this site the web

പണ്ഡിതന്മാര്‍ പാദസേവകരാകരുത്‌

അമവീ ഭരണാധികാരി അബ്‌ദുല്‍മലിക്‌ തന്റെ ആഗ്രഹാഭിലാഷങ്ങള്‍ക്കും ആജ്ഞകള്‍ക്കും എതിരു പ്രവര്‍ത്തിക്കുന്നവരെ ഏറെ പീഡിപ്പിക്കുകയും പ്രയാസപ്പെടുത്തുകയും പതിവായിരുന്നു. അതിനാല്‍, ആരും അദ്ദേഹത്തെ ധിക്കരിക്കാന്‍ ധൈര്യപ്പെട്ടിരുന്നില്ല. ഒരു ദിവസം പ്രമുഖപണ്ഡിതനായ സഈദ്‌ബിന്‍ മുസയ്യബ്‌ പള്ളിയില്‍ അധ്യാപനം നടത്തിക്കൊണ്ടിരിക്കെ പോലീസ്‌ ഓഫീസര്‍ വന്ന്‌ അദ്ദേഹത്തോട്‌ വലീദ്‌ബ്‌നു അബ്‌ദുല്‍മലികിന്റെ അടുത്തുചെല്ലാനാവശ്യപ്പെട്ടു. ആ പണ്ഡിതവര്യന്‍ ദൃഢസ്വരത്തില്‍ പറഞ്ഞു: ``എനിക്ക്‌ അദ്ദേഹത്തെ കാണേണ്ട ആവശ്യമില്ല.'' ഈ മറുപടി പോലീസ്‌ ഓഫീസര്‍ക്ക്‌ തീരെ രസിച്ചില്ല. ഭീഷണിയുടെ സ്വരത്തില്‍ അയാള്‍ പറഞ്ഞു: ``ഭരണാധികാരിയാണ്‌ താങ്കളെ വിളിക്കുന്നതെന്ന്‌ ഓര്‍മവേണം. ഈ ധിക്കാരം അപകടകരമാണ്‌.''


``എനിക്ക്‌ വല്ലതും നല്‌കാനാണ്‌ വിളിക്കുന്നതെങ്കില്‍ അത്‌ താങ്കള്‍ തന്നെ സ്വീകരിച്ചുകൊള്ളുക. അഥവാ, വല്ല ദ്രോഹവും വരുത്താനാണെങ്കില്‍ ദൈവേച്ഛയ്‌ക്ക്‌ വിരുദ്ധമായി ഒന്നും സംഭവിക്കുകയില്ല.'' യാതൊരു ഭാവഭേദവുമില്ലാതെ സഈദ്‌ബിന്‍ മുസയ്യബ്‌ പ്രതിവചിച്ചു.

സമ്പത്തും അധികാരവും അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹങ്ങളാണ്‌. വിജ്ഞാനം അതിനേക്കാളെല്ലാം മഹത്തരമായ ദൈവദാനമാണ്‌. പക്ഷേ, ഇക്കാര്യം തിരിച്ചറിയുന്നതില്‍ മിക്ക വിജ്ഞാനികള്‍ക്കും തെറ്റുപറ്റുന്നു. അധികാരത്തിന്റെ നൂലിഴകളില്‍ തൂങ്ങിയാടുന്ന രാഷ്‌ട്രീയക്കാരുടെയും, ഹറാമും ഹലാലും നോക്കാതെ പണം വാരിക്കൂട്ടുന്ന സമ്പന്നവര്‍ഗത്തിന്റെയും ഒത്താശക്കാരും ഓശാനക്കാരുമായി സമൂഹത്തിലെ വിജ്ഞാനികളും പണ്ഡിതന്മാരും മാറുമ്പോള്‍ അതൊരു കാലഘട്ടത്തിന്റെ ദുരന്തമായിത്തീരുന്നു. അറിവിന്റെ നിലയറിയാത്ത പണ്ഡിതന്മാര്‍ അതിന്റെ വില കൊടുക്കുകയാണ്‌ ചെയ്യുന്നത്‌. പാണ്ഡിത്യത്തെ പണത്തിന്‌ പണയംവെക്കുന്നു. നന്നേ നിസ്സാരങ്ങളായ ആനുകൂല്യങ്ങള്‍ക്കും ലാഭ-നേട്ടങ്ങള്‍ക്കുംവേണ്ടി അധികാരിവര്‍ഗത്തിന്റെ അനീതികളെ കണ്ടില്ലെന്ന്‌ നടിക്കുകയും അവരുടെ പാദസേവകരായിത്തീരുകയും ചെയ്യുന്നു. അധര്‍മത്തിന്റെ തമ്പുരാക്കന്മാരോട്‌ ഒട്ടിച്ചേര്‍ന്ന്‌, അവരുടെ പാപങ്ങളെക്കുറിച്ച്‌ മൗനം പാലിക്കുന്നു.
വിജ്ഞാനത്തിന്റെ മൂല്യമറിഞ്ഞവര്‍ ആര്‍ക്കുമുന്നിലും ഒച്ഛാനിച്ചു നില്‌ക്കുകയില്ല. അയാള്‍ മറ്റാരെക്കാളും ഉയര്‍ന്നുനില്‌ക്കുന്നയാളാണ്‌. സമ്പത്തുകൊണ്ട്‌ അറിവുനേടാനാവില്ല. എന്നാല്‍ അറിവുകൊണ്ട്‌ എന്തും നേടാം. ആരെയെങ്കിലും ചതിയില്‍ വീഴ്‌ത്തിയോ വഞ്ചന നടത്തിയോ പണം നേടാം. സ്‌കൂളിന്റെ പടികയറാത്തവനും നാടിന്റെ ഭരണാധികാരിയാവാം, സമ്പന്നനാവാം, കൊട്ടാരങ്ങള്‍ പണിയാം. എന്നാല്‍ വിജ്ഞാനം കരസ്ഥമാക്കാന്‍ നീണ്ട തപസ്യകള്‍ ആവശ്യമാണ്‌. ഒത്തിരി ഊര്‍ജം, സമയം, ശ്രദ്ധ എല്ലാം ആവശ്യമാണ്‌. എത്രയോ സുഖങ്ങള്‍ ഒഴിവാക്കേണ്ടിവരും, വിനോദങ്ങള്‍ക്ക്‌ അവധി നല്‌കേണ്ടിവരും. അനേകം പേരുടെ മുന്നില്‍ വിനീതനായ വിദ്യാര്‍ഥിയാകേണ്ടിവരും. എണ്ണമറ്റ ഗ്രന്ഥപ്പുരകളില്‍ ഊണും ഉറക്കവുമില്ലാതെ കഴിഞ്ഞുകൂടേണ്ടിവരും. നീണ്ട സഞ്ചാരങ്ങളും വിശ്രമമറിയാത്ത വിരഹങ്ങളും സഹിക്കേണ്ടിവരും. അതിനെല്ലാം ഒടുവിലാണ്‌ ഒരാള്‍ ആദരണീയനായ പണ്ഡിതനായിത്തീരുന്നത്‌.

എന്നിട്ട്‌, ആ പാണ്ഡിത്യവും ചിന്താശേഷിയും ട്രപ്പീസുകളിക്കാരായ അധികാരക്കോമാളികളുടെ അഭീഷ്‌ടങ്ങള്‍ക്കൊത്ത്‌ നീക്കുപോക്കുകള്‍ക്ക്‌ വിട്ടുകൊടുക്കുകയാണെങ്കില്‍ ഓര്‍ത്തുനോക്കൂ അതിന്റെ ഗൗരവം!

അറിവിന്റെ അമൂല്യത അറിഞ്ഞ്‌ ആര്‍ജവം പുലര്‍ത്തുന്ന പണ്ഡിതന്മാര്‍ക്ക്‌ പലപ്പോഴും പ്രയാസങ്ങള്‍ നേരിടേണ്ടിവന്നേക്കാം. പക്ഷേ, അന്തിമവിജയവും ഔന്നത്യവും ലഭിക്കുക അവര്‍ക്കുമാത്രമായിരിക്കും. തങ്ങളുടെ പ്രീതിനേടാന്‍ പാണ്ഡിത്യം പണയം വെക്കാത്തവരോട്‌ പണക്കാര്‍ പുറമേക്ക്‌ വെറുപ്പ്‌ പ്രകടിപ്പിക്കുമെങ്കിലും മനസ്സില്‍ അതിരറ്റ ആദരവു പുലര്‍ത്താതിരിക്കില്ല. തങ്ങളുടെ ഇഷ്‌ടാനിഷ്‌ടങ്ങള്‍ക്കൊത്ത്‌ വളയാനും ഇഴയാനും വിസമ്മതിക്കുന്ന വിജ്ഞാനികളോട്‌ അധികാരികള്‍ പുറമേക്കു വിരോധം പ്രകടിപ്പിക്കുമെങ്കിലും അത്‌ അതിയായ മതിപ്പും ബഹുമാനവും മനസ്സിലൊതുക്കിക്കൊണ്ടായിരിക്കും.

പാണ്ഡിത്യത്തിന്റെ മഹിമയും സൂക്ഷ്‌മതയും പാലിക്കുന്നവര്‍ ഇന്ന്‌ കുറഞ്ഞുവരികയാണ്‌. തുച്ഛമായ രാഷ്‌ട്രീയ ലാഭങ്ങള്‍ക്കും സ്ഥാനമാനങ്ങള്‍ക്കും വേണ്ടി ആരുടെയും കാലുപിടിക്കാന്‍ തയ്യാറാവുകയാണ്‌. അധികാരസഭകളിലെ ചെറിയ ഇരിപ്പിടങ്ങള്‍ക്കുവേണ്ടി എന്തും സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നു.

മുസ്‌ലിം പ്രസ്ഥാനങ്ങളുടെ കടിഞ്ഞാണുകള്‍ സുഖലോലുപന്മാരായ സമ്പന്നര്‍ക്ക്‌ എറിഞ്ഞുകൊടുക്കുന്ന നീചമായ ഏര്‍പ്പാട്‌ ഇന്ന്‌ വര്‍ധിച്ചുവരികയാണ്‌. കിസ്‌റാ -കൈസര്‍ ചക്രവര്‍ത്തിമാരുടെ ചുവപ്പു പരവതാനികളിലേക്ക്‌ മെലിഞ്ഞൊട്ടിയ കഴുതപ്പുറത്ത്‌ തുരുമ്പു പിടിച്ച വാളുമായി കടന്നുചെന്ന പൂര്‍വഗാമികളായ സ്വഹാബിമഹത്തുക്കളുടെയും രാജാക്കന്മാരുടെയും നാട്ടുപ്രമാണികളുടെയും തേനൊലിപ്പിക്കുന്ന വാഗ്‌ദാനങ്ങളില്‍ കണ്ണഞ്ചിപ്പോവാത്തതിനാല്‍ ജയില്‍വാസവും നാടുകടത്തലും വരെ അനുഭവിക്കേണ്ടിവന്ന ഉജ്വലരായ മഹാപണ്ഡിതന്മാരുടെയുമൊക്കെ പേരുപറഞ്ഞ്‌, പാരമ്പര്യത്തിന്റെ പരമ്പര പാടുന്നവര്‍ക്ക്‌ എങ്ങനെയാണിതിനൊക്കെ സാധിക്കുന്നത്‌?

അതിനാല്‍ നാം മാറിച്ചിന്തിച്ചേ പറ്റൂ. നമ്മുടെ അറിവും അജണ്ടയും ഏതെങ്കിലും പണച്ചാക്കുകള്‍ക്ക്‌ അമ്മാനമാടാനുള്ളതല്ല. നീണ്ട തലമുറകള്‍ നമുക്ക്‌ പിറകെ വരാനുണ്ട്‌. അവരെഴുതുന്ന ചരിത്രത്തില്‍ നാമൊരിക്കലും കുറ്റവാളികളായിക്കൂടാ. ഈ സമുദായത്തെ നയിക്കുന്ന നേതാക്കളും പണ്ഡിതന്മാരും ഇങ്ങനെയൊക്കെ ഒന്ന്‌ ആലോചിച്ചെങ്കില്‍....!

1 comments:

Malayali Peringode said...

പാണ്ഡിത്യത്തിന്റെ മഹിമയും സൂക്ഷ്‌മതയും പാലിക്കുന്നവര്‍ ഇന്ന്‌ കുറഞ്ഞുവരികയാണ്‌. തുച്ഛമായ രാഷ്‌ട്രീയ ലാഭങ്ങള്‍ക്കും സ്ഥാനമാനങ്ങള്‍ക്കും വേണ്ടി ആരുടെയും കാലുപിടിക്കാന്‍ തയ്യാറാവുകയാണ്‌. അധികാരസഭകളിലെ ചെറിയ ഇരിപ്പിടങ്ങള്‍ക്കുവേണ്ടി എന്തും സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നു.

 

തർബിയ

അശുദ്ധിയില്ലാത്ത മനസ്സും അഴകുള്ള ജീവിതവും കൈവരുമ്പോൾ മാത്രമേ ഒരാളുടെ ഇസ്‌ലാമിക വ്യക്തിത്വം അർഥപൂർണമാവൂ. വിശുദ്ധ ഖുർ‌ആനും തിരുനബി(സ)യുടെ സാരോപദേശങ്ങളും ഈ വഴിക്കാണ് നമ്മെ നയിക്കുന്നത്. വ്യക്തി എന്ന നിലയിലും കുടുംബ-സാമൂഹിക മേഖലകളിലെ അംഗമെന്ന നിലയിലും പാലിക്കേണ്ട നിർദേശ തത്വങ്ങളുടെ സംഗ്രഹമാണ് ഇസ്‌ലാം. ആദർശ നിഷ്‌ഠയും ആത്മശുദ്ധിയുമുള്ള ഒരു സമൂഹത്തെയാണ് ഇസ്‌ലാം വളർത്തിയെടുക്കുന്നത്. നിലവിലുള്ളതിൽ നിന്ന് കൂടുതൽ മികച്ച മറ്റൊരവസ്ഥയിലേക്ക് എത്തിക്കുക എന്ന പ്രക്രിയയാണ് അത്. പ്രവാചക തിരുമേനി(സ)യുടെ നിയോഗ ലക്ഷ്യമായ ‘തസ്‌കിയത്തി’ന് ഇങ്ങനെയൊരർഥം കൂടിയുണ്ട്. ഇസ്‌ലാമിക പ്രമാണങ്ങളെയും ചരിത്ര പാഠങ്ങളെയും മുൻ‌നിർത്തി ആത്മശുദ്ധീകരണപ്രധാനമായ ആലോചനകളാണ് ഈ ബ്ലോഗിലുള്ള കുറിപ്പുകൾ.

ഇസ്‌ലാം
ജീവിത ശുദ്ധീകരണത്തിന്റെ പുതുമഴയാണ്.
വ്യക്തിത്വത്തിന് ചന്തമുള്ള വഴിയാണ്.
വിശ്വാസിയെ അത് ശാന്തനും പോരാളിയുമാക്കുന്നു.
ഉള്ളും പുറവും സ്‌ഫടിക സുന്ദരമാക്കുന്നു.
സദ്‌ഗുണങ്ങളിലൂടെ സംസ്കാര സമ്പന്നമാക്കുന്നു.

സ്വസ്ഥമായിരുന്ന് സ്വന്തത്തെക്കുറിച്ചാലോചിക്കാൻ ഇതാ അല്പം ചിന്തകൾ.....

Usage Policies