this site the web

പ്രാര്‍ഥനയിലെ മധുരം നുകര്‍ന്നുവോ?

അബ്ദുൽ വദൂദ്

ആടിനെ മേച്ച്‌ ഉപജീവനം നടത്തിയിരുന്ന ആഫ്രിക്കയിലെ ഒരു നീഗ്രോ കുടുംബത്തിലെ കുട്ടിയായിരുന്നു ഷോമാ അരൂമി. കൂട്ടുകാരോടൊത്ത്‌ സ്‌കൂളില്‍ പോയി പഠിക്കാനുള്ള ആഗ്രഹം വര്‍ഷങ്ങള്‍ക്കു ശേഷമാണ്‌ അരൂമിക്ക്‌ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്‌. ധാരാളം ആടുകളെ മേയ്‌ക്കാനുള്ളതുകൊണ്ട്‌ ആഴ്‌ചയില്‍ മൂന്നു ദിവസം മാത്രമേ അവള്‍ സ്‌കൂളില്‍ പോയിരുന്നുള്ളൂ. സ്‌കൂള്‍ പഠനശേഷം പട്ടണത്തില്‍ പോയി ഉപരിപഠനം നടത്താന്‍ പണം വേണം. പച്ചക്കറിത്തോട്ടം നനച്ചാല്‍ മുത്തശ്ശി ഒരു കോഴിയെ കൂലി നല്‌കാം എന്നു പറഞ്ഞു. അങ്ങനെ കിട്ടിയ കോഴിയെ വിറ്റ്‌ കോളെജില്‍ കൊടുക്കേണ്ട ഒരു ഷില്ലിങ്‌ സമ്പാദിച്ചു. രണ്ടു ദിവസം കഴിഞ്ഞു നോക്കിയപ്പോള്‍ ഷില്ലിങ്‌ കാണുവാനില്ല! എവിടെ നോക്കിയിട്ടും കണ്ടെത്താനായില്ല. കോളെജിലേക്ക്‌ പോകാന്‍ ഇനി ഒരു ദിവസം മാത്രമേ ബാക്കിയൂള്ളൂ. പണമില്ലെങ്കില്‍ പഠനം നിലയ്‌ക്കും.

ഷോമാ അരൂമി ഒരേയൊരു മാര്‍ഗമായിരുന്നു പരിഹാരമായി കണ്ടെത്തിയത്‌; പ്രാര്‍ഥന. എല്ലാ വാതിലും അടച്ച്‌ ഏകയായി ദൈവത്തോട്‌ പ്രാര്‍ഥിച്ചു. നീണ്ട പ്രാര്‍ഥനയ്‌ക്കൊടുവില്‍ കൂട്ടുകാരോടൊത്ത്‌ മുറ്റത്ത്‌ കളിച്ചതും നാണയം വീണതും ഓര്‍മയിലേക്കു വന്നു. ഓടിച്ചെന്നു നോക്കിയപ്പോള്‍ മണ്ണില്‍ പൊതിഞ്ഞുകിടക്കുന്ന തിളങ്ങുന്ന നാണയം! അപ്പോള്‍ ഷോമാ അരൂമി പതുക്കെ മന്ത്രിച്ചത്‌ ഇങ്ങനെയായിരുന്നു: `ആഫ്രിക്കയിലെ പുല്ലുമേഞ്ഞ ചെറ്റപ്പുരയിലേക്ക്‌ കുനിഞ്ഞുനോക്കുവാനും പാവപ്പെട്ട ഈ നീഗ്രോ പെണ്‍കുട്ടിയുടെ പ്രാര്‍ഥന കേള്‍ക്കുവാനും എളിമയുള്ളവനായ നാഥാ, നിനക്ക്‌ നന്ദി!'

പ്രാര്‍ഥനയുടെ ശക്തി അചഞ്ചലമാണ്‌. എല്ലാം തീര്‍ന്നെന്നും നഷ്‌ടമായെന്നും വിചാരിക്കുമ്പോഴും നാമറിയാതെ നമ്മുടെ പ്രാര്‍ഥന, പുതിയ പോംവഴികളിലേക്ക്‌ നയിക്കുന്നു. ദുഃഖകരമായ ജീവിതവഴികളിലും കഷ്‌ടപ്പാടു നിറഞ്ഞ അനുഭവങ്ങളിലും ഒരു വിശ്വാസിക്ക്‌ പ്രാര്‍ഥനയിലൂടെ പ്രശാന്തത കൈവരുന്നു.

സൂറതുല്‍ ഫുര്‍ഖാന്‍ അവസാനിക്കുന്നത്‌ ഇങ്ങനെയാണ്‌: ``നിങ്ങളുടെ പ്രാര്‍ഥനയില്ലായിരുന്നെങ്കില്‍ എന്റെ റബ്ബ്‌ നിങ്ങളെ പരിഗണിക്കുകയില്ല.'' അല്ലാഹുവിന്റെ പരിഗണനയാണ്‌ ജീവിതത്തിന്റെ ലക്ഷ്യം. ആ ലക്ഷ്യം പൂര്‍ത്തീകരിക്കുവാന്‍ പ്രാര്‍ഥനയുടെ സാന്നിധ്യത്തോടെയല്ലാതെ സാധ്യമല്ലെന്ന്‌ വരുമ്പോള്‍ അതിന്റെ പ്രാധാന്യം എത്രമാത്രമുണ്ടെന്ന്‌ ഊഹിക്കാവുന്നതേയുള്ളൂ.

അല്ലാഹു കരുണാമയനാണ്‌. ഈ ജീവിതത്തില്‍ നാമനുഭവിക്കുന്നതും ആസ്വദിക്കുന്നതുമെല്ലാം അവന്റെ സമ്മാനങ്ങളാണ്‌. അവന്‍ നല്‌കിയ ദാനമാണ്‌ ജീവിതം, ജീവിതത്തിലെ വിഭവങ്ങളും. നിത്യവും സുഖശീതളമായ ഒരു ജീവിതം ഈ ലോകത്ത്‌ സാധ്യമല്ല. ആഘോഷപൂര്‍ണമായ ജീവിതാനുഭവങ്ങളില്‍ ചിലപ്പോള്‍ കണ്ണുനനയുന്ന അവസരങ്ങളുണ്ടാവാം. സങ്കീര്‍ണമായ ജീവിതാവസരങ്ങളില്‍ നാം നിസ്സഹായരായി പടച്ചവനിലേക്ക്‌ കൈകള്‍ നീട്ടുന്നു.

പ്രാര്‍ഥന നമ്മുടെ നിസ്സാരതയുടെയും ദുര്‍ബലതയുടെയും എളിമയുടെയും തെളിവുകൂടിയാണ്‌. നാം ചെറുതാണെന്നും വലിയവന്‍ അല്ലാഹു മാത്രമാണെന്നും പ്രാര്‍ഥന തെളിയിക്കുന്നുണ്ട്‌. നമ്മുടെ കഴിവോ അറിവോ പരിചയമോ നൈപുണിയോ കൊണ്ട്‌ സാധ്യമാക്കാനാവാത്ത ആവശ്യങ്ങളും ആഗ്രഹങ്ങളും സര്‍വ കഴിവുകളുടെയും ശക്തിമഹത്വങ്ങളുടെയും ഉടമയായ അല്ലാഹുവിനോട്‌ അര്‍ഥിക്കുന്ന അനുപമമായ വേളയാണ്‌ പ്രാര്‍ഥനാ സമയം.

നാം മാത്രമായ നമ്മുടെ സ്വകാര്യതയില്‍ മനസ്സും വിചാരവും ഏകീകരിച്ച്‌, കൈയും കരളും അല്ലാഹുവിലേക്കുയര്‍ത്തി നനഞ്ഞ കണ്ണുകളോടും വിതുമ്പുന്ന വാക്കുകളാലും കുറ്റങ്ങളേറ്റുപറഞ്ഞും ആഗ്രഹങ്ങള്‍ നിവര്‍ത്തിച്ചും അല്ലാഹുവിന്റെ മുമ്പില്‍ വിനീതനായിരിക്കുന്നതിലെ, അതിരുകളില്ലാത്ത അനുഭൂതി മറ്റെവിടെ നിന്നാണ്‌ കിട്ടുക? `എന്റെ നാഥാ...' എന്ന വിളിനാദത്തിന്റെ അര്‍ഥവിസ്‌തൃതി സത്യവിശ്വാസിക്കേ അനുഭവിക്കാനാവൂ.

നിത്യജീവിതത്തിന്റെ നിഖില സന്ദര്‍ഭങ്ങളിലും പ്രാര്‍ഥനകള്‍ പഠിപ്പിച്ച മതമാണ്‌ ഇസ്‌ലാം. ജീവനാഡിയേക്കാള്‍ അടുത്തുള്ള അല്ലാഹുവിനോട്‌ അവന്റെ അടിമക്ക്‌ പ്രാര്‍ഥിക്കുവാന്‍ യാതൊരു മറയുടെയും മധ്യസ്ഥതയുടെയും നിബന്ധനകള്‍ ഇസ്‌ലാമിലില്ല. കുറ്റങ്ങള്‍കൊണ്ട്‌ കറുത്തുപോയ ജീവിതം നയിച്ചവനും സ്‌നേഹനിധിയായ രക്ഷിതാവിനോട്‌ പാപമോചനം തേടാം. അത്‌ അല്ലാഹുവിന്‌ ഇഷ്‌ടമാണ്‌. നഷ്‌ടമായ പാഥേയം തിരികെ കിട്ടിയവനെക്കാളും ആനന്ദം ആ സമയത്ത്‌ അല്ലാഹുവിനുണ്ടെന്ന്‌ നബിതിരുമേനി(സ) പറയുകയുണ്ടായി. അല്ലാഹുവിന്റെ കാരുണ്യത്തിലും സ്‌നേഹത്തിലുമുള്ള വിശ്വാസമാണ്‌ നമ്മെ പ്രാര്‍ഥനയ്‌ക്ക്‌ പ്രേരിപ്പിക്കുന്നത്‌. നിലയ്‌ക്കാത്ത അവന്റെ ദയാവായ്‌പുകള്‍കൊണ്ട്‌ നമ്മുടെ മോഹങ്ങള്‍ക്ക്‌ പൂര്‍ത്തീകരണവും ആവശ്യങ്ങള്‍ക്ക്‌ നിവര്‍ത്തനവും ലഭിക്കുമെന്ന്‌ നാം ഉള്‍ക്കൊള്ളുമ്പോള്‍ നമ്മുടെ കൈകളുയരും; ജീവിതം തന്നെ പ്രാര്‍ഥനയായിത്തീരും.

0 comments:

 

തർബിയ

അശുദ്ധിയില്ലാത്ത മനസ്സും അഴകുള്ള ജീവിതവും കൈവരുമ്പോൾ മാത്രമേ ഒരാളുടെ ഇസ്‌ലാമിക വ്യക്തിത്വം അർഥപൂർണമാവൂ. വിശുദ്ധ ഖുർ‌ആനും തിരുനബി(സ)യുടെ സാരോപദേശങ്ങളും ഈ വഴിക്കാണ് നമ്മെ നയിക്കുന്നത്. വ്യക്തി എന്ന നിലയിലും കുടുംബ-സാമൂഹിക മേഖലകളിലെ അംഗമെന്ന നിലയിലും പാലിക്കേണ്ട നിർദേശ തത്വങ്ങളുടെ സംഗ്രഹമാണ് ഇസ്‌ലാം. ആദർശ നിഷ്‌ഠയും ആത്മശുദ്ധിയുമുള്ള ഒരു സമൂഹത്തെയാണ് ഇസ്‌ലാം വളർത്തിയെടുക്കുന്നത്. നിലവിലുള്ളതിൽ നിന്ന് കൂടുതൽ മികച്ച മറ്റൊരവസ്ഥയിലേക്ക് എത്തിക്കുക എന്ന പ്രക്രിയയാണ് അത്. പ്രവാചക തിരുമേനി(സ)യുടെ നിയോഗ ലക്ഷ്യമായ ‘തസ്‌കിയത്തി’ന് ഇങ്ങനെയൊരർഥം കൂടിയുണ്ട്. ഇസ്‌ലാമിക പ്രമാണങ്ങളെയും ചരിത്ര പാഠങ്ങളെയും മുൻ‌നിർത്തി ആത്മശുദ്ധീകരണപ്രധാനമായ ആലോചനകളാണ് ഈ ബ്ലോഗിലുള്ള കുറിപ്പുകൾ.

ഇസ്‌ലാം
ജീവിത ശുദ്ധീകരണത്തിന്റെ പുതുമഴയാണ്.
വ്യക്തിത്വത്തിന് ചന്തമുള്ള വഴിയാണ്.
വിശ്വാസിയെ അത് ശാന്തനും പോരാളിയുമാക്കുന്നു.
ഉള്ളും പുറവും സ്‌ഫടിക സുന്ദരമാക്കുന്നു.
സദ്‌ഗുണങ്ങളിലൂടെ സംസ്കാര സമ്പന്നമാക്കുന്നു.

സ്വസ്ഥമായിരുന്ന് സ്വന്തത്തെക്കുറിച്ചാലോചിക്കാൻ ഇതാ അല്പം ചിന്തകൾ.....

Usage Policies