സൂക്ഷിക്കുക; മനസ്സില്‍ മറ വീഴരുത്
Posted by
Malayali Peringode
, Friday, October 9, 2009 at Friday, October 09, 2009, in
Labels:
സൂക്ഷിക്കുക; മനസ്സില്‍ മറ വീഴരുത്
അബൂലസ്‌ന
സത്യവിശ്വാസത്തിന്റെ ശീതളച്ഛായയില്‍ അനുഗൃഹീതരായി ജീവിക്കുന്നവരാണല്ലോ നാം. പക്ഷേ, ഇതെത്ര കാലം? വിശുദ്ധമായ ഈ വഴിയിലൂടെത്തന്നെ മരണം വരെ നമുക്ക് സഞ്ചരിക്കാനാവുമോ? “നാഥാ, സത്യവിശ്വാസത്തോടെയും പശ്ചാത്താപത്തോടെയും നീ എന്നെ നിങ്കലേക്ക് വിളിക്കേണമേ” എന്ന് നാം അകം നൊന്ത് പ്രാര്‍ഥിക്കുന്നു. ഈ പ്രാര്‍ഥന പടച്ചവന്‍ സ്വീകരിക്കും എന്നതിന് നമുക്ക് എന്താണുറപ്പ്? ആശങ്കയുണര്‍ത്തുന്ന ഇമ്മാതിരി ആലോചനകള്‍ ജീവിതത്തിലെ ആമോദവേളകളില്‍ അലോസരമായി കടന്നുവരാറുണ്ടോ നമ്മില്‍?
അതെ, ഈ ആശങ്കയുടെ ചെറിയൊരു പൊട്ട് എന്നുമെന്നും എപ്പോഴുമെപ്പോഴും നമ്മുടെ അകത്തുണ്ടാവണമെന്ന് തിരുനബിയുടെ ജീവിതം നമ്മോട് പറയുന്നു. മേല്‍കീഴാകുന്നതും മാറിമറിയുന്നതും ഉഴുതുമറിയുന്നതുമായ `ഖല്‍ബാ'ണ് നമ്മുടെ നെഞ്ചകത്തിരിക്കുന്നത്. മുഷ്‌ടി വലിപ്പത്തിലുള്ള ആ മാംസക്കഷ്‌ണമാണ് നമ്മുടെ ഇഹ-പര വഴി നിര്‍ണയിക്കുന്നത്. അതിന്റെ കാര്യത്തില്‍ തിരുദൂതര്‍ പുലര്‍ത്തിയിരുന്ന ആശങ്ക എത്രത്തോളമായിരുന്നുവെന്ന് നോക്കൂ.
“ഹൃദയങ്ങളെ തിരിച്ചുമറിക്കാന്‍ കഴിവുള്ള നാഥാ, ഞങ്ങളുടെ ഹൃദയങ്ങളെ നീ നിനക്കുള്ള അനുസരണത്തില്‍ ഉറപ്പിച്ചു നിര്‍ത്തേണമേ” -അവിടുത്തെ ചുണ്ടുകളെ ഈ പ്രാര്‍ഥനാവാക്യങ്ങള്‍ ഇടക്കിടെ ചലിപ്പിക്കുമായിരുന്നു. ഇത് സ്വഹാബികളെ അസ്വസ്ഥരാക്കി. തിരുനബി എന്തിനാണ് ഇത് ഇടക്കിടക്ക് ചൊല്ലുന്നത്? ആ ഹൃദയം അല്ലാഹുവിന്റെ ദീന്‍ വിട്ട് പുറത്തുപോവുമോ? അവരില്‍ ചിലര്‍ ഇക്കാര്യം നേരിട്ട് ചോദിക്കുകയും ചെയ്‌തു: “തിരുദൂതരേ, ഞങ്ങള്‍ അല്ലാഹുവിലും താങ്കളിലും താങ്കള്‍ക്ക് ഇറക്കപ്പെട്ടതിലും ദൃഢമായി വിശ്വസിക്കുന്നു. ഞങ്ങളുടെ ഹൃദയങ്ങള്‍ അല്ലാഹു മാറ്റിമറിക്കുമെന്നാണോ താങ്കള്‍ ആശങ്കപ്പെടുന്നത്?”
തിരുനബി പറഞ്ഞു: “ഹൃദയങ്ങള്‍ അല്ലാഹുവിന്റെ രണ്ട് വിരലുകള്‍ക്കിടയിലാണ്. അത് അവന്‍ എപ്പോഴും മാറ്റിമറിക്കാം.” (അബൂദാവൂദും തിര്‍മിദിയും ഉദ്ധരിച്ചത്.) അന്നു മുതല്‍ ആ പ്രാര്‍ഥന സ്വഹാബിമാരുടെ ചുണ്ടുകളിലും നിറഞ്ഞുനിന്നു.
സത്യവിശ്വാസം മഹാസൗഭാഗ്യമാണ്. അത് വിരിക്കുന്ന തണലില്‍ നമ്മുടെ അകം കുളിരണിയുന്നു. മനസ്സിന് ശാന്തിയും സമാധാനവും നിര്‍ഭയത്വവും പകരുന്നു. പടച്ചവന്റെ വഴിയിലാണ് എന്ന തിരിച്ചറിവ് ആര്‍ക്കാണ് ധൈര്യം നല്‌കാതിരിക്കുക? പക്ഷേ, ഈ തണലും കുളിരും എന്നുമെന്നും തനിക്കുണ്ടാവുമെന്ന് ഉറപ്പിച്ചു പറയാനാവില്ല. വിശ്വാസത്തിന്റെ വെളിച്ചത്തില്‍ ജീവിക്കുന്ന മുസ്‌ലിം എവിടെവെച്ചാണ് അവിശ്വാസത്തിന്റെ അന്ധകാരത്തിലേക്ക് വഴുതിവീഴുകയെന്ന് ആര്‍ക്കും പറയാനാവില്ല.
സത്യനിഷേധം കടുത്ത ദൗര്‍ഭാഗ്യമാണ്. അസ്വസ്ഥതയും കുടുസ്സും ഭീതിയും അവിശ്വാസികളുടെ കൂടപ്പിറപ്പുകളാവും. എന്നാല്‍ നിഷേധത്തിന്റെ ഭാണ്ഡവും പേറി ജീവിതവഴി നടന്നു തീര്‍ക്കേണ്ടവരാണ് അവരെന്ന് ധരിക്കരുത്. വിശ്വാസവും നിഷേധവും തമ്മിലുള്ള അന്തരം വലുതാണ്. പക്ഷേ, അവ തമ്മിലുള്ള ദൂരം നന്നേ ചെറുതാണ്. സത്യനിഷേധത്തിന്റെ കറപുരണ്ട ഹൃദയം ഈമാനിന്റെ വിശുദ്ധിയിലേക്ക് പറന്നുയരുന്നത് എപ്പോഴാവുമെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല.
ജുംഹ് വംശജന്‍ വഹബിന്റെ പുത്രന്‍ ഉമൈര്‍ ധീരനായിരുന്നു. അയാളുടെ ഒരേയൊരു ആഗ്രഹം, തിരുനബിയെ വധിക്കുക എന്നതും. അതിന് തടസ്സം കുടുംബ ഭാരം മാത്രം. അതേറ്റെടുക്കാന്‍ ഒരാള്‍ തയ്യാറായി. പിന്നെ വൈകിയില്ല. വിഷം പുരട്ടിയ വാളുമായി മദീനാ പള്ളിക്കു മുമ്പിലെത്തി. “അല്ലാഹുവിന്റെ ശത്രുവായ ശുനകന് ഇവിടെയെന്തു കാര്യം?” -ഉമര്‍(റ) തടഞ്ഞു.
പക്ഷേ, കടത്തി വിടാനായിരുന്നു നബി(സ)യുടെ ഉത്തരവ്. വാളുമായി നബി(സ)യുടെ മുമ്പിലെത്തി. “ഉമൈര്‍, സത്യം പറയുക, എന്നെ കൊല്ലാന്‍ സ്വഫ്‌വാന്‍ പറഞ്ഞയച്ചതല്ലേ താങ്കളെ?” -നബി(സ)യുടെ ചോദ്യം കേട്ട് ഉമൈറിന്റെ മുഖം മഞ്ഞളിച്ചു. വാള്‍ നിലത്തിട്ടു. സാക്ഷ്യവാക്യം ചൊല്ലി, തിരുദൂതരെ ആലിംഗനം ചെയ്‌തു ഉമൈര്‍. കണ്ണു നനച്ചു നില്‌ക്കുന്ന ഉമൈറിന്റെ ചുമലില്‍ തട്ടി അവിടുന്ന് ആശ്വസിപ്പിച്ചു. നിഷേധത്തിന്റെ ഇരുളടഞ്ഞ ഹൃദയവുമായി തിരുനബിയെ വധിക്കാനെത്തിയ ഉമൈര്‍ വിശ്വാസത്തിന്റെ തിളക്കവുമായി മടങ്ങുന്നു. എല്ലാം നിമിഷനേരം കൊണ്ട്!
അബ്‌ദുല്ലാഹിബ്‌നു ഖത്വലിന്റെ ദുര്‍ഗതി നോക്കൂ: ഇയാള്‍ വിശ്വാസിയും തിരുസഹചാരിയുമായിരുന്നു. ഒരിക്കല്‍ തിരുനബി ഇയാളെ നികുതി പിരിക്കാനയച്ചു; കൂടെ ഭൃത്യനുമുണ്ടായിരുന്നു. പക്ഷേ, യഥാസമയം ഭക്ഷണം തയ്യാറാക്കി നല്‌കാത്ത ഭൃത്യനെ ഇയാള്‍ വധിച്ചു. നബി(സ)യില്‍ നിന്ന് പ്രതികാരമുണ്ടാവുമെന്നറിഞ്ഞ ഇയാള്‍ വിശ്വാസമുപേക്ഷിച്ച് മക്കയിലെത്തുന്നു. തിരുനബി(സ)ക്കെതിരെ കവിത ചമക്കലായിരുന്നു പിന്നീടയാളുടെ പണി. ഒടുവില്‍, കഅ്‌ബയുടെ മടിത്തട്ടിലിട്ട് അയാളെ വധിക്കാന്‍ തിരുനബി ഉത്തരവിട്ടു. ഇയാളുടെ ഹൃദയത്തില്‍ കത്തിനിന്നിരുന്ന വിശ്വാസരൂപം എത്ര പെട്ടെന്നാണ് അണഞ്ഞത്!
അല്ലാഹുവിന്റെ ഈ മുന്നറിയിപ്പ് ആര്‍ക്കാണ് അവഗണിക്കാനാവുക: “മനുഷ്യനും അവന്റെ മനസ്സിനുമിടയില്‍ അല്ലാഹു മറയിടുന്നതാണ്. അവങ്കല്‍ നിങ്ങള്‍ ഒരുമിച്ചു കൂട്ടപ്പെടുമെന്ന് അറിഞ്ഞുകൊള്ളുക.” (അല്‍അന്‍ഫാല്‍ 24)
ശുദ്ധമാകട്ടെ; മുഖവും അകവും
Posted by
Malayali Peringode
, at Friday, October 09, 2009, in
Labels:
ശുദ്ധമാകട്ടെ; മുഖവും അകവും
അബ്‌ദുല്‍വദൂദ്
ആളുകള്‍ കാണുന്ന ഭാഗങ്ങള്‍ വളരെ മനോഹരമാണ്. ആളുകള്‍ക്ക് കേള്‍ക്കാന്‍ നല്ല വാക്കുകള്‍ പറയുന്നു, നല്ല സുഗന്ധം പൂശുന്നു, അഴകുള്ള വസ്‌ത്രങ്ങള്‍ ധരിക്കുന്നു. ആകര്‍ഷകമായ അലങ്കാരങ്ങള്‍ കൊണ്ട് നമ്മില്‍ നല്ല അഭിപ്രായങ്ങള്‍ ഉണ്ടാക്കുന്നതിനെക്കുറിച്ച് കൂടുതല്‍ അറിഞ്ഞുനോക്കൂ. ആ നല്ല അഭിപ്രായങ്ങള്‍ കുറയുന്നുണ്ടോ? എങ്കില്‍ എവിടെയോ ഒരു പ്രശ്‌നമുണ്ട്. മറ്റുള്ളവരെക്കുറിച്ച് ആലോചിക്കുന്നതിനു മുമ്പ് നമുക്ക് നമ്മെ വിലയിരുത്താനും നല്ലൊരു മാര്‍ഗമാണിത്. പരസ്യജീവിതവും സ്വകാര്യജീവിതവും കര്‍ശനമായി വിലയിരുത്തിയാല്‍ നമുക്ക് നമ്മെ അറിയാം. “നിങ്ങള്‍ വിചാരണ ചെയ്യപ്പെടുന്നതിനു മുമ്പ് സ്വയം വിചാരണ ചെയ്യുക. കര്‍മങ്ങള്‍ തൂക്കി നോക്കുന്നതിനു മുമ്പ് നിങ്ങള്‍ സ്വയം അവയെ തൂക്കിനോക്കുക. വരാനിരിക്കുന്ന മഹ്‌ശറാ മഹാസംഗമത്തിന് ഒരുങ്ങുക. ഇഹലോകത്തുവെച്ച് സ്വയം വിചാരണ ചെയ്‌തവര്‍ക്ക് പരലോകത്തെ വിചാരണ എളുപ്പമായിരിക്കും” എന്ന് ഉമര്‍(റ) പറയുന്നുണ്ട്. (തിര്‍മിദി)
ഹൃദയത്തിലേക്കും കര്‍മത്തിലേക്കുമാണ് അല്ലാഹുവിന്റെ നോട്ടവും നിരീക്ഷണവുമെന്ന് നബി(സ) പറഞ്ഞു. ആളുകള്‍ കാണാനും അംഗീകരിക്കാനുമാണ് മുഖം നന്നാക്കുന്നതെങ്കില്‍ അല്ലാഹുവിന്റെ തൃപ്‌തിയും സ്‌നേഹവും കൈവരിക്കാനാണ് അകം നന്നാക്കേണ്ടത്. പക്ഷേ, ഈ വശം പലരും പലപ്പോഴും മറന്നുപോവുകയാണ്. ഏറ്റവുമധികം സൗന്ദര്യവര്‍ധക വസ്‌തുക്കള്‍ മുഖത്താണ് പ്രയോഗിക്കുന്നത്. ഹൃദയത്തിന്റെ സൗന്ദര്യം ഈമാന്‍ ആണ്. ഈമാനിന്റെ അഴകും സല്‍കര്‍മങ്ങളുടെ അലങ്കാരവും കൊണ്ടാണ് നാം ആത്മശുദ്ധി കൈവരിക്കേണ്ടത്. പുറമെയുള്ള അഴകിനേക്കാള്‍ നാം ശ്രദ്ധിക്കേണ്ടത് അകത്തെ അഴകിനെയാണ്. നബി(സ)യുടെ വിഖ്യാത വചനം ബുഖാരി ഉദ്ധരിക്കുന്നു: “അറിയുക! ശരീരത്തില്‍ ഒരു മാംസപിണ്ഡമുണ്ട്. അത് നന്നായാല്‍ ശരീരം മുഴുവന്‍ നന്നായി. അത് ദുഷിച്ചാലോ, ശരീരം മുഴുവന്‍ ദുഷിച്ചു. ഹൃദയമാണ് അത്.” ഈ ഹദീസ് വിശദീകരിച്ച് ഇബ്‌നു ഹജര്‍(റ) പറയുന്നു: “റസൂല്‍(സ) ഹൃദയത്തെ എടുത്തു പറഞ്ഞത് ഹൃദയം ശരീരത്തിന്റെ ഭരണാധികാരിയായതു കൊണ്ടാണ്. ഭരണാധികാരി നന്നായാല്‍ പ്രജകള്‍ നന്നാകും. ഭരണാധികാരി ദുഷിച്ചാല്‍ പ്രജകളും ദുഷിച്ചു.” (ഫത്‌ഹുല്‍ ബാരി 1:26)
ഇമാം ഇബ്‌നുല്‍ ഖയ്യിം(റ) ഈ ആശയത്തെ കുറച്ചുകൂടി വിശദമാക്കുന്നു: “ശരീരത്തിന് രോഗം പിടിപെടുന്നതുപോലെ ഹൃദയത്തിനും രോഗങ്ങള്‍ വരുന്നുണ്ട്. തൗബയും ഈമാനിന്റെ ഊര്‍ജവുമാണ് ആ രോഗത്തിനുള്ള മരുന്നുകള്‍. കണ്ണാടിയുടെ തിളക്കം നഷ്‌ടപ്പെടുന്നതുപോലെ ഹൃദയത്തിന്റെ തിളക്കവും നഷ്‌ടപ്പെടും. അല്ലാഹുവിനെക്കുറിച്ചുള്ള ഓര്‍മകൊണ്ടാണ് അതിനു തിളക്കം വര്‍ധിപ്പിക്കേണ്ടത്. ശരീരം നഗ്നമാകുന്നതുപോലെ ഹൃദയവും നഗ്നമാകും. തഖ്‌വ കൊണ്ടാണ് അതിനെ ഉടുപ്പിട്ട് അലങ്കരിക്കേണ്ടത്. ശരീരത്തിനുള്ളതുപോലെ ഹൃദയത്തിനുമുണ്ട് ദാഹം. അതിന്റെ ആഹാരപാനീയങ്ങള്‍ അല്ലാഹുവിനോടുള്ള സ്‌നേഹവും തവക്കുലും തൗബയും സല്‍കര്‍മങ്ങളുമാകുന്നു.” (അല്‍ഫവാഇദ് 129)
ഹൃദയം നന്നായാല്‍ അകം നന്നായി. പറ്റിയ കേടുകള്‍ കഴുകിക്കളഞ്ഞും പുതിയ കേടുകള്‍ കലരാതെ കാത്തും നാം ഹൃദയത്തെ ശ്രദ്ധിക്കേണ്ടതുണ്ട്. “നീ അകത്ത് സത്യസന്ധനും വിശുദ്ധനുമാവുക. എങ്കില്‍ പുറത്ത് നീ ഇഷ്‌ടപ്പെടുന്നതെന്തോ അത് ആയിത്തീരും” എന്ന് ഇമാം ഇബ്‌നുല്‍ ജൗസി(റ) നിരീക്ഷിക്കുന്നുണ്ട്. “തന്റെ നാഥന്റെ സന്നിധിയില്‍ ഹാജരാകേണ്ടി വരുമല്ലോ എന്ന് ഭയപ്പെടുകയും ദേഹേച്ഛയില്‍ നിന്ന് ആത്മാവിനെ വിലക്കുകയും ചെയ്യുന്നവര്‍-സ്വര്‍ഗമാണ് അവര്‍ക്കുള്ള സങ്കേതം.” (അന്നാസിആത്ത് 40,41) എന്ന ഖുര്‍ആന്‍ വചനം നമ്മുടെ ജാഗ്രതയാകേണ്ടതുണ്ട്.
ശ്രദ്ധയോടെയുള്ള ശുശ്രൂഷയാണ് എപ്പോഴും ഉള്ളില്‍ നടത്തേണ്ടത്. “എന്റെ മനസ്സിനെ നിയന്ത്രിച്ചുനിര്‍ത്താന്‍ കഴിഞ്ഞ നാല്‌പതു വര്‍ഷമായി ഞാന്‍ പ്രയാസപ്പെടുന്നു” എന്ന് താബിഈ ഹാഫിദ് മുഹമ്മദ്‌ബ്‌നു മുന്‍കദിര്‍(റ) പറയുന്നുണ്ട്. ഖുര്‍ആന്‍ പറയുന്നു: “തെളിഞ്ഞ പാപങ്ങളെയും ഒളിഞ്ഞ പാപങ്ങളെയും നിങ്ങള്‍ ഒഴിവാക്കുവിന്‍” (ആന്‍ആം 120). ഈ ആയത്തില്‍ പറഞ്ഞ `ഒളിഞ്ഞ പാപങ്ങള്‍' മനസ്സുകൊണ്ടുള്ള പാപങ്ങളാണെന്ന് ചില വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെടുന്നുണ്ട്. ഖല്‍ബുന്‍ സലീം (സുരക്ഷിതമായ ഹൃദയം) എന്ന ഖുര്‍ആന്‍ പ്രയോഗത്തെ (അശ്ശുഅറാഅ് 89) ഇമാം ഇബ്‌നുല്‍ ഖയ്യിം ഇങ്ങനെ വിശദീകരിക്കുന്നു: “ശിര്‍ക്കില്‍ നിന്നും ബിദ്‌അത്തില്‍ നിന്നും തെറ്റായ വികാരങ്ങളില്‍ നിന്നും അശ്രദ്ധയില്‍ നിന്നും ദേഹേച്ഛകളില്‍ നിന്നുമുള്ള മനസ്സിന്റെ സുരക്ഷിതത്വമാണിത്.” (അല്‍ ഫവാഇദ്)
പുറം കൂടുതല്‍ നന്നാവുകയും അകം ഏറെ ദുഷിക്കുകയും ചെയ്യുന്ന കാലമാണിത്. നമ്മുടെ ശ്രദ്ധയും ശുശ്രൂഷയും അധികവും അകത്തായിരിക്കണം. അഴുക്കെല്ലാം അലക്കിക്കളഞ്ഞ് അഴക് കൈവരിക്കണം; ഈമാനിന്റെ വര്‍ണഭംഗി കൈവരിക്കണം.
ഇറങ്ങിയും കയറിയും തീരുന്ന യാത്ര...!
Posted by
Malayali Peringode
, at Friday, October 09, 2009, in
Labels:
ഇറങ്ങിയും കയറിയും തീരുന്ന യാത്ര...
അബ്‌ദുല്‍വദൂദ്
ആമിറുബ്‌നു അബ്‌ദില്ല(റ) വിശ്രുതനായ പണ്ഡിതനായിരുന്നു. പ്രമുഖ സ്വഹാബിവര്യന്‍ അബൂമുസല്‍ അശ്‌അരിയുടെ ശിഷ്യന്‍. ഭക്തിയും വിശുദ്ധിയും നിറഞ്ഞുതുളുമ്പുന്ന ജീവിതം. ആരാധനയുടെയും ജിഹാദിന്റെയും വഴിയില്‍ സമര്‍പ്പിച്ച ജീവിതം. ഐഹിക സുഖാസ്വാദനത്തിന്റെ വര്‍ണപ്പകിട്ടില്‍ ഒട്ടും താല്‌പര്യമില്ലാത്ത ജീവിതം. പാണ്ഡിത്യത്തിന്റെ വര്‍ണമായിരുന്നു ആ ജീവിതത്തിന്റെ സൗന്ദര്യം. അവസാനകാലം അദ്ദേഹം ചെലവഴിച്ചത് ബൈത്തുല്‍ മുഖദ്ദസിലായിരുന്നു. രോഗശയ്യയിലായിരിക്കെ ആമിര്‍ പലപ്പോഴും കരഞ്ഞിരിക്കും. കണ്ണീരിന്റെ കാരണമെന്താണെന്ന് സുഹൃത്തുക്കള്‍ ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുമൊഴി ഇങ്ങെയായിരുന്നു:
“ഇഹലോകത്തോടുള്ള കൊതികൊണ്ടല്ല ഞാന്‍ കരയുന്നത്. മരിക്കാനുള്ള ഭയം കൊണ്ടുമല്ല. ഇനിയുള്ള ദീര്‍ഘയാത്രക്ക് ആവശ്യമായ വിഭവങ്ങള്‍ എനിക്കില്ലല്ലോ എന്ന ചിന്തയിലാണ് കരയുന്നത്. ഇറങ്ങിയും കയറിയും ഇതാ, എന്റെ ജീവിതയാത്ര തീരുകയാണ്. സ്വര്‍ഗത്തിലേക്കാണോ നരകത്തിലേക്കാണോ ഈ യാത്ര?”
ആമിറുബ്‌നു അബ്‌ദില്ല(റ)യുടെ ചോദ്യം നമ്മുടെയുള്ളിലും ഭയമായി പടരേണ്ടതാണ്. തുരുമ്പെടുത്തു തീരുന്ന ജീവിതയാത്രയില്‍, തിരിഞ്ഞുനിന്ന് സ്വന്തത്തെ വിലയിരുത്താനും ശരിതെറ്റുകള്‍ ഉള്‍ക്കൊള്ളാനും സാധിക്കേണ്ടതുണ്ട്. ഭയംകൊണ്ടും പ്രതീക്ഷ കൊണ്ടും ജീവിതത്തെ ക്രമീകരിക്കുന്നിടത്താണ് വിശ്വാസിയുടെ വിജയം. തിര്‍മിദി ഉദ്ധരിക്കുന്ന ഒരു ഹദീസില്‍, മരണാസന്നനായ ഒരു സ്വഹാബിയെ തിരുനബി(സ) സന്ദര്‍ശിക്കുന്ന സംഭവമുണ്ട്. “എങ്ങനെയുണ്ട്?” റസൂല്‍ അന്വേഷിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: “എനിക്ക് അല്ലാഹുവില്‍ പ്രതീക്ഷയുണ്ട് റസൂലേ, എങ്കിലും എന്റെ പാപങ്ങള്‍ എന്നെ ഭയപ്പെടുത്തുന്നുമുണ്ട്.” ഇതു കേട്ടപ്പോള്‍ തിരുനബി(സ)യുടെ മറുപടി ഇങ്ങനെയായിരുന്നു: “ഭയവും പ്രതീക്ഷയുമെന്ന രണ്ടവസ്ഥകളുള്ള ഒരാള്‍ക്ക് അയാളുടെ ഭയത്തില്‍ നിന്ന് മോചനവും പ്രതീക്ഷയുടെ സാഫല്യവും അല്ലാഹു നല്‌കാതിരിക്കില്ല.”
മരണത്തെ ഭയക്കുന്നവരാണ് എല്ലാവരും. “ഞാന്‍ മരിച്ചാല്‍ എന്റെ മകളെന്താവും? കുടുംബമെന്താവും?” എന്നൊക്കെ ആലോചിക്കുന്നു. ഞാന്‍ മരിച്ചാല്‍ കുടുംബമെന്താകുമെന്ന ആലോചന ഭയപ്പെടുത്തുമ്പോഴാണ് ഇവിടെയുള്ള സമ്പാദ്യം വര്‍ധിക്കുക. കുടുംബത്തിനും മക്കള്‍ക്കുമൊക്കെ വേണ്ടിയുള്ള നീക്കിയിരുപ്പ് പെരുകുക. എന്നാല്‍, “ഞാന്‍ മരിച്ചാല്‍ ഞാനെന്താകും?” എന്ന ചിന്തയുണ്ടാകുമ്പോള്‍ പരലോകത്തേക്കുള്ള നീക്കിയിരുപ്പ് വര്‍ധിക്കാന്‍ തുടങ്ങും.
യുദ്ധ മുന്നേറ്റങ്ങളിലൂടെ സുഖജീവിതത്തിലേക്കെത്തിയ മുസ്‌ലിംകളെ, ഖലീഫാ ഉമറി(റ)ന്റെ സൈന്യാധിപനായിരുന്ന ഉത്‌ബതുബ്‌നു ഗസ്വാന്‍(റ) ഉപദേശിക്കുന്നത് നമ്മളും ശ്രദ്ധിച്ചു കേള്‍ക്കേണ്ടതുണ്ട്. പുതുതായി രൂപം കൊണ്ട ബസ്വറ പട്ടണം മുസ്‌ലിംകളെ കൂടുതല്‍ സുഖിപ്പിച്ചു. ഇന്നലെ വരെ, ഉമി കളയാത്ത പരുക്കന്‍ ഗോതമ്പുകൊണ്ടുണ്ടാക്കിയ ഉണങ്ങിയ റൊട്ടി മാത്രം കഴിച്ചിരുന്നവര്‍ക്കിന്ന് മുന്തിയ ഇനം ഭക്ഷണമാണ് മുന്നിലുള്ളത്. പട്ടണത്തില്‍ എല്ലാം സുലഭമായി ലഭിക്കുന്നു. സുഖാസ്വാദനങ്ങള്‍ വര്‍ധിച്ചപ്പോള്‍ ജനങ്ങള്‍ പലതും മറക്കാന്‍ തുടങ്ങി.
സുഖം തുളുമ്പുന്ന ജീവിതത്തിലൊഴുകുന്ന നമ്മുടെയും പ്രാര്‍ഥന ഇങ്ങനെയാകട്ടെ!
ഉള്ളില്‍ കൊള്ളുന്ന ഉപദേശങ്ങള്‍
Posted by
Malayali Peringode
, at Friday, October 09, 2009, in
Labels:
ഉള്ളില്‍ കൊള്ളുന്ന ഉപദേശങ്ങള്‍
അബ്‌ദുല്‍വദൂദ് .
സലമതുബ്‌നു ദീനാര്‍ മഹാനായ പണ്ഡിതനും മദീനയിലെ ഇമാമുമായിരുന്നു. അബൂഹാസിം എന്നറിയപ്പെട്ട അദ്ദേഹം മുടന്തനായിരുന്നു. ‘നാവിന്‍തുമ്പത്ത് വിജ്ഞാനമുള്ളയാള്‍’ എന്നാണ് അദ്ദേഹം അറിയപ്പെട്ടത്. ഉന്നതരായ പല സ്വഹാബികളില്‍ നിന്നും വിജ്ഞാനം നേടിയ താബിഈ ആയിരുന്നു അബൂഹാസിം. ഭക്തിയും വിജ്ഞാനവും തുളുമ്പി നില്‍ക്കുന്ന അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ ചിന്തനീയമാണ്. ഹിജ്‌റ 97ല്‍ മദീന സന്ദര്‍ശിച്ച ഖലീഫ സുലൈമാനുബ്‌നു അബ്‌ദില്‍മലിക്, അബൂഹാസിമിനെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. “ഓര്‍മിപ്പിക്കാനും തുടച്ചുമിനുക്കാനും പറ്റുന്ന അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ കിട്ടിയില്ലെങ്കില്‍ ലോഹങ്ങളെപ്പോലെ മനസ്സും തുരുമ്പുപിടിക്കും” -ഇതായിരുന്നു ഖലീഫയുടെ അഭിപ്രായം. ഖലീഫയും ഇമാമും തമ്മില്‍ നടന്ന സംസാരത്തില്‍നിന്ന്
“നാം മരണത്തെ വെറുക്കുന്നു, കാരണം?”
“ദുനിയാവ് പണിയുകയും പരലോകം നശിപ്പിക്കുകയും ചെയ്‌തതുകൊണ്ട്. നല്ല കെട്ടിടത്തില്‍ നിന്ന് തകര്‍ന്ന കെട്ടിടത്തിലേക്ക് താമസം മാറാന്‍ മടിയുണ്ടാകും.”
“നാളെ അല്ലാഹുവിന്റെ അടുത്ത് എനിക്ക് എന്താണുള്ളത് എന്നറിയാന്‍ എന്താണ് വഴി?”
“താങ്കളുടെ പ്രവൃത്തികളെ ഖുര്‍ആനുമായി തട്ടിച്ചുനോക്കിയാല്‍ അതറിയാന്‍ കഴിയും.”
“ഖുര്‍ആനില്‍ എവിടെയാണ് അതുള്ളത്?”
“പുണ്യവാന്മാര്‍ തീര്‍ച്ചയായും സുഖത്തിലാണ്. തെമ്മാടികള്‍ തീര്‍ച്ചയായും നരകത്തിലാണ്.”
“നാളെ എങ്ങനെ അല്ലാഹുവിന്റെ അടുത്തു ചെല്ലും?”
“നന്മ ചെയ്‌തവര്‍, കുടുംബത്തിലേക്ക് യാത്രപോകുന്ന പ്രവാസിയെപ്പോലെ. തിന്മ ചെയ്‌തവര്‍, യജമാനന്റെ അടുക്കലേക്ക് നയിക്കപ്പെടുന്ന ഒളിച്ചോടിയ അടിമയെപ്പോലെ.”
“ബുദ്ധിമാനായ മനുഷ്യന്‍ ആരാണ്?”
“അല്ലാഹുവിന്റെ മാര്‍ഗം അറിയുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും അത് പ്രബോധനം നടത്തുകയും ചെയ്യുന്നവന്‍.”
“ബുദ്ധി ശൂന്യനായ മനുഷ്യനോ?”
“അന്യന്റെ ഇഹലോകത്തിനുവേണ്ടി സ്വന്തം പരലോകം വിറ്റു കളയുന്നവന്‍.”
മറ്റൊരിക്കല്‍ അബ്‌ദുര്‌റഹ്‌മാനിബ്‌നു ജരീറും മകനും അബൂഹാസിമിനെ സന്ദര്‍ശിച്ചു. ഇബ്‌നുജരീറിന്റെ ചോദ്യങ്ങളും അബൂഹാസിമിന്റെ മറുപടികളും:
“ഹൃദയമുണരാന്‍ നാമെന്തു ചെയ്യണം?”
“പാപങ്ങള്‍ ഒഴിവാക്കാന്‍ ദൃഢനിശ്ചയം ചെയ്‌താല്‍ ഹൃദയം ഉണരും. അല്ലാഹുവോട് അടുപ്പിക്കാത്ത ഏത് അനുഗ്രഹവും പാപമാണ്.”
“അങ്ങ് എപ്പോഴും ഉപദേശിക്കുന്ന നന്ദിയുടെ പൊരുള്‍ എന്താണ്?”
“ഓരോ അവയവത്തിനും നന്ദിയുണ്ട്. നന്മ കണ്ടാല്‍ പരസ്യപ്പെടുത്തുക. തിന്മ കണ്ടാല്‍ മറച്ചുവെക്കുക - ഇതാണ് കണ്ണുകളുടെ നന്ദി. നല്ലത് കേട്ടാല്‍ ഉള്‍ക്കൊള്ളുക. ചീത്തയായത് അവഗണിക്കുകയും -ഇതാണ് കാതിന്റെ നന്ദി. സ്വന്തത്തിന്റേതല്ലാത്തത് കൈവശം വെക്കരുത്. അവകാശങ്ങള്‍ തടയരുത് - ഇതാണ് കൈകളുടെ നന്ദി.”
അബൂഹാസിമിന്റെ പ്രസിദ്ധമായ ഒരുപദേശം: “പരലോകത്ത് എന്തുണ്ടാകണമെന്ന് നോക്കി ഇഹലോകത്ത് അതിന് പരിശ്രമിക്കുക. പരലോകത്ത് ആവശ്യമില്ലാത്തത് ഈ ലോകത്തും ഒഴിവാക്കുക. അസത്യത്തിന്നാണ് താങ്കളുടെ മനസ്സില്‍ സ്ഥാനമെങ്കില്‍ ദുര്‍ജനങ്ങളും കപടരും താങ്കളെ വന്നുപൊതിയും. സത്യത്തിന്നാണ് സ്ഥാനമെങ്കില്‍ സജ്ജനങ്ങളെ കൂട്ടിനുകിട്ടും. അക്കാര്യത്തില്‍ അവരുടെ സഹായവും കിട്ടും. ഇഷ്‌ടമുള്ളത് തെരഞ്ഞെടുക്കാം.”
ഉണര്‍ത്തുക; ഗുണകാംക്ഷയോടെ
Posted by
Malayali Peringode
, at Friday, October 09, 2009, in
Labels:
ഉണര്‍ത്തുക; ഗുണകാംക്ഷയോടെ
അബൂലസ്‌ന .
ഖലീഫ ഉമര്‍(റ) ചരിത്രത്തിലെ വിസ്‌മയമാണ്. അദ്ദേഹത്തെ ലോകം കണ്ട മികച്ച ഭരണാധികാരിയാക്കിയത് ഇസ്‌ലാം ആ ഹൃദയത്തില്‍ നട്ടുവളര്‍ത്തിയ വിശ്വാസത്തിന്റെ കരുത്തായിരുന്നു. നീതിയുടെ പ്രതീകമാക്കിയത് മനസ്സില്‍ ജ്വലിച്ചുനിന്നിരുന്ന ദൈവഭയമായിരുന്നു. ആ ഉമറിന്റെ ജീവിതത്തില്‍ നിന്നൊരു നിമിഷമിതാ:
ഉമര്‍(റ) ഒരിക്കല്‍ ഏകാന്തനായി വീട്ടിലിരുന്ന് കരയുകയാണ്. ആ സമയത്താണ് അവിടേക്ക് ഒരാള്‍ കയറിവരുന്നത്. സ്വകാര്യതയില്‍ കണ്ണീരണിഞ്ഞിരിക്കുന്ന ഖലീഫയെ കണ്ട് സ്‌തബ്‌ധനായ അയാള്‍ കാരണമാരാഞ്ഞു. ഖലീഫയുടെ മറുമൊഴി ഇങ്ങനെയായിരുന്നു:
“ഈ ഉമര്‍ നിങ്ങളുടെ ഭരണാധികാരിയാണ്. അതേസമയം ഞാനൊരു മനുഷ്യനുമാണ്. എന്നില്‍ വീഴ്‌ചകള്‍ സംഭവിക്കാം. എനിക്കും തെറ്റുകള്‍ പിണയാം. പക്ഷേ, അത് ചൂണ്ടിക്കാണിക്കാന്‍ ഇവിടെ ആരാണുള്ളത്? എല്ലാവരും ഖലീഫയെ ഭയപ്പെടുന്നു, തെറ്റ് ചൂണ്ടിക്കാണിക്കാന്‍ അതിലേറെ പേടിക്കുന്നു. ചെയ്‌തുപോയ തെറ്റുകളെക്കുറിച്ചറിയാതെ ഈ ഉമര്‍ അതില്‍ത്തന്നെ തുടരുന്നു. ഞാന്‍ എന്റെ റബ്ബിനെ കണ്ടുമുട്ടുമ്പോള്‍ എന്തായിരിക്കും അവസ്ഥ എന്ന് ഒരു നിമിഷം ആലോചിച്ചുപോയി” -ഇത് പറയുമ്പോള്‍ വിങ്ങലടക്കാന്‍ ഖലീഫ പാടുപെടുന്നുണ്ടായിരുന്നു.
ഉമറി(റ)ന്റെ വാക്കുകള്‍ കേട്ട ആഗതന്‍ തരിച്ചുപോയി. അദ്ദേഹത്തിന്റെ അന്തരംഗം അഭിമാനപൂരിതമായി. “അങ്ങയുടെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കാന്‍ ഇവിടെ ആളില്ലെന്ന് ആരു പറഞ്ഞു? ഇനി ആരുമില്ലെങ്കില്‍ തന്നെ, ഈയുള്ളവന്‍ അത് ചെയ്യും. അങ്ങ് ധൈര്യമായിരിക്കുക” -ആഗതന്റെ ആശ്വാസവാക്കുകള്‍ ഉമറിന്റെ അകം കുളിര്‍പ്പച്ചു.
മനുഷ്യന്‍ മാലാഖയല്ല, കാട്ടുമൃഗവുമല്ല, പ്രപഞ്ചനാഥന്റെ സവിശേഷ സൃഷ്‌ടിയാണവന്‍. ശ്രേഷ്‌ഠതയില്‍ മാലാഖമാരെ കവച്ചുവെക്കാനും ദുഷ്‌ടതയില്‍ മൃഗങ്ങളെ നാണിപ്പിക്കാനും അവനു കഴിയും. അവന്റെ ശാരീരികഘടന ദൈവിക സൃഷ്‌ടി സൗന്ദര്യത്തിന്റെ പ്രതീകമാണ്. മാനസിക ഘടനയാവട്ടെ മാറിമറിയുന്നതുമാണ്.
“ദുര്‍ബലനായാണ് മനുഷ്യനെ നാം സൃഷ്‌ടിച്ചിരിക്കുന്നത്” (നിസാഅ് 28). അങ്ങേയറ്റം അക്ഷമനായിക്കൊണ്ടാണ് മനുഷ്യന്‍ സൃഷ്‌ടിക്കപ്പെട്ടിരിക്കുന്നത് (മആരിജ് 19). “തീര്‍ച്ചയായും (മനുഷ്യന്റെ) മനസ്സ് ദുഷ്‌പ്രവൃത്തിക്ക് ഏറെ പ്രേരിപ്പിക്കുന്നതു തന്നെയാണ്.” (യൂസുഫ് 53)
മനുഷ്യ പ്രകൃതിയിലടങ്ങിയ ദുഷ്‌പ്രേരണ, അക്ഷമ, ദൗര്‍ബല്യം തുടങ്ങിയവ അനാവരണം ചെയ്യുന്ന വിശുദ്ധ വചനങ്ങള്‍ ഇനിയുമേറെയുണ്ട്. തെറ്റുകള്‍ മനുഷ്യസഹജമാണ്. വീഴ്‌ചകള്‍ ഇല്ലാത്ത ജീവിതം മിക്കവാറും അസാധ്യമാണെന്നാണ് ഖുര്‍ആനിക വീക്ഷണം.
വീഴ്‌ചകളും തെറ്റുകളും പിണയുന്നത് അറിഞ്ഞുകൊണ്ടാവാം, അറിയാതെയുമാവാം. അത്, നിസ്സാരമായ സ്‌ഖലിതങ്ങളാവാം, ഗുരുതരമായ പാതകങ്ങളുമാവാം. എന്തുമാവട്ടെ, സംഭവിച്ചുകഴിഞ്ഞാല്‍ പ്രതിവിധി എന്തെന്നതാവണം അടിയന്തിര ചിന്ത.
ഇവിടെ പരസ്‌പരം സഹോദരങ്ങളായി വര്‍ത്തിക്കേണ്ട മുസ്‌ലിംകള്‍ക്ക് വിശ്വാസപ്രചോദിതമായ ഒരു ബാധ്യതയുണ്ട്. സഹോദരനില്‍ കാണുന്ന തെറ്റുകള്‍ അപ്പപ്പോള്‍ ഗുണകാംക്ഷാപൂര്‍വം ഉണര്‍ത്തുക. തിന്മകളോടുള്ള അഭിനിവേശം മനുഷ്യപ്രകൃതിയില്‍ അന്തര്‍ലീനമാണ് ഹൃദയത്തില്‍ വിശ്വാസം വേണ്ടത്ര വേരുപിടിച്ചിട്ടില്ലാത്തവരില്‍ പ്രത്യേകിച്ചും, പണ്ഡിതരിലും പാമരരിലും അത് സംഭവിക്കാം. രാജാവിനും പ്രജയ്‌ക്കും ഇതില്‍ നിന്നും ഒഴിയാനാവില്ല. നേതാവും അണിയും സ്‌ത്രീയും പുരുഷനും ഇക്കാര്യത്തില്‍ സമന്മാരാണ്. തെറ്റുകള്‍ക്കുള്ള സാധ്യത എത്രത്തോളമാണോ അത്ര തന്നെയാവണം അത് ചൂണ്ടിക്കാണിക്കാനുള്ള സമൂഹാംഗങ്ങളുടെ ബാധ്യതയും. പണ്ഡിതനിലെ തെറ്റ് ചൂണ്ടിക്കാണിക്കാന്‍ പാമരന് ബാധ്യതയുണ്ട്. നേതാവിന് പിണയുന്ന അബദ്ധം അണികളാണ് തിരുത്തേണ്ടത്. പണ്ഡിതന്റെ മഹത്വവും ജനനേതാവിന്റെ സ്ഥാനവും രാജപദവിയും ഇക്കാര്യത്തില്‍ പ്രശ്‌നമേ ആവരുത്. തിരുത്തല്‍ ശ്രമങ്ങളെ പാമരന്റെ അറിവില്ലായ്‌മയായോ അണിയുടെ അച്ചടക്ക ലംഘനമായോ മുദ്രകുത്താനും ശ്രമിക്കരുത്. ചൂണ്ടിക്കാണിക്കുന്നവന്റെ നിലവാരമല്ല, ഗുണകാംക്ഷയാണ് പ്രധാനം. തിരുത്തേണ്ടവന്റെ മഹത്വമോ പദവിയോ അല്ല സഹിഷ്‌ണുതയും വിശാലമനസ്സുമാണ് പ്രസക്തം.
ഇസ്‌ലാം ഇക്കാര്യത്തില്‍ വിശ്വാസികളില്‍ വളര്‍ത്തിയെടുത്ത ശിക്ഷണ ശീലമാണ് ഖലീഫ ഉമറി(റ)ല്‍ നാം കണ്ടത്. ചൂണ്ടിക്കാണിക്കാന്‍ ആളില്ലാത്ത അവസ്ഥയില്‍, തെറ്റുകള്‍ അറിയാതെ പിണയുകയും അതില്‍ തന്നെ തുടരുകയും അങ്ങനെ അതിന്റെ ഭാരവുമായി അല്ലാഹുവിനെ കണ്ടുമുട്ടുകയും ചെയ്യുന്ന വേദനാപൂര്‍ണമായ ഗതിയെക്കുറിച്ച് ഒഴിഞ്ഞിരുന്നു വേപഥു കൊള്ളുന്ന ഒരു ഭരണാധികാരി നാടിന്റെ പുണ്യമല്ലേ? നേതാവിന്റെ തിന്മകളെ എതിര്‍ക്കുന്നില്ലെന്നു മാത്രമല്ല, അത് നന്മയായി ചിത്രീകരിക്കുകയും നേതാവിനെ വെള്ളപൂശി നേതൃഭക്തിയില്‍ തെളിയിക്കുകയും ചെയ്യുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ നാടിനു നാണക്കേടല്ലാതെ മറ്റെന്താണ്? വിമര്‍ശകരില്ലാത്തതാണ് ഉമറി(റ)നെ അലട്ടിയതെങ്കില്‍ വിമര്‍ശകരുള്ളതാണ് ഇന്നത്തെ ഭരണാധികാരികള്‍ക്ക് തലവേദനയുണ്ടാക്കുന്നത്.
ശനിയാഴ്‌ചക്ക് അല്ലാഹു കല്‌പിച്ച പവിത്രത ലംഘിച്ച യഹൂദരില്‍ ഒരു വിഭാഗം. അവരെ അതില്‍നിന്ന് വിലക്കി. രണ്ടാം വിഭാഗം അവരെ തടയേണ്ടതില്ലെന്ന് വാദിച്ചു. അവരുടെ കാര്യം അല്ലാഹു നോക്കും എന്നായി മൂന്നാം വിഭാഗം. ഇതില്‍ ഒന്നാം വിഭാഗത്തെ അല്ലാഹു ശിക്ഷിച്ചു. രണ്ടാം വിഭാഗത്തെ രക്ഷിച്ചു. മൂന്നാം പക്ഷത്തെ വ്യംഗ്യമായി വിമര്‍ശിച്ചു (അഅ്‌റാഫ് 164). ഇത് വിശ്വാസിക്കുള്ള പാഠമാണ്. തെറ്റുകളെ അപ്പപ്പോള്‍ തിരുത്താന്‍ ശ്രമിക്കണമെന്ന ഗുണപാഠം.
ആരാധന: ആത്മീയതയുടെ ആത്മാവ്
Posted by
Malayali Peringode
, Thursday, October 8, 2009 at Thursday, October 08, 2009, in
Labels:
ആരാധന: ആത്മീയതയുടെ ആത്മാവ്
പി എം എ ഗഫൂര്‍
ആത്മീയതയുടെ അന്തസ്സത്തയിലും അടിക്കല്ലിലും വികസിക്കുന്ന വ്യക്തിത്വമാണ് മുസ്‌ലിമിന്റേത്. ജീവിതത്തിന്റെ സര്‍വതലങ്ങളെയും സംസ്‌കരിക്കുകയും നവീകരിക്കുകയും ചെയ്യുന്ന ആത്മീയതയാണ് ഇസ്‌ലാമിന്റേത്. ഉള്ളും പുറവും ആത്മീയവത്‌കരിക്കപ്പെടുമ്പോള്‍ കൈവരുന്ന ഹൃദയശാന്തിയുടെ പേരാണ് ഇസ്‌ലാം. കര്‍മവും കാഴ്‌ചപ്പാടും വിചാരഗതികളും വിമലീകരിക്കപ്പെടുമ്പോള്‍ മാത്രമാണ് സംശുദ്ധമായ ഇസ്‌ലാമിക വ്യക്തിത്വം കൈവരുന്നത്. ഈ വിമലീകരണത്തിനുള്ള ഏകകങ്ങളാണ് ആരാധനാകര്‍മങ്ങള്‍. ആത്മീയസൗഖ്യത്തിന്റെ അഴകും അര്‍ഥവും കൈവരിക്കുന്ന സന്ദര്‍ഭമണ് ആരാധനാവേളകള്‍. ഇങ്ങനെ, ആത്മീയ വിമോചനവും ആന്തരിക വിമലീകരണവും ഒരേ അളവില്‍ സാധിച്ചെടുക്കാവുന്ന ആരാധനാകര്‍മങ്ങളുടെയും വിശ്വാസകാര്യങ്ങളുടെയും സംലയമാണ് ഇസ്‌ലാമിക ജീവിതം.
ഉണര്‍ത്തുന്ന ഉപദേശങ്ങള്‍
Posted by
Malayali Peringode
, at Thursday, October 08, 2009, in
Labels:
ഉണര്‍ത്തുന്ന ഉപദേശങ്ങള്‍
അബ്‌ദുല്‍വദൂദ്
ഇമാം ശാഫിഈയുടെ ഉപദേശങ്ങള്‍ അര്‍ഥവത്താണ്. വിജ്ഞാനവും ജീവിതാനുഭവങ്ങളും സമ്മേളിക്കുന്ന സംക്ഷിപ്‌ത വാക്യങ്ങളാണവ.
അവയില്‍ നിന്ന് ചിലത്:
ആത്മീയതയുടെ സുഖാനുഭവങ്ങള്‍
Posted by
Malayali Peringode
, at Thursday, October 08, 2009, in
Labels:
ആത്മീയതയുടെ സുഖാനുഭവങ്ങള്‍
പി എം എ ഗഫൂര്‍
അത്‌ഖാ എന്ന പദവിയാണ് അല്ലാഹുവുമായുള്ള ബന്ധത്തിന്റെ പാരമ്യമെന്ന് ഖുര്‍ആന്‍ ഉണര്‍ത്തുന്നുണ്ട് (49:13). `ഏറ്റവും ഉയര്‍ന്ന വിധമുള്ള ഭക്തി'യാണ് അത്‌ഖാ. വ്യത്യസ്‌ത വിധമുള്ള ആത്മീയ പദവികളിലൂടെ സഞ്ചരിച്ചെത്തുന്ന അവസാന നിലയെന്ന വിധത്തിലല്ല, അത്‌ഖായെ ഖുര്‍ആന്‍ വിശദീകരിക്കുന്നത്. ഒട്ടും അസാധാരണത്വങ്ങളില്ലാതെ, അതിസാധാരണമായ ജീവിതവഴികളിലൂടെ നീങ്ങുമ്പോള്‍ തന്നെ, ദൈവവുമായുള്ള പവിത്ര ബന്ധത്തെ നവീകരിച്ചും വര്‍ധിപ്പിച്ചും സാധിച്ചെടുക്കാവുന്ന വിശേഷണമാണ് അത്‌ഖാ. മനുഷ്യസമൂഹത്തെ വ്യത്യസ്‌ത വംശവല്ലികളായി പടര്‍ത്തിയതിന്റെ ഉദ്ദേശ്യം വ്യക്തമാക്കിയതിന്റെ പിറകെയാണ് അത്‌ഖാ ആയവര്‍ മാത്രമാണ് അല്ലാഹുവുമായി ഏറ്റവും അടുപ്പമുള്ളവര്‍ എന്ന് ഖുര്‍ആന്‍ ഉണര്‍ത്തുന്നത്. വംശമോ ദേശമോ അല്ല, അല്ലാഹുവുമായുള്ള ബന്ധം ഈടുറ്റതാക്കുന്നതെന്ന സൂചന ഈ ആയത്തിന്റെ അകത്തുണ്ട്. അസാധാരണമായ പ്രവൃത്തികള്‍ കാരണം കല്‍പ്പിക്കപ്പെടാവുന്നതാണ് ആത്മീയതയും ദൈവികതയുമെന്ന ധാരണ സമൂഹത്തില്‍ പടര്‍ന്ന തെറ്റിദ്ധാരണയാണ്. യുസ്വദ്ദിഖൂന ബിയൗമിദ്ദീന്‍ (70:26) എന്ന്, വിശ്വാസികളുടെ മികവുറ്റ ഗുണമായി ഖുര്‍ആന്‍ എടുത്തു പറയുന്നുണ്ട്. `പ്രതിഫല ദിനത്തെ സത്യപ്പെടുത്തുന്നവര്‍' എന്നാണ് ഈ വചനത്തില്‍ വിവക്ഷ. ``പ്രതിഫല ദിനത്തെ വിശ്വസിക്കുന്നവര്‍'' എന്നതിനെക്കാള്‍ ആശയസമ്പുഷ്‌ടമാണ് ഈ വിശേഷണം. പ്രതിഫലദിനത്തില്‍ സത്യപ്പെടുത്തിക്കൊണ്ടേയിരിക്കുന്നവര്‍ ആയിരിക്കണം വിശ്വാസികള്‍ എന്നാണ് വചനത്തിലെ നിര്‍ദേശം. അഥവാ, ജീവിത സന്ദര്‍ഭങ്ങളിലെല്ലാം പരലോകബോധം ജാഗ്രതാ വിചാരമായി കൂടെ വേണം. വാക്കിലും നോക്കിലും ഇടപാടിലും ഇടപെടലിലുമെല്ലാം പരലോകത്തെ `സത്യപ്പെടുത്തുന്ന' ഭയവും സൂക്ഷ്‌മതയും നിഴലിക്കണം. ഇതാണ് അത്‌ഖാ.
തൗബയുടെ തെളിനീരുറവയില്‍ മുങ്ങി...
Posted by
Malayali Peringode
, at Thursday, October 08, 2009, in
Labels:
തൗബയുടെ തെളിനീരുറവയില്‍ മുങ്ങി...
പി മുഹമ്മദ് കുട്ടശ്ശേരി
റോമായുദ്ധം നടക്കുമ്പോഴുണ്ടായ ഒരു സംഭവം ചരിത്രകാരന്മാര്‍ വളരെ ആശ്ചര്യത്തോടെ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. യുദ്ധത്തിന്നിടയില്‍ ശത്രുക്കള്‍ ഒരു മുസ്‌ലിം ഭടനെ പിടിച്ചു ബന്ദിയാക്കി. അയാളില്‍നിന്ന് സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തിയെടുക്കാമെന്ന് കണക്കുകൂട്ടി. രാത്രി അയാളുടെ കൂടെ സുന്ദരിയായ ഒരു സ്‌ത്രീയെയും പാര്‍പ്പിച്ചു. അയാളെ വശീകരിച്ച് രഹസ്യങ്ങള്‍ ചോര്‍ത്തിയെടുക്കുകയായിരുന്നു അവളെയേല്‌പിച്ച ദൗത്യം. യുവതി എല്ലാ വിദ്യകളും പ്രയോഗിച്ചുനോക്കി. പക്ഷേ, മുസ്‌ലിം ഭടന്‍ അവളെ ശ്രദ്ധിച്ചതേയില്ല. അയാള്‍ നമസ്‌കാരത്തിലും പ്രാര്‍ഥനയിലും മുഴുകുകയായിരുന്നു. നേരം പുലര്‍ന്ന് ആകാംക്ഷയോടെ കാത്തുനിന്ന ജനം വാതില്‍ തുറന്നപ്പോള്‍ വിവരം തിരക്കി. യുവതിയുടെ പ്രതികരണം ഒറ്റവാക്കില്‍: നിങ്ങള്‍ എന്റെ കൂടെ കിടത്തിയത് മനുഷ്യനല്ല; കരിങ്കല്ലാണ്.
എല്ലാം തന്നവന് നാമെന്തു നല്കി?
Posted by
Malayali Peringode
, Tuesday, October 6, 2009 at Tuesday, October 06, 2009, in
Labels:
എല്ലാം തന്നവന് നാമെന്തു നല്‍കി?
അബ്‌ദുല്‍വദൂദ്
താങ്കള്‍ വളരെയേറെ ഇഷ്‌ടപ്പെടുന്ന ഒരു കുട്ടി. എന്തു വേണമെന്ന് പറഞ്ഞാലും അവള്‍ക്ക് വാങ്ങിക്കൊടുക്കുന്നു. അവളുടെ ആവശ്യങ്ങളെല്ലാം സന്തോഷപൂര്‍വം ചെയ്‌തുകൊടുക്കുന്നു. അവളോടുള്ള സ്‌നേഹവും വാത്സല്യവും നിങ്ങളുടെയുള്ളില്‍ എപ്പോഴും നിറഞ്ഞുതുളുമ്പുന്നു. ഇത്രയധികം നിങ്ങള്‍ സ്‌നേഹിക്കുന്ന ആ കുട്ടിയോട് ചെറിയൊരു കാര്യം ആവശ്യപ്പെടുമ്പോള്‍, അവള്‍ അത് പരിഗണിക്കുകയേ ചെയ്യാതെ തിരിഞ്ഞുകളഞ്ഞാല്‍ ദേഷ്യമാണോ സങ്കടമാണോ നിങ്ങള്‍ക്കുണ്ടാവുക? ദേഷ്യത്തെക്കാള്‍ സങ്കടമാണുണ്ടാവുക, അല്ലേ? ഇത്രയേറെ ഞാനാ കുട്ടിയെ സ്‌നഹിച്ചിട്ടും എന്റെ സ്‌നേഹം അവള്‍ തിരിച്ചറിയുന്നില്ലല്ലോ എന്ന ദു:ഖമാണുണ്ടാവുക.
എങ്കില്‍ അല്ലാഹുവെക്കുറിച്ച് ഒന്നോര്‍ത്തുനോക്കൂ. കാരണം, അവന്‍ നമ്മെ ഏറെ സ്‌നേഹിക്കുന്നുണ്ട്. പക്ഷേ, സ്വര്‍ഗത്തിന്റെ വഴിയിലേക്ക് അല്ലാഹു നമ്മെ ക്ഷണിക്കുമ്പോള്‍ നാം തിരിഞ്ഞുകളയുന്നു. അവന്‍ നല്‌കിയ അനുഗ്രഹങ്ങളുടെ കൂമ്പാരങ്ങളില്‍ ജീവിക്കുമ്പോഴും അവനോട് നന്ദികേട് കാണിക്കുന്നു. അവന്റെ നിര്‍ദേശങ്ങള്‍ക്ക് വില കല്‌പിക്കാതെ, നമ്മുടെ ഇഷ്‌ടങ്ങളുടെ പിറകെ സഞ്ചരിക്കുന്നു. ഓരോ സെക്കന്റിലും പാലിച്ചുകൊണ്ടേയിരിക്കേണ്ടതാണ് അവന്റെ നിര്‍ദേശങ്ങളെങ്കിലും അവയോട് മുഖം തിരിച്ച്, അലസമായി നാം നീങ്ങുന്നു! എങ്കില്‍ എത്ര വലിയ നന്ദികേടാണ് നാം കാണിക്കുന്നത്.
നെറ്റിയില്‍ ഒരു കെട്ടുമായി നടന്നുവരുന്ന യുവാവിനോട്, പണ്ഡിതനായ സുഫ്യാനുസ്സൗരി ആ കെട്ടിന്റെ കാരണം ചോദിച്ചു: “ശക്തമായ തലവേദന കാരണം നനഞ്ഞ ശീല കെട്ടിയതാണ്.” “സുഹൃത്തേ താങ്കള്‍ക്കെത്ര വയസ്സായി?”
“മുപ്പത്”
“ഈ മുപ്പത് വര്‍ഷത്തിനിടയില്‍ കാര്യമായ വല്ല അസുഖങ്ങളും വന്നിട്ടുണ്ടോ?”
“ഇല്ല.”
“അപകടങ്ങള്‍ വല്ലതും?”
“ഇല്ല.”
“നോക്കൂ സുഹൃത്തേ, കഴിഞ്ഞ മുപ്പതുവര്‍ഷത്തെ സുഖകരമായ ജീവിതം താങ്കള്‍ക്ക് അല്ലാഹു തന്നു. രോഗങ്ങളും അപകടങ്ങളും ഇല്ലാതാക്കിയതിന് ഒരടയാളവും താങ്കള്‍ പ്രദര്‍ശിപ്പിച്ചില്ല. ഇപ്പോള്‍ ഒരു ചെറിയ തലവേദന വന്നപ്പോഴേക്ക് അത് താങ്കള്‍ക്ക് അസഹനീയമായിരിക്കുന്നു, അല്ലേ?''
സുഫ്യാനുസ്സൗരിയുടെ ചോദ്യം യുവാവിനെ ചിന്തിപ്പിച്ചു.
സൂറത്തുല്‍ ആദിയാത്ത് ആരംഭിക്കുന്നത്, യജമാനനോട് അനുസരണവും നന്ദിയുമുള്ള കുതിരയെ വര്‍ണിച്ചുകൊണ്ടാണല്ലോ. പ്രഭാതത്തിന്റെ പ്രകാശമെത്തും മുമ്പേ യജമാനനു വേണ്ടി യുദ്ധക്കളത്തിലേക്കോടുന്ന കുതിരയെ വര്‍ണിച്ച ശേഷം ഇത്രയുമാണ് അല്ലാഹു പറയുന്നത്: “തീര്‍ച്ച, മനുഷ്യന്‍ അവന്റെ രക്ഷിതാവിനോട് നന്ദികേട് കാണിക്കുന്നവനാണ്. അവന്‍ തന്നെ അതിന് സാക്ഷിയാണ്...''
അല്ലാഹുവോടുള്ള നന്ദിയെന്നാല്‍, അവനെക്കുറിച്ച വിചാരങ്ങളോടെയുള്ള ജീവിതമാണ്. ആ നിയമങ്ങളെ മുറ തെറ്റാതെ പാലിച്ചുകൊണ്ടുള്ള ജീവിതം. അല്ലാഹുവോട് നന്ദിയുണ്ടാവാന്‍ മൂന്നു കാര്യങ്ങള്‍ ഇമാം ഗസ്സാലി(റ) നിര്‍ദേശിക്കുന്നുണ്ട്: ഒന്ന്, അവന്റെ അനുഗ്രഹങ്ങളെ തിരിച്ചറിയാന്‍ സാധിക്കണം. രണ്ട്, ആ അനുഗ്രഹങ്ങളില്‍ തികഞ്ഞ സന്തോഷമുണ്ടാകണം. മൂന്ന്, അനുഗ്രഹദാതാവിന് ഇഷ്‌ടമുള്ളവിധം അവ ഉപയോഗപ്പെടുത്തണം. (ഇഹ്യാ ഉലൂമിദ്ദീന്‍ 103)
അല്ലാഹു നല്‌കിയ അനുഗ്രഹങ്ങളെ അവനു പ്രിയമുള്ള വിധം ഉപയോഗപ്പെടുത്തുകയാണ് പ്രധാനം. സമ്പത്തും അവയവങ്ങളും സമയവുമെല്ലാം അവന് അനിഷ്‌ടമുള്ളതില്‍ പ്രയോഗിക്കാതിരിക്കാനുള്ള ജാഗ്രതയാണ് അവനുള്ള നന്ദി.
നോക്കൂ, തിരക്കുപിടിച്ച ജോലി ചെയ്യുന്ന സമയത്ത് ഫോണില്‍ ആരോ വിളിക്കുന്നു. ചെയ്യുന്ന ജോലി വളരെ പ്രധാനമാണെങ്കിലും വിളിക്കുന്നയാള്‍ അതിലേറെ പ്രിയപ്പെട്ടയാളാണെങ്കില്‍ മാത്രമേ നാം ഫോണെടുക്കൂ; അല്ലേ? അങ്ങനെയെങ്കില്‍ കച്ചവടത്തില്‍, വീട്ടില്‍ പ്രിയങ്കരങ്ങളായ പലതിനോടുമൊപ്പം കഴിയുമ്പോള്‍ അതാ ഒരാള്‍ വിളിക്കുന്നു! വിജയത്തിലേക്കുള്ള വിളിയാണ്. നമസ്‌കാരത്തിലേക്കുള്ള ക്ഷണമാണ്. ഫോണെടുക്കുന്നതും എടുക്കാതിരിക്കുന്നതും വിളിക്കുന്നയാളുടെ പ്രാധാന്യത്തിനനുസരിച്ചാണെങ്കില്‍, ഈ ക്ഷണത്തിന് നാം ഉത്തരം നല്‌കുന്നതും ക്ഷണിക്കുന്നയാള്‍ക്ക് നമ്മുടെ മനസ്സിലുള്ള സ്ഥാനത്തിനനുസരിച്ചായിരിക്കും.
എല്ലാ പ്രിയങ്ങളേക്കാളും വലിയ പ്രിയമായി അല്ലാഹു മാറിയിട്ടുണ്ടെങ്കില്‍ അവന്റെ ക്ഷണം നാമാരും നിരസിക്കില്ല.
“നിങ്ങള്‍ നന്ദി കാണിച്ചാല്‍ നിങ്ങള്‍ക്ക് വര്‍ധിപ്പിച്ചുതരും. നന്ദികേട് കാണിച്ചാല്‍ എന്റെ ശിക്ഷ അതികഠിനമാണ്, തീര്‍ച്ച.”(14:7)
അല്ലാഹു തന്നതാണ് എല്ലാ സുഖങ്ങളും. അല്ലാഹു തന്ന ഏതെങ്കിലുമൊരു സുഖം അതേ അല്ലാഹുവിനെ മറക്കാന്‍ കാരണമാകുന്നുണ്ടോ? നമ്മുടെ ജീവിതത്തില്‍ അല്ലാഹുവിന് നല്‌കുന്ന സ്ഥാനവും സമയവുമെത്രയാണ്? ഓരോ നിമിഷവും നമ്മെ അസ്വസ്ഥപ്പെടുത്തേണ്ട ആലോചനയാവണം ഇത്. എല്ലാമെല്ലാം തന്നവന് തിരിച്ചെന്തു നല്കി?
--
Subscribe to:
Posts (Atom)






