this site the web

സുഖം അല്‌പം പോരേ?

കൈയിലൊരു പൊതിയുമായി വരുന്ന ജാബിറി(റ)നോട്‌ ഉമര്‍(റ) ചോദിച്ചു: ``എന്താണത്‌?''
``മാംസത്തിന്‌ വല്ലാത്ത ആഗ്രഹം തോന്നി. ഞാനതൊരു കഷണം വാങ്ങി.''



``ആഗ്രഹം തോന്നുന്നതെല്ലാം വാങ്ങുകയാണോ? അന്ത്യനാളില്‍ അല്ലാഹു, `നിന്റെ ആഗ്രഹങ്ങളെല്ലാം ഇഹലോകത്ത്‌ വെച്ച്‌ തന്നെ പൂര്‍ത്തീകരിച്ചിരിക്കുന്നു' എന്നു പറഞ്ഞു മടക്കിവിട്ടേക്കുമോ എന്ന്‌ ഭയപ്പെടുന്നില്ലേ?''

ഉമറി(റ)ന്റെ ഈ ഓര്‍മപ്പെടുത്തല്‍ ജാബിറി(റ)ന്റെ മനസ്സില്‍കൊണ്ടു. അദ്ദേഹം ആ മാംസം ഭക്ഷിച്ചില്ല.

ഒരിക്കല്‍ ഹഫ്‌സ്‌ബ്‌നു അബില്‍ ആസ്വി(റ)നെ ഉമര്‍(റ) സദ്യക്ക്‌ ക്ഷണിച്ചു. ഹഫ്‌സ്‌ ക്ഷണം സ്വീകരിച്ചെത്തിയപ്പോള്‍ സദ്യ കണ്ട്‌ ആശ്ചര്യപ്പെട്ടു. വിലകുറഞ്ഞ കുറച്ച്‌ റൊട്ടിക്കഷ്‌ണങ്ങളും വെള്ളവുമായിരുന്നു വിഭവങ്ങള്‍. അവ കഴിക്കാന്‍ ഹഫ്‌സ്‌ തയ്യാറായില്ല.

ഉമര്‍(റ) ചോദിച്ചു: ``നിങ്ങള്‍ ഈ ഭക്ഷണം നിരസിക്കാനെന്താണ്‌ കാരണം?''

``അതു വളരെ പരുക്കനാണ്‌. എനിക്കു വീട്ടില്‍ ഇതിനേക്കാള്‍ മെച്ചപ്പെട്ട ഭക്ഷണം തയ്യാറായിരിപ്പുണ്ട്‌.'' ഇതായിരുന്നു ഹഫ്‌സിന്റെ മറുപടി.

``ഹോ, അതാണ്‌ കാര്യം അല്ലേ? നിങ്ങള്‍ കരുതുന്നോ, ഇളം പ്രായമുള്ള ഒരു നെയ്യാടിനെ പാകം ചെയ്‌തതും നേരിയ ഗോതമ്പുപൊടികൊണ്ടുള്ള കട്ടികുറഞ്ഞ പത്തിരിയും തിത്തിരപ്പക്ഷിയുടെ കണ്ണിന്റെ നിറമുള്ള മൂത്തുപഴുത്ത മുന്തിരി വെള്ളത്തിലിട്ട്‌ മാന്‍കിടാവിന്റെ രക്തവര്‍ണം വരുമ്പോള്‍ കിട്ടുന്ന പാനീയവും ചേര്‍ത്ത്‌ ആഡംബരപൂര്‍വം ഭക്ഷണം കഴിക്കാന്‍ കഴിയാത്തവനാണ്‌ ഉമര്‍ എന്ന്‌?''

ഉമറിന്റെ ഈ ചോദ്യം കേട്ട ഹഫ്‌സ്‌ ചിരിച്ചുകൊണ്ട്‌ പറഞ്ഞു: ``മുന്തിയ വിഭവങ്ങളെക്കുറിച്ച്‌ നല്ല പരിചയമുണ്ടല്ലോ താങ്കള്‍ക്ക്‌.''

``അതെ, അത്‌ ശരിയാണ്‌. എനിക്ക്‌ അവയെല്ലാം നന്നായറിയാം. ഇന്ന്‌ അവ ഭക്ഷിക്കുന്നവരേക്കാളും എനിക്കറിയാം. പക്ഷേ, എന്റെ സല്‍കര്‍മങ്ങളുടെ പ്രതിഫലം കുറഞ്ഞുപോകുമോ എന്ന ഭയംകാരണം ഞാനതെല്ലാം ഉപേക്ഷിക്കുന്നുവെന്നു മാത്രം. ഗര്‍ഭിണികള്‍ തികയാതെ പ്രസവിച്ചുപോവുകയും മുലയൂട്ടുന്ന അമ്മമാര്‍ തങ്ങളുടെ കുഞ്ഞുങ്ങളെ ഉപേക്ഷിച്ചോടുകയും ചെയ്യുന്ന ഭയാനകമായ ഒരു ദിവസത്തിലെ രക്ഷയ്‌ക്കുവേണ്ടി അവയൊക്കെ ഞാന്‍ ഉപേക്ഷിക്കുന്നു. എല്ലാ സുഖാനുഗ്രങ്ങളും എനിക്ക്‌ അന്നു മതി. അന്ന്‌ അല്ലാഹു ചിലരോട്‌ ഇങ്ങനെ പറയുമെന്ന്‌ ഞാന്‍ കേട്ടിരിക്കുന്നു. `നിങ്ങളുടെ അനുഗ്രഹങ്ങളെല്ലാം നിങ്ങള്‍ ഐഹിക ജീവിതത്തില്‍ വെച്ചുതന്നെ ആസ്വദിക്കുകയും പാഴാക്കിക്കളയുകയും ചെയ്‌തിരിക്കുന്നു.' അത്തരക്കാരില്‍ ഉള്‍പ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.''

സുഖാസ്വാദനങ്ങളുടെ കേദാരമാണ്‌ ഇഹലോകം. എവിടെയും ആനന്ദിപ്പിക്കുന്ന അനുഭവങ്ങള്‍! പണവും ആരോഗ്യവുമുണ്ടെങ്കില്‍ എന്തും കൈവരിക്കാം. എത്രയും വാങ്ങിക്കൂട്ടാം. എങ്ങനെയും ജീവിക്കാം. മനംകുളിര്‍പ്പിക്കുന്ന കാഴ്‌ചകളും ആനന്ദലഹരിയില്‍ തളച്ചിടുന്ന കേന്ദ്രങ്ങളും നമുക്ക്‌ ചുറ്റും സുലഭമാണ്‌. മനസ്സ്‌ എപ്പോഴും അവയെ ആഗ്രഹിച്ചുപോവുന്നു. നിരന്തരം നമ്മുടെ മേല്‍ സമ്മര്‍ദം ചെലുത്തുന്നു. കാഴ്‌ചകളിലൂടെയും കേള്‍വികളിലൂടെയും തിന്മയെ കുറിച്ചുള്ള വിചാരങ്ങള്‍ മനസ്സില്‍ രൂപപ്പെടുന്നു. നന്മ-തിന്മകളുടെ അതിരുകളെ വകവെക്കാതെ പാപങ്ങളിലേക്കെടുത്തുചാടുന്നു. മനുഷ്യന്റെ ഈ ദൗര്‍ബല്യത്തെ ഖുര്‍ആന്‍ സൂചിപ്പിക്കുന്നുണ്ട്‌, നാമെല്ലാം അനുഭവിക്കുന്നുമുണ്ട്‌.

ഇഹലോകത്തുനിന്ന്‌ നമുക്ക്‌ ലഭിക്കാനുള്ള പങ്ക്‌ മറന്നുപോകരുതെന്ന്‌ ഖുര്‍ആന്‍ ഓര്‍മിപ്പിക്കുന്നുണ്ട്‌. എന്നാല്‍ ഇഹലോകത്തെ അമിതമായി അനുഭവിച്ചവരുടെ ദുരന്തകഥകളും ഖുര്‍ആന്‍ നമുക്ക്‌ പറഞ്ഞുതരുന്നു.

ഒരു ചെറിയ വിചാരം മതിയാകും, വലിയ വിപത്തിലേക്ക്‌ നാം എത്തിച്ചേരാന്‍. ഒരു കാഴ്‌ചയോ സംസാരമോ സ്‌പര്‍ശനമോ ഓര്‍മയോ ഗുരുതരമായ തിന്മകളിലേക്ക്‌ എത്തിച്ചെന്നു വരാം. അല്ലാഹുവിനെ കുറിച്ചുള്ള ഓര്‍മയും ഭയവുംകൊണ്ടല്ലാതെ അതില്‍നിന്നൊന്നും രക്ഷപ്പെടാന്‍ പോകുന്നില്ല. നിമിഷനിശ്വാസങ്ങളില്‍ നിരന്തരം അല്ലാഹു ഓര്‍മിക്കപ്പെടുന്നുണ്ടെങ്കില്‍, അവന്റെ താക്കീതുകള്‍ പിന്തുടരുന്നുണ്ടെങ്കില്‍ പാപങ്ങളിലേക്കു പോകാതെ ജീവിതം സുരക്ഷിതമാകും.

അല്ലാഹു ഈ ഭൂമിയില്‍ ഒരുക്കിതന്ന വിഭവങ്ങളെയൊന്നും നിഷേധിക്കാന്‍ നമുക്ക്‌ അര്‍ഹതയില്ല. അവനൊരുക്കിയ അലങ്കാരങ്ങളെ നിഷിദ്ധമാക്കുന്നത്‌ തെറ്റാണ്‌. `സൂറതുത്തഹ്‌രീമി'ല്‍ ഇതിനെ സംബന്ധിച്ച്‌ താക്കീത്‌ ചെയ്യുന്നു.

അല്ലാഹു നല്‌കിയ അനുഗ്രഹങ്ങള്‍ അനുഭവിക്കുമ്പോള്‍ ആ രക്ഷിതാവിന്റെ കാരുണ്യത്തെയും കൃപയെയും സ്‌മരിക്കണം. അവന്‌ നന്ദിയും സ്‌തുതിയുമര്‍പ്പിക്കണം. അതല്ലാതെ കൃപാലുവും സ്‌നേഹധനനുമായ രക്ഷിതാവിനെ വിസ്‌മരിക്കുവാനും അവന്റെ മാര്‍ഗത്തില്‍ നിന്ന്‌ വഴിമാറി സഞ്ചരിക്കുവാനുമാണ്‌ ഭൂമിയിലെ ആസ്വാദനങ്ങള്‍ അനുഭവിക്കുന്നതെങ്കില്‍ നാം നഷ്‌ടക്കാരായിത്തീരുമെന്നത്‌ തീര്‍ച്ചയാണ്‌.

സുഖാഡംബര ജീവിതത്തില്‍ കഴിഞ്ഞുകൂടുന്നവര്‍ക്ക്‌ യഥാര്‍ഥ ഇസ്‌ലാമിന്റെ വിശ്വാസകര്‍മങ്ങള്‍ മുറതെറ്റാതെ അനുഷ്‌ഠിക്കാന്‍ പ്രയാസമാണ്‌. സുഖാനുഭവങ്ങളെ നിയന്ത്രിക്കുകയും ഇഹലോക ജീവിതത്തെ നിസ്സാരമായി കാണുകയും പരലോകത്തെ പ്രധാന ലക്ഷ്യമായി പരിഗണിക്കുകയും ചെയ്യുന്നവര്‍ക്കേ ദീനിനെ അറിഞ്ഞ്‌ അനുഷ്‌ഠിക്കുവാനാകൂ. മുആദി(റ)നെ യമനിലേക്ക്‌ പറഞ്ഞയക്കുന്ന സമയത്ത്‌ നബി(സ) അദ്ദേഹത്തെ ഉപദേശിച്ചത്‌ ഇങ്ങനെയായിരുന്നു: ``താങ്കള്‍ സുഖങ്ങളെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹുവിന്റെ നല്ല അടിമകള്‍ സുഖിയന്മാരല്ല.''

സ്വന്തം താല്‌പര്യങ്ങളെ നിയന്ത്രിക്കുകയും അല്ലാഹുവിന്റെ താല്‍പര്യങ്ങളെ വിലമതിക്കുകയും ചെയ്യുമ്പോഴാണ്‌ ഒരാളുടെ ഇസ്‌ലാമിക വ്യക്തിത്വം പൂര്‍ണമാവുന്നത്‌.

1 comments:

Malayali Peringode said...

സുഖാസ്വാദനങ്ങളുടെ കേദാരമാണ്‌ ഇഹലോകം. എവിടെയും ആനന്ദിപ്പിക്കുന്ന അനുഭവങ്ങള്‍! പണവും ആരോഗ്യവുമുണ്ടെങ്കില്‍ എന്തും കൈവരിക്കാം. എത്രയും വാങ്ങിക്കൂട്ടാം. എങ്ങനെയും ജീവിക്കാം. മനംകുളിര്‍പ്പിക്കുന്ന കാഴ്‌ചകളും ആനന്ദലഹരിയില്‍ തളച്ചിടുന്ന കേന്ദ്രങ്ങളും നമുക്ക്‌ ചുറ്റും സുലഭമാണ്‌. മനസ്സ്‌ എപ്പോഴും അവയെ ആഗ്രഹിച്ചുപോവുന്നു. നിരന്തരം നമ്മുടെ മേല്‍ സമ്മര്‍ദം ചെലുത്തുന്നു. കാഴ്‌ചകളിലൂടെയും കേള്‍വികളിലൂടെയും തിന്മയെ കുറിച്ചുള്ള വിചാരങ്ങള്‍ മനസ്സില്‍ രൂപപ്പെടുന്നു.

 

തർബിയ

അശുദ്ധിയില്ലാത്ത മനസ്സും അഴകുള്ള ജീവിതവും കൈവരുമ്പോൾ മാത്രമേ ഒരാളുടെ ഇസ്‌ലാമിക വ്യക്തിത്വം അർഥപൂർണമാവൂ. വിശുദ്ധ ഖുർ‌ആനും തിരുനബി(സ)യുടെ സാരോപദേശങ്ങളും ഈ വഴിക്കാണ് നമ്മെ നയിക്കുന്നത്. വ്യക്തി എന്ന നിലയിലും കുടുംബ-സാമൂഹിക മേഖലകളിലെ അംഗമെന്ന നിലയിലും പാലിക്കേണ്ട നിർദേശ തത്വങ്ങളുടെ സംഗ്രഹമാണ് ഇസ്‌ലാം. ആദർശ നിഷ്‌ഠയും ആത്മശുദ്ധിയുമുള്ള ഒരു സമൂഹത്തെയാണ് ഇസ്‌ലാം വളർത്തിയെടുക്കുന്നത്. നിലവിലുള്ളതിൽ നിന്ന് കൂടുതൽ മികച്ച മറ്റൊരവസ്ഥയിലേക്ക് എത്തിക്കുക എന്ന പ്രക്രിയയാണ് അത്. പ്രവാചക തിരുമേനി(സ)യുടെ നിയോഗ ലക്ഷ്യമായ ‘തസ്‌കിയത്തി’ന് ഇങ്ങനെയൊരർഥം കൂടിയുണ്ട്. ഇസ്‌ലാമിക പ്രമാണങ്ങളെയും ചരിത്ര പാഠങ്ങളെയും മുൻ‌നിർത്തി ആത്മശുദ്ധീകരണപ്രധാനമായ ആലോചനകളാണ് ഈ ബ്ലോഗിലുള്ള കുറിപ്പുകൾ.

ഇസ്‌ലാം
ജീവിത ശുദ്ധീകരണത്തിന്റെ പുതുമഴയാണ്.
വ്യക്തിത്വത്തിന് ചന്തമുള്ള വഴിയാണ്.
വിശ്വാസിയെ അത് ശാന്തനും പോരാളിയുമാക്കുന്നു.
ഉള്ളും പുറവും സ്‌ഫടിക സുന്ദരമാക്കുന്നു.
സദ്‌ഗുണങ്ങളിലൂടെ സംസ്കാര സമ്പന്നമാക്കുന്നു.

സ്വസ്ഥമായിരുന്ന് സ്വന്തത്തെക്കുറിച്ചാലോചിക്കാൻ ഇതാ അല്പം ചിന്തകൾ.....

Usage Policies