this site the web

tharbiya.blogspot.com

image
image
image
image
image

സത്യപ്രബോധകന്റെ ഉപമ

അബൂമിഖ്‌ദാദ്‌    

അബൂമൂസല്‍ അശ്‌അരി(റ) പറയുന്നു: നബി(സ) പറഞ്ഞു: ``നിങ്ങളെ ആക്രമിക്കാന്‍ വരുന്ന സേനയെ ഞാന്‍ കണ്ടിരിക്കുന്നുവെന്ന്‌ ഒരാള്‍ തന്റെ ജനതയ്‌ക്ക്‌ മുന്നറിയിപ്പ്‌ നല്‌കി. നിങ്ങള്‍ രക്ഷപ്പെട്ടുകൊള്‍ക; അയാള്‍ ജനങ്ങളെ വിളിച്ചറിയിച്ചു. അയാളുടെ ജനതയില്‍ നിന്നൊരു വിഭാഗം അയാളെ അനുസരിക്കുകയും അന്നു രാത്രി തന്നെ സ്ഥലം വിടുകയും ചെയ്‌തു. അവര്‍ക്ക്‌ രക്ഷപ്പെടാന്‍ വേണ്ടത്ര സാവകാശം ലഭിക്കുകയും ചെയ്‌തു. വേറൊരു വിഭാഗം ജനങ്ങള്‍ മുന്നറിയിപ്പുകാരനെ അവിശ്വസിക്കുകയും അവിടെ തന്നെ തങ്ങുകയും ചെയ്‌തു. പ്രഭാതത്തില്‍ അവരെ സേന ആക്രമിക്കുകയും അവരൊന്നടങ്കം നശിക്കുകയും ചെയ്‌തു. എന്നെ അനുസരിക്കുകയും ഞാന്‍ കൊണ്ടുവന്നതിനെ പിന്തുടരുകയും ചെയ്‌തവന്റെയും, എന്നെയും ഞാന്‍ കൊണ്ടുവന്നതിനെയും നിഷേധിച്ചവന്റെയും ഉപമ ഇതുപോലെയാണ്‌.'' (ബുഖാരി, മുസ്‌ലിം)

ലോകം മുഴുവന്‍ നാശത്തിന്റെ പടുകുഴിയിലേക്ക്‌ ആപതിച്ചുകൊണ്ടിരുന്ന കാലത്താണ്‌ നബി(സ)യെ വിശുദ്ധ ഖുര്‍ആനുമായി അല്ലാഹു നിയോഗിച്ചത്‌. ആത്മീയവും ഭൗതികവുമായ നാശങ്ങളില്‍ നിന്ന്‌ മനുഷ്യനെ കരകയറ്റാനും ഭൗതിക-പാരത്രിക ജീവിതങ്ങളില്‍ സൗഭാഗ്യം കൈവരിക്കാനുള്ള വീഥിയിലേക്ക്‌ അവനെ നയിക്കാനുമാണ്‌ പ്രവാചകന്‍ പരിശ്രമിച്ചത്‌. തന്റെ ജനതയെ ആക്രമിക്കാന്‍ വരുന്ന സൈന്യത്തില്‍ നിന്ന്‌ രക്ഷപ്പെടാന്‍ അവരെ ഉപദേശിക്കുന്ന മുന്നറിയിപ്പുകാരനോടാണ്‌ നബി(സ) തന്നെ ഉപമിച്ചത്‌. തന്റെ ജനതയെ നാശത്തില്‍ നിന്ന്‌ രക്ഷിക്കാന്‍ ആത്മാര്‍ഥമായി ആഗ്രഹിച്ച അയാളെ ഒരു വിഭാഗം മനസ്സിലാക്കുകയും അവര്‍ രക്ഷ പ്രാപിക്കുകയും ചെയ്‌തു. ഇയാള്‍ തങ്ങള്‍ക്ക്‌ മുന്നറിയിപ്പ്‌ നല്‌കുന്നത്‌ തങ്ങളുടെ നന്മക്ക്‌ വേണ്ടിയാണെന്ന്‌ മറ്റൊരു വിഭാഗം മനസ്സിലാക്കിയില്ല. അവര്‍ മുന്നറിയിപ്പുകാരനെ അവഗണിക്കുകയും അയാളെ നിഷേധിക്കുകയും ചെയ്‌തു. ഫലമോ അവരെ ശത്രു സൈന്യം അക്രമിച്ച്‌ നശിപ്പിച്ചു.

നബി(സ)യുടെ ഉപമ ആത്മാര്‍ഥതയുള്ള മുന്നറിയിപ്പുകാരന്റേതാണ്‌. മുന്നറിയിപ്പുകാരന്‌ യാതൊരു സ്വാര്‍ഥതയും ഉണ്ടായിരുന്നില്ല. ജനതയുടെ രക്ഷയോര്‍ത്താണ്‌ ശത്രുസേനയെ കണ്ടമാത്രയില്‍ ഓടിക്കിതച്ചുകൊണ്ടാണയാള്‍ തന്റെ ജനങ്ങളുടെ സമീപമെത്തിയത്‌. പക്ഷേ എന്തുചെയ്യാം? ഒരു വിഭാഗം അദ്ദേഹത്തിന്റെ മുന്നറിയിപ്പ്‌ തള്ളിക്കളയുകയും തത്‌ഫലമായി നശിക്കുകയും ചെയ്‌തു. ദൈവികാജ്ഞകളില്‍ നിന്ന്‌ പിന്തിരിയുകയും യഥേഷ്‌ടം വിഹരിക്കുകയും ചെയ്യുന്നവര്‍ക്ക്‌ വരാനുള്ള തീരാനഷ്‌ടത്തെ സംബന്ധിച്ചും നരകശിക്ഷയെക്കുറിച്ചും നബി(സ) മുന്നറിയിപ്പ്‌ നല്‌കി. മനുഷ്യരിലെ ചിലരത്‌ സ്വീകരിച്ചുവെങ്കിലും മറ്റു പലരും അത്‌ തിരസ്‌ക്കരിക്കുകയാണ്‌ ചെയ്‌തത്‌. തത്‌ഫലമായി അവര്‍ സ്വയം നാശത്തിന്റെ പടുകുഴിയാണ്‌ തോണ്ടിയത്‌ എന്നു സാരം.

മറ്റൊരിക്കല്‍ പ്രവാചകന്‍ തന്റെയും പ്രബോധിതരുടെയും അവസ്ഥയെ മറ്റൊരു ഉപമയിലൂടെ വിശദീകരിച്ചത്‌ ഇപ്രകാരമാണ്‌: ``ഒരാള്‍ തീ കത്തിച്ചു. ചുറ്റുഭാഗത്തേക്കും അതിന്റെ പ്രകാശം പ്രസരിച്ചപ്പോള്‍ ധാരാളം പാറ്റകളും തീ കണ്ടാല്‍ അണയുന്ന കീടങ്ങളും ജീവികളും അവിടേക്ക്‌ പാറിവന്നു. അവ തീയില്‍ വീണു നശിച്ചുകൊണ്ടിരുന്നു. (ഇത്‌ കണ്ട്‌ ദുഃഖിച്ച) അയാള്‍ തീയില്‍ നിന്ന്‌ പ്രാണികളെ തടയാന്‍ ശ്രമിച്ചു. അവയാകട്ടെ അയാളുടെ മുകളിലൂടെ തീയില്‍ വീണുകൊണ്ടിരുന്നു. അതാണ്‌ എന്റെയും നിങ്ങളുടെയും ഉപമ. ഞാന്‍ നിങ്ങളെ നരകശിക്ഷയില്‍ നിന്ന്‌ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നു. നരകത്തില്‍ നിന്ന്‌ വിട്ടുനില്‌ക്കൂ, വിട്ടുനില്‌ക്കൂ എന്ന്‌ ഞാന്‍ നിങ്ങളെ ആഹ്വാനം ചെയ്യുന്നു. നിങ്ങളാകട്ടെ എന്നെ മറികടന്ന്‌ അതില്‍ ചെന്നു പതിക്കുകയും ചെയ്യുന്നു.'' (ബുഖാരി, മുസ്‌ലിം).

തന്റെ സഹജീവികള്‍ നാശത്തില്‍ പതിക്കുന്നതില്‍ നബി(സ)ക്കുണ്ടായിരുന്ന മനോവിഷമവും അവരുടെ ഐഹിക-പാരത്രിക വിജയത്തില്‍ അദ്ദേഹത്തിനുണ്ടായിരുന്ന അഭിവാഞ്‌ഛയും ഉപരിസൂചിത ഉപമകള്‍ അനാവരണം ചെയ്യുന്നു. ``അവര്‍ ഈ വൃത്താന്തത്തില്‍ വിശ്വസിക്കാത്തതു നിമിത്തമായുള്ള ദുഃഖത്താല്‍ താങ്കള്‍ അവരുടെ പിറകെ സ്വയം ജീവന്‍ അപകടപ്പെടുത്തിയേക്കാം'' (വി.ഖു.18:6) എന്ന വചനം ഇത്തരുണത്തില്‍ സ്‌മരണീയമാണ്‌.

നന്മ കല്‌പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്‌തുകൊണ്ട്‌ മനുഷ്യരെ ഐഹിക-പാരത്രിക സൗഭാഗ്യങ്ങളിലേക്ക്‌ വഴി നടത്തുന്നവനാണ്‌ പ്രബോധകന്‍. ജനങ്ങളുടെ നന്മയും വിജയവുമാണ്‌ അയാള്‍ ലക്ഷ്യമാക്കേണ്ടത്‌. അതിനാല്‍ രോഗിയെ പരിചരിക്കുന്ന ഭിഷഗ്വരനെപ്പോലെ അയാള്‍ പ്രബോധിതരോട്‌ ദീനാനുകമ്പയും സ്‌നേഹവും പ്രകടിപ്പിക്കുകയും അവരുടെ മോക്ഷത്തിനായി യത്‌നിക്കുകയും ചെയ്യേണ്ടതാണ്‌ എന്നെല്ലാം ഈ നബിവചനം നമ്മെ പഠിപ്പിക്കുന്നു.

ഈ നബിവചനം മറ്റൊരു കാര്യം കൂടി ഉണര്‍ത്തുന്നുണ്ട്‌: ജനങ്ങളുടെ മോക്ഷത്തില്‍ അതീവ തത്‌പരനായിരുന്ന നബി(സ)യുടെ സന്ദേശത്തെപ്പോലും തിരസ്‌കരിച്ച ഒരു പറ്റം മനുഷ്യര്‍ ഉണ്ടായിരുന്നു. അതിനാല്‍ പ്രബോധകന്‍ എത്ര തന്നെ പരിശ്രമിച്ചാലും സത്യം പുല്‍കുവാന്‍ തയ്യാറാവാത്ത ഇരുട്ടിന്റെ വക്താക്കള്‍ എവിടെയും ഉണ്ടായേക്കാവുന്നതാണ്‌. അവരുടെ സത്യനിഷേധം പ്രബോധകനെ ഒരിക്കലും നിരാശപ്പെടുത്തുകയോ വ്യാകുലനാക്കുകയോ ചെയ്യേണ്ടതില്ല.

മുരടിക്കുന്നവരോ പടരുന്നവരോ

അബ്‌ദുല്‍വദൂദ്‌                    

ബോണ്‍സായി വൃക്ഷങ്ങളെ ശ്രദ്ധിച്ചിട്ടുണ്ടോ? സ്വീകരണമുറിയില്‍ അലങ്കാര വസ്‌തുക്കളായി സൂക്ഷിക്കുന്ന ഇത്തരം വൃക്ഷങ്ങള്‍ അത്ഭുതകരമാണ്‌. മാവ്‌, പ്ലാവ്‌, ആല്‍മരം തുടങ്ങിയ ഏത്‌ വൃക്ഷമായാലും അതിന്റെ വളര്‍ച്ച പതിനഞ്ചോ പതിനെട്ടോ ഇഞ്ച്‌ മാത്രമായി പരിമിതപ്പെടുത്തി ഒരു ചട്ടിയില്‍ വളര്‍ത്തുന്നു. ചെറിയ വലുപ്പത്തില്‍ കുറിയ വൃക്ഷങ്ങളായി നില്‍ക്കുന്ന കാഴ്‌ച കൗതുകമുണര്‍ത്തുന്നതാണ്‌. വൃക്ഷത്തൈകളെപ്പോലെ തോന്നിക്കുന്ന ഇവ നിരവധി പ്രായമുള്ള മരങ്ങളാണ്‌. വൃക്ഷങ്ങളിലെ കുള്ളന്മാര്‍!

എങ്ങനെയാണ്‌ ഇവയുടെ വളര്‍ച്ച മുരടിക്കുന്നത്‌? ഏത്‌ വൃക്ഷത്തിന്റേതായാലും ഇളംതൈ ആയിരിക്കുമ്പോള്‍ പറിച്ചെടുത്ത്‌ തായ്‌വേരും പറ്റുവേരുകളും വെട്ടിമുറിക്കുന്നു. അതോടെ അതിന്റെ വളര്‍ച്ച നിയന്ത്രിക്കപ്പെടുന്നു!
ഭീമാകാരമായി വളര്‍ന്നു പന്തലിക്കുന്ന മരങ്ങളും ലോകത്തുണ്ട്‌. സെക്കോഇയാ വൃക്ഷങ്ങള്‍ 80 അടി ചുറ്റളവിലും 300 അടി ഉയരത്തിലും ഉയര്‍ന്നു പന്തലിക്കുന്ന വൃക്ഷമാണ്‌. അത്‌ മുറിച്ചെടുത്താല്‍ മുപ്പത്തഞ്ച്‌ മുറികള്‍ വീതമുള്ള പല വീടുകള്‍ക്ക്‌ ഫര്‍ണിച്ചറുകള്‍ പണിയാം. നോക്കൂ, ഈ വൃക്ഷത്തിന്റെയും തുടക്കം ബോണ്‍സായി വൃക്ഷത്തിന്റെ പോലെ ഒരു ചെറിയ വിത്തില്‍ നിന്നാണ്‌. പക്ഷേ, വളര്‍ച്ച മുരടിക്കാതെ സെക്കോഇയാ ആകാശത്തേക്ക്‌ ഉയര്‍ന്നുപടര്‍ന്നു!

വൃക്ഷങ്ങളെപ്പോലെയാണ്‌ വ്യക്തികളും. മുരടിക്കുന്നവരും പടരുന്നവരുമുണ്ട്‌. അവനവന്റെ ചെറിയ ചുറ്റളവില്‍ നിന്ന്‌ അന്യരുടെ ഹൃദയങ്ങളിലേക്ക്‌ പടരേണ്ടവരാണ്‌ സത്യവിശ്വാസികള്‍. സ്വാര്‍ഥതയുടെ അഴുക്ക്‌ കലരാതെ, ഒഴുകിക്കൊണ്ടേയിരിക്കേണ്ട തളിര്‍ജലമാണവര്‍. കെട്ടി നിന്നാല്‍ വെള്ളം ദുഷിക്കും. പരന്നൊഴുകുമ്പോഴാണ്‌ ശുദ്ധമാവുക!

അബൂമൂസല്‍ അശ്‌അരിയില്‍ നിന്ന്‌ ഉദ്ധരിക്കുന്ന ഒരു തിരുവചനമുണ്ട്‌. തിരുനബി ഇങ്ങനെ പറഞ്ഞു: ദാനം ചെയ്യല്‍ ഓരോ മുസ്‌ലിമിനും നിര്‍ബന്ധമാണ്‌. അശ്‌അരിയുടെ ചോദ്യം: ഒരാളുടെ കൈയില്‍ പണമില്ലെങ്കിലോ? തിരുനബി: അവന്‍ അധ്വാനിച്ച്‌ പണമുണ്ടാക്കുകയും സ്വയം ഉപയോഗിക്കുകയും ദരിദ്രര്‍ക്ക്‌ നല്‌കുകയും ചെയ്യട്ടെ. അതിനും കഴിയില്ലെങ്കിലോ? വിഷമാവസ്ഥയില്‍ കഴിയുന്ന ഏതെങ്കിലും പാവപ്പെട്ടവനെ സഹായിക്കട്ടെ. അതിനും കഴിഞ്ഞില്ലെങ്കിലോ? എങ്കില്‍ ജനങ്ങളോട്‌ നല്ലത്‌ പറയട്ടെ. അതിനും കഴിഞ്ഞില്ലെങ്കിലോ? എങ്കില്‍ ഇത്ര മതി, ആര്‍ക്കും ഉപദ്രവം ചെയ്യാതിരിക്കുക!

ആര്‍ക്കൊക്കെ എന്തെല്ലാം പരിമിതികളുണ്ടെങ്കിലും അടങ്ങിയിരിക്കാന്‍ അനുവദിക്കാതിരിക്കുകയാണ്‌ തിരുനബി ചെയ്യുന്നത്‌. ഉള്ളതുകൊണ്ട്‌ അന്യരിലേക്ക്‌ ഇറങ്ങിയേ മതിയാവൂ. സ്വന്തത്തിന്റെയും കുടുംബത്തിന്റെയും സുഖ സൗകര്യങ്ങളെപ്പറ്റി വേവലാതിപ്പെടാതെ, നമ്മുടെ വിജയത്തെക്കുറിച്ച്‌ വേവലാതിപ്പെടുക. വിജയം വരിക്കണമെങ്കില്‍ മറ്റുള്ളവരിലേക്ക്‌ ഇറങ്ങിയേ പറ്റൂ. സഹായങ്ങളുടെ വശങ്ങള്‍ വിശാലമാണ്‌. തിരുനബി ഇത്രവരെ പറഞ്ഞു: രണ്ടു പേര്‍ക്കിടയില്‍ നീതി കാണിക്കുന്നത്‌ പുണ്യമാണ്‌. നിങ്ങളുടെ വാഹനത്തില്‍ ഒരാളെ കയറ്റുകയോ അയാളുടെ ചുമട്‌ കയറ്റുകയോ ചെയ്യുന്നതും പുണ്യമാണ്‌. നല്ല വാക്ക്‌ പുണ്യമാണ്‌. നമസ്‌കാരത്തിന്നായുള്ള ഓരോ ചുവടും പുണ്യമാണ്‌. വഴിയില്‍ നിന്ന്‌ ഉപദ്രവങ്ങള്‍ നീക്കുന്നതും പുണ്യമാണ്‌.

``പില്‍ക്കാലക്കാര്‍ക്കിടയില്‍ എനിക്ക്‌ നീ സല്‍കീര്‍ത്തി ഉണ്ടാക്കേണമേ'' എന്ന്‌ ഇബ്‌റാഹീം നബി പ്രാര്‍ഥിക്കുന്നുണ്ട്‌. (വി. ഖു 26:84). സല്‍കീര്‍ത്തിയുടെ അടിസ്ഥാനം സല്‍വൃത്തികളാണ്‌. എത്ര ആയുഷ്‌കാലം ഇവിടെ കഴിഞ്ഞു എന്നതല്ല, ഉള്ള കാലം എന്തുചെയ്‌തു എന്നതാണ്‌ കാര്യം. ജീവിതമെന്ന ചെറിയ പ്രതിഭാസത്തെ വലിയ പ്രതിഭാസമാക്കുന്നത്‌ യഥാര്‍ഥത്തില്‍ സല്‍കര്‍മങ്ങളാണ്‌. കാലഭേദങ്ങളില്ലാതെ കായ്‌കനികള്‍ നല്‌കുന്ന നല്ലൊരു മരംപോലെയാണ്‌ നല്ല വചനത്തിന്റെ ഉപമ. (14:24,25).

നല്ല വചനം ഉള്‍ക്കൊണ്ടവനും ഇങ്ങനെയാകേണ്ടതാണ്‌. എപ്പോഴും എല്ലാവര്‍ക്കും വേണ്ടപ്പെട്ടവര്‍! വരാനിരിക്കുന്നത്‌ ജൂണ്‍ മാസമാണ്‌. സഹായങ്ങള്‍ പെരുകേണ്ട കാലം. ഓര്‍മയില്‍ ഇതൊക്കെ ഉണ്ടാകട്ടെ.
തീരത്തേക്ക്‌ അടിച്ചുവരുന്ന തിരമാലകളില്‍ പെട്ട്‌ കടല്‍ക്കരയില്‍ വന്നടിയുന്ന ചെറിയ മത്സ്യങ്ങളുണ്ട്‌. വെയിലേറ്റാല്‍ അവ ചൂടേറ്റ്‌ ചത്തുപോവും. പ്രഭാതസവാരിക്കിറങ്ങുന്ന ഒരാള്‍ സ്ഥിരമായി ഇവയെ കടലിലേക്കെറിഞ്ഞ്‌ രക്ഷപ്പെടുത്തുന്നു. ഇത്‌ കാണുന്ന ഒരാള്‍ ചോദിച്ചു: സുഹൃത്തേ എന്താണ്‌ നിങ്ങള്‍ ചെയ്യുന്നത്‌? നൂറുകണക്കിന്‌ മത്സ്യങ്ങളുണ്ട്‌ ഈ കടല്‍ക്കരയില്‍. ഇവയില്‍ എത്രയെണ്ണത്തെ നിങ്ങള്‍ക്ക്‌ രക്ഷിക്കാനാവും? എന്തു വ്യത്യാസം വരുത്താന്‍ കഴിയും? അയാള്‍ ഉത്തരമൊന്നും പറഞ്ഞില്ല. തന്റെ മുന്നില്‍ കണ്ട ഒരു മത്സ്യത്തെക്കൂടി കുനിഞ്ഞെടുത്ത്‌ കടലിലേക്കെറിഞ്ഞ്‌ ഇത്രമാത്രം പറഞ്ഞു: ഈയൊരു മത്സ്യത്തിനെങ്കിലും വലിയ വ്യത്യാസം വരുമല്ലോ!''

ഈ മനോഭാവമാണ്‌ നമ്മിലും വളരേണ്ടത്‌. വലിയ പ്രവര്‍ത്തനങ്ങള്‍ എന്നതിനെക്കാള്‍ മഹത്തരമായ പ്രവര്‍ത്തനങ്ങളാണ്‌ നമ്മിലുണ്ടാവേണ്ടത്‌. തിരുനബി ഉണര്‍ത്തുന്നു: ഒരു നന്മയെയും നീ നിസ്സാരമായി കാണരുത്‌. പുഞ്ചിരിയാല്‍ നിന്റെ സഹോദരനെ അഭിമുഖീകരിക്കുന്നതും പുണ്യമാണ്‌. നിന്റെ തൊപ്പിയിലെ വെള്ളം സഹോദരന്റെ പാത്രത്തില്‍ ഒഴിച്ചുകൊടുക്കുന്നതും പുണ്യമാണ്‌.
വളര്‍ച്ച മുരടിച്ച്‌ കുനിഞ്ഞുപോകാതെ, ചെറുതും വലുതുമായ നല്ല കര്‍മങ്ങളിലൂടെ വളര്‍ന്നു പന്തലിച്ച്‌ സകലരിലേക്കുമെത്തുക. നല്ല മരം എങ്ങോട്ടും നീങ്ങുന്നില്ല. അതിനെത്തേടി എല്ലാവരും ഇങ്ങോട്ടെത്തുന്നു. നാം കുറച്ചുകാലം ഇവിടെ ജീവിച്ചിരുന്നു എന്നതിനുള്ള തെളിവാണ്‌ നമ്മുടെ പ്രവര്‍ത്തികള്‍. നാളേക്കുള്ളതും മറ്റെന്താണ്‌?

കളിമണ്‍ പാത്രങ്ങള്‍ കത്തിനശിക്കാറില്ല!

അബ്‌ദുല്‍വദൂദ്‌       

തീപിടുത്തത്തില്‍ വീടും വീട്ടുപകരണങ്ങളുമെല്ലാം വെന്തെരിഞ്ഞാലും നിസ്സാരമായ കളിമണ്‍ പാത്രങ്ങള്‍ കത്തിനശിക്കില്ലെന്നു മാത്രമല്ല, കൂടുതല്‍ കരുത്ത്‌ നേടി ബാക്കിയാവും! കാരണം മറ്റൊന്നുമല്ല, അതിലേറെ വലിയ തീച്ചൂളയില്‍ നിന്നാണ്‌ അവയുണ്ടായത്‌. വെന്ത്‌ വെണ്ണീരാകാത്ത ഉള്‍ക്കരുത്ത്‌ കളിമണ്‍ പാത്രം കൈവരിച്ചത്‌ ചുട്ടുപൊള്ളുന്ന അഗ്നി കുണ്‌ഠത്തില്‍ നിന്നാണ്‌.

ജീവിതത്തിലെ കരുത്താണ്‌ ദുഃഖാനുഭവങ്ങള്‍. പ്രതിസന്ധികളുടെ എത്ര വലിയ പെരുംകാറ്റിലും ഉലഞ്ഞുപോകാത്ത ഉറപ്പുനല്‌കുന്നത്‌ മുമ്പ്‌ അനുഭവിച്ച ചെറുതോ വലുതോ ആയ പ്രതിസന്ധികളാണ്‌. വാഹനത്തിന്റെ വലതുഭാഗത്തൊരു കണ്ണാടി എന്തിനാണ്‌? പുറകിലെ കാഴ്‌ചകള്‍ കാണാന്‍! പുറകിലെ കാഴ്‌ചകള്‍ ഭംഗിയായി കാണുമ്പോഴേ മുന്നോട്ടുള്ള യാത്ര സുഖകരമാകൂ. കഴിഞ്ഞകാലത്തെ കണ്ണീര്‍കാഴ്‌ചകള്‍ ഈ കാലത്തെ ശക്തിയാണ്‌; ഇന്നനുഭവിക്കുന്ന സങ്കടങ്ങള്‍ നാളേക്കുള്ള ശക്തിസംഭരണമാണ്‌. സഹിക്കാവുന്നത്ര ജീവിതദുഖങ്ങള്‍ സഹിച്ചവരാണ്‌ തിരുനബി(സ)യുടെ ആദ്യകാല സ്വഹാബികള്‍. പിന്നീടവര്‍ക്ക്‌ മെച്ചപ്പെട്ട അവസ്ഥ അല്ലാഹു നല്‌കി. എന്നിട്ടിങ്ങനെ ഉണര്‍ത്തി:

``അക്രമത്തിന്‌ വിധേയരായതിന്‌ ശേഷം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സ്വദേശം വെടിഞ്ഞവരാരോ, അവര്‍ക്ക്‌ ഇഹലോകത്ത്‌ നാം നല്ല താമസസൗകര്യം ഏര്‍പ്പെടുത്തിക്കൊടുക്കുക തന്നെ ചെയ്യും. എന്നാല്‍ പരലോകത്തെ പ്രതിഫലം തന്നെയാകുന്നു ഏറ്റവും മഹത്തായത്‌. അവര്‍ അറിഞ്ഞിരുന്നെങ്കില്‍! ക്ഷമിക്കുകയും തങ്ങളുടെ രക്ഷിതാവിന്റെ മേല്‍ ഭരമേല്‌പിക്കുകയും ചെയ്‌തവരത്രെ അവര്‍.'' (16:41,42)

സര്‍ക്കസ്‌ കാണിക്കുന്ന ചെറിയ കുട്ടികളെ നോക്കൂ. വലിച്ചുകെട്ടിയ നേരിയ കമ്പിയില്‍ കൂടി അവര്‍ അനായാസം നടന്നു നീങ്ങുന്നു. അവരുടെ തോളില്‍ ഒരു നീണ്ട മുളംകമ്പ്‌ വിലങ്ങനെ വഹിക്കുന്നുണ്ട്‌. അതവര്‍ക്കൊരു ഭാരമേ അല്ല. സഹായമാണ്‌. ബാലന്‍സ്‌ നിലനിര്‍ത്താനാണത്‌. ജീവിതത്തിന്റെ ബാലന്‍സ്‌ നിലനിര്‍ത്താന്‍ നമുക്കും ചില ഭാരങ്ങള്‍ കരുണാവാരിധിയായ അല്ലാഹു നല്‌കുന്നുവെന്നേയുള്ളൂ! ജീവിത യാഥാര്‍ഥ്യങ്ങളില്‍ നിന്ന്‌ ഒളിച്ചോടുന്നവര്‍ക്ക്‌ പരാജയങ്ങളേ പകരം കിട്ടൂ. യാഥാര്‍ഥ്യബോധത്തോടെ അവയെ നേരിടുകയാണ്‌ വിജയത്തിന്റെ വഴി. യഅ്‌ഖൂബ്‌ നബി(അ) മക്കളോട്‌ സംസാരിക്കുന്നത്‌ ഈ യാഥാര്‍ഥ്യബോധത്തോടെയാണ്‌:

``എന്റെ മക്കളേ, അല്ലാഹുവിങ്കല്‍ നിന്നുണ്ടാകുന്ന യാതൊന്നും നിങ്ങളില്‍ നിന്ന്‌ തടുക്കുവാന്‍ എനിക്കാവില്ല. വിധിയുടെ തീരുമാനം അല്ലാഹുവിനു മാത്രമാകുന്നു. അവന്റെ മേല്‍ ഞാന്‍ ഭരമേല്‌പിച്ചിരിക്കുന്നു.'' (12:67)
നമുക്ക്‌ അനിഷ്‌ടകരമാണെങ്കിലും ചിലതെല്ലാം അല്ലാഹു നമ്മെ അനുഭവിപ്പിച്ചുകൊണ്ടിരിക്കും. ഇഷ്‌ടകരമെങ്കിലും ചിലതൊന്നും തരാതെയുമിരിക്കും. കയ്‌പും ചവര്‍പ്പുമുള്ള പല മരുന്നുകളും അനിഷ്‌ടത്തോടെയാണെങ്കിലും ഉപയോഗിക്കുന്നവരാണല്ലോ നാം. അതുകൊണ്ട്‌ രോഗം മാറുമെങ്കില്‍ നാമതിന്‌ തയ്യാറാണ്‌! ശക്തിയും മൂര്‍ച്ചയുമുള്ള കത്തി ചോദിച്ച്‌ കുട്ടി എത്ര കരഞ്ഞാലും നാമത്‌ കൊടുക്കാറില്ല.
കാരണം, അത്‌ അപകടമാണെന്ന്‌ നമുക്കേ അറിയൂ. നമ്മുടെ കാര്യത്തിലുള്ള
അല്ലാഹുവിന്റെ തീരുമാനങ്ങളും ഇങ്ങനെയൊക്കെയാണ്‌.

കയ്‌പുള്ളതാണെങ്കിലും ചിലതൊക്കെ തരും, ഇഷ്‌ടമുള്ളതാണെങ്കിലും ചിലതൊന്നും തരില്ല. അയ്യൂബ്‌ നബി(അ)യുടെ ചരിത്രം ബൈബിളില്‍ വിശദമായുണ്ട്‌. ഏഴായിരം ആടുകളും അഞ്ഞൂറു കാളകളും അഞ്ഞൂറ്‌ പെണ്‍കഴുതകളും ധാരാളം ദാസീദാസന്മാരും ഉണ്ടായിരുന്ന വലിയ സമ്പന്നന്‍. മക്കളും ആടുമാടുകളും അപഹരിക്കപ്പെട്ടു. കൊടുങ്കാറ്റടിച്ച്‌ വീടും കുടുംബവും നഷ്‌ടപ്പെട്ടു. ഈ വാര്‍ത്തയറിഞ്ഞ അയ്യൂബ്‌ (അയ്യൂബ്‌ നബി) തല മുണ്ഡനം ചെയ്‌ത്‌ പ്രാര്‍ഥിച്ചത്‌ ഇങ്ങനെ: അമ്മയുടെ ഉദരത്തില്‍ നിന്ന്‌ നഗ്‌നനായി ഞാന്‍ വന്നു. നഗ്‌നനായി തന്നെ പിന്‍വാങ്ങും. ദൈവം തന്നു, ദൈവം എടുത്തു. അവിടുത്തെ നാമം മഹത്വപ്പെടട്ടെ.'' (ഈയോബ്‌ 23-24)

അല്ലാഹുവിന്റെ കാരുണ്യത്തിലുള്ള പ്രതീക്ഷ കൈവിടാതിരുന്ന അയ്യൂബ്‌ നബിയുടെ സംഭവകഥ പറഞ്ഞശേഷം അല്ലാഹു പറയുന്നതിങ്ങനെ: ``അപ്പോള്‍ അദ്ദേഹത്തിന്‌ നാം ഉത്തരം നല്‌കുകയും അദ്ദേഹത്തിന്‌ നേരിട്ട കഷ്‌ടപ്പാട്‌ നാം അകറ്റിക്കളയുകയും ചെയ്‌തു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും അത്രയും പേരെ വേറെയും നാം നല്‌കുകയും ചെയ്‌തു. നമ്മുടെ പക്കല്‍ നിന്നുള്ള കാരുണ്യമാണത്‌....'' (21:83,84) ``തീര്‍ച്ചയായും അദ്ദേഹത്തെ നാം ക്ഷമാശീലനായി കണ്ടു, നല്ല ദാസന്‍!'' (38:43)
സംതൃപ്‌തവും സന്തുഷ്‌ടവുമായ ഹൃദയം കൈവരാനുള്ള മാര്‍ഗങ്ങള്‍:

l നേട്ടങ്ങളുടെ കണക്കെടുക്കുകയും അതില്‍ സന്തോഷിക്കുകയും ചെയ്യുക.
l അമിതമായ ആഗ്രഹങ്ങള്‍ ഉണ്ടാവാതെ, മനസ്സിനെ നിയന്ത്രിക്കുകയും എന്നാല്‍ വലിയ ലക്ഷ്യങ്ങളെ മുന്നില്‍ കണ്ട്‌
അധ്വാനിക്കുകയും ചെയ്യുക.
l പരാതികളില്ലാതെ ജീവിക്കുക. വികലമായ മനസ്സ്‌ രൂപപ്പെടാതിരിക്കാനുള്ള വഴിയാണത്‌.
l നിസ്സാരമെന്ന്‌ തോന്നുന്ന അനുഗ്രഹങ്ങള്‍ക്കു മുകളില്‍ അല്ലാഹുവിനെ ധാരാളമായി സ്‌തുതിക്കുക.
നമ്മോട്‌ ഏറ്റവും സ്‌നേഹമുള്ളത്‌ അല്ലാഹുവിന്നാണ്‌. വിശദമാക്കാനാവാത്ത അത്രയും വിശാലമായ സ്‌നേഹം! എല്ലാ വാതിലുകളും അടക്കപ്പെട്ടതായി തോന്നുമ്പോള്‍ അവന്‍ നമുക്കു വേണ്ടി ഒരു ജനല്‍ തുറന്നുവെച്ചിരിക്കും. അടക്കപ്പെട്ട വാതിലില്‍ തുടര്‍ച്ചയായി മുട്ടി വിഷമിക്കേണ്ടതില്ല. തുറന്നുകിടക്കുന്ന ജനലില്‍ കൂടി രക്ഷപ്പെടുക!
``ആര്‍ അല്ലാഹുവിനെ സൂക്ഷിക്കുന്നുവോ, അവര്‍ക്കൊരു പോംവഴി അവന്‍ നല്‌കും.'' (65:2)

പ്രത്യാശയുടെ ചിറകാണ്‌ അല്ലാഹുവിലുള്ള വിശ്വാസം. ആ ചിറകുമായി പ്രതിസന്ധികള്‍ക്കു മേല്‍ പറന്നുയരുക! കത്തിയാളുന്ന പ്രയാസങ്ങള്‍ക്കിടയില്‍ കരുത്ത്‌ കൈവരിക്കുന്ന കളിമണ്‍ പാത്രങ്ങളാകാന്‍ അപ്പോള്‍ നമുക്കും സാധിക്കും. റോസാ ചെടികള്‍ക്കൊപ്പം നില്‍ക്കുന്ന മുള്ളുകളെയല്ല, മുള്ളുകള്‍ക്കു മുകളില്‍ പുഞ്ചിരിച്ചു നില്‍ക്കുന്ന റോസാപ്പൂവിനെ കണ്ണുനിറയെ കാണുക; ഹായ്‌ എന്തു രസം!!

സ്‌നേഹത്തിന്റെയും സംതൃപ്‌തിയുടെയും പാരസ്‌പര്യം

അല്ലാഹുവെ അത്യധികം ഭയപ്പെടേണ്ടതാണ്‌ എന്ന ആശയം ഭക്തരായ മുസ്‌ലിംകളുടെയെല്ലാം മനസ്സുകളെ ഗണ്യമായി സ്വാധീനിച്ചിട്ടുണ്ട്‌. അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്ന്‌ പല ഖുര്‍ആന്‍ സൂക്തങ്ങളിലും വ്യക്തമാക്കിയിട്ടുള്ളതുകൊണ്ടും, മനുഷ്യരെ ഭയപ്പെടാതെ അല്ലാഹുവെ ഭയപ്പെടണമെന്ന്‌ ഖുര്‍ആനില്‍ (5:44) ആഹ്വാനം ചെയ്‌തിട്ടുള്ളതു കൊണ്ടും അല്ലാഹുവെ സംബന്ധിച്ച ഭയം വിശ്വാസികളുടെ മനസ്സില്‍ നിന്ന്‌ വിട്ടുപോകാന്‍ പാടില്ല. ഇതുപോലെ തന്നെ വിശുദ്ധ ഖുര്‍ആനില്‍ വ്യക്തമാക്കപ്പെട്ടിട്ടുള്ള കാര്യമാണ്‌ സത്യവിശ്വാസികള്‍ അല്ലാഹുവോട്‌ അത്യധികം സ്‌നേഹമുള്ളവരായിരിക്കണം എന്നത്‌. അല്ലാഹുവോടുള്ളത്രയോ അതിലേറെയോ സ്‌നേഹം മറ്റാരോടും ഉണ്ടാകാന്‍ പാടില്ലെന്നതും.
``അല്ലാഹുവിന്‌ പുറമെയുള്ളവരെ അവന്‌ സമന്മാരാക്കുന്ന ചില ആളുകളുണ്ട്‌. അല്ലാഹുവെ സ്‌നേഹിക്കുന്നതുപോലെ ഈ ആളുകള്‍ അവരെയും സ്‌നേഹിക്കുന്നു. എന്നാല്‍ സത്യവിശ്വാസികള്‍ അല്ലാഹുവോട്‌ അതിശക്തമായ സ്‌നേഹമുള്ളവരത്രെ'' (വി.ഖു 2:165). ``സത്യവിശ്വാസികളേ, നിങ്ങളില്‍ ആരെങ്കിലും തന്റെ മതത്തില്‍ നിന്ന്‌ പിന്തിരിഞ്ഞു കളയുന്നപക്ഷം അല്ലാഹു സ്‌നേഹിക്കുന്നവരും അല്ലാഹുവെ സ്‌നേഹിക്കുന്നവരുമായ ഒരു ജനവിഭാഗത്തെ അല്ലാഹു പകരം കൊണ്ടുവരുന്നതാണ്‌.'' (വി.ഖു 5:54). 9:24 സൂക്തത്തില്‍ മാതാപിതാക്കളും മക്കളും ഉള്‍പ്പെടെ മനുഷ്യര്‍ ഏറെ സ്‌നേഹിക്കുന്ന പലതും എടുത്തുപറഞ്ഞശേഷം അതൊന്നും അല്ലാഹുവെക്കാള്‍ പ്രിയപ്പെട്ടതാകാന്‍ പാടില്ലെന്ന്‌ പഠിപ്പിക്കുന്നു.
മറ്റാരെക്കാളും ഉപരിയായി അല്ലാഹുവെ സ്‌നേഹിക്കണമെന്ന്‌ പറയുന്നതിന്റെ കാരണങ്ങള്‍ അനേകം ഖുര്‍ആന്‍ സൂക്തങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. അല്ലാഹു മനുഷ്യരെ അത്യധികം സ്‌നേഹിക്കുന്നു എന്നതു തന്നെയാണ്‌ ഒരു കാരണം. അവന്‍ കരുണാനിധിയും അത്യധികം സ്‌നേഹിക്കുന്നവനുമാണെന്ന്‌ 11:90 സൂക്തത്തിലും അവന്‍ ഏറെ പൊറുക്കുന്നവനും അത്യധികം സ്‌നേഹമുള്ളവനുമാണെന്ന്‌ 85:14 സൂക്തത്തിലും വ്യക്തമാക്കിയിരിക്കുന്നു. അല്ലാഹുവിന്റെ സ്‌നേഹം അവന്റെ അപാരമായ അനുഗ്രഹങ്ങളിലൂടെയാണ്‌ പ്രകടമാകുന്നത്‌. അല്ലാഹുവിന്റെ അനുഗ്രഹം നിങ്ങള്‍ എണ്ണുകയാണെങ്കില്‍ നിങ്ങള്‍ക്കത്‌ തിട്ടപ്പെടുത്താന്‍ കഴിയില്ലെന്ന്‌ 14:34, 16:18 എന്നീ സൂക്തങ്ങളില്‍ പ്രസ്‌താവിച്ചിരിക്കുന്നു. ആകാശ ഗോളങ്ങളിലും ഭൂമിയിലും അല്ലാഹു സൃഷ്‌ടിച്ചു സംവിധാനിച്ച അസംഖ്യം വസ്‌തുക്കളും വസ്‌തുതകളുമാണ്‌ നമ്മുടെ നിലനില്‌പിനും സുസ്ഥിതിക്കും നിദാനം. അവയില്‍ പലതിനെയും വിവിധ ഖുര്‍ആന്‍ സൂക്തങ്ങളില്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്‌. അത്യധികം സ്‌നേഹം നല്‍കുന്നവനെ അതിയായി സ്‌നേഹിക്കുക എന്നത്‌ ശരിയായ മാനവിക ധര്‍മമാകുന്നു.
സകല ജീവികളിലും സ്‌നേഹമെന്ന വികാരം സന്നിവേശിപ്പിച്ച സ്‌നേഹദാതാവാണ്‌ അല്ലാഹു. സഹജവാസനയായി ജന്തുപ്രകൃതിയില്‍ അല്ലാഹു സ്‌നേഹം സന്നിവേശിപ്പിച്ചതുകൊണ്ടാണ്‌ ജീവികളിലെ ഇണകള്‍ പരസ്‌പരം സ്‌നേഹിക്കുന്നത്‌. തള്ളകള്‍ കുഞ്ഞുങ്ങളോട്‌ വാല്‍സല്യം കാണിക്കുന്നതും. വിശേഷബുദ്ധിയുള്ള മനുഷ്യനെ സംബന്ധിച്ചേടത്തോളം സ്‌നേഹത്തിന്റെ പാരസ്‌പര്യം കൂടുതല്‍ മൂല്യവത്താകുന്നു. മനുഷ്യന്റെ വ്യക്തിത്വവികസനത്തില്‍ സ്‌നേഹത്തിന്‌ അനിതരമായ പങ്ക്‌ വഹിക്കാനുണ്ട്‌. മാതാപിതാക്കളില്‍ നിന്നും ജീവിതപങ്കാളിയില്‍ നിന്നും നിര്‍ലോഭമായ സ്‌നേഹം ലഭിച്ച ഒരു സ്‌ത്രീക്ക്‌ തന്റെ സന്തതികളിലേക്ക്‌ കലവറയില്ലാതെ സ്‌നേഹം സംക്രമിപ്പിക്കാന്‍ കഴിയും. മാതാപിതാക്കളുടെ സ്‌നേഹപരിലാളനകളേറ്റു വളരുന്ന സന്തതികള്‍ എല്ലാവരോടുംസ്‌നേഹപൂര്‍വം പെരുമാറുന്ന ലക്ഷണമൊത്ത വ്യക്തികളായിത്തീരുമെന്നാണ്‌ അനുഭവം. സ്‌നേഹം പങ്കിട്ടുകൊണ്ട്‌ ബന്ധങ്ങള്‍ക്ക്‌ സ്‌നിഗ്‌ധതയേകുന്ന വ്യക്തികള്‍ സമൂഹത്തെ സംഘര്‍ഷങ്ങളില്‍ നിന്നും കാലുഷ്യങ്ങളില്‍ നിന്നും മുക്തമാക്കുന്നു.
സ്‌നേഹനിര്‍ഭരമായ ഇടപഴകല്‍ സമാധാനത്തിനും സംതൃപ്‌തിക്കും വഴിയൊരുക്കുന്നു. സ്‌നേഹദാരിദ്ര്യം അനുഭവിക്കുന്നേടത്ത്‌ ശാന്തിയും സ്വാസ്ഥ്യവും സ്ഥാപിക്കുക അസാധ്യമായിരിക്കും. കുടുംബസൗഖ്യത്തിന്‌ ദൈവദത്തമായ സ്‌നേഹം, കാരുണ്യം എന്നീ വികാരങ്ങള്‍ നിര്‍ണായകമാണെന്ന്‌ വിശുദ്ധ ഖുര്‍ആന്‍ സൂചിപ്പിക്കുന്നുണ്ട്‌. ``നിങ്ങള്‍ക്ക്‌ സമാധാനപൂര്‍വം ഒത്തുചേരേണ്ടതിന്നായി നിങ്ങളില്‍ നിന്ന്‌ തന്നെ നിങ്ങള്‍ക്ക്‌ ഇണകളെ സൃഷ്‌ടിക്കുകയും നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്‌തതും അവന്റെ ദൃഷ്‌ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക്‌ ദൃഷ്‌ടാന്തങ്ങളുണ്ട്‌''(30:21).

അല്ലാഹു മനുഷ്യപ്രകൃതിയില്‍ സന്നിവേശിപ്പിച്ച സ്‌നേഹം, കാരുണ്യം എന്നീ വികാരങ്ങളാണ്‌ കുടുംബജീവിതത്തിലെ സമാധാനത്തിനും സംതൃപ്‌തിക്കും നിദാനമെങ്കിലും സ്‌നേഹത്തിന്‌ വിരുദ്ധമായ വികാരങ്ങളെ സ്വയം നിയന്ത്രിക്കാന്‍ സാധിക്കുന്നവര്‍ക്ക്‌ മാത്രമേ കലവറയില്ലാത്ത സ്‌നേഹത്തിന്റെ ആദാനപ്രദാനങ്ങളിലൂടെ തികഞ്ഞ സമാധാനവും സംതൃപ്‌തിയും കൈവരിക്കാന്‍ കഴിയൂ.
അല്ലാഹുവെ അത്യധികം സ്‌നേഹിക്കുന്ന യഥാര്‍ഥ വിശ്വാസികള്‍ക്ക്‌ അല്ലാഹു സ്‌നേഹപൂര്‍വം സൃഷ്‌ടിച്ച സഹജീവികളെ സ്‌നേഹിക്കാതിരിക്കാന്‍ പറ്റില്ല. മനുഷ്യരിലും ജീവജാലങ്ങളിലും അല്ലാഹു സ്‌നേഹം സന്നിവേശിപ്പിച്ചതുകൊണ്ടാണ്‌ നമുക്ക്‌ ഇവിടെ സ്‌നേഹം ലഭിക്കുന്നത്‌. അതിനു പുറമെ സത്യവിശ്വാസികളും സല്‍കര്‍മകാരികളുമായിട്ടുള്ളവര്‍ക്ക്‌ പരമ കാരുണികനായ അല്ലാഹു പ്രത്യേകമായി സ്‌നേഹം ലഭ്യമാക്കുമെന്ന്‌ വിശുദ്ധ ഖുര്‍ആനില്‍ (19:96) പ്രത്യേകം വാഗ്‌ദാനം ചെയ്‌തിട്ടുമുണ്ട്‌. എന്നിട്ടും മുസ്‌ലിംകളില്‍ പലരുടെയും മനസ്സില്‍ സ്‌നേഹമല്ല അതിനെ നിഷ്‌പ്രഭമാക്കുന്ന വിദ്വേഷം, വൈരാഗ്യം, അസൂയ, മാത്സര്യം പോലുള്ള ദുര്‍വികാരങ്ങളാണ്‌ തെളിഞ്ഞുനില്‍ക്കുന്നത്‌.

അല്ലാഹുവിന്റെ സ്‌നേഹത്തണലില്‍ ജീവിക്കുന്ന സഹജീവികളോട്‌ പക വെച്ചു പുലര്‍ത്തുന്നത്‌ ഒരുതരത്തില്‍ അല്ലാഹുവോട്‌ തന്നെ വെറുപ്പ്‌ പ്രകടിപ്പിക്കലാണെന്ന യാഥാര്‍ഥ്യം ദുര്‍വികാരങ്ങളുടെ ദുസ്സ്വാധീനത്താല്‍ അവര്‍ വിസ്‌മരിച്ചുപോവുകയാണ്‌. അല്ലാഹുവിന്റെ പരമമായ സ്‌നേഹത്തെയും വിശ്വാസികള്‍ക്ക്‌ അവനോടുണ്ടാണ്ടായിരിക്കേണ്ട അതിശക്തമായ സ്‌നേഹത്തെയും സംബന്ധിച്ച ഖുര്‍ആനിക ആശയം പല വിശ്വാസികളുടെയും ഉള്ളില്‍ തട്ടിയിട്ടില്ല എന്നതാണ്‌ ഈ സ്ഥിതിവിശേഷത്തിന്‌ കാരണം. ചില പ്രബോധകര്‍ സ്‌നേഹമെന്ന സദ്‌വികാരത്തിന്‌ യാതൊരു ഊന്നലും നല്‍കുന്നേയില്ല. കര്‍മശാസ്‌ത്രപരമായ വിശദാംശങ്ങളില്‍ വിയോജിക്കുന്നവരെപ്പോലും വെറുക്കേണ്ടത്‌ ആദര്‍ശവ്യതിരിക്തതയുടെ താല്‍പര്യമാണെന്നാണ്‌ ചിലര്‍ പ്രചരിപ്പിക്കുന്നത്‌.
നിഷേധാത്മകമായി ചിന്തിക്കുന്നവര്‍ക്ക്‌ ആരെയും വെറുക്കാന്‍ ചില കാരണങ്ങളുണ്ടാകും. രചനാത്മകമായി ചിന്തിക്കുന്നവര്‍ക്കാകട്ടെ എല്ലാവരെയും സ്‌നേഹിക്കാന്‍ അതിലേറെ കാരണങ്ങളുണ്ടാകും. പിതാവ്‌ തന്റെ ഒരാവശ്യം നിറവേറ്റിക്കൊടുക്കാത്തതിന്റെ പേരില്‍ അദ്ദേഹത്തെ വെറുക്കുന്ന മകനെക്കുറിച്ച്‌ ആലോചിച്ചുനോക്കൂ. പോസിറ്റീവായി ചിന്തിക്കാന്‍ തയ്യാറായാല്‍ പിതാവ്‌ ചെയ്‌ത ആയിരക്കണക്കില്‍ ഉപകാരങ്ങള്‍ അവന്‌ അനുസ്‌മരിക്കാനുണ്ടാകും. സ്‌നേഹിക്കാനുള്ള ആ ന്യായങ്ങളൊക്കെ വിസ്‌മരിച്ചുകൊണ്ടോ അവഗണിച്ചുകൊണ്ടോ ആണ്‌ അവന്‍ പിതാവിനെ വെറുക്കുന്നത്‌. ഒരു വേദനയുടെയോ ഒരു രോഗത്തിന്റെയോ പേരില്‍ ചിലര്‍ പടച്ചവനെ വെറുക്കുന്നതും ഇതുപോലെ തന്നെ. ആദര്‍ശവിശകലനത്തില്‍ സ്രഷ്‌ടാവും സൃഷ്‌ടികളും തമ്മിലും സൃഷ്‌ടികള്‍ അന്യോന്യവുമുള്ള സ്‌നേഹത്തിന്റെ പാരസ്‌പര്യത്തിന്‌ വലിയ ഊന്നല്‍ നല്‍കിയാലേ വിശ്വാസികളുടെ മനസ്സ്‌ വെറുപ്പിന്റെ ആധിപത്യത്തില്‍ നിന്ന്‌ മോചിതമാകൂ. അല്ലാഹുവെ അതിശക്തമായി സ്‌നേഹിക്കാന്‍ കഴിഞ്ഞാല്‍ അവന്റെ വിധിവിലക്കുകള്‍ അവന്റെ പരമമായ സ്‌നേഹത്തിന്റെ താല്‍പര്യമാണെന്ന്‌ ബോധ്യമാകും. മനുഷ്യര്‍ക്ക്‌ ആത്യന്തികമായി ഗുണമുണ്ടാക്കുന്ന കാര്യങ്ങള്‍ മാത്രമേ സ്‌നേഹനിധിയായ രക്ഷിതാവ്‌ കല്‍പിക്കുകയുള്ളൂ. യഥാര്‍ഥത്തില്‍ പ്രത്യക്ഷമോ പരോക്ഷമോ ആയ തിന്മ അടങ്ങിയ കാര്യങ്ങള്‍ മാത്രമേ അവന്‍ നിരോധിക്കുകയുള്ളൂ.
അല്ലാഹുവെ അതിരറ്റു സ്‌നേഹിക്കുന്നുവെന്നോ പ്രേമിക്കുന്നുവെന്നോ അവകാശപ്പെടുന്ന സൂഫി ത്വരീഖത്തുകാര്‍ക്ക്‌ പറ്റിയ തെറ്റ്‌, മനുഷ്യരോട്‌ അത്യന്തം സ്‌നേഹമുള്ള അല്ലാഹു അവരുടെ സര്‍വതോന്മുഖമായ നേട്ടത്തിനും വിജയത്തിനും വേണ്ടി നല്‍കിയ നിയമസംഹിതയെ അവഗണിച്ചു സ്വന്തമായി മോക്ഷമാര്‍ഗം ആവിഷ്‌കരിച്ചുവെന്നതാണ്‌. മുഹമ്മദ്‌ നബി(സ) അല്ലാഹുവിന്റെ നിര്‍ദേശപ്രകാരം ആജ്ഞാപിച്ചതെല്ലാം നല്ല കാര്യങ്ങളാണെന്നും ചീത്തകാര്യങ്ങള്‍ മാത്രമേ അദ്ദേഹം വിലക്കിയിട്ടുള്ളൂവെന്നും വിശുദ്ധ ഖുര്‍ആനിലെ 7:157 സൂക്തത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. അല്ലാഹുവെ അതിയായി സ്‌നേഹിക്കുന്നതിന്റെ അനിവാര്യതാല്‍പര്യമാണ്‌ അവന്റെ ഗുണകാംക്ഷാനിര്‍ഭരമായ നിയമത്തെ പൂര്‍ണമനസ്സോടെ സ്വീകരിക്കുക എന്നത്‌.
അല്ലാഹുവെയും അവന്‍ സ്‌നേഹപൂര്‍വം പരിപാലിക്കുന്ന സൃഷ്‌ടികളെയും കലവറയില്ലാതെ സ്‌നേഹിക്കാന്‍ നമുക്ക്‌ കഴിഞ്ഞാല്‍ നമ്മുടെ മനസ്സില്‍ സമാധാനവും സംതൃപ്‌തിയും നിറയും. അശാന്തിയും അസന്തുഷ്‌ടിയും നീങ്ങും. സ്‌നേഹനിധിയായ രക്ഷിതാവിങ്കലേക്ക്‌ മനുഷ്യന്‍ തിരിച്ചുപോകേണ്ടത്‌ മനസ്സില്‍ സമാധാനവും സംതൃപ്‌തിയും നിറഞ്ഞ നിലയിലാണ്‌. ``ഹേ, സമാധാനമടഞ്ഞ ആത്മാവേ, നീ നിന്റെ രക്ഷിതാവിങ്കലേക്ക്‌ സംതൃപ്‌തമായും സംപ്രീതമായും മടങ്ങിക്കൊള്ളുക. എന്നിട്ട്‌ എന്റെ അടിയന്മാരുടെ കൂട്ടത്തില്‍ പ്രവേശിച്ചുകൊള്ളുക. എന്റെ സ്വര്‍ഗത്തില്‍ പ്രവേശിച്ചുകൊള്ളുക.'' (വി.ഖു 89:27-30)

ഇതാ, ഇതാണ്‌ മഹത്വം!

അബ്‌ദുല്‍വദൂദ്‌       

വിതച്ചെലവ്‌ അമിതമായി കുതിച്ചുയര്‍ന്നപ്പോള്‍ ഖലീഫ ഉമര്‍(റ) ഉദ്യോഗസ്ഥരുടെ ശമ്പളം വര്‍ധിപ്പിച്ചുകൊണ്ട്‌ ഉത്തരവിറക്കി. ജീവനക്കാര്‍ക്കെല്ലാം അതൊരാശ്വാസമായി, എന്നാല്‍ ഖലീഫയുടെ ശമ്പളം മാത്രം അദ്ദേഹം വര്‍ധിപ്പിച്ചില്ല.
ഖലീഫയാകുന്നതിനു മുമ്പ്‌ കച്ചവടമായിരുന്നു ഉമറിന്റെ ജീവിതമാര്‍ഗം. സാമാന്യം നല്ല രീതിയില്‍ കുടുംബം പുലര്‍ന്നുപോന്നു. ഖലീഫയായ ശേഷം അധികകാലം കച്ചവടം തുടരാന്‍ കഴിഞ്ഞില്ല. പൊതുസ്വത്തില്‍ നിന്നുള്ള ചെറിയ തുക കൊണ്ടാണിപ്പോള്‍ ഖലീഫയുടെയും കുടുംബത്തിന്റെയും ജീവിതം. ധാരാളിത്തം ആഗ്രഹിച്ചില്ല, ആര്‍ത്തിയില്ലാതെ കഴിഞ്ഞുകൂടി; അയല്‍പക്കത്തിനൊപ്പിച്ച്‌ ജീവിച്ചില്ല. സാധനവില കുതിച്ചുകയറിയപ്പോള്‍ അധികം വിഷമിക്കേണ്ടി വന്നു. പലപ്പോഴും കടം വാങ്ങേണ്ടിയും വന്നു. അപ്പോഴും ഖലീഫയുടെ ശമ്പളവര്‍ധനവിനെപ്പറ്റി ഉമര്‍ ഓര്‍ത്തതേയില്ല.

ഉസ്‌മാന്‍, അലി, ത്വല്‍ഹ, സുബൈര്‍ -ഉമറിന്റെ സുഹൃത്തുക്കളും സഹചാരികളുമാണ്‌. അവര്‍ ഒരുമിച്ചിരുന്ന്‌ ആലോചിച്ചു; ഖലീഫയുടെ വിഷമങ്ങള്‍ ചര്‍ച്ച ചെയ്‌തു. ഖലീഫയുടെ ദരിദ്ര ജീവിതം ഇസ്‌ലാമിക രാഷ്‌ട്രത്തിനാകമാനം വിഷമമാണെന്ന്‌ അവര്‍ക്ക്‌ തോന്നി. എല്ലാവര്‍ക്കും ഒരേ അഭിപ്രായം; ജീവിതവൃത്തിക്കാവശ്യമായ തുക ഖലീഫക്ക്‌ ശമ്പളമായി ലഭിക്കണം!
പോംവഴി കണ്ടെത്താന്‍ എളുപ്പമാണെങ്കിലും നടപ്പിലാക്കാന്‍ വേഗത്തിലാകില്ല. വിഷയം ഉമറിന്റേതാണല്ലോ! പൊതുഖജനാവില്‍ നിന്ന്‌ ഏറ്റവും ചെറിയ സംഖ്യ അനുഭവിക്കുന്നത്‌ താനായിരിക്കണമെന്ന്‌ ഉമറിന്‌ നിര്‍ബന്ധമുണ്ട്‌. അങ്ങനെയുള്ള ഖലീഫക്കു മുമ്പില്‍ ആരാണ്‌ വിഷയമവതരിപ്പിക്കുക?

ഉമര്‍ കര്‍ശന സ്വഭാവിയാണ്‌; വിശേഷിച്ചും സ്വന്തം തീരുമാനങ്ങളില്‍. മതപരമായ വിഷയങ്ങളില്‍ അതിലേറെയും! ഉസ്‌മാന്‍(റ) ഒരു നിര്‍ദേശം പറഞ്ഞു:
``ഖലീഫയുടെ മകള്‍ ഹഫ്‌സ സഹായിക്കുമോ?''
അവര്‍, എല്ലാവരും ഹഫ്‌സയെ സമീപിച്ച്‌, ഖലീഫയെ അറിയിക്കേണ്ട കാര്യം പറഞ്ഞു. ഉമര്‍ ഒറ്റക്കിരുന്ന സമയം നോക്കി ഹഫ്‌സ വിഷയമവതരിപ്പിച്ചു.
എല്ലാം നിശബ്‌ദമായി കേട്ട ഉമര്‍, പതുക്കെ എഴുന്നേറ്റു. ഹഫ്‌സയുടെ മനസ്സില്‍ ഉത്‌കണ്‌ഠ! കര്‍ക്കശമായ മുഖഭാവത്തോടെ ഉമര്‍ ചോദിച്ചു:
``ഹഫ്‌സാ, നീയിപ്പോള്‍ പറഞ്ഞ വാക്കുകള്‍ നിന്റെ വാക്കുകളല്ല എന്നെനിക്കറിയാം, ആരോ ഇതിനു പിന്നിലുണ്ട്‌. അവരെ ഞാന്‍ `വെറുതെ വിടില്ല!'
ഉമര്‍ തുടര്‍ന്നു: ``മോളെ, നീ പ്രവാചകന്റെ പത്‌നിയായിരുന്നല്ലോ, ഒന്നു ചോദിക്കട്ടെ; അദ്ദേഹത്തിന്‌ ആകെ എത്ര വസ്‌ത്രങ്ങളുണ്ടായിരുന്നു?''
``രണ്ട്‌''
``അദ്ദേഹം ഭക്ഷിച്ച ഏറ്റവും നല്ല ആഹാരമേതായിരുന്നു?''
``നെയ്‌ പുരട്ടിയ ഗോതമ്പുറൊട്ടി.''
``പ്രവാചകന്റെ വിരിപ്പ്‌ എങ്ങനെയുള്ളതായിരുന്നു?''
``ഒരു പരുക്കന്‍ തുണി. ചൂടുള്ളപ്പോള്‍ അത്‌ വിരിക്കും. തണുപ്പായാല്‍ പകുതി വിരിക്കും, പകുതി പുതയ്‌ക്കും.''

``ഹഫ്‌സാ, നിന്നെ പറഞ്ഞു വിട്ടവരോട്‌ നീയിത്‌ പറയണം. റസൂലിന്റെയും അബൂബക്‌റിന്റെയും ജീവിതം അത്രമാത്രം ലളിതവും ക്ലേശം നിറഞ്ഞതുമായിരുന്നു, എന്ന്‌. പ്രവാചക തിരുമേനി, അവിടുത്തെതിനു പിന്നില്‍ അബൂബക്‌ര്‍, അവരുടെ പിന്നില്‍ ഈ പാവം ഉമര്‍! എന്റെ മുന്‍ഗാമികളായ രണ്ടു പേരും ജീവിതലക്ഷ്യം സാക്ഷാത്‌കരിച്ചു. അവര്‍ നയിച്ച ജീവിതരീതിയാണ്‌ അവരുടെ വിജയ രഹസ്യം, ഇനി എന്റെ ഊഴമാണ്‌ ഹഫ്‌സാ, ഖുര്‍ആനിനെ മറക്കരുത്‌.
``നിങ്ങളുടെ ഇഹജീവിതത്തില്‍ വെച്ചു തന്നെ നല്ല വസ്‌തുക്കളെ നിങ്ങള്‍ പാഴാക്കിക്കളഞ്ഞു. അവയെക്കൊണ്ട്‌ നിങ്ങള്‍ സുഖമനുഭവിച്ചു.'' (46:20) -മോളേ, ഈ താല്‌ക്കാലിക സുഖത്തിന്റെ പിന്നാലെ ഞാന്‍ പോയ്‌ക്കൂടാ. മുന്‍ഗാമികളുടെ വിശുദ്ധിയുടെ മാര്‍ഗം ഞാന്‍ പിന്തുടര്‍ന്നാല്‍ സംശയമേതുമില്ല, ഞാനും വിജയത്തിലേക്കുയരും. മറിച്ചൊരു മാര്‍ഗം സ്വീകരിച്ചാല്‍ ഞാന്‍ തോറ്റുപോകും!''

പിതാവിനോട്‌ പിന്നൊന്നും മകള്‍ക്ക്‌ പറയാനില്ലായിരുന്നു. കണ്ണു നിറഞ്ഞ്‌, ഗദ്‌ഗദത്തോടെ അവള്‍ തിരിച്ചുപോന്നു!
ലളിതജീവിതവും ഉന്നത ചിന്തയുമാണ്‌ മഹത്വത്തിന്റെ വഴിയെന്ന്‌ ഉമര്‍(റ) തിരിച്ചറിഞ്ഞു. അസംതൃപ്‌തിയും അമിതാഗ്രഹങ്ങളുമാണ്‌ നാശത്തിന്റെ കാരണങ്ങള്‍. ചുറ്റുപാടിനൊപ്പിച്ച്‌ ജീവിക്കാന്‍ ശീലിക്കുമ്പോള്‍ ഉള്ള ജീവിതത്തിന്റെ രസമാണ്‌ തകരുന്നത്‌!

കറകളയുന്ന ഉപദേശങ്ങള്‍

അബ്ദുല്‍ വദൂദ്      .

ഇസ്‌ലാമിക ലോകം കണ്ട സര്‍ഗധന്യനായ പണ്ഡിതനായിരുന്നു ഇമാം ഹസന്‍ ബസ്വരി(റ). ഹിജ്‌റ 21 ല്‍ ജനിച്ച അദ്ദേഹം അബ്‌ദുല്ലാഹിബ്‌നു അബ്ബാസ്‌, അനസുബ്‌നു മാലിക്‌, ജാബിറുബ്‌നു അബ്‌ദില്ല തുടങ്ങിയ വിഖ്യാത സ്വഹാബികളുടെ ശിഷ്യനായിരുന്നു. ഉസ്‌മാന്‍, അലി, അബൂമൂസല്‍ അശ്‌അരി എന്നിവരോടൊപ്പം സഹവസിച്ചതിലൂടെ അവരിലെ മഹദ്‌ഗുണങ്ങളും കൈവരിച്ചു. പതിനാലാം വയസ്സു മുതല്‍ ഇറാഖിലെ ബസ്വറയിലേക്ക്‌ കുടുംബമൊന്നിച്ച്‌ താമസം മാറി. അവിടെ വലിയ പള്ളിയിലെ അബ്‌ദുല്ലാഹിബ്‌നു അബ്ബാസിന്റെ വിജ്ഞാന സദസ്സില്‍ ചേര്‍ന്നു. വിശ്രുത പണ്ഡതനായി വളര്‍ന്നു. ഉമറുബ്‌നു അബ്‌ദില്‍ അസീസിന്റെ സുഹൃത്ത്‌ ഖാലിദിബ്‌നു സ്വഫ്‌വാന്‍ പറയുന്നു: ``ഹസന്‍ ബസ്വരിയുടെ രഹസ്യജീവിതം പരസ്യ ജീവിതം പോലെ തന്നെ പരിശുദ്ധമായിരുന്നു. ഒരു നല്ല കാര്യം കല്‌പിച്ചാല്‍ അത്‌ ആദ്യം ചെയ്യുന്നത്‌ അദ്ദേഹമായിരിക്കും. ചീത്ത കാര്യം നിരോധിച്ചാല്‍ അതില്‍ നിന്ന്‌ ആദ്യം വിട്ടുനില്‌ക്കുന്നതും അദ്ദേഹമായിരിക്കും. ജനങ്ങളെ ആശ്രയിക്കാതെയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.''

ഹസന്‍ ബസ്വരിയുടെ ഉപദേശങ്ങള്‍ പ്രസിദ്ധമാണ്‌: ``കഷ്‌ടം, നാമെന്താണ്‌ ചെയ്‌തത്‌? നമ്മുടെ ദീനിനെ നാം ശോഷിപ്പിച്ചു. ദുനിയാവിനെ പരിപോഷിപ്പിച്ചു. പുതുപുത്തന്‍ ഉടയാടകള്‍ അണിഞ്ഞു. കുശാലായി ഇരുന്ന്‌ അന്യന്റെ മുതല്‍ തിന്ന്‌ വയറു നിറയ്‌ക്കുകയാണ്‌ നാം. മധുരവും പുളിയും ചൂടും തണുപ്പുമുള്ള ആഹാരപാനീയങ്ങള്‍ മാറി മാറി അകത്താക്കി പൊണ്ണത്തടികൊണ്ട്‌ അനങ്ങാന്‍ വയ്യാതാകുമ്പോള്‍ മരുന്ന്‌ തേടി നടക്കുന്നു. വിഡ്‌ഢിയായ മനുഷ്യാ, എവിടെ നിന്റെ സാധുവായ അയല്‍ക്കാരന്‍? വിശപ്പടങ്ങാത്ത അനാഥയെ, നീ കണ്ടില്ലേ, നിന്നേ തേടി വന്ന സാധുവിന്‌ നീ എന്തു നല്‌കി? നിന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടതല്ലേ? ഓരോ പ്രഭാതത്തോടെയും ആയുസ്സിന്റെ ദിനങ്ങളില്‍ ഒന്ന്‌ കൊഴിഞ്ഞുപോവുകയല്ലേ?''
റബീഉബ്‌നു അനസ്‌ പറയുന്നു: ``ഞാന്‍ പത്തു വര്‍ഷക്കാലം ഹസന്‍ബസ്വരിയുടെ അടുക്കല്‍ പോയി വരാറുണ്ടായിരുന്നു. ഓരോ ദിവസവും മുമ്പ്‌ കേള്‍ക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത പുതിയ പുതിയ കാര്യങ്ങള്‍ അദ്ദേഹം പഠിപ്പിച്ചുതന്നു.''

അബൂഹയ്യാന്‍ ഉദ്ധരിക്കുന്നു: ``ഹസന്‍ ബസ്വരി ഒരു വിസ്‌മയമായിരുന്നു. അറിവ്‌, ഭക്തി, സൂക്ഷ്‌മത, ലളിതജീവിതം എന്നിവയിലെല്ലാം അദ്ദേഹം വേറിട്ടുനിന്നു. വിവിധതരം ആളുകള്‍ അദ്ദേഹത്തിന്റെ സദസ്സില്‍ വരാറുണ്ടായിരുന്നു. അദ്ദേഹം വിജ്ഞാനത്തിന്റെ അലയടിച്ചുയരുന്ന ഒരു സമുദ്രമാണ്‌. സദസ്സുകള്‍ക്ക്‌ പ്രഭ ചൊരിയുന്ന ജ്യോതിസ്സാണ്‌. ഹദീസും തഫ്‌സീറും ഫിഖ്‌ഹും നീതിന്യായ വ്യവസ്ഥയും അവിടെ നിന്ന്‌ പഠിക്കാം. ദൃഢസ്വരവും ലളിതഭാഷയുമാണ്‌ അദ്ദേഹത്തിന്റെ ശൈലി. ജനങ്ങള്‍ക്കെല്ലാം പ്രിയങ്കരനായിരുന്നു അദ്ദേഹം. ഇതര മതക്കാര്‍ക്കുപോലും അദ്ദേഹം ആവശ്യക്കാരനായിരുന്നു.''

ഒരിക്കല്‍ ഒരു മദ്യപാനി ചതുപ്പുനിലത്തില്‍ ഇറങ്ങുന്നതു കണ്ട ഹസന്‍ ബസ്വരി പറഞ്ഞു: ``സൂക്ഷിച്ചോളൂ, ചതുപ്പില്‍ താണുപോകും.'' അയാളുടെ പ്രതികരണം ഇങ്ങനെയായിരുന്നു: ``ഹസന്‍ ബസ്വരീ, ഞാന്‍ ചതുപ്പില്‍ മുങ്ങിപ്പോയാല്‍ അതിന്റെ നഷ്‌ടം എനിക്കു മാത്രമാണ്‌. എന്നാല്‍ താങ്കളാണ്‌ വീഴുന്നതെങ്കില്‍ താങ്കളുടെ പ്രഭാഷണങ്ങളും ഉപദേശങ്ങളും പാണ്ഡിത്യവുമെല്ലാം ജനങ്ങള്‍ക്ക്‌ നഷ്‌ടപ്പെടും.''

ഹസന്‍ ബസ്വരിയുടെ പ്രഭാഷണങ്ങളില്‍ നിന്ന്‌: ``ജനങ്ങള്‍ അവരുടെ തന്നെ അഭിലാഷങ്ങള്‍ നശിപ്പിച്ചുകൊണ്ടിരിക്കുന്നു. ബാഹ്യമായ വാക്കുകള്‍ മാത്രമാണ്‌ അവരില്‍. സല്‍കര്‍മങ്ങള്‍ കുറഞ്ഞുപോകുന്നു. അറിവുണ്ട്‌. പക്ഷേ, ക്ഷമയില്ല. വിശ്വാസമുണ്ട്‌ പക്ഷേ, ശക്തിയില്ല. എണ്ണത്തില്‍ വളരെയധികം, പക്ഷേ ഈമാന്‍ വളരെ കുറവാണ്‌. അവരുടെ ഹൃദയം ആരെയും ആകര്‍ഷിക്കുന്നില്ല. അല്ലാഹു സത്യം, ജനങ്ങള്‍ കാര്യങ്ങള്‍ ഗ്രഹിച്ച ശേഷം നിഷേധികളായിട്ടിരുന്നു. ആദ്യം ഒരു കാര്യം ഹറാമാണെന്ന ചിന്തയില്‍ ഭയത്തോടെയാണ്‌ ചെയ്‌തിരുന്നതെങ്കില്‍ ഇപ്പോള്‍ അതേ കാര്യം ധൈര്യത്തോടെ ചെയ്യുന്നു. നിശ്ചയം, അവരുടെ ഈമാന്‍ വെറും വായാടിത്തമായിത്തീര്‍ന്നിരിക്കുന്നു. അന്ത്യദിനത്തില്‍ വിശ്വസിക്കുന്നുണ്ടെങ്കിലും ആ വിശ്വാസം അവരെ സ്വാധീനിക്കുന്നില്ല. സത്യവിശ്വാസികളേ, നിങ്ങള്‍ ബുദ്ധിമാന്മാരും മൃദുല സ്വഭാവികളുമാകണം. ദാരിദ്ര്യത്തില്‍ ക്ഷമിക്കുന്നവരും സമ്പന്നതയില്‍ പരിധി വിടാത്തവരുമാകണം. കടമിടപാടുകള്‍ കൊടുത്തുവീട്ടണം, നീതിയുടെ മാര്‍ഗത്തില്‍ ഉറച്ചുനില്‌ക്കണം. വെറുപ്പുള്ളവരോടു പോലും അനീതി കാണിക്കരുത്‌.

പ്രിയപ്പെട്ടവരെ വഴിവിട്ടു സഹായിക്കരുത്‌. മറ്റുള്ളവരുടെ കുറ്റങ്ങള്‍ ചികഞ്ഞുനടക്കരുത്‌. കുത്തുവാക്കുകള്‍ പറയരുത്‌. കളിതമാശകളില്‍ മതിമറക്കരുത്‌. ഏഷണിക്കാരാവരുത്‌. അവകാശമില്ലാത്തത്‌ ആഗ്രഹിക്കരുത്‌. കൊടുത്തുവീട്ടേണ്ട ബാധ്യതകള്‍ നിഷേധിക്കരുത്‌. മറ്റുള്ളവരുടെ പാപത്തിലും കഷ്‌ടപ്പാടിലും സന്തോഷിക്കരുത്‌. മറ്റുള്ളവരെ വേദനിപ്പിക്കുന്ന വാക്കും പ്രവൃത്തിയും അരുത്‌. നമ്മുടെ ഹൃദയവും ശരീരവും കണ്ണുമെല്ലാം അല്ലാഹുവിന്റെ മുന്നില്‍ തല കുനിക്കണം. അല്ലാഹുവില്‍ നിന്ന്‌ നേട്ടം ലഭിക്കുന്ന കാര്യങ്ങള്‍ക്കുവേണ്ടി എന്തു നഷ്‌ടം സഹിക്കാനും തയ്യാറാവണം...''

സ്വഹാബിവര്യന്‍ സെയ്‌ദുബ്‌നു സ്വാബിത്‌ മോചിപ്പിച്ച അടിമ യാസിറും പ്രവാചക പത്‌നി ഉമ്മു സലമയുടെ അടിമ ഖയ്‌റയുമായിരുന്നു ഹസന്‍ ബസ്വരിയുടെ മാതാപിതാക്കള്‍. ഹിജ്‌റ 110 ല്‍ അദ്ദേഹം അന്തരിച്ചു.

ഇല്ല, ഞാന്‍ തെറ്റിലേക്കില്ല!

അബ്‌ദുല്‍വദൂദ്‌   .

നട്ടെല്ലിന്‌ ക്ഷതം ബാധിച്ച്‌ തളര്‍ന്നുകിടക്കുന്ന ചില രോഗികളെ കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചു. ആരോഗ്യം തിരിച്ചുകിട്ടാവുന്ന ഒരു ചികിത്സാപദ്ധതി അവരെ ധരിപ്പിക്കാനും സൗജന്യമായി അത്‌ നിര്‍വഹിച്ചുകൊടുക്കാനുമായിരുന്നു സുഹൃത്തുക്കളോടൊപ്പം അവരെ തേടിച്ചെന്നത്‌. പതിനാല്‌ വര്‍ഷമായി ഒരേ കിടപ്പില്‍ കഴിയുന്ന ഒരാള്‍ ചികിത്സയെപ്പറ്റിയെല്ലാം ചോദിച്ചറിഞ്ഞ്‌ പ്രതീക്ഷ നിറഞ്ഞ ആനന്ദത്തോടെ പറഞ്ഞു: ``പഴയ അവസ്ഥ തിരിച്ചുകിട്ടണമെന്നില്ല. എങ്കിലും കുറച്ചൊക്കെ ഒരു പുരോഗതി ഉണ്ടായാല്‍ തന്നെ എനിക്കതു മതി. ഇബാദത്തുകള്‍ വര്‍ധിപ്പിച്ച്‌ പഴയതിനേക്കാള്‍ കൂടുതല്‍ നല്ല ജീവിതം നയിക്കണം. അതുമാത്രമാണ്‌ എന്റെ ആഗ്രഹം.''

ഇതേ അവസ്ഥയില്‍ ആറു വര്‍ഷമായി കിടക്കുന്ന മറ്റൊരാള്‍ പറഞ്ഞത്‌ മറ്റൊരു വിധത്തില്‍: ``ഈ അവസ്ഥയില്‍ നിന്നൊരു മോചനം ഞാനാഗ്രഹിക്കുന്നുണ്ട്‌. എന്റെ കാര്യങ്ങള്‍ എനിക്കു തന്നെ നിര്‍വഹിക്കാവുന്ന ഒരവസ്ഥ മതി. പണ്ടത്തെ ആ നല്ല അവസ്ഥയിലേക്ക്‌ തിരിച്ചുപോകാന്‍ എനിക്ക്‌ ഭയമാണ്‌. കാരണം എനിക്ക്‌ എന്നെ വിശ്വാസമില്ല. ഞാന്‍ വീണ്ടും തെറ്റിപ്പോകും...''

സ്വന്തത്തെക്കുറിച്ച്‌ പുലര്‍ത്തുന്ന വിചാരങ്ങളുടെ രണ്ടവസ്ഥയാണിത്‌. അവനവനെ വിശ്വസിക്കാന്‍ കഴിയലാണ്‌ ഏറ്റവും വലിയ വിശ്വസ്‌തത. കടുത്ത സമ്മര്‍ദങ്ങളോടും പിടിച്ചുവലിക്കുന്ന പൈശാചികതകളോടും എതിരിട്ട്‌ കറപറ്റാതെ സ്വന്തത്തെ നിലനിര്‍ത്താന്‍ കഴിയുമെന്ന ഉറപ്പാണത്‌.
``വിശ്വസ്‌തതയില്ലാത്തവന്‌ സത്യവിശ്വാസമില്ല'' എന്ന്‌ തിരുനബി(സ) പറയുന്നുണ്ട്‌. അമാനത്ത്‌ (വിശ്വസ്‌തത) വിശാലമായ അര്‍ഥമേകുന്നുണ്ട്‌. എനിക്ക്‌ എന്നെ വിശ്വാസമുണ്ടാകലും എന്നെ മറ്റുള്ളവര്‍ക്ക്‌ വിശ്വസിക്കാന്‍ കഴിയലും അതില്‍ പ്രധാനമാണ്‌. മനസ്സിനെയും ശരീരാവയവങ്ങളെയും കേടില്ലാതെ നിലനിര്‍ത്തലാണ്‌ അവനവനെക്കുറിച്ചുള്ള വിശ്വസ്‌തതയില്‍ പ്രധാനം. ``മനസ്സ്‌ കുഞ്ഞിളം പൈതലിനെപ്പോലെയാണ്‌. അശ്രദ്ധമായി അതിനെ വിട്ടയച്ചാല്‍ യുവാവായാലും മുലകുടി മാറ്റില്ല. മുലകുടി നിര്‍ത്തിച്ചാലോ, ആ ശീലം പിന്നെ ആവര്‍ത്തിക്കില്ല.''

പ്രമുഖ താബിഈ പണ്ഡിതന്‍ അബ്‌ദുല്ല അല്‍ഖുസാഈ പറയുന്നു: ``എനിക്ക്‌ എന്റെ നാവ്‌ നേരാംവണ്ണം നന്നാവാന്‍ ഇരുപത്‌ വര്‍ഷം ഞാന്‍ അധ്വാനിച്ചു.'' ``എന്റെ മനസ്സിനെ നിയന്ത്രിച്ചുനിര്‍ത്താന്‍ കഴിഞ്ഞ നാല്‍പത്‌ വര്‍ഷമായി ഞാന്‍ പാടുപെടുകയാണ്‌'' എന്ന്‌ മുഹമ്മദ്‌ മുന്‍കദിര്‍(റ) പറയുന്നുണ്ട്‌.
``ഞങ്ങള്‍ ധാരാളമായി പ്രാര്‍ഥിക്കുന്നുണ്ട്‌. പക്ഷേ, പ്രാര്‍ഥനകള്‍ സ്വീകരിക്കപ്പെടുന്നില്ല. ഇതെന്തുകൊണ്ടാണ്‌?'' -ഇബ്‌റാഹീമുബ്‌നു അദ്‌ഹമിനോട്‌ ചിലര്‍ ചോദിച്ചു: ഇങ്ങനെയായിരുന്നു മറുപടി: ``നിങ്ങള്‍ അല്ലാഹുവില്‍ വിശ്വസിക്കുന്നുണ്ട്‌. പക്ഷേ അവന്‌ വഴിപ്പെടുന്നില്ല. പ്രവാചകനെ അംഗീകരിക്കുന്നുണ്ട്‌. അദ്ദേഹത്തിന്റെ പാത സ്വീകരിക്കുന്നില്ല. ഖുര്‍ആന്‍ ഓതുന്നുണ്ട്‌. അതനുസരിച്ച്‌ പ്രവര്‍ത്തിക്കുന്നില്ല. സ്വര്‍ഗമുണ്ടെന്ന്‌ വിശ്വസിക്കുന്നുണ്ട്‌, അത്‌ നേടിയെടുക്കാന്‍ പരിശ്രമിക്കുന്നില്ല. നരകമുണ്ടെന്ന്‌ വിശ്വസിക്കുന്നു, അതില്‍ നിന്ന്‌ രക്ഷപ്പെടാന്‍ ശ്രമിക്കുന്നില്ല. പിശാച്‌ നിന്റെ ശത്രുവാണെന്ന്‌ മനസ്സിലാക്കിയിട്ടുണ്ട്‌. പക്ഷേ അവനെ മിത്രമായി സ്വീകരിക്കുന്നു. മരണം നിശ്ചിതമാണെന്ന്‌ അറിയാം, അതിനു വേണ്ടി തയ്യാറെടുക്കുന്നില്ല. മരിച്ച മാതാപിതാക്കളെയും കുടുംബങ്ങളെയും ഖബ്‌റടക്കുന്നുണ്ട്‌. അതില്‍ നിന്ന്‌ പാഠമുള്‍ക്കൊള്ളുന്നില്ല. സ്വന്തം തെറ്റുകളില്‍ നിന്ന്‌ പിന്മാറാതെ മറ്റുള്ളവരുടെ തെറ്റുകുറ്റങ്ങള്‍ ചിക്കിപ്പരതുന്ന ഇത്തരക്കാരുടെ പ്രാര്‍ഥനകള്‍ എങ്ങനെ സ്വീകരിക്കപ്പെടാനാണ്‌?'' (മിന്‍ മവാഖിഇല്‍ ഹയാത്‌ 126)

ഖല്‍ബുന്‍ സലീം (സുരക്ഷിത ഹൃദയം) ഉള്ളവര്‍ക്കു മാത്രമേ പരലോകത്ത്‌ സുരക്ഷയുള്ളൂവെന്ന്‌ ഖുര്‍ആന്‍ (അശ്ശുഅറാഅ്‌ 89) പറയുന്നുണ്ട്‌. അല്ലാമാ ഇബ്‌നുല്‍ ഖയ്യിം(റ) `സുരക്ഷിത ഹൃദയ'ത്തെ വിശദീകരിക്കുന്നു. ``ശിര്‍ക്കില്‍ നിന്നും ബിദ്‌അത്തില്‍ നിന്നും മ്ലേച്ഛവികാരങ്ങളില്‍ നിന്നും അശ്രദ്ധയില്‍ നിന്നും ദേഹേച്ഛയില്‍ നിന്നും മോചനം നേടലാണത്‌.''

ശരിയുടെയും തെറ്റിന്റെയും സാഹചര്യങ്ങള്‍ക്ക്‌ നടുവിലാണ്‌ നാം. ബോധപൂര്‍വം നന്മയിലേക്ക്‌ നീങ്ങാനും ബോധപൂര്‍വമല്ലാതെ പോലും തെറ്റിലേക്ക്‌ തെറ്റാനും ഓരോ സെക്കന്റിലും സാധ്യതയുണ്ട്‌. തെറ്റിനെയും വീഴ്‌ചയെയും സംബന്ധിച്ച ഭയം ഉള്ളില്‍ എപ്പോഴും കരുതിവെക്കേണ്ടതുണ്ട്‌. ``സ്വര്‍ഗാവകാശിയായ ഒരാള്‍ നരകാവകാശിയുടെ പ്രവര്‍ത്തനങ്ങള്‍ ചെയ്‌തേക്കാം. നരകാവകാശിയായ ഒരാള്‍ സ്വര്‍ഗാവകാശിയായവരുടെ പ്രവര്‍ത്തനങ്ങളും ചെയ്‌തേക്കാം'' എന്ന്‌ തിരുനബി മുന്നറിയിപ്പ്‌ നല്‍കുന്നുണ്ട്‌.
സാഹചര്യങ്ങള്‍ എവ്വിധമായിരുന്നാലും സമ്മര്‍ദങ്ങള്‍ പിടിച്ചുലച്ചാലും മറ്റാരും കാണാനില്ലാത്തപ്പോഴും എത്ര സ്വകാര്യതയിലായിരുന്നാലും ഏത്‌ വിദൂരത്തിലാകുമ്പോഴും എത്ര ആസ്വാദ്യകരമായിരുന്നാലും - ഇല്ല, ഞാന്‍ തെറ്റിലേക്ക്‌ പിഴയ്‌ക്കുകയില്ലെന്ന ഉറപ്പ്‌ നമുക്കുണ്ടോ? അതാണ്‌ ഏറ്റവും വലിയ ശക്തി. അല്ലാഹു എന്ന ഒരൊറ്റ വിചാരമാണ്‌ അതിന്റെ പിന്‍ബലം.

നബി(സ)യുടെ ഒരു പ്രാര്‍ഥന ഇങ്ങനെയായിരുന്നു: ``അല്ലാഹുവേ! എന്റെ പാപങ്ങള്‍, ഞാന്‍ അറിയാതെ ചെയ്‌തതും അധികമായി ചെയ്‌തതും കാര്യമായി ചെയ്‌തതും കളിയായി ചെയ്‌തതും എന്റെ പിഴവുകളുമെല്ലാം നീ എനിക്ക്‌ പൊറുത്തുതരേണമേ''

വൈകിക്കിട്ടിയ കത്തുപോലെ...

സുഹൃത്തിനൊപ്പം യാത്രയിലാണ്‌. വഴിയരികില്‍ കണ്ട വീടിന്റെ ജനല്‍ നോക്കി അദ്ദേഹം പറഞ്ഞു: ``നമ്മുടെ പുതിയ പള്ളിക്ക്‌ `ഇങ്ങനെയുള്ള ജനല്‍ വെക്കണം.''
``ശരി, പക്ഷേ, എല്ലാവരും സ്വന്തം വീടിനെക്കുറിച്ചാണല്ലോ ഇങ്ങനെയൊക്കെ പറയാറുള്ളത്‌, പള്ളിയെക്കുറിച്ചല്ല.''
എന്റെ അഭിപ്രായം കേട്ട്‌ അല്‌പനേരത്തെ ആലോചനക്കു ശേഷം അദ്ദേഹം പറഞ്ഞു: ``ഞാനും വീടിനെക്കുറിച്ചാണ്‌ പറഞ്ഞത്‌. പക്ഷേ, അത്‌ എനിക്ക്‌ കിട്ടണമെന്ന്‌ ഞാനാഗ്രഹിക്കുന്ന സ്വര്‍ഗത്തിലെ വീടിനെക്കുറിച്ചാണെന്നു മാത്രം!''
സുഹൃത്തിന്റെ മറുപടി ചെവിയില്‍ പതിയുകയല്ല, ചിന്തയെ ഉണര്‍ത്തുകയാണ്‌ ചെയ്‌തത്‌.
തിരക്കിന്നിടയില്‍ ഇങ്ങനെ ചിന്തിക്കാന്‍ നമ്മളൊക്കെ മറന്നുപോയില്ലേ?

വൈകിക്കിട്ടിയ കത്തുപോലെയാണീ ജീവിതം. തിരിച്ചറിയുമ്പോഴേക്ക്‌ തീര്‍ന്നുപോയിരിക്കും. ബാല്യ,കൗമാര, യൗവന ഘട്ടങ്ങള്‍ കൂറ്റന്‍ വേഗതയിലാണ്‌ കടന്നുപോകുന്നത്‌. ഒരോന്നിന്റെയും രസവും മധുരവും അനുഭവിച്ചറിയുമ്പോഴേക്ക്‌ അതോരോന്നും അസ്‌തമിച്ചിരിക്കും. കത്തിത്തീര്‍ന്നു കൊണ്ടേയിരിക്കുന്ന ജീവിതത്തെ ഉണര്‍വോടെ ഉപയോഗപ്പെടുത്തുന്നവര്‍ ബുദ്ധിമാന്മാര്‍.

കഴിഞ്ഞ കാലത്തേക്കൊന്ന്‌ തിരിഞ്ഞുനോക്കുമ്പോള്‍ കര്‍മങ്ങളെക്കുറിച്ച്‌ സംതൃപ്‌തിയുണ്ടോ? എങ്കിലതുമതി! കുറച്ചുകൂടിയൊക്കെ ആകാമായിരുന്നു എന്നൊരു തോന്നല്‍ കൂടെയുണ്ടാകട്ടെ. ഇനിയുള്ള നിമിഷങ്ങള്‍ക്ക്‌ ആ വിചാരം വെളിച്ചം പകരും. എല്ലാം വിട്ടേച്ചുതിരിച്ചുപോകുമ്പോള്‍ നഷ്‌ടബോധമൊട്ടുമില്ലാതെ തികഞ്ഞ മനസ്സംതൃപ്‌തിയോടെ മടങ്ങാനാകണം.

അധികമാളുകളും അലസമായാണ്‌ ജീവിക്കുന്നത്‌. അടിയന്തിരമായും ശ്രദ്ധിക്കേണ്ട പല കാര്യങ്ങളും വിസ്‌മരിക്കുന്നു. രോഗത്തിന്റെയും മരണത്തിന്റെയും മഹാസത്യത്തിലേക്ക്‌ നമ്മളും എത്തിച്ചേരാനിരിക്കുന്നു. വിറങ്ങലിച്ചു വിടവാങ്ങേണ്ട ഒരു ദിവസം നമുക്കും സ്വന്തമായുണ്ട്‌. തുണിക്കടയില്‍ നിന്ന്‌ ബാഗ്‌ നിറയെ വസ്‌ത്രങ്ങളുമായി മടങ്ങുമ്പോള്‍ ഒന്നുമാത്രം വാങ്ങാന്‍ നമ്മള്‍ മറന്നു. ഏത്‌ നിമിഷവും ആവശ്യമായേക്കാവുന്ന ഒരു തുണി. അതില്‍ പൊതിഞ്ഞുകിടന്ന്‌ തിരിച്ചുപോകാനുള്ള ചിന്ത എപ്പോഴാണ്‌ മറന്നുപോയത്‌?

അംറുബ്‌നുല്‍ആസ്വ്‌(റ) രോഗബാധിതനായി കിടക്കേ നിറകണ്ണുകളോടെ മകനു നല്‍കിയ വസ്വിയ്യത്ത്‌ ഇപ്രകാരമായിരുന്നു:

``മൂന്ന്‌ ഘട്ടങ്ങള്‍ പിന്നിട്ടവനാണ്‌ ഞാന്‍. ആദ്യം ഞാന്‍ ഒരു അവിശ്വാസിയായിരുന്നു. അന്ന്‌ ഞാന്‍ മരിച്ചിരുന്നുവെങ്കില്‍ നരകാവകാശിയാകുമെന്നുറപ്പാണ്‌. റസൂലിന്‌ ബൈഅത്ത്‌ ചെയ്‌ത സന്ദര്‍ഭമാണ്‌ രണ്ടാമത്തെ ഘട്ടം. തിരുമേനിയെ നിറകണ്ണോടെ ഒന്നു നോക്കാന്‍ പോലും സാധിക്കാത്തവിധം അങ്ങേയറ്റം ലജ്ജയായിരുന്നു എനിക്ക്‌. അന്ന്‌ ഞാന്‍ മരിച്ചിരുന്നുവെങ്കില്‍ ജനങ്ങള്‍ പറയും: `അംറിന്‌ നന്മ വരട്ടെ, ജീവിച്ചതും മരിച്ചതും നല്ല നിലക്കായിരുന്നു.' പിന്നെ പല കാര്യങ്ങളിലും ഇടപെട്ടു. അതൊക്കെ ശരിയായിരുന്നോ തെറ്റായിരുന്നോ എന്ന്‌ തീര്‍ത്തുപറയാന്‍ ഈ പാവത്തിനാവില്ല.''
ശേഷം അദ്ദേഹം ചുമരിനുനേരെ തിരിഞ്ഞുകിടന്ന്‌ തേങ്ങാന്‍ തുടങ്ങി.

``അല്ലാഹുവേ, നീ ഞങ്ങളോട്‌ കല്‌പിച്ചു. ഞാന്‍ ധിക്കരിച്ചു. നീ ചെയ്യരുതെന്ന്‌ പറഞ്ഞത്‌ ഞാന്‍ ചെയ്‌തു. നിന്റെ കനിവും വിട്ടുവീഴ്‌ചയുമില്ലാതെ ഒന്നും ആശിക്കാനാവില്ല. എനിക്ക്‌ ഒരു ശക്തിയുമില്ല. എന്നെ സഹായിക്കേണമേ. നിരപരാധിയല്ല ഞാന്‍. എന്നോട്‌ പൊറുക്കേണമേ. അഹന്തയൊട്ടുമില്ല. പാപമോചന പ്രാര്‍ഥന മാത്രമേയുള്ളൂ. എനിക്കെല്ലാം പൊറുത്തതരണേ തമ്പുരാനേ!''

മരണം വരെ ഈ പ്രാര്‍ഥന ഉരുവിട്ടുകൊണ്ടേയിരുന്നു. ആ ജേതാവിന്റെ യാത്ര സാര്‍ഥകമായിരുന്നു. ഫലസ്‌ത്വീനിന്റെയും ഈജിപ്‌തിന്റെയും ഭൂപ്രദേശങ്ങള്‍ ഇസ്‌ലാമിന്റെ കൊടിക്കു കീഴില്‍ കൊണ്ടുവന്ന ഇതിഹാസമായിരുന്നു അദ്ദേഹം. ആദി ഖിബ്‌ല അവകാശികള്‍ക്ക്‌ തിരിച്ചുകിട്ടിയതിനു പിന്നിലെ കൂര്‍മബുദ്ധിയും കൂര്‍ത്ത തന്ത്രവും അദ്ദേഹത്തിന്റെതായിരുന്നു.
ഉമറുബ്‌നു അബ്‌ദില്‍അസീസ്‌(റ) മരണസമയത്ത്‌ മക്കളെ വിളിച്ച്‌ പറഞ്ഞതിങ്ങനെ: ``മക്കളേ, ധാരാളം നന്മകള്‍ നിങ്ങള്‍ക്കായി ഞാന്‍ വിട്ടേച്ചിട്ടുണ്ട്‌. ഏത്‌ മുസ്‌ലിമിന്റെയും അമുസ്‌ലിമിന്റെയും അരികിലൂടെ നടക്കുമ്പോഴും നിങ്ങളോടുള്ള കടപ്പാട്‌ അവര്‍ ഓര്‍ക്കാതിരിക്കില്ല. മക്കളേ, നിങ്ങളുടെ മുമ്പില്‍ രണ്ട്‌ വഴികളാണുള്ളത്‌. ഒന്നുകില്‍ നിങ്ങള്‍ പണക്കാരായി ഉപ്പ നരകത്തില്‍ പോകുക. അല്ലെങ്കില്‍ നിങ്ങള്‍ ദരിദ്രരായി ഉപ്പ സ്വര്‍ഗത്തില്‍ പോവുക. സമ്പത്തിനേക്കാള്‍ നിങ്ങള്‍ക്കിഷ്‌ടം ഉപ്പയെ നരകത്തില്‍ നിന്ന്‌ രക്ഷപ്പെടുത്തലാവും എന്നാണ്‌ എന്റെ വിശ്വാസം.

ഉസ്‌മാനുബ്‌നു അഫ്‌ഫാന്റെ ഭരണാന്ത്യത്തിലാണ്‌ മദീനയിലെ ഏഴ്‌ മതപണ്ഡിതന്മാരില്‍ ഒരാളായ ഖാസിം ജനിച്ചത്‌. അബൂബക്കര്‍ സ്വിദ്ദീഖിന്റെ മകന്‍ മുഹമ്മദാണ്‌ പിതാവ്‌. കിസ്‌റാ ചക്രവര്‍ത്തിയുടെ മകള്‍ മാതാവും. ആഇശ(റ)യാണ്‌ ഖാസിമിനെ വളര്‍ത്തിയത്‌. മഹാപണ്ഡിതനായിരുന്നു അദ്ദേഹം. 90 വയസ്സ്‌ കഴിഞ്ഞ്‌ കാഴ്‌ച നഷ്‌ടപ്പെട്ട ഖാസിം ഹജ്ജിന്‌ വരുന്നതിനിടയിലാണ്‌ മരിച്ചത്‌. മരണം അടുത്തെന്ന്‌ തോന്നിയപ്പോള്‍ അദ്ദേഹം മകനോട്‌ പറഞ്ഞു. ``ഞാന്‍ മരിച്ചാല്‍, എന്റെ നമസ്‌കാര വസ്‌ത്രത്തില്‍ എന്റെ കുപ്പായം, തുണി, തട്ടം എന്നിവയില്‍ എന്നെ കഫന്‍ ചെയ്യണം. എന്റെ ഉപ്പാപ്പ അബൂബക്കറിനെ കഫന്‍ ചെയ്‌തത്‌ അങ്ങനെയാണ്‌. എന്നെ ഖബറടക്കി കുഴിനിരപ്പാക്കി നീ കുടുംബത്തിലേക്ക്‌ പോകണം. എന്റെ ഖബറിന്നരികില്‍ വന്ന്‌ `അദ്ദേഹം അതായിരുന്നു, ഇതായിരുന്നു' എന്ന്‌ പറയരുത്‌, ഞാന്‍ ഒന്നുമായിരുന്നില്ല!

വെളിച്ചത്തിനു പിറകില്‍ തന്നെ തുടരുക!

ഉഹ്‌ദ്‌ യുദ്ധം കഴിഞ്ഞ്‌ മുസ്‌ലിംകള്‍ മടങ്ങുകയാണ്‌. അതാ, അവരെ കാത്ത്‌ വഴിവക്കില്‍ ഒരു സ്‌ത്രീ. ബനൂദീനാര്‍ ഗോത്രക്കാരി. കടുത്ത ആശങ്കയുള്ള മുഖഭാവം. അവളുടെ പല ബന്ധുക്കളും യുദ്ധത്തിനു പോയിരുന്നു. ഭര്‍ത്താവും പിതാവും സഹോദരനും കൂട്ടത്തിലുണ്ട്‌. അവരൊക്കെ എന്തായിരിക്കും. ജീവിച്ചിരിപ്പുണ്ടോ അതോ രക്തസാക്ഷികളായോ?

വളരെ ദുഖകരമായ വാര്‍ത്തയാണ്‌ അവള്‍ കേള്‍ക്കാനിരിക്കുന്നത്‌. ഉറ്റവരായ മൂന്നുപേരും രക്തസാക്ഷികളായിരിക്കുന്നു. ഈ കനത്ത സങ്കടം സഹിക്കാന്‍ അവള്‍ക്ക്‌ കഴിയുമോ? ഹൃദയം തകര്‍ക്കുന്ന ഈ വാര്‍ത്ത എങ്ങനെ അറിയിക്കും? -യോദ്ധാക്കള്‍ ആലോചിച്ചു.

മൂന്നുപേരും നഷ്‌ടപ്പെട്ട വിവരം ഒന്നിച്ച്‌ അറിയേണ്ട. ഓരോന്നായി അറിയിക്കാം. ``സഹോദരീ, നിങ്ങളുടെ ഭര്‍ത്താവ്‌ രക്തസാക്ഷിയായിരിക്കുന്നു.'' 

പ്രിയങ്കരനായ പ്രിയതമന്‍ നഷ്‌ടപ്പെട്ടെന്നോ! അവളൊന്ന്‌ ഞെട്ടി. ദുഖം താങ്ങിനിര്‍ത്തി അവള്‍ ചോദിച്ചു: ``നമ്മുടെ നബിയുടെ സ്ഥിതി എന്ത്‌? അദ്ദേഹത്തിന്‌ വല്ലതും സംഭവിച്ചിട്ടുണ്ടോ?''

``സഹോദരീ, നിങ്ങളുടെ ബാപ്പയും രക്തസാക്ഷിയായിരിക്കുന്നു.'' സ്‌നേഹവത്സലനായ പിതാവും നഷ്‌ടപ്പെട്ടുവോ! നെഞ്ച്‌ പിളരുന്നതുപോലെ അവള്‍ക്ക്‌ തോന്നി. ``നബിക്ക്‌ ഒന്നും പറ്റിയില്ലല്ലോ'' -അവള്‍ ചോദിച്ചു.
``പെങ്ങളേ, നിങ്ങളുടെ സഹോദരനും വധിക്കപ്പെട്ടിരിക്കുന്നു.''
``ഞാന്‍ ചോദിച്ചതിന്‌ നിങ്ങള്‍ മറുപടി പറഞ്ഞില്ലല്ലോ. എന്റെ നബിയുടെ സ്ഥിതിയെന്ത്‌? അദ്ദേഹം സുരക്ഷിതനല്ലേ?''
സോദരീ, അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ നമ്മുടെ നബി സുരക്ഷിതനാണ്‌. സുഖത്തോടെയിരിക്കുന്നു. അദ്ദേഹത്തിന്‌ യാതൊന്നും സംഭവിച്ചിട്ടില്ല.
``ഇല്ല. അദ്ദേഹത്തെ കണ്ടാലേ എനിക്ക്‌ സമാധാനമാകൂ. എനിക്ക്‌ അദ്ദേഹത്തെ കാണിച്ചുതരുമോ?''
അവര്‍ തിരുനബിയെ അവള്‍ക്ക്‌ കാണിച്ചുകൊടുത്തു. നബിയെ അവള്‍ കണ്‍കുളിര്‍ക്കെ കണ്ടു. ഉറ്റവര്‍ നഷ്‌ടപ്പെട്ടതിന്റെ സങ്കടംകൊണ്ട്‌ തുളുമ്പുന്ന കണ്ണുകളോടെയും തിരുനബിയെ തിരിച്ചുകിട്ടിയതിലുള്ള കണ്‍കുളിര്‍മയോടെയും അവള്‍ പറഞ്ഞു: ``ഇല്ല റസൂലേ, ഇല്ല. അങ്ങ്‌ സുരക്ഷിതനാണെങ്കില്‍ ഇവള്‍ക്ക്‌ യാതൊന്നും പ്രശ്‌നമല്ല. എല്ലാ ദുരന്തവും നിസ്സാരമാണ്‌.'' (ഇബ്‌നുഹിശാം, അസ്സീറത്തുന്നബവിയ്യ 3:105)

*****
തിരുനബി(സ) മക്കയില്‍ നിന്ന്‌ പലായനംചെയ്‌ത്‌ മദീനയിലെത്തിയ സന്ദര്‍ഭം. മദീനക്കാര്‍ക്ക്‌ ആനന്ദത്തിന്‌ അതിരില്ല. വില മതിക്കാനാവാത്ത സൗഭാഗ്യമാണ്‌ കൈവന്നത്‌. നബിക്ക്‌ സമ്മാനങ്ങള്‍ നല്‌കാനും സല്‍ക്കരിക്കാനും സൗകര്യങ്ങളൊരുക്കാനും അവര്‍ മത്സരിച്ചു. പലരും പല വിധത്തിലുള്ള സമ്മാനങ്ങളുമായി നബിക്കരികിലെത്തി.

പാവം ഉമ്മുസുലൈം. നബിക്കൊരു സമ്മാനം നല്‌കണമെന്ന്‌ അതിയായ ആഗ്രഹമുണ്ട്‌. പക്ഷേ, നല്‌കാനൊന്നുമില്ല. അവള്‍ ഒറ്റക്കിരുന്ന്‌ ആലോചിച്ചു. സങ്കടപ്പെട്ടു. അവസാനം ഒരു മാര്‍ഗം കണ്ടെത്തി; കൊള്ളാം. അതുതന്നെ ചെയ്യാം!

ഒട്ടും വൈകിയില്ല. അവള്‍ നബിക്കരികിലേക്ക്‌ പുറപ്പെട്ടു. പത്തു വയസ്സുകാരന്‍ പുത്രനെയും കൂടെക്കൂട്ടി.
``പ്രവാചകരേ, അങ്ങേക്ക്‌ പലരും പല ഉപഹാരങ്ങളും തരുന്നുണ്ടല്ലോ. എനിക്കുമുണ്ട്‌ അതിയായ മോഹം. പക്ഷേ, എന്റെയടുത്ത്‌ യാതൊന്നുമില്ല. ഇവനെന്റെ പൊന്നുമോന്‍ അനസ്‌. എന്റെ സമ്പാദ്യം. എന്റെ ജീവന്റെ ജീവന്‍! ഇവനെ അങ്ങ്‌ സ്വീകരിക്കണം. അങ്ങയുടെ സേവകനായി, ഭൃത്യനായി കൂടെ നില്‍ക്കട്ടെ. വേണ്ടെന്നു പറയരുത്‌. തീര്‍ച്ചയായും സ്വീകരിക്കണം. ഇവനു വേണ്ടി പ്രാര്‍ഥിക്കണേ റസൂലേ.''
തിരുനബി ആ സമ്മാനം സ്‌നേഹപൂര്‍വം സ്വീകരിച്ചു. അവനു വേണ്ടി പ്രാര്‍ഥിച്ചു. ആ ദിവസം മുതല്‍ തിരുനബിയുടെ ജീവിതാന്ത്യം വരെ അവന്‍ കൂടെ നിന്നു. വിഖ്യാത പണ്ഡിതനായി, തലമുറകള്‍ക്ക്‌ തിരുചര്യ പഠിപ്പിച്ച ഗുരുനാഥനായി; അനസ്‌ബ്‌നു മാലിക്‌(റ). (അല്‍ഇസ്വാബ 4:442)

*****
പ്രവാചകസ്‌നേഹം ഹൃദയഭിത്തികളില്‍ കൊത്തിവെച്ച സച്ചരിതരുടെ ഓര്‍മകളാണിത്‌. തിരുദൂതരോടുള്ള തീവ്രാനുരാഗം അവരെ എന്തിനും സന്നദ്ധമാക്കിയിരുന്നു. അവര്‍ക്ക്‌ അദ്ദേഹം ജീവനെക്കാള്‍ ജീവനായിത്തീര്‍ന്നു. പ്രിയപ്പെട്ടവയെല്ലാം ആ പ്രിയപ്പെട്ടവനുവേണ്ടി അവര്‍ ത്യജിച്ചു. റസൂലിന്റെ വാക്കുകളും തീര്‍പ്പുകളും സന്ദേഹങ്ങളില്ലാതെ അവര്‍ സ്വീകരിച്ചു. സത്യവിശ്വാസത്തിന്റെ സമ്പൂര്‍ണതയ്‌ക്ക്‌ അങ്ങനെ വേണമെന്ന്‌ ഖുര്‍ആന്‍ (4:65) ഉണര്‍ത്തുകയും ചെയ്‌തു. അല്ലാഹു ഉദ്ദേശിക്കുന്നതേ അദ്ദേഹം മൊഴിയൂവെന്നും (53:3,4) അവര്‍ ഉള്‍ക്കൊണ്ടു. അതിനു വിപരീതം പ്രവര്‍ത്തിക്കുന്നതിന്റെ അപകടം അവര്‍ തിരിച്ചറിഞ്ഞു (24:63). ഞാന്‍ കൊണ്ടുവന്നതെന്തും നിങ്ങളുടെ ഇഷ്‌ടമാകുന്നതുവരെ നിങ്ങള്‍ സത്യവിശ്വാസികളാവുകയില്ലെന്നും അല്ലാഹുവോടും റസൂലിനോടുമുള്ള ഇഷ്‌ടം മറ്റേതിനെക്കാളും പ്രിയങ്കരമാവുന്നവര്‍ക്കേ സത്യവിശ്വാസത്തിന്റെ മധുരാനുഭവം അറിയൂ എന്നും അവിടുന്ന്‌ പറഞ്ഞു. ആ മധുരാനുഭവം അറിയേണ്ടവരാണ്‌ നമ്മളും. നമ്മുടെ ഹൃദയത്തിന്റെ സൗന്ദര്യമാകട്ടെ ആ റസൂല്‍! കരളിന്റെ കുളിരായി അവിടുത്തെ വചനങ്ങള്‍ നമ്മില്‍ പുലരട്ടെ. ആ സന്ദേശങ്ങള്‍ നമ്മുടെ വഴിയില്‍ പടരട്ടെ. സ്‌നേഹറസൂല്‍ നമ്മുടെ മുന്നില്‍ വെളിച്ചമാണ്‌. ഇരുട്ടുകളെയെല്ലാം തകര്‍ത്ത്‌ ആ വെളിച്ചത്തിനു പിറകില്‍ തന്നെ തുടരുക!

വേഗം തുന്നിക്കെട്ടുക!

`മോനേ, അവനാകെ മാറിപ്പോയി. കല്യാണം കഴിഞ്ഞതോടെ അവന്റെ സ്വഭാവം പുതിയ രീതിയിലായി. എന്നോട്‌ അവനൊരു നല്ല വാക്കേ പറയില്ല. എല്ലാ കാര്യത്തിലും അവന്‍ അവളുടെ പക്ഷത്ത്‌ നില്‍ക്കും. അവള്‍ ചെയ്യുന്നതെല്ലാം അവന്‌ ശരിയാണ്‌. ഞാന്‍ ചെയ്യുന്നതെല്ലാം കുറ്റവുമാണ്‌. അവളുടെ മുന്നില്‍ വെച്ച്‌ അവനെന്നെ ചീത്തവിളിച്ചു മോനേ. അതുകേട്ട്‌ ഞാന്‍ കരഞ്ഞുപോയി. എന്നെ അവന്‌ എന്തൊരിഷ്‌ടമായിരുന്നു! എനിക്ക്‌ ചുംബനം തരാതെ അവന്‍ പുറത്തേക്ക്‌ പോവാറില്ല. അങ്ങനെയുള്ള അവന്‍ കഴിഞ്ഞ ആഴ്‌ച ഗള്‍ഫിലേക്ക്‌ മടങ്ങിപ്പോയത്‌ എന്നെ അറിയിച്ചില്ല. അവളുടെ വീട്ടില്‍ നിന്നാണ്‌ അവന്‍ പോയത്‌. ഞാനവനോട്‌ യാതൊരു തെറ്റും ചെയ്‌തിട്ടില്ല. ഉണ്ടെങ്കില്‍ തന്നെ മാപ്പ്‌ ചോദിക്കാന്‍ ഞാനൊരുക്കമാണ്‌. മോന്‍ അവനെയൊന്ന്‌ വിളിച്ചുപറയുമോ? ഞാന്‍ ഭക്ഷണം കഴിച്ചിട്ട്‌ ദിവസങ്ങളായി. ഞാനാകെ തളര്‍ന്നുപോയി, മോനേ. മരിച്ചാല്‍ മതി എന്നായിട്ടുണ്ട്‌. എന്റെ സ്ഥിതി.....!'

കഴിഞ്ഞ ദിവസം വന്ന ഒരു ഫോണ്‍ കോളാണിത്‌. അടുത്ത സുഹൃത്തായ ഒരു ഇസ്‌ലാമിക പ്രവര്‍ത്തകന്റെ ഉമ്മയുടെ ഈ വാക്കുകള്‍ കേട്ട്‌ ഞെട്ടിപ്പോയി. ഒരിക്കലും പ്രതീക്ഷിച്ചില്ല അവന്‍ ഇങ്ങനെയൊക്കെ ആകുമെന്ന്‌. ഹൃദ്യമായ കുടുംബമാണ്‌ അവന്റേത്‌. പലപ്പോഴും അവിടെ പോയിട്ടുണ്ട്‌. ഉമ്മയും അവനും തമ്മിലുള്ള സ്‌നേഹം നേരിട്ടറിഞ്ഞിട്ടുമുണ്ട്‌. `മാതൃകാകുടുംബം' എന്ന്‌ അയല്‍ക്കാരും ബന്ധുക്കളുമൊക്കെ അവരെപ്പറ്റി പറയാറുണ്ട്‌. പിന്നെയെന്ത്‌ സംഭവിച്ചു? അവനെ വിളിച്ചു ചോദിച്ചു.

``ശരിയാണ്‌. എനിക്ക്‌ ഉമ്മയോട്‌ ദേഷ്യപ്പെടേണ്ടിവന്നു. ഒരിക്കലും ഉമ്മയില്‍ നിന്ന്‌ പ്രതീക്ഷിക്കാത്തതാണ്‌ സംഭവിച്ചത്‌. ഉമ്മക്ക്‌ എന്റെ ഭാര്യയെ ഇഷ്‌ടമല്ല. അവള്‍ അധികം സംസാരിക്കാത്തവളാണ്‌. വീട്ടില്‍ ആരു വന്നാലും അവള്‍ അവരോടൊന്നും അധികം മിണ്ടില്ല. ഉമ്മയുടെ വിചാരം വീട്ടില്‍ ആരും വരുന്നത്‌ അവള്‍ക്ക്‌ ഇഷ്‌ടമല്ല എന്നാണ്‌. അവള്‍ ചെയ്യുന്നതിനെയെല്ലാം ഉമ്മ കുറ്റപ്പെടുത്തി സംസാരിക്കും. നോക്കൂ, നിനക്കറിയുമോ ഇത്രകാലം ഗള്‍ഫില്‍ കഴിഞ്ഞിട്ടും എനിക്ക്‌ സ്വകാര്യമായി ഒരു സമ്പാദ്യവുമില്ല. എല്ലാം വീട്ടുകാര്‍ക്കു വേണ്ടിയാണ്‌ ചെലവഴിച്ചത്‌. എന്റെ പെങ്ങന്‍മാരെ സംരക്ഷിക്കുന്നതും കെട്ടിച്ചയച്ചതും ഞാനാണ്‌. എന്നിട്ടും അവരൊക്കെ എനിക്ക്‌ എതിരാണ്‌. കുടുംബത്തിലെ മറ്റാളുകളെ വെച്ച്‌ എന്നെ അളക്കുന്നു. എപ്പോഴും കുറ്റപ്പെടുത്തി സംസാരിക്കുന്നു. അവളെ ഞാന്‍ ന്യായീകരിക്കുന്നില്ല. അവളുടെ അടുത്തും കുഴപ്പങ്ങളുണ്ടാകാം. പക്ഷെ എന്റെ വീട്ടുകാര്‍ എന്നെ ഒറ്റപ്പെടുത്തുകയാണ്‌. ഞാന്‍ ശരിക്കൊന്ന്‌ ഉറങ്ങിയിട്ടും ഭക്ഷണം കഴിച്ചിട്ടുമൊക്കെ ദിവസങ്ങളായി. ആകെ തളര്‍ന്നുപോയിരിക്കുകയാണ്‌. മറ്റുള്ള ചില വീടുകളിലൊക്കെ പറഞ്ഞുകേട്ടത്‌ ഇപ്പോള്‍ എന്റെ വീട്ടിലും വന്നിരിക്കുന്നു, സഹിക്കാനാവുന്നില്ല.....!''
എന്തുചെയ്യും? രണ്ട്‌ കൂട്ടരിലും ശരിയും തെറ്റുമുണ്ട്‌. അവര്‍ക്ക്‌ അവരുടേതായ ന്യായീകരണങ്ങളുണ്ട്‌. ആരുടെയും പക്ഷത്തു നില്‍ക്കാതെ കാര്യങ്ങള്‍ ഒത്തുതീര്‍പ്പാക്കണം. ദിവസങ്ങള്‍ നീണ്ടാല്‍ അകല്‍ച്ചയും വര്‍ധിക്കും. അവര്‍ മറ്റാരോടും പറഞ്ഞിട്ടില്ല. ഏറ്റവും അടുത്ത ബന്ധുക്കള്‍പോലും ഈ പൊട്ടിത്തെറി അറിയില്ല. അഴിഞ്ഞ നൂലുകള്‍ കൂട്ടിക്കെട്ടുവാന്‍ എളുപ്പമല്ല. മറ്റൊരു ചെവി അറിയാതെ ഏറ്റവും വേഗത്തില്‍ പരിഹരിക്കണം. ആദ്യം അവനെ വിളിച്ചു:

``നീ പറഞ്ഞതെല്ലാം ശരിയാണ്‌. എങ്കിലും കുറച്ചുകൂടി നിനക്ക്‌ ശ്രദ്ധിക്കാമായിരുന്നു. ആരെയും തെറ്റിക്കാതെ ജീവിക്കാനാണല്ലോ നമ്മള്‍ ശ്രമിക്കേണ്ടത്‌. മറ്റുള്ളവരുടെ വെറുപ്പ്‌ നേടാന്‍ വേഗം കഴിയും. സ്‌നേഹം സമ്പാദിക്കാനാണ്‌ പ്രയാസം. ഉമ്മയും പെങ്ങന്മാരും എന്തൊക്കെ പറഞ്ഞിട്ടുണ്ടെങ്കിലും നീയതൊക്കെ മറക്ക്‌. ആഗ്രഹിക്കാതെ കാണേണ്ടിവന്ന ദുസ്സ്വപ്‌നമാണെന്ന്‌ വിചാരിക്ക്‌. അകല്‍ച്ച ഇനിയും നീട്ടിക്കൊണ്ടുപോയാല്‍ നമ്മള്‍ വിചാരിക്കുന്നതിലേറെ അപകടത്തിലേക്കെത്തും. അല്ലാഹുവിന്റെ മുന്നില്‍ ജയിക്കണമെങ്കില്‍ പലരുടെയും മുന്നില്‍ തോല്‍ക്കേണ്ടിവരും. അതുകൊണ്ട്‌ നീ ക്ഷമിക്ക്‌. ചിലതൊന്നും കണ്ടില്ല, കേട്ടില്ല എന്ന്‌ വിചാരിച്ചാലേ മുന്നോട്ട്‌ പോകാനൊക്കൂ. നീ ഇപ്പോള്‍ തന്നെ ഉമ്മയെ വിളിക്കണം. ചെയ്‌തതിനും പറഞ്ഞതിനുമൊക്കെ മാപ്പുചോദിക്കണം. സഹോദരിമാരെയും വിളിക്കണം. എല്ലാ വെറുപ്പും മറന്ന്‌ അവര്‍ക്കൊക്കെ വേണ്ടി അല്ലാഹുവോട്‌ പ്രാര്‍ഥിക്കണം, ഞാനും പ്രാര്‍ഥിക്കാം. എല്ലാം ശരിയാകും.''

ഉമ്മയെ വിളിച്ചിങ്ങനെ പറഞ്ഞു: ``ഉമ്മാ, കാര്യങ്ങള്‍ കൈവിട്ട അവസ്ഥയിലെത്താന്‍ പാടില്ലായിരുന്നു. നിങ്ങള്‍ പറഞ്ഞതൊക്കെ ശരിയാണ്‌. എങ്കിലും അവനെ നിങ്ങള്‍ ഇനി കുറ്റപ്പെടുത്തരുത്‌. മറ്റുള്ളവരെ വെച്ച്‌ അവനെ അളക്കരുത്‌. നിങ്ങളെപ്പോലെ അവനും ദുഃഖത്തില്‍ തന്നെയാണ്‌. എന്തിനാണ്‌ രണ്ടാളും ഇങ്ങനെ ദുഃഖിച്ച്‌ കഴിയുന്നത്‌? ഇങ്ങനെ ജീവിക്കേണ്ട എന്ന്‌ രണ്ടാളും വിചാരിക്കുന്നുണ്ട്‌. അതുകൊണ്ട്‌ നമുക്കിത്‌ വേഗം പരിഹരിക്കണം. ഉണ്ടായതെല്ലാം ഉമ്മ മറക്കണം. അവനെക്കുറിച്ച്‌ നല്ലതുമാത്രം ചിന്തിക്കണം. മറക്കാനും പൊറുക്കാനുമൊക്കെ മനുഷ്യര്‍ക്കേ കഴിയൂ. ഉമ്മയെ അവനിപ്പോഴും നന്നായി സ്‌നേഹിക്കുന്നുണ്ട്‌. അവന്റെ ഭാര്യയെ നിങ്ങള്‍ തിരികെ കൊണ്ടുവരണം. അവന്‍ നിങ്ങളെ വിളിക്കും. ഉമ്മ സന്തോഷത്തോടെ സംസാരിക്കണം. അവനും അവന്റെ ഭാര്യക്കും വേണ്ടി ഉമ്മ ഉള്ളറിഞ്ഞ്‌ പ്രാര്‍ഥിക്കണം. ഞാന്‍ നിങ്ങള്‍ക്കെല്ലാം വേണ്ടി പ്രാര്‍ഥിക്കുന്നുണ്ട്‌. അല്ലാഹു എല്ലാം ശരിയാക്കും.''

അവന്‍ ഉമ്മയെ വിളിച്ചു. 


രണ്ടുപേരും കരഞ്ഞു. 

ഒന്നും പറയാനാകാതെ വിതുമ്പി. 
ആ കണ്ണീരില്‍ എല്ലാം തീര്‍ന്നു. 
പിണക്കത്തിന്റെ പര്‍വതം ഇണക്കത്തിന്റെ ഇഴുകിച്ചേരലായി. 
ഇരുപത്‌ ദിവസത്തെ ഇടവേളയ്‌ക്കു ശേഷം പരസ്‌പരം ശബ്‌ദം കേട്ടപ്പോള്‍ ആ ഉമ്മയും മകനും എല്ലാം മറന്നു. ആര്‍ദ്രതയുള്ള മാതാവും അനുസരണയുള്ള പുത്രനുമായി!
നോക്കൂ, ഇനിയും പരിഹരിക്കപ്പെടാത്ത എത്രയെത്ര അകല്‍ച്ചകളാണ്‌ നമുക്കിടയില്‍! ശ്രദ്ധയോടെയുള്ള ഒരാളുടെ ഇടപെടല്‍ അവയ്‌ക്ക്‌ പരിഹാരമേകും. സ്‌നേഹത്തോടെയുള്ള സംസാരം ഇരു കൂട്ടരെയും ഇണക്കും. വസ്‌ത്രത്തിലൊരു തുള വീണാല്‍ നാമെന്തുചെയ്യും? വിരലിട്ട്‌ ആ തുള വലുതാക്കുമോ? ഇല്ല. വേഗം തുന്നിക്കെട്ടി പരിഹരിക്കും, അല്ലേ? പ്രശ്‌നങ്ങളിലെല്ലാം നമ്മുടെ നിലപാട്‌ ഇതാകട്ടെ; നമ്മുടെ പ്രശ്‌നങ്ങളിലും, നമ്മളറിയുന്ന പ്രശ്‌നങ്ങളിലും!
 

തർബിയ

അശുദ്ധിയില്ലാത്ത മനസ്സും അഴകുള്ള ജീവിതവും കൈവരുമ്പോൾ മാത്രമേ ഒരാളുടെ ഇസ്‌ലാമിക വ്യക്തിത്വം അർഥപൂർണമാവൂ. വിശുദ്ധ ഖുർ‌ആനും തിരുനബി(സ)യുടെ സാരോപദേശങ്ങളും ഈ വഴിക്കാണ് നമ്മെ നയിക്കുന്നത്. വ്യക്തി എന്ന നിലയിലും കുടുംബ-സാമൂഹിക മേഖലകളിലെ അംഗമെന്ന നിലയിലും പാലിക്കേണ്ട നിർദേശ തത്വങ്ങളുടെ സംഗ്രഹമാണ് ഇസ്‌ലാം. ആദർശ നിഷ്‌ഠയും ആത്മശുദ്ധിയുമുള്ള ഒരു സമൂഹത്തെയാണ് ഇസ്‌ലാം വളർത്തിയെടുക്കുന്നത്. നിലവിലുള്ളതിൽ നിന്ന് കൂടുതൽ മികച്ച മറ്റൊരവസ്ഥയിലേക്ക് എത്തിക്കുക എന്ന പ്രക്രിയയാണ് അത്. പ്രവാചക തിരുമേനി(സ)യുടെ നിയോഗ ലക്ഷ്യമായ ‘തസ്‌കിയത്തി’ന് ഇങ്ങനെയൊരർഥം കൂടിയുണ്ട്. ഇസ്‌ലാമിക പ്രമാണങ്ങളെയും ചരിത്ര പാഠങ്ങളെയും മുൻ‌നിർത്തി ആത്മശുദ്ധീകരണപ്രധാനമായ ആലോചനകളാണ് ഈ ബ്ലോഗിലുള്ള കുറിപ്പുകൾ.

ഇസ്‌ലാം
ജീവിത ശുദ്ധീകരണത്തിന്റെ പുതുമഴയാണ്.
വ്യക്തിത്വത്തിന് ചന്തമുള്ള വഴിയാണ്.
വിശ്വാസിയെ അത് ശാന്തനും പോരാളിയുമാക്കുന്നു.
ഉള്ളും പുറവും സ്‌ഫടിക സുന്ദരമാക്കുന്നു.
സദ്‌ഗുണങ്ങളിലൂടെ സംസ്കാര സമ്പന്നമാക്കുന്നു.

സ്വസ്ഥമായിരുന്ന് സ്വന്തത്തെക്കുറിച്ചാലോചിക്കാൻ ഇതാ അല്പം ചിന്തകൾ.....

Usage Policies