this site the web

ആ വിയര്‍പ്പിനെ മറക്കരുത്‌

അബ്ദുൽ വദൂദ്


നിങ്ങള്‍ ഓട്ടമത്സരം ശ്രദ്ധിച്ചിട്ടുണ്ടോ? ഒരു കാല്‍ പിന്നോട്ടും മറുകാല്‍ മുന്നോട്ടും വെച്ചായിരിക്കും ഓട്ടം തുടങ്ങാനായി നില്‌ക്കുന്നത്‌. പിന്നില്‍ വെച്ച കാല്‍ എത്രത്തോളം പിറകില്‍ നിന്ന്‌ ശക്തി സംഭരിക്കുന്നുണ്ടോ അത്രയും വേഗത്തില്‍ ഓട്ടം തുടങ്ങാന്‍ സാധിക്കും. ശക്തമായ കുതിപ്പിന്റെ ഊര്‍ജം സംഭരിക്കുന്നത്‌ അങ്ങനെയാണ്‌. പിറകില്‍ നിന്നുള്ള ശക്തി എന്നാല്‍ ചരിത്രത്തില്‍ നിന്നുള്ള ശക്തി എന്നാണ്‌. വ്യക്തിയുടെയും സമൂഹത്തിന്റെയും മുന്നേറ്റത്തിന്‌ ചരിത്രത്തിന്റെ പാഠവും മാതൃകയും കൂടാതെ വയ്യ.

പ്രസ്ഥാനം ഒരു പ്രവാഹമാണ്‌. ആരൊക്കെയോ ആരംഭിച്ച്‌, എത്രയോ പേര്‍ നേതൃത്വം നല്‌കി, അതിലുമെത്രയോ പേര്‍ പ്രവര്‍ത്തിച്ച്‌ നീങ്ങിക്കൊണ്ടേയിരിക്കുന്ന ഒരു പ്രവാഹം. ഇനിയുമെത്രയോ ആളുകള്‍ വരുവാനുമുണ്ട്‌. മുന്‍ഗാമികള്‍ കല്ലും മുള്ളും നീക്കിത്തെളിച്ച പാതയിലൂടെയാണ്‌ പിന്‍ഗാമികള്‍ സഞ്ചരിക്കുന്നത്‌. കാടും കൂരിരുട്ടും നിറഞ്ഞ വഴികളെ അതികഠിനമായ സാഹസങ്ങളിലൂടെ വെളിച്ചമുള്ളതാക്കി കടന്നുപോയ ആ മഹാശയരെ ഓര്‍ക്കാതെയും പിന്‍പറ്റാതെയും മുന്നോട്ടുപോവുന്ന പിന്‍തലമുറകള്‍ക്കൊന്നും വിജയം വരിക്കാനാവില്ല. ഭൂതകാലത്തിന്റെ വളക്കൂറുള്ള മണ്ണില്‍ നിന്ന്‌ സ്ഥൈര്യവും ശക്തിയും തേടുന്നവര്‍ക്ക്‌ മുന്നോട്ടുള്ള വഴികള്‍ സുഗമമായിത്തീരും.

`പ്രസ്ഥാനം' എന്നതിന്‌ അറബിയില്‍ `ഹര്‍കത്ത്‌' എന്നും ഇംഗ്ലീഷില്‍ `മൂവ്‌മെന്റ്‌' എന്നുമാണല്ലോ പറയുക. ഈ രണ്ടു പദങ്ങളും `ഒഴുക്ക്‌' എന്ന അര്‍ഥം കൂടി നല്‌കുന്നുണ്ട്‌. അഥവാ പ്രസ്ഥാനം ഒരു ഒഴുക്കാണ്‌. ഒഴുക്കുകളെല്ലാം ചെന്നുചേരുന്നത്‌ സമുദ്രത്തിലേക്ക്‌. സമുദ്രത്തില്‍ ചെന്നു ചേരുന്നതിനുമുമ്പായി ഏതൊരു പ്രവാഹവും എത്രയോ പ്രതിബന്ധങ്ങളെ അഭിമുഖീകരിക്കുന്നുണ്ട്‌. മുള്ളും ചെളിയും കരിമ്പാറകളും നിറഞ്ഞ എത്രയോ കാട്ടുവഴികളിലൂടെ സഞ്ചരിക്കേണ്ടിവരും. എല്ലാ പരീക്ഷണങ്ങള്‍ക്കുമൊടുവിലാണ്‌ സമുദ്രമെന്ന ലക്ഷ്യത്തിലേക്ക്‌ അത്‌ എത്തിച്ചേരുന്നത്‌. പ്രസ്ഥാനവും അങ്ങനെതന്നെയാണ്‌. ഒട്ടും പ്രതീക്ഷിക്കാത്ത പലതും അതില്‍ സംഭവിച്ചെന്നുവരാം. ഒരിക്കലും നടക്കാന്‍ പാടില്ലാത്തത്‌ നടന്നുവെന്നും വരാം. കാലത്തിന്റെ കറുത്ത വഴികളിലൂടെയും ഇരുള്‍ മൂടിയ കാട്ടുപാതകളിലൂടെയും അതിനു സഞ്ചരിക്കേണ്ടിവരാം. പക്ഷേ അതിന്റെയൊന്നും മുന്നില്‍ പ്രസ്ഥാനം തളരരുത്‌. പതര്‍ച്ചയില്ലാതെ മുന്നോട്ടുപോകാന്‍ സാധിക്കണമെങ്കില്‍ ചങ്കുറപ്പും ഭക്തിയും തവക്കുലുമുള്ള നേതൃനിര വേണം. അങ്ങനെയുള്ളവരുടെ കൈകളിലുള്ള പ്രസ്ഥാനം അവിചാരിതമായ എല്ലാ പരീക്ഷണങ്ങളെയും തട്ടിമാറ്റി മുന്നോട്ടുനീങ്ങും. മറിച്ചാണെങ്കിലോ? പരീക്ഷണങ്ങളില്‍ തല്ലി വീഴും.

ഇടര്‍ച്ചയില്ലാത്ത കാല്‍വെപ്പുകള്‍ക്കും തളര്‍ച്ചയില്ലാത്ത മുന്നേറ്റങ്ങള്‍ക്കും മുന്‍ഗാമികളില്‍ നിന്നുള്ള ഊര്‍ജം അനിവാര്യമാണ്‌. പ്രസ്ഥാനത്തിന്റെ വഴിയില്‍ കടന്നുപോയ ഓരോ നേതാവിന്റെയും പ്രവര്‍ത്തകന്റെയും ചോരയും വിയര്‍പ്പും കണ്ണീരും ഗദ്‌ഗദങ്ങളുമാണ്‌ നമ്മൂടെ ഈടുവെയ്‌പ്‌. നമ്മുടെ കുതിപ്പിനുപിന്നില്‍ അവരുടെ കിതപ്പുകളുണ്ട്‌. നമ്മുടെ സുഖങ്ങള്‍ക്ക്‌ പിന്നില്‍ അവരുടെ തീരാത്ത ദുഖങ്ങളുണ്ട്‌. നിലയ്‌ക്കാത്ത ബാഷ്‌പങ്ങളുണ്ട്‌.

തൗഹീദിന്റെ മഹിതമന്ത്രം പ്രചരിപ്പിച്ചുവെന്ന ഒരൊറ്റ കാരണത്താല്‍ നാട്ടുഭരണാധികാരികളുടെയും ജനങ്ങളുടെയും കല്ലേറും കൂക്കുവിളിയും ഏല്‍ക്കേണ്ടിവന്നവരായിരുന്നു നമ്മുടെ മുന്‍ഗാമികള്‍. ആളുകളുടെ കല്ലേറു ഭയന്ന്‌ തിരൂരങ്ങാടി ദേശത്തിലൂടെ മുഖം മറച്ചുമാത്രം നടന്നിരുന്ന തയ്യില്‍ മുഹമ്മദ്‌ കുട്ടി മുസ്‌ല്യാരെന്ന കെ എം മൗലവിയും തൗഹീദ്‌ പ്രസംഗിച്ചതിന്റെ പേരില്‍ കണ്ണൂരില്‍ നിന്ന്‌ കല്ലേറുകിട്ടിയ മഖ്‌ദി തങ്ങളും ചോരകലര്‍ന്ന കുപ്പായവുമായി പ്രഭാഷണ സ്ഥലത്തുനിന്ന്‌ മടങ്ങിവന്ന സെയ്‌ദ്‌ മൗലവിയും പടുത്തുയര്‍ത്തിയ, ഇളക്കമില്ലാത്ത ഒരു ചരിത്രമുണ്ട്‌. ആ ചരിത്രത്തിന്റെ വീറും വാശിയും ആവാഹിക്കുന്നവര്‍ക്കേ ഹൃദയസാന്നിധ്യമുള്ള കാല്‍പ്പാടുകളുണ്ടാവൂ. പൂര്‍വികരെക്കുറിച്ചുള്ള ഓര്‍മകളും ഇരുളടഞ്ഞ വഴികളില്‍ അവര്‍ വിതറിയ വെളിച്ചവുമാകണം നമ്മുടെ മുന്നിലെ നിലാവും വഴിവിളക്കും. അവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ഥനകളും കൂടെ വേണം. മുമ്പേ നടന്നവര്‍ പോയ വഴികളെ തിരിച്ചറിയാത്ത പുതിയ തലമുറ വേഗത്തില്‍ ക്ഷീണിക്കും.

കാലത്തോടും ലോകത്തോടുമൊപ്പം എത്താന്‍ പുതിയ തലമുറയ്‌ക്ക്‌ ഇന്നെളുപ്പമാണ്‌. സൗകര്യങ്ങള്‍ എമ്പാടുമുണ്ട്‌. എന്തും ക്ഷിപ്രസാധ്യമാണ്‌. മുന്‍ഗാമികള്‍ക്ക്‌ എല്ലാം പ്രയാസകരമായിരുന്നു. അധ്വാനങ്ങള്‍ ഏറെയായിരുന്നു. ജീവിക്കാന്‍ തന്നെ ഒത്തിരി പ്രയാസങ്ങള്‍. നാട്ടിലെങ്ങും ക്ഷാമവും രോഗങ്ങളും. അന്യദേശങ്ങളിലേക്ക്‌ എത്തിച്ചേരാന്‍ ദിവസങ്ങള്‍ നീണ്ട നടത്തം. കൂടിച്ചേരാന്‍, വിശ്രമിക്കാന്‍ പള്ളികളോ കേന്ദ്രങ്ങളോ ഇല്ല. എല്ലാം പ്രതികൂലം!

എന്നിട്ടും നമുക്ക്‌ ചിന്തിക്കാന്‍ പോലും സാധിക്കാത്ത വിധത്തിലാണ്‌ അവരുടെ മുന്നേറ്റമുണ്ടായത്‌. ലഭ്യമായ ഭൗതിക സാഹചര്യങ്ങള്‍ വെച്ച്‌ അവര്‍ ആദര്‍ശം പ്രചരിപ്പിച്ചു. കാതില്‍ നിന്ന്‌ കാതിലേക്ക്‌ പറിച്ചുനട്ടു. ഒരു വലിയ നവോത്ഥാനത്തിന്റെ തുടക്കക്കാരായി. അല്ലാഹുവിന്റെ പരീക്ഷണങ്ങളില്‍ പതറാതെ അവന്റെ സന്ദേശം പ്രചരിപ്പിച്ചു. സുഖസുഷുപ്‌തിയുടെ ചില്ലുകൂടാരങ്ങളിലിരുന്ന്‌ പുതിയ പാതകള്‍ക്ക്‌ തുടക്കമിടുമ്പോള്‍, അന്നു പൊടിഞ്ഞുതീര്‍ന്ന ആ വിയര്‍പ്പുകണങ്ങളെ നാം വിസ്‌മരിക്കരുത്‌. അല്ലാഹു അവന്റെ വാഗ്‌ദാനം പാലിക്കുക തന്നെ ചെയ്യും.

``എല്ലാവരെക്കാളും ആദ്യം ക്ഷണത്തിന്‌ ഉത്തരം നല്‌കുന്നതില്‍ മുന്നേറിയ ആ മുഹാജിറുകളും അന്‍സ്വാറുകളും അതുപോലെ അവര്‍ക്കുശേഷം സദ്‌വൃത്തരായി അവരെ അനുഗമിച്ചവരും. അല്ലാഹു അവരില്‍ സംതൃപ്‌തനായിരിക്കുന്നു. അവര്‍ അവനിലും സംതൃപ്‌തരായിരിക്കുന്നു. അല്ലാഹു അവര്‍ക്കുവേണ്ടി താഴ്‌ഭാഗങ്ങളിലൂടെ അരുവികളൊഴുകുന്ന ആരാമങ്ങള്‍ ഒരുക്കിവെച്ചിട്ടുണ്ട്‌. അവരതില്‍ നിത്യവാസികളായിരിക്കും. ഇതു തന്നെയാകുന്നു മഹത്തായ വിജയം.'' (സൂറതുത്തൗബ 100)

മുന്‍ഗാമികളെക്കുറിച്ച്‌ നല്ല വിചാരങ്ങള്‍ മാത്രം നിലനിര്‍ത്താന്‍ നമുക്ക്‌ സാധിക്കണം. അവരുടെ പ്രവര്‍ത്തനങ്ങളെ വിലമതിക്കുകയും ആ സേവനങ്ങളെ പ്രകീര്‍ത്തിക്കുകയും അവര്‍ക്കായി പടച്ചവനോട്‌ പ്രാര്‍ഥിക്കുകയും വേണം. കാരണം അവര്‍ക്കായി നമുക്ക്‌ ഇനി ചെയ്യാന്‍ സാധിക്കുന്നത്‌ അതുമാത്രമാണ്‌.

പ്രസ്ഥാനമാര്‍ഗത്തില്‍ തുടക്കത്തിലേ വന്നുചേരുകയും ഇതു കെട്ടിപ്പടുക്കുകയും ചെയ്‌തവരെയും അവരുടെ സേവനങ്ങളെയും നിസ്സാരവത്‌കരിക്കുകയോ നിര്‍ദാക്ഷിണ്യം വിമര്‍ശിക്കുകയോ ചെയ്യുന്നത്‌ ഒട്ടും അഭിലഷണീയമല്ല.

അവര്‍ക്കെല്ലാം വേണ്ടി ഇങ്ങനെ പ്രാര്‍ഥിക്കാനാണ്‌ അല്ലാഹുവിന്റെ കല്‌പന: അവരുടെ ശേഷം വന്നവര്‍ക്കും അവര്‍ പ്രാര്‍ഥിക്കുന്നു: നാഥാ ഞങ്ങള്‍ക്കും ഞങ്ങള്‍ക്കുമുമ്പേ വിശ്വാസികളായിത്തീര്‍ന്ന ഞങ്ങളുടെ സഹോദരങ്ങള്‍ക്കും നീ പൊറുത്തുതരേണമേ. ഞങ്ങളുടെ ഹൃദയങ്ങളില്‍ വിശ്വാസികളോട്‌ വിദ്വേഷമുണ്ടാക്കരുതേ. ഞങ്ങളുടെ നാഥാ, നീ കഴിവുള്ളവനും അളവറ്റ ദയാലുവുമല്ലേ.'' (സൂറതുല്‍ഹശ്‌ര്‍ 10)

ഭൂതകാലത്തിന്റെ വിയര്‍പ്പുനൂലുകള്‍ കൊണ്ട്‌ ഭാവികാലത്തിന്റെ പാത നെയ്യുന്നവര്‍ക്ക്‌ മംഗളം!

0 comments:

 

തർബിയ

അശുദ്ധിയില്ലാത്ത മനസ്സും അഴകുള്ള ജീവിതവും കൈവരുമ്പോൾ മാത്രമേ ഒരാളുടെ ഇസ്‌ലാമിക വ്യക്തിത്വം അർഥപൂർണമാവൂ. വിശുദ്ധ ഖുർ‌ആനും തിരുനബി(സ)യുടെ സാരോപദേശങ്ങളും ഈ വഴിക്കാണ് നമ്മെ നയിക്കുന്നത്. വ്യക്തി എന്ന നിലയിലും കുടുംബ-സാമൂഹിക മേഖലകളിലെ അംഗമെന്ന നിലയിലും പാലിക്കേണ്ട നിർദേശ തത്വങ്ങളുടെ സംഗ്രഹമാണ് ഇസ്‌ലാം. ആദർശ നിഷ്‌ഠയും ആത്മശുദ്ധിയുമുള്ള ഒരു സമൂഹത്തെയാണ് ഇസ്‌ലാം വളർത്തിയെടുക്കുന്നത്. നിലവിലുള്ളതിൽ നിന്ന് കൂടുതൽ മികച്ച മറ്റൊരവസ്ഥയിലേക്ക് എത്തിക്കുക എന്ന പ്രക്രിയയാണ് അത്. പ്രവാചക തിരുമേനി(സ)യുടെ നിയോഗ ലക്ഷ്യമായ ‘തസ്‌കിയത്തി’ന് ഇങ്ങനെയൊരർഥം കൂടിയുണ്ട്. ഇസ്‌ലാമിക പ്രമാണങ്ങളെയും ചരിത്ര പാഠങ്ങളെയും മുൻ‌നിർത്തി ആത്മശുദ്ധീകരണപ്രധാനമായ ആലോചനകളാണ് ഈ ബ്ലോഗിലുള്ള കുറിപ്പുകൾ.

ഇസ്‌ലാം
ജീവിത ശുദ്ധീകരണത്തിന്റെ പുതുമഴയാണ്.
വ്യക്തിത്വത്തിന് ചന്തമുള്ള വഴിയാണ്.
വിശ്വാസിയെ അത് ശാന്തനും പോരാളിയുമാക്കുന്നു.
ഉള്ളും പുറവും സ്‌ഫടിക സുന്ദരമാക്കുന്നു.
സദ്‌ഗുണങ്ങളിലൂടെ സംസ്കാര സമ്പന്നമാക്കുന്നു.

സ്വസ്ഥമായിരുന്ന് സ്വന്തത്തെക്കുറിച്ചാലോചിക്കാൻ ഇതാ അല്പം ചിന്തകൾ.....

Usage Policies