സൂക്ഷിക്കുക; മനസ്സില്‍ മറ വീഴരുത്
Posted by
Malayali Peringode
, Friday, October 9, 2009 at Friday, October 09, 2009, in
Labels:
സൂക്ഷിക്കുക; മനസ്സില്‍ മറ വീഴരുത്
അബൂലസ്‌ന
സത്യവിശ്വാസത്തിന്റെ ശീതളച്ഛായയില്‍ അനുഗൃഹീതരായി ജീവിക്കുന്നവരാണല്ലോ നാം. പക്ഷേ, ഇതെത്ര കാലം? വിശുദ്ധമായ ഈ വഴിയിലൂടെത്തന്നെ മരണം വരെ നമുക്ക് സഞ്ചരിക്കാനാവുമോ? “നാഥാ, സത്യവിശ്വാസത്തോടെയും പശ്ചാത്താപത്തോടെയും നീ എന്നെ നിങ്കലേക്ക് വിളിക്കേണമേ” എന്ന് നാം അകം നൊന്ത് പ്രാര്‍ഥിക്കുന്നു. ഈ പ്രാര്‍ഥന പടച്ചവന്‍ സ്വീകരിക്കും എന്നതിന് നമുക്ക് എന്താണുറപ്പ്? ആശങ്കയുണര്‍ത്തുന്ന ഇമ്മാതിരി ആലോചനകള്‍ ജീവിതത്തിലെ ആമോദവേളകളില്‍ അലോസരമായി കടന്നുവരാറുണ്ടോ നമ്മില്‍?
അതെ, ഈ ആശങ്കയുടെ ചെറിയൊരു പൊട്ട് എന്നുമെന്നും എപ്പോഴുമെപ്പോഴും നമ്മുടെ അകത്തുണ്ടാവണമെന്ന് തിരുനബിയുടെ ജീവിതം നമ്മോട് പറയുന്നു. മേല്‍കീഴാകുന്നതും മാറിമറിയുന്നതും ഉഴുതുമറിയുന്നതുമായ `ഖല്‍ബാ'ണ് നമ്മുടെ നെഞ്ചകത്തിരിക്കുന്നത്. മുഷ്‌ടി വലിപ്പത്തിലുള്ള ആ മാംസക്കഷ്‌ണമാണ് നമ്മുടെ ഇഹ-പര വഴി നിര്‍ണയിക്കുന്നത്. അതിന്റെ കാര്യത്തില്‍ തിരുദൂതര്‍ പുലര്‍ത്തിയിരുന്ന ആശങ്ക എത്രത്തോളമായിരുന്നുവെന്ന് നോക്കൂ.
“ഹൃദയങ്ങളെ തിരിച്ചുമറിക്കാന്‍ കഴിവുള്ള നാഥാ, ഞങ്ങളുടെ ഹൃദയങ്ങളെ നീ നിനക്കുള്ള അനുസരണത്തില്‍ ഉറപ്പിച്ചു നിര്‍ത്തേണമേ” -അവിടുത്തെ ചുണ്ടുകളെ ഈ പ്രാര്‍ഥനാവാക്യങ്ങള്‍ ഇടക്കിടെ ചലിപ്പിക്കുമായിരുന്നു. ഇത് സ്വഹാബികളെ അസ്വസ്ഥരാക്കി. തിരുനബി എന്തിനാണ് ഇത് ഇടക്കിടക്ക് ചൊല്ലുന്നത്? ആ ഹൃദയം അല്ലാഹുവിന്റെ ദീന്‍ വിട്ട് പുറത്തുപോവുമോ? അവരില്‍ ചിലര്‍ ഇക്കാര്യം നേരിട്ട് ചോദിക്കുകയും ചെയ്‌തു: “തിരുദൂതരേ, ഞങ്ങള്‍ അല്ലാഹുവിലും താങ്കളിലും താങ്കള്‍ക്ക് ഇറക്കപ്പെട്ടതിലും ദൃഢമായി വിശ്വസിക്കുന്നു. ഞങ്ങളുടെ ഹൃദയങ്ങള്‍ അല്ലാഹു മാറ്റിമറിക്കുമെന്നാണോ താങ്കള്‍ ആശങ്കപ്പെടുന്നത്?”
തിരുനബി പറഞ്ഞു: “ഹൃദയങ്ങള്‍ അല്ലാഹുവിന്റെ രണ്ട് വിരലുകള്‍ക്കിടയിലാണ്. അത് അവന്‍ എപ്പോഴും മാറ്റിമറിക്കാം.” (അബൂദാവൂദും തിര്‍മിദിയും ഉദ്ധരിച്ചത്.) അന്നു മുതല്‍ ആ പ്രാര്‍ഥന സ്വഹാബിമാരുടെ ചുണ്ടുകളിലും നിറഞ്ഞുനിന്നു.
സത്യവിശ്വാസം മഹാസൗഭാഗ്യമാണ്. അത് വിരിക്കുന്ന തണലില്‍ നമ്മുടെ അകം കുളിരണിയുന്നു. മനസ്സിന് ശാന്തിയും സമാധാനവും നിര്‍ഭയത്വവും പകരുന്നു. പടച്ചവന്റെ വഴിയിലാണ് എന്ന തിരിച്ചറിവ് ആര്‍ക്കാണ് ധൈര്യം നല്‌കാതിരിക്കുക? പക്ഷേ, ഈ തണലും കുളിരും എന്നുമെന്നും തനിക്കുണ്ടാവുമെന്ന് ഉറപ്പിച്ചു പറയാനാവില്ല. വിശ്വാസത്തിന്റെ വെളിച്ചത്തില്‍ ജീവിക്കുന്ന മുസ്‌ലിം എവിടെവെച്ചാണ് അവിശ്വാസത്തിന്റെ അന്ധകാരത്തിലേക്ക് വഴുതിവീഴുകയെന്ന് ആര്‍ക്കും പറയാനാവില്ല.
സത്യനിഷേധം കടുത്ത ദൗര്‍ഭാഗ്യമാണ്. അസ്വസ്ഥതയും കുടുസ്സും ഭീതിയും അവിശ്വാസികളുടെ കൂടപ്പിറപ്പുകളാവും. എന്നാല്‍ നിഷേധത്തിന്റെ ഭാണ്ഡവും പേറി ജീവിതവഴി നടന്നു തീര്‍ക്കേണ്ടവരാണ് അവരെന്ന് ധരിക്കരുത്. വിശ്വാസവും നിഷേധവും തമ്മിലുള്ള അന്തരം വലുതാണ്. പക്ഷേ, അവ തമ്മിലുള്ള ദൂരം നന്നേ ചെറുതാണ്. സത്യനിഷേധത്തിന്റെ കറപുരണ്ട ഹൃദയം ഈമാനിന്റെ വിശുദ്ധിയിലേക്ക് പറന്നുയരുന്നത് എപ്പോഴാവുമെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല.
ജുംഹ് വംശജന്‍ വഹബിന്റെ പുത്രന്‍ ഉമൈര്‍ ധീരനായിരുന്നു. അയാളുടെ ഒരേയൊരു ആഗ്രഹം, തിരുനബിയെ വധിക്കുക എന്നതും. അതിന് തടസ്സം കുടുംബ ഭാരം മാത്രം. അതേറ്റെടുക്കാന്‍ ഒരാള്‍ തയ്യാറായി. പിന്നെ വൈകിയില്ല. വിഷം പുരട്ടിയ വാളുമായി മദീനാ പള്ളിക്കു മുമ്പിലെത്തി. “അല്ലാഹുവിന്റെ ശത്രുവായ ശുനകന് ഇവിടെയെന്തു കാര്യം?” -ഉമര്‍(റ) തടഞ്ഞു.
പക്ഷേ, കടത്തി വിടാനായിരുന്നു നബി(സ)യുടെ ഉത്തരവ്. വാളുമായി നബി(സ)യുടെ മുമ്പിലെത്തി. “ഉമൈര്‍, സത്യം പറയുക, എന്നെ കൊല്ലാന്‍ സ്വഫ്‌വാന്‍ പറഞ്ഞയച്ചതല്ലേ താങ്കളെ?” -നബി(സ)യുടെ ചോദ്യം കേട്ട് ഉമൈറിന്റെ മുഖം മഞ്ഞളിച്ചു. വാള്‍ നിലത്തിട്ടു. സാക്ഷ്യവാക്യം ചൊല്ലി, തിരുദൂതരെ ആലിംഗനം ചെയ്‌തു ഉമൈര്‍. കണ്ണു നനച്ചു നില്‌ക്കുന്ന ഉമൈറിന്റെ ചുമലില്‍ തട്ടി അവിടുന്ന് ആശ്വസിപ്പിച്ചു. നിഷേധത്തിന്റെ ഇരുളടഞ്ഞ ഹൃദയവുമായി തിരുനബിയെ വധിക്കാനെത്തിയ ഉമൈര്‍ വിശ്വാസത്തിന്റെ തിളക്കവുമായി മടങ്ങുന്നു. എല്ലാം നിമിഷനേരം കൊണ്ട്!
അബ്‌ദുല്ലാഹിബ്‌നു ഖത്വലിന്റെ ദുര്‍ഗതി നോക്കൂ: ഇയാള്‍ വിശ്വാസിയും തിരുസഹചാരിയുമായിരുന്നു. ഒരിക്കല്‍ തിരുനബി ഇയാളെ നികുതി പിരിക്കാനയച്ചു; കൂടെ ഭൃത്യനുമുണ്ടായിരുന്നു. പക്ഷേ, യഥാസമയം ഭക്ഷണം തയ്യാറാക്കി നല്‌കാത്ത ഭൃത്യനെ ഇയാള്‍ വധിച്ചു. നബി(സ)യില്‍ നിന്ന് പ്രതികാരമുണ്ടാവുമെന്നറിഞ്ഞ ഇയാള്‍ വിശ്വാസമുപേക്ഷിച്ച് മക്കയിലെത്തുന്നു. തിരുനബി(സ)ക്കെതിരെ കവിത ചമക്കലായിരുന്നു പിന്നീടയാളുടെ പണി. ഒടുവില്‍, കഅ്‌ബയുടെ മടിത്തട്ടിലിട്ട് അയാളെ വധിക്കാന്‍ തിരുനബി ഉത്തരവിട്ടു. ഇയാളുടെ ഹൃദയത്തില്‍ കത്തിനിന്നിരുന്ന വിശ്വാസരൂപം എത്ര പെട്ടെന്നാണ് അണഞ്ഞത്!
അല്ലാഹുവിന്റെ ഈ മുന്നറിയിപ്പ് ആര്‍ക്കാണ് അവഗണിക്കാനാവുക: “മനുഷ്യനും അവന്റെ മനസ്സിനുമിടയില്‍ അല്ലാഹു മറയിടുന്നതാണ്. അവങ്കല്‍ നിങ്ങള്‍ ഒരുമിച്ചു കൂട്ടപ്പെടുമെന്ന് അറിഞ്ഞുകൊള്ളുക.” (അല്‍അന്‍ഫാല്‍ 24)
Subscribe to:
Post Comments (Atom)
1 comments:
SUBANA ALLLAH GREAT MESSAGE
Post a Comment