this site the web

മനോധൈര്യത്തിന്‌ ഒരു പ്രാര്‍ഥന

`അല്ലാഹുമ്മ ഇന്നീ അസ്‌അലുക ഈമാനന്‍ യുബാശിറു ഖല്‍ബീ വ യഖീനന്‍ സ്വാദിഖന്‍ ഹത്താ അഅ്‌ലമ അന്‍ ലാ യുസ്വീബനീ ഇല്ലാ മാ കത്തബ്‌തനീ വ രിദന്‍ ബിമാ കസബ്‌ത ലീ.'
(അല്ലാഹുവേ, ഹൃദയത്തില്‍ വേരൂന്നിയ ഈമാനും നീ വിധിച്ചതല്ലാതെ യാതൊരു വിപത്തും എന്നെ ബാധിക്കുകയില്ലെന്ന്‌ അറിയുന്നവിധം സത്യസന്ധമായ ദൃഢബോധ്യവും നീ എനിക്ക്‌ ഭാഗിച്ചു നല്‍കിയതില്‍ പൂര്‍ണ സംതൃപ്‌തിയോടെ ഞാന്‍ നിന്നോട്‌ ചോദിക്കുന്നു)




പടച്ചവനിലുള്ള വിശ്വാസം ശക്തമാകാനും അവന്റെ വിധികളിലും തീരുമാനങ്ങളിലും സംതൃപ്‌തിപ്പെട്ട്‌ ശാന്തി നിറഞ്ഞ ജീവിതം നയിക്കാനും നമുക്ക്‌ ശക്തിയും മനോധൈര്യവും പകര്‍ന്നുനല്‌കുന്ന ഒരു പ്രാര്‍ഥനയാണിത്‌. `മഖാമു ഇബ്‌റാഹീമി'ല്‍ വെച്ച്‌ നബിതിരുമേനി(സ) പ്രാര്‍ഥിച്ചിരുന്ന ഈ പ്രാര്‍ഥന ഓരോ വിശ്വാസിയും മനഃപാഠമാക്കി ഉരുവിടേണ്ടതാണ്‌.
നഷ്‌ടബോധത്തിന്റെ ആകുലതകള്‍ ഒരിക്കലും യഥാര്‍ഥ സത്യവിശ്വാസിയെ ബാധിക്കുകയില്ല. സ്വന്തം മാതാപിതാക്കളെക്കാളും ഇണയെക്കാളും തന്നെ സ്‌നേഹിക്കുകയും തന്നോട്‌ കാരുണ്യം കാണിക്കുകയും ചെയ്യുന്ന അല്ലാഹുവിനെക്കുറിച്ചുള്ള വിശ്വാസവും പ്രതീക്ഷയുമാണ്‌ അയാളെ നിലനിര്‍ത്തുന്നതും ആത്മബലമുള്ളവനാക്കുകയും ചെയ്യുന്നത്‌.


`അങ്ങനെയായിരുന്നെങ്കില്‍...' `ഉണ്ടായിരുന്നെങ്കില്‍...' `ഇങ്ങനെയായിരുന്നെങ്കില്‍...' എന്നിത്യാദി ചിന്തകളും സംസാരങ്ങളും നബിതിരുമേനി(സ) വിലക്കുകയുണ്ടായി. പൈശാചിക പ്രവര്‍ത്തനങ്ങളുടെ കവാടമാണ്‌ അതുവഴി തുറക്കപ്പെടുന്നതെന്ന്‌ അവിടുന്ന്‌ പറഞ്ഞു. ഇത്തരം സംസാരം സത്യനിഷേധികളുടേതാണെന്ന്‌ വിശുദ്ധഖുര്‍ആന്‍ നമ്മെ ഉണര്‍ത്തുന്നു. തങ്ങളുടെ ബന്ധുക്കള്‍ ഭൂമിയിലൂടെ സഞ്ചരിക്കുകയോ വിപത്തുകളില്‍ പെട്ട്‌ മരിക്കുകയോ ചെയ്‌താല്‍, `അവര്‍ ഞങ്ങളുടെ അടുത്തായിരുന്നെങ്കില്‍ മരിക്കുകയോ വധിക്കപ്പെടുകയോ ഇല്ലായിരുന്നെന്ന്‌' പറയുന്ന സത്യനിഷേധികളെപ്പറ്റി ആലുഇംറാന്‍ 156ാം വചനത്തില്‍ താക്കീത്‌ ചെയ്യുന്നു.

സംഭവിക്കാനുള്ളത്‌ തീര്‍ച്ചയായും സംഭവിക്കും. ഒരാള്‍ക്കും അതിനെ മാറ്റിമറിക്കാനാവില്ല. ഇക്കാര്യം നിരന്തരം ഓര്‍ത്തുകൊണ്ടിരിക്കുകയും സ്വയം ഉള്‍ക്കൊള്ളുകയും മറ്റുള്ളവരെ ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യേണ്ടതുണ്ട്‌. `ഒരിക്കലും ഒരാപത്തും സംഭവിക്കുന്നില്ല, അല്ലാഹുവിന്റെ ആജ്ഞ പ്രകാരമല്ലാതെ' (അത്തഗാബുന്‍ 11) എന്ന പരിശുദ്ധ വചനം എത്ര വലിയ സമാധാനമാണ്‌ നമുക്ക്‌ പകരുന്നത്‌.

മരണം ഏറ്റവും വലിയ നിശ്ചയമാണ്‌. ഏതു വലിയവനും അല്ലാഹു നിശ്ചയിച്ച ഒരു തിയ്യതിയുണ്ട്‌. ജനിച്ചവര്‍ക്കെല്ലാം അതുണ്ട്‌. ഒന്നുകില്‍ ജനിച്ച്‌, അല്‍പ നിമിഷങ്ങള്‍ക്കോ ദിവസങ്ങള്‍ക്കോ ഉള്ളിലായിരിക്കാം. അല്ലെങ്കില്‍ നീണ്ട വര്‍ഷങ്ങള്‍ക്കു ശേഷമായിരിക്കാം. എന്തായിരുന്നാലും ആ തിയ്യതിയെ മാറ്റിമറിക്കാന്‍ നമ്മെകൊണ്ട്‌ ആവുകയില്ല. `മരണം വിധിക്കപ്പെട്ടവര്‍ തങ്ങളുടെ മരണസ്ഥലങ്ങളിലേക്ക്‌ സ്വയം പുറപ്പെട്ട്‌ വരുന്നതാകുന്നു' (ആലുഇംറാന്‍ 154) എന്നാണല്ലോ അല്ലാഹു പറഞ്ഞത്‌. സകലതും നേരത്തെ നിശ്ചയിക്കപ്പെട്ടതാണെന്നിരിക്കെ വല്ലതും നഷ്‌ടപ്പെടുമ്പോഴും തീര്‍ന്നുപോവുമ്പോഴുമുള്ള ദുഃഖവും നിരാശയും അര്‍ഥശൂന്യമല്ലേ? നമ്മില്‍നിന്ന്‌ അല്ലാഹു തിരിച്ചെടുത്തതെല്ലാം ഒരു സന്ദര്‍ഭത്തില്‍ അവന്‍ തന്നതു തന്നെയാണ്‌. `ലില്ലാഹി മാ അഖദ വലില്ലാഹി മാ അഅ്‌ത്വാ ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍' എന്നു പറയാനേ നമുക്ക്‌ നിര്‍ദേശമുള്ളൂ.

അല്ലാഹുവിന്റെ വിധി തീര്‍പ്പുകളില്‍ തികഞ്ഞ വിശ്വാസവും ആശ്വാസവും കണ്ടെത്തുന്നവര്‍ക്ക്‌ ജീവിതം സുഖകരമായിരിക്കും. മുഴുവന്‍ ഭൗതിക വ്യഥകളും അവസാനിക്കും. മനസ്സ്‌ ശാന്തിയാല്‍ കുളിര്‍ക്കും. അളവറ്റ, പരിധിയില്ലാത്ത പ്രതിഫലത്തിനും അവര്‍ അര്‍ഹരാകും.

3 comments:

Malayali Peringode said...

`അല്ലാഹുമ്മ ഇന്നീ അസ്‌അലുക ഈമാനന്‍ യുബാശിറു ഖല്‍ബീ വ യഖീനന്‍ സ്വാദിഖന്‍ ഹത്താ അഅ്‌ലമ അന്‍ ലാ യുസ്വീബനീ ഇല്ലാ മാ കത്തബ്‌തനീ വ രിദന്‍ ബിമാ കസബ്‌ത ലീ.'

Abul Barakath said...

Assalamu Alaikum Wa Rahmathullah,

Please keep the Arabic words (especially for duaa).

Nadirsha said...

manasinnaaswasam nalkunna lekhanam

 

തർബിയ

അശുദ്ധിയില്ലാത്ത മനസ്സും അഴകുള്ള ജീവിതവും കൈവരുമ്പോൾ മാത്രമേ ഒരാളുടെ ഇസ്‌ലാമിക വ്യക്തിത്വം അർഥപൂർണമാവൂ. വിശുദ്ധ ഖുർ‌ആനും തിരുനബി(സ)യുടെ സാരോപദേശങ്ങളും ഈ വഴിക്കാണ് നമ്മെ നയിക്കുന്നത്. വ്യക്തി എന്ന നിലയിലും കുടുംബ-സാമൂഹിക മേഖലകളിലെ അംഗമെന്ന നിലയിലും പാലിക്കേണ്ട നിർദേശ തത്വങ്ങളുടെ സംഗ്രഹമാണ് ഇസ്‌ലാം. ആദർശ നിഷ്‌ഠയും ആത്മശുദ്ധിയുമുള്ള ഒരു സമൂഹത്തെയാണ് ഇസ്‌ലാം വളർത്തിയെടുക്കുന്നത്. നിലവിലുള്ളതിൽ നിന്ന് കൂടുതൽ മികച്ച മറ്റൊരവസ്ഥയിലേക്ക് എത്തിക്കുക എന്ന പ്രക്രിയയാണ് അത്. പ്രവാചക തിരുമേനി(സ)യുടെ നിയോഗ ലക്ഷ്യമായ ‘തസ്‌കിയത്തി’ന് ഇങ്ങനെയൊരർഥം കൂടിയുണ്ട്. ഇസ്‌ലാമിക പ്രമാണങ്ങളെയും ചരിത്ര പാഠങ്ങളെയും മുൻ‌നിർത്തി ആത്മശുദ്ധീകരണപ്രധാനമായ ആലോചനകളാണ് ഈ ബ്ലോഗിലുള്ള കുറിപ്പുകൾ.

ഇസ്‌ലാം
ജീവിത ശുദ്ധീകരണത്തിന്റെ പുതുമഴയാണ്.
വ്യക്തിത്വത്തിന് ചന്തമുള്ള വഴിയാണ്.
വിശ്വാസിയെ അത് ശാന്തനും പോരാളിയുമാക്കുന്നു.
ഉള്ളും പുറവും സ്‌ഫടിക സുന്ദരമാക്കുന്നു.
സദ്‌ഗുണങ്ങളിലൂടെ സംസ്കാര സമ്പന്നമാക്കുന്നു.

സ്വസ്ഥമായിരുന്ന് സ്വന്തത്തെക്കുറിച്ചാലോചിക്കാൻ ഇതാ അല്പം ചിന്തകൾ.....

Usage Policies