this site the web

കൊള്ളാം, നന്നായിട്ടുണ്ട്‌!

അബ്‌ദുല്‍വദൂദ്‌

ഇസ്‌റാഈല്‍ വംശത്തില്‍ രണ്ട്‌ സഹോദരന്മാരുണ്ടായിരുന്നു. ഒരാള്‍ നല്ല ഭക്തന്‍. മറ്റെയാള്‍ തെറ്റു ചെയ്യുന്നവന്‍. ഭക്തന്‍ സഹോദരനെ എപ്പോഴും ഉപദേശിക്കും. ഒരിക്കല്‍ കോപത്തോടെ ഇങ്ങനെ പറഞ്ഞു: ``നിനക്കൊരിക്കലും അല്ലാഹു പൊറുത്തുതരില്ല. നീ സ്വര്‍ഗത്തിലും പ്രവേശിക്കില്ല.'' രണ്ടുപേരും അല്ലാഹുവിന്റെ മുന്നിലെത്തുമ്പോള്‍ പാപിയോട്‌ അല്ലാഹു പറയും: ``എന്റെ കാരുണ്യത്താല്‍ താങ്കള്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചോളൂ.''

ഭക്തനോടുള്ള കല്‍പന യിങ്ങനെ: ``എന്നെക്കുറിച്ച്‌ നീയാണോ കൂടുതലറിയുന്നവന്‍? നീ നരകത്തിലേക്ക്‌ പോയ്‌ക്കോളൂ'' -തിരുനബി(സ) പറഞ്ഞ ഈ കഥ ഉദ്ധരിച്ചശേഷം അബൂഹുറയ്‌റ(റ) പറയുന്നു: ``ഒരാള്‍ ഉച്ചരിക്കുന്ന ഒരു വാക്കുമതി, ചിലപ്പോള്‍ അയാളുടെ ഇഹപര ലോകങ്ങള്‍ ആകെ കുഴപ്പത്തിലാകാന്‍.'' (ബൈഹഖി, ശുഅബുഈമാന്‍ 6689)

തെറ്റുകാരോടുള്ള സമീപനവും വാക്കിന്റെ വിലയും പഠിപ്പിക്കുന്ന തിരുവചനമാണിത്‌. ആശയ വിനിമയത്തിന്റെ പ്രധാന ഉപാധിയെന്ന നിലയില്‍ വാക്കുകള്‍ വളരെ പ്രധാനമാണ്‌. ഉചിതമല്ലാത്ത ഒറ്റവാക്ക്‌ ഒട്ടനവധി അപകടങ്ങളിലേക്ക്‌ എത്തിച്ചെന്നുവരാം. ബന്ധങ്ങളെ തകര്‍ത്തെറിയാന്‍ ഒരു ചെറിയ വാക്കിനുപോലും കരുത്തുണ്ട്‌. മറ്റുള്ളവരുടെ വ്യക്തിത്വത്തിന്‌ അംഗീകാരവും വളര്‍ച്ചക്ക്‌ സഹായവും ഇഷ്‌ടത്തിന്‌ വളവുമാകുന്ന വാക്കുകള്‍ പകരുമ്പോള്‍ ബന്ധങ്ങള്‍ക്ക്‌ ശക്തിയും സൗഹൃദങ്ങള്‍ക്ക്‌ വൈപുല്യവും കൈവരും. `നീ ഒരിക്കലും ശരിയാവില്ല', `നിന്നോട്‌ എത്ര പറഞ്ഞിട്ടും ഗുണമില്ല', `ഇതൊന്നും ശരിയായിട്ടില്ല' തുടങ്ങിയ വാക്കുകള്‍ കേള്‍ക്കാനിഷ്‌ടമില്ലാത്തവ ആയതിനാല്‍ പറയാനും ഇഷ്‌ടപ്പെടരുത്‌. അതേ വാക്കുകളുടെ സ്ഥാനത്ത്‌ `കൊള്ളാം, നന്നായിട്ടുണ്ട്‌', `ഇനിയും നന്നാക്കാന്‍ നിനക്ക്‌ കഴിയും', `നീ ശ്രമിച്ചാല്‍ സാധിക്കും' പോലുള്ള വാക്കുകള്‍ ഒരേസമയം പറയുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും ഗുണമായിത്തീരുന്നു. ഇണകള്‍ തമ്മിലും മക്കളോടും വിദ്യാര്‍ഥികളോടും മാത്രമല്ല, പ്രബോധകരുടെ ഉപദേശങ്ങളിലും ഇവ്വിധമുള്ള സമീപനമാണ്‌ വിജയം വരുത്തുക. നേരെ മറിച്ചായാല്‍ മാറ്റങ്ങളൊന്നും കാണാനുണ്ടാവില്ല. മികച്ച ചെടികളും ചിലപ്പോള്‍ മുരടിച്ച്‌ പോകും. നേരാംവണ്ണം വെള്ളവും വളവും കിട്ടിയാല്‍ അത്രയൊന്നും മികച്ചതല്ലാത്ത ചെടികളും തളിര്‍ത്തുവരും; അല്ലേ?

മറ്റുള്ളവരുടെ നന്മകള്‍ കാണലും അവര്‍ക്കെല്ലാം നന്മ മാത്രം പ്രതീക്ഷിക്കലുമാണ്‌ മുസ്‌ലിമിന്റെ ഗുണം. നല്ല മനസ്സ്‌ നല്ലത്‌ കാണും. കേടുള്ള മനസ്സ്‌ കേടുള്ളതേ കാണൂ.

തെറ്റുകുറ്റങ്ങളില്‍ നിന്ന്‌ സര്‍വരെയും വിമോചിപ്പിക്കേണ്ട ദൗത്യം നമുക്കുണ്ടെങ്കിലും അത്‌ എങ്ങനെയായിരിക്കണമെന്നതു കൂടി പഠിച്ചതിനു ശേഷമേ അതിന്‌ പുറപ്പെടാവൂ. ഇല്ലെങ്കില്‍ വിപരീതഫലമായിരിക്കും ലഭിക്കുക. ഉമറിന്റെ
(റ) ഒരു വചനമുണ്ട്‌: ``നിങ്ങളുടെ സഹോദരന്‌ ഒരു തെറ്റുപറ്റിയാല്‍ അയാളെ ആ വീഴ്‌ചയില്‍ നിന്ന്‌ പിടിച്ചെഴുന്നേല്‌പിക്കാനും നേര്‍മാര്‍ഗത്തില്‍ നടത്താനുമാണ്‌ നിങ്ങള്‍ ശ്രദ്ധിക്കേണ്ടത്‌. ചെയ്‌തുപോയ തെറ്റിന്റെ പേരില്‍ അയാളില്‍ തൗബയ്‌ക്കുള്ള ചിന്ത ഉണരാനും അല്ലാഹു അയാള്‍ക്ക്‌ പൊറുത്തുകൊടുക്കാനും നിങ്ങള്‍ പ്രാര്‍ഥിക്കുക. ഒരിക്കലും നിങ്ങളുടെ സഹോദരന്റെ കാര്യത്തില്‍ പിശാചിനെ സഹായിക്കരുത്‌.'' (ശുഅബു ഈമാന്‍ 6690)

``സത്യവിശ്വാസികള്‍ പരസ്‌പരം ദയ കാണിക്കുന്നവരാണ്‌'' (48:29) എന്ന വചനത്തെ അബ്‌ദുല്ലാഹിബ്‌നുഅബ്ബാസ്‌(റ) വിശദീകരിക്കുന്നത്‌ നോക്കൂ: ``വിശ്വാസികളില്‍ പാപം ചെയ്യുന്നവന്‍ നല്ലവനു വേണ്ടിയും നല്ലവന്‍ പാപിക്കു വേണ്ടിയും പ്രാര്‍ഥിച്ചുകൊണ്ടിരിക്കും. പാപി നല്ലവനെ കാണുമ്പോള്‍ പ്രാര്‍ഥിക്കും: ``അല്ലാഹുവേ, നീ ഇയാള്‍ക്ക്‌ നല്‍കിയിട്ടുള്ള നന്മകളില്‍ ഇയാളെ നീ അനുഗ്രഹിക്കുകയും സന്മാര്‍ഗത്തില്‍ ഉറപ്പിച്ചു നിര്‍ത്തുകയും ചെയ്യേണമേ.'' മറ്റെയാള്‍ പാപിക്കുവേണ്ടി പ്രാര്‍ഥിക്കും: ``അല്ലാഹുവേ, അയാളെ നേര്‍വഴിയില്‍ നടത്തേണമേ. ഇയാളുടെ തൗബ സ്വീകരിച്ച്‌ വീഴ്‌ചകള്‍ പൊറുത്തുകൊടുക്കേണമേ.'' (ഇഹ്‌യാ ഉലൂമിദ്ദീന്‍ 2:194)

``തെറ്റുചെയ്യുന്നവരുടെ തെറ്റുകളെയാണ്‌ വെറുക്കേണ്ടത്‌. തെറ്റില്‍ നിന്ന്‌ ഒഴിഞ്ഞാല്‍ അതോടെ അയാളെ കൂട്ടുകാരനാക്കുകയും ചെയ്യുക'' എന്ന്‌ അബുദ്ദര്‍ദാഅ്‌(റ) പറയുന്നുണ്ട്‌. നന്മ കല്‌പിക്കുക എന്നത്‌ ബാധ്യതയാണ്‌. പക്ഷേ, ആ ബാധ്യത ഒരാളുടെയും അഭിമാനത്തിന്‌ കേടുപറ്റാതെയും ആരെയും ആക്ഷേപിക്കാതെയും നിര്‍വഹിക്കാമെന്നാണ്‌ നിര്‍ദേശം. തിരുനബി(സ) പറഞ്ഞിട്ടുണ്ട്‌: ``ഈ വ്യക്തി സ്വര്‍ഗത്തിലാണ്‌, അയാള്‍ നരകത്തിലാണ്‌ എന്നൊക്കെ വിധിക്കുന്നവര്‍ക്ക്‌ നഷ്‌ടം.'' (ഇമാം സുയൂഥി, ജാമിഉസ്സഗീര്‍ 9650)

കാരുണ്യവാനായ അല്ലാഹുവിന്റെ സന്ദേശം കൈമാറുന്നവര്‍ കാരുണ്യമുള്ളവരാകണം. സ്‌നേഹം കൊണ്ടുനിറഞ്ഞ മനസ്സില്‍ നിന്നുവരുന്ന വാക്കുകള്‍ക്ക്‌ സ്വാധീനശക്തി വര്‍ധിക്കും. ഹൃദയത്തില്‍ നിന്നു വരുന്ന വാക്കുകള്‍ കേള്‍ക്കുന്നവരുടെയും ഹൃദയത്തില്‍ പതിക്കും. നാവില്‍ നിന്ന്‌ വരുന്നത്‌ ചെവിയിലേ തട്ടൂ. ഹൃദയത്തില്‍ നിന്നുള്ള വാക്കുകള്‍ക്ക്‌ വലിയ ശബ്‌ദം വേണ്ടിവരില്ല. ആദരവും ബഹുമാനവുമാണ്‌ മറ്റുള്ളവര്‍ക്ക്‌ നമ്മില്‍ നിന്ന്‌ ലഭിക്കുന്ന ഏറ്റവും മികച്ച സമ്മാനം. എല്ലാ ബന്ധങ്ങളുടെ വിജയരഹസ്യവും അതാണ്‌. പ്രപഞ്ച സ്രഷ്‌ടാവായ അല്ലാഹു, നിസ്സാരനായ മനുഷ്യനെ ബഹുമാനിച്ചിരിക്കുന്നു എന്ന്‌ പറഞ്ഞതില്‍ നിന്ന്‌ അത്‌ വ്യക്തമാണല്ലോ. ആദരവ്‌ കലര്‍ന്ന വാക്കുകളാവണം ഉപദേശങ്ങള്‍. ഒരു ചെറിയകുട്ടിക്കുപോലും അഭിമാനബോധമുണ്ട്‌. അത്‌ അംഗീകരിച്ചും അതിനെ ആദരിച്ചുമാവണം സംസാരങ്ങള്‍.

നല്ല ഗുണങ്ങളെ പ്രശംസിച്ചും പിശുക്കില്ലാതെ അഭിനന്ദിച്ചും സംസാരിക്കുന്നതോടെ കേള്‍ക്കുന്നവരുടെ ഹൃദയത്തില്‍ നമുക്കൊരു ഇരിപ്പിടം ലഭിക്കുന്നു. പോരായ്‌മകള്‍ ചൂണ്ടിക്കാണിക്കാനുള്ള സ്വാതന്ത്ര്യവും അതോടെ കൈവരുന്നു.

കുറ്റപ്പെടുത്തല്‍ കുറ്റങ്ങളെ വര്‍ധിപ്പിക്കുകയേ ഉള്ളൂ. ഒരാളുടെയും ബാധ്യത അല്ലാഹു നമ്മെ ഏല്‍പിച്ചിട്ടില്ലല്ലോ. തിരുനബി(സ) പോലും പറഞ്ഞിട്ടുണ്ട്‌: ``അല്ലാഹുവാണ്‌ സത്യം, അന്ത്യദിനത്തില്‍ എനിക്കെന്താണ്‌ സംഭവിക്കുക എന്നുപോലും എനിക്കറിയില്ല.'' (ബുഖാരി 1243)

ഖലീഫ ഉമറിന്റെ(റ) ഒരു താക്കീതും ചേര്‍ത്തുവായിക്കാം: ``നിങ്ങളുടെ കാര്യത്തില്‍ എനിക്കുള്ള പേടി, ഓരോരുത്തരും അവരുടെ അഭിപ്രായത്തെ വലുതായി കാണുന്നതാണ്‌. താന്‍ പണ്ഡിതനാണെന്ന്‌ ആരെങ്കിലും സ്വയം വാദിച്ചാല്‍ അവന്‍ പണ്ഡിതനല്ല. താന്‍ സ്വര്‍ഗാവകാശിയാണെന്ന്‌ ഒരാള്‍ പറഞ്ഞാല്‍ അയാളുടെ സ്ഥിതിയും അതുതന്നെ.'' (കന്‍സുല്‍ഉമ്മാല്‍ 8862)

0 comments:

 

തർബിയ

അശുദ്ധിയില്ലാത്ത മനസ്സും അഴകുള്ള ജീവിതവും കൈവരുമ്പോൾ മാത്രമേ ഒരാളുടെ ഇസ്‌ലാമിക വ്യക്തിത്വം അർഥപൂർണമാവൂ. വിശുദ്ധ ഖുർ‌ആനും തിരുനബി(സ)യുടെ സാരോപദേശങ്ങളും ഈ വഴിക്കാണ് നമ്മെ നയിക്കുന്നത്. വ്യക്തി എന്ന നിലയിലും കുടുംബ-സാമൂഹിക മേഖലകളിലെ അംഗമെന്ന നിലയിലും പാലിക്കേണ്ട നിർദേശ തത്വങ്ങളുടെ സംഗ്രഹമാണ് ഇസ്‌ലാം. ആദർശ നിഷ്‌ഠയും ആത്മശുദ്ധിയുമുള്ള ഒരു സമൂഹത്തെയാണ് ഇസ്‌ലാം വളർത്തിയെടുക്കുന്നത്. നിലവിലുള്ളതിൽ നിന്ന് കൂടുതൽ മികച്ച മറ്റൊരവസ്ഥയിലേക്ക് എത്തിക്കുക എന്ന പ്രക്രിയയാണ് അത്. പ്രവാചക തിരുമേനി(സ)യുടെ നിയോഗ ലക്ഷ്യമായ ‘തസ്‌കിയത്തി’ന് ഇങ്ങനെയൊരർഥം കൂടിയുണ്ട്. ഇസ്‌ലാമിക പ്രമാണങ്ങളെയും ചരിത്ര പാഠങ്ങളെയും മുൻ‌നിർത്തി ആത്മശുദ്ധീകരണപ്രധാനമായ ആലോചനകളാണ് ഈ ബ്ലോഗിലുള്ള കുറിപ്പുകൾ.

ഇസ്‌ലാം
ജീവിത ശുദ്ധീകരണത്തിന്റെ പുതുമഴയാണ്.
വ്യക്തിത്വത്തിന് ചന്തമുള്ള വഴിയാണ്.
വിശ്വാസിയെ അത് ശാന്തനും പോരാളിയുമാക്കുന്നു.
ഉള്ളും പുറവും സ്‌ഫടിക സുന്ദരമാക്കുന്നു.
സദ്‌ഗുണങ്ങളിലൂടെ സംസ്കാര സമ്പന്നമാക്കുന്നു.

സ്വസ്ഥമായിരുന്ന് സ്വന്തത്തെക്കുറിച്ചാലോചിക്കാൻ ഇതാ അല്പം ചിന്തകൾ.....

Usage Policies