യക്തിയെന്ന നിലയില്‍ നമ്മുടെ വാക്കും കര്‍മവും ഇടപെടലും ഇടപാടുമെല്ലാം ഓരോ ഉല്‍പ്പന്നങ്ങളാണ്. അവയെല്ലാം ശരിയും ശുദ്ധവുമാവണമെങ്കില്‍ അവയുടെയെല്ലാം സ്രോതസ്സായ ഒരു യന്ത്രം നന്നാവണം; ആ യന്ത്രമാണ് മനസ്സ്. മനസ്സ് അശുദ്ധമായാല്‍ വാക്ക് അശുദ്ധമായി. മനസ്സ് അശുദ്ധമായാല്‍ വിചാരം അശുദ്ധമായി. മനസ്സ് അശുദ്ധമായാല്‍ കര്‍മങ്ങളിലെല്ലാം ആ അശുദ്ധി പ്രകടമാകും.
എളുപ്പം കേടുവരാവുന്നതാണ് മനസ്സ്. ഏറെ ശ്രദ്ധയും ജഗ്രതയുമുണ്ടെങ്കിലേ കേടില്ലാതെ നിലനിര്‍ത്താന്‍ പറ്റൂ. നിത്യജീവിതത്തിലെ വ്യത്യസ്‌ത മേഖലകളിലൂടെ നീങ്ങുന്ന ഓരോരുത്തരുടെയും മനസ്സ് തിന്മകളിലേക്ക് വഴുതാനുള്ള സാഹചര്യങ്ങള്‍ ഇന്നധികമാണ്. തിരക്കുപിടിച്ച ജീവിതയാത്രയില്‍ മനസ്സിനെ ശ്രദ്ധിക്കാതെ പോയാല്‍ മായ്‌ക്കാനാവാത്ത കറകള്‍ അതില്‍ വന്നുവീഴും. വികാരങ്ങളുടെ വാസകേന്ദ്രമാണ് മനസ്സ്. ഓരോ വികാരവും പാകത്തിലും പക്വതയിലും നിയന്ത്രിക്കപ്പെടേണ്ടതാണ്.
ഡോ. ഫത്‌ഹീയകന്‍ രചിച്ച ഖവാരിബുന്നജാത്തി ഫീ ഹയാത്തിദ്ദുന്‍യാ എന്ന ഗ്രന്ഥം മനസ്സിന്റെ സ്വാധീനത്തെയും ശുദ്ധീകരണത്തെയും കൃത്യമായി വിശകലനം ചെയ്യുന്നുണ്ട്. അതില്‍ ഉദ്ധരിക്കപ്പെട്ട ഒരു നബിവചനം ശ്രദ്ധേയമാണ്. “മനുഷ്യന് കാണാന്‍ കണ്ണും കേള്‍ക്കുവാന്‍ കാതും സംസാരിക്കുവാന്‍ നാവുമുണ്ട്. അവന്റെ കൈകള്‍ ചിറകുകളാണ്. കാലുകള്‍ സഞ്ചാരസഹായിയും. അവന്റെ മനസ്സ് രാജാവാകുന്നു. രാജാവ് നന്നായാല്‍ സൈന്യവും നന്നായി.'
മനസ്സിനെ നിയന്ത്രിച്ച് ചിട്ടപ്പെടുത്താന്‍ വലിയ അധ്വാനവും ശ്രദ്ധയും ആവശ്യമുണ്ട്. അലസമായ ജീവിതം നയിക്കുന്നവരുടെ മനസ്സും അലസവും അശുദ്ധവുമായിത്തീരും. ദുര്‍വിചാരങ്ങളില്‍ നിന്നും ദുര്‍മോഹങ്ങളില്‍ നിന്നും കടഞ്ഞെടുത്ത് മനസ്സിനെ വിമലീകരിക്കാന്‍ കഴിയണം.
“ജനങ്ങളില്‍ ഏറ്റവും ഉത്തമന്‍ ആരാണ്? സ്വഹാബിയുടെ ചോദ്യത്തിന് തിരുനബി(സ)യുടെ മറുമൊഴി ഇങ്ങനെയായിരുന്നു: “മഖ്‌മൂമുല്‍ ഖല്‍ബ് ഉള്ളവര്‍”. “അതാരാണ്?” “വഞ്ചനയില്ലാത്ത, അസൂയയില്ലാത്ത, അതിക്രമമില്ലാത്ത, ചതിയില്ലാത്ത ഭക്തിയുള്ള മനസ്സുള്ളവര്‍!”
ഫത്‌ഹിയകന്‍ ഉദ്ധരിക്കുന്ന മറ്റൊരു തിരുവചനം:“അല്ലാഹുവിന് ഭൂമിയില്‍ ഒരു പാത്രമുണ്ട്. ഹൃദയമത്രെ അത്. അതില്‍ അല്ലാഹുവിന് എറെയിഷ്‌ടം ദീനില്‍ അടിയുറച്ചതും വിശ്വാസത്താല്‍ ശുദ്ധമായതും സഹോദരങ്ങളോട് നൈര്‍മല്യമുള്ളതുമായ ഹൃദയമാണ്.”
ഇമാം ഗസ്സാലി(റ)യുടെ നിരീക്ഷണങ്ങള്‍ ശ്രദ്ധേയമാണ്. വ്യക്തിയുടെ പരാജയത്തിന്റെ കാരണങ്ങള്‍ മൂന്നായി അദ്ദേഹം സംഗ്രഹിക്കുന്നുണ്ട്. ഒന്ന്, മനസ്സിന്റെ സംസ്‌കരണത്തിലും ശുദ്ധീകരണത്തിലും സംഭവിക്കുന്ന വീഴ്‌ച. രണ്ട്, ഇസ്‌ലാമിക നിയമങ്ങള്‍ പാലിക്കാന്‍ മനസ്സിനെ പാകപ്പെടുത്താതിരിക്കല്‍. മൂന്ന്, കേള്‍ക്കുകയും പറയുകയും ചെയ്യുന്ന കാര്യങ്ങള്‍ പ്രവര്‍ത്തനങ്ങളില്‍ പാലിക്കാതിരിക്കല്‍.
മനസ്സിനെ സംസ്‌കരിച്ചവന്‍ വിജയിച്ചുവെന്നും മലിനമാക്കിയവന്‍ പരാജിതനെന്നും ഖുര്‍ആന്‍ (അശ്ശംസ് 8,9) പറയുന്നു. കല്ലിനേക്കാള്‍ കടുത്ത ഹൃദയങ്ങളെപ്പറ്റിയും ഖുര്‍ആന്‍ (2:74) വിവരിക്കുന്നുണ്ട്. തിന്മകളിലേക്ക് നിരന്തരം പ്രേരിപ്പിക്കുന്നതാണ് മനസ്സെന്നും ഖുര്‍ആന്‍ (12:53) താക്കീത് ചെയ്യുന്നുണ്ട്. മനസ്സിനെ നിയന്ത്രിച്ചവര്‍ക്കുള്ളതാണ് സ്വര്‍ഗമെന്നും അല്ലാഹു (79:40) പറയുന്നു.
വിശ്വാസിയുടെ മനസ്സിനാണ് ഏറ്റവും വലിയ പരിഗണന. ആ മനസ്സ് ഈമാന്‍കൊണ്ട് നിറയുകയും സദ്വിചാരങ്ങള്‍കൊണ്ട് സൗന്ദര്യമുള്ളതാവുകയും ചെയ്യുമ്പോള്‍ ആ ജീവിതത്തില്‍ സല്‍കര്‍മങ്ങള്‍ പൂത്തുനില്‌ക്കും.
ദീനുകൊണ്ടും ഭക്തികൊണ്ടും ഇഖ്‌ലാസ്വുകൊണ്ടും കടിഞ്ഞാണിട്ട് മനസ്സിനെ ശുദ്ധീകരിക്കണം. തിന്മയിലേക്ക് വശീകരിക്കപ്പെടുന്ന മനസ്സിനെ നന്മയിലേക്ക് വലിച്ചടുപ്പിച്ച് നല്ല വിചാരങ്ങള്‍കൊണ്ടും നല്ലതു ചെയ്യണമെന്ന വിചാരംകൊണ്ടും പ്രകാശമുള്ളതാക്കാന്‍ നിരന്തര ശ്രദ്ധ നല്‌കണം. വിശ്വാസത്തിന്റെ സ്വാധീനം ഒരു സെക്കന്റെങ്കിലും നഷ്‌ടമായാല്‍ ആ സെക്കന്റില്‍ പിശാച് കൂടുകെട്ടും.
സ്വകാര്യവേളകളില്‍ മനസ്സിനെ ശക്തമായി വിലയിരുത്തേണ്ടതുണ്ട്. സദാ സമയവും നിരീക്ഷിച്ച് കടുത്ത ശിക്ഷണത്തില്‍ പാകപ്പെടുത്തി മനസ്സില്‍ നന്മയുടെയും നേരിന്റെയും നല്ല നിലാവ് പരത്താന്‍ സാധിക്കട്ടെ.
Subscribe to:
Post Comments (Atom)
0 comments:
Post a Comment