this site the web

അറിവും അലിവും അധ്യാപകരും

അമേരിക്കയിലെ നീഗ്രോ ആയിരുന്ന മാല്‍ക്കം എക്‌സിന്റെ ആത്മകഥ പ്രസിദ്ധമാണ്‌. കറുത്ത വര്‍ഗക്കാരനായ മാല്‍കം, ഇസ്‌ലാം സ്വീകരിച്ചതിന്റെ ഹൃദയസ്‌പര്‍ശിയായ ചരിത്രവും അല്‍ഹാജ്‌ മാലിക്‌ അശ്ശഹബാസ്‌ എന്ന പുതിയ പേരും ജീവിതവും നേരിട്ട നിര്‍ദയവും നിരന്തരവുമായ പരാക്രമങ്ങളുടെയും പരിഹാസങ്ങളുടെയും വിവരണവുമാണ്‌ പ്രസ്‌തുത ആത്മകഥ. ഈ പുസ്‌തകം അദ്ദേഹം സമര്‍പ്പിച്ചിരിക്കുന്നത്‌ എലിജാ മുഹമ്മദിനാണ്‌. അമേരിക്കന്‍ മുസ്‌ലിംകളുടെ വിമോചന നായകന്‍ എന്ന നിലയ്‌ക്കല്ല ഈ സമര്‍പ്പണം. മറിച്ച്‌, എലിജാ മുഹമ്മദ്‌ മാല്‍ക്കമിന്റെ ഗുരുനാഥനായിരുന്നു. അദ്ദേഹത്തിന്റെ ശിക്ഷണപാഠങ്ങളും ഉപദേശങ്ങളും തന്റെ വ്യക്തിത്വത്തിലും ജീവിത വീക്ഷണത്തിലും എത്രമാത്രം വലിയ സ്വാധീനമാണുണ്ടാക്കിയതെന്ന്‌ പുസ്‌തകത്തില്‍ മാല്‍കം ഉടനീളം വിവരിക്കുന്നുണ്ട്‌. ഗുരുവര്യനോടുള്ള സ്‌നേഹവും കടപ്പാടും ആ അക്ഷരങ്ങളില്‍ അദ്ദേഹം നിറയ്‌ക്കുന്നു.ഏതൊരു വ്യക്തിയുടെയും ജീവിതത്തില്‍ ഇത്തരം സ്വാധീനങ്ങളുണ്ടാകാതിരിക്കില്ല. അറിവു നല്‌കിയ അധ്യാപകന്മാര്‍ നമ്മിലുണ്ടാക്കുന്ന പ്രതിഫലനം വിവരണങ്ങളിലൊതുക്കാനാവില്ല.
മാതാപിതാക്കളുടെയും കുടുംബാംഗങ്ങളുടെയും ശിക്ഷണം ഏതുകുട്ടിയിലും ശക്തമായ സാംസ്‌കാരിക ബോധം ഉളവാക്കുന്നുണ്ട്‌. ബാല്യകൗമാരങ്ങള്‍ പിന്നിട്ട്‌ യുവാവും വൃദ്ധനുമെല്ലാം ആയി മാറിയാലും ആ സംസ്‌കാരങ്ങള്‍ക്ക്‌ മാറ്റമേതുമുണ്ടാവില്ല.

എന്നാല്‍ അധ്യാപകര്‍ പകര്‍ന്നുനല്‌കുന്നത്‌ അറിവിനോടൊപ്പം ജീവിത വീക്ഷണത്തെകൂടിയാണ്‌. ജീവിതത്തെ എങ്ങനെ നേരിടണമെന്നതിനെ സംബന്ധിച്ചും കാലത്തോടും ലോകത്തോടുമുള്ള കാഴ്‌ചപ്പാടുകള്‍ എങ്ങനെ സ്വരൂപിക്കണമെന്നതിനെ സംബന്ധിച്ചുമുള്ള ബോധമുണ്ടാക്കുന്നത്‌ തീര്‍ച്ചയായും ഗുരുവര്യന്മാര്‍ തന്നെയാണ്‌. സദാ കോപിഷ്‌ഠനും മുന്‍ധാരണക്കാരനുമായ അധ്യാപകന്‍ അയാളുടെ വിദ്യാര്‍ഥികളില്‍ ഒട്ടും സ്വാധീനിക്കപ്പെടുകയില്ല. എന്നാല്‍ വിനയാന്വിതനും സ്‌നേഹധനനുമായ ഗുരുവിനെ മാതൃകയാക്കാന്‍ കുട്ടികള്‍ മത്സരിച്ചുകൊണ്ടിരിക്കും.

മുസ്‌ലിം ഉദ്ധരിച്ച ഒരു ഹദീസില്‍ മുആവിയതുബ്‌നു ഹകമിസ്സലമി പറയുന്നു: `ഞാന്‍ നബിതിരുമേനി(സ)യോടൊപ്പം നമസ്‌കരിക്കുകയായിരുന്നു. അപ്പോള്‍ ഒരാള്‍ തുമ്മി. ഞാന്‍ `അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ' എന്ന്‌ പ്രാര്‍ഥിച്ചു. ആ സമയം ആളുകളെല്ലാം എന്നെ നോക്കി. ഞാന്‍ ചോദിച്ചു: ശ്ശെ, എന്താണ്‌ നിങ്ങളെന്നെ ഇങ്ങനെ നോക്കുന്നത്‌? അപ്പോള്‍ അവര്‍ എന്നോട്‌ നിശ്ശബ്‌ദനായിരിക്കാന്‍ സൂചിപ്പിച്ചു. ഞാന്‍ നിശ്ശബ്‌ദനായി. തിരുമേനി (സ) നമസ്‌കരിച്ചു കഴിഞ്ഞപ്പോള്‍-ഞാന്‍ നബി തിരുമേനിയേക്കാള്‍ നല്ലൊരു ഗുരുനാഥനെ അതിനുമുമ്പും ശേഷവും കണ്ടിട്ടില്ല- അദ്ദേഹം എന്നെ ശാസിക്കുകയോ അടിക്കുകയോ ചീത്ത പറയുകയോ ചെയ്‌തില്ല. അവിടുന്ന്‌ പറഞ്ഞു: `ഇത്‌ നമസ്‌കാരമാണ്‌. സംസാരം അതിന്‌ യോജിച്ചതല്ല. അല്ലാഹുവിന്റെ പരിശുദ്ധിയെ വാഴ്‌ത്തുന്നതിന്റെയും അവന്റെ മഹത്വത്തെ പ്രകീര്‍ത്തിക്കുന്നതിന്റെയും ഖുര്‍ആന്‍ ഓതുന്നതിന്റെയും പേരാണ്‌ നമസ്‌കാരം'

നോക്കൂ, എത്ര മനശ്ശാസ്‌ത്രപരമായാണ്‌ തിരുമേനി(സ) തെറ്റു ചെയ്‌ത ശിഷ്യനോട്‌ പെരുമാറിയത്‌. കാലമേറെ കഴിഞ്ഞിട്ടും ആ ശിഷ്യന്‍ അന്നത്തെ അനുഭവം മറന്നിട്ടില്ല. വ്യഭിചരിക്കാന്‍ അനുമതി ചോദിച്ച ഒരാളോട്‌ ഒട്ടും കോപിക്കാതെ നബി(സ) ഒരു ചോദ്യം മാത്രമാണ്‌ ചോദിച്ചത്‌. `നിന്റെ ഉമ്മയെയോ സഹോദരിയെയോ ഒരാള്‍ വ്യഭിചരിക്കുന്നത്‌ നിനക്കിഷ്‌ടമാണോ?'. ഈ ചോദ്യം അയാളുടെ മനസ്സിലാണ്‌ പതിച്ചത്‌. ആ നിമിഷംതന്നെ ആ നീചകൃത്യത്തെക്കുറിച്ചുള്ള വിചാരങ്ങളില്‍ നിന്ന്‌ അയാള്‍ പിന്മാറി.

വിദ്യാര്‍ഥികളില്‍ നിന്ന്‌ പരമാവധി അകലം പ്രാപിച്ച്‌ അവരുടെ താല്‌പര്യങ്ങളെയോ കാഴ്‌ചപ്പാടുകളെയോ മനസ്സിലാക്കാതെയുള്ള അധ്യാപനം ഒരു വൃഥാവേലയാണ്‌. അങ്ങനെയുള്ള `മാസ്റ്റര്‍'മാരുടെ ക്ലാസുകള്‍ കാണാപാഠം പഠിക്കാനുള്ള കൂട്ടക്ഷരങ്ങള്‍ എന്നതിനപ്പുറം ഒരു ഗുണവും സൃഷ്‌ടിക്കുകയില്ല. `ഗുരു' എന്ന വാക്കിന്റെ ആശയം `അന്ധകാരത്തെ നീക്കുന്നയാള്‍' എന്നാണ്‌. നിരക്ഷരത മാത്രമല്ല അന്ധകാരം. സ്വഭാവങ്ങളിലും സമീപനങ്ങളിലുമെല്ലാം അതുണ്ട്‌. അതിനെയെല്ലാം തൂത്ത്‌ കളഞ്ഞ്‌ വിശുദ്ധിയുടെ നിറദീപങ്ങളായി തന്റെ ഓരോ വിദ്യാര്‍ഥിയും ശോഭിക്കണമെന്ന്‌ ഓരോ അധ്യാപകനും ആഗ്രഹിക്കണം. അതിനായി പരിശ്രമിക്കണം. പരിശ്രമങ്ങളില്‍ വിജയക്കണമെങ്കില്‍ കുട്ടികളെ അറിയണം. അവരെ ഉള്‍കൊള്ളണം. അവരുടെ കൂടെ ജീവിക്കണം. കൂട്ടത്തിലാവുമ്പോഴും മാതൃകയാകണം. വില കളയാതെ വിദ്യപകരണം. അത്തരം അധ്യാപകരെ ജീവിതാന്ത്യം വരെ വിദ്യാര്‍ഥികള്‍ ഓര്‍ക്കും. അവരുമായുള്ള ബന്ധം നിലനിര്‍ത്തും. അവര്‍ക്കായി പ്രാര്‍ഥിക്കും. നബിതിരുമേനി (സ) അത്തരത്തിലുള്ള അധ്യാപകനായിരുന്നു.

കാലങ്ങള്‍ക്കു ശേഷവും കണ്ടുമുട്ടുമ്പോള്‍ `ഇതെന്റെ ഗുരുനാഥനാണ്‌' എന്ന്‌ പരിചയപ്പെടുത്തുമ്പോള്‍ ശിഷ്യനും, അതുകേള്‍ക്കുമ്പോള്‍ ഗുരുനാഥനുമുണ്ടാകുന്ന അനുഭൂതി വളരെ വലുതാണ്‌. മറിച്ചാണെങ്കിലും അങ്ങനെ തന്നെ. ഓര്‍മയില്‍ തങ്ങുന്ന അനുഭവങ്ങളുടെയും ഒളിമങ്ങാത്ത സ്‌നേഹ സ്വരങ്ങളുടെയും കാലമായി ഓരോ വിദ്യാര്‍ഥിക്കും തന്റെ അധ്യാപനകാലം മാറണമെന്ന്‌ അധ്യാപകര്‍ ആഗ്രഹിക്കുകയാണ്‌ ആദ്യം വേണ്ടത്‌. ഗുരുനാഥന്മാരുടെ ശാപ കോപങ്ങള്‍ക്ക്‌ അവസരമൊരുക്കുകയില്ലെന്ന്‌ ശിഷ്യന്മാര്‍ക്കും നിര്‍ബന്ധബുദ്ധിയുണ്ടായിരിക്കണം.

ലോകമാകെ അറിയപ്പെടുന്ന പണ്ഡിതനായി വളര്‍ന്നപ്പോഴും ഇമാം ശാഫ്‌ഈ (റ) തന്നെ കുട്ടിക്കാലത്ത്‌ പഠിപ്പിച്ച അധ്യാപകനെ കണ്ടപ്പോള്‍ താഴ്‌മയോടെ എണീറ്റുനിന്ന്‌ അദ്ദേഹത്തെ ആദരിച്ചു. കാലങ്ങളേറെ പിന്നിട്ടാലും പരസ്‌പരമുള്ള ബന്ധം കേടുകൂടാതെ നിലനിര്‍ത്താന്‍ ഗുരുശിഷ്യന്മാര്‍ക്ക്‌ സാധിക്കണം. അതൊരു ഇസ്‌ലാമിക മര്യാദയാണ്‌. ഗുരുനാഥന്മാര്‍ക്കായി പ്രാര്‍ഥിക്കുന്ന ശിഷ്യന്മാരാണോ നമ്മള്‍? നമ്മുടെ ശിഷ്യന്മാര്‍ നമുക്കായി പ്രാര്‍ഥിക്കുന്നുണ്ടായിരിക്കുമോ? ഓരോരുത്തരും ചിന്തിച്ചു നോക്കൂ.

0 comments:

 

തർബിയ

അശുദ്ധിയില്ലാത്ത മനസ്സും അഴകുള്ള ജീവിതവും കൈവരുമ്പോൾ മാത്രമേ ഒരാളുടെ ഇസ്‌ലാമിക വ്യക്തിത്വം അർഥപൂർണമാവൂ. വിശുദ്ധ ഖുർ‌ആനും തിരുനബി(സ)യുടെ സാരോപദേശങ്ങളും ഈ വഴിക്കാണ് നമ്മെ നയിക്കുന്നത്. വ്യക്തി എന്ന നിലയിലും കുടുംബ-സാമൂഹിക മേഖലകളിലെ അംഗമെന്ന നിലയിലും പാലിക്കേണ്ട നിർദേശ തത്വങ്ങളുടെ സംഗ്രഹമാണ് ഇസ്‌ലാം. ആദർശ നിഷ്‌ഠയും ആത്മശുദ്ധിയുമുള്ള ഒരു സമൂഹത്തെയാണ് ഇസ്‌ലാം വളർത്തിയെടുക്കുന്നത്. നിലവിലുള്ളതിൽ നിന്ന് കൂടുതൽ മികച്ച മറ്റൊരവസ്ഥയിലേക്ക് എത്തിക്കുക എന്ന പ്രക്രിയയാണ് അത്. പ്രവാചക തിരുമേനി(സ)യുടെ നിയോഗ ലക്ഷ്യമായ ‘തസ്‌കിയത്തി’ന് ഇങ്ങനെയൊരർഥം കൂടിയുണ്ട്. ഇസ്‌ലാമിക പ്രമാണങ്ങളെയും ചരിത്ര പാഠങ്ങളെയും മുൻ‌നിർത്തി ആത്മശുദ്ധീകരണപ്രധാനമായ ആലോചനകളാണ് ഈ ബ്ലോഗിലുള്ള കുറിപ്പുകൾ.

ഇസ്‌ലാം
ജീവിത ശുദ്ധീകരണത്തിന്റെ പുതുമഴയാണ്.
വ്യക്തിത്വത്തിന് ചന്തമുള്ള വഴിയാണ്.
വിശ്വാസിയെ അത് ശാന്തനും പോരാളിയുമാക്കുന്നു.
ഉള്ളും പുറവും സ്‌ഫടിക സുന്ദരമാക്കുന്നു.
സദ്‌ഗുണങ്ങളിലൂടെ സംസ്കാര സമ്പന്നമാക്കുന്നു.

സ്വസ്ഥമായിരുന്ന് സ്വന്തത്തെക്കുറിച്ചാലോചിക്കാൻ ഇതാ അല്പം ചിന്തകൾ.....

Usage Policies