this site the web

തൗബയുടെ തെളിനീരുറവയില്‍ മുങ്ങി...

പി മുഹമ്മദ്‌ കുട്ടശ്ശേരി 

റോമായുദ്ധം നടക്കുമ്പോഴുണ്ടായ ഒരു സംഭവം ചരിത്രകാരന്മാര്‍ വളരെ ആശ്ചര്യത്തോടെ റിപ്പോര്‍ട്ട്‌ ചെയ്യുന്നുണ്ട്‌. യുദ്ധത്തിന്നിടയില്‍ ശത്രുക്കള്‍ ഒരു മുസ്‌ലിം ഭടനെ പിടിച്ചു ബന്ദിയാക്കി. അയാളില്‍നിന്ന്‌ സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തിയെടുക്കാമെന്ന്‌ കണക്കുകൂട്ടി. രാത്രി അയാളുടെ കൂടെ സുന്ദരിയായ ഒരു സ്‌ത്രീയെയും പാര്‍പ്പിച്ചു. അയാളെ വശീകരിച്ച്‌ രഹസ്യങ്ങള്‍ ചോര്‍ത്തിയെടുക്കുകയായിരുന്നു അവളെയേല്‌പിച്ച ദൗത്യം. യുവതി എല്ലാ വിദ്യകളും പ്രയോഗിച്ചുനോക്കി. പക്ഷേ, മുസ്‌ലിം ഭടന്‍ അവളെ ശ്രദ്ധിച്ചതേയില്ല. അയാള്‍ നമസ്‌കാരത്തിലും പ്രാര്‍ഥനയിലും മുഴുകുകയായിരുന്നു. നേരം പുലര്‍ന്ന്‌ ആകാംക്ഷയോടെ കാത്തുനിന്ന ജനം വാതില്‍ തുറന്നപ്പോള്‍ വിവരം തിരക്കി. യുവതിയുടെ പ്രതികരണം ഒറ്റവാക്കില്‍: നിങ്ങള്‍ എന്റെ കൂടെ കിടത്തിയത്‌ മനുഷ്യനല്ല; കരിങ്കല്ലാണ്‌.


എന്ത്‌ പ്രലോഭനവും അനുകൂല സാഹചര്യവുമുണ്ടായാലും വഴങ്ങിക്കൊടുക്കാതെ അവയുടെ മുമ്പില്‍ ഇങ്ങനെ കരിങ്കല്ലുപോലെ ഉറച്ചുനില്‍ക്കുന്ന മനുഷ്യരുണ്ട്‌. തെറ്റുകളില്‍ അകപ്പെടുന്നതിനെ അവര്‍ വളരെയേറെ സൂക്ഷിക്കും.

*

അതേഅവസരം ആത്മനിയന്ത്രണം പാലിക്കാന്‍ കഴിയാതെ ഒരു ദുര്‍ബല നിമിഷത്തില്‍ തെറ്റില്‍ വീഴുന്ന വിശ്വാസികളുമുണ്ട്‌. റസൂലിന്റെ കാലത്ത്‌ നടന്ന ഒരു സംഭവം. നബ്‌ഹാന്‍ എന്ന്‌ പേരുള്ള ഒരു ഈത്തപ്പഴ കച്ചവടക്കാരന്‍. അയാള്‍ തന്റെ പീടികയില്‍ കച്ചവടത്തിന്നായി ഇരിക്കുകയാണ്‌. ഈത്തപ്പഴം വാങ്ങാന്‍ ഒരു സ്‌ത്രീ കടന്നുവരുന്നു. പുറത്തുവെച്ച ഈത്തപ്പഴത്തിലേക്ക്‌ അവളുടെ ദൃഷ്‌ടികള്‍ പാഞ്ഞു. അപ്പോള്‍ കച്ചവടക്കാരന്റെ മൊഴി: അകത്ത്‌ ഇതിനെക്കാള്‍ മുന്തിയ ഈത്തപ്പഴം വേറെയുണ്ട്‌. അയാളുടെ വാക്ക്‌ വിശ്വസിച്ച്‌ അവള്‍ അകത്തുകടന്നു. നബ്‌ഹാന്റെ ഉദ്ദേശ്യം മറ്റൊന്നായിരുന്നു. പക്ഷേ, വഴങ്ങിക്കൊടുക്കാന്‍ അവള്‍ തയ്യാറായില്ല. അയാള്‍ അവളെ എന്തൊക്കെയോ ചെയ്‌തു. പക്ഷെ പിന്നെ അയാള്‍ക്ക്‌ വല്ലാത്ത കുറ്റബോധം. നബിതിരുമേനിയുടെ സന്നിധിയില്‍ ചെന്ന്‌ തനിക്ക്‌ സംഭവിച്ച തെറ്റില്‍ ഖേദം പ്രകടിപ്പിച്ചു. തിരുമേനീ, ഒരു പുരുഷന്‍ ചെയ്യുന്നതൊക്കെ ഞാന്‍ ചെയ്‌തു. ശാരീരികബന്ധം മാത്രമുണ്ടായിട്ടില്ല. ``അവളുടെ ഭര്‍ത്താവ്‌ യുദ്ധക്കളത്തിലായിരിക്കുമല്ലേ?'' -തിരുമേനി പറഞ്ഞു. ഈ സംഭവത്തോടനുബന്ധിച്ചാണ്‌ സൂറ അന്നജ്‌മിലെ 32-ാം വാക്യം അവതരിച്ചത്‌.

*

ഹദീസില്‍ വന്ന മറ്റൊരു സംഭവം: ഒരു മനുഷ്യന്‍ അയാളുടെ പിതൃവ്യപുത്രിയെ അഗാധമായി പ്രേമിച്ചു. ഒരു പുരുഷന്‍ സ്‌ത്രീയെ പ്രേമിക്കുന്നതിന്റെ അങ്ങേയറ്റം. തന്റെ ശാരീരിക ദാഹം തീര്‍ക്കാന്‍ അയാള്‍ അവളോട്‌ അഭ്യര്‍ഥന നടത്തി. പക്ഷെ വഴങ്ങിയില്ല. പിന്നെ അവള്‍ വലിയൊരു സാമ്പത്തിക ദുരിതത്തില്‍ പെട്ടു. സഹായാര്‍ഥനയുമായി അയാളെ സമീപിച്ചു. 120 ദീനാര്‍ നല്‌കി അയാള്‍ അവള്‍ക്ക്‌ ആശ്വാസം പകര്‍ന്നുകൊടുത്തു. പക്ഷേ ഒരു നിബന്ധനയോടെ, അയാളുടെ ആഗ്രഹസഫലീകരണത്തിന്‌ സമ്മതിക്കണം. വാഗ്‌ദത്തം നിറവേറ്റാന്‍ അവള്‍ തയ്യാറായി. പിന്നീട്‌ സംഭവിച്ചതിങ്ങനെ: ``ഞാന്‍ അവളുടെ കാലുകള്‍ക്കിടയില്‍ ഇരുന്നപ്പോള്‍ അവള്‍ പറയുകയാണ്‌. താങ്കള്‍ അല്ലാഹുവെ സൂക്ഷിക്കൂ! അന്യായമായി സീല്‍ പൊട്ടിക്കരുത്‌. ഇത്‌ കേട്ടപ്പോള്‍ ഞാന്‍ എഴുന്നറ്റുപോന്നു. അവളോട്‌ എനിക്ക്‌ അതിരറ്റ പ്രേമം. ഞാന്‍ കൊടുത്ത പണം തിരിച്ചുവാങ്ങിയില്ല.''

*

ഈ സംഭവങ്ങളില്‍ നിന്നെല്ലാം വ്യത്യസ്‌തമായിരുന്നു മാഇസ്‌ ഇബ്‌നു മാലികിന്റെയും ഗാമിദ്‌ ഗോത്രക്കാരിയുടെയും കഥ. രണ്ടുപേരും പാപക്കുഴിയില്‍ വീഴുക തന്നെ ചെയ്‌തു. പിന്നെ അവര്‍ക്ക്‌ മനസ്സമാധാനമുണ്ടായില്ല. എങ്ങനെ സ്വത്വത്തെ ശുദ്ധീകരിക്കുമെന്നായി ചിന്ത. ``പ്രവാചകരേ, എന്നെ ശുദ്ധീകരിച്ചാലും.'' നബി അയാളെ ശ്രദ്ധിക്കാതെ തിരിച്ചയച്ചെങ്കിലും വീണ്ടും വീണ്ടും വന്ന്‌ ഇതാവര്‍ത്തിച്ചു. ``എന്തില്‍നിന്നാണ്‌ ഞാന്‍ നിന്നെ ശുദ്ധീകരിക്കേണ്ടത്‌?''. ``തിരുമേനീ, ഞാന്‍ വ്യഭിചാരക്കുറ്റം ചെയ്‌തു.'' ``മാഇസിനു ഭ്രാന്തുണ്ടോ?'' പരിശോധിച്ച ശിഷ്യന്മാര്‍ വിധിച്ചു: ``ഇല്ല''. ``കുടിച്ചിട്ടുണ്ടോ?'' -നബിയുടെ ചോദ്യം. അവര്‍ മണത്തുനോക്കി. മദ്യത്തിന്റെ ഗന്ധമില്ല. ``താങ്കള്‍ ഒന്ന്‌ കടാക്ഷിച്ചിട്ടല്ലേയുള്ളൂ.'' ``അല്ല തിരുമേനീ''. ``എന്നാല്‍ ഒന്നു ചുംബിച്ചിട്ടുണ്ടാകുമല്ലോ.'' ``അതുമല്ല.'' മാഇസ്‌ നിര്‍ബന്ധിച്ച്‌ ശിക്ഷ ഏറ്റുവാങ്ങി. തുടര്‍ന്ന്‌ പാപത്തില്‍ അയാളുടെ പങ്കാളിയായ ഗാമിദ്‌ ഗോത്രക്കാരിയുടെ വരവായി. നബി(സ) അവളെ തിരിച്ചയക്കാന്‍ ശ്രമിച്ചെങ്കിലും അവള്‍ രഹസ്യം മറച്ചുവെക്കാതെ പറഞ്ഞു: ``ഞാന്‍ ഗര്‍ഭിണിയാണ്‌.'' പ്രസവം വരെ കാത്തിരിക്കാന്‍ നബി(സ) ഉപദേശിച്ചു. വീണ്ടും യുവതി വന്നപ്പോള്‍ `കുഞ്ഞിന്റെ മുലകുടി മാറട്ടെ' എന്നായി നബി. സ്‌ത്രീ ആ അവധിയും പൂര്‍ത്തിയാക്കി തിരിച്ചുവന്നു. നബി അവളുടെ മേല്‍ ശിക്ഷ നടപ്പാക്കി.

*

ഈ സംഭവങ്ങളില്‍ നിന്ന്‌ മനസ്സിലാക്കേണ്ട ആദ്യത്തെ പാഠം തെറ്റുചെയ്യാനുള്ള പ്രവണത മനുഷ്യനില്‍ സഹജമാണ്‌ എന്നതാണ്‌. കാരണം മണ്ണില്‍ ജനിച്ച്‌ ദൈവചൈതന്യം സ്വീകരിച്ച സൃഷ്‌ടിയാണ്‌ മനുഷ്യന്‍. അവനിലെ ഭൗതികാംശം ആത്മീയതയെ അതിജയിക്കുമ്പോള്‍ ദൈവാജ്ഞയെ മറക്കുന്നു. മനുഷ്യമനസ്സ്‌ തിന്മയ്‌ക്ക്‌ പ്രേരിപ്പിക്കുന്നതാണെന്ന്‌ ഖുര്‍ആന്‍ 12:53ല്‍ വ്യക്തമാക്കുന്നു. ഈ വൃക്ഷത്തെ നിങ്ങള്‍ സമീപിക്കരുത്‌ എന്ന ദൈവകല്‌പന ആദമും പത്‌നിയും ലംഘിച്ചു. അവരുടെ സമുന്നതസ്ഥാനം നഷ്‌ടമായി. സ്‌ത്രീ, മക്കള്‍, പണം, വാഹനം, കാലികള്‍, കൃഷി തുടങ്ങിയ ഭൗതിക വസ്‌തുക്കളുടെ പ്രലോഭനങ്ങള്‍ക്ക്‌ മനുഷ്യന്‍ വിധേയമാകുമെന്ന്‌ ഖുര്‍ആന്‍ വ്യക്തമായി പ്രസ്‌താവിക്കുന്നു. രണ്ട്‌ വികാരങ്ങളുടെ സമ്മര്‍ദമാണ്‌ പലപ്പോഴും മനുഷ്യന്‍ വഴിതെറ്റാന്‍ കാരണമാവുക. ഒന്നാമത്തേത്‌ സ്‌ത്രീക്കും പുരുഷനും പരസ്‌പരം അടുക്കാനും വിലക്കപ്പെട്ട ബന്ധം ആസ്വദിക്കാനുമുള്ള അഭിനിവേശം. സ്‌ത്രീ-പുരുഷബന്ധത്തിന്‌ മതം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെടുക മൂലം വഴിതെറ്റുന്ന എത്രയോ മനുഷ്യരുണ്ട്‌. രണ്ടാമത്തേത്‌, ധനത്തിന്റെ നേരെയുള്ള അത്യാര്‍ത്തി. ഏത്‌ വിധേനയും ധനം സമ്പാദിക്കാനുള്ള ദുര്‍മോഹം തെറ്റായ മാര്‍ഗത്തിലൂടെ അത്‌ നേടിയെടുക്കാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നു. അന്യരുടെ ദേഹത്തിനും സ്വത്തിനും അഭിമാനത്തിനും നേരെ കയ്യേറ്റം നടത്തുകയും ശാരീരികമായോ മാനസികമായോ അവര്‍ക്ക്‌ പീഡനമേല്‌പിക്കുകയും അവരുടെ അവകാശങ്ങള്‍ നിഷേധിക്കുകയും ചെയ്യുന്നതാണ്‌ മനുഷ്യര്‍ സാധാരണ ചെയ്യാറുള്ള മറ്റൊരു തെറ്റ്‌. എല്ലാറ്റിനും ഉപരിയായി ആരാധനാകര്‍മങ്ങളും അല്ലാഹുവിനോടുള്ള കടമകളും നിര്‍വഹിക്കുന്നതില്‍ വീഴ്‌ച വരുത്തുന്നതാണ്‌ വലിയ പാപം.

ഏതായാലും ചെറുതോ വലുതോ ആയ എന്തെങ്കിലും തെറ്റ്‌ ചെയ്യാത്തവരായി ആരെങ്കിലുമുണ്ടാകുമോ? തെറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്‌ ഒരു തരം മനോരോഗമാണെന്ന ഒരു പുതിയ മനശ്ശാസ്‌ത്രവാദം നിലവിലുണ്ട്‌. വിശുദ്ധ ഖുര്‍ആനും ഈ മനോരോഗത്തെപ്പറ്റി പറയുന്നുണ്ട്‌. ``അവരുടെ മനസ്സുകളില്‍ രോഗമുണ്ട്‌,'' ``മുനാഫിഖുകളും മനസ്സില്‍ രോഗമുള്ളവരും പറയുന്നു'' എന്നിങ്ങനെ മനോരോഗത്തെപ്പറ്റിയുള്ള പരാമര്‍ശങ്ങള്‍ ധാരാളമുണ്ട്‌. നബി(സ)യുടെ ഭാര്യമാരോട്‌ നല്‌കിയ ഒരു ഉപദേശത്തില്‍ ``നിങ്ങള്‍ കൊഞ്ചിക്കുഴഞ്ഞ്‌ സംസാരിക്കരുത്‌; അപ്പോള്‍ മനസ്സില്‍ രോഗമുള്ളവന്‌ ദുര്‍മോഹം ജനിക്കും'' എന്ന്‌ ഖുര്‍ആന്‍ പ്രസ്‌താവിക്കുന്നു. ഇവിടെ മനോരോഗം സ്‌ത്രീയുടെ നേരെ പുരുഷനുണ്ടാകുന്ന അനുചിതമായ വികാരമാണല്ലോ. പക്ഷേ, തെറ്റുകള്‍ ചെയ്യാനുള്ള വാസനയെ ഖുര്‍ആന്‍ മനോരോഗമെന്ന്‌ വിശേഷിപ്പിക്കുന്നുവെങ്കിലും മനശ്ശാസ്‌ത്രജ്ഞന്മാരുടെ വീക്ഷണത്തില്‍ നിന്ന്‌ അത്‌ വിഭിന്നമാണ്‌. ഇത്‌ തെറ്റിന്റെ ഗൗരവത്തില്‍ നിന്നോ ഉത്തവാദിത്തത്തില്‍ നിന്നോ ശിക്ഷയില്‍ നിന്നോ രക്ഷപ്പെടാനുള്ള പഴുത്‌ നല്‍കുന്നില്ല.

അതേ അവസരം മതപ്രബോധകന്‍ തെറ്റുകള്‍ പ്രവര്‍ത്തിക്കുന്നവരോട്‌ മനോരോഗികളോടെന്ന പോലെ പെരുമാറി അവരെ ചികിത്സിച്ച്‌ ഭേദമാക്കാന്‍ ശ്രമിക്കേണ്ടതുണ്ട്‌. ഒരു മദ്യപാനിയെ അവന്റെ സ്വഭാവം മാറ്റിയെടുക്കാനായി നബി(സ)യുടെ സന്നിധിയില്‍ കൊണ്ടുവന്നു. ``എടോ, അല്ലാഹുവിന്റെ ശാപം നിനക്കുണ്ടാകട്ടെ. എത്ര പ്രാവശ്യമാണ്‌ നിന്നെ ഇങ്ങനെ കൊണ്ടുവരുന്നത്‌'' -സദസ്സിലെ ഒരാള്‍ ആക്ഷേപസ്വരത്തില്‍ പറഞ്ഞു. ഇത്‌ കേട്ടപ്പോള്‍ നബിയുടെ പ്രതികരണം ഇതായിരുന്നു: ``നിങ്ങള്‍ ഇങ്ങനെ പറയരുത്‌. അവന്‍ അല്ലാഹുവിനെയും റസൂലിനെയും ഇഷ്‌ടപ്പെടുന്നുണ്ട്‌. നിങ്ങള്‍ ഇങ്ങനെ പ്രാര്‍ഥിക്കുക: പടച്ചവനേ, അവനോട്‌ കരുണ കാണിക്കേണമേ! അവന്റെ പശ്ചാത്താപം സ്വീകരിക്കേണമേ.'' വിശുദ്ധ ഖുര്‍ആനെ `രോഗശമനം' എന്ന്‌ ഖുര്‍ആന്‍ തന്നെ വിശേഷിപ്പിക്കുന്നുണ്ട്‌. പക്ഷേ, മനസ്സിനെ സ്‌പര്‍ശിക്കാത്ത വിധത്തില്‍ ഒരു ആരാധനാചടങ്ങ്‌ എന്ന നിലക്കുള്ള ഖുര്‍ആന്‍ പാരായണം മനോരോഗത്തിന്‌ ചികിത്സയാകില്ല. നമസ്‌കാരം തുടങ്ങിയ ആരാധനകളും അവയില്‍ മനസ്സാന്നിധ്യവും ഭക്തിയുമില്ലെങ്കില്‍ മനുഷ്യനെ നീചകൃത്യങ്ങളില്‍ നിന്ന്‌ തടയുകയില്ല.

വിശ്വാസികളായ മനുഷ്യര്‍ ജീവിതത്തില്‍ പരീക്ഷിക്കപ്പെടുന്ന ചില സന്ദര്‍ഭങ്ങളുണ്ടാകും. ``ജനങ്ങള്‍ വിചാരിക്കുന്നുണ്ടോ- ഞങ്ങള്‍ വിശ്വസിച്ചു എന്ന്‌ പറയുന്നതുകൊണ്ട്‌ മാത്രം പരീക്ഷിക്കപ്പെടാതെ അവരെ വിടുമെന്ന്‌. മുമ്പുള്ളവരെയും നാം പരീക്ഷിച്ചിട്ടുണ്ട്‌. അപ്പോഴാണ്‌ സത്യം പറഞ്ഞവരെയും കളവ്‌ പറഞ്ഞവരെയും തിരിച്ചറിയുക'' (അന്‍കബൂത്‌). തെറ്റുകള്‍ പ്രവര്‍ത്തിക്കാനുള്ള പ്രേരണയും അനുകൂല സാഹചര്യവും ഇത്തരം പരീക്ഷണങ്ങളില്‍ ഒന്നാണ്‌. ചിലര്‍ക്ക്‌ അത്തരം സന്നിഗ്‌ധഘട്ടങ്ങളില്‍ പെട്ടെന്ന്‌ ദൈവവിചാരമുണ്ടാവുകയും പാപത്തില്‍ വീഴാതെ രക്ഷപ്പെടാന്‍ സാധിക്കുകയും ചെയ്യും. പിതൃവ്യപുത്രിയുമായി ശാരീരിക ബന്ധത്തിന്‌ തയ്യാറായി പാപത്തില്‍ വീഴാന്‍ ഒരു നിമിഷം ബാക്കിനില്‌ക്കേ `ദൈവത്തെ സൂക്ഷിക്കൂ!' എന്ന ധ്വനി കേള്‍ക്കേണ്ട താമസം എഴുന്നേറ്റുപോന്ന മനുഷ്യന്റെ ചിത്രം നാം കണ്ടുവല്ലോ. എന്നാല്‍ ഒരു ദുര്‍ബലനിമിഷത്തില്‍ വികാരത്തിന്നടിപ്പെട്ടു പാപത്തില്‍ വീഴുകയും പിന്നെ ശക്തമായ മാനസിക സംഘര്‍ഷങ്ങള്‍ കാരണം സ്വത്വത്തിന്നേര്‍പ്പെട്ട കളങ്കം കഴുകിക്കളയാന്‍ എന്ത്‌ പ്രയാസവും സഹിക്കാന്‍ സന്നദ്ധരാവുകയും ചെയ്യുന്ന ചിലരുണ്ട്‌. നബിയുടെ മുമ്പില്‍ ചെന്ന്‌ കുറ്റം ഏറ്റുപറഞ്ഞ്‌ സ്വയം ശുദ്ധീകരണത്തിന്‌ ശ്രമിച്ച മാഇസ്‌ ഇബ്‌നു മാലികും ഗാമിദ്‌ ഗോത്രക്കാരിയും അത്തരത്തില്‍ പെട്ടവര്‍ക്ക്‌ മാതൃകയാണ്‌. ഇങ്ങനെ ചെറുതോ വലുതോ ആയ പാപം ചെയ്‌ത്‌ സ്വത്വത്തെ കളങ്കപ്പെടുത്തുന്നവര്‍ക്ക്‌ അല്ലാഹു ഏര്‍പ്പെടുത്തിയ രക്ഷാമാര്‍ഗമാണ്‌ തൗബ അഥവാ പശ്ചാത്താപം. ഇത്‌ മനുഷ്യന്‌ എന്തൊരാശ്വാസമാണ്‌! ``നിങ്ങളുടെ രക്ഷിതാവ്‌ കരുണ കാണിക്കല്‍ തന്റെ ബാധ്യതയായി നിശ്ചയിച്ചിരിക്കുന്നു- അതായത്‌ നിങ്ങളില്‍ ആരെങ്കിലും അവിവേകത്താല്‍ വല്ല തിന്മയും ചെയ്യുകയും പിന്നെ പശ്ചാത്തപിച്ച്‌ ഉത്തമ ജീവിതം നയിക്കുകയും ചെയ്യുന്നപക്ഷം അവന്‌ മാപ്പ്‌ നല്‍കുകയും കരുണ കാണിക്കുകയും ചെയ്യുമെന്ന്‌.'' ഒരു ലക്ഷ്യത്തിലേക്ക്‌ നടന്നുപോകുമ്പോള്‍ പെട്ടെന്ന്‌ അടിതെറ്റി ഒരു കുഴിയില്‍ വീഴുന്നവനെപ്പോലെയാണ്‌ പാപംചെയ്യുന്ന വിശ്വാസി. അയാള്‍ ജാള്യതയോടെ ഉടനെ എഴുന്നേറ്റ്‌ വസ്‌ത്രം കുടഞ്ഞ്‌ യാത്ര തുടരും. അസംഗതമായ എന്തെങ്കിലും പ്രവര്‍ത്തിക്കുന്ന വിശ്വാസിയുടെയും അവസ്ഥ ഇതുതന്നെയാണ്‌. പാപക്കറ കഴുകിക്കളഞ്ഞ്‌ അല്ലാഹുവിന്റെ സന്നിധിയിലേക്കുള്ള യാത്ര തുടരും. വിലക്കപ്പെട്ട വൃക്ഷത്തില്‍ നിന്ന്‌ ഭക്ഷിച്ച്‌ പാപം ചെയ്‌ത ആദമും പത്‌നിയും ഉള്ളുരുകി ഇങ്ങനെ പ്രാര്‍ഥിച്ചു: ``ഞങ്ങളുടെ റബ്ബേ, ഞങ്ങള്‍ ഞങ്ങളോടു തന്നെ അക്രമം കാണിച്ചിരിക്കുന്നു. നീ ഞങ്ങള്‍ക്ക്‌ മാപ്പ്‌ നല്‍കുകയും ഞങ്ങളോട്‌ കാരുണ്യം കാണിക്കുകയും ചെയ്‌തിട്ടില്ലെങ്കില്‍ ഞങ്ങള്‍ നഷ്‌ടക്കാരില്‍ അകപ്പെടും.'' ആദമിനെപ്പോലെ വിലക്കുകള്‍ ലംഘിക്കുന്നവര്‍ക്കെല്ലാം ഇങ്ങനെ പ്രാര്‍ഥിച്ചും പശ്ചാത്തപിച്ചും ആത്മശുദ്ധി നേടാന്‍ കഴിയും.

വസ്‌ത്രത്തില്‍ അഴുക്ക്‌ പിടിച്ചാല്‍ ഉടനെ കഴുകി വൃത്തിയാക്കാന്‍ കഴിയും. എന്നാല്‍ നിരന്തരമായി അഴുക്ക്‌ പുരണ്ട്‌ അത്‌ കട്ടപിടിച്ചാല്‍ നീക്കംചെയ്യുക പ്രയാസകരമായിരിക്കും. തെറ്റുകളുടെയും അവസ്ഥ ഇതുതന്നെയാണ്‌. ``മനുഷ്യന്‍ ഒരു തെറ്റ്‌ ചെയ്‌താല്‍ അത്‌ ഹൃദയത്തില്‍ ഒരു കുത്ത്‌ വീഴ്‌ത്തും. ആ തെറ്റില്‍ നിന്ന്‌ വിരമിച്ച്‌ മാപ്പ്‌ അപേക്ഷിക്കുകയും പശ്ചാത്തപിക്കുകയും ചെയ്‌താല്‍ അത്‌ മാഞ്ഞ്‌ ഹൃദയം തെളിമയാര്‍ന്നതാകും. ആവര്‍ത്തിച്ച്‌ തെറ്റ്‌ ചെയ്‌താല്‍ ആ കുത്ത്‌ വ്യാപിക്കുകയും ഹൃദയത്തെ മുഴുവന്‍ മൂടുകയും ചെയ്യും'' -നബി വിവരിച്ച ഈ അവസ്ഥ തന്നെയാണ്‌ ഖുര്‍ആന്‍ ഇവിടെ വിവരിക്കുന്നത്‌. ``എന്തെങ്കിലും നീചവൃത്തി ചെയ്യുകയും സ്വത്വത്തോട്‌ അക്രമം കാണിക്കുകയും ചെയ്‌താല്‍ അവര്‍ അല്ലാഹുവിനെ ഓര്‍ക്കുകയും ചെയ്‌ത പാപത്തിന്‌ മാപ്പപേക്ഷിക്കുകയും ചെയ്യും- അല്ലാഹു അല്ലാതെ മറ്റാരുണ്ട്‌ പാപങ്ങള്‍ പൊറുത്തുകൊടുക്കാന്‍- അറിഞ്ഞുകൊണ്ട്‌ അവര്‍ ചെയ്‌ത തെറ്റ്‌ തുടരുകയില്ല.'' (3:135). തെറ്റ്‌ പ്രവര്‍ത്തിക്കുന്നവന്റെ ഈമാനിന്റെ അവസ്ഥയെന്ത്‌? റസൂല്‍ പറഞ്ഞു: ``മുഅ്‌മിന്‍ ആയിക്കൊണ്ടല്ല വ്യഭിചാരി വ്യഭിചരിക്കുക. മുഅ്‌മിന്‍ ആയിക്കൊണ്ടല്ല മോഷ്‌ടാവ്‌ മോഷ്‌ടിക്കുക. മുഅ്‌മിന്‍ ആയിക്കൊണ്ടല്ല മദ്യപാനി മദ്യപിക്കുക.'' തെറ്റുകള്‍ ഈമാനിനെ ബാധിക്കുകയില്ല എന്ന വിശ്വാസം വരുത്തിവെച്ച ആശയക്കുഴപ്പം കുറച്ചൊന്നുമല്ല

ശരീരത്തില്‍ പറ്റിപ്പിടിച്ച അഴുക്കുകള്‍ വൃത്തിയാക്കുംപോലെ ചെറുതും വലുതുമായ തെറ്റുകള്‍ ചെയ്‌ത്‌ പാപക്കറ പൂണ്ട മനസ്സിനെയും ശുദ്ധീകരിക്കേണ്ടതുണ്ട്‌. തെറ്റുകളില്‍ നിന്ന്‌ പൂര്‍ണമായി ഒഴിഞ്ഞുനില്‍ക്കുകയും, സംഭവിച്ച തെറ്റില്‍ അഗാധമായ ഖേദം പ്രകടിപ്പിച്ച്‌ പൊറുത്തുതരാന്‍ അല്ലാഹുവിനോട്‌ അപേക്ഷിക്കുകയും ഇനി ഒരിക്കലും ആ തെറ്റിലേക്ക്‌ തിരിച്ചുപോവുകയില്ലെന്ന്‌ ദൃഢനിശ്ചയം ചെയ്യുകയുമാണ്‌ തൗബ. ദുഷ്‌കര്‍മങ്ങളുടെ കറുത്ത പാടുകളെ സല്‍ക്കര്‍മങ്ങളുടെ പ്രകാശം മായ്‌ച്ചു കളയും.

തെറ്റുകള്‍ ചെയ്‌ത്‌ ശക്തമായ കുറ്റബോധത്തിലും നിരാശയിലുമായി കഴിയുന്ന മനുഷ്യര്‍ക്ക്‌ പശ്ചാത്താപത്തിന്റെ കവാടം വല്ലാത്ത ആശ്വാസമാണ്‌ നല്‍കുന്നത്‌. ``പറയുക, സ്വത്വത്തോട്‌ അതിക്രമം കാണിച്ച എന്റെ ദാസന്മാരേ, അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശരാകരുത്‌. അല്ലാഹു എല്ലാ പാപങ്ങളും പൊറുത്തുതരും. നിശ്ചയം, അവന്‍ മാപ്പ്‌ നല്‍കുന്നവനും കരുണാനിധിയുമാണ്‌.'' (വി.ഖു. 39:53)

0 comments:

 

തർബിയ

അശുദ്ധിയില്ലാത്ത മനസ്സും അഴകുള്ള ജീവിതവും കൈവരുമ്പോൾ മാത്രമേ ഒരാളുടെ ഇസ്‌ലാമിക വ്യക്തിത്വം അർഥപൂർണമാവൂ. വിശുദ്ധ ഖുർ‌ആനും തിരുനബി(സ)യുടെ സാരോപദേശങ്ങളും ഈ വഴിക്കാണ് നമ്മെ നയിക്കുന്നത്. വ്യക്തി എന്ന നിലയിലും കുടുംബ-സാമൂഹിക മേഖലകളിലെ അംഗമെന്ന നിലയിലും പാലിക്കേണ്ട നിർദേശ തത്വങ്ങളുടെ സംഗ്രഹമാണ് ഇസ്‌ലാം. ആദർശ നിഷ്‌ഠയും ആത്മശുദ്ധിയുമുള്ള ഒരു സമൂഹത്തെയാണ് ഇസ്‌ലാം വളർത്തിയെടുക്കുന്നത്. നിലവിലുള്ളതിൽ നിന്ന് കൂടുതൽ മികച്ച മറ്റൊരവസ്ഥയിലേക്ക് എത്തിക്കുക എന്ന പ്രക്രിയയാണ് അത്. പ്രവാചക തിരുമേനി(സ)യുടെ നിയോഗ ലക്ഷ്യമായ ‘തസ്‌കിയത്തി’ന് ഇങ്ങനെയൊരർഥം കൂടിയുണ്ട്. ഇസ്‌ലാമിക പ്രമാണങ്ങളെയും ചരിത്ര പാഠങ്ങളെയും മുൻ‌നിർത്തി ആത്മശുദ്ധീകരണപ്രധാനമായ ആലോചനകളാണ് ഈ ബ്ലോഗിലുള്ള കുറിപ്പുകൾ.

ഇസ്‌ലാം
ജീവിത ശുദ്ധീകരണത്തിന്റെ പുതുമഴയാണ്.
വ്യക്തിത്വത്തിന് ചന്തമുള്ള വഴിയാണ്.
വിശ്വാസിയെ അത് ശാന്തനും പോരാളിയുമാക്കുന്നു.
ഉള്ളും പുറവും സ്‌ഫടിക സുന്ദരമാക്കുന്നു.
സദ്‌ഗുണങ്ങളിലൂടെ സംസ്കാര സമ്പന്നമാക്കുന്നു.

സ്വസ്ഥമായിരുന്ന് സ്വന്തത്തെക്കുറിച്ചാലോചിക്കാൻ ഇതാ അല്പം ചിന്തകൾ.....

Usage Policies