this site the web

‘നാഥാ, ഞങ്ങളുടെ ഹൃദയങ്ങളെ കോര്‍ത്തിണക്കണേ...’

അബ്ദുൽ വദൂദ്

ഇസ്‌ലാം സ്വീകരിച്ചതിന്‌ ശേഷവും മദ്യപാനം തുടര്‍ന്നിരുന്നു ഒരു സ്വഹാബി. തിരുമേനി(സ) അദ്ദേഹത്തെ നിരന്തരം ഉപദേശിച്ചുകൊണ്ടിരുന്നു. മദ്യത്തിന്റെ ദുരന്തങ്ങളെക്കുറിച്ചും അനിസ്‌ലാമികതയെക്കുറിച്ചുമെല്ലാം പറഞ്ഞുകൊണ്ടിരുന്നു. പക്ഷേ, ആ ശിഷ്യന്‌ തന്റെ ദുശ്ശീലം തിരുത്തുവാനായില്ല. ശാസനകള്‍ ലഭിച്ചിട്ടും ശിക്ഷ അനുഭവിച്ചിട്ടും അതു തുടര്‍ന്നുകൊണ്ടേയിരുന്നു.

ഒരു ദിവസം പതിവുപോലെ മദ്യപിച്ച്‌, തിരുമേനിയുടെ സദസ്സിലേക്ക്‌ അദ്ദേഹം വന്നു. മദ്യത്തിന്റെ ദുര്‍ഗന്ധം പരന്നൊഴുകി. ആ സമയത്ത്‌ അരികിലിരുന്ന മറ്റൊരു സ്വഹാബി അയാളെ എന്തോ ഒരു കുത്തുവാക്കു പറഞ്ഞു. നിസ്സാരമെന്നു കരുതി നാം അവഗണിക്കുന്ന ഒരു ചെറിയവാക്ക്‌! പക്ഷേ, തിരുമേനി ഏറെ ഗൗരവത്തോടെയാണതെടുത്തത്‌. മദ്യപാനിയായ ശിഷ്യനെ ശാസിക്കുന്നതിനേക്കാള്‍ തിരുമേനി അയാളെ ശാസിച്ചു. സദസ്സില്‍ വെച്ച്‌ വിശ്വാസിയായ സഹോദരനെ അപകീര്‍ത്തിപ്പെടുത്തിയതിനെ ശക്തമായ വാക്കുകളില്‍ അപലപിച്ചു.

ഇതായിരുന്നു നബി(സ), സ്വന്തം അനുയായികള്‍ക്കിടയില്‍ കാത്തു സൂക്ഷിച്ചിരുന്ന പരസ്‌പരബന്ധം. അകല്‌ച്ചയുടെയും ശത്രുതയുടെയും വേലിക്കെട്ടുകളെ മുറിച്ചെറിഞ്ഞ്‌ സ്‌നേഹത്തിന്റെയും ആത്മ സൗഹൃദത്തിന്റെയും പുതിയ നൂല്‍ച്ചരടിലേക്ക്‌ അവരുടെ ഹൃദയങ്ങളെ കോര്‍ത്തുകെട്ടി.

ഒരു തുള്ളി കള്ളിനും ഒരു തരി മണ്ണിനുമെല്ലാം വേണ്ടി, പരസ്‌പര വൈരാഗ്യത്തിന്റെ ഉരുക്കുകോട്ടകള്‍ പണിത ആറാംനൂറ്റാണ്ടിലെ അറബിക്കൂട്ടത്തെ റസൂല്‍(സ) നയിച്ചത്‌ കലര്‍പ്പും കലവറയുമില്ലാത്ത കാരുണ്യത്തിന്റെയും ഹൃദയബന്ധത്തിന്റെയും സാഹോദര്യത്തിലേക്കാണ്‌. അദ്ദേഹം അവരോട്‌ പറഞ്ഞു: ``നിങ്ങള്‍ പരസ്‌പരം അസൂയ പുലര്‍ത്തരുത്‌. ഒരാള്‍ വിലപറഞ്ഞതിന്റെ മീതെ മറ്റൊരാള്‍ വില പറയരുത്‌. പരസ്‌പരം വിദ്വേഷപ്പെടരുത്‌. പരസ്‌പരം ഛിദ്രിച്ചു പോകരുത്‌. ഒരാള്‍ വിറ്റതിന്റെ മീതെ മറ്റൊരാള്‍ വില്‌ക്കരുത്‌. നിങ്ങളെല്ലാം സാഹോദര്യത്തോടെ അല്ലാഹുവിന്റെ ദാസന്മാരാവുക. ഒരു മുസ്‌ലിം മറ്റൊരു മുസ്‌ലിമിന്റെ സഹോദരനാണ്‌. ആരും പരസ്‌പരം ദ്രോഹിക്കുകയില്ല. കൈയൊഴിയുകയില്ല. നിന്ദിക്കുകയില്ല.(അബൂഹുറയ്‌റയില്‍ നിന്ന്‌ മുസ്‌ലിം)

ഒരാള്‍ മുസ്‌ലിമാകുന്നതോടെ ഇസ്‌ലാം മതമുള്‍ക്കൊണ്ടവരുടെയെല്ലാം സഹോദരനായിത്തീരുന്നു. ആദര്‍ശത്തിന്റെ ശക്തമായ അടിത്തറയില്‍ ഒരേ മനസ്സെന്ന പോലെ അവര്‍ പ്രയത്‌നിക്കുന്നു. `എനിക്ക്‌' എന്ന സ്വാര്‍ഥ വിചാരത്തില്‍ നിന്ന്‌, `ഞങ്ങള്‍ക്ക്‌' എന്ന സാമൂഹ്യ ബോധത്തിലേക്ക്‌ അവന്റെ മനസ്സ്‌ വളരുന്നു. സകല സത്യവിശ്വാസികള്‍ക്കും വേണ്ടി അയാള്‍ പ്രാര്‍ഥിക്കുന്നു: ``ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്കും ഞങ്ങളുടെ മുമ്പ്‌ സത്യവിശ്വാസത്തിലേക്കെത്തിയ ഞങ്ങളുടെ സഹോദരന്മാര്‍ക്കും നീ പൊറുത്ത്‌ തരേണമേ. സത്യവിശ്വാസം സ്വീകരിച്ചവരോട്‌ ഞങ്ങളുടെ മനസ്സുകളില്‍ യാതൊരു വിദ്വേഷവും ഉണ്ടാക്കരുതേ. ഞങ്ങളുടെ രക്ഷിതാവേ, തീര്‍ച്ചയായും നീ ഏറെ ദയയുള്ളവനും കരുണാനിധിയുമാകുന്നു''(ഖുര്‍ആന്‍ 59:10)

എല്ലാം ദൈവമാര്‍ഗത്തിലേക്കര്‍പ്പിച്ച ഒരു വിശ്വാസി അവന്റെ സഹോദര സ്‌നേഹവും അതേ മാര്‍ഗത്തിലേക്ക്‌ തന്നെ നീക്കിവെക്കുന്നു. അങ്ങനെ അവന്റെ വിശ്വാസം പരിപൂര്‍ണതയിലേക്കെത്തുന്നു. നബി(സ) പറഞ്ഞു: ``ആരാണോ അല്ലാഹുവിനു വേണ്ടി സ്‌നേഹിച്ചത്‌, അല്ലാഹുവിന്‌ വേണ്ടി വെറുത്തത്‌, അല്ലാഹുവിന്‌ വേണ്ടി നല്‌കിയത്‌, അല്ലാഹുവിന്‌ വേണ്ടി സ്വീകരിച്ചത്‌, അല്ലാഹുവിന്‌ വേണ്ടി തടഞ്ഞത്‌ അവന്റെ വിശ്വാസമത്രെ, സമ്പൂര്‍ണമായത്‌.''

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സ്‌നേഹിച്ചവര്‍ക്ക്‌ പ്രകാശത്താലുള്ള സിംഹാസനങ്ങള്‍ സ്വര്‍ഗത്തിലുണ്ടാവുമെന്നും അതില്‍ പ്രവാചകന്മാരും രക്തസാക്ഷികളും വരെ അസൂയപ്പെടുമെന്നും ഒരു നബിവചനത്തില്‍ കാണാം. മഹ്‌ശറയിലെ കൊടുംചൂടില്‍ മനുഷ്യരഖിലവും വെന്തുരുകുമ്പോള്‍, അവരെനോക്കി അല്ലാഹു ഇങ്ങനെ വിളിച്ചുപറയും.

``എന്റെ ജലാലത്തില്‍ പരസ്‌പരം സ്‌നേഹിച്ചവരെവിടെ? ഒരു തണലും ലഭിക്കാത്ത ഈ ദിവസം എന്റെ തണലില്‍ നിന്ന്‌ ഞാനവര്‍ക്ക്‌ നല്‌കും''

കാലഭേദങ്ങളില്ലാതെ സമസ്‌തവിശ്വാസികളെയും കോര്‍ത്തിണക്കുന്നത്‌ അവരുടെ ഈമാനാണ്‌. ഏകനായ രക്ഷിതാവിന്റെ ഏകത്വമുള്ള അടിമകളായി അവര്‍ മാറുന്നു. പണത്തിന്റെയോ പ്രതാപത്തിന്റെയോ അതിരുകളില്ലാതെ ആരാധനകളിലും പ്രാര്‍ഥനകളിലും അവര്‍ ഒന്നിച്ചിരിക്കുന്നു. ഏകമനസ്സായി രക്ഷിതാവിനോട്‌ അര്‍ഥിക്കുന്നു; ``ഞങ്ങളെ നീ നേരായ മാര്‍ഗത്തിലൂടെ വഴി നടത്തേണമേ''

`ഞങ്ങളുടെ നാഥാ' എന്ന പദത്തിലൂടെ അവരുടെ മനസ്സുകള്‍ കോര്‍ത്തിണങ്ങുന്നു. എല്ലാ വിളികളും ചെന്നവസാനിക്കുന്ന അല്ലാഹുവിനെ ഭയപ്പെട്ട്‌, സ്വര്‍ഗത്തെ പ്രതീക്ഷിച്ച്‌, നരക മോചനത്തിന്‌ പ്രാര്‍ഥിച്ച്‌ അവര്‍ ആരാധനകളില്‍ ഒന്നിക്കുന്നു.

വിശ്വാസികള്‍ പരസ്‌പരം പ്രാര്‍ഥിക്കാന്‍ നബി(സ) ഒരു പ്രാര്‍ഥന പഠിപ്പിച്ചു: ``അല്ലാഹുവേ ഞങ്ങളുടെ ഹൃദയങ്ങളെ തമ്മില്‍ കോര്‍ത്തിണക്കേണമേ, ഞങ്ങള്‍ക്കിടയിലെ ബന്ധം നീ നന്നാക്കേണമേ''

1 comments:

Feel Isam said...

Assalaamualykkum,

Here is the English version of the same article, for people to share with non-malayalam talking friends.

http://feelislam.com/2011/12/%E2%80%98lord-please-string-our-hearts-together%E2%80%A6%E2%80%99/

 

തർബിയ

അശുദ്ധിയില്ലാത്ത മനസ്സും അഴകുള്ള ജീവിതവും കൈവരുമ്പോൾ മാത്രമേ ഒരാളുടെ ഇസ്‌ലാമിക വ്യക്തിത്വം അർഥപൂർണമാവൂ. വിശുദ്ധ ഖുർ‌ആനും തിരുനബി(സ)യുടെ സാരോപദേശങ്ങളും ഈ വഴിക്കാണ് നമ്മെ നയിക്കുന്നത്. വ്യക്തി എന്ന നിലയിലും കുടുംബ-സാമൂഹിക മേഖലകളിലെ അംഗമെന്ന നിലയിലും പാലിക്കേണ്ട നിർദേശ തത്വങ്ങളുടെ സംഗ്രഹമാണ് ഇസ്‌ലാം. ആദർശ നിഷ്‌ഠയും ആത്മശുദ്ധിയുമുള്ള ഒരു സമൂഹത്തെയാണ് ഇസ്‌ലാം വളർത്തിയെടുക്കുന്നത്. നിലവിലുള്ളതിൽ നിന്ന് കൂടുതൽ മികച്ച മറ്റൊരവസ്ഥയിലേക്ക് എത്തിക്കുക എന്ന പ്രക്രിയയാണ് അത്. പ്രവാചക തിരുമേനി(സ)യുടെ നിയോഗ ലക്ഷ്യമായ ‘തസ്‌കിയത്തി’ന് ഇങ്ങനെയൊരർഥം കൂടിയുണ്ട്. ഇസ്‌ലാമിക പ്രമാണങ്ങളെയും ചരിത്ര പാഠങ്ങളെയും മുൻ‌നിർത്തി ആത്മശുദ്ധീകരണപ്രധാനമായ ആലോചനകളാണ് ഈ ബ്ലോഗിലുള്ള കുറിപ്പുകൾ.

ഇസ്‌ലാം
ജീവിത ശുദ്ധീകരണത്തിന്റെ പുതുമഴയാണ്.
വ്യക്തിത്വത്തിന് ചന്തമുള്ള വഴിയാണ്.
വിശ്വാസിയെ അത് ശാന്തനും പോരാളിയുമാക്കുന്നു.
ഉള്ളും പുറവും സ്‌ഫടിക സുന്ദരമാക്കുന്നു.
സദ്‌ഗുണങ്ങളിലൂടെ സംസ്കാര സമ്പന്നമാക്കുന്നു.

സ്വസ്ഥമായിരുന്ന് സ്വന്തത്തെക്കുറിച്ചാലോചിക്കാൻ ഇതാ അല്പം ചിന്തകൾ.....

Usage Policies