this site the web

ഇന്ദ്രിയങ്ങള്‍ക്കു വശരാകുമ്പോള്‍ ...

അബ്ദുൽ വദൂദ്

വ്യക്തിയുടെ ജീവിതത്തെ അളക്കുന്നത്‌ വ്യക്തിത്വത്തെ ആസ്‌പദിച്ചാണ്‌. വ്യക്തിത്വം രൂപപ്പെടുന്നതില്‍ അനേകം ഘടകങ്ങളുടെ ശക്തമായ സ്വാധീനമുണ്ട്‌. ചെയ്യുന്ന പ്രവൃത്തികളും നേടുന്ന അറിവുകളും ഇടപഴകുന്ന കൂട്ടുകാരുമെല്ലാം ആ സ്വാധീന വലയത്തിലുള്‍പ്പെടുന്നു.


പ്രവൃത്തിയുണ്ടാവുന്നത്‌ ശാരീരികാവയവങ്ങളില്‍ നിന്നാണ്‌. `ഇന്ദ്രിയങ്ങള്‍' എന്ന്‌ നാം നിരൂപിക്കുന്ന അവയവങ്ങളുടെ ചലനങ്ങളും ചര്യകളും നമ്മുടെ വ്യക്തിത്വ രൂപീകരണത്തില്‍ വലിയ സ്വാധീനമാണ്‌ ചെലുത്തുന്നത്‌. അതുകൊണ്ട്‌ തന്നെ ഖുര്‍ആന്‍ വ്യത്യസ്‌ത സന്ദര്‍ഭങ്ങളില്‍ അവയവങ്ങളുടെ പ്രയോഗത്തെ സംബന്ധിച്ച്‌ സൂക്ഷ്‌മത പാലിക്കണമെന്ന്‌ ഉണര്‍ത്തുന്നു.

``നിങ്ങള്‍ക്ക്‌ അറിവില്ലാത്തതിന്റെ പിറകെ നിങ്ങള്‍ പോകരുത്‌. തീര്‍ച്ചയായും കേള്‍വി, കാഴ്‌ച ഹൃദയം ഇവയെ സംബന്ധിച്ചെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ്‌.'' (ഇസ്‌റാഅ്‌: 36) പാപത്തിലേക്ക്‌ പ്രേരണ നല്‌കുന്നതും പാപത്തിന്റെ വഴി തുറക്കുന്നതും പ്രധാനമായും ഈ മൂന്ന്‌ ഇന്ദ്രിയങ്ങളിലൂടെയാണെന്നത്‌ ഏറെ ശ്രദ്ധേയമാണ്‌. കണ്ണ്‌ കാണാനുള്ളതാണ്‌. പക്ഷേ, കാഴ്‌ചക്കുമപ്പുറം നമ്മുടെ കാഴ്‌ചപ്പാടിനെകൂടി രൂപീകരിക്കാന്‍ കണ്ണിന്‌ ശക്തിയുണ്ട്‌. കാതും ഹൃദയവും ഇതില്‍ നിന്ന്‌ ഭിന്നമല്ല.

ഇന്ദ്രിയങ്ങള്‍ക്കു വശനാം
പുരുഷന്നു
വന്നീടുമാപത്തു നിര്‍ണ്ണയ
മോര്‍ത്തുകാണ്‍
ഇന്ദ്രിയനിഗ്രഹമുള്ള പുരുഷന്നു
വന്നുകൂടും നിജസൗഖ്യങ്ങളേതുമേ

ഈ കവിവാക്യം ഏറെ അറിവേകുന്നുണ്ട്‌. `ഇന്ദ്രിയ'മെന്നത്‌ കേവലം `രേതസ്‌കണം' മാത്രമായി കണ്ടുകൂടാ. മറിച്ച്‌ ശരീരത്തിന്റെ ചലനവും വിചാരവും നിര്‍ണയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നതില്‍ ചെറുതും വലുതുമായ ഓരോ അവയവത്തിനും പങ്കുണ്ട്‌. ആ പങ്കിനെ പ്രാധാന്യത്തോടെ ഉള്‍ക്കൊള്ളുകയും പക്വതയോടെ പരിചരിക്കുകയും ചെയ്യുന്നവര്‍ നിത്യസൗഖ്യത്തിലേക്ക്‌ പ്രവേശിക്കുകയും ഇന്ദ്രിയങ്ങളുടെ അന്തര്‍പ്രേരണയ്‌ക്ക്‌ വിധേയരാവുകുന്നവര്‍ അപക്വതകളുടെ ഫലമായി ആപത്തുകളിലേക്ക്‌ പ്രവേശിക്കുകയും ചെയ്യുന്നു.

കഠിനരോഗത്താല്‍ മുറിച്ചുമാറ്റപ്പെടേണ്ടിവന്ന കാല്‌ അവസാനമായൊന്ന്‌ കാണാന്‍ മഹാനായ സ്വഹാബി വര്യന്‍ ഉര്‍വ്വത്‌ ബിന്‍ സുബൈര്‍(റ) ആഗ്രഹിച്ചു. ചോരയിറ്റുന്ന ആ കാല്‍ വൈദ്യന്മാര്‍ അദ്ദേഹത്തിന്റെ കൈയിലേക്ക്‌ നല്‌കി. കാലിനെ നോക്കി ആ ഉന്നതനായ വിശ്വാസി പറഞ്ഞതിങ്ങനെയായിരുന്നു:

``എന്റെ പ്രിയപ്പെട്ട കാലേ, നീ സ്വര്‍ഗത്തിലേക്കാണു പോകുന്നത്‌. കാരണം, നിന്നെ ഞാനൊരു തെറ്റിലേക്കും കൊണ്ടുപോയിട്ടില്ല. നിന്റെ സഹായത്താല്‍ ഒരു പാപത്തിലേക്കും ഞാന്‍ നടന്നുപോയിട്ടില്ല. എന്നാല്‍, രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ വെയിലെന്നോ മഴയെന്നോ വകവെക്കാതെ ഞാന്‍ അല്ലാഹുവിന്റെ ഭവനത്തിലേക്ക്‌ നമസ്‌കാരത്തിനുവേണ്ടി പോയിട്ടുണ്ട്‌, പ്രവാചകന്റെ കൂടെ യുദ്ധങ്ങള്‍ക്കുപോയിട്ടുണ്ട്‌. നീ സ്വര്‍ഗത്തിലേക്കേ പോകൂ....''

ഇന്ദ്രിയങ്ങള്‍ക്കു വശനാകാതെ ജീവിച്ച ഒരു വിശ്വാസിയുടെ ആത്മവിശ്വാസത്തിന്റെ വചനങ്ങളാണിത്‌. കൈയും കാലും കണ്ണും കാതും എല്ലാം ജാഗ്രതയോടെ ഉപയോഗിക്കുകയും വഴിതെറ്റാതെ നടത്തുകയും ചെയ്യുന്നവര്‍ക്കേ, അവസാന നിമിഷത്തിലും ആത്മവിശ്വാസത്തോടെ വിടപറയാനാകൂ. അല്ലാത്തവര്‍ പൊള്ളുന്ന മനസ്സോടെയും അസ്വസ്ഥ ഹൃദയത്തോടുമേ ജീവിക്കുകയും മരിക്കുകയും ചെയ്യൂ.

നമ്മുടെ കാഴ്‌ചകള്‍ക്കു സാക്ഷിയായ കണ്ണും കേള്‍വിക്കു സാക്ഷിയായ കാതും പ്രവര്‍ത്തികളില്‍ കൂടെയുള്ള കൈകാലുകളും മറ്റവയവങ്ങളുമെല്ലാം അല്ലാഹുവിനോട്‌ നമുക്കെതിരെ സാക്ഷി പറയുന്നതിനെക്കുറിച്ച്‌ ഖുര്‍ആന്‍ ഒന്നിലേറെ സന്ദര്‍ഭങ്ങളില്‍ താക്കീതു ചെയ്യുന്നുണ്ട്‌. `സകലസൃഷ്‌ടി ജാലങ്ങളെയും സംസാരിപ്പിച്ച പ്രപഞ്ചനാഥന്‍ ഞങ്ങളെയും സംസാരിപ്പിച്ചു' വെന്ന്‌, മനുഷ്യരുടെ അത്ഭുതത്തോടെയുള്ള ചോദ്യങ്ങള്‍ക്ക്‌ അവ ഉത്തരം പറയും.

ലൈംഗികാവയവത്തെയും നാവിനെയും നേര്‍വഴിയിലേ നടത്തൂവെന്ന്‌ ആര്‍ ഉറപ്പ്‌ നല്‌കുന്നുവോ, അവര്‍ക്ക്‌ സ്വര്‍ഗം ഉറപ്പ്‌ നല്‌കുന്നുവെന്ന്‌ നബിതിരുമേനി (സ) പറഞ്ഞത്‌ ഈ വിഷയത്തില്‍ പ്രസക്തമാണ്‌. വ്യക്തി പരാജയപ്പെടുകയും അനിയന്ത്രിതനാവുകയും ചെയ്യുന്ന രണ്ട്‌ മേഖലകളാണല്ലോ ഇത്‌. ആയിരം പടയാളികളെ ഒന്നിച്ച്‌ നേരിടാനാവുന്നവരും സ്വന്തം ഇന്ദ്രിയപ്രേരണകള്‍ക്കു മുന്നില്‍ മുട്ടുമടക്കുന്നു. കാരിരുമ്പിന്റെ മാംസപേശിയും മനോധൈര്യവുമുള്ളവരും സംസാരത്തിലെ അനിയന്ത്രണംകൊണ്ടും സുഖാര്‍ത്തിയുടെ അപക്വതകൊണ്ടും വ്യക്തിത്വനഷ്‌ടം നേരിടുന്നു.

0 comments:

 

തർബിയ

അശുദ്ധിയില്ലാത്ത മനസ്സും അഴകുള്ള ജീവിതവും കൈവരുമ്പോൾ മാത്രമേ ഒരാളുടെ ഇസ്‌ലാമിക വ്യക്തിത്വം അർഥപൂർണമാവൂ. വിശുദ്ധ ഖുർ‌ആനും തിരുനബി(സ)യുടെ സാരോപദേശങ്ങളും ഈ വഴിക്കാണ് നമ്മെ നയിക്കുന്നത്. വ്യക്തി എന്ന നിലയിലും കുടുംബ-സാമൂഹിക മേഖലകളിലെ അംഗമെന്ന നിലയിലും പാലിക്കേണ്ട നിർദേശ തത്വങ്ങളുടെ സംഗ്രഹമാണ് ഇസ്‌ലാം. ആദർശ നിഷ്‌ഠയും ആത്മശുദ്ധിയുമുള്ള ഒരു സമൂഹത്തെയാണ് ഇസ്‌ലാം വളർത്തിയെടുക്കുന്നത്. നിലവിലുള്ളതിൽ നിന്ന് കൂടുതൽ മികച്ച മറ്റൊരവസ്ഥയിലേക്ക് എത്തിക്കുക എന്ന പ്രക്രിയയാണ് അത്. പ്രവാചക തിരുമേനി(സ)യുടെ നിയോഗ ലക്ഷ്യമായ ‘തസ്‌കിയത്തി’ന് ഇങ്ങനെയൊരർഥം കൂടിയുണ്ട്. ഇസ്‌ലാമിക പ്രമാണങ്ങളെയും ചരിത്ര പാഠങ്ങളെയും മുൻ‌നിർത്തി ആത്മശുദ്ധീകരണപ്രധാനമായ ആലോചനകളാണ് ഈ ബ്ലോഗിലുള്ള കുറിപ്പുകൾ.

ഇസ്‌ലാം
ജീവിത ശുദ്ധീകരണത്തിന്റെ പുതുമഴയാണ്.
വ്യക്തിത്വത്തിന് ചന്തമുള്ള വഴിയാണ്.
വിശ്വാസിയെ അത് ശാന്തനും പോരാളിയുമാക്കുന്നു.
ഉള്ളും പുറവും സ്‌ഫടിക സുന്ദരമാക്കുന്നു.
സദ്‌ഗുണങ്ങളിലൂടെ സംസ്കാര സമ്പന്നമാക്കുന്നു.

സ്വസ്ഥമായിരുന്ന് സ്വന്തത്തെക്കുറിച്ചാലോചിക്കാൻ ഇതാ അല്പം ചിന്തകൾ.....

Usage Policies