this site the web

സമയം ജീവിതമാണ്‌

ഓരോ പ്രഭാതവും വിടരുന്നത്‌ ഇങ്ങനെ വിളിച്ചുപറഞ്ഞുകൊണ്ടാണെന്ന്‌ വിഖ്യാത പണ്‌ഡിതന്‍ ഹസന്‍ ബസ്വരി പറഞ്ഞു: ``അല്ലയോ മനുഷ്യാ, ഞാനൊരു പുതിയ സൃഷ്‌ടി, നിന്റെ കര്‍മത്തിനു സാക്ഷി, അതുകൊണ്ട്‌ നീ എന്നെ പ്രേയാജനപ്പെടുത്തുക. ഞാന്‍ പോയിക്കഴിഞ്ഞാല്‍ അന്ത്യനാള്‍ വരെ തിരിച്ചുവരാന്‍ പോകുന്നില്ല.''



സമയമാണ്‌ ജീവിതം. ജീവിതത്തെ ക്രിയാത്മകമാക്കുന്നതില്‍ സമയബോധത്തിനുള്ള പ്രാധാന്യം വളരെ വലുതാണ്‌. ചെറുതും വലുതുമായ ഓരോ നിമിഷ നിശ്വാസങ്ങളെയും ഉപകാരപ്രദവും ഉപയോഗപ്രദവുമാക്കുകയാണെങ്കില്‍ ഒരിക്കലും ദുഃഖിക്കേണ്ടിവരില്ല.

ദുഃഖമുള്ളപ്പോള്‍ മേഘങ്ങളെ പോലെയും സന്തോഷമുള്ളപ്പോള്‍ കാറ്റടിക്കുംപോലെയുമാണ്‌ സമയത്തിന്റെ സഞ്ചാരമെന്ന്‌ പറയാറുണ്ട്‌. അഥവാ സമയത്തെക്കുറിച്ചുള്ള ധാരണയങ്ങനെയാണ്‌. ഐഹിക ജീവിതത്തില്‍ മനുഷ്യന്റെ ആയുസ്സ്‌ എത്ര ദീര്‍ഘിച്ചാലും മരണമാണ്‌ ജീവിക്കുന്ന ഏതൊരു വസ്‌തുവിന്റെയും അവസാനമെന്നാകുമ്പോള്‍ അത്‌ വളരെ കുറഞ്ഞ സമയമാണ്‌. മരണസമയത്ത്‌ മനുഷ്യന്‌ താന്‍ ജീവിച്ച കൊല്ലങ്ങളും ദശാബ്‌ദങ്ങളുമെല്ലാം ഒരു മിന്നല്‍ പിണറിന്റെ സമയത്തോളം ചുരുങ്ങിയതായി തോന്നും. പ്രവാചകനായ നൂഹ്‌ നബി(അ)യെ കുറിച്ച്‌ പറയാറുണ്ട്‌: ``പ്രളയത്തിനു മുമ്പും അതിനു ശേഷവുമായി ആയിരത്തിലധികം കൊല്ലം ജീവിച്ച നൂഹ്‌നബിയെ മരിപ്പിക്കാന്‍വേണ്ടി മരണത്തിന്റെ മലക്ക്‌ വന്നു. മലക്ക്‌ അദ്ദേഹത്തോട്‌ ചോദിച്ചു: `നബിമാരില്‍ ഏറ്റവും കൂടുതല്‍ കാലം ജീവിച്ചവനാണല്ലോ താങ്കള്‍! ഈ ഐഹിക ജീവിതത്തെപ്പറ്റി എന്തു തോന്നുന്നു? നൂഹ്‌ നബി പറഞ്ഞു: `രണ്ട്‌ കവാടമുള്ള വീട്‌ പോലെയാണിത്‌. ഒരു കവാടത്തിലൂടെ അതിനുള്ളിലേക്ക്‌ കടക്കുന്നു. മറ്റേ കവാടത്തിലൂടെ പുറത്തേക്കുവരുന്നു.'' (യൂസുഫുല്‍ ഖര്‍ദാവി `അല്‍ വഖ്‌ത്തു ഫീ ഹയാത്തില്‍ മുസ്‌ലിം' എന്ന കൃതിയില്‍ ഉദ്ധരിച്ചത്‌)

ഈ കഥ വിശ്വസനീയമാണെങ്കിലും അല്ലെങ്കിലും മരണസമയത്ത്‌, കഴിഞ്ഞുപോയ ആയുഷ്‌കാലം മനുഷ്യന്‌ കുറഞ്ഞ സമയമായാണ്‌ തോന്നുകയെന്നത്‌ യാഥാര്‍ഥ്യമാണ്‌. ``അതിനെ അവന്‍ കാണുന്ന ദിവസം ഒരു വൈകുന്നേരമോ ഒരു പ്രഭാതത്തിലോ അല്ലാതെ അവര്‍ ഇവിടെ കഴിച്ചുകൂട്ടിയിട്ടില്ലാത്തപോലെയായിരിക്കും.'' (അന്നാസിയാത്ത്‌ 46) ``അവന്‍ അവരെ ഒരുമിച്ചുകൂട്ടുന്ന ദിവസം പകലില്‍ നിന്നല്‍പസമയം മാത്രമേ അവര്‍ (ഇഹലോകത്ത്‌) കഴിച്ചുകൂട്ടിയിട്ടുള്ളൂ എന്നപോലെ തോന്നും.'' (യൂനുസ്‌ 45)

നമ്മോട്‌ ചോദിക്കാതെ സൂര്യന്‍ ഉദിക്കുന്നു, ചന്ദ്രന്‍ വന്നുപോകുന്നു, കാലം അതിവേഗം മുന്നോട്ടുനീങ്ങുന്നു. ആയുസ്സ്‌ കുറയുകയും വയസ്സ്‌ വര്‍ധിക്കുകയും ചെയ്യുന്നു. സമയരേണുക്കളുടെ നിശ്ശബ്‌ദ പ്രയാണത്തില്‍ നാം നിസ്സഹായരാവുന്നു. അവസാനം മനുഷ്യന്‍ വിലപിക്കും, `ഹൊ! എത്ര വേഗമാണ്‌ കാലം കടന്നുപോയത്‌!'

ബാല്യത്തിലെ പ്രസരിപ്പിനെക്കുറിച്ച്‌ യുവത്വത്തിലും യുവത്വത്തിലെ സജീവതയെക്കുറിച്ച്‌ വാര്‍ധക്യത്തിലും ആലോചിക്കുന്നവരാണ്‌ നാം. എല്ലാം പോയ്‌മറഞ്ഞതിനു ശേഷം കൈനീട്ടി വിലപിച്ചിട്ടെന്തു കാര്യം? സമയത്തെ അവസരോചിതമായി കൈകാര്യം ചെയ്യണമെങ്കില്‍ പ്രധാനമായും മൂന്ന്‌ കാര്യങ്ങളാണ്‌ ശ്രദ്ധിക്കേണ്ടതെന്ന്‌ പണ്‌ഡിതന്മാര്‍ പറയുന്നു: ഒന്ന്‌, ഓരോ ചെറിയ നിമിഷത്തെക്കുറിച്ചും അല്ലാഹു ചോദ്യം ചെയ്യുമെന്നും അങ്ങനെ ചോദ്യംചെയ്യപ്പെടാതെ ഒരു കാലടിപോലും മുന്നോട്ടുപോവില്ലെന്നുള്ള പ്രവാചകന്റെ താക്കീത്‌ മുഴുസമയങ്ങളിലും ആലോചനകളിലുണ്ടാവുക. രണ്ട്‌, നമ്മുടെ സമയത്തെ കൊല്ലുന്ന തരത്തിലുള്ള സകല പ്രവണതകളില്‍ നിന്നും വിട്ടുനില്‍ക്കുക. മൂന്ന്‌, ഇന്നുതന്നെ ചെയ്യാനാവുന്ന ഒരു കാര്യത്തെ നാളേക്ക്‌ നീട്ടിവെക്കാതിരിക്കുക.

സമയത്തിന്റെ മഹത്വവും പ്രാധാന്യവും മനസ്സിലാക്കിയവര്‍ കഴിയുന്നത്ര നന്മകള്‍കൊണ്ട്‌ ഒഴിവുവേള ധന്യമാക്കും. പ്രയാസത്തോടും മടിയോടും കൂടി സല്‍ക്കര്‍മങ്ങളില്‍ മുഴുകുകയോ, മടി കാരണം കുറച്ചുമാത്രം ചെയ്യുകയോ, ബാക്കി മറ്റൊരു സമയത്തേക്ക്‌ നീട്ടിവെക്കുകയോ, അതുമല്ലെങ്കില്‍ മുഴുവനും മറ്റൊരു ദിവസത്തേക്ക്‌ മാറ്റിവെക്കുകയോ ചെയ്യില്ല. ജീവിതാവസാനം ഖേദിക്കുന്ന അവസ്ഥയിലേക്കായിരിക്കും അങ്ങനെ നീട്ടിവെക്കുന്നവരുടെ പര്യവസാനം. രോഗബാധിതനായി, മരണം പ്രതീക്ഷിക്കവെ വിഖ്യാത സാഹിത്യകാരന്‍ ഗബ്രിയേല്‍ മാര്‍ക്കേസ്‌ എഴുതി: ``ഇനിയുമൊരു ജീവിതമുണ്ടെങ്കില്‍ ഞാനൊരു നിമിഷംപോലും കണ്ണടക്കില്ല. കാരണം, കണ്ണടക്കുന്ന ഓരോ നിമിഷത്തിലും എനിക്ക്‌ നഷ്‌ടപ്പെടുന്നത്‌ വെളിച്ചത്തിന്റെ അറുപത്‌ സെക്കന്റുകളാണെന്ന്‌ ഞാനറിയുന്നു.''

നബി(സ) പഠിപ്പിച്ച പ്രാര്‍ഥനകളിലും ദിക്‌റുകളിലും പ്രഭാതത്തിലും പ്രദോഷത്തിലും മുസ്‌ലിമിനോട്‌ ഇങ്ങനെ ഉരുവിടാന്‍ കല്‌പിക്കുന്നു: ``അല്ലാഹുവേ, ദുഃഖത്തില്‍നിന്നും പ്രയാസത്തില്‍നിന്നും അലസതയില്‍ നിന്നും ബലഹീനതയില്‍ നിന്നും ഞാന്‍ നിന്നോട്‌ ശരണം തേടുന്നു.''
സമയത്തെ സംബന്ധിച്ചുള്ള ബോധം ജീവിതത്തെ സംബന്ധിച്ചുള്ള ജാഗ്രതയാണ്‌.
വ്യക്തികളെ വിലയിരുത്തുമ്പോള്‍ അബ്‌ദുല്ലാഹിബ്‌നു ഉമറും സുഹൃത്തുക്കളും കഅ്‌ബയുടെ അങ്കണത്തില്‍ വിശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു വൃദ്ധന്‍ കടന്നുവന്ന്‌ ചോദിച്ചു: ``ആരാണ്‌ നിങ്ങളുടെ നേതാവ്‌? എനിക്ക്‌ ചില കാര്യങ്ങള്‍ ചോദിച്ചറിയാനുണ്ട്‌.''
കൂട്ടുകാരെല്ലാം അബ്‌ദുല്ലാഹിബ്‌നു ഉമറിനെ ചൂണ്ടിക്കാണിച്ചു. വൃദ്ധന്‍ ചോദിച്ചു:


``ഉസ്‌മാനുബ്‌നു അഫ്‌ഫാന്‍ ബദ്‌ര്‍ യുദ്ധത്തില്‍ പങ്കെടുത്തിരുന്നോ?''

മറുപടി: ``ഇല്ല''

`ഉസ്‌മാന്‍ ഉഹ്‌ദ്‌യുദ്ധത്തില്‍ പിന്തിരിഞ്ഞോടുകയുണ്ടായോ?'

``അതെ, അങ്ങനെ സംഭവിച്ചു.''

``ഉസ്‌മാന്‍ ബൈഅത്തുര്‍രിദ്വ്‌വാനില്‍ സംബന്ധിച്ച്‌ ഉടമ്പടി ചെയ്‌തോ?''

``ഇല്ല!''

ഉസ്‌മാനി(റ)നെക്കുറിച്ച്‌ മനസ്സിലുണ്ടായിരുന്ന ധാരണകളെ ബലപ്പെടുത്തുന്ന മറുപടികളാണ്‌ അബ്‌ദുല്ലാഹിബ്‌നു ഉമറില്‍ നിന്ന്‌ കിട്ടിയതെന്ന സന്തോഷത്തില്‍ തക്‌ബീര്‍ ചൊല്ലി പിരിഞ്ഞുപോകാനൊരുങ്ങിയ വൃദ്ധനെ തിരികെ വിളിച്ച്‌ ഇബ്‌നു ഉമര്‍(റ) പറഞ്ഞു: ``ഉസ്‌മാനെ കുറിച്ച്‌ അഭിപ്രായം മെനയാന്‍ വരട്ടെ, ഈ മൂന്ന്‌ സംഭവങ്ങളും ഞാന്‍ വിശദീകരിക്കാം. എന്നിട്ടു തീരുമാനിക്കൂ എന്തുവേണമെന്ന്‌.''

``ബദ്‌ര്‍ യുദ്ധവേളയില്‍ നബി(സ)യുടെ പുത്രി റുഖിയ്യ(റ) രോഗിണിയായി കിടക്കുകയായിരുന്നു. ഭര്‍ത്താവായ ഉസ്‌മാൻ (റ)നോട്‌ അവരെ ശുശ്രൂഷിച്ച്‌ മദീനയില്‍ തങ്ങാന്‍ നബി(സ) കല്‌പിച്ചതായിരുന്നു. മാത്രമല്ല, ബദ്‌ര്‍ യുദ്ധത്തില്‍ പങ്കുവഹിച്ച പ്രതിഫലവും ഗനീമത്തും നബി(സ) ഉസ്‌മാന്‌ വാഗ്‌ദാനം നല്‌കുകയും ചെയ്‌തു. ഉഹ്‌ദ്‌ യുദ്ധത്തിലാവട്ടെ അല്ലാഹു പ്രഖ്യാപിച്ച പൊതുമാപ്പില്‍ ഉസ്‌മാനും(റ) ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ്‌ നമ്മുടെ വിശ്വാസവും പ്രാര്‍ഥനയും. ബൈഅത്തുരിദ്‌വാന്‍ നടന്ന സന്ദര്‍ഭത്തില്‍ നബി(സ)യുടെ നിര്‍ദേശപ്രകാരം ഖുറൈശികള്‍ക്ക്‌ അഭിമതനായ പ്രമുഖ വ്യക്തിത്വം എന്ന നിലയ്‌ക്ക്‌ അവരുമായുള്ള ചര്‍ച്ചകള്‍ക്കും സംഭാഷണങ്ങള്‍ക്കുമായി നബി(സ) ഉസ്‌മാനെ മക്കയിലേക്ക്‌ അയച്ചതായിരുന്നു. ഉസ്‌മാന്റെ(റ) അഭാവത്തിലുണ്ടായ ഉടമ്പടി വേളയില്‍, റസൂല്‍(സ) തന്റെ വലതുകൈപ്പത്തി ഇടതു കൈപ്പത്തിക്കുമേല്‍ വെച്ച്‌ `ഇത്‌ ഉസ്‌മാന്റെ കൈയാണ്‌. ഞാനിതാ ഉസ്‌മാനുമായി ബൈഅത്ത്‌ ചെയ്യുന്നു' എന്ന്‌ പ്രഖ്യാപിച്ചിട്ടുള്ളതാണ്‌. അതിനാല്‍ ഉടമ്പടിയില്‍ പങ്കെടുത്തതിന്‌ തുല്യമായി അത്‌. ഇതാണ്‌ ഈ മൂന്ന്‌ സംഭവങ്ങളുടെയും സത്യാവസ്ഥ. ഇനി താങ്കള്‍ക്ക്‌ പോകാം.''

മറ്റുള്ളവരെ വിലയിരുത്തുമ്പോള്‍ നമ്മില്‍ കൂടുതല്‍ പേരും ഈ വൃദ്ധന്റെ സമീപനമല്ലേ പുലര്‍ത്താറുള്ളത്‌? ആരെങ്കിലും വല്ലതും പറയുന്നത്‌ കേട്ട്‌ സമൂഹം ആദരിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നവരെക്കുറിച്ച്‌ അയഥാര്‍ഥമായ മുന്‍വിചാരങ്ങള്‍ സൃഷ്‌ടിക്കപ്പെടാറുണ്ട്‌. മാത്രമല്ല, നമ്മുടെ കൂട്ടത്തിലുള്ളവരെ കുറിച്ചുതന്നെ അവര്‍ ഒരിക്കല്‍പോലും വിചാരിക്കാത്ത കാര്യങ്ങള്‍ കെട്ടിവെച്ച്‌ കഥകള്‍ മെനയാനും അത്‌ നിഷ്‌കളങ്കരായ പൊതുസമൂഹത്തിന്റെ മുമ്പില്‍ അവതരിപ്പിച്ച്‌ കൈയടി വാങ്ങാനും മിടുക്കുള്ളവര്‍ ഇന്ന്‌ കൂടുതലാണ്‌. `നിങ്ങളതിനെ നിസ്സാരമായി കാണുന്നു, എന്നാലത്‌ അല്ലാഹുവിന്റെയടുത്ത്‌ വലിയ അപരാധമാണ്‌' എന്ന്‌ സൂറത്തുന്നൂറിലെ 15ാം വചനത്തില്‍ അല്ലാഹു പറഞ്ഞത്‌ ഈ വിഷയത്തെക്കുറിച്ചാണ്‌.

മനുഷ്യര്‍ തമ്മില്‍ അകലുന്നതിന്റെയും പിണങ്ങുന്നതിന്റെയും അടിസ്ഥാന കാരണങ്ങളിലൊന്നാണിത്‌. മുന്‍വിചാരങ്ങളേതുമില്ലാതെ തെളിഞ്ഞ മനസ്സോടെ ആളുകളെ സമീപിക്കാനാണ്‌ തനിക്കിഷ്‌ടമെന്ന്‌ നബിതിരുമേനി(സ) പറയുകയുണ്ടായി.

വിശ്വാസികള്‍ പരസ്‌പരം `കണ്ണാടികള്‍' ആണെന്ന്‌ റസൂല്‍(സ) പറഞ്ഞു. കണ്ണാടി നിര്‍വഹിക്കുന്ന ധര്‍മമെന്താണ്‌? ഒരാള്‍ കണ്ണാടിക്കുമുമ്പില്‍ നില്‌ക്കുമ്പോള്‍ അയാളുടെ ദേഹത്തിലെ ചെളിയും ചെളിപ്പാടും കാണിക്കുന്നു. അയാള്‍ പോയി മറ്റൊരാള്‍ വന്നാല്‍ ആദ്യത്തെയാളുടെ ന്യൂനതകളേതും രണ്ടാമനെ കണ്ണാടി അറിയിക്കുന്നില്ല. ഈ സല്‍ഗുണം വിശ്വാസികളും അനുവര്‍ത്തിക്കണമെന്നാണ്‌ ഈ ഉപമയുടെ താല്‌പര്യം.

2 comments:

Malayali Peringode said...

നമ്മോട്‌ ചോദിക്കാതെ സൂര്യന്‍ ഉദിക്കുന്നു, ചന്ദ്രന്‍ വന്നുപോകുന്നു, കാലം അതിവേഗം മുന്നോട്ടുനീങ്ങുന്നു. ആയുസ്സ്‌ കുറയുകയും വയസ്സ്‌ വര്‍ധിക്കുകയും ചെയ്യുന്നു. സമയരേണുക്കളുടെ നിശ്ശബ്‌ദ പ്രയാണത്തില്‍ നാം നിസ്സഹായരാവുന്നു. അവസാനം മനുഷ്യന്‍ വിലപിക്കും, `ഹൊ! എത്ര വേഗമാണ്‌ കാലം കടന്നുപോയത്‌!'

Unknown said...

തര്‍ബിയയുടെ ഈ പേജ് ആകെ ഇരുണ്ടിരിക്കുന്നു.....backgound കളര്‍ ഇളം കളര്‍ ആക്കുന്നതാണ് നല്ലത് .

 

തർബിയ

അശുദ്ധിയില്ലാത്ത മനസ്സും അഴകുള്ള ജീവിതവും കൈവരുമ്പോൾ മാത്രമേ ഒരാളുടെ ഇസ്‌ലാമിക വ്യക്തിത്വം അർഥപൂർണമാവൂ. വിശുദ്ധ ഖുർ‌ആനും തിരുനബി(സ)യുടെ സാരോപദേശങ്ങളും ഈ വഴിക്കാണ് നമ്മെ നയിക്കുന്നത്. വ്യക്തി എന്ന നിലയിലും കുടുംബ-സാമൂഹിക മേഖലകളിലെ അംഗമെന്ന നിലയിലും പാലിക്കേണ്ട നിർദേശ തത്വങ്ങളുടെ സംഗ്രഹമാണ് ഇസ്‌ലാം. ആദർശ നിഷ്‌ഠയും ആത്മശുദ്ധിയുമുള്ള ഒരു സമൂഹത്തെയാണ് ഇസ്‌ലാം വളർത്തിയെടുക്കുന്നത്. നിലവിലുള്ളതിൽ നിന്ന് കൂടുതൽ മികച്ച മറ്റൊരവസ്ഥയിലേക്ക് എത്തിക്കുക എന്ന പ്രക്രിയയാണ് അത്. പ്രവാചക തിരുമേനി(സ)യുടെ നിയോഗ ലക്ഷ്യമായ ‘തസ്‌കിയത്തി’ന് ഇങ്ങനെയൊരർഥം കൂടിയുണ്ട്. ഇസ്‌ലാമിക പ്രമാണങ്ങളെയും ചരിത്ര പാഠങ്ങളെയും മുൻ‌നിർത്തി ആത്മശുദ്ധീകരണപ്രധാനമായ ആലോചനകളാണ് ഈ ബ്ലോഗിലുള്ള കുറിപ്പുകൾ.

ഇസ്‌ലാം
ജീവിത ശുദ്ധീകരണത്തിന്റെ പുതുമഴയാണ്.
വ്യക്തിത്വത്തിന് ചന്തമുള്ള വഴിയാണ്.
വിശ്വാസിയെ അത് ശാന്തനും പോരാളിയുമാക്കുന്നു.
ഉള്ളും പുറവും സ്‌ഫടിക സുന്ദരമാക്കുന്നു.
സദ്‌ഗുണങ്ങളിലൂടെ സംസ്കാര സമ്പന്നമാക്കുന്നു.

സ്വസ്ഥമായിരുന്ന് സ്വന്തത്തെക്കുറിച്ചാലോചിക്കാൻ ഇതാ അല്പം ചിന്തകൾ.....

Usage Policies