ലോകപ്രസിദ്ധനായ ഇസ്‌ലാമിക പ്രബോധകന്‍ ഡോ. സാക്കിര്‍ നായിക്കിനെക്കുറിച്ച് പിതാവ് അബ്‌ദുല്‍കരീം നായിക് പറഞ്ഞു: ``എന്റെ ജീവിതത്തില്‍ ഞാനെന്താണ് നേടിയത് എന്ന് എന്നോട് ചോദിച്ചാല്‍ ഞാന്‍ പറയും, എന്റെ മകന്‍ സാക്കിര്‍ എന്ന്. പരലോകത്തേക്കുള്ള എന്റെ സമ്പാദ്യമാണവന്‍!''
മക്കളെക്കുറിച്ച് സ്വപ്‌നങ്ങള്‍ കാണുന്നവരാണ് നമ്മളെല്ലാം. അവര്‍ മികച്ച അവസ്ഥയിലെത്തണമെന്ന് ആഗ്രഹിക്കുന്നു. അവര്‍ വിജയികളാവണമെന്ന് കൊതിക്കുന്നു. അവര്‍ ഉന്നതരാകണേ എന്ന് പ്രാര്‍ഥിക്കുന്നു. അല്ലാഹുവിന്റെ ഇഷ്‌ടവും കാരുണ്യവും അവരിലുണ്ടാകാന്‍ അല്ലാഹുവിനോട് തേടുന്നു.
എങ്ങനെയാണ് ഇതെല്ലാം നമ്മുടെ മക്കള്‍ക്ക് ലഭിക്കുക? അവരുടെ ജീവിതം കൊണ്ട് മാതാപിതാക്കള്‍ പോലും മഹത്വമുള്ളവരാകുന്നതെങ്ങനെ? അതിനുള്ള വഴികള്‍ അല്ലാഹുവിന്റെ റസൂല്‍(സ) നമ്മെ അറിയിച്ചിട്ടുണ്ട്.
ഈ ലോകത്തെ ഏറ്റവും വലിയ പ്രവര്‍ത്തനമെന്താണ്? സംശയമില്ല, അല്ലാഹുവിന്റെ മതത്തെക്കുറിച്ചുള്ള പ്രബോധനം. അതിലേറെ മികച്ചതും മഹത്വമേറിയതുമായ കര്‍മം വേറെയില്ലെന്ന് വിശുദ്ധ ഖുര്‍ആനാണ് പറഞ്ഞത്. ആ മാര്‍ഗത്തില്‍ ആത്മാര്‍ഥതയോടെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലഭിക്കുന്ന സൗഭാഗ്യങ്ങളെക്കുറിച്ച് തിരുമേനി(സ) ഒരുപാട് പറഞ്ഞുതന്നു. മടിപിടിക്കാതെ ആ വഴിയില്‍ മുന്നേറുന്നവര്‍ അല്ലാഹുവിങ്കല്‍ ഉന്നതന്മാരാണെന്ന സന്തോഷവചനം അറിയിച്ചു.
മക്കളുടെ കര്‍മങ്ങള്‍ മാതാപിതാക്കള്‍ക്കും നന്മയാണ്. ഉമ്മയുടെയും ഉപ്പയുടെയും ശിക്ഷണവും മാര്‍ഗദര്‍ശനവുമാണ് മക്കളുടെ കര്‍മമാര്‍ഗം. അതുകൊണ്ടാണ് തിരുനബി(സ) ഇങ്ങനെ പറഞ്ഞത്: ``നിങ്ങള്‍ മക്കളെ അര്‍ഹമായ വിധം പരിഗണിക്കുകയും അവരുടെ പെരുമാറ്റ മര്യാദകള്‍ നന്നാക്കിത്തീര്‍ക്കുകയും ചെയ്യുവിന്‍.'' (ഇബ്‌നുമാജ 3671) ``നല്ല സംസ്‌കാരത്തെക്കാള്‍ ശ്രേഷ്‌ഠമായ മറ്റൊന്നും ഒരു പിതാവും തന്റെ മക്കള്‍ക്കു സമ്മാനമായി നല്‌കുന്നില്ല.'' (തിര്‍മിദി 1952)
ഖലീഫ ഉമറി(റ)ന്റെ അരികില്‍ ഒരാള്‍ മകനെതിരെ പരാതി പറഞ്ഞു. ഉമര്‍ ആ മകനെ വിളിച്ചുവരുത്തി. അവന്‍ ഖലീഫയോട് ചോദിച്ചു: ``അമീറുല്‍ മുഅ്‌മിനീന്‍, പിതാവിന് മകനോടുള്ള ബാധ്യതകള്‍ എന്തൊക്കെയാണ്?'' ഖലീഫ പറഞ്ഞു: ``കുട്ടിയുടെ ഉമ്മയെ സംസ്‌കരിക്കുക. കുഞ്ഞിന് നല്ല പേരിടുക. ഖുര്‍ആന്‍ പഠിപ്പിക്കുക എന്നിവ.'' അപ്പോള്‍ ആ പുത്രന്‍ പറഞ്ഞു: ``അമീറുല്‍ മുഅ്‌മിനീന്‍, ഈ ബാധ്യതകളില്‍ ഒന്നുപോലും എന്റെ പിതാവ് ചെയ്‌തിട്ടില്ല. ഒരു അഗ്നി ആരാധികയാണ് എന്റെ മാതാവ്. ജുഅല (കരിവണ്ട്) എന്നാണ് എനിക്ക് പേരിട്ടത്. അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ നിന്ന് ഒരക്ഷരം പോലും എന്നെ പഠിപ്പിച്ചിട്ടില്ല'' -ദേഷ്യത്തോടെ ഉമര്‍ പിതാവിന് നേരെത്തിരിഞ്ഞ് പറഞ്ഞതിങ്ങനെ: ``മകന്‍ ഉപദ്രവിക്കുന്നു എന്ന പരാതിയുമായിട്ടല്ലേ താങ്കള്‍ വന്നത്? യഥാര്‍ഥത്തില്‍ അവന്‍ താങ്കളെ ഉപദ്രവിക്കുന്നതിനു മുമ്പ് താങ്കള്‍ അവനെയാണ് ഉപദ്രവിച്ചത്. അവന്‍ മോശമായി പെരുമാറുന്നതിന് മുമ്പ് താങ്കള്‍ അവനോടാണ് മോശമായി പെരുമാറിയത്.'' (തര്‍ബിയത്തുല്‍ അവ്‌ലാദ് 1:128)
നല്ല ശിക്ഷണത്തിലൂടെ വളര്‍ന്ന നല്ലവരായ മക്കളെക്കുറിച്ച് റസൂല്‍(സ) പറഞ്ഞത് നോക്കൂ: ``ഒരാള്‍ മരണപ്പെടുന്നതോടെ അയാളുടെ സര്‍വ കര്‍മങ്ങളും നിലച്ചുപോകും; മൂന്നെണ്ണമൊഴികെ. നിലനില്‌ക്കുന്ന ദാനധര്‍മങ്ങള്‍, ഉപകാരപ്രദമായ വിജ്ഞാനം, പ്രാര്‍ഥിക്കുന്ന മക്കള്‍'' (ബുഖാരി, അദബുല്‍മുഫ്‌റദ് 38).
``അന്ത്യനാളില്‍ ഒരാള്‍ വരും; അയാളുടെ കൂടെ പര്‍വതത്തോളം വലുപ്പമുള്ള സല്‍കര്‍മങ്ങള്‍ ഉണ്ടാകും. അതിശയത്തോടെ അയാള്‍ ചോദിക്കും: ഈ കര്‍മങ്ങള്‍ എങ്ങനെ എന്റെയൊപ്പമായി? അയാളോട് പറയപ്പെടും: നിന്റെ മകന്‍ നിനക്കു വേണ്ടി പ്രാര്‍ഥിച്ചതിന്റെ ഫലമാണിത്.''(ത്വബാറ്‌നി, ഔസത്ത് 1915)
``നല്ലവനായ ഒരാള്‍ക്ക് സ്വര്‍ഗലോകത്ത് അല്ലാഹു പദവികള്‍ വര്‍ധിപ്പിച്ചുകൊണ്ടിരിക്കും. അപ്പോള്‍ അയാള്‍ ചോദിക്കും: നാഥാ, എന്തുകൊണ്ടാണ് എനിക്കിങ്ങനെ അനുഗ്രഹങ്ങള്‍ വര്‍ധിക്കുന്നത്? അല്ലാഹു മൊഴിയും: നിന്റെ മക്കള്‍ നിനക്കു വേണ്ടി പാപമോചനത്തിനു വേണ്ടി പ്രാര്‍ഥിക്കുന്നതുകൊണ്ട്.'' (ബുഖാരി, അദബുല്‍ മുഫ്‌റദ് 36, ബസ്സാര്‍, കശ്‌ഫുല്‍ അസ്‌താര്‍ 3141)
ഖുര്‍ആന്‍ പഠിച്ച മക്കള്‍ പുണ്യമേറിയ മക്കളാണ്. അവര്‍ പഠിച്ച ഓരോ ഖുര്‍ആന്‍ വചനത്തിനും മാതാപിതാക്കള്‍ക്ക് പുണ്യമുണ്ടെന്ന് തിരുനബി(സ) പറഞ്ഞു. ഉമ്മയുടെയും ഉപ്പയുടെയും പാപങ്ങള്‍ പൊറുത്തുകിട്ടാന്‍ മക്കളുടെ ഖുര്‍ആന്‍ പഠനം കാരണമാകുമെന്നും പറഞ്ഞു. അല്ലാഹുവിന്റെ ഗ്രന്ഥം പഠിക്കുകയും അല്ലാഹുവിന്റെ ദീന്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന മക്കള്‍ മാതാപിതാക്കള്‍ക്ക് രണ്ടു ലോകത്തെയും വലിയ സമ്പാദ്യമായിത്തീരുന്നു.
അല്ലാഹുവിന്റെ ദീനിന്റെ പേരില്‍ അഭിമാനികളാണ് നമ്മള്‍. ഇന്ന് ലോകത്തേറ്റവും വേഗതയില്‍ പ്രചരിപ്പിക്കുകയും സ്വീകരിക്കപ്പെടുകയും ചെയ്യുന്ന മതമാണ് ഇസ്‌ലാം. പുത്തന്‍ സാങ്കേതിക വിനിമയങ്ങളിലൂടെ ഇസ്‌ലാമിക പ്രബോധനം സജീവമായ കാലഘട്ടം. സെക്കന്റുകള്‍ക്ക് ശമ്പളം വാങ്ങുന്നവര്‍ പോലും ജോലിത്തിരക്കിനിടയില്‍ ഇസ്‌ലാമിക ദഅ്‌വത്തില്‍ ഇന്റര്‍നെറ്റിലൂടെ സജീവരായിത്തീര്‍ന്നിരിക്കുന്നു. മുസ്‌ലിമാണെന്നതില്‍ അഭിമാനികളായിത്തീരുന്ന യുവജനങ്ങള്‍ ലോകമെങ്ങും ചെറുതും വലുതുമായ കൂട്ടായ്‌മകളൊരുക്കുന്നു.
നമ്മുടെ മകനോ മകളോ ആ കൂട്ടത്തിലുണ്ടാകണം. നമ്മുടെ മക്കളില്‍ മിടുക്കനും ബുദ്ധിമാനുമായ ഒരാളെ അല്ലാഹുവിന്റെ ദീനിന്റെ വഴിയില്‍ നാം ഒരുക്കിനിര്‍ത്തണം. അവന്റെ മികവിനനുസരിച്ച് ഡോക്‌ടറോ എന്‍ജീനിയറോ ഒക്കെ ആകട്ടെ. അതേ സമയം ആത്മാഭിമാനിയായ ഒരു പ്രബോധകനുമാകട്ടെ. നമ്മള്‍ ചെയ്‌തതിലേറെ ചെയ്യാന്‍ അവര്‍ക്ക് കഴിവും സാധ്യതയുമുണ്ട്. ഈ ലോകത്ത് നാം ബാക്കിയാക്കുന്ന ഏറ്റവും മികച്ച സമ്പാദ്യമായിരിക്കും ആ മകന്‍. അഭിമാനത്തോടെ നമുക്ക് ചൂണ്ടിക്കാണിക്കാനുള്ള നമ്മുടെ സല്‍കര്‍മമായിരിക്കും അവന്‍. ഡോ. സാകിര്‍ നായിക് എന്ന വിശ്വപ്രബോധകന്‍ പിതാവിന്റെ അഭിമാനയതുപോലെ.
0 comments:
Post a Comment