this site the web

താക്കോല്‍ പൂട്ടാനുമുള്ളതാണ്‌

അബ്‌ദുല്‍ വദൂദ്   

ജലീല്‍ അഹ്‌സന്‍ നദ്‌വിയുടെ റാഹേ അമലില്‍ ഉദ്ധരിക്കുന്ന ഒരു തിരുവചനം: “തിരുനബി(സ) അരുളുന്നു: അന്ത്യദിനത്തില്‍ അല്ലാഹു തന്റെ ഒരടിമയെ അഭിമുഖീകരിച്ച്‌ ചോദിക്കുന്നു: നിനക്ക്‌ നാം മാന്യതയും നേതൃത്വവും നല്‌കിയില്ലേ? നിനക്ക്‌ നാം ഇണയെ നല്‌കിയില്ലേ? വാഹനങ്ങള്‍ നല്‌കിയില്ലേ? നേട്ടമുണ്ടാക്കാനുള്ള അവസരങ്ങള്‍ നല്‌കിയില്ലേ? ഓരോ ചോദ്യത്തിനും ‘അതെ’ എന്നയാള്‍ ഉത്തരം പറയും. അല്ലാഹു വീണ്ടും ചോദിക്കും: നമ്മെ കണ്ടുമുട്ടുമെന്ന്‌ നീ വിചാരിച്ചിരുന്നുവോ? ഇല്ല എന്നയാള്‍ മറുപടി പറയും. അപ്പോള്‍ അല്ലാഹുവിന്റെ മറുപടി ഇങ്ങനെ: നീ അന്ന്‌ എന്നെ മറന്നതുപോലെ ഇന്ന്‌ ഞാന്‍ നിന്നെയും മറക്കുന്നു. ശേഷം മറ്റൊരാളെ അഭിമുഖീകരിക്കുന്നു. അയാളുമായുള്ള സംഭാഷണവും ആദ്യത്തേതു പോലെ തന്നെ. മൂന്നാമതൊരാളെ അഭിമുഖീകരിക്കുന്നു. ഇതേ ചോദ്യങ്ങള്‍ അല്ലാഹു ചോദിക്കുമ്പോള്‍ അയാള്‍ പറയും: നാഥാ, ഞാന്‍ നിന്നിലും നിന്റെ വേദത്തിലും പ്രവാചകരിലും വിശ്വസിക്കുന്നു. നമസ്‌കാരവും നോമ്പും ദാനധര്‍മങ്ങളും അനുഷ്‌ഠിച്ചു. കഴിയുന്നത്ര പുണ്യകര്‍മങ്ങള്‍ ചെയ്‌തു. ഈ വാക്കുകള്‍ അയാള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കും. അപ്പോള്‍ അല്ലാഹു പറയും: നിര്‍ത്തുക! നിനക്കെതിരെ ഇപ്പോള്‍ തന്നെ ഞാന്‍ സാക്ഷിയെ കൊണ്ടുവരും! അപ്പോള്‍ അയാള്‍ ആലോചിക്കും: ആരായിരിക്കും എനിക്കെതിരെ ഇവിടെ സാക്ഷിയായി വരിക? അപ്പോഴതാ, അയാളുടെ വായക്ക്‌ സീല്‍വെക്കുന്നു! തുടയോട്‌ ‘സംസാരിക്കുക’ എന്നാജ്ഞാപിക്കുന്നു. അപ്പോള്‍ അയാളുടെ തുടയും മാംസവും എല്ലും അയാളുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി സംസാരിക്കുന്നു! അവന്‍ ഒഴികഴിവ്‌ പറയാതിരിക്കാനാണ്‌ അങ്ങനെ ചെയ്യുന്നത്‌. അവന്‍ കപടനാണ്‌. അവനു മേല്‍ അല്ലാഹുവിന്റെ കോപമുണ്ട്‌.” മുസ്‌ലിം ഉദ്ധരിക്കുന്ന ഈ തിരുവചനം ഭയപ്പെടുത്തുന്ന സന്ദേശങ്ങളാണ്‌ പകരുന്നത്‌. ഇഹലോകത്ത്‌ അനുഗ്രഹങ്ങളായി കിട്ടിയ അവയവങ്ങള്‍ പരലോകത്ത്‌ എതിര്‍സാക്ഷികളായി തിരിഞ്ഞുകുത്തുന്നു!

കാഴ്‌ചയ്‌ക്കുള്ള അനുഗ്രഹമാണ്‌ കണ്ണ്‌. എല്ലാം കാണാനുള്ള അനുഗ്രഹമായിരിക്കുമ്പോള്‍ തന്നെ ചിലതൊന്നും കാണാതിരിക്കാനുള്ള അനുഗ്രഹം കൂടിയാണത്‌. നാവും കാതും കൈകാലുകളുമെല്ലാം ഇങ്ങനെ തന്നെ. ചിലതൊന്നും പറയാതെയും കേള്‍ക്കാതെയും ചെയ്യാതെയും ശീലിക്കുമ്പോള്‍ മാത്രമേ വിശ്വാസത്തിന്റെ സദ്വഴി പ്രാപിക്കാന്‍ കഴിയൂ. അഴുക്കുകള്‍ നിറഞ്ഞ കാലത്തിലൂടെയാണ്‌ നമ്മുടെയെല്ലാം സഞ്ചാരം. അഴുക്കിലൂടെ നീങ്ങുമ്പോഴും അഴുക്കൊന്നും നമ്മിലേക്ക്‌ തെറിക്കരുത്‌. പാപത്തിന്റെ പൊടിപടലങ്ങള്‍ നമ്മില്‍ പതിയരുത്‌. ഈ ജാഗ്രതയാണ്‌ തഖ്‌വ*.

അബ്‌ദുല്ലാഹിബ്‌നു മസ്‌ഊദ്‌(റ) പറയുന്നു: “സത്യം ഇച്ഛയെ നയിക്കുന്ന കാലത്താണ്‌ ഇപ്പോള്‍ നമ്മള്‍. ഇച്ഛ സത്യത്തെ നയിക്കുന്ന ഒരു കാലം ഇനി വരാനുണ്ട്‌. ആ കാലത്തില്‍ നിന്ന്‌ ഞാന്‍ അല്ലാഹുവിനോട്‌ അഭയം തേടുന്നു.” ഇബ്‌നുമസ്‌ഊദ്‌(റ) ഭയപ്പെട്ട ആ ദുഷിച്ച കാലത്താണ്‌ നാമിന്ന്‌ ജീവിക്കുന്നത്‌. മനസ്സും ശരീരവും തിന്മകള്‍ കൊതിക്കുകയും തിന്മകളിലേക്ക്‌ കുതിക്കുകയും ചെയ്യുന്ന കാലമാണിത്‌. പെരുകിപ്പരന്ന തിന്മകള്‍ക്കിടയിലൂടെയാണ്‌ ഓരോരുത്തരുടെയും ജീവിതം. കടുത്ത പോരാട്ടമാണ്‌ നമ്മില്‍ നിന്നുണ്ടാകേണ്ടത്‌. തിന്മകള്‍ക്കു മുന്നില്‍ തോറ്റു കൊടുക്കാന്‍ ആര്‍ക്കും കഴിയും. ജയിച്ചുകിട്ടാനാണ്‌ പ്രയാസം. ശൈഖ്‌ അബ്‌ദുല്‍ഖാദിര്‍ ജീലാനി(റ)യുടെ ഒരുപദേശമുണ്ട്‌: “മകനേ, ഹൃദയത്തിന്റെ കര്‍മം ഇല്ലാതെയുള്ള നാവിന്റെ സഞ്ചാരം സത്യസരണിയില്‍ ഒരു ചുവടും മുന്നോട്ടുവെക്കാന്‍ നിന്നെ സഹായിക്കില്ല. അവയവങ്ങളെ തെറ്റില്‍ നിന്ന്‌ തടയുക. ഹൃദയത്തെ ദുര്‍വിചാരങ്ങളില്‍ നിന്നകറ്റുക.” (അല്‍ഫത്‌ഹുര്‍റബ്ബാനി 29)

“തന്റെ നാഥന്റെ സന്നിധിയില്‍ ഹാജരാകേണ്ടി വരുമല്ലോ എന്ന്‌ ഭയപ്പെടുകയും ദേഹേച്ഛയില്‍ നിന്ന്‌ ആത്മാവിനെ തടയുകയും ചെയ്യുന്നവര്‍- സ്വര്‍ഗമാണ്‌ അവര്‍ക്കുള്ള അവസാന സങ്കേതം” (അന്നാസിആത്ത്‌ 40, 41) എന്ന ഖുര്‍‌ആന്‍ വചനമാണ്‌ നമ്മുടെ വിചാരങ്ങളെയും കര്‍മങ്ങളെയും നയിക്കേണ്ടത്‌. വാക്കും നോക്കും പ്രവൃത്തിയും അല്ലാഹുവിനോടുള്ള ഭയത്താല്‍ നിയന്ത്രിക്കപ്പെടണം. പ്രമുഖ താബിഈ പണ്ഡിതന്‍ അത്വാഉബ്‌നു റബീഅ്‌(റ) പുത്രന്‌ നല്‌കുന്ന ഉപദേശം അര്‍ഥവത്താണ്‌: “മകനേ നമ്മുടെ പൂര്‍വികര്‍ അനാവശ്യ സംസാരം ഇഷ്‌ടപ്പെട്ടിരുന്നില്ല. ദീനിനോ ദുന്‍യാവിനോ പ്രയോജനം ചെയ്യാത്തതെല്ലാം അനാവശ്യ സംസാരങ്ങളാണ്‌. ഖുര്‍ആന്‍ പഠിക്കുക, നല്ല പുസ്‌തകങ്ങള്‍ വായിക്കുക, നന്മ കല്‌പിക്കുക, തിന്മ തടയുക, വിജ്ഞാനം നേടുക, അത്യാവശ്യത്തിനു മാത്രം സംസാരിക്കുക.”

നാവിന്റെ കാര്യത്തിലുള്ള ഈ നിര്‍ദേശം മറ്റ്‌ അവയവങ്ങള്‍ക്കും ബാധകമാണ്‌. അല്ലാഹു നല്‌കിയ ഒരനുഗ്രഹം അതേ അല്ലാഹുവിനെ മറന്നുപോകാന്‍ കാരണമാകരുത്‌. കണ്ണുകൊണ്ട്‌ എല്ലാം കാണുമ്പോള്‍ തന്നെ ചിലതൊന്നും കാണാതിരിക്കുകയും ചെയ്യുമ്പോള്‍ അല്ലാഹു എന്ന ഓര്‍മ നമ്മെ സ്വാധീനിക്കുന്നുണ്ടെന്നാണ്‌ അര്‍ഥം. ഓര്‍ക്കുക, താക്കോല്‍ തുറക്കാനുള്ളത്‌ മാത്രമല്ല, പൂട്ടാനുള്ളതു കൂടിയാണ്‌!

-----------
തഖ്‌വ = (ദൈവത്തിലുള്ള) ഭയഭക്തി

0 comments:

 

തർബിയ

അശുദ്ധിയില്ലാത്ത മനസ്സും അഴകുള്ള ജീവിതവും കൈവരുമ്പോൾ മാത്രമേ ഒരാളുടെ ഇസ്‌ലാമിക വ്യക്തിത്വം അർഥപൂർണമാവൂ. വിശുദ്ധ ഖുർ‌ആനും തിരുനബി(സ)യുടെ സാരോപദേശങ്ങളും ഈ വഴിക്കാണ് നമ്മെ നയിക്കുന്നത്. വ്യക്തി എന്ന നിലയിലും കുടുംബ-സാമൂഹിക മേഖലകളിലെ അംഗമെന്ന നിലയിലും പാലിക്കേണ്ട നിർദേശ തത്വങ്ങളുടെ സംഗ്രഹമാണ് ഇസ്‌ലാം. ആദർശ നിഷ്‌ഠയും ആത്മശുദ്ധിയുമുള്ള ഒരു സമൂഹത്തെയാണ് ഇസ്‌ലാം വളർത്തിയെടുക്കുന്നത്. നിലവിലുള്ളതിൽ നിന്ന് കൂടുതൽ മികച്ച മറ്റൊരവസ്ഥയിലേക്ക് എത്തിക്കുക എന്ന പ്രക്രിയയാണ് അത്. പ്രവാചക തിരുമേനി(സ)യുടെ നിയോഗ ലക്ഷ്യമായ ‘തസ്‌കിയത്തി’ന് ഇങ്ങനെയൊരർഥം കൂടിയുണ്ട്. ഇസ്‌ലാമിക പ്രമാണങ്ങളെയും ചരിത്ര പാഠങ്ങളെയും മുൻ‌നിർത്തി ആത്മശുദ്ധീകരണപ്രധാനമായ ആലോചനകളാണ് ഈ ബ്ലോഗിലുള്ള കുറിപ്പുകൾ.

ഇസ്‌ലാം
ജീവിത ശുദ്ധീകരണത്തിന്റെ പുതുമഴയാണ്.
വ്യക്തിത്വത്തിന് ചന്തമുള്ള വഴിയാണ്.
വിശ്വാസിയെ അത് ശാന്തനും പോരാളിയുമാക്കുന്നു.
ഉള്ളും പുറവും സ്‌ഫടിക സുന്ദരമാക്കുന്നു.
സദ്‌ഗുണങ്ങളിലൂടെ സംസ്കാര സമ്പന്നമാക്കുന്നു.

സ്വസ്ഥമായിരുന്ന് സ്വന്തത്തെക്കുറിച്ചാലോചിക്കാൻ ഇതാ അല്പം ചിന്തകൾ.....

Usage Policies