this site the web

ഇണകള്‍: ഇഴചേരുന്ന വസ്‌ത്രങ്ങള്‍

-അബ്‌ദുല്‍വദൂദ്‌


വിപ്ലവകാരിയും സ്വാതന്ത്ര്യസമര നായകനുമായിരുന്ന മുഹമ്മദ്‌ അബ്‌ദുര്‍റഹ്‌മാന്‍ സാഹിബിനെ നമ്മളറിയും. അഭിമാനത്തോടെ ആ പേര്‌ ഓര്‍മിക്കും. സാഹിബിനെക്കുറിച്ച്‌ എന്‍ പി മുഹമ്മദ്‌ എഴുതിയ നോവലില്‍ ആ വലിയ മനുഷ്യനിലെ മറ്റൊരു മഹാ ഗുണത്തെയാണ്‌ നമ്മെ അറിയിക്കുന്നത്‌. ഭാര്യ ബീവാത്തുവിനോടൊന്നിച്ചുള്ള ജീവിതം വളരെ ഹ്രസ്വമായിരുന്നു. അവര്‍ രോഗിണിയായി മരണപ്പെട്ടു. എന്നാല്‍ തന്റെ ഇണയോട്‌ സാഹിബിനുണ്ടായിരുന്ന സ്‌നേഹം അതിരറ്റതായിരുന്നു. മതം അനുവദിച്ചിട്ടും മറ്റൊരു വിവാഹത്തിന്‌ തയ്യാറായില്ല. മധുവിധു തീരും മുമ്പ്‌ മണ്‍മറഞ്ഞ ബീവാത്തുവിനെ സ്വര്‍ഗത്തില്‍ വെച്ച്‌ വീണ്ടും കണ്ടുമുട്ടാന്‍ അദ്ദേഹം കാത്തിരുന്നു.


ഭാര്യാഭര്‍തൃബന്ധത്തെ വസ്‌ത്രത്തോടാണ്‌ അല്ലാഹു ഉപമപ്പെടുത്തിയത്‌. വസ്‌ത്രമെന്നത്‌ നൂലിഴ ചേര്‍ക്കപ്പെട്ട ഒരു തുണിമാത്രമല്ല. അത്‌ അണിയുന്നവന്‌ സൗന്ദര്യം വര്‍ധിപ്പിക്കുന്നു. നഗ്നതയെ രഹസ്യമാക്കുന്നു. ശരീരത്തോട്‌ ഒട്ടിച്ചേര്‍ന്നു കിടക്കുന്നു. ഈ മൂന്ന്‌ സദ്‌ഗുണങ്ങളും ഒരു ഇണയില്‍ സംഗമിക്കുമ്പോള്‍ അല്ലാഹു ഇഷ്‌ടപ്പെടും വിധത്തിലുള്ള ദാമ്പത്യ ജീവിതത്തിലേക്ക്‌ അവര്‍ പ്രവേശിക്കുന്നു. തന്റെ ഇണയ്‌ക്ക്‌ സൗന്ദര്യമായിത്തീരാനും അലങ്കാരമായി അനുഭവിക്കാനും മറ്റൊരിണയ്‌ക്ക്‌ സാധിക്കണം. അന്യോന്യം കൈമാറിയ രഹസ്യങ്ങളും സ്വകാര്യങ്ങളും മറ്റൊരു ചെവിയറിയരുത്‌. സന്താപത്തിലും സന്തോഷത്തിലും ഒരുപോലെ സഹകരിച്ച്‌, പരസ്‌പരം ഒട്ടിച്ചേര്‍ന്ന ആത്മബ്‌ധമായിത്തീരണം. അപ്പോഴാണ്‌ അവര്‍ `വസ്‌ത്രങ്ങള്‍' ആയിത്തീരുന്നത്‌.

വിവാഹത്തെ ഏറെ പ്രോത്സാഹിപ്പിച്ച മതമാണ്‌ ഇസ്‌ലാം. സന്യാസത്തെയോ ബ്രഹ്മചര്യത്തെയോ ഇസ്‌ലാം അംഗീകരിച്ചില്ല. ദൈവം മനുഷ്യനില്‍ നിക്ഷിപ്‌തമാക്കിയ വികാരങ്ങളെ നന്‍മയുടെയും നേരിന്റെയും വഴിയിലൂടെ ചലിപ്പിക്കുവാനാണ്‌ നിയമനിര്‍ദേശങ്ങള്‍. അവയില്‍ പ്രധാനമായതാണ്‌ വിവാഹം.

പുരുഷനും സ്‌ത്രീയും ഒരു നിമിഷത്തില്‍ കുടുംബങ്ങളുടെ അംഗീകാരത്തോടെ, മതത്തിന്റെ അനുവാദത്തോടെ ഒരു പുതിയ ജീവിതത്തിലേക്ക്‌ പ്രവേശിക്കുന്നു. അതുമുതല്‍ അവര്‍ ഒന്നാവുകയാണ്‌. പിന്നെ അവര്‍ ജീവിക്കുന്നത്‌ അവരുടെ സമൃദ്ധിക്ക്‌ വേണ്ടിയാണ്‌. അവര്‍ക്കിടയില്‍ സ്വാര്‍ഥതയില്ല, സഹകരണം മാത്രമേയുള്ളൂ.

മാറാരോഗം ബാധിച്ച്‌ അവശനായി കിടക്കുന്ന ഭര്‍ത്താവ്‌. ഒരിറ്റു ശ്വാസത്തിനുവേണ്ടി കഷ്‌ടപ്പെടുന്ന അയാളില്‍ നിന്ന്‌ ഇനിയൊരു നേട്ടവും പ്രതീക്ഷിക്കാനില്ല. ഇനിയൊരു ചില്ലിക്കാശും സമ്പാദിച്ചു കൊണ്ടുവരാനും അയാള്‍ക്കാവില്ല. എന്നിട്ടും അയാളെ ശുശ്രൂഷിച്ച്‌, സ്‌നേഹവും സാന്ത്വനവും നല്‌കി, ആശ്വാസവും കുളിര്‍ക്കാറ്റും നല്‌കി ഒരു സ്‌ത്രീ അരികിലുണ്ടാവും, അയാളുടെ ഭാര്യ.

``നാം നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവുമുണ്ടാക്കി'' എന്ന അല്ലാഹുവിന്റെ വചനം അവിടെ അന്വര്‍ഥമാവുന്നു. ഭാര്യയും ഭര്‍ത്താവും പരസ്‌പരം ഒന്നിച്ചത്‌ അല്ലാഹു അവരില്‍ ഇട്ടുകൊടുക്കുന്ന സ്‌നേഹത്തിലാണ്‌. അതുകൊണ്ടാണ്‌ അത്‌ തകര്‍ക്കാന്‍ അവര്‍ക്കുപോലും സാധിക്കാത്തത്‌.

നബി തിരുമേനിയുടെ ആദ്യ ഭാര്യ ഖദീജയെക്കുറിച്ചുള്ള ഒളിമങ്ങാത്ത ഓര്‍മകള്‍ തിരുമേനിയുടെ അന്ത്യംവരെ നിലനിന്നിരുന്നു. അദ്ദേഹം ഖദീജയെക്കുറിച്ച്‌ പറഞ്ഞുകൊണ്ടിരിക്കെ, ഒരിക്കല്‍ ആഇശ എന്തോ അനിഷ്‌ടകരമായ വാക്കു പറഞ്ഞപ്പോള്‍ തിരുമേനി പറഞ്ഞതിങ്ങനെയായിരുന്നു: ``ആഇശാ, നീ പറഞ്ഞ ആ വാക്കുകള്‍ കടലില്‍ മുക്കിയാല്‍ കടല്‍ മുഴുവന്‍ അശുദ്ധമാകും.''

കല്ലും മുള്ളും കരിമ്പാറകളും നിറഞ്ഞ ഹിറാ മലയിലൂടെ കയറിയിറങ്ങി ധ്യാനത്തിലിരിക്കുന്ന ഭര്‍ത്താവിന്‌ ഭക്ഷണമെത്തിച്ചുകൊടുക്കുന്ന വൃദ്ധയായ ഖദീജയെക്കുറിച്ച്‌ ഓര്‍ത്തുനോക്കൂ. ജിബ്‌രീലിനെ കണ്ട്‌ ഭയന്ന നബിതിരുമേനിക്ക്‌ സ്‌നേഹ സ്‌പര്‍ശത്തിന്റെ പുതപ്പും അഭയവും നല്‌കിയ ഖദീജ. എല്ലാവരും കൈവെടിഞ്ഞ നേരത്ത്‌ അദ്ദേഹത്തിന്‌ സംരക്ഷണം നല്‌കിയവരാണവര്‍. ഖദീജയുടെ മരണം കഴിഞ്ഞ്‌ ദീര്‍ഘകാലം പിന്നിട്ടിട്ടും, വീട്ടില്‍ വിശേഷ വിഭവങ്ങളുണ്ടാക്കിയാല്‍ തിരുമേനി ആദ്യഭാര്യയുടെ കൂട്ടുകാരികള്‍ക്ക്‌ എത്തിക്കുമായിരുന്നു.

ഏതൊരു വ്യക്തിയുടെയും കഴിവും കഴിവുകേടും ഏറ്റവുമധികം അറിയുന്നത്‌ അയാളുടെ ഇണയായിരിക്കും. മറ്റാര്‍ക്കു മുന്നിലും കാണിക്കാത്ത രഹസ്യങ്ങള്‍ സ്വന്തം ഇണയ്‌ക്കു മുന്നില്‍ രഹസ്യങ്ങളല്ലാതാവുന്നു. കാരണം, അവര്‍ ഒന്നാണ്‌.

പരസ്‌പരമുള്ള അറിവും ആദരവും വിശ്വാസവുമാണ്‌ ദാമ്പത്യത്തിന്റെ കാതല്‍. അത്‌ നഷ്‌ടപ്പെട്ടാല്‍ ഏത്‌ ദൃഢബന്ധത്തിനും ഉലച്ചില്‍ തട്ടും. കേവലമായ ചില വികാരപൂര്‍ത്തീകരണങ്ങളോ വിനോദങ്ങളോ മാത്രമല്ല, ദാമ്പത്യം. അത്‌ മരണംവരെ തുടരേണ്ട ബന്ധമാണ്‌. മരണശേഷമുള്ള സ്വര്‍ഗജീവിതത്തിനും അത്‌ കാരണമായിത്തീരണം.

അനുവദനീയമായതില്‍ ഏറ്റവും അനഭിലഷണീയമായതാണ്‌ വിവാഹമോചനം. കാരണം എല്ലാം കൊണ്ടും യോജിച്ചുവന്ന രണ്ടുപേര്‍ അകലുകയാണത്‌. യോജിപ്പിന്റെ വഴികള്‍ പരമാവധി ഉണ്ടാക്കാന്‍ നിരവധി നിബന്ധനകള്‍ ത്വലാഖിനുമുമ്പ്‌ അല്ലാഹു നിര്‍ബന്ധമാക്കുകയും ചെയ്‌തു.

ധാര്‍മികതയും സദാചാരബോധവും ഇല്ലാത്ത ഒരു ദാമ്പത്യം ആത്യന്തികമായി വിജയം വരിച്ച ചരിത്രമില്ല. അല്ലാഹുവിനെ പേടിക്കുന്ന ദമ്പതിമാരിലൂടെ പിറക്കുന്ന സന്താനങ്ങളും ആ വഴിയേ തേടൂ. പ്രത്യുല്‌പാദനത്തെ ദാമ്പത്യവുമായാണ്‌ അല്ലാഹു ബന്ധിപ്പിച്ചത്‌. ലൈംഗികത പ്രാഥമികമായൊരു ആവശ്യമാണ്‌. അതിനെയും പവിത്രമാക്കി, ദമ്പതിമാരിലൂടെ.

പ്രേമം വിവാഹത്തിനുശേഷമാണ്‌ ഉണ്ടാവേണ്ടത്‌. സംസാരത്തിലും ജീവിതാനുഭവങ്ങളിലുമെല്ലാം അത്‌ നിഴലിക്കണം. ഇണയെ ഓര്‍ക്കുമ്പോള്‍, ഒന്നു മിണ്ടുമ്പോള്‍, ഒന്ന്‌ സ്‌പര്‍ശിക്കുമ്പോള്‍ ഉള്ളിന്റെ ഉള്ളില്‍ നിര്‍വചിക്കാനാവാത്ത ആനന്ദനിര്‍വൃതിയുണ്ടാവണം. അതാണ്‌ ദാമ്പത്യത്തിന്റെ വിജയം.

0 comments:

 

തർബിയ

അശുദ്ധിയില്ലാത്ത മനസ്സും അഴകുള്ള ജീവിതവും കൈവരുമ്പോൾ മാത്രമേ ഒരാളുടെ ഇസ്‌ലാമിക വ്യക്തിത്വം അർഥപൂർണമാവൂ. വിശുദ്ധ ഖുർ‌ആനും തിരുനബി(സ)യുടെ സാരോപദേശങ്ങളും ഈ വഴിക്കാണ് നമ്മെ നയിക്കുന്നത്. വ്യക്തി എന്ന നിലയിലും കുടുംബ-സാമൂഹിക മേഖലകളിലെ അംഗമെന്ന നിലയിലും പാലിക്കേണ്ട നിർദേശ തത്വങ്ങളുടെ സംഗ്രഹമാണ് ഇസ്‌ലാം. ആദർശ നിഷ്‌ഠയും ആത്മശുദ്ധിയുമുള്ള ഒരു സമൂഹത്തെയാണ് ഇസ്‌ലാം വളർത്തിയെടുക്കുന്നത്. നിലവിലുള്ളതിൽ നിന്ന് കൂടുതൽ മികച്ച മറ്റൊരവസ്ഥയിലേക്ക് എത്തിക്കുക എന്ന പ്രക്രിയയാണ് അത്. പ്രവാചക തിരുമേനി(സ)യുടെ നിയോഗ ലക്ഷ്യമായ ‘തസ്‌കിയത്തി’ന് ഇങ്ങനെയൊരർഥം കൂടിയുണ്ട്. ഇസ്‌ലാമിക പ്രമാണങ്ങളെയും ചരിത്ര പാഠങ്ങളെയും മുൻ‌നിർത്തി ആത്മശുദ്ധീകരണപ്രധാനമായ ആലോചനകളാണ് ഈ ബ്ലോഗിലുള്ള കുറിപ്പുകൾ.

ഇസ്‌ലാം
ജീവിത ശുദ്ധീകരണത്തിന്റെ പുതുമഴയാണ്.
വ്യക്തിത്വത്തിന് ചന്തമുള്ള വഴിയാണ്.
വിശ്വാസിയെ അത് ശാന്തനും പോരാളിയുമാക്കുന്നു.
ഉള്ളും പുറവും സ്‌ഫടിക സുന്ദരമാക്കുന്നു.
സദ്‌ഗുണങ്ങളിലൂടെ സംസ്കാര സമ്പന്നമാക്കുന്നു.

സ്വസ്ഥമായിരുന്ന് സ്വന്തത്തെക്കുറിച്ചാലോചിക്കാൻ ഇതാ അല്പം ചിന്തകൾ.....

Usage Policies