this site the web

യൂസുഫിനെ മറക്കുന്ന യുവാക്കള്‍

അബ്ദുൽ വദൂദ്




ചുറുചുറുക്കുള്ള ഒരു യുവാവ്‌, ഒരിറ്റു പ്രകാശം പോലും എത്തിനോക്കാത്ത കൂരിരുട്ടുള്ള ഒരു ജയിലറയില്‍ കിടക്കുന്നു. നേരത്തിന്‌ ഭക്ഷണമോ വെള്ളമോ സഹായങ്ങളോ ലഭിക്കാത്ത ആ ജയിലില്‍ കിടന്ന്‌അയാള്‍ ഇങ്ങനെ പ്രാര്‍ഥിക്കുന്നു: ``എന്റെ രക്ഷിതാവേ, ആ സ്‌ത്രീകള്‍ എന്നെ ക്ഷണിക്കുന്ന കാര്യത്തേക്കാളും എനിക്കിഷ്‌ടം ഈ ജയിലാണ്‌. അവരുടെ കുതന്ത്രത്തില്‍ നിന്നും നീ എന്നെ അകറ്റിയില്ലെങ്കില്‍ ഞാനതില്‍ പെട്ടുപോവും, അങ്ങനെ ഞാന്‍ വിഡ്‌ഢികളുടെ കൂട്ടത്തിലകപ്പെടുകയും ചെയ്യും.''


യൂസുഫ്‌!. അധര്‍മം മുറ്റി നിന്ന ചുറ്റുപാടിനോട്‌ ജിഹാദ്‌ പ്രഖ്യാപിച്ച വിപ്ലവകാരി. തിന്മയോട്‌ ഒരു ചെറിയ അളവില്‍പോലും യോജിക്കാനാവാതെ അവസാനം വരെ പൊരുതി നിന്ന രക്തത്തിളപ്പുള്ള മുജാഹിദ്‌. അഭയം നല്‌കിയവള്‍ അരുതായ്‌മക്കു പ്രേരിപ്പിച്ച്‌ ആ യുവാവിനെ വശീകരിക്കാന്‍ ശ്രമിച്ചു. പക്ഷേ, സിരകളിലെ രക്തം പോലെ ഉള്ളില്‍ നിറയെ ഭക്തിയും വിശ്വാസവും കൈമുതലാക്കിയ അയാള്‍ അതില്‍ വീണുപോയില്ല. പാപത്തിന്റെ മണമുള്ള ആ കൊടുങ്കാറ്റിലും തളരാത്ത വടവൃക്ഷമായി ചരിത്രത്തിലിടം നേടി.

യുസുഫ്‌ നബിയെന്ന ആ ചെറുപ്പക്കാരനെ ഇപ്രകാരമൊരു പ്രാര്‍ഥനയ്‌ക്ക്‌ പ്രേരിപ്പിച്ച ഘടകങ്ങള്‍ എന്തൊക്കെയായിരുന്നു? തിന്മയുടെ വിഷക്കാറ്റ്‌ ചുറ്റുപാട്‌ നിറയെ മലീമസമാക്കിയ കാലത്ത്‌, അവസരങ്ങളെല്ലാം അനുകൂലമാക്കി സുന്ദരിയായ ഒരു പെണ്ണ്‌ രതിവിവശയായി മാടിവിളിച്ചപ്പോള്‍ അദ്ദേഹം കുതറിമാറി. കേവലമായ ഒരു സുഖത്തിനുവേണ്ടി അനശ്വരവും നിത്യഭാസുരവുമായ സ്വര്‍ഗത്തെ മറക്കാന്‍ തയ്യാറായില്ല.

ഇനി നാം നമ്മുടെ കാലത്തേക്കുവരിക. സഹസ്രാബ്‌ദങ്ങള്‍ക്ക്‌ മുമ്പ്‌ യൂസുഫ്‌ നബിക്ക്‌ എന്തെല്ലാം പ്രതികൂല സാഹചര്യങ്ങളാണോ നേരിടേണ്ടിവന്നത്‌ അവയെല്ലാം ആയിരം മടങ്ങ്‌ ശക്തിയോടെ നമ്മുടെ കുട്ടികള്‍ക്കും യുവാക്കള്‍ക്കും ചുറ്റുമുണ്ട്‌. അദ്ദേഹത്തെ വശീകരിക്കാന്‍ ഒരു പെണ്ണിന്റെ സീല്‍ക്കാരമാണുണ്ടായിരുന്നതെങ്കില്‍ ഇന്നത്‌ നൂറുമടങ്ങ്‌ വര്‍ധിച്ചിരിക്കുന്നു. നമ്മുടെ കുട്ടികള്‍ക്ക്‌ കാണാനുള്ളതും കേള്‍ക്കാനുള്ളതും അനുഭവിക്കാനുള്ളതുമെല്ലാം ഏറെയും തിന്മയാണ്‌. നാണം മറയ്‌ക്കാത്ത നാടും നഗരവും, അടുക്കളയിലേക്കുപോലും എത്തിക്കഴിഞ്ഞ അധര്‍മവൃത്തികളും ലക്ഷ്യമിടുന്നത്‌ നമ്മുടെ കുട്ടികളെയല്ലാതെ പിന്നെയാരെയാണ്‌? പക്ഷേ, നമ്മുടെ കുട്ടികള്‍ക്ക്‌ യൂസുഫിന്റെ നട്ടെല്ല്‌ നഷ്‌ടപ്പെടുന്നു. എന്തിനേക്കാളും വലുതായി അല്ലാഹുവിനെ കാണാന്‍ അവര്‍ക്കു കഴിയുന്നില്ല. എല്ലാ സുഖത്തെക്കാളും മഹത്തായത്‌ സ്വര്‍ഗമാണെന്ന തിരിച്ചറിവും അവര്‍ക്ക്‌ നഷ്‌ടപ്പെടുന്നു.

നേരിലും നന്മയിലും മക്കളെ വളര്‍ത്തിക്കൊണ്ടുവരാന്‍ സാധിക്കുന്ന തരത്തിലുള്ള മാതൃകാവര്യന്മാരായ രക്ഷിതാക്കളും ഗുരുനാഥന്മാരും ഇന്നെവിടെ? അവര്‍ക്ക്‌ ക്ഷാമമാണ്‌. മാതൃകകള്‍ നഷ്‌ടപ്പെട്ട ഒരു സമൂഹത്തില്‍ സ്വാഭാവികമായും സംഭവിക്കുന്നതൊക്കെയും നമുക്കിടയിലും സംഭവിക്കുന്നു. കുട്ടികള്‍ ഒരു തലമുറയുടെ മാത്രം പ്രതീക്ഷയല്ല. അവര്‍ രണ്ടു തലമുറകളുടെ പ്രത്യാശകളാണ്‌ പൂര്‍ത്തീകരിക്കേണ്ടത്‌. ഒന്ന്‌ അവരോടൊപ്പം ജീവിക്കുന്ന മുതിര്‍ന്നവരുടേത്‌. മറ്റൊന്ന്‌ യൗവനത്തില്‍ അവരോടൊപ്പമുള്ള വരുടെയും.

പക്ഷേ ഈ പ്രതീക്ഷകളെല്ലാം അസ്ഥാനത്താക്കുന്നതിന്റെയും വൃഥാവിലാക്കുന്നതിന്റെയും കാരണങ്ങളില്‍ ഒന്നാമത്‌, ശരിയായ ശിക്ഷണവും മാതൃകകളും അവരില്‍ നിന്ന്‌ അകറ്റപ്പെടുന്നുവെന്നതാണ്‌. ആസൂത്രിതവും ശാസ്‌ത്രീയവുമായ മതപഠനരീതിയുടെ അഭാവവും മതപഠനത്തെ കേവലം നാട്ടാചാരമായി ചുരുട്ടിക്കെട്ടുന്നതിന്റെ ദുരന്തവുമെല്ലാം ഇതില്‍ പെടുന്നു. വീട്ടില്‍ ഇസ്‌ലാമിക ശിക്ഷണവും ജീവിതവുമെന്നാല്‍ നമസ്‌കാരവും നോമ്പും മാത്രമായി ഒതുങ്ങുന്നുവെന്നതും നാം മറുന്നുകൂടാ.

0 comments:

 

തർബിയ

അശുദ്ധിയില്ലാത്ത മനസ്സും അഴകുള്ള ജീവിതവും കൈവരുമ്പോൾ മാത്രമേ ഒരാളുടെ ഇസ്‌ലാമിക വ്യക്തിത്വം അർഥപൂർണമാവൂ. വിശുദ്ധ ഖുർ‌ആനും തിരുനബി(സ)യുടെ സാരോപദേശങ്ങളും ഈ വഴിക്കാണ് നമ്മെ നയിക്കുന്നത്. വ്യക്തി എന്ന നിലയിലും കുടുംബ-സാമൂഹിക മേഖലകളിലെ അംഗമെന്ന നിലയിലും പാലിക്കേണ്ട നിർദേശ തത്വങ്ങളുടെ സംഗ്രഹമാണ് ഇസ്‌ലാം. ആദർശ നിഷ്‌ഠയും ആത്മശുദ്ധിയുമുള്ള ഒരു സമൂഹത്തെയാണ് ഇസ്‌ലാം വളർത്തിയെടുക്കുന്നത്. നിലവിലുള്ളതിൽ നിന്ന് കൂടുതൽ മികച്ച മറ്റൊരവസ്ഥയിലേക്ക് എത്തിക്കുക എന്ന പ്രക്രിയയാണ് അത്. പ്രവാചക തിരുമേനി(സ)യുടെ നിയോഗ ലക്ഷ്യമായ ‘തസ്‌കിയത്തി’ന് ഇങ്ങനെയൊരർഥം കൂടിയുണ്ട്. ഇസ്‌ലാമിക പ്രമാണങ്ങളെയും ചരിത്ര പാഠങ്ങളെയും മുൻ‌നിർത്തി ആത്മശുദ്ധീകരണപ്രധാനമായ ആലോചനകളാണ് ഈ ബ്ലോഗിലുള്ള കുറിപ്പുകൾ.

ഇസ്‌ലാം
ജീവിത ശുദ്ധീകരണത്തിന്റെ പുതുമഴയാണ്.
വ്യക്തിത്വത്തിന് ചന്തമുള്ള വഴിയാണ്.
വിശ്വാസിയെ അത് ശാന്തനും പോരാളിയുമാക്കുന്നു.
ഉള്ളും പുറവും സ്‌ഫടിക സുന്ദരമാക്കുന്നു.
സദ്‌ഗുണങ്ങളിലൂടെ സംസ്കാര സമ്പന്നമാക്കുന്നു.

സ്വസ്ഥമായിരുന്ന് സ്വന്തത്തെക്കുറിച്ചാലോചിക്കാൻ ഇതാ അല്പം ചിന്തകൾ.....

Usage Policies