this site the web

കേടാവുമോ കൂടുതൽ?


“താങ്കള്‍ക്ക്‌ സുഖം തന്നെയല്ലേ?”
പ്രസിദ്ധ പണ്ഡിതനായിരുന്ന ഹസന്‍വാസിയോട്‌ ഒരാള്‍ ചോദിച്ചു. വാസിയുടെ മറുപടി ഇങ്ങനെയായിരുന്നു: ``എന്തൊരു ചോദ്യം?! ദിവസംതോറും ആയുസ്സ്‌ ചുരുങ്ങിക്കൊണ്ടിരിക്കുകയും പാപങ്ങള്‍ പെരുകിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരാളോട്‌ ചോദിക്കേണ്ടതാണോ ഇത്‌?''

* * *
മാലിക്‌ബ്‌നു ദീനാര്‍ ഒരു തോണി യാത്രയിലാണ്‌. തോണി കരയ്‌ക്കടുത്തപ്പോള്‍ ചുങ്കക്കാരന്‍ വിളിച്ചുപറഞ്ഞു: ``ആരും ഇരിക്കുന്നിടത്തുനിന്ന്‌ എഴുന്നേല്‍ക്കരുത്‌. യാത്രാസാധനങ്ങള്‍ പരിശോധിക്കണം''.

അതുകേട്ട്‌ യാത്രക്കാരെല്ലാം വഞ്ചിയില്‍തന്നെ ഇരുന്നു. എന്നാല്‍ മാലിക്‌ബ്‌നു ദീനാര്‍ വസ്‌ത്രം ചുരുട്ടിപ്പിടിച്ച്‌ കരയിലേക്ക്‌ ചാടി. അദ്ദേഹത്തെ തടഞ്ഞുകൊണ്ട്‌ ചുങ്കക്കാരന്‍ പറഞ്ഞു. ``നിര്‍ദേശം കേട്ടില്ലേ. വഞ്ചിയില്‍ തന്നെ ഇരിക്കൂ''.

``യാത്രാസാധനങ്ങള്‍ ഉള്ളവരല്ലേ ഇരിക്കേണ്ടതുള്ളൂ. എന്റെ കൂടെ മറ്റു സാധനങ്ങളൊന്നുമില്ല''.

``എങ്കില്‍ നിങ്ങള്‍ക്ക്‌ പോകാം.'' ചുങ്കക്കാരന്‍ അദ്ദേഹത്തെ വിട്ടയച്ചു.

കരകയറിപ്പോകുമ്പോള്‍ മാലിക്‌ബ്‌നുദീനാര്‍ ചിന്തിച്ചതിങ്ങനെയായിരുന്നു: ``പടച്ചവനേ, പരലോകത്തിലെ പരിശോധനയും ഇതുപോലെ എളുപ്പം കഴിഞ്ഞിരുന്നെങ്കില്‍''

* * *
വിഖ്യാത പണ്ഡിതനായിരുന്ന ഹാതിം അസമ്മ്‌ മദീന സന്ദര്‍ശിക്കാനെത്തി. അവിടെ ജനങ്ങളുടെ ജീവിത ശൈലിയില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചത്‌ അദ്ദേഹത്തെ ദുഃഖിതനാക്കി. ഭൗതിക ജീവിതത്തോടുള്ള ആസക്തി ആളുകളില്‍ കൂടിക്കൊണ്ടിരിക്കുന്നു. എങ്ങും വലിയ വീടുകള്‍ കെട്ടിപ്പൊക്കിയിരിക്കുന്നു. മദീനാ പള്ളിയില്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാനും ഉപദേശങ്ങള്‍ കേള്‍ക്കാനും ധാരാളം ആളുകളെത്തി. അവരോട്‌ അദ്ദേഹം ചോദിച്ചു:

``ഈ പട്ടണം ആരുടേതാണ്‌?''
``നബി തിരുമേനിയുടെ''
``ഇവിടെ ഏത്‌ ബംഗ്ലാവിലാണ്‌ നബി തിരുമേനി താമസിച്ചിരുന്നത്‌? അവിടെച്ചെന്ന്‌ രണ്ട്‌ റക്‌അത്ത്‌ നമസ്‌കരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു''
``ബംഗ്ലാവോ! നബിക്ക്‌ ബംഗ്ലാവൊന്നും ഉണ്ടായിരുന്നില്ല. ഈത്തപ്പനയുടെ പാത്തികള്‍ നിരത്തിവെച്ച്‌ മണ്ണുതേമ്പിയുണ്ടാക്കിയ ഒരു കുടിലിലാണ്‌ അവിടുന്ന്‌ താമസിച്ചത്‌''
``എങ്കില്‍ നബിതിരുമേനിയുടെ ശിഷ്യന്മാര്‍ താമസിച്ചിരുന്ന ഏതെങ്കിലും ബംഗ്ലാവ്‌ കാണിച്ചുതരുമോ?''
``അവരും ബംഗ്ലാവില്‍ താമസിച്ചിരുന്നില്ല.''
ഹാതിമിന്റെ മുഖം ചുവന്നു. കണ്ണുകള്‍ ജ്വലിച്ചു. ദേഷ്യത്തോടെ അദ്ദേഹം ചോദിച്ചു. 

``നബിതിരുമേനിയും അവിടുത്തെ ശിഷ്യന്മാരും ബംഗ്ലാവുകളില്‍ താമസിച്ചിരുന്നില്ല. പിന്നെയെന്തിനാണ്‌ അവരുടെ പട്ടണത്തില്‍ നിങ്ങള്‍ ഫിര്‍ഔനെയും ഖാറൂനെയും പോലെ മണിമേടകള്‍ കെട്ടിപ്പൊക്കി താമസിക്കുന്നത്‌?''
* * *
``എങ്ങനെയാണ്‌ താങ്കള്‍ നേരം പുലര്‍ന്നത്‌?'' മുഹമ്മദ്‌ബ്‌നു വാസിഇനോട്‌ ഒരാള്‍ ചോദിച്ചു. അദ്ദേഹം പറഞ്ഞു: ``നീണ്ട പ്രതീക്ഷകളോടും ചുരുങ്ങിയ ആയുസ്സോടും നിസ്സാരമായ കര്‍മങ്ങളോടും കൂടി''

* * *
ജീവിതത്തെക്കുറിച്ചുള്ള വലിയ സന്ദേശമാണ്‌ ഈ വാക്കുകള്‍. പക്വവും സൂക്ഷ്‌മവുമായി ജീവിതത്തെ വിലയിരുത്തുകയും ഗുണപരമായി വിനിയോഗിക്കുകയും ചെയ്യുകയാണ്‌ പ്രധാനം. അങ്ങനെയുള്ളവര്‍ക്ക്‌ വലിയ ആയുഷ്‌കാലം ലഭിക്കണമെന്നില്ല. ജീവിച്ച കാലമത്രയും നന്മകള്‍കൊണ്ട്‌ നിറയ്‌ക്കാന്‍ അവര്‍ക്ക്‌ സാധിക്കും. അലസതയും അശ്രദ്ധയുമാണ്‌ കൂട്ടിനുള്ളതെങ്കില്‍ ദീര്‍ഘകാലം ജീവിച്ചാലും കേടായിരിക്കും കൂടുതല്‍.

``വല്‍തന്‍ളുര്‍ നഫ്‌സുമ്മാ ഖദ്ദമത്‌ ലി ഗദിന്‍''(59: 18) നാളേക്കുവേണ്ടി എന്താണ്‌ കരുതിവെച്ചതെന്ന്‌ ഓരോ ആത്മാവും ആലോചിക്കട്ടെ - എന്ന അല്ലാഹുവിന്റെ താക്കീത്‌ നമ്മുടെ ഉള്ളില്‍ തീ പടര്‍ത്തേണ്ടതാണ്‌. ``ഒടുവില്‍ തങ്ങളുടെ നാഥനെ കണ്ടുമുട്ടുമെന്നും അവനിലേക്കുതന്നെ മടങ്ങിച്ചെല്ലേണ്ടതുണ്ടെന്നും കരുതുന്നവരാണവര്‍''(2:46). എന്ന, സത്യവിശ്വാസികളെ സംബന്ധിച്ച്‌ അല്ലാഹു പറഞ്ഞ വിശേഷണം നമുക്ക്‌ യോജിക്കുന്നുണ്ടോ? നെഞ്ചില്‍ കൈവെച്ച്‌ ആലോചിക്കേണ്ടതുണ്ട്‌. തീര്‍ന്നുകൊണ്ടിരിക്കുന്ന ജീവിതത്തിലാണ്‌ നാം. ദുഃഖമുള്ളപ്പോള്‍ മേഘങ്ങളെപ്പോലെയും സന്തോഷമുള്ളപ്പോള്‍ കാറ്റടിക്കും പോലെയുമാണ്‌ സമയത്തിന്റെ സഞ്ചാരമെന്ന്‌ പറയാറുണ്ട്‌. ശൈശവത്തിന്റെ സുഖമാസ്വദിക്കുമ്പോഴേക്ക്‌ കൗമാരത്തിലേക്കും കൗമാരത്തെ അനുഭവിച്ചുതുടങ്ങുമ്പോഴേക്ക്‌ യൗവനവും യൗവനമെന്തെന്ന്‌ അറിയുമ്പോഴേക്ക്‌ വാര്‍ധക്യവും വന്നണയുന്നു.
ഹസന്‍ ബസ്വരി പറയുകയുണ്ടായി: ``മനുഷ്യാ, നീ ദിവസങ്ങളുടെ കൂട്ടമാണ്‌. ഓരോ ദിവസം വിടപറയുമ്പോഴും നീ അല്‌പം ഇല്ലാതായിത്തീരുന്നു.'' മഹാനായ സ്വഹാബി ഇബ്‌നു മസ്‌ഊദ്‌ പറഞ്ഞു: ``എന്റെ ആയുസ്സ്‌ കുറഞ്ഞുകൊണ്ടേയിരുന്നിട്ടും കര്‍മം അധികരിപ്പിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന്‌ ഓര്‍ത്തല്ലാതെ മറ്റൊരു കാര്യത്തിലും സൂര്യാസ്‌തമയമുണ്ടായ ഒരൊറ്റ ദിവസം ഞാന്‍ ദുഃഖിച്ചിട്ടില്ല.''
ഒരു അറബിക്കവി: ``ഇന്നത്തെ ജോലികള്‍ മടിയാല്‍ ഞാന്‍ നാളേക്ക്‌ നീട്ടുകയില്ല. തീര്‍ച്ചയായും അലസന്മാരുടെ ദിനമാണ്‌ നാളെ.'' ഹസന്‍ ബസ്വരി പറഞ്ഞു: ``വിശ്വാസി തന്റെ മനസ്സിന്റെ മേല്‍ നിയന്ത്രണാധികാരമുള്ളനാണ്‌. അല്ലാഹുവിനുവേണ്ടി അവരതിനെ വിചാരണ ചെയ്യും. ഇഹ ലോകത്തുവെച്ച്‌ ആത്മവിചാരണ നടത്താത്തവരുടെ വിചാരണ അന്ത്യനാളില്‍ പ്രയാസമുള്ളതാകും. ആത്മവിചാരണ നടത്തുന്നവരുടെ വിചാരണയാകട്ടെ, എളുപ്പമാകും.''
ഈ വചനം ഉദ്ധരിച്ചുകൊണ്ട്‌ അല്‍ വഖ്‌തു ഫീ ഹായത്തില്‍ മുസ്‌ലിം എന്ന ഗ്രന്ഥത്തില്‍ പറയുന്നു: ``ഒരു മാസം അവസാനിക്കുമ്പോഴോ ഒരു വര്‍ഷം ആരംഭിക്കുമ്പോഴോ സ്വയം വിശകലനത്തിനുള്ള സമയം കണ്ടെത്തണം. ജീവിതത്തെ വിമര്‍ശനാത്മകമായി വിലയിരുത്താനും ആവശ്യമായ തിരുത്തുകള്‍ വരുത്തി പുതുമയേകാനും അതുവഴി സാധിക്കും''
നമ്മുടെ സ്‌നേഹം മുഴുവന്‍ അല്ലാഹുവിനോടാകട്ടെ! തുച്ഛമായ ഭൗതികകൗതുകങ്ങള്‍ നമ്മെ വഞ്ചിക്കാതിരിക്കട്ടെ. ഇങ്ങനെ പ്രാര്‍ഥിക്കുക: ``അല്ലാഹുമ്മ ഇജ്‌അല്‍നീ ഉഹിബ്ബുക ബിഖല്‍ബീ കുല്ലിഹീ ഉര്‍ദ്വീക്‌ ബിജുഹ്‌ദീ കുല്ലിഹി'' - അല്ലാഹുവേ നിന്നെ പൂര്‍ണ മനസ്സോടെ സ്‌നേഹിക്കുന്നവനാക്കി എന്നെ മാറ്റേണമേ. എന്റെ എല്ലാ പരിശ്രമങ്ങള്‍ മുഖേനയും നിന്നെ തൃപ്‌തിപ്പെടുത്തുന്നവനുമാക്കേണമേ...

1 comments:

Malayali Peringode said...

``ഈ പട്ടണം ആരുടേതാണ്‌?''

``നബി തിരുമേനിയുടെ''

``ഇവിടെ ഏത്‌ ബംഗ്ലാവിലാണ്‌ നബി തിരുമേനി താമസിച്ചിരുന്നത്‌? അവിടെച്ചെന്ന്‌ രണ്ട്‌ റക്‌അത്ത്‌ നമസ്‌കരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു''

``ബംഗ്ലാവോ! നബിക്ക്‌ ബംഗ്ലാവൊന്നും ഉണ്ടായിരുന്നില്ല. ഈത്തപ്പനയുടെ പാത്തികള്‍ നിരത്തിവെച്ച്‌ മണ്ണുതേമ്പിയുണ്ടാക്കിയ ഒരു കുടിലിലാണ്‌ അവിടുന്ന്‌ താമസിച്ചത്‌''

``എങ്കില്‍ നബിതിരുമേനിയുടെ ശിഷ്യന്മാര്‍ താമസിച്ചിരുന്ന ഏതെങ്കിലും ബംഗ്ലാവ്‌ കാണിച്ചുതരുമോ?''

``അവരും ബംഗ്ലാവില്‍ താമസിച്ചിരുന്നില്ല.''

ഹാതിമിന്റെ മുഖം ചുവന്നു. കണ്ണുകള്‍ ജ്വലിച്ചു. ദേഷ്യത്തോടെ അദ്ദേഹം ചോദിച്ചു.

``നബിതിരുമേനിയും അവിടുത്തെ ശിഷ്യന്മാരും ബംഗ്ലാവുകളില്‍ താമസിച്ചിരുന്നില്ല. പിന്നെയെന്തിനാണ്‌ അവരുടെ പട്ടണത്തില്‍ നിങ്ങള്‍ ഫിര്‍ഔനെയും ഖാറൂനെയും പോലെ മണിമേടകള്‍ കെട്ടിപ്പൊക്കി താമസിക്കുന്നത്‌?''

 

തർബിയ

അശുദ്ധിയില്ലാത്ത മനസ്സും അഴകുള്ള ജീവിതവും കൈവരുമ്പോൾ മാത്രമേ ഒരാളുടെ ഇസ്‌ലാമിക വ്യക്തിത്വം അർഥപൂർണമാവൂ. വിശുദ്ധ ഖുർ‌ആനും തിരുനബി(സ)യുടെ സാരോപദേശങ്ങളും ഈ വഴിക്കാണ് നമ്മെ നയിക്കുന്നത്. വ്യക്തി എന്ന നിലയിലും കുടുംബ-സാമൂഹിക മേഖലകളിലെ അംഗമെന്ന നിലയിലും പാലിക്കേണ്ട നിർദേശ തത്വങ്ങളുടെ സംഗ്രഹമാണ് ഇസ്‌ലാം. ആദർശ നിഷ്‌ഠയും ആത്മശുദ്ധിയുമുള്ള ഒരു സമൂഹത്തെയാണ് ഇസ്‌ലാം വളർത്തിയെടുക്കുന്നത്. നിലവിലുള്ളതിൽ നിന്ന് കൂടുതൽ മികച്ച മറ്റൊരവസ്ഥയിലേക്ക് എത്തിക്കുക എന്ന പ്രക്രിയയാണ് അത്. പ്രവാചക തിരുമേനി(സ)യുടെ നിയോഗ ലക്ഷ്യമായ ‘തസ്‌കിയത്തി’ന് ഇങ്ങനെയൊരർഥം കൂടിയുണ്ട്. ഇസ്‌ലാമിക പ്രമാണങ്ങളെയും ചരിത്ര പാഠങ്ങളെയും മുൻ‌നിർത്തി ആത്മശുദ്ധീകരണപ്രധാനമായ ആലോചനകളാണ് ഈ ബ്ലോഗിലുള്ള കുറിപ്പുകൾ.

ഇസ്‌ലാം
ജീവിത ശുദ്ധീകരണത്തിന്റെ പുതുമഴയാണ്.
വ്യക്തിത്വത്തിന് ചന്തമുള്ള വഴിയാണ്.
വിശ്വാസിയെ അത് ശാന്തനും പോരാളിയുമാക്കുന്നു.
ഉള്ളും പുറവും സ്‌ഫടിക സുന്ദരമാക്കുന്നു.
സദ്‌ഗുണങ്ങളിലൂടെ സംസ്കാര സമ്പന്നമാക്കുന്നു.

സ്വസ്ഥമായിരുന്ന് സ്വന്തത്തെക്കുറിച്ചാലോചിക്കാൻ ഇതാ അല്പം ചിന്തകൾ.....

Usage Policies