this site the web

ഉണര്‍ത്തുന്ന ഉപദേശങ്ങള്‍

അബ്‌ദുല്‍വദൂദ്‌ 

മാം ശാഫിഈയുടെ ഉപദേശങ്ങള്‍ അര്‍ഥവത്താണ്‌. വിജ്ഞാനവും ജീവിതാനുഭവങ്ങളും സമ്മേളിക്കുന്ന സംക്ഷിപ്‌ത വാക്യങ്ങളാണവ.

അവയില്‍ നിന്ന്‌ ചിലത്‌:

മരണകാരണമായ രോഗം ബാധിച്ച്‌ കിടപ്പിലായ ഇമാമിനെ കാണാനെത്തിയ സുഹൃത്തുക്കളോട്‌ അദ്ദേഹം പറഞ്ഞു: “ഞാന്‍ ദുന്‍യാവിനോട്‌ വിട പറയുകയാണ്‌. സ്‌നേഹിതരെ പിരിയുകയാണ്‌. എന്റെ കര്‍മങ്ങളുടെ ഫലം അനുഭവിക്കാന്‍ പുറപ്പെടുകയാണ്‌. മരണത്തിന്റെ പാനപാത്രം കുടിക്കാനിരിക്കുകയാണ്‌. നാഥന്റെ അടുത്ത്‌ ചെല്ലുകയാണ്‌. എന്റെ ആത്മാവ്‌ സ്വര്‍ഗത്തിലോ നരകത്തിലോ -എവിടെയാണെത്തുകയെന്നറിയില്ല.”

***

ഇമാം ശാഫിഈയും ശിഷ്യരും അങ്ങാടിയിലൂടെ നടന്നുപോകുമ്പോള്‍ ഒരാള്‍ മറ്റൊരാളെ ചീത്തവിളിക്കുന്നത്‌ കേട്ടു. അപ്പോള്‍ ഇമാം ശിഷ്യരോട്‌ പറഞ്ഞു: “അങ്ങോട്ട്‌ ശ്രദ്ധിക്കേണ്ട. അനാവശ്യം പറയുന്നതുപോലെ തന്നെ അത്‌ കേള്‍ക്കുന്നതും തെറ്റാണ്‌. കേള്‍ക്കുന്നവന്‍ പറയുന്നവന്റെ പങ്കുകാരനാണ്‌. ദുഷ്‌ടന്റെ പാത്രത്തിലെ മോശമായ വസ്‌തു നിങ്ങളുടെ പാത്രത്തിലും ഇട്ടുതരാനായിരിക്കും ശ്രമിക്കുക. അവന്റെ വാക്ക്‌ അവഗണിക്കുക. അതാണ്‌ നല്ലത്‌. അവനെപ്പോലെ തിരിച്ചുപറയുന്നതും വിഡ്‌ഢിത്തം!”

***

മറ്റു ചില സന്ദര്‍ഭങ്ങളില്‍ ഇമാം പറഞ്ഞു: “ഞാന്‍ പ്രചരിപ്പിക്കുന്ന വിജ്ഞാനം ആളുകള്‍ക്ക്‌ ഉപകാരപ്പെടണമെന്നാണ്‌ ഞാന്‍ ആഗ്രഹിക്കുന്നത്‌. അല്ലാതെ അതുകൊണ്ട്‌ എനിക്കെന്തെങ്കിലും നേട്ടമുണ്ടാകണമെന്ന്‌ മോഹമില്ല.”

“ആരോടെങ്കിലും എന്തെങ്കിലും സംസാരിക്കുമ്പോള്‍ എന്റെ ഒരേയൊരു ഉദ്ദേശ്യം, അയാള്‍ നന്നാവണം, ശരിയായ വഴിയിലേക്ക്‌ വരണം, അയാള്‍ക്ക്‌ അല്ലാഹുവിന്റെ സംരക്ഷണം ലഭിക്കണം എന്ന്‌ മാത്രമാണ്‌.”

“എതിരാളി തോല്‍ക്കണം എന്ന ആഗ്രഹത്തോടെ ഞാനൊരിക്കലും വാദപ്രതിവാദം നടത്താറില്ല.”

“നീ ചെയ്യുന്ന കാര്യങ്ങളില്‍ നിനക്ക്‌ അഹങ്കാരമുണ്ടാകുമോ എന്ന്‌ ഭയം തോന്നിയാല്‍ താഴെ പറയുന്ന കാര്യങ്ങള്‍ ചിന്തിക്കണം. നീ തേടുന്ന ദൈവപ്രീതി, നീ ആഗ്രഹിക്കുന്ന പ്രതിഫലം, നീ ഭയപ്പെടുന്ന ശിക്ഷ, നീ സന്തോഷത്തോടെ ഓര്‍ക്കുന്ന നിന്റെ ആരോഗ്യം, ഭയത്തോടെ ഓര്‍ക്കുന്ന ദുരിതം. ഇവയിലേതെങ്കിലുമൊന്ന്‌ ഓര്‍ത്താല്‍ നിന്റെ കര്‍മം വളരെ നിസ്സാരമാണെന്ന്‌ മനസ്സിലാകും. അഹങ്കരമില്ലാതാകും.”

“ദുന്‍യാവിനെയും അല്ലാഹുവിനെയും ഒരുപോലെ സ്‌നേഹിക്കുന്നു എന്ന്‌ പറയുന്നവന്‍ നുണയാണ്‌ പറയുന്നത്‌. രണ്ടിനെയും ഒരുപോലെ സ്‌നേഹിക്കാന്‍ കഴിയില്ല.”

“എട്ടു കൂട്ടര്‍ എട്ട്‌ ആവശ്യവുമായി എന്നെ നിരന്തരം വളഞ്ഞുകൊണ്ടിരിക്കുന്നു; അല്ലാഹുവിന്റെ ഗ്രന്ഥം: അതനുസരിച്ച്‌ ജീവിക്കാന്‍. നബിചര്യ: അത്‌ പിന്‍പറ്റുവാന്‍. പിശാച്‌: അല്ലാഹുവെ ധിക്കരിക്കുവാന്‍. എന്റെ കുടുംബം: ആഹാരം സമ്പാദിക്കാന്‍. എന്റെ ശരീരം: കുറേ മോഹങ്ങളുമായി. കാലം: കുറേ ആവശ്യങ്ങളുമായി. മരണത്തിന്റെ മലക്ക്‌: എന്റെ ആത്മാവിനെ പിടിക്കാനൊരുങ്ങിക്കൊണ്ട്‌.”

“എന്റെ ജീവിതത്തില്‍ മൂന്നുപ്രാവശ്യം ഞാന്‍ കടുത്ത ദാരിദ്ര്യത്തില്‍ പെട്ടിട്ടുണ്ട്‌. അന്ന്‌ സര്‍വതും നുള്ളിപ്പെറുക്കി വിറ്റു. ഭാര്യയുടെയും മക്കളുടെയും ആഭരണങ്ങള്‍പോലും. എന്നാല്‍ അവയൊരിക്കലും ഞാന്‍ പണയം വെച്ചിട്ടില്ല.”

“16 വര്‍ഷമായി ഞാന്‍ വയറുനിറയെ ഭക്ഷണം കഴിച്ചിട്ട്‌. വയറുനിറഞ്ഞാല്‍ പല ദോഷങ്ങളുമുണ്ട്‌. ഭാരം കൂടും. മനസ്സ്‌ ദുഷിക്കും. ബുദ്ധി കുറയും. ഉറക്കം വരും. ഇബാദത്തില്‍ താല്‍പര്യംകുറയും.”

(മുഹമ്മദ്‌ അഫീഫുസ്സഅബിയുടെ ദീവാനുല്‍ ഇമാമിശ്ശാഫിഈ, മുഹമ്മദുല്‍ ഹജ്ജാറിന്റെ സമീറുല്‍ മുഅ്‌മിനീന്‍ എന്നീ ഗ്രന്ഥങ്ങളില്‍ നിന്ന്‌)

0 comments:

 

തർബിയ

അശുദ്ധിയില്ലാത്ത മനസ്സും അഴകുള്ള ജീവിതവും കൈവരുമ്പോൾ മാത്രമേ ഒരാളുടെ ഇസ്‌ലാമിക വ്യക്തിത്വം അർഥപൂർണമാവൂ. വിശുദ്ധ ഖുർ‌ആനും തിരുനബി(സ)യുടെ സാരോപദേശങ്ങളും ഈ വഴിക്കാണ് നമ്മെ നയിക്കുന്നത്. വ്യക്തി എന്ന നിലയിലും കുടുംബ-സാമൂഹിക മേഖലകളിലെ അംഗമെന്ന നിലയിലും പാലിക്കേണ്ട നിർദേശ തത്വങ്ങളുടെ സംഗ്രഹമാണ് ഇസ്‌ലാം. ആദർശ നിഷ്‌ഠയും ആത്മശുദ്ധിയുമുള്ള ഒരു സമൂഹത്തെയാണ് ഇസ്‌ലാം വളർത്തിയെടുക്കുന്നത്. നിലവിലുള്ളതിൽ നിന്ന് കൂടുതൽ മികച്ച മറ്റൊരവസ്ഥയിലേക്ക് എത്തിക്കുക എന്ന പ്രക്രിയയാണ് അത്. പ്രവാചക തിരുമേനി(സ)യുടെ നിയോഗ ലക്ഷ്യമായ ‘തസ്‌കിയത്തി’ന് ഇങ്ങനെയൊരർഥം കൂടിയുണ്ട്. ഇസ്‌ലാമിക പ്രമാണങ്ങളെയും ചരിത്ര പാഠങ്ങളെയും മുൻ‌നിർത്തി ആത്മശുദ്ധീകരണപ്രധാനമായ ആലോചനകളാണ് ഈ ബ്ലോഗിലുള്ള കുറിപ്പുകൾ.

ഇസ്‌ലാം
ജീവിത ശുദ്ധീകരണത്തിന്റെ പുതുമഴയാണ്.
വ്യക്തിത്വത്തിന് ചന്തമുള്ള വഴിയാണ്.
വിശ്വാസിയെ അത് ശാന്തനും പോരാളിയുമാക്കുന്നു.
ഉള്ളും പുറവും സ്‌ഫടിക സുന്ദരമാക്കുന്നു.
സദ്‌ഗുണങ്ങളിലൂടെ സംസ്കാര സമ്പന്നമാക്കുന്നു.

സ്വസ്ഥമായിരുന്ന് സ്വന്തത്തെക്കുറിച്ചാലോചിക്കാൻ ഇതാ അല്പം ചിന്തകൾ.....

Usage Policies