ഹൃദയത്തില്‍ അനുകമ്പ കാത്തുവെക്കുക
Posted by
Malayali Peringode
, Friday, October 9, 2009 at Friday, October 09, 2009, in
Labels:
ഹൃദയത്തില്‍ അനുകമ്പ കാത്തുവെക്കുക
അബൂലസ്‌ന
“തിരുദൂതരേ, അവിടുത്തെ ജീവിതത്തിലെ ഏറ്റവും വേദനയേറിയ അനുഭവം ഏതാണ്?” പ്രിയപത്‌നി ആഇശ(റ)യുടെ ചോദ്യം തിരുനബിയെ നിമിഷങ്ങളോളം ആലോചനയിലാഴ്‌ത്തി. പ്രവാചകത്വ ലബ്‌ധിക്കു ശേഷമുള്ള സംഭവങ്ങളോരോന്നും ഓര്‍മയിലൂടെ ഒന്നൊന്നായി മിന്നിമറഞ്ഞു. ഒടുവില്‍ ദീര്‍ഘനിശ്വാസത്തോടെ ആലോചനയില്‍ നിന്നുണര്‍ന്നു, ശേഷം അവിടുന്ന് പറഞ്ഞു: “ത്വാഇഫ് യാത്ര. മക്കയിലെ കൊടുംപീഡനത്തില്‍ മനംനൊന്ത് അത്യധികം പ്രതീക്ഷകളുമായാണ് ഞാന്‍ അവിടേക്ക് ചെന്നത്. പക്ഷേ, ബന്ധുക്കള്‍ പോലും കൈയൊഴിയുകയും എറിഞ്ഞോടിക്കുകയും ചെയ്‌തത് മനസ്സിനെ ആഴത്തില്‍ നോവിച്ചു. ആ വേദന കാലങ്ങളോളം മനസ്സില്‍ മായാതെ നിന്നു.”
രക്തംപൊടിഞ്ഞ ചരണങ്ങളും കടുത്ത മനോവേദനയാല്‍ നനവ് പൊടിഞ്ഞ നയനങ്ങളുമായി സെയ്‌ദുബ്‌നു ഹാരിസയോടൊപ്പം തിരിച്ചുനടക്കുമ്പോള്‍ മുന്നില്‍ ജിബ്രീല്‍ മാലാഖ തെളിഞ്ഞുവന്നു. ``ദൈവദൂതനെ നിര്‍ദയം എറിഞ്ഞാട്ടിയ ജനതയെ എന്തു ചെയ്യണം?'' മാലാഖയുടെ ചോദ്യത്തിനു മുന്നില്‍ ഒരു നിമിഷം തിരുദൂതര്‍ നിശ്ശബ്‌ദനായി, ആ ഹൃദയത്തില്‍ കാരുണ്യം പൊടിഞ്ഞു. “അറിവില്ലായ്‌മകൊണ്ടാണ് നാഥാ, ഈ സമൂഹം ഇതെല്ലാം ചെയ്യുന്നത്. നീ ഇവര്‍ക്ക് പൊറുത്തുകൊടുക്കേണമേ!'' മനസ്സില്‍ വേദനയുടെ കടലിരമ്പുമ്പോഴും ഹൃദയത്തില്‍ നിന്ന് അനുകമ്പയുടെ മഹാപ്രവാഹം! പില്‍ക്കാലത്ത് ഇതേ സമൂഹം ഒന്നാകെ ഇസ്‌ലാമിലേക്ക് കടന്നുവന്നത് തിരുദൂതര്‍ കണ്‍കുളിര്‍ക്കെ കണ്ടു. അപ്പോള്‍, തന്റെ അടിമയുടെ ഹൃദയത്തില്‍ അനുകമ്പയുടെ നിധി നിക്ഷേപിച്ച അല്ലാഹുവിന്റെ മഹത്വത്തെ അവിടുന്ന് വാനോളം വാഴ്‌ത്തി.
ഇത് തിരുനബിയുടെ ചരിത്രത്തിലെ ഏട്. മുന്‍ഗാമി ഇബ്‌റാഹീം(അ) ആര്‍ദ്രഹൃദയത്തിന്റെ ഉടമയായിരുന്നുവെന്ന് ഇതേ ദൂതര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. സദാചാരത്തിന്റെ അതിരുകളെല്ലാം തകര്‍ത്ത സദൂം ജനത മ്ലേച്ഛതയില്‍ ആറാടിയ കാലം. സ്വവര്‍ഗരതിയെന്ന വൃത്തികേടില്‍ മുങ്ങിയ അവരെ ഭൂലോകത്തുനിന്നും തുടച്ചുമാറ്റാന്‍ അല്ലാഹു നിശ്ചയിക്കുന്നു. തീരുമാനം നടപ്പാക്കാന്‍ വാനലോകത്തു നിന്നിറങ്ങിയ മാലാഖമാര്‍ യാത്രാ മധ്യെ ഇബ്‌റാഹീമി(അ)നെ കണ്ടു. തീരുമാനമറിഞ്ഞ അദ്ദേഹത്തിന്റെ അകം വിങ്ങി.
വ്യാകുലനായ അദ്ദേഹം മാലാഖമാരുമായി തര്‍ക്കിച്ചു. ശിക്ഷയിറങ്ങാന്‍ പോകുന്ന ജനതയുമായി അദ്ദേഹത്തിന് ബന്ധമൊന്നുമില്ല. എന്നിട്ടും ഇബ്‌റാഹീമി(അ)ന്റെ കണ്ണുനനയുന്നു. ദയാ-കാരുണ്യത്തിന്നായി അവസാനം വരെ യാചിക്കുന്നു. അസ്സമയത്തെ അദ്ദേഹത്തിന്റെ അവസ്ഥ അല്ലാഹു വിവരിക്കുന്നതിങ്ങനെ: “ലൂത്വിന്റെ ജനതയുടെ കാര്യത്തില്‍ ഇബ്‌റാഹീം നമ്മോട് തര്‍ക്കിക്കുന്നു. ഇബ്‌റാഹീം അത്യധികം അനുകമ്പയുള്ളവനും ഏറെ സഹനശീലനും പാശ്ചാത്താപമുള്ളവനുമാണ്, നിശ്ചയം.” (ഹൂദ് 74,75)
നിഷ്‌കരുണം എറിഞ്ഞാട്ടിയ പിതാവും കുടുംബവും. ക്രൂരമായ ആഹ്ലാദത്തോടെ തീയിലെറിഞ്ഞ സമൂഹം. പക്ഷേ, ഇവര്‍ക്കുവേണ്ടി ഇബ്‌റാഹീം(അ) ചെയ്യുന്നതോ, ഗദ്‌ഗദകണ്‌ഠനായി അല്ലാഹുവിലേക്ക് കൈകളുയര്‍ത്തുന്നു.
“പ്രിയനാഥാ, വിഗ്രഹങ്ങളാണ് എന്റെ ജനതയിലെ അധിക പേരെയും വഴിതിരിച്ചുവിടുന്നത്. നീ പൊറുക്കുന്നവനും കാരുണ്യവാനുമല്ലോ.” (ഇബ്‌റാഹീം 36)
ദൈവികനിയമങ്ങള്‍ പവിത്രതയേറിയതാണ്. ഇതിന്റെ പ്രബോധന ബാധ്യത ഏറ്റെടുക്കുന്നവര്‍ ഇത് തിരിച്ചറിഞ്ഞേക്കാം. എന്നാല്‍ ജനസമൂഹങ്ങളിലധികവും അറിവില്ലാത്തവരാണ്. ഇവര്‍ ദൈവിക അതിരുകള്‍ ലംഘിക്കുന്നത് സ്വാഭാവികം. ഇത് തിരിച്ചറിയപ്പെടാതിരുന്നുകൂടാ. ഇവരെ നേര്‍വഴിയിലാക്കാനും അതേവഴിയിലൂടെ നടത്താനും പണിയെടുക്കലാണ് പ്രബോധനം. പ്രബോധിതരുടെ പ്രതികരണം എത്ര ഹീനമാണെങ്കിലും പ്രബോധകരുടെ മനസ്സില്‍ വെറുപ്പും വിദ്വേഷവും കടന്നുവന്നുകൂടാ; ദയാ-ദാക്ഷിണ്യം നിറഞ്ഞൊഴുകുകയാണ് വേണ്ടത്. ജനങ്ങളുടെ ഹൃദയം കോപംകൊണ്ട് കടുത്താല്‍ പ്രബോധകന്റേത് അനുകമ്പയാല്‍ അലിയണം. അവര്‍ കടുത്ത ശിക്ഷ വഴി നശിപ്പിക്കപ്പെടണമെന്നാണ് ദൈവനിശ്ചയമെങ്കില്‍ പോലും അനുകമ്പയുള്ള പ്രബോധകമനസ്സ് അതിന്റെ പേരില്‍ അസ്വസ്ഥമാകുന്നു എന്നാണല്ലോ `ദൈവമിത്രം' നമ്മെ പഠിപ്പിക്കുന്നത്. പ്രബോധകനും പ്രബോധിതനും തമ്മിലുള്ള ഈ പവിത്രബന്ധത്തിന്റെ നൂലിഴ പൊട്ടുമ്പോഴാണ് നാം ഇബ്‌റാഹീമി(അ)ല്‍ നിന്നും മുഹമ്മദി(സ)ല്‍ നിന്നും അകലുന്നത്.
Subscribe to:
Post Comments (Atom)
2 comments:
സഹോദരാ,
പ്രവാചകന്‍റെ ഈയൊരനുഭവം വല്ലാത്തൊരനുഭൂതി പകര്‍ന്ന് നല്‍കിയെനിക്കു!’ദീനീപ്രബോധന’മാര്‍ഗത്തില്‍
തിരുനബി(സ.അ)ഏറ്റു വാങ്ങിയ വിഷമങ്ങളും,
ബുദ്ധിമുട്ടുകളും എത്ര ? സ്വയം ഈദീന്‍ ജീവിതത്തില്‍
പാലിക്കുന്നിടത്തു തന്നെ നാം തയ്യാറല്ല!എന്നിട്ടല്ലേ നാം
‘പ്രബോധന’മാര്‍ഗത്തില്‍ ത്യാഗം സഹിക്കുക!
നമ്മുടെ സമൂഹത്തില്‍ ഈ പ്രബോധനം,ഓരോരുത്തരും
നിര്‍ബന്ധമായും നിര്‍വഹിക്കേണ്ട സുപ്രധാന കടമയാണു
എന്നു മനസ്സിലാക്കിയവരും ചുരുക്കം പേരേയുള്ളു!
അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ.ആമീന്‍...
“പ്രിയനാഥാ, വിഗ്രഹങ്ങളാണ് എന്റെ ജനതയിലെ അധിക പേരെയും വഴിതിരിച്ചുവിടുന്നത്. നീ പൊറുക്കുന്നവനും കാരുണ്യവാനുമല്ലോ.” (ഇബ്‌റാഹീം 36)
Post a Comment