this site the web

സ്‌ത്രീകളോട്‌ പെരുമാറുമ്പോള്‍

-അബ്‌ദുല്‍വദൂദ്‌

മൂസാനബിയുടെ ചരിത്രത്തില്‍, അദ്ദേഹം സഹായിച്ച പെണ്‍കുട്ടികള്‍ ആ വിവരം പിതാവിനോട്‌ പറയുകയും പിതാവ്‌ മൂസാനബിയെ വിളിച്ചുകൊണ്ടുവരാന്‍ മൂത്ത പെണ്‍കുട്ടിയെ പറഞ്ഞയക്കുകയും ചെയ്യുന്നുണ്ട്‌. അങ്ങനെ ആ പെണ്‍കുട്ടിയോടൊപ്പം അദ്ദേഹം അവരുടെ വീട്ടിലേക്ക്‌ ക്ഷണം സ്വീകരിച്ചെത്തുന്നു. പിന്നീട്‌ മൂത്ത പെണ്‍കുട്ടി പിതാവിനോട്‌ മൂസാനബിയെക്കുറിച്ച്‌ പറയുന്നതിങ്ങനെയാണ്‌: ``തീര്‍ച്ചയായും അദ്ദേഹം ശക്തിമാനും വിശ്വസ്‌തനുമാണ്‌.''


മുമ്പൊന്നും പരിചയമില്ലാത്ത ഒരാളെക്കുറിച്ച്‌ ആ പെണ്‍കുട്ടിക്ക്‌ ഇത്ര കൃത്യമായി വിശേഷിപ്പിക്കാന്‍ സാധിച്ചതെങ്ങനെയാണ്‌? അദ്ദേഹം വിശ്വസ്‌തനാണെന്ന്‌ അവള്‍ക്ക്‌ ബോധ്യപ്പെട്ടതെങ്ങനെയാണ്‌? കിണറ്റിന്‍കര മുതല്‍ മലഞ്ചെരുവിലുള്ള അവരുടെ വീടുവരെ അവളുടെ പിറകെ നടന്നിട്ടും ആ യുവാവില്‍ നിന്ന്‌ അവള്‍ക്ക്‌ അനിഷ്‌ടകരമായതൊന്നും അനുഭവിക്കാന്‍ കഴിയാത്തതുകൊണ്ടല്ലേ?

ഏതൊരു സ്‌ത്രീയും അങ്ങനെയാണ്‌. അവള്‍ ഒരു പുരുഷനെ വിലയിരുത്തുന്നത്‌ അയാളിലെ മാന്യതയും വ്യക്തിത്വവും വിലയിരുത്തിയാണ്‌. എന്നാല്‍ പുരുഷന്‍ സ്‌ത്രീയെ വിലയിരുത്തുന്നത്‌ അവളുടെ സൗന്ദര്യവും ആകര്‍ഷണീയതയും കണക്കാക്കിയായിരിക്കും. അതുകൊണ്ടാണല്ലോ ശരീരത്തിന്റെ പ്രധാന ഭാഗങ്ങളെല്ലാം മറയ്‌ക്കാന്‍ സ്‌ത്രീകളോട്‌ അല്ലാഹു കല്‌പിച്ചത്‌. പുരുഷന്‍ ശരീരത്തിന്റെ അല്‌പം ചില ഭാഗങ്ങള്‍ മാത്രമേ നിര്‍ബന്ധമായും മറയ്‌ക്കേണ്ടതുള്ളൂ. പുരുഷന്റെ ശരീരവടിവോ ആകാര സൗന്ദര്യമോ അല്ല സ്‌ത്രീ പരിഗണിക്കുന്നത്‌ എന്നര്‍ഥം.

പുരുഷനും സ്‌ത്രീക്കുമിടയില്‍ ഇസ്‌ലാം കണിശമായ അതിരും നിയന്ത്രണവും വെച്ചിട്ടുണ്ട്‌. ഒരു കാരണവശാലും അത്‌ തകര്‍ക്കപ്പെടരുതെന്ന്‌ നിരന്തരം അല്ലാഹു ഓര്‍മിപ്പിക്കുകയും ചെയ്യുന്നു. കാരണം ഏതുസമയത്തും പരിധിലംഘിക്കപ്പെടാന്‍ സാധ്യതയേറെയുള്ള ബന്ധമാണത്‌. ഒരു സ്‌ത്രീ അന്യപുരുഷനോടൊപ്പം തനിച്ച്‌ കഴിയുന്നതിനേയും അവര്‍ രണ്ടുപേരും മാത്രമായി യാത്ര ചെയ്യുന്നതിനേയും അല്ലാഹു വിലക്കി. വികാരാവേശത്തോടെ പരസ്‌പരം നോക്കുന്നതും നിരോധിച്ചു. ഒരു സന്ദര്‍ഭത്തില്‍ സുന്ദരിയായ ഒരു ഗോത്രയുവതിയെ ദീര്‍ഘനേരം നോക്കിനിന്ന അലി(റ)യുടെ ചെവിപിടിച്ച്‌ നബിതിരുമേനി അതില്‍നിന്ന്‌ വിലക്കിയതായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്‌. ആരാണെന്നറിയാന്‍ വേണ്ടി മാത്രം ഒരു തവണ നോക്കാമെന്നും അതിലധികമുള്ള നോട്ടം പിശാചിനുള്ളതാണെന്നും നബിതിരുമേനി (സ) ഉപദേശിച്ചു.

വിശുദ്ധഖുര്‍ആന്‍ സൂറത്തുന്നൂറില്‍ പ്രധാനമായും വിശദീകരിക്കുന്നത്‌ സ്‌ത്രീ പുരുഷ ബന്ധത്തിലെ മര്യാദകളും നിബന്ധനകളുമാണല്ലോ. ആ അധ്യായത്തിലെ 30,31 ആയത്തുകള്‍ ഏറെ ചിന്തോദ്ദീപകമാണ്‌. അഹിതവും അവിഹിതവുമായ ലൈംഗികബന്ധത്തിലേക്കും മറ്റ്‌ അസാന്മാര്‍ഗിക പ്രവൃത്തികളിലേക്കും മനുഷ്യനെ നയിക്കുന്നതിന്റെ ഒന്നാമത്തെ വാതിലുതന്നെ അല്ലാഹു കൊട്ടിയടയ്‌ക്കുകയാണ്‌ ആ വചനങ്ങളില്‍. സ്‌ത്രീയും പുരുഷനും തമ്മില്‍ കാണുമ്പോള്‍ കണ്ണുകള്‍ താഴ്‌ത്തണമെന്നാണ്‌ ആ കല്‌പന. അതില്‍തന്നെ മൂന്നാമത്തെ വചനത്തില്‍ വ്യഭിചാരിയെ ബഹുദൈവ വിശ്വാസിക്കു തുല്യമാക്കുകയും ചെയ്യുന്നു. മനുഷ്യരില്‍ ഏറ്റവും മാന്യന്‍ സ്‌ത്രീകളോട്‌ മാന്യത കാണിക്കുന്നവനാണെന്ന്‌ തിരുമേനി പറയുകയുണ്ടായി. സ്‌ത്രീയുടെ സംരക്ഷകനായാണ്‌ അല്ലാഹു പുരുഷനെക്കുറിച്ച്‌ പരാമര്‍ശിക്കുന്നത്‌. ബലിഷ്‌ഠമായ ഒരു കരാറിലൂടെ സ്വന്തമാക്കിയ ഭാര്യയോട്‌, അവളുടെ സുഖദുഃഖങ്ങളിലും പെരുമാറ്റ വൈവിധ്യങ്ങളിലുമെല്ലാം പൊരുത്തപ്പെട്ടും ക്ഷമിച്ചും ജീവിക്കുന്ന ഭര്‍ത്താവാണ്‌ ജനങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും ആദരണീയനായ വ്യക്തി. സ്വന്തം പെണ്ണിനോടും അന്യരുടെ പെണ്ണിനോടും മാന്യവും അവക്രവുമായ മനസ്സോടെ സംസാരിക്കുകയും പെരുമാറുകയും ചെയ്യണമെന്നര്‍ഥം.
പളുങ്കുപോലെ ദുര്‍ബലയാണ്‌ സ്‌ത്രീയെന്ന്‌ പ്രവാചകതിരുമേനി താക്കീതു ചെയ്‌തിട്ടുമുണ്ടല്ലോ.

ഒരിക്കല്‍ തിരുമേനി(സ) സ്‌നേഹപൂര്‍വം നീട്ടിയ ഭക്ഷണം, പത്‌നി ആഇശ(റ) തട്ടിക്കളഞ്ഞു. റസൂല്‍ നിര്‍വികാരനായി അതെല്ലാം പെറുക്കിയെടുത്തു. പൊട്ടിച്ചിതറിയ ഭക്ഷണത്തളിക അക്ഷോഭ്യനായി വാരിയെടുക്കുന്ന റസൂലിനെ കണ്ടപ്പോള്‍ ആഇശയുടെ മനം മാറി. എത്ര മനശ്ശാസ്‌ത്രപരമായാണ്‌ തിരുമേനി ആ സന്ദര്‍ഭത്തെ നിയന്ത്രിച്ചതെന്നു നോക്കൂ! ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്‌ത്രീകളോട്‌ എങ്ങനെയാണ്‌ പെരുമാറേണ്ടതെന്ന്‌ നമ്മെ പഠിപ്പിക്കുകകൂടിയായിരുന്നു അദ്ദേഹം.

ശരീരത്തിന്റെ ഭാവമാറ്റങ്ങള്‍ക്കനുസരിച്ച്‌ സ്വഭാവത്തിലും സ്‌ത്രീകളില്‍ മാറ്റങ്ങളുണ്ടാകുമെന്ന്‌ മനശ്ശാസ്‌ത്രജ്ഞന്മാര്‍ പറയുന്നു. ആ സന്ദര്‍ഭത്തില്‍ തന്നെ അവര്‍ക്ക്‌ രുചിഭേദങ്ങളും സ്വാഭാവികമാണ്‌. ഇതെല്ലാം തിരിച്ചറിയാന്‍ ഒരു ഭര്‍ത്താവിനു സാധിക്കണം.

ഒരു സ്‌ത്രീ അന്യനായ പുരുഷനെക്കുറിച്ച്‌ `വിശ്വസ്‌തന്‍' എന്ന്‌ പറയുന്ന സന്ദര്‍ഭങ്ങള്‍ നമ്മുടെ കാലത്ത്‌ വളരെ കുറഞ്ഞുവരികയല്ലേ? നോക്കുകൊണ്ടും വാക്കുകൊണ്ടും സ്‌ത്രീകളെ പ്രയാസപ്പെടുത്തുവാനും അവള്‍ക്ക്‌ സ്വസ്ഥമായൊന്ന്‌ നടന്നുപോകാനുള്ള അവസ്ഥ നല്‌കാതിരിക്കുകയുമല്ലേ മിക്ക പുരുഷന്മാരും. സ്‌ത്രീയുടെ വ്യക്തിത്വത്തെ ആദരിക്കാതിരിക്കുന്നവരും അവളെ കേവലമൊരു `ചരക്ക്‌' ആയി കാണുന്നവരുമാണ്‌ കൂടുതല്‍പേരും.

സ്‌ത്രീയോടുള്ള പെരുമാറ്റം ഒരാളുടെ വ്യക്തിത്വത്തെ അളക്കാനുള്ള ഏറ്റവും നല്ല ഉപാധിയാണ്‌. പുരുഷന്റെ സുഗമമായ ജീവിതത്തിന്‌ അനിവാര്യമായും കൂട്ടായിരിക്കേണ്ട സ്‌ത്രീസമൂഹത്തോട്‌, അതിനാല്‍തന്നെ അലിവും ആര്‍ദ്രതയും ആദരവും പുലര്‍ത്തുന്ന രീതിയിലായിരിക്കണം അവന്റെ സമീപനങ്ങള്‍.

0 comments:

 

തർബിയ

അശുദ്ധിയില്ലാത്ത മനസ്സും അഴകുള്ള ജീവിതവും കൈവരുമ്പോൾ മാത്രമേ ഒരാളുടെ ഇസ്‌ലാമിക വ്യക്തിത്വം അർഥപൂർണമാവൂ. വിശുദ്ധ ഖുർ‌ആനും തിരുനബി(സ)യുടെ സാരോപദേശങ്ങളും ഈ വഴിക്കാണ് നമ്മെ നയിക്കുന്നത്. വ്യക്തി എന്ന നിലയിലും കുടുംബ-സാമൂഹിക മേഖലകളിലെ അംഗമെന്ന നിലയിലും പാലിക്കേണ്ട നിർദേശ തത്വങ്ങളുടെ സംഗ്രഹമാണ് ഇസ്‌ലാം. ആദർശ നിഷ്‌ഠയും ആത്മശുദ്ധിയുമുള്ള ഒരു സമൂഹത്തെയാണ് ഇസ്‌ലാം വളർത്തിയെടുക്കുന്നത്. നിലവിലുള്ളതിൽ നിന്ന് കൂടുതൽ മികച്ച മറ്റൊരവസ്ഥയിലേക്ക് എത്തിക്കുക എന്ന പ്രക്രിയയാണ് അത്. പ്രവാചക തിരുമേനി(സ)യുടെ നിയോഗ ലക്ഷ്യമായ ‘തസ്‌കിയത്തി’ന് ഇങ്ങനെയൊരർഥം കൂടിയുണ്ട്. ഇസ്‌ലാമിക പ്രമാണങ്ങളെയും ചരിത്ര പാഠങ്ങളെയും മുൻ‌നിർത്തി ആത്മശുദ്ധീകരണപ്രധാനമായ ആലോചനകളാണ് ഈ ബ്ലോഗിലുള്ള കുറിപ്പുകൾ.

ഇസ്‌ലാം
ജീവിത ശുദ്ധീകരണത്തിന്റെ പുതുമഴയാണ്.
വ്യക്തിത്വത്തിന് ചന്തമുള്ള വഴിയാണ്.
വിശ്വാസിയെ അത് ശാന്തനും പോരാളിയുമാക്കുന്നു.
ഉള്ളും പുറവും സ്‌ഫടിക സുന്ദരമാക്കുന്നു.
സദ്‌ഗുണങ്ങളിലൂടെ സംസ്കാര സമ്പന്നമാക്കുന്നു.

സ്വസ്ഥമായിരുന്ന് സ്വന്തത്തെക്കുറിച്ചാലോചിക്കാൻ ഇതാ അല്പം ചിന്തകൾ.....

Usage Policies