this site the web

ഖുര്‍ആന്‍ ഉള്ളിലേക്ക്‌ പെയ്യുമ്പോള്‍

അനുസരണക്കേട്‌ കാണിക്കുമെന്ന്‌ ഭയപ്പെടുന്ന ഭാര്യയെ ത്വലാഖ്‌ ചൊല്ലുന്നതിന്‌ മുമ്പ്‌, കിടപ്പറയില്‍നിന്ന്‌ അകന്നുനില്‍ക്കണമെന്ന്‌ ഖുര്‍ആന്‍ (നിസാഅ്‌ 34) നിര്‍ദേശിക്കുന്നു. ഖുര്‍ആനിനെ മുസ്‌ലിം സമുദായം ഉപേക്ഷിച്ചതിനെക്കുറിച്ച്‌ പരലോകത്ത്‌ വെച്ച്‌ നബിതിരുമേനി(സ) അല്ലാഹുവിനോട്‌ പരാതിപ്പെടുന്നതിനെ സംബന്ധിച്ചും ഖുര്‍ആന്‍ (ഫുര്‍ഖാന്‍ 30) പറയുന്നു.ഈ രണ്ട്‌ ആയത്തുകളും തമ്മില്‍ ആശയതലത്തില്‍ വലിയ അകലമുണ്ട്‌. പക്ഷേ, ഭാര്യയില്‍ നിന്ന്‌ `ഒഴിഞ്ഞുനില്‍ക്കുക' എന്നതിനും ഖുര്‍ആനിനെ മുസ്‌ലിംകള്‍ `ഉപേക്ഷിച്ചു' അല്ലെങ്കില്‍ `അവഗണിച്ചു' എന്നതിനും അല്ലാഹു പ്രയോഗിച്ചത്‌ `ഹജറ' എന്ന പദത്തില്‍ നിന്ന്‌ ഉരുത്തിരിഞ്ഞ, ഒരേ ആശയമുള്ള രണ്ട്‌ പദങ്ങളാണ്‌.


നോക്കൂ, ഭാര്യയോടൊപ്പം ഒരേ സ്ഥലത്ത്‌ ഒരേ കിടപ്പറയില്‍ കിടക്കുമ്പോഴും ഭര്‍ത്താവ്‌ അവളെ ഉപേക്ഷിക്കുന്നതുപോലെ - ഒരേ കാലത്ത്‌ ഒരേ സമയത്ത്‌ ഒന്നിച്ച്‌ കഴിയുമ്പോഴും നമ്മള്‍ ഖുര്‍ആനിനെ അവഗണിക്കുന്നുവെന്ന്‌ ഈ പദത്തിന്റെ വിശാലമായ അര്‍ഥത്തില്‍ നിന്ന്‌ മനസ്സിലാക്കാവുന്നതല്ലേ?


ഖുര്‍ആന്‍ അല്ലാഹുവിന്റേതാണ്‌. അവന്റെ ശക്തിമഹത്വങ്ങളുടെ ഉത്തമ നിദര്‍ശനമാണ്‌ അതിന്റെ ഓരോ വാക്കുകളും അക്ഷരങ്ങളും. വിശ്വാസിയുടെ ജീവിതത്തിന്‌ നേര്‍മാര്‍ഗത്തിന്റെ വെളിച്ചവും തെളിച്ചവും പകരുന്ന ഖുര്‍ആന്‍, സര്‍വ മനുഷ്യരുടെയും വഴികളില്‍ സന്മാര്‍ഗത്തിന്റെ നന്മ ഉപദേശിക്കുന്നു.


ഖുര്‍ആനിന്റെ ഓരോ അക്ഷരവും ദൃഷ്‌ടാന്തമാണ്‌. അതുകൊണ്ടുതന്നെ ഖുര്‍ആന്‍ സമ്പൂര്‍ണമായ അമാനുഷിക ഗ്രന്ഥമാണ്‌. ഋജുവും സരളവുമായ ഒരു ജീവിതവീക്ഷണത്തിലേക്ക്‌ അത്‌ നമ്മെ വഴിനടത്തുകയും അതിലൂടെ നിത്യവിജയത്തിലേക്ക്‌ കൊണ്ടെത്തിക്കുകയും ചെയ്യുന്നു. ഖുര്‍ആനുമായുള്ള ബന്ധം എത്ര നന്നാക്കുന്നുവോ അത്രയും ഒരാളുടെ ജീവിതം ലക്ഷ്യാധിഷ്‌ഠിതമായിത്തീരുമെന്നത്‌ ഉറപ്പാണ്‌. ആ ലക്ഷ്യം അയാളെ പക്വവും സാത്വികവുമായ ആലോചനകളിലേക്ക്‌ നയിക്കുന്നു. അങ്ങനെ ജീവിതം ആ വചനങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്നു. നാവിന്റെ ചലനങ്ങളും ഇന്ദ്രിയങ്ങളുടെ ഉപയോഗവും പ്രവര്‍ത്തനങ്ങളുമെല്ലാം ആ വചനങ്ങളുടെ അടിസ്ഥാനത്തില്‍ ക്രമീകരിക്കപ്പെടുന്നു. നബിതിരുമേനി (സ)യുടെ സ്വഭാവം ഖുര്‍ആനായിരുന്നുവെന്ന്‌ ആഇശ(റ) പറഞ്ഞതിന്റെ അടിസ്ഥാനമിതാണ്‌. നബിതിരുമേനി(സ) ഖുര്‍ആന്‍ പഠിപ്പിക്കുകയും അത്‌ പകര്‍ത്തുകയും ചെയ്‌താണ്‌ ഒരു സമൂഹത്തെ മാറ്റിത്തീര്‍ത്തത്‌. മറ്റു യാതൊന്നുകൊണ്ടും അവരെ മാറ്റിച്ചിന്തിപ്പിക്കുവാന്‍ സാധിക്കുമായിരുന്നില്ലതാനും.


ഖുര്‍ആന്‍ വിശ്വാസികളുടെ ഇമാമാണ്‌. ഇമാം എന്നാല്‍ മുന്നില്‍ നില്‍ക്കുന്നത്‌, മാര്‍ഗനിര്‍ദേശകന്‍. ഖുര്‍ആന്‍ അതുതന്നെയാണ്‌ ചെയ്‌തുകൊണ്ടിരിക്കുന്നതും. നമ്മുടെ ഓരോ ചലനവും നിയന്ത്രിതമായിത്തീരാനാണ്‌ ഖുര്‍ആനിന്റെ അനുശാസനം. സൂറഃ ഇസ്‌റാഈല്‍ 36ാം വചനത്തില്‍ അത്‌ വ്യക്തമാണ്‌. അല്ലാഹുവിന്റെ പ്രതിഫലം മോഹിച്ച്‌ എല്ലാം നിയന്ത്രിക്കപ്പെടണം.
ആശയങ്ങളെ ജീവിതത്തിലേക്ക്‌ പകര്‍ത്തുക എന്നതാണ്‌ പ്രധാനം. എന്നാല്‍ ഖുര്‍ആന്‍ വചനങ്ങളുടെ പാരായണവും വലിയ പുണ്യമുള്ള കാര്യമാണ്‌. ആ പുണ്യം തിരക്കിനും ബഹളങ്ങള്‍ക്കുമിടയില്‍ നമുക്ക്‌ പലപ്പോഴും നഷ്‌ടപ്പെടുന്നില്ലേ എന്ന്‌ ആലോചിച്ചുനോക്കൂ.


ഉബൈദത്തുല്‍ മുലൈകി(റ)യില്‍ നിന്ന്‌ നിവേദനം ചെയ്‌ത ഒരു നബിവചനം: ``ഖുര്‍ആനിന്റെ അനുയായികളേ, നിങ്ങള്‍ ഖുര്‍ആനിനെ തലയിണയാക്കരുത്‌. രാപ്പകലുകളില്‍ അത്‌ വേണ്ടവിധം പാരായണം ചെയ്യുക. നിങ്ങള്‍ അത്‌ പ്രചരിപ്പിക്കുകയും ഭംഗിയായി പാരായണം നടത്തുകയും ചെയ്യുക. ഖുര്‍ആനിനെക്കുറിച്ച്‌ ചിന്തിക്കുകയും ചെയ്യുക. എന്നാല്‍ നിങ്ങള്‍ വിജയികളായേക്കും. അതുമുഖേന നിങ്ങള്‍ ഭൗതികഫലങ്ങള്‍ ആഗ്രഹിക്കരുത്‌. എന്നാല്‍ അതിന്‌ മഹത്തായ പ്രതിഫലമുണ്ട്‌.'' (മിശ്‌കാത്ത്‌)


`തലയിണയാക്കരുത്‌' എന്നതുകൊണ്ടുദ്ദേശിക്കുന്നത്‌ `അശ്രദ്ധകാണിക്കരുത്‌' എന്നാണെന്ന്‌ ഹദീസ്‌ വ്യാഖ്യാനഗ്രന്ഥങ്ങളില്‍ കാണുന്നു.


ഒരിക്കല്‍ അബൂദര്‍റില്‍ ഗിഫ്‌ഫാരി(റ) നബിതിരുമേനി(സ)യുടെ സന്നിധിയില്‍ വന്ന്‌, `ദൈവദൂതരേ, എന്നെ ഉപദേശിച്ചാലും' എന്ന്‌ അപേക്ഷിച്ചു. അപ്പോള്‍ തിരുമേനി(സ) പറഞ്ഞതിങ്ങനെയായിരുന്നു: നീ അല്ലാഹുവോട്‌ ഭയഭക്തിയുള്ളവനായിരിക്കുക. അത്‌ നിന്റെ മുഴുവന്‍ കാര്യത്തെയും ഭംഗിയാക്കിത്തീര്‍ക്കും. അബൂദര്‍റ്‌(റ) പറഞ്ഞു: ``ഇനിയും ഉപദേശിച്ചാലും.'' അപ്പോള്‍ അവിടുന്ന്‌ വീണ്ടും ഉപദേശിച്ചു: ``ഖുര്‍ആന്‍ പാരായണവും അല്ലാഹുവിനെക്കുറിച്ച സ്‌മരണയും പതിവാക്കുക. എന്നാല്‍ ഉപരിലോകത്ത്‌ നീ സ്‌മരിക്കപ്പെടും. ഭൂമിയില്‍ നിനക്കത്‌ പ്രകാശവുമായിരിക്കും.


മറ്റൊരിക്കല്‍ തിരുമേനി(സ) പറഞ്ഞു: ``വെള്ളംകൊണ്ട്‌ ഇരുമ്പ്‌ തുരുമ്പ്‌ പിടിക്കുന്നതുപോലെ മനസ്സിനും തുരുമ്പ്‌ പിടിക്കുന്നതാണ്‌.'' സ്വഹാബികള്‍ ചോദിച്ചു: ``ദൈവദൂതരേ, എന്തുകൊണ്ടാണ്‌ ഞങ്ങള്‍ മനസ്സിന്റെ തുരുമ്പ്‌ നീക്കുക?'' തിരുമേനി(സ) പറഞ്ഞു: ``മരണത്തെ ധാരാളമായി ഓര്‍ക്കുകയും ഖുര്‍ആന്‍ പാരായണം ചെയ്യുകയും ചെയ്യുക.''


പ്രഭാതത്തിലെ ഖുര്‍ആന്‍ പാരായണത്തെ ഖുര്‍ആന്‍ പ്രകീര്‍ത്തിക്കുന്നുണ്ട്‌. ശാന്തസുന്ദരമായ ഒരു പുതിയ ദിനത്തിന്റെ വിളംബരം തുടങ്ങുമ്പോള്‍ അല്ലാഹുവിന്റെ വിശുദ്ധവചനങ്ങള്‍ അതില്‍ ലയിച്ചുചേരുന്ന ആനന്ദമുള്ള അവസരമാണത്‌. സാരഗര്‍ഭമായ ഖുര്‍ആന്‍ വചനങ്ങളുടെ ലക്ഷ്യവും ആശയവും ഉള്‍ക്കൊണ്ട്‌ അവ വായിച്ചെടുക്കുമ്പോള്‍ അതെത്ര ആസ്വാദ്യകരമാണ്‌! പരിശുദ്ധവചനങ്ങളുടെ പാരായണത്തോടെ ഒരു പുതിയ സുദിനത്തെ വരവേല്‌ക്കുകയാണ്‌ അതിലൂടെ നാം ചെയ്യുന്നത്‌. പ്രയാസപ്പെട്ട്‌ ഖുര്‍ആന്‍ വായിക്കുന്നവര്‍ക്ക്‌ കൂടുതല്‍ പ്രതിഫലമുണ്ടെന്ന്‌ നബി(സ) അരുളുകയുണ്ടായി. ഖുര്‍ആന്‍ നമ്മെ നയിക്കട്ടെ. ആമീന്‍.

1 comments:

Malayali Peringode said...

പ്രഭാതത്തിലെ ഖുര്‍ആന്‍ പാരായണത്തെ ഖുര്‍ആന്‍ പ്രകീര്‍ത്തിക്കുന്നുണ്ട്‌. ശാന്തസുന്ദരമായ ഒരു പുതിയ ദിനത്തിന്റെ വിളംബരം തുടങ്ങുമ്പോള്‍ അല്ലാഹുവിന്റെ വിശുദ്ധവചനങ്ങള്‍ അതില്‍ ലയിച്ചുചേരുന്ന ആനന്ദമുള്ള അവസരമാണത്‌. സാരഗര്‍ഭമായ ഖുര്‍ആന്‍ വചനങ്ങളുടെ ലക്ഷ്യവും ആശയവും ഉള്‍ക്കൊണ്ട്‌ അവ വായിച്ചെടുക്കുമ്പോള്‍ അതെത്ര ആസ്വാദ്യകരമാണ്‌!

 

തർബിയ

അശുദ്ധിയില്ലാത്ത മനസ്സും അഴകുള്ള ജീവിതവും കൈവരുമ്പോൾ മാത്രമേ ഒരാളുടെ ഇസ്‌ലാമിക വ്യക്തിത്വം അർഥപൂർണമാവൂ. വിശുദ്ധ ഖുർ‌ആനും തിരുനബി(സ)യുടെ സാരോപദേശങ്ങളും ഈ വഴിക്കാണ് നമ്മെ നയിക്കുന്നത്. വ്യക്തി എന്ന നിലയിലും കുടുംബ-സാമൂഹിക മേഖലകളിലെ അംഗമെന്ന നിലയിലും പാലിക്കേണ്ട നിർദേശ തത്വങ്ങളുടെ സംഗ്രഹമാണ് ഇസ്‌ലാം. ആദർശ നിഷ്‌ഠയും ആത്മശുദ്ധിയുമുള്ള ഒരു സമൂഹത്തെയാണ് ഇസ്‌ലാം വളർത്തിയെടുക്കുന്നത്. നിലവിലുള്ളതിൽ നിന്ന് കൂടുതൽ മികച്ച മറ്റൊരവസ്ഥയിലേക്ക് എത്തിക്കുക എന്ന പ്രക്രിയയാണ് അത്. പ്രവാചക തിരുമേനി(സ)യുടെ നിയോഗ ലക്ഷ്യമായ ‘തസ്‌കിയത്തി’ന് ഇങ്ങനെയൊരർഥം കൂടിയുണ്ട്. ഇസ്‌ലാമിക പ്രമാണങ്ങളെയും ചരിത്ര പാഠങ്ങളെയും മുൻ‌നിർത്തി ആത്മശുദ്ധീകരണപ്രധാനമായ ആലോചനകളാണ് ഈ ബ്ലോഗിലുള്ള കുറിപ്പുകൾ.

ഇസ്‌ലാം
ജീവിത ശുദ്ധീകരണത്തിന്റെ പുതുമഴയാണ്.
വ്യക്തിത്വത്തിന് ചന്തമുള്ള വഴിയാണ്.
വിശ്വാസിയെ അത് ശാന്തനും പോരാളിയുമാക്കുന്നു.
ഉള്ളും പുറവും സ്‌ഫടിക സുന്ദരമാക്കുന്നു.
സദ്‌ഗുണങ്ങളിലൂടെ സംസ്കാര സമ്പന്നമാക്കുന്നു.

സ്വസ്ഥമായിരുന്ന് സ്വന്തത്തെക്കുറിച്ചാലോചിക്കാൻ ഇതാ അല്പം ചിന്തകൾ.....

Usage Policies