this site the web

അന്യനെ അനിയനാക്കുക

എം മുകുന്ദന്റെ `ദേവതാരുക്കള്‍' എന്ന ചെറുകഥ മനോഹരമാണ്‌. മറ്റുള്ളവര്‍ക്കായി ജീവിക്കുന്നയാളാണ്‌ കഥയിലെ നായകന്‍. അന്യരുടെ വിഷമങ്ങളും കഷ്‌ടനഷ്‌ടങ്ങളുമാണ്‌ അയാളുടെ ജീവിതത്തിന്റെ ആധി. അയാള്‍ പ്രാര്‍ഥിക്കുന്നതിങ്ങനെയാണ്‌: ``ദൈവമേ, മറ്റുള്ളവര്‍ക്കായി പ്രാര്‍ഥിക്കാനുള്ള എന്റെ മനസ്സ്‌ നീ നിലനിര്‍ത്തേണമേ....''


തിരുനബി(സ)യുടെ സുവിശേഷങ്ങളില്‍ സുപ്രധാനമായതാണ്‌ നിസ്വാര്‍ഥമായ ജീവിതം. ആ മഹനീയ ജീവിതത്തില്‍ നിന്ന്‌ ചരിത്രം രേഖപ്പെടുത്തിയ ഹൃദയാകര്‍ഷമായ സംഭവങ്ങളില്‍ നിസ്വാര്‍ഥതയുടെ അനേകം മുഹൂര്‍ത്തങ്ങള്‍ കാണാം. ആര്‍ക്കും ഉപദ്രവങ്ങള്‍ വരുത്താതിരിക്കുക എന്നതുപോലെ തന്നെ പ്രധാനമാണ്‌ ആര്‍ക്കെങ്കിലുമൊക്കെ ഉപകാരം ചെയ്യുക എന്നതും.
ഒട്ടും സ്വാര്‍ഥതയില്ലാതെയുള്ള ജീവിതം ആനന്ദകരമായ സൗഭാഗ്യമാണ്‌. കൂട്ടുജീവിതത്തിന്റെ ബാധ്യതകളില്‍ നിന്നൊഴിഞ്ഞ്‌, സ്വന്തം താല്‌പര്യങ്ങളുടെയും ആവശ്യങ്ങളുടെയും വലയങ്ങളിലേക്കുമാത്രമായി ചുരുങ്ങുമ്പോഴാണ്‌ ഒരാള്‍ സ്വാര്‍ഥിയാവുന്നത്‌. കൂടെയുള്ളവരുടെ വേദനയോ ആഹ്ലാദമോ അങ്ങനെയുള്ളവരെ തെല്ലും സ്‌പര്‍ശിക്കുകയില്ല. ആരുടെയും ആവശ്യങ്ങള്‍ അവരെ ബാധിക്കില്ല. ഒരാളുടെയും പ്രതിസന്ധി അവരെ അലോസരപ്പെടുത്തുകയില്ല. വളരെ ചെറിയ ഒരിടത്തെക്കുറിച്ചുമാത്രമേ അവര്‍ക്ക്‌ ചിന്തിക്കാനും പറയുവാനുണ്ടാകൂ. അത്ര തന്നെ ചെറുതും കുടുസ്സായതുമായിരിക്കും അവരുടെ ഹൃദയവും.



യഥാര്‍ഥ വിശ്വാസി ജനങ്ങളോടൊപ്പമുള്ളവനാണ്‌. ആളുകളില്‍ നിന്നെല്ലാം ഒഴിഞ്ഞ്‌ ജീവിക്കുന്നവരേക്കാള്‍ നല്ലവന്‍, അവരോടൊപ്പം കഴിയുകയും പ്രശ്‌നങ്ങള്‍ നേരിടുകയും ചെയ്യുന്നവനാണെന്ന്‌ തിരുനബി(സ) പറയുകയുണ്ടായി. സ്വന്തം ആവശ്യങ്ങളെപ്പോലെ അന്യന്റെ ആവശ്യങ്ങളെയും പരിഗണിക്കുവാനും പരിരക്ഷിക്കാനും വിശ്വാസിക്കു സാധിക്കണം.

കൂട്ടത്തിലുള്ളവരുടെയും അകലങ്ങളിലുള്ളവരുടെയും ആധികളും ആകുലതകളും യഥാര്‍ഥ മുസ്‌ലിമിന്റെ മനസ്സില്‍ വേദനകളായിത്തീരും. സഹജീവികളുടെ രോഗവും കഷ്‌ട-നഷ്‌ടങ്ങളും അവന്റെ നിഷ്‌ക്രിയത്വത്തെ ഇല്ലാതാക്കും. സ്വന്തം കുടുംബത്തിന്റെ കാര്യങ്ങള്‍ നിര്‍വഹിക്കുന്നതുപോലെ അതൊരു ഉത്തരവാദിത്തമായി അവന്‍ മനസ്സിലാക്കും. ചെയ്യാനാവുന്നതെല്ലാം ചെയ്യും. തിരുനബി(സ)യുടെ ജീവിതം അങ്ങനെയായിരുന്നു.

പട്ടിണികിടക്കുന്നവരെ ഭക്ഷണമൂട്ടിയ, ഭക്ഷണമുണ്ണാതെ കഴിഞ്ഞുകൂടിയ എത്രയോ ദിനരാത്രങ്ങള്‍ തിരുമേനി(സ)യുടെയും അനുചരന്മാരുടെയും ജീവിതത്തിലുണ്ടായിരുന്നു. അല്‌പം സ്വര്‍ണം വീട്ടിലുള്ള കാര്യം നമസ്‌കാരത്തില്‍വെച്ച്‌ ഓര്‍മ വന്നപ്പോള്‍, നമസ്‌കാരം കഴിഞ്ഞ ഉടനെ പോയി അതെടുത്ത്‌ പാവപ്പെട്ടവര്‍ക്ക്‌ ദാനം ചെയ്‌ത ആ ഉദാരതയ്‌ക്ക്‌ മറ്റെവിടെയാണ്‌ ഉദാഹരണമുള്ളത്‌? `അന്യനെ പോലും അനിയനാ'ക്കുന്ന സ്‌നേഹോഷ്‌മളമായ സാഹോദര്യം!

ഒരാള്‍ തന്റെ സഹോദരന്റെ ആവശ്യം നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന കാലമത്രെയും അല്ലാഹു അയാളുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കുമെന്ന്‌ തിരുനബി(സ) പറഞ്ഞു. ത്വബ്‌റാനി ഉദ്ധരിച്ച ഒരു ഹദീസില്‍ ഇങ്ങനെ കാണാം: ``ഒരു പീഡിതന്‍ മര്‍ദിക്കപ്പെടുമ്പോള്‍ നിങ്ങളാരും അത്‌ കണ്ട്‌ നില്‌ക്കരുത്‌. അത്‌ തടയാതിരുന്നവര്‍ അല്ലാഹുവിന്റെ ശാപം പേറേണ്ടിവരും.''

ഉപകാരം ചെയ്യുന്നത്‌ പ്രത്യുപകാരം മോഹിച്ചുകൊണ്ടാവരുത്‌. നാം ചെയ്യുന്നതിനുള്ള പ്രതിഫലം നമുക്ക്‌ അല്ലാഹു നല്‌കുക തന്നെ ചെയ്യും. അബൂദാവൂദ്‌ ഉദ്ധരിച്ച ഒരു നബിവചനം നോക്കൂ; ``ഒരാള്‍ പ്രത്യുപകാരം പ്രതീക്ഷിച്ചു മറ്റൊരാള്‍ക്കുവേണ്ടി ശുപാര്‍ശ ചെയ്യുകയും പാരിതോഷികം സ്വീകരിക്കുകയും ചെയ്‌താല്‍ മഹാപാപങ്ങളിലേക്കുള്ള വന്‍കവാടം കടക്കുകയാണ്‌ അയാള്‍ ചെയ്യുന്നത്‌.''

സ്വാര്‍ഥത രണ്ടുവിധത്തിലുണ്ട്‌. ആര്‍ക്കും ഒരുപകാരവും ചെയ്യാതിരിക്കലാണ്‌ ഒന്ന്‌. മറ്റൊന്ന്‌, ആര്‍ക്കെന്തു ചെയ്യുമ്പോഴും അതില്‍ നിന്ന്‌ വല്ലതും നേട്ടമായി ലഭിക്കണമെന്ന്‌ ആഗ്രഹിക്കലും. ഇതുരണ്ടും വിശുദ്ധഖുര്‍ആനും നബിവചനങ്ങളും നിശിതമായി വിമര്‍ശിച്ച കാര്യങ്ങളാണ്‌. ഇതില്‍ രണ്ടാമത്തേതിനെയാണ്‌ തിരുനബി (സ) ഇവിടെ പ്രത്യേകം എടുത്തുപറയുന്നത്‌.

പരോപകാരം ചെയ്യുമ്പോള്‍ മനസ്സിനു ലഭിക്കുന്ന ആനന്ദം വാക്കുകളിലൊതുങ്ങുന്നതല്ല. ഒരാളുടെയെങ്കിലും ആവശ്യം നിറവേറ്റാനായാല്‍, വേദന പരിഹരിക്കാനായാല്‍ ഓരോ ദിവസവും ഈ ആനന്ദം തുടര്‍ന്നുകൊണ്ടിരിക്കും.

നിസ്വാര്‍ഥതയുടെ തെളിമയുള്ള വഴിയിലേക്ക്‌ നമ്മെ നയിക്കാന്‍ മുസ്‌ലിം ഉദ്ധരിച്ച ഈ ഹദീസ്‌ ധാരാളം മതി: ``അനാവശ്യമായ ആശങ്കകളില്‍ നിന്ന്‌ വിട്ടുനില്‌ക്കുക. കാരണം ആശങ്ക പെരുംനുണയാണ്‌. വകതിരിവില്ലാതെ ഒന്നും ചുഴിഞ്ഞ്‌ അന്വേഷിക്കരുത്‌. അമിതായ ആകാംക്ഷ കാണിക്കരുത്‌. മത്സരങ്ങളില്‍ മതിമറക്കരുത്‌. അന്യോന്യം അസൂയയും വിദ്വേഷവും വെച്ചുപുലര്‍ത്തരുത്‌. പരസ്‌പരം ശത്രുക്കളാവാതെ അല്ലാഹുവിന്റെ അനുസരണയുള്ള അടിമകളാവുക, സഹോദരങ്ങളാവുക. ഒരു മുസ്‌ലിം മറ്റൊരു മുസ്‌ലിമിന്റെ സഹോദരനാണ്‌. സഹോദരനെ പീഡിപ്പിക്കരുത്‌. ഒറ്റപ്പെടുത്തരുത്‌. സഹോദരന്‍ കൊള്ളരുതാത്തവനാണെന്ന്‌ കരുതരുത്‌. ഒരു മുസ്‌ലിമിന്റെ സമ്പത്തും രക്തവും അഭിമാനവും മറ്റൊരു മുസ്‌ലിമിന്‌ ഹറാമാണ്‌. അല്ലാഹു നിങ്ങളുടെ ശരീരമോ സ്വരൂപമോ അല്ല, കര്‍മങ്ങളാണ്‌ നിരീക്ഷിക്കുന്നത്‌. അല്ലാഹുവിനെക്കുറിച്ചുള്ള ഭയം ഹൃദയത്തിലാണ്‌. വേറൊരാള്‍ക്ക്‌ നഷ്‌ടം വരുത്തിക്കൊണ്ട്‌ അയാള്‍ വാങ്ങാന്‍ ഉദ്ദേശിച്ച വസ്‌തു നിങ്ങള്‍ വിലയ്‌ക്കെടുക്കരുത്‌. അല്ലാഹുവിന്റെ അടിമകളാവുക. പരസ്‌പരം സഹോദരങ്ങളാവുക.......''

സത്യവിശ്വാസത്തിലും ദൈവസ്‌നേഹത്തിലുമായി മുളപ്പിച്ചെടുത്ത വിത്തുകളാണ്‌ മുസ്‌ലിം സമൂഹത്തില്‍ നിസ്വാര്‍ഥതയുടെ നിഷ്‌കളങ്ക സാഹോദര്യമായി പുഷ്‌പിക്കുന്നത്‌.

1 comments:

Malayali Peringode said...

കൂട്ടത്തിലുള്ളവരുടെയും അകലങ്ങളിലുള്ളവരുടെയും ആധികളും ആകുലതകളും യഥാര്‍ഥ മുസ്‌ലിമിന്റെ മനസ്സില്‍ വേദനകളായിത്തീരും. സഹജീവികളുടെ രോഗവും കഷ്‌ട-നഷ്‌ടങ്ങളും അവന്റെ നിഷ്‌ക്രിയത്വത്തെ ഇല്ലാതാക്കും. സ്വന്തം കുടുംബത്തിന്റെ കാര്യങ്ങള്‍ നിര്‍വഹിക്കുന്നതുപോലെ അതൊരു ഉത്തരവാദിത്തമായി അവന്‍ മനസ്സിലാക്കും. ചെയ്യാനാവുന്നതെല്ലാം ചെയ്യും. തിരുനബി(സ)യുടെ ജീവിതം അങ്ങനെയായിരുന്നു.

 

തർബിയ

അശുദ്ധിയില്ലാത്ത മനസ്സും അഴകുള്ള ജീവിതവും കൈവരുമ്പോൾ മാത്രമേ ഒരാളുടെ ഇസ്‌ലാമിക വ്യക്തിത്വം അർഥപൂർണമാവൂ. വിശുദ്ധ ഖുർ‌ആനും തിരുനബി(സ)യുടെ സാരോപദേശങ്ങളും ഈ വഴിക്കാണ് നമ്മെ നയിക്കുന്നത്. വ്യക്തി എന്ന നിലയിലും കുടുംബ-സാമൂഹിക മേഖലകളിലെ അംഗമെന്ന നിലയിലും പാലിക്കേണ്ട നിർദേശ തത്വങ്ങളുടെ സംഗ്രഹമാണ് ഇസ്‌ലാം. ആദർശ നിഷ്‌ഠയും ആത്മശുദ്ധിയുമുള്ള ഒരു സമൂഹത്തെയാണ് ഇസ്‌ലാം വളർത്തിയെടുക്കുന്നത്. നിലവിലുള്ളതിൽ നിന്ന് കൂടുതൽ മികച്ച മറ്റൊരവസ്ഥയിലേക്ക് എത്തിക്കുക എന്ന പ്രക്രിയയാണ് അത്. പ്രവാചക തിരുമേനി(സ)യുടെ നിയോഗ ലക്ഷ്യമായ ‘തസ്‌കിയത്തി’ന് ഇങ്ങനെയൊരർഥം കൂടിയുണ്ട്. ഇസ്‌ലാമിക പ്രമാണങ്ങളെയും ചരിത്ര പാഠങ്ങളെയും മുൻ‌നിർത്തി ആത്മശുദ്ധീകരണപ്രധാനമായ ആലോചനകളാണ് ഈ ബ്ലോഗിലുള്ള കുറിപ്പുകൾ.

ഇസ്‌ലാം
ജീവിത ശുദ്ധീകരണത്തിന്റെ പുതുമഴയാണ്.
വ്യക്തിത്വത്തിന് ചന്തമുള്ള വഴിയാണ്.
വിശ്വാസിയെ അത് ശാന്തനും പോരാളിയുമാക്കുന്നു.
ഉള്ളും പുറവും സ്‌ഫടിക സുന്ദരമാക്കുന്നു.
സദ്‌ഗുണങ്ങളിലൂടെ സംസ്കാര സമ്പന്നമാക്കുന്നു.

സ്വസ്ഥമായിരുന്ന് സ്വന്തത്തെക്കുറിച്ചാലോചിക്കാൻ ഇതാ അല്പം ചിന്തകൾ.....

Usage Policies