this site the web

ആരാധന: ആത്മീയതയുടെ ആത്മാവ്‌

പി എം എ ഗഫൂര്‍  

ത്മീയതയുടെ അന്തസ്സത്തയിലും അടിക്കല്ലിലും വികസിക്കുന്ന വ്യക്തിത്വമാണ്‌ മുസ്‌ലിമിന്റേത്‌. ജീവിതത്തിന്റെ സര്‍വതലങ്ങളെയും സംസ്‌കരിക്കുകയും നവീകരിക്കുകയും ചെയ്യുന്ന ആത്മീയതയാണ്‌ ഇസ്‌ലാമിന്റേത്‌. ഉള്ളും പുറവും ആത്മീയവത്‌കരിക്കപ്പെടുമ്പോള്‍ കൈവരുന്ന ഹൃദയശാന്തിയുടെ പേരാണ്‌ ഇസ്‌ലാം. കര്‍മവും കാഴ്‌ചപ്പാടും വിചാരഗതികളും വിമലീകരിക്കപ്പെടുമ്പോള്‍ മാത്രമാണ്‌ സംശുദ്ധമായ ഇസ്‌ലാമിക വ്യക്തിത്വം കൈവരുന്നത്‌. ഈ വിമലീകരണത്തിനുള്ള ഏകകങ്ങളാണ്‌ ആരാധനാകര്‍മങ്ങള്‍. ആത്മീയസൗഖ്യത്തിന്റെ അഴകും അര്‍ഥവും കൈവരിക്കുന്ന സന്ദര്‍ഭമണ്‌ ആരാധനാവേളകള്‍. ഇങ്ങനെ, ആത്മീയ വിമോചനവും ആന്തരിക വിമലീകരണവും ഒരേ അളവില്‍ സാധിച്ചെടുക്കാവുന്ന ആരാധനാകര്‍മങ്ങളുടെയും വിശ്വാസകാര്യങ്ങളുടെയും സംലയമാണ്‌ ഇസ്‌ലാമിക ജീവിതം.

ആന്തരികമായ അച്ചടക്കമാണ്‌ ആത്മീയത. ആന്തരികമായ അനുഭവമായിരിക്കുമ്പോള്‍ തന്നെ അഖില ജീവിതവശങ്ങളെയും സമ്പൂര്‍ണാര്‍ഥത്തില്‍ സംസ്‌കരിക്കുകയും നവീകരിക്കുകയും ചെയ്യുകയാണ്‌ ആതമീയതയുടെ അന്തസ്സാരം. ആത്മീയവല്‌കരിക്കപ്പെട്ട വ്യക്തിയുടെ ജീവിതം ആത്മശുദ്ധീകരിക്കപ്പെടുന്നത്‌ അങ്ങനെയാണ്‌. ജീവിത രംഗങ്ങളിലേക്കാകെ ആത്മീയതയുടെ ഇന്ധനം -പകരുന്ന ആരാധനകള്‍, ശുചീകരിക്കപ്പെട്ട ആത്മീയ വ്യക്തിത്വങ്ങളെ പുനസംസ്‌കരിക്കുന്നതിലാണ്‌ ശ്രദ്ധിക്കുന്നത്‌. ആത്മീയ ശക്തിയുടെ ഊര്‍ജസംഭരണവും പുനരുജ്ജീവിതവുമാണ്‌ ഓരോ ആരാധനയുടെയും അര്‍ഥം.

ആരാധനാവേളയിലെ അല്‌പനേരത്തേക്കല്ല, ജീവിതരംഗങ്ങളുടെ ദീര്‍ഘനേരത്തേക്കാണ്‌ ആത്മീയതയുടെ പിന്‍ബലമുണ്ടാകേണ്ടത്‌. ജുമുഅ നമസ്‌കാരം നിര്‍വഹിച്ച്‌ പുറത്തിറങ്ങുന്നവരോട്‌ ``നിങ്ങള്‍ അല്ലാഹുവിനെ ധാരാളമായി ഓര്‍ക്കുക'' എന്നാണ്‌ വിശുദ്ധ ഖുര്‍ആന്‍ നിര്‍ദേശിക്കുന്നത്‌. നമസ്‌കാരത്തില്‍ നിന്ന്‌ സംഭരിക്കുകയും ജീവിതരംഗങ്ങളില്‍ സംഭവിക്കുകയും ചെയ്യേണ്ടതാണ്‌ ആത്മീയതയെന്നാണ്‌ ഈ നിര്‍ദേശത്തിന്റെ ഊന്നല്‍. മാത്രമല്ല, ജീവനില്ലാത്ത പ്രക്രിയ മാത്രമാണ്‌ ആത്മീയതയെങ്കില്‍ അത്‌ നമസ്‌കാരത്തില്‍ മതി. പക്ഷേ, നമസ്‌കാരവേളയിലല്ല ശേഷമുള്ള ജീവിതവേളയിലാണ്‌ ആത്മീയതയുടെ പ്രഭയും പിന്‍ബലവും കൂടുതലുണ്ടാകേണ്ടത്‌ എന്ന നിര്‍ദേശത്തില്‍ നിന്ന്‌ ലക്ഷ്യം വ്യക്തമാണ്‌. വ്യക്തിയുടെ കര്‍മരംഗങ്ങളെല്ലാം ആരാധനകളുടെ ഇടവേളകളിലാണല്ലോ. ആ വഴികളെയെല്ലാം വിമലീകരിക്കാനുള്ള ശുദ്ധീകരണ സംവിധാനമാണ്‌ ആരാധനകള്‍.

ഭൗതികവും ആത്മീയവുമായ സമുല്‍കൃഷ്‌ട ജീവിതാവസ്ഥയിലേക്കാണ്‌ ആരാധനകള്‍ വഴികാണിക്കുന്നത്‌. വ്യക്തിയുടെ ജൈവികവും ദൈവികവുമായ ബന്ധത്തെ വിമലീകരിക്കുകയും നവീകരിക്കുകയും ചെയ്യുന്നതിലാണ്‌ ആരാധനകളുടെ ശ്രദ്ധ. മനുഷ്യന്‍ അംഗമായ സൃഷ്‌ടി പ്രപഞ്ചത്തോടും മനുഷ്യസമൂഹത്തോട്‌ വിശേഷിച്ചും പുലര്‍ന്നുപോരേണ്ട മൂല്യങ്ങളെ ഉന്നതമാക്കാനും സ്വയം ശുദ്ധീകരണത്തിന്റെയും ആത്മസാക്ഷാത്‌കാരത്തിന്റെയും വഴിയില്‍ പ്രവേശിക്കാനും ഇബാദത്തുകള്‍ പ്രാപ്‌തമാകേണ്ടതുണ്ട്‌. മുസ്‌ലിമിന്‌ നിര്‍ബന്ധമാക്കപ്പെട്ട ആരാധനാവിധികളിലൂടെ എല്ലാ അര്‍ഥത്തിലും ഈ നിയോഗം നിര്‍വഹിക്കപ്പെടുന്നുണ്ട്‌. സാമൂഹിക ബോധത്തിന്റെ നേര്‍പാഠങ്ങളാണ്‌ മിക്ക ഇബാദത്തുകളും; നമസ്‌കാരവും സകാത്തും ഹജ്ജും വിശേഷിച്ചും. പള്ളിയില്‍വെച്ച്‌ നമസ്‌കരിക്കുമ്പോള്‍ ശ്രദ്ധ നഷ്‌ടപ്പെടുന്നതിനാല്‍ വീട്ടില്‍വെച്ച്‌ നമസ്‌കരിക്കാന്‍ അനുമതി ചോദിച്ചയാളോട്‌ ``പള്ളിയില്‍ ജമാഅത്തായി നമസ്‌കരിക്കുമ്പോള്‍ കിട്ടുന്ന ശ്രദ്ധയും ആത്മാര്‍ഥതയും മതി'' എന്നാണ്‌ ഖലീഫ ഉമര്‍(റ) പറഞ്ഞത്‌. സാമൂഹികതയുടെ ബഹളങ്ങളില്‍ നിന്നകന്ന്‌ ആത്മസാക്ഷാത്‌കാരം കൊതിച്ചയാളോടുള്ള മറുപടിയാണിത്‌. പള്ളികളില്‍ നിന്ന്‌ പുറത്തുപോകാതെ ഇബാദത്തുകളിലേര്‍പ്പെടുന്നവരെക്കാള്‍ അല്ലാഹുവിന്നിഷ്‌ടം, ജനങ്ങളോടൊപ്പം ജീവിച്ച്‌ അവരുടെ മര്‍ദനത്തിന്‌ വരെ ഇരയാവുന്ന സത്യവിശ്വാസിയെ ആണെന്ന്‌ വ്യക്തമാക്കുന്ന ഹദീസ്‌ ഈ ആശയം തന്നെയാണ്‌ നല്‍കുന്നത്‌. ``റുകൂഅ്‌ ചെയ്യുന്നവരോടൊപ്പം നിങ്ങളും റുകൂഅ്‌ ചെയ്യുക'' (അല്‍ബഖറ 43) എന്നാണ്‌ അല്ലാഹുവിന്റെ നിര്‍ദേശം.

മറ്റൊരു കാര്യം ശാഹ്‌ വലിയ്യുല്ലാഹിദ്ദഹ്ലവി ഉണര്‍ത്തുന്നു: ``ചില സന്ദര്‍ഭങ്ങളില്‍, നല്ലവരായ ഏതാനും ജനങ്ങളുടെ നിഷ്‌കളങ്കമായ പ്രാര്‍ഥന കാരണം ജമാഅത്തില്‍ പങ്കെടുത്തവരെല്ലാം അല്ലാഹുവിന്റെ കാരുണ്യത്തിന്‌ അര്‍ഹരാകുന്നു. ഒരാളുടെ പ്രാര്‍ഥനയുടെ ഫലമായി എല്ലാവരുടെയും ഇബാദത്ത്‌ സ്വീകരിക്കപ്പെട്ടേക്കാം.'' ഖിബ്ലയോടുള്ള അഭിമുഖീകരണം ദേശാതിര്‍ത്തികള്‍ക്കപ്പുറത്തേക്ക്‌ വിശ്വാസികളെ അഭിമുഖീകരിക്കുന്നു. താനും തന്നോടൊപ്പം അണിചേര്‍ന്നവരും മാത്രമല്ല, കോടിക്കണക്കിനു പേര്‍ തന്നോടൊപ്പം സുജൂദിലുണ്ടെന്ന ബോധ്യം നമസ്‌കരിക്കുന്നവന്റെയുള്ളില്‍ ആത്മധൈര്യത്തിന്റെയും സാര്‍വദേശീയ സാഹോദര്യത്തിന്റെയും ഉറവ ഉണര്‍ത്തുന്നു. ആദര്‍ശപിതാവായ ഇബ്‌റാഹീമിന്റെ(അ) ജീവിതദൗത്യത്തിനു നേര്‍ക്കുള്ള അഭിമുഖീകരണം, ഓരോ സുജൂദിനെയും ഓജസ്സുള്ളതാക്കുന്നു. സുജൂദ്‌ തന്നെയും അര്‍ഥഗര്‍ഭമായ വേളയാണ്‌. സ്വയം ചെറുതാകാനുള്ള ശീലം. ഏറെ ആദരിച്ചും സുന്ദരമാക്കിയും കൊണ്ടുനടക്കുന്ന മുഖം മണ്ണിലേക്കു ചേര്‍ത്തുവെക്കാനുള്ള വിനയത്തിന്റെ പാരമ്യമാണ്‌ സുജൂദ്‌. ബുദ്ധിക്കും ചിന്തക്കും പ്രവേശനമില്ലാത്ത പട്ടാള പരിശീലനമല്ല നമസ്‌കാരം. ഖിയാമും റുകൂഉം സുജൂദും ശരീരസാന്നിധ്യത്തെയും പ്രാര്‍ഥനകളും ദിക്‌റുകളും ശബ്‌ദസാന്നിധ്യത്തെയും അടയാളപ്പെടുത്തുന്നു. ഈ മൂന്ന്‌ ഘടകങ്ങളെയും ഖുര്‍ആനില്‍ കണ്ടെത്താം. ``അല്ലാഹുവിന്റെ മുമ്പില്‍ ഭയഭക്തിയാദരവോടെ അടങ്ങിനില്‍ക്കുക'' (അല്‍ബഖറ 238). ``സത്യവിശ്വാസികളേ, നിങ്ങള്‍ റുകൂഉം സുജൂദും ചെയ്യുക. നിങ്ങള്‍ നിങ്ങളുടെ നാഥനെ ആരാധിക്കുകയും നന്മ പ്രവര്‍ത്തിക്കുകയും ചെയ്യുക'' (അല്‍ഹജ്ജ്‌ 77). ``സത്യവിശ്വാസികളേ, സ്വബോധം നഷ്‌ടപ്പെട്ട നിലയില്‍ നമസ്‌കരിക്കാന്‍ നില്‍ക്കരുത്‌. നിങ്ങള്‍ പറയുന്നത്‌ നിങ്ങള്‍ക്ക്‌ മനസ്സിലാകുന്നതുവരെ'' (അന്നിസാഅ്‌ 43). ``നമസ്‌കാരത്തില്‍ ഭക്തിയുള്ള എല്ലാ സത്യവിശ്വാസികളും വിജയിച്ചിരിക്കുന്നു'' (അല്‍മുഅ്‌മിനൂന്‍ 1-3). ``ഭയഭക്തിയോടും ആഗ്രഹാഭിലാഷങ്ങളോടും തങ്ങളുടെ നാഥനെ വിളിച്ചു പ്രാര്‍ഥിക്കാനായി (പാതിരാവില്‍) കിടപ്പറകളില്‍ നിന്ന്‌ അവരുടെ പാര്‍ശ്വഭാഗങ്ങള്‍ അകന്നുപോകുന്നു.'' (അസ്സജദ 12)

സ്വന്തം ദേഹത്തെ അല്ലാഹുവിലേക്ക്‌ സമര്‍പ്പിക്കലാണ്‌ നമസ്‌കാരമെങ്കില്‍ സ്വന്തം ധനത്തെ അല്ലാഹുവിലേക്ക്‌ സമര്‍പ്പിക്കലാണ്‌ സകാത്ത്‌. വര്‍ഷാന്തരങ്ങളുടെ പഴക്കമുള്ള ഒരു വംശാവലിയിലെ കണ്ണിയാണ്‌ താനെന്ന്‌ മുസ്‌ലിമിനെ സകാത്ത്‌ ഓര്‍മിപ്പിക്കുന്നു. ഒന്നിലും തനിക്ക്‌ ഉടമസ്ഥാവകാശമില്ലെന്നും ലോകരക്ഷിതാവിന്റെ നിര്‍ണയങ്ങളാണ്‌ ജീവിതത്തെയും ജീവിതവിഭവങ്ങളെയും നിര്‍ണയിക്കുന്നതെന്നും ഈ ഇബാദത്ത്‌ തെളിയിക്കുന്നു. അവകാശിയായ ഒരാളെയും സകാത്തില്‍ നിന്ന്‌ അല്ലാഹു തടയുന്നില്ല. വ്യക്തിയുടെ ആത്മശുദ്ധീകരണത്തിന്റെ മുന്നുപാധിയാണ്‌ സകാത്ത്‌. ``അവരെ സംസ്‌കരിക്കുകയും ശുദ്ധിയാക്കുകയും ചെയ്യുന്ന സ്വദഖ അവരുടെ മുതലുകളില്‍ നിന്ന്‌ പിടിച്ചെടുക്കുക'' (അത്തൗബ 103) എന്നാണ്‌ നിര്‍ദേശം. നല്‍കുന്നതോടെ വിശുദ്ധി കൈവരുന്നു എന്നതാണ്‌ സകാത്തിന്റെ വലിയ സവിശേഷത. അഥവാ, ഇബാദത്തുകളോരോന്നും ഉന്നംവെച്ചിട്ടുള്ള ആത്മസംസ്‌കരണം സകാത്തിലും പ്രകടമാണ്‌. സ്വൂഫിസത്തിന്റെ വിശകലനരീതിയില്‍ സകാത്തിന്‌ അര്‍ഹരാകുന്നവരുടെ വിശുദ്ധ ജീവിതത്തെ മാത്രമാണ്‌ കാണുന്നത്‌. എന്നാല്‍ തസ്വവ്വുഫിലൂടെ സാധിക്കുമെന്ന്‌ പറയുന്ന ആത്മശുദ്ധി, സകാത്ത്‌ നല്‍കാന്‍ ബാധ്യസ്ഥനായ സമ്പന്നനും കൈവരിക്കാനാകുമെന്ന്‌ ഖുര്‍ആന്‍ ഉണര്‍ത്തുന്നു. ദാരിദ്ര്യമാണ്‌ സംസ്‌കരണത്തിന്റെ വഴിയെന്ന സ്വൂഫിസത്തിന്റെ വാദത്തെയാണ്‌ ഖുര്‍ആന്‍ ഖണ്ഡിക്കുന്നത്‌. എല്ലാ ജീവിതസുഖങ്ങളെയും ഭൗതികബന്ധങ്ങളെയും വിച്ഛേദിച്ച്‌ കഴിഞ്ഞുകൂടുമ്പോള്‍ മാത്രമല്ല, സ്വഫാഅ്‌ (പരിശുദ്ധി) കൈവരുക എന്ന്‌ ചുരുക്കം.

ഐഹികമോഹങ്ങളില്‍ നിന്നുള്ള മോചനമാണ്‌ റമദാനിലെ വ്രതത്തിലൂടെ പരിശീലിപ്പിക്കപ്പെടുന്നത്‌. ഭക്ഷണം, വികാരമോഹങ്ങള്‍ എന്നിവയെ നോമ്പുസമയത്ത്‌ പാടെ തിരസ്‌കരിച്ച്‌, ഉപേക്ഷിക്കലിന്റെ പാഠങ്ങള്‍ പരിശീലിപ്പിക്കുന്നു. പാര്‍പ്പിടം, കുടുംബം, മക്കള്‍, സമ്പത്ത്‌, ജോലി തുടങ്ങിയ സുപ്രധാനമെന്ന്‌ നാം വിചാരിക്കുന്ന ഭൗതിക കൗതുകങ്ങളെക്കുറിച്ചുള്ള വിചാരങ്ങള്‍ക്ക്‌ നോമ്പ്‌ താല്‍ക്കാലിക അവധി നല്‍കുന്നു. ഇവയെല്ലാം ആത്യന്തികമായി ഉപേക്ഷിക്കണമെന്നല്ല, ഇവയെല്ലാം നഷ്‌ടപ്പെടാനുള്ളതാണെന്ന്‌ ഉണര്‍ത്തല്‍ -ശാശ്വതം പരലോകമാണെന്ന വലിയപാഠം. അതാണ്‌ റമദാന്‍ വ്രതത്തിന്റെ കാമ്പും കാതലും. ഭക്ഷണം, വീട്‌, വികാരം എന്നിങ്ങനെയുള്ള നമ്മുടെ ചിന്താമണ്ഡലത്തെ കീഴടക്കിയ വിഷയങ്ങള്‍ മറന്ന്‌, അത്രകൂടി സമയം അല്ലാഹുവിനെയും പരലോകത്തെയും സ്വന്തം ജീവിതവഴികളെയും സംബന്ധിച്ച്‌ ഓര്‍ക്കാനും തിരുത്താനുമുള്ള പരിശീലനമെന്ന്‌ നോമ്പിനെ വിളിക്കാം. അങ്ങനെയാവുമ്പോള്‍ ഇസ്‌ലാം വിഭാവന ചെയ്യുന്ന സുഹ്‌ദ്‌ അഥവാ ഐഹിക വിരക്തിയുടെ മികച്ച പാഠവും പരിശീലനവുമാണ്‌ നോമ്പ്‌. മറ്റൊരാള്‍ക്ക്‌ കാണാനാകാത്ത രഹസ്യ ആരാധനയാണ്‌ നോമ്പ്‌. സ്വകാര്യ ജീവിതത്തിന്റെ സൂക്ഷ്‌മ സന്ദര്‍ഭങ്ങളിലും അല്ലാഹുവിനെ ഭയപ്പെടാനുള്ള ശീലം നോമ്പിലൂടെ നമ്മില്‍ വളരുന്നത്‌ അങ്ങനെയാണ്‌.

വീടും കുടുംബവും മാത്രമല്ല, സ്വന്തം ദേശത്തെ വരെ തിരസ്‌കരിക്കാനുള്ള മനോനിലയാണ്‌ ഹജ്ജ്‌. മനുഷ്യനെ സ്വാര്‍ഥനും അഹങ്കാരിയുമാക്കുന്ന എല്ലാ ഭൗതികാലങ്കാരങ്ങളെയും ഉപേക്ഷിച്ച്‌, ഒറ്റത്തുണിയുടുത്ത്‌, പരിവ്രാജകനായി അല്ലാഹുവിലേക്ക്‌ ചേരാന്‍ തയ്യാറാകുന്ന അസുലഭമായ അവസരമാണത്‌. മഹ്‌ശറാ സഭയെ ഓര്‍മിപ്പിക്കുന്ന, ഏകശൈലിയിലുള്ള മഹാസംഗമം. ഭരണാധികാരികള്‍ അതിരിട്ടു സൂക്ഷിച്ച എല്ലാ അതിര്‍ത്തികളെയും ഭേദിച്ച്‌ വിശ്വമാനവികതയുടെ സാരസന്ദേശമായി അവര്‍ മക്കയിലെത്തുന്നു. മാറിത്താമസിച്ച മക്കള്‍ തറവാട്ടിലേക്ക്‌ തിരിച്ചുവരുന്ന ഹൃദയപുളകമാണ്‌ ഹജ്ജ്‌.

ആന്തരികമായ സ്വസ്ഥതയാണ്‌ ആത്മീയത. ഭൗതികമായ എല്ലാ പ്രലോഭനങ്ങളില്‍ നിന്നും അത്‌ വ്യക്തിയെ മോചിപ്പിക്കുകയും വിമലീകരിക്കുകയും ചെയ്യുന്നു. അദൃശ്യമെങ്കിലും അസദൃശമായ വിശ്വാസത്തിന്റെ ചരടില്‍ നില്‌പുറപ്പിച്ച വ്യക്തി അനുഭവിക്കുന്ന ആനന്ദവും ആത്മീയോല്‍ക്കര്‍ഷവും അളവറ്റതാണ്‌. അതുതന്നെയാണ്‌ ആത്മീയതയുടെ ഒന്നാമത്തെ സത്യം. സ്ഥലകാല ബന്ധിതമല്ല ഈ ആനന്ദം. സകല ജീവിതാവസ്ഥകളിലും അനുഭവിക്കാവുന്ന സ്വസ്ഥതയാണ്‌. ആന്തരികമായ അച്ചടക്കവും പക്വമായ ജീവിത വീക്ഷണവും അതിലൂടെ കൈവരുന്നു. ഉള്ളിന്റെയുള്ളിലേക്ക്‌ പടര്‍ന്ന വിശ്വാസത്തിന്റെ വൈപുല്യം എല്ലാ കളങ്കങ്ങളില്‍ നിന്നും നമ്മെ പറിച്ചെടുക്കുന്നു. വ്യക്തിത്വത്തിന്റെ പുതുമയും വിശ്വാസത്തിന്റെ രുചിയും അനുഭവിക്കാന്‍ സാധിക്കുന്നത്‌ അത്തരക്കാര്‍ക്കാണ്‌. അവര്‍ ആരുമാകട്ടെ, ഈ ആനന്ദം അനുഭവിച്ചിരിക്കും. പര്‍ണശാലകളിലോ ധ്യാനപ്പുരകളിലോ വസിക്കുന്ന സംന്യാസശ്രേഷ്‌ഠര്‍ക്കും `ഔലിയാക്കള്‍'ക്കും മാത്രം സാധിക്കുന്നതാണ്‌ സമ്പൂര്‍ണ സാധനയും ആത്മീയ സുഖവുമെന്ന വാദവും വസ്‌തുതാപരമായി ശരിയല്ല. അങ്ങനെയാണെങ്കില്‍ ജീവസ്‌പര്‍ശമില്ലാത്ത ആകാശാനുഭവമായി ഇസ്‌ലാം ചെറുതാകും. അതിസാധാരണക്കാരനായ വിശ്വാസിക്കു പോലും ലഭിക്കുന്ന ജീവിതാനന്ദമായിരിക്കണം മതവും മതം നല്‌കുന്ന ആത്മീയാനുഭവവും. ഖുര്‍ആന്‍ വിശദമാക്കുന്ന ആത്മീയത ഈ അര്‍ഥത്തിലുള്ളതാണ്‌. അതിലേക്കുള്ള നടപ്പാതയാണ്‌ ആരാധനാകര്‍മങ്ങള്‍.

വ്യക്തിയുടെ സ്വകാര്യതലങ്ങളെ സൂക്ഷ്‌മമായി സംശുദ്ധീകരിക്കുന്നതോടൊപ്പം ആ വ്യക്തിയുള്‍പ്പെടുന്ന ചുറ്റുപാടിനെയും കളങ്കമറ്റ ജീവിതാവസ്ഥയിലേക്ക്‌ നയിക്കാനുതകുന്ന ആത്മീയ ശിക്ഷണമാണ്‌ ഇസ്‌ലാമിന്റേത്‌. ആരാധനകള്‍ അത്തരമൊരു ദൗത്യം നിര്‍വഹിക്കുന്നുണ്ട്‌. തികച്ചും സ്വകാര്യമായ സ്വാസ്ഥ്യം ആകുമ്പോള്‍ തന്നെ സമൂഹസ്‌പര്‍ശമുള്ള ജീവിതവീക്ഷണമായി മുസ്‌ലിമിന്റെ ആത്മീയത ഉയര്‍ന്നുനില്‍ക്കുന്നു. ആത്മീയ ശിക്ഷണം ലഭിച്ച മുസ്‌ലിമിന്‌ കറകളഞ്ഞ സ്വകാര്യജീവിതവും സാമൂഹിക ബന്ധങ്ങളും നിലനിര്‍ത്താന്‍ സാധിക്കുന്നു. അയാള്‍ വിവാഹിതനാണ്‌, പിതാവാണ്‌, തൊഴിലാളിയോ മുതലാളിയോ ആണ്‌. സാമൂഹിക ബന്ധങ്ങളൊന്നും അയാള്‍ക്ക്‌ അന്യമല്ല. എന്നാല്‍ അവയൊന്നും അയാളെ കീഴടക്കുന്നില്ല. അവയോടൊപ്പം ജീവിക്കുമ്പോള്‍ തന്നെ അവയ്‌ക്കുമീതെ അയാള്‍ വികസിക്കുന്നു. ആ വികാസം ലഭിക്കുന്നത്‌ `വിശ്വാസവും സല്‍കര്‍മങ്ങളും' കൊണ്ടാണ്‌. ഇസ്‌ലാമിക ആത്മീയതയുടെ അടിക്കല്ലാണ്‌ `വിശ്വാസവും സല്‍പ്രവര്‍ത്തനങ്ങളും.'

ശരീരവും ആത്മാവും ചേര്‍ന്നതാണ്‌ മനുഷ്യന്റെ അസ്‌തിത്വം. ഒന്ന്‌ ഉപേക്ഷിച്ച്‌ മറ്റൊന്നില്ല. രണ്ടിനോടും സന്തുലിതവും സമുചിതവുമായ സമീപനം പുലര്‍ത്തുമ്പോഴാണ്‌ ആത്മീയതയുടെ ഒന്നത്യം സാധിക്കുന്നത്‌. ദൈവസാമീപ്യം ലഭിക്കാന്‍ എല്ലാ ശരീര സുഖങ്ങളെയും ലൗകികാനുഗ്രഹങ്ങളെയും ഉപേക്ഷിച്ച്‌ വള്ളിക്കുടിലില്‍ ധ്യാനനിരതരായി ഇരിക്കുന്നവരും ആത്മാവിനെ തീര്‍ത്തും അവഗണിച്ച്‌ ഭൗതികസുഖങ്ങളില്‍ മുഴുകുന്നവരും ഇസ്‌ലാമിക വീക്ഷണത്തില്‍ -മനുഷ്യപ്രകൃതിയോട്‌ നീതി പുലര്‍ത്താത്തവരാണ്‌. അതിരുവിട്ട തസ്വവ്വുഫ്‌ പോലെ അപകടകരമാണ്‌ അമിതമായ ഭൗതികാനന്ദവും.

ഐഹികതയുടെ അലങ്കാരങ്ങളാണ്‌ ആത്മീതയയെ തകര്‍ക്കുന്നത്‌. ഭൗതികമോഹങ്ങള്‍ പെരുകുമ്പോള്‍ ആത്മീയതയുടെ സുഖം നഷ്‌ടപ്പെടും. അങ്ങനെ വരുമ്പോള്‍ ആത്മീയതപോലും ഭൗതികവല്‌കരിക്കപ്പെടും. ഭൂമിയില്‍ ജീവിക്കുകയും ആ ജീവിതം കൊണ്ട്‌ മറ്റൊരു ലോകം വിജയകരമാക്കുകയും ചെയ്യലാണ്‌ യഥാര്‍ഥത്തില്‍ ആത്മീയത. അങ്ങനെയുള്ളവര്‍ക്ക്‌ ഭൂമിയും ഭൗതികലാഭങ്ങളും അത്ര പ്രധാനമായിത്തോന്നുകയില്ല.

വ്രതം അടക്കമുള്ള എല്ലാആരാധനാകര്‍മങ്ങളും ഈ വഴിക്കുള്ള ആലോചനകളാണ്‌ പകര്‍ന്നുതരുന്നത്‌. കേടുവന്ന കാലത്തെ കഴുകിത്തുടയ്‌ക്കാനുള്ള ഇടവേളയാണ്‌ വ്രതകാലം. ഈ കാലം പുനരുജ്ജീവിപ്പിക്കുന്ന ഹൃദയാനന്ദത്തെ കുറവു പറ്റാതെ നിലനിര്‍ത്താന്‍ സാധിക്കണം. നിലനില്‍ക്കുന്ന ഹൃദയാനന്ദമാണ്‌ ഇസ്‌ലാമിലൂടെ ലഭിക്കുന്നത്‌. മയക്കമോ മരണമോ ഇല്ലാത്ത രക്ഷിതാവിലുള്ള വിശ്വാസം അല്‍പനേരത്തേക്കുള്ളതല്ലല്ലോ. നിമിഷാനിമിഷങ്ങളില്‍ സജീവമാകേണ്ടതാണ്‌. അപ്പോള്‍ അതിലൂടെ ലഭിക്കുന്ന സ്വസ്ഥതയും സമ്പൂര്‍ണമാണ്‌. ഇന്ന്‌ വ്യാപകമായിക്കൊണ്ടിരിക്കുന്ന ആത്മീയശാലകളില്‍ നിന്ന്‌ ലഭിക്കുന്നത്‌ ഏതാനും നിമിഷത്തേക്കുള്ള ഹൃദയസുഖമാണ്‌. ആത്മീയഗുരുവിന്റെ സമീപമിരിക്കുമ്പോള്‍ മാത്രം കിട്ടുന്ന നിര്‍വൃതി, തീവ്രവീര്യമുള്ള വേദനാസംഹാരിയുടെ ഫലം അതിനുമുണ്ടാകും. എന്നാല്‍ അതേ ഉപാധിവരുത്തുന്ന വിനകള്‍ ഇതിലും ബാക്കിയായി കിടക്കും. പ്രകടമായ ചില അലങ്കാരങ്ങളും അടയാളങ്ങളും മാത്രമാണ്‌ ആത്മീയത എന്ന്‌ തെറ്റുധരിച്ച കാലമാണ്‌ നമ്മുടേത്‌. സാധാരണ ജനങ്ങളില്‍ നിന്ന്‌ വേഷംകൊണ്ടും ജീവിതംകൊണ്ടും വ്യത്യസ്‌തരായ ഏതാനുംപേര്‍ക്ക്‌ വീതംവെച്ച വിഭവമായി ആത്മീയതയെ ചുരുട്ടിക്കെട്ടുന്നു. ലക്ഷക്കണക്കിന്‌ ജനങ്ങളും പണവും കുത്തിയൊഴുകുന്ന ഉത്സവമായി ആത്മീയത വാണിജ്യവല്‌കരിക്കപ്പെടുന്നു! ധ്യാനോത്സവങ്ങളെക്കാളും പ്രാര്‍ഥനാ സമ്മേളനങ്ങളെക്കാളും ജീവനകലയെക്കാളും മുകളിലാണ്‌ യഥാര്‍ഥ ആത്മീയത. ആരാധനകളുടെ സാരസൗന്ദര്യത്തില്‍ മുളയ്‌ക്കുകയും ജീവിത വഴിവളിലേക്കെല്ലാം പടര്‍ന്നുകയറുകയും ചെയ്യുന്ന മഹത്വത്തിന്റെ മാമരമാണ്‌ ആത്മീയത.

0 comments:

 

തർബിയ

അശുദ്ധിയില്ലാത്ത മനസ്സും അഴകുള്ള ജീവിതവും കൈവരുമ്പോൾ മാത്രമേ ഒരാളുടെ ഇസ്‌ലാമിക വ്യക്തിത്വം അർഥപൂർണമാവൂ. വിശുദ്ധ ഖുർ‌ആനും തിരുനബി(സ)യുടെ സാരോപദേശങ്ങളും ഈ വഴിക്കാണ് നമ്മെ നയിക്കുന്നത്. വ്യക്തി എന്ന നിലയിലും കുടുംബ-സാമൂഹിക മേഖലകളിലെ അംഗമെന്ന നിലയിലും പാലിക്കേണ്ട നിർദേശ തത്വങ്ങളുടെ സംഗ്രഹമാണ് ഇസ്‌ലാം. ആദർശ നിഷ്‌ഠയും ആത്മശുദ്ധിയുമുള്ള ഒരു സമൂഹത്തെയാണ് ഇസ്‌ലാം വളർത്തിയെടുക്കുന്നത്. നിലവിലുള്ളതിൽ നിന്ന് കൂടുതൽ മികച്ച മറ്റൊരവസ്ഥയിലേക്ക് എത്തിക്കുക എന്ന പ്രക്രിയയാണ് അത്. പ്രവാചക തിരുമേനി(സ)യുടെ നിയോഗ ലക്ഷ്യമായ ‘തസ്‌കിയത്തി’ന് ഇങ്ങനെയൊരർഥം കൂടിയുണ്ട്. ഇസ്‌ലാമിക പ്രമാണങ്ങളെയും ചരിത്ര പാഠങ്ങളെയും മുൻ‌നിർത്തി ആത്മശുദ്ധീകരണപ്രധാനമായ ആലോചനകളാണ് ഈ ബ്ലോഗിലുള്ള കുറിപ്പുകൾ.

ഇസ്‌ലാം
ജീവിത ശുദ്ധീകരണത്തിന്റെ പുതുമഴയാണ്.
വ്യക്തിത്വത്തിന് ചന്തമുള്ള വഴിയാണ്.
വിശ്വാസിയെ അത് ശാന്തനും പോരാളിയുമാക്കുന്നു.
ഉള്ളും പുറവും സ്‌ഫടിക സുന്ദരമാക്കുന്നു.
സദ്‌ഗുണങ്ങളിലൂടെ സംസ്കാര സമ്പന്നമാക്കുന്നു.

സ്വസ്ഥമായിരുന്ന് സ്വന്തത്തെക്കുറിച്ചാലോചിക്കാൻ ഇതാ അല്പം ചിന്തകൾ.....

Usage Policies