this site the web

പറഞ്ഞുപഴകിയ ഒരു കഥ

അബ്ദുൽ വദൂദ്

റോമക്കാരുടെ എല്ലാ പ്രതീക്ഷകളെയും തൂത്തെറിഞ്ഞ പോരാട്ടമായിരുന്നു യര്‍മൂക്കില്‍ നടന്നത്‌. ഐതിഹാസികമായ വിജയചരിത്രമാണവിടെ മുസ്‌ലിംകള്‍ രചിച്ചത്‌. പ്രതിയോഗികള്‍ പടക്കളം വിട്ടോടി. രണ്ടുപക്ഷത്തു നിന്നും അനേകംപേര്‍ കൊല്ലപ്പെട്ടു.

യുദ്ധം അവസാനിച്ചിട്ടും ഹുദൈഫ അവിടെ തന്നെ ചുറ്റിക്കറങ്ങുന്നു. പെട്ടെന്ന്‌ ഒരു നേരിയ തേങ്ങല്‍ അദ്ദേഹം കേട്ടു. ശ്വാസമടങ്ങാനിരിക്കെ ഒരു തുള്ളി വെള്ളത്തിനായുള്ള പിടയല്‍. തിരിഞ്ഞുനോക്കിയപ്പോള്‍ ഹാരിസുബ്‌നു ഹിശാമായിരുന്നു. ഉടനെ തോല്‍പ്പാത്രത്തില്‍ അല്‌പം വെള്ളവുമായി ഹാരിസിന്റെ അരികിലെത്തി. ആര്‍ത്തിയോടെ വെള്ളം ചുണ്ടോട്‌ അടുപ്പിച്ചതേയുള്ളൂ; തൊട്ടപ്പുറത്തുനിന്നും വെള്ളത്തിനായുള്ള നിലവിളി. തുറന്നവായ അടച്ചുകൊണ്ട്‌ അദ്ദേഹം അത്‌ മറ്റേയാള്‍ക്ക്‌ കൊടുക്കാന്‍ ആഗ്യം കാണിച്ചു. ഹുദൈഫ വെള്ളവുമായി തിരിച്ച്‌ ശബ്‌ദം കേട്ട സ്ഥലത്തേക്ക്‌ ചെന്നു. ഇക്‌രിമത്ത്‌ബ്‌നു അബീജഹലായിരുന്നു അത്‌. ഹുദൈഫ വെള്ളം അദ്ദേഹത്തിനുനീട്ടി. ഇക്‌രിമ അതു കുടിക്കാന്‍ ശ്രമിച്ചപ്പോഴേക്കും അല്‌പം അകലെ നിന്ന്‌ വെള്ളം ആവശ്യപ്പെട്ടുകൊണ്ടുള്ള വിലാപം! അതോടെ അദ്ദേഹവും നാവു നനയ്‌ക്കാതെ ആ വെള്ളം മറ്റേയാള്‍ക്കായി നീക്കിവെച്ചു. അയ്യാശുബ്‌നു അബീ റബീഅ ആയിരുന്നു അത്‌. ഹുദൈഫ അടുത്തെത്തിയപ്പോഴേക്കും അദ്ദേഹം അന്ത്യശ്വാസം വലിച്ചുകഴിഞ്ഞിരുന്നു. വെള്ളവുമായി ഹാരിസിന്റെ അടുത്തുചെന്ന ഹുദൈഫക്ക്‌ കാണാന്‍ കഴിഞ്ഞത്‌ നിശ്ചലമായ മൃതദേഹമായിരുന്നു. അദ്ദേഹം അതിവേഗം ഇക്‌രിമയുടെ അടുത്തെത്തിയെങ്കിലും അദ്ദേഹവും കണ്ണടച്ചുകഴിഞ്ഞിരുന്നു. അങ്ങനെ ആ മൂന്ന്‌ സത്യവിശ്വാസികളും ദാഹം തീര്‍ക്കാനാവാതെ പരലോകം പ്രാപിച്ചു. അവസാനമായി ഒന്നു തൊണ്ട നനയ്‌ക്കാനുള്ള മോഹം അവരിലാര്‍ക്കും പൂര്‍ത്തീകരിക്കാനായില്ല. എങ്കിലും അവര്‍ സര്‍വലോക നാഥന്റെ സന്നിധിയിലേക്ക്‌ മടങ്ങിയത്‌ തികഞ്ഞ ആത്മസംതൃപ്‌തിയോടെയായിരിക്കും. കാരണം അവസാനശ്വാസത്തിന്റെ കിതപ്പിലും വിശ്വാസിയായ സഹോദരനെ പരിഗണിക്കാനും സഹായിക്കാനുമായല്ലോ.

എണ്ണമറ്റ സ്റ്റേജുകളിലും പേജുകളിലും നാം ആവര്‍ത്തിച്ച്‌ കേള്‍ക്കുകയും ആവേശം കൊള്ളുകയും ചെയ്‌തതാണീ കഥ. മഹാനുഭാവന്മാരായ സ്വഹാബീ മഹത്തുക്കളുടെ ഉജ്വലമായ സാഹോദര്യബന്ധത്തിന്റെയും സ്‌നേഹോഷ്‌മളതയുടെയും ഐക്യബോധത്തിന്റെയും കരുത്ത്‌ തെളിയിക്കാന്‍ ഇതിലേറെ നല്ലൊരു കഥ വേറെ തേടിപ്പോകേണ്ടതില്ല.

ജാഹിലിയ്യത്തിന്റെ വര്‍ഗവൈര്യങ്ങളെ വലിച്ചെറിഞ്ഞ്‌ ഇസ്‌ലാമിന്റെ ശീതളമായ തണലില്‍ ഒരേ മെയ്യും മനസ്സുമായി പടവെട്ടി, ധീര രക്തസാക്ഷികളായ അനേകം സ്വഹാബികളുടെ ചരിത്രം നമുക്ക്‌ കാണാപാഠമാണ്‌. ഒരു തുള്ളി കള്ളിനും ഒരു പെണ്ണിനുമൊക്കെ വേണ്ടി തലമുറകളോളം നീണ്ട പക കാത്തുവെച്ചിരുന്ന ഒരു സമൂഹം. നീതിയും നിയമവും എത്തിനോക്കിയിട്ടില്ലാത്ത കാട്ടറബിക്കൂട്ടം. ഗോത്രമനസ്സുകള്‍ക്കിടയില്‍ ഉയര്‍ന്ന മതിലുകെട്ടിയിരുന്ന ആറാം നൂറ്റാണ്ടിലെ അറബികള്‍. അഭിമാനബോധത്തിന്റെ പേരില്‍ അരുമയായ പെണ്‍കുഞ്ഞിനെ കൊല്ലാതെ കുഴിച്ചുമൂടിയിരുന്നവര്‍.... അവരാണ്‌ ചരിത്രം തിരുത്തിയത്‌. ലോകചരിത്രത്തില്‍ ഇന്നോളം കണ്ടിട്ടില്ലാത്തത്ര കെട്ടുറപ്പുള്ള ഐക്യബോധത്തിന്റെ ഉദാത്ത മാതൃകകളായിത്തീര്‍ന്നത്‌ അവരായിരുന്നു. ഒരു സോഷ്യലിസ്റ്റ്‌ വിപ്ലവത്തിനും സാധിച്ചെടുക്കാനാവാത്ത ഈ സ്‌നേഹബന്ധമായിരുന്നു ആ മുസ്‌ലിംകളുടെ വാളും പരിചയും. വിശുദ്ധഖുര്‍ആന്‍ കൊണ്ട്‌ നബിതിരുമേനി (സ) സൃഷ്‌ടിച്ച വിപ്ലവം. സുകുമാര്‍ കക്കാട്‌ പാടി:

``തമ്മിലിടഞ്ഞും അഹങ്കരിച്ചും-കരള്‍
കൊത്തിപ്പറിച്ചും നടന്നൊരാ
ഗോത്രക്കുറുമ്പിനെ
കാട്ടു ക്രൗര്യങ്ങളെ
സാന്ത്വനസംഗീതമായ്‌ മാറ്റിയ
സംഘാടകാ....''

ശത്രുക്കളുടെ വെട്ടും കുത്തുമേറ്റ്‌, ചോര വാര്‍ന്ന്‌, വിണ്ടുകീറുന്ന വെയില്‍ ചൂടില്‍, ഒട്ടിയ വയറും വറ്റിയ ചുണ്ടുമായി ഒരിറ്റു ശ്വാസത്തിന്നായി പൊരുതുമ്പോഴും തൊണ്ടയിലേക്കുറ്റാന്‍ തുടങ്ങിയ ജീവജലം കരളിന്റെ കഷ്‌ണമായ മറ്റൊരു വിശ്വാസിക്കു നീട്ടുവാനൊരുങ്ങിയ ആ മനസ്സുണ്ടല്ലോ, അതിനുപകരം വെക്കാന്‍ മറ്റെന്താണുള്ളത്‌?

ഇതാണ്‌ മുന്‍കാല വിശ്വാസികളുടെ ചരിത്രം. ഈമാന്‍ കൊണ്ട്‌ കോര്‍ത്തിണങ്ങിയ ആ മനസ്സുകളില്‍ പകയുടെയോ വൈരാഗ്യത്തിന്റെയോ തെറ്റിദ്ധാരണകളുടെയോ ചോര തുപ്പുന്ന വ്രണങ്ങള്‍ ഉണ്ടായിരുന്നില്ല. `വിശ്വാസികള്‍' എന്ന വലിയ കുപ്പായത്തിനുള്ളില്‍ ചുരുണ്ട്‌ കൂടുന്ന നമ്മള്‍ ഇനിയൊന്ന്‌ ആലോചിച്ചുനോക്കൂ, അവരും നമ്മളും തമ്മിലുള്ള വ്യത്യാസത്തിന്റെ വ്യാപ്‌തി!

കള്ളുകുടി നിര്‍ത്താനാവാതെ റസൂലിന്റെ സദസ്സിലേക്ക്‌ വന്നിരുന്ന ഒരു സ്വഹാബിയെ ചീത്ത വിളിച്ച മറ്റൊരു സ്വഹാബിയോട്‌ റസൂല്‍ തിരുമേനി കോപിച്ചു. വിശ്വാസികള്‍ക്കിടയില്‍ അനൈക്യമുണ്ടായിക്കൂടാ. അവര്‍ പരസ്‌പരം വെറുപ്പ്‌ വെച്ചുപുലര്‍ത്തുന്നവരായിക്കൂടാ. തൊട്ടുകൂടായ്‌മയും കണ്ടുകൂടായ്‌മയും അവര്‍ക്കിടയില്‍ ഉണ്ടായിക്കൂടാ. ഇതായിരുന്നു റസൂല്‍ തിരുമേനിയുടെ സമീപനം. അങ്ങനെ വളര്‍ത്തിയെടുത്ത ആ സാഹോദര്യമാണ്‌ യര്‍മൂക്ക്‌ രണാങ്കണത്തില്‍ ചുറ്റിത്തിരിഞ്ഞ ദാഹജലമായി മാറിയത്‌.

``....വിശ്വാസികളെക്കുറിച്ച്‌ ഞങ്ങളുടെ മനസ്സില്‍ മോശമായ ഒരു ചിന്തയും നീ ഉണ്ടാക്കരുതേ'' എന്ന്‌ പ്രാര്‍ഥിക്കാന്‍ നമ്മോട്‌ കല്‌പിക്കുന്നത്‌ അല്ലാഹുവാണ്‌. ഒന്നോര്‍ത്തുനോക്കൂ, ഈമാന്‍ ഉള്‍ക്കൊണ്ട ഒരാളെക്കുറിച്ച്‌ അരുതാത്ത ചിന്തകളോ ധാരണകളോ വെച്ചുപുലര്‍ത്തുന്നത്‌ എത്രമാത്രം വലിയ തെറ്റിലേക്കാണ്‌ നമ്മെ നയിക്കുക! ഒരു മുഅ്‌മിനിനെക്കുറിച്ച്‌ പറയുമ്പോഴും അയാളെ വിലയിരുത്തുമ്പോഴും അയാളുമായി ഇടപഴുകുമ്പോഴും ഈ സൂക്ഷ്‌മത നാം പുലര്‍ത്താറുണ്ടോ? `വിശ്വാസി' എന്ന ഗണത്തില്‍പെടുന്ന എല്ലാവരും ഇതില്‍ ഉള്‍പ്പെടുമെന്ന്‌ നാം ഓര്‍ക്കണം.

ഒന്നിച്ചുപ്രവര്‍ത്തിച്ചിരുന്നവര്‍ തെറ്റിപ്പിരിയുമ്പോള്‍ പിന്നെ എല്ലാം വിസ്‌മരിക്കുന്നു. എതിരാളിയുടെ എല്ലാ നന്മകളും മറച്ചുവെച്ച്‌ തിന്മയുടെ പുതിയ ഏടുകള്‍ തുറക്കുന്നു. തമ്മില്‍ കാണുമ്പോള്‍ `സലാം' ചൊല്ലാന്‍ മടിക്കുന്നു. ചൊല്ലുന്നുണ്ടെങ്കില്‍ തന്നെ ആത്മാര്‍ഥ നഷ്‌ടപ്പെടുന്നു. വിഭാഗീയതയുടെ പേരില്‍ കുടുംബങ്ങള്‍, സൗഹൃദങ്ങള്‍, അയല്‍പക്കങ്ങള്‍, മഹല്ലുകള്‍ എല്ലാം ചിന്നിച്ചിതറുന്നു. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഒന്നിച്ചു പിടിച്ച കൈകള്‍ ഇതോടെ പരസ്‌പരം ചൂണ്ടാനുള്ള ആയുധങ്ങളാകുന്നു. എതിര്‍വിഭാഗത്തിലുള്ള നേതാക്കളുടെയും പ്രവര്‍ത്തകരുടെയും മുന്‍കാല നന്മകളെല്ലാം നിഷ്‌കരുണം വിസ്‌മരിക്കുന്നു. അവര്‍ ദീനിനും പ്രസ്ഥാനത്തിനും ചെയ്‌ത സേവനങ്ങളെയെല്ലാം ചെറുതായിക്കാണുന്നു.

ഇസ്‌ലാമിന്റെ പേരില്‍ ഒന്നിച്ചവര്‍ക്ക്‌ ഇസ്‌ലാമിന്റെ പേരില്‍ ഭിന്നിക്കുവാനാകുമോ? ആവില്ല. പക്ഷേ അവരുടെ മനസ്സുകള്‍ക്കിടയില്‍ പിശാചിന്റെ മൂന്നാം കക്ഷി പ്രവര്‍ത്തിക്കും. ഒട്ടിച്ചേര്‍ന്ന അവരുടെ ഹൃത്തടങ്ങളെ തമ്മില്‍ പിണക്കും. അവര്‍ക്കിടയില്‍ നിന്നുതന്നെയുള്ള ഇത്തരം ദുര്‍മന്ത്രണങ്ങളെ കരുതിയിരുന്നില്ലെങ്കില്‍ പിണക്കവും ഭിന്നിപ്പും ഒരു തുടര്‍ക്കഥയായിരിക്കും.

എല്ലാവരും ഒന്നിച്ചുനീങ്ങുന്ന കപ്പലില്‍ വെള്ളംകയറി മുങ്ങിനശിക്കാന്‍ ഒരാളുടെ പ്രവര്‍ത്തനങ്ങള്‍ തന്നെ ധാരാളമാണല്ലോ. നബിതിരുമേനി (സ) കപ്പല്‍ യാത്രക്കാരുടെ ഉദാഹരണം (സ്വഹീഹുല്‍ബുഖാരി 3:225) വിവരിച്ചതിനുശേഷം പറഞ്ഞതിങ്ങനെയായിരുന്നു: ``അവന്റെ കൈക്ക്‌ പിടിച്ച്‌ അവര്‍ അവനെ തടഞ്ഞാല്‍ അവര്‍ക്ക്‌ അവനെ രക്ഷപ്പെടുത്താം. അവരും രക്ഷപ്പെടും. അവനെ ദ്വാരമുണ്ടാക്കാന്‍ വിട്ടാല്‍ അവര്‍ അവനെ നശിപ്പിക്കും. അവരും നശിക്കും.'' ഈ ഹദീസ്‌ ഉദ്ധരിച്ച ശേഷം നുഅ്‌മാനുബ്‌നു ബശീര്‍ (റ) പറയുന്ന ഒരു മുഖവുരയുണ്ട്‌: ``ജനങ്ങളേ, നിങ്ങള്‍ നിങ്ങളിലെ വിഡ്‌ഢികളുടെ ൈകയ്‌ക്ക്‌ പിടിക്കൂ! അല്ലെങ്കില്‍ നിങ്ങളും നശിക്കും.'' (കിതാബുസ്സുഹ്‌ദ്‌: 475)

ഒന്നോ രണ്ടോ പേരുടെ ദുഷിച്ച താല്‌പര്യങ്ങള്‍ക്കുവേണ്ടി മഹത്തായ ആദര്‍ശമൂല്യങ്ങളെ ബലികഴിക്കാന്‍ സന്നദ്ധമാവുന്ന, ചങ്കുറപ്പില്ലാത്ത നേതൃത്വങ്ങള്‍ പല ഇസ്‌ലാമിക സമൂഹങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും ദുരന്തത്തിന്റെ പെരുന്തച്ചന്മാരായ ചരിത്രം നമ്മുടെ മുന്നിലുണ്ട്‌.

വ്യക്തികള്‍ ഒന്നിച്ചു നീങ്ങുന്നിടത്തെല്ലാം ബന്ധങ്ങള്‍ക്ക്‌ വലിയ പ്രാധാന്യമുണ്ട്‌. ശക്തമായ മതില്‍കെട്ടുകളുമായി നിലനില്‌ക്കുന്ന ബന്ധങ്ങള്‍ ഉള്ളിടത്ത്‌ പോറലേല്‌ക്കാന്‍ വലിയ പ്രയാസമാണ്‌. വിശ്വാസികളുടെ കൂട്ടായ്‌മയില്‍ സ്‌നേഹത്തിനും ആത്മൈക്യത്തിനുമുള്ള പ്രാധാന്യം എത്രയോ വലുതാണ്‌. ഒരേ ലക്ഷ്യത്തിലേക്ക്‌ ഒരേ തിരുദൂതരുടെ പാതപിന്തുടര്‍ന്ന്‌ നീങ്ങുന്നവര്‍ക്ക്‌ എവിടെയാണ്‌ അന്യോന്യമുള്ള കുശുമ്പിനും കുന്നായ്‌മക്കും നേരമുണ്ടാവുക? ആരിലും നന്മയെ കാണുകയും ആ നന്മയെ അംഗീകരിക്കുകയും അതിന്റെ വഴിയെ ചരിക്കുകയുമാണ്‌ നമ്മുടെ മാര്‍ഗം. അതാണ്‌ ഉദാത്തമായ സൗഹൃദത്തിന്റെ പാത. അവസാന ശ്വാസത്തിന്നായി പിടയുമ്പോഴും ആ സൗഹൃദം തുടിച്ചുകൊണ്ടേയിരിക്കും. ഇതാണ്‌ യര്‍മൂകിന്റെ മണ്ണില്‍ സംഭവിച്ചത്‌.

0 comments:

 

തർബിയ

അശുദ്ധിയില്ലാത്ത മനസ്സും അഴകുള്ള ജീവിതവും കൈവരുമ്പോൾ മാത്രമേ ഒരാളുടെ ഇസ്‌ലാമിക വ്യക്തിത്വം അർഥപൂർണമാവൂ. വിശുദ്ധ ഖുർ‌ആനും തിരുനബി(സ)യുടെ സാരോപദേശങ്ങളും ഈ വഴിക്കാണ് നമ്മെ നയിക്കുന്നത്. വ്യക്തി എന്ന നിലയിലും കുടുംബ-സാമൂഹിക മേഖലകളിലെ അംഗമെന്ന നിലയിലും പാലിക്കേണ്ട നിർദേശ തത്വങ്ങളുടെ സംഗ്രഹമാണ് ഇസ്‌ലാം. ആദർശ നിഷ്‌ഠയും ആത്മശുദ്ധിയുമുള്ള ഒരു സമൂഹത്തെയാണ് ഇസ്‌ലാം വളർത്തിയെടുക്കുന്നത്. നിലവിലുള്ളതിൽ നിന്ന് കൂടുതൽ മികച്ച മറ്റൊരവസ്ഥയിലേക്ക് എത്തിക്കുക എന്ന പ്രക്രിയയാണ് അത്. പ്രവാചക തിരുമേനി(സ)യുടെ നിയോഗ ലക്ഷ്യമായ ‘തസ്‌കിയത്തി’ന് ഇങ്ങനെയൊരർഥം കൂടിയുണ്ട്. ഇസ്‌ലാമിക പ്രമാണങ്ങളെയും ചരിത്ര പാഠങ്ങളെയും മുൻ‌നിർത്തി ആത്മശുദ്ധീകരണപ്രധാനമായ ആലോചനകളാണ് ഈ ബ്ലോഗിലുള്ള കുറിപ്പുകൾ.

ഇസ്‌ലാം
ജീവിത ശുദ്ധീകരണത്തിന്റെ പുതുമഴയാണ്.
വ്യക്തിത്വത്തിന് ചന്തമുള്ള വഴിയാണ്.
വിശ്വാസിയെ അത് ശാന്തനും പോരാളിയുമാക്കുന്നു.
ഉള്ളും പുറവും സ്‌ഫടിക സുന്ദരമാക്കുന്നു.
സദ്‌ഗുണങ്ങളിലൂടെ സംസ്കാര സമ്പന്നമാക്കുന്നു.

സ്വസ്ഥമായിരുന്ന് സ്വന്തത്തെക്കുറിച്ചാലോചിക്കാൻ ഇതാ അല്പം ചിന്തകൾ.....

Usage Policies