ഇങ്ങനെയൊരു കഥയുണ്ട്: രക്തദാഹിയായ വേട്ടനായ തടിച്ചുകൊഴുത്ത കലമാനിന്റെ പിറകെ ഓടുകയാണ്. അപ്പോള്‍ അതുവഴി ഒരു കുറുക്കന്‍ ഓടിപ്പോകുന്നത് കണ്ടു. വേട്ടനായ അന്നേരം കുറുക്കന്റെ പിന്നാലെ ഓടാന്‍ തുടങ്ങി. കൗശലക്കാരനായ കുറുക്കന്‍ വളഞ്ഞ വഴിയില്‍ കൂടി ഓടിത്തുടങ്ങി. ഓടുന്നതിനിടയിലതാ, സുന്ദരനായ ഒരു മുയല്‍ ഓടിപ്പോകുന്നു! വേട്ടനായ മുയലിന്റെ പിറകെ ഓടിത്തുടങ്ങി; നിരാശയായിരുന്നു ഫലം. അപ്പോഴതാ, നല്ലൊരു എലി ഓടിപ്പോകുന്നു! അതോടെ നായയുടെ ലക്ഷ്യം എലിയെപ്പിടിക്കലായി. എലി ഓടിച്ചെന്ന് മാളത്തില്‍ കയറി. വേട്ടനായ മാളത്തിനു മുന്നില്‍ മുരണ്ട് കുത്തിയിരിക്കാന്‍ തുടങ്ങി. പാവം! കലമാനിനെ പിന്തുടര്‍ന്ന വേട്ടനായക്ക് അവസാനം ഗതിയില്ലാതെ എലിമാളത്തിനു മുന്നില്‍ കുത്തിയിരിക്കേണ്ട അവസ്ഥയായി!
നോക്കൂ, കൗതുകം തോന്നിയതിന്റെയെല്ലാം പിറകെ ഓടിത്തുടങ്ങിയതാണ് വേട്ടനായ ചെയ്‌ത അവിവേകം. ഈ അവിവേകം നമ്മില്‍ പലരുടേതുമാണ്. മനസ്സിനെ കടുത്ത ശിക്ഷണത്തിനു വിധേയമാക്കേണ്ടവരാണ് നാം. അവിവേകങ്ങളിലേക്ക് വഴുതാതെ, ഓരോ നിമിഷവും മനോനിയന്ത്രണം ആവശ്യമുള്ളവര്‍. രസകരമെന്നു തോന്നുന്നതിന്റെയെല്ലാം പിന്നാലെ പായാനുള്ള ആഗ്രഹമാണ് മനസ്സിനുള്ളത്. നന്മയെക്കാള്‍ തിന്മയിലേക്കാണ് അതിന്റെ ചായ്‌വ്. തിന്മ ചെയ്യാന്‍ നിരന്തരം പ്രേരിപ്പിക്കുന്നതാണ് മനസ്സെന്ന് വിശുദ്ധ ഖുര്‍ആന്‍ (12:53) പറയുന്നുണ്ടല്ലോ. മനസ്സിന്റെ ഈ ആകര്‍ഷണ സ്വഭാവം നാശത്തിലെത്തിക്കുന്നത് നമ്മെയാണ്. ഉറച്ച ഭക്തികൊണ്ടും സൂക്ഷ്‌മമായ ജീവിതചര്യകള്‍ കൊണ്ടും മാത്രമേ രക്ഷപ്പെടാന്‍ സാധിക്കൂ. ``മനസ്സ് കൈക്കുഞ്ഞിനെപ്പോലെയാണ്. അശ്രദ്ധമായി വിട്ടാല്‍ യുവാവായാലും അത് മുലകുടി മാറ്റില്ല. മുലകുടി നിര്‍ത്തിച്ചാലോ, അത് നിര്‍ത്തിയതു തന്നെ!'' എന്നൊരു കവിവാക്യമുണ്ട്.
ശീലങ്ങളിലേക്കാണ് മനസ്സ് നമ്മെ നയിക്കുന്നത്. മാറ്റാനാവാത്ത പതിവായി അവ നമ്മെ ദുരന്തത്തിലെത്തിക്കും. ദുശ്ശീലങ്ങളിലേക്ക് ആകര്‍ഷിക്കുന്ന മനസ്സിനെ, നല്ല ശീലങ്ങളില്‍ ഉറപ്പിക്കണമെങ്കില്‍ ഉന്നതമായ സത്യവിശ്വാസം കൈവരണം. വ്യഭിചാരം ശീലമാക്കിയിരുന്ന യുവാവിനെ അതില്‍ നിന്ന് പിന്മാറ്റുന്ന റസൂലി(സ)ന്റെ രീതി നോക്കൂ:
``ഈ പ്രവൃത്തി നിന്റെ മാതാവിന്റെ കാര്യത്തില്‍ നീ ഇഷ്‌ടപ്പെടുമോ?''
``റസൂലേ, ആരുമത് ഇഷ്‌ടപ്പെടില്ല.''
``നിന്റെ മകളുടെ കാര്യത്തിലോ?''
``റസൂലേ, അതാരും ഇഷ്‌ടപ്പെടില്ല.''
``നിന്റെ സഹോദരിയുടെ കാര്യത്തിലോ?''
``ആരുമത് ഇഷ്‌ടപ്പെടില്ല, റസൂലേ''
``പിതൃസഹോദരിയാണെങ്കിലോ?''
``അതും അത് ഇഷ്‌ടപ്പെടില്ല.''
``മാതൃസഹോദരിയാണെങ്കിലോ?''
``അല്ലാഹുവാണ സത്യം, ആരുമത് ഇഷ്‌ടപ്പെടില്ല.''
ഇത്രയുമായപ്പോള്‍ ആ യുവാവിന്റെ ശിരസ്സില്‍ കൈവെച്ച് റസൂല്‍ പ്രാര്‍ഥിച്ചതിങ്ങനെ: ``അല്ലാഹുവേ, ഈ യുവാവിന്റെ തെറ്റുകള്‍ നീ പൊറുത്തു കൊടുക്കണമേ! ഇവന്റെ മനസ്സ് നീ ശുദ്ധീകരിക്കണമേ. രഹസ്യഭാഗങ്ങളുടെ വിശുദ്ധി നീ കാത്തു സൂക്ഷിക്കണമേ'' (ഇബ്‌നു കസീര്‍ 3:38). തിരുനബി(സ) ചോദിച്ച ചോദ്യങ്ങള്‍ അയാള്‍ സ്വയം ചോദിക്കേണ്ടതായിരുന്നു. ആകര്‍ഷകമായി തോന്നുന്ന ഓരോ തിന്മയുടെ കാര്യത്തിലും നമ്മുടെ നിലപാട് ഇതായിരിക്കണം.
``എത്ര ശ്രമിച്ചിട്ടും എനിക്കത് നിര്‍ത്താന്‍ കഴിയുന്നില്ല'' എന്ന് സങ്കടത്തോടെ പലതിനെക്കുറിച്ചും പറയുന്നവരുണ്ട്. പത്തുനേരം കള്ളു കുടിച്ചിരുന്നവര്‍ അഞ്ചുനേരം നമസ്‌കരിക്കുന്നതായി മാറിയ ചരിത്രമറിയുന്ന നമ്മള്‍ ഇങ്ങനെ പറയുന്നതിന്റെ അര്‍ഥമെന്താണ്?
``അതിനെ സംസ്‌കരിച്ചവര്‍ വിജയിച്ചു'' (91:6) എന്നാണ് മനസ്സിനെക്കുറിച്ച് അല്ലാഹു ഉണര്‍ത്തുന്നത്. സംസ്‌കരണം കറ കളയലാണ്. അഴുക്കുകളില്‍ നിന്നെല്ലാമുള്ള ശുദ്ധീകരണം! സ്വര്‍ഗാവകാശികളുടെ സദ്‌ഗുണങ്ങള്‍ വിശദീകരിക്കുമ്പോള്‍ അല്ലാഹു പറയുന്നു: ``ചെയ്‌തുപോയ ദുഷ്‌പ്രവൃത്തിയില്‍ അറിഞ്ഞുകൊണ്ട് ഉറച്ചുനില്‌ക്കാത്തവരുമാകുന്നു അവര്‍'' (3:135). ദുഷ്‌പ്രവൃത്തികളില്‍ ഉറച്ചുനില്‌ക്കലാണ് ദുശ്ശീലം. ദുശ്ശീലങ്ങളില്‍ നിന്നകലുന്നതും സുശീലങ്ങള്‍ തുടരുന്നതും അല്ലാഹു എന്ന ഓര്‍മയാല്‍ ആകണമെന്നാണ് ആയത്തിന്റെ ആശയം.
ഗോവര്‍ധന്റെ യാത്രകള്‍ എന്ന നോവലില്‍ രണ്ടു അടിമകളുടെ കഥ പറയുന്നുണ്ട്. യജമാനന്‍ അവരെ മോചിപ്പിച്ചപ്പോള്‍ അവര്‍ക്ക് ജീവിക്കാന്‍ കഴിയുന്നില്ല. അടിമകളായേ അവര്‍ ജീവിച്ചിട്ടുള്ളൂ. അതാണവരുടെ ശീലം. ഒടുവില്‍ വീണ്ടും അടിമകളായിത്തീര്‍ന്നു! ശീലങ്ങള്‍ക്ക് അടിമകളാകുന്നവര്‍ക്ക് അവ അനിവാര്യമായിത്തീരുകയാണ്. ഒരു തിന്മ ആദ്യമായി ചെയ്യുമ്പോള്‍ വലിയ കുറ്റബോധമുണ്ടാകുന്നു. അതേ തിന്മ ആവര്‍ത്തിക്കുമ്പോള്‍ കുറ്റബോധം കുറഞ്ഞുവരുന്നു. `കുറ്റപ്പെടുത്തുന്ന മനസ്സി'നെപ്പറ്റി ഖുര്‍ആന്‍ പറയുന്നുണ്ടല്ലോ (75:2). കുറ്റബോധമില്ലാതാവുമ്പോള്‍ പാപങ്ങള്‍ പെരുകും. തിരുനബി(സ) പറഞ്ഞതുപോലെ, ഹൃദയത്തില്‍ കറുത്ത അടയാളങ്ങള്‍ കനം വെക്കും!
വലിയ തോട്ടങ്ങള്‍ നശിപ്പിക്കുന്നത് വലിയ മൃഗങ്ങളല്ല. ചെറിയ കുറുനരികളാണ്. വമ്പന്‍ വീടുകളെപ്പോലും കേടുവരുത്താന്‍ ഇത്തിരിപ്പോന്ന ചിതലുകള്‍ക്ക് കഴിയും. സൂക്ഷിക്കുക, നമ്മുടെ ഈമാനിനെ നശിപ്പിക്കുന്നത് നാം അവഗണിച്ചുതള്ളുന്ന ചെറിയ ചെറിയ ദുശ്ശീലങ്ങളായിരിക്കും. അല്ലേ, ഓര്‍ത്തുനോക്കൂ!
0 comments:
Post a Comment