this site the web

കരയാറുണ്ടോ?

എപ്പോഴാണ്‌ നമ്മള്‍ കരയാറുള്ളത്‌?

മനസ്സില്‍ ചിലത്‌ നിറയുമ്പോള്‍. ഓര്‍മകളുടെ അമ്പുകള്‍ ഹൃദയത്തില്‍ മുറിവായിത്തീരുമ്പോള്‍. ദു:ഖം പെയ്‌ത ജീവിതത്തിന്റെ കഴിഞ്ഞകാലം, വീണ്ടുമൊന്ന്‌ മറിച്ചുനോക്കുമ്പോള്‍. വേര്‍പ്പെട്ടവരുടെ മുഖം മനസ്സില്‍ തെളിയുമ്പോള്‍. ജീവിതത്തിന്റെ അതിലോലമായ അനുഭവങ്ങള്‍ കണ്ണിനെ നനയ്‌ക്കുന്നു. പെട്ടെന്നു കണ്ണുനിറയുന്ന ചിലരുണ്ട്‌. ചില ഓര്‍മകള്‍ അല്‌പം പങ്കിടുമ്പോഴേക്ക്‌ അവരുടെ കവിളുകളില്‍ കണ്ണീര്‍ ചാലിടുന്നു. അങ്ങനെയുള്ളവര്‍ നല്ല മനസ്സിന്നുടമകളാണ്‌. എത്ര സങ്കടത്തിന്റെ പെരുമഴയിലും കണ്ണു കവിയാത്ത ചിലരുണ്ട്‌. അവര്‍ നല്ല മനശ്ശക്തിയുള്ളവരാണ്‌.
ആശ്വാസത്തിന്റെ തെളിജലമാണ്‌ കണ്ണീര്‍. കനംതിങ്ങിയ വിഷാദത്തിന്റെ മഞ്ഞുകട്ടകള്‍ക്ക്‌ ഉരുകിയൊലിക്കാന്‍ കണ്ണീരുകൊണ്ടാവുന്നു. ദുഖം നിറഞ്ഞ സന്ദര്‍ഭങ്ങളില്‍ ആത്മസുഹൃത്തിനോട്‌ എല്ലാം പറഞ്ഞൊന്ന്‌ കരയുമ്പോള്‍ സുഹൃത്തിന്റെ ആശ്വാസവചനം കേള്‍ക്കുമ്പോള്‍ മനസ്സിനു കിട്ടുന്ന ഒരു സ്വസ്ഥതയുണ്ട്‌. അപൂര്‍വം ചിലരുടെ മുന്നില്‍ മാത്രമേ കണ്ണുകള്‍ നിറയൂ. അവരുടെ മുന്നില്‍ അതിനുള്ള സ്വാതന്ത്ര്യം നമുക്കുണ്ടായിരിക്കും. ``കരയല്ലേ...'' എന്ന ചെറുവാക്കുകൊണ്ട്‌ അവര്‍ പുതുമഴയായിത്തീരും. അത്രയും നല്ല സ്‌നേഹസൗഹൃദങ്ങള്‍ ജീവിതത്തിന്റെ പ്രകാശബിന്ദുക്കളാണ്‌; നല്ല വെളിച്ചങ്ങളാണ്‌.
ശരി. ചില ഓര്‍മകള്‍ നമ്മുടെ കണ്ണുനനയ്‌ക്കുന്നു. ചിലരുടെ മുന്നില്‍ നമ്മുടെ കണ്ണുനനയുന്നു. എങ്കില്‍ ഏറ്റവുമധികം കണ്ണുനിറയേണ്ട സന്ദര്‍ഭമേതാണ്‌? ഏറ്റവും കൂടുതല്‍ വിതുമ്പിക്കരയേണ്ടത്‌ ആരുടെ മുന്നിലാണ്‌? എന്താണ്‌ സംശയം- സുഹൃത്തേ, സര്‍വലോക രക്ഷിതാവിന്റെ സാന്നിധ്യത്തില്‍! ഓര്‍മകളാണ്‌ കണ്ണു നനയ്‌ക്കേണ്ടതെങ്കില്‍ അവനെക്കുറിച്ചുള്ള ഓര്‍മകള്‍ നമ്മുടെ കണ്ണുനനയ്‌ക്കണം. ചിലരോട്‌ സംസാരിക്കുമ്പോഴാണ്‌ കരയാനുള്ള സ്വാതന്ത്ര്യമുള്ളതെങ്കില്‍ അവനോട്‌ പ്രാര്‍ഥിക്കുമ്പോഴാണ്‌ നാം ഏറ്റവുമധികം വിതുമ്പേണ്ടത്‌. ഒന്നാലോചിച്ചുനോക്കൂ, ശുദ്ധശൂന്യമായ ഒരവസ്ഥയിലായിരുന്നല്ലോ നാം. ഇതെഴുതുന്ന കൈകള്‍ ഏതാനും കൊല്ലങ്ങള്‍ക്കു മുമ്പ്‌ ഈ ലോകത്തില്ലായിരുന്നു. ഇതു വായിക്കുന്ന നിങ്ങള്‍ ഈ ലോകത്തൊരു സാന്നിധ്യമേ ആയിരുന്നില്ല. ശൂന്യം! ബീജത്തെയും അണ്ഡത്തെയും രണ്ടു സ്ഥലങ്ങളില്‍ സൃഷ്‌ടിക്കുകയും ഒരു കേന്ദ്രത്തില്‍ സംയോജിപ്പിക്കുകയും എല്ലും മാംസവും തോലും നല്‌കി, അവയവങ്ങള്‍ നല്‌കി സുരക്ഷിതമായി പാര്‍പ്പിച്ച്‌, മൃദുലമായി നമ്മെ ഭൂമിയിലേക്ക്‌ കൊണ്ടുവന്ന കരുണാവാരിധിയാണ്‌ രക്ഷിതാവ്‌. അപ്പോഴേക്ക്‌ ഉമ്മയുടെ മാറിടത്തില്‍ പാലു കരുതിവെച്ചവന്‍.
കരഞ്ഞുകൊണ്ട്‌ നാമെത്തിയപ്പോള്‍, പുഞ്ചിരിച്ച്‌ നമ്മെ സ്വീകരിക്കുന്ന കുറെ പേര്‍! അങ്ങനെ കുറെയാളുകളെ നമുക്കായി കാത്തുവെച്ചവനാണ്‌ രക്ഷിതാവ്‌. ഇനിയൊരു ദിനം ഈ ലോകത്തുനിന്ന്‌ നാം കണ്ണടയ്‌ക്കും. അന്ന്‌ നമുക്കായി കുറെ പേര്‍ കരയും. കുറെ പേര്‍ കരയണം. അതാണ്‌ ഭൗതികജീവിതത്തിലെ വിജയം. കരഞ്ഞുകൊണ്ട്‌ ജനിച്ച നമ്മള്‍ പക്ഷേ, പുഞ്ചിരിച്ച്‌ തിരിച്ചുപോകണം. എല്ലാം നല്‌കിയവനാണ്‌ അല്ലാഹു!
ഇന്ന്‌ അനുഭവിച്ചുകൊണ്ടിരിക്കുന്ന അനുഗ്രഹങ്ങള്‍ ലഭിക്കാന്‍ മാത്രം എന്ത്‌ അര്‍ഹതയാണ്‌ നമുക്കുള്ളത്‌? അവന്റെ മാര്‍ഗത്തില്‍ നിന്ന്‌ നിരന്തരം തെറ്റിത്തെറിച്ച്‌ ജീവിച്ചിട്ടും അവന്‍ നമ്മോടൊപ്പം തന്നെ! അവനില്‍ നിന്ന്‌ എത്ര ദൂരേക്ക്‌ നാം സഞ്ചരിക്കുമ്പോഴും അവന്‍ അല്‌പദൂരം പോലും അകന്നുനില്‌ക്കുന്നില്ല. തൗബയുടെ കണ്ണീരുമായി കൊച്ചുകുഞ്ഞിനെപ്പോലെ നാം തിരിച്ചെത്താന്‍ സ്‌നേഹസമ്പന്നനായ രക്ഷിതാവ്‌ കാത്തിരിക്കുന്നു. സുഹൃത്തേ, ആ കാരുണ്യത്തെ ഓര്‍ക്കുമ്പോള്‍, നിറഞ്ഞുകവിഞ്ഞ്‌ തുളുമ്പിനില്‍ക്കുന്ന അവന്റെ ഇഷ്‌ടത്തെ ഓര്‍ക്കുമ്പോള്‍ കണ്ണു നനയാതിരിക്കുന്നതെങ്ങനെ?
എന്നേക്കാളധികം അവന്‌ എന്നെ അറിയാം. ഉപ്പയ്‌ക്കും ഉമ്മയ്‌ക്കും സ്വന്തം കുഞ്ഞിനെ അറിയാം. കുഞ്ഞ്‌ ജനിച്ചത്‌, അവള്‍ വളര്‍ന്നത്‌, അവളുടെ കുഞ്ഞിച്ചുണ്ടുകൊണ്ട്‌ ഉപ്പായെന്നും ഉമ്മായെന്നും വിളിച്ചത്‌, അവളുടെ പഠനം, ഇഷ്‌ടാനിഷ്‌ടങ്ങള്‍, ജീവിതശൈലികള്‍... എല്ലാം മാതാപിതാക്കള്‍ക്കറിയാം. അതിലേറെ നമ്മെ അറിയുന്നവനാണ്‌ അല്ലാഹു. സ്‌നേഹംകൊണ്ട്‌ നമ്മെ പിന്തുടരുന്നവനാണവന്‍. അവനെക്കുറിച്ച ഓര്‍മ പൂത്തുലയേണ്ടതാണ്‌ സത്യവിശ്വാസിയുടെ ഹൃദയം. നിരന്തരം പുതുക്കിയും കറകളഞ്ഞും ആ ഓര്‍മ സുന്ദരമായിക്കൊണ്ടിരിക്കണം. അവന്‌ ഇഷ്‌ടമില്ലാത്തതൊന്നും എന്നിലുണ്ടാകരുതെന്ന നിര്‍ബന്ധവും അവന്റെ ഇഷ്‌ടങ്ങളാണ്‌ എന്റെ ഇഷ്‌ടങ്ങളെന്ന തീരുമാനവുമാണ്‌ ഏറ്റവും വലിയ സ്‌നേഹം. മനുഷ്യര്‍ തമ്മിലുള്ള നല്ല അടുപ്പവും ഇങ്ങനെയാണല്ലോ. പരസ്‌പരം ഇഷ്‌ടപ്പെടുന്നവരുടെ ഇഷ്‌ടങ്ങള്‍ പോലും ഒന്നാകും.
അല്ലാഹുവെക്കുറിച്ചുള്ള ഓര്‍മകള്‍കൊണ്ട്‌ കണ്ണുനനയുന്നതുപോലെ, അവന്റെ സാന്നിധ്യവും കണ്ണുനിറയ്‌ക്കണം. പ്രാര്‍ഥനയുടെ സ്വകാര്യതയില്‍, മറ്റാരും കൂട്ടിനില്ലാത്തപ്പോള്‍, അല്ലാഹു എന്ന വലിയ സാന്നിധ്യത്തിന്റെ മുന്നില്‍ ഓരോന്ന്‌ പറഞ്ഞ്‌ പങ്കുവെക്കുമ്പോള്‍, തിന്മകള്‍ എണ്ണിപ്പറയുമ്പോള്‍, ചെയ്‌തുപോയതോര്‍ത്ത്‌ വിതുമ്പാന്‍ സത്യവിശ്വാസിക്കാവും. അറിയാതെ കണ്ണുകള്‍ കരകവിഞ്ഞൊഴുകും. ആ കണ്ണീര്‍ അല്ലാഹു ഇഷ്‌ടപ്പെടുന്നു. മഹ്‌ശറയുടെ തീച്ചൂടില്‍ അവര്‍ക്ക്‌ തണലൊരുക്കും. കറന്നെടുത്ത പാല്‍ അകിട്ടിലേക്ക്‌ തിരിച്ചൊഴുക്കാന്‍ സാധിക്കാത്ത പോലെ, അവര്‍ സ്വര്‍ഗത്തില്‍ നിന്ന്‌ പുറത്തുപോകുകയില്ല; നരകത്തിലേക്ക്‌ പ്രവേശിപ്പിക്കപ്പെടുകയില്ലെന്ന്‌ റസൂല്‍(സ) പറയുന്നു.
ആഇദ്‌ അബ്‌ദുല്ല അല്‍ഖര്‍നീയുടെ `ലാ തഹ്‌സന്‍' എന്നൊരു ഗ്രന്ഥം വായിച്ചു. ഒരു വിശ്വാസി എന്തുകൊണ്ട്‌ കരയാന്‍ പാടില്ലെന്നതിനു മുന്നൂറോളം കാരണങ്ങള്‍ പറയുന്നുണ്ടതില്‍. ജീവിതദു:ഖങ്ങളുടെ മുന്നില്‍ സത്യവിശ്വാസി കരയരുത്‌. ആടിയുലയ്‌ക്കുന്ന അനുഭവങ്ങളിലും വേരുവിടാത്ത കരുത്ത്‌ അയാള്‍ക്കുണ്ടാകണം. ഇളംകാറ്റില്‍ പാറിപ്പോകുന്ന കരിയിലയല്ല സത്യവിശ്വാസി. കൊടുങ്കാറ്റിലും പതറാത്ത വന്‍മരമാണ്‌. പക്ഷേ, അതേ സത്യവിശ്വാസി അവന്റെ രക്ഷിതാവിന്റെ മുന്നിലെത്തുമ്പോള്‍ കൊച്ചുകുട്ടിയെപ്പോലെ കണ്ണുനനഞ്ഞ്‌, കരങ്ങളുയര്‍ത്തി, പാപങ്ങള്‍ ഏറ്റുപറഞ്ഞ്‌ പുതിയൊരാളാവുന്നു. ആര്‍ക്കു മുന്നിലും പതറാത്ത വിശ്വാസി, അല്ലാഹുവിനു മുന്നില്‍ പതറുന്നു. അങ്ങനെ പതറാന്‍ പ്രേരിപ്പിക്കുന്ന സാന്നിധ്യശക്തിയാണ്‌ ഈമാന്‍. ഈമാന്‍കൊണ്ട്‌ നെഞ്ചുനിറയുമ്പോള്‍ അറിയാതെ കണ്ണുനിറയുന്നു. ജീവിതവ്യഥകളുടെ എത്ര പൊരിവെയിലിലും ഒരിറ്റു കണ്ണീര്‍ത്തുള്ളിയും വീഴാതെ കാക്കുന്ന ഈമാന്‍, അല്ലാഹുവിന്റെ മുന്നിലെത്തുമ്പോള്‍ സത്യവിശ്വാസിയുടെ തടങ്ങള്‍ തുറന്നിട്ട്‌ കണ്ണീരൊഴുക്കുന്നു. സുഹൃത്തേ, ഇത്രയും ശക്തമായ ഈമാന്‍ കൈവരിക്കാന്‍ കഴിഞ്ഞോ എന്നതായിരിക്കട്ടെ നമ്മുടെ ചിന്ത. അതിനായിരിക്കട്ടെ പരിശ്രമങ്ങളെല്ലാം.
തിരക്കിനിടയില്‍ നാമൊന്ന്‌ തിരിഞ്ഞുനില്‌ക്കുക. സ്വന്തത്തെയൊന്ന്‌ വിലയിരുത്തുക. മരണത്തിന്റെ മഹാനിശ്ചലത ഏതുസമയത്തും വരാനിരിക്കുന്നു. ഓരോരോ ശ്വാസമാണ്‌ ജീവിതം. സെക്കന്‍ഡുകളാണ്‌ അവസരങ്ങള്‍. ഉപയോഗപ്പെടുത്തിയാല്‍ വിജയിക്കാം. ചെയ്‌തുപോയതെല്ലാം കര്‍മപുസ്‌തകത്തിലെ കറകളാണ്‌. അവ മായ്‌ക്കാനുള്ള ലേപനമാണ്‌ കണ്ണീരുകൊണ്ടുള്ള പ്രാര്‍ഥന. ചിലരെ ഓര്‍ക്കുമ്പോള്‍ നാം കരഞ്ഞുപോകുന്നു. എങ്കില്‍ അല്ലാഹുവെ ഓര്‍ക്കുമ്പോഴും കണ്ണുനിറയട്ടെ. ചിലരുടെ മുന്നില്‍ നമുക്ക്‌ കരയാനുള്ള സ്വാതന്ത്ര്യവും ധീരതയുമുണ്ട്‌. എങ്കില്‍ ഒരേയൊരു രക്ഷിതാവിന്റെ മഹാസാന്നിധ്യത്തിനു മുന്നില്‍ ഭയവിഹ്വലമാകുന്ന ഹൃദയം കണ്ണീര്‍ക്കടലായി ഒഴുകട്ടെ. എല്ലാ അഴുക്കുകളും അതോടെ മാഞ്ഞുതീരും. അതെ, സത്യവിശ്വാസിക്ക്‌ കരുത്തും കര്‍മശക്തിയുമാണ്‌ കണ്ണീര്‍.

1 comments:

Malayali Peringode said...

തിരക്കിനിടയില്‍ നാമൊന്ന്‌ തിരിഞ്ഞുനില്‌ക്കുക. സ്വന്തത്തെയൊന്ന്‌ വിലയിരുത്തുക. മരണത്തിന്റെ മഹാനിശ്ചലത ഏതുസമയത്തും വരാനിരിക്കുന്നു. ഓരോരോ ശ്വാസമാണ്‌ ജീവിതം. സെക്കന്‍ഡുകളാണ്‌ അവസരങ്ങള്‍. ഉപയോഗപ്പെടുത്തിയാല്‍ വിജയിക്കാം. ചെയ്‌തുപോയതെല്ലാം കര്‍മപുസ്‌തകത്തിലെ കറകളാണ്‌. അവ മായ്‌ക്കാനുള്ള ലേപനമാണ്‌ കണ്ണീരുകൊണ്ടുള്ള പ്രാര്‍ഥന. ചിലരെ ഓര്‍ക്കുമ്പോള്‍ നാം കരഞ്ഞുപോകുന്നു.

 

തർബിയ

അശുദ്ധിയില്ലാത്ത മനസ്സും അഴകുള്ള ജീവിതവും കൈവരുമ്പോൾ മാത്രമേ ഒരാളുടെ ഇസ്‌ലാമിക വ്യക്തിത്വം അർഥപൂർണമാവൂ. വിശുദ്ധ ഖുർ‌ആനും തിരുനബി(സ)യുടെ സാരോപദേശങ്ങളും ഈ വഴിക്കാണ് നമ്മെ നയിക്കുന്നത്. വ്യക്തി എന്ന നിലയിലും കുടുംബ-സാമൂഹിക മേഖലകളിലെ അംഗമെന്ന നിലയിലും പാലിക്കേണ്ട നിർദേശ തത്വങ്ങളുടെ സംഗ്രഹമാണ് ഇസ്‌ലാം. ആദർശ നിഷ്‌ഠയും ആത്മശുദ്ധിയുമുള്ള ഒരു സമൂഹത്തെയാണ് ഇസ്‌ലാം വളർത്തിയെടുക്കുന്നത്. നിലവിലുള്ളതിൽ നിന്ന് കൂടുതൽ മികച്ച മറ്റൊരവസ്ഥയിലേക്ക് എത്തിക്കുക എന്ന പ്രക്രിയയാണ് അത്. പ്രവാചക തിരുമേനി(സ)യുടെ നിയോഗ ലക്ഷ്യമായ ‘തസ്‌കിയത്തി’ന് ഇങ്ങനെയൊരർഥം കൂടിയുണ്ട്. ഇസ്‌ലാമിക പ്രമാണങ്ങളെയും ചരിത്ര പാഠങ്ങളെയും മുൻ‌നിർത്തി ആത്മശുദ്ധീകരണപ്രധാനമായ ആലോചനകളാണ് ഈ ബ്ലോഗിലുള്ള കുറിപ്പുകൾ.

ഇസ്‌ലാം
ജീവിത ശുദ്ധീകരണത്തിന്റെ പുതുമഴയാണ്.
വ്യക്തിത്വത്തിന് ചന്തമുള്ള വഴിയാണ്.
വിശ്വാസിയെ അത് ശാന്തനും പോരാളിയുമാക്കുന്നു.
ഉള്ളും പുറവും സ്‌ഫടിക സുന്ദരമാക്കുന്നു.
സദ്‌ഗുണങ്ങളിലൂടെ സംസ്കാര സമ്പന്നമാക്കുന്നു.

സ്വസ്ഥമായിരുന്ന് സ്വന്തത്തെക്കുറിച്ചാലോചിക്കാൻ ഇതാ അല്പം ചിന്തകൾ.....

Usage Policies