this site the web

വേഗം തുന്നിക്കെട്ടുക!

`മോനേ, അവനാകെ മാറിപ്പോയി. കല്യാണം കഴിഞ്ഞതോടെ അവന്റെ സ്വഭാവം പുതിയ രീതിയിലായി. എന്നോട്‌ അവനൊരു നല്ല വാക്കേ പറയില്ല. എല്ലാ കാര്യത്തിലും അവന്‍ അവളുടെ പക്ഷത്ത്‌ നില്‍ക്കും. അവള്‍ ചെയ്യുന്നതെല്ലാം അവന്‌ ശരിയാണ്‌. ഞാന്‍ ചെയ്യുന്നതെല്ലാം കുറ്റവുമാണ്‌. അവളുടെ മുന്നില്‍ വെച്ച്‌ അവനെന്നെ ചീത്തവിളിച്ചു മോനേ. അതുകേട്ട്‌ ഞാന്‍ കരഞ്ഞുപോയി. എന്നെ അവന്‌ എന്തൊരിഷ്‌ടമായിരുന്നു! എനിക്ക്‌ ചുംബനം തരാതെ അവന്‍ പുറത്തേക്ക്‌ പോവാറില്ല. അങ്ങനെയുള്ള അവന്‍ കഴിഞ്ഞ ആഴ്‌ച ഗള്‍ഫിലേക്ക്‌ മടങ്ങിപ്പോയത്‌ എന്നെ അറിയിച്ചില്ല. അവളുടെ വീട്ടില്‍ നിന്നാണ്‌ അവന്‍ പോയത്‌. ഞാനവനോട്‌ യാതൊരു തെറ്റും ചെയ്‌തിട്ടില്ല. ഉണ്ടെങ്കില്‍ തന്നെ മാപ്പ്‌ ചോദിക്കാന്‍ ഞാനൊരുക്കമാണ്‌. മോന്‍ അവനെയൊന്ന്‌ വിളിച്ചുപറയുമോ? ഞാന്‍ ഭക്ഷണം കഴിച്ചിട്ട്‌ ദിവസങ്ങളായി. ഞാനാകെ തളര്‍ന്നുപോയി, മോനേ. മരിച്ചാല്‍ മതി എന്നായിട്ടുണ്ട്‌. എന്റെ സ്ഥിതി.....!'

കഴിഞ്ഞ ദിവസം വന്ന ഒരു ഫോണ്‍ കോളാണിത്‌. അടുത്ത സുഹൃത്തായ ഒരു ഇസ്‌ലാമിക പ്രവര്‍ത്തകന്റെ ഉമ്മയുടെ ഈ വാക്കുകള്‍ കേട്ട്‌ ഞെട്ടിപ്പോയി. ഒരിക്കലും പ്രതീക്ഷിച്ചില്ല അവന്‍ ഇങ്ങനെയൊക്കെ ആകുമെന്ന്‌. ഹൃദ്യമായ കുടുംബമാണ്‌ അവന്റേത്‌. പലപ്പോഴും അവിടെ പോയിട്ടുണ്ട്‌. ഉമ്മയും അവനും തമ്മിലുള്ള സ്‌നേഹം നേരിട്ടറിഞ്ഞിട്ടുമുണ്ട്‌. `മാതൃകാകുടുംബം' എന്ന്‌ അയല്‍ക്കാരും ബന്ധുക്കളുമൊക്കെ അവരെപ്പറ്റി പറയാറുണ്ട്‌. പിന്നെയെന്ത്‌ സംഭവിച്ചു? അവനെ വിളിച്ചു ചോദിച്ചു.

``ശരിയാണ്‌. എനിക്ക്‌ ഉമ്മയോട്‌ ദേഷ്യപ്പെടേണ്ടിവന്നു. ഒരിക്കലും ഉമ്മയില്‍ നിന്ന്‌ പ്രതീക്ഷിക്കാത്തതാണ്‌ സംഭവിച്ചത്‌. ഉമ്മക്ക്‌ എന്റെ ഭാര്യയെ ഇഷ്‌ടമല്ല. അവള്‍ അധികം സംസാരിക്കാത്തവളാണ്‌. വീട്ടില്‍ ആരു വന്നാലും അവള്‍ അവരോടൊന്നും അധികം മിണ്ടില്ല. ഉമ്മയുടെ വിചാരം വീട്ടില്‍ ആരും വരുന്നത്‌ അവള്‍ക്ക്‌ ഇഷ്‌ടമല്ല എന്നാണ്‌. അവള്‍ ചെയ്യുന്നതിനെയെല്ലാം ഉമ്മ കുറ്റപ്പെടുത്തി സംസാരിക്കും. നോക്കൂ, നിനക്കറിയുമോ ഇത്രകാലം ഗള്‍ഫില്‍ കഴിഞ്ഞിട്ടും എനിക്ക്‌ സ്വകാര്യമായി ഒരു സമ്പാദ്യവുമില്ല. എല്ലാം വീട്ടുകാര്‍ക്കു വേണ്ടിയാണ്‌ ചെലവഴിച്ചത്‌. എന്റെ പെങ്ങന്‍മാരെ സംരക്ഷിക്കുന്നതും കെട്ടിച്ചയച്ചതും ഞാനാണ്‌. എന്നിട്ടും അവരൊക്കെ എനിക്ക്‌ എതിരാണ്‌. കുടുംബത്തിലെ മറ്റാളുകളെ വെച്ച്‌ എന്നെ അളക്കുന്നു. എപ്പോഴും കുറ്റപ്പെടുത്തി സംസാരിക്കുന്നു. അവളെ ഞാന്‍ ന്യായീകരിക്കുന്നില്ല. അവളുടെ അടുത്തും കുഴപ്പങ്ങളുണ്ടാകാം. പക്ഷെ എന്റെ വീട്ടുകാര്‍ എന്നെ ഒറ്റപ്പെടുത്തുകയാണ്‌. ഞാന്‍ ശരിക്കൊന്ന്‌ ഉറങ്ങിയിട്ടും ഭക്ഷണം കഴിച്ചിട്ടുമൊക്കെ ദിവസങ്ങളായി. ആകെ തളര്‍ന്നുപോയിരിക്കുകയാണ്‌. മറ്റുള്ള ചില വീടുകളിലൊക്കെ പറഞ്ഞുകേട്ടത്‌ ഇപ്പോള്‍ എന്റെ വീട്ടിലും വന്നിരിക്കുന്നു, സഹിക്കാനാവുന്നില്ല.....!''
എന്തുചെയ്യും? രണ്ട്‌ കൂട്ടരിലും ശരിയും തെറ്റുമുണ്ട്‌. അവര്‍ക്ക്‌ അവരുടേതായ ന്യായീകരണങ്ങളുണ്ട്‌. ആരുടെയും പക്ഷത്തു നില്‍ക്കാതെ കാര്യങ്ങള്‍ ഒത്തുതീര്‍പ്പാക്കണം. ദിവസങ്ങള്‍ നീണ്ടാല്‍ അകല്‍ച്ചയും വര്‍ധിക്കും. അവര്‍ മറ്റാരോടും പറഞ്ഞിട്ടില്ല. ഏറ്റവും അടുത്ത ബന്ധുക്കള്‍പോലും ഈ പൊട്ടിത്തെറി അറിയില്ല. അഴിഞ്ഞ നൂലുകള്‍ കൂട്ടിക്കെട്ടുവാന്‍ എളുപ്പമല്ല. മറ്റൊരു ചെവി അറിയാതെ ഏറ്റവും വേഗത്തില്‍ പരിഹരിക്കണം. ആദ്യം അവനെ വിളിച്ചു:

``നീ പറഞ്ഞതെല്ലാം ശരിയാണ്‌. എങ്കിലും കുറച്ചുകൂടി നിനക്ക്‌ ശ്രദ്ധിക്കാമായിരുന്നു. ആരെയും തെറ്റിക്കാതെ ജീവിക്കാനാണല്ലോ നമ്മള്‍ ശ്രമിക്കേണ്ടത്‌. മറ്റുള്ളവരുടെ വെറുപ്പ്‌ നേടാന്‍ വേഗം കഴിയും. സ്‌നേഹം സമ്പാദിക്കാനാണ്‌ പ്രയാസം. ഉമ്മയും പെങ്ങന്മാരും എന്തൊക്കെ പറഞ്ഞിട്ടുണ്ടെങ്കിലും നീയതൊക്കെ മറക്ക്‌. ആഗ്രഹിക്കാതെ കാണേണ്ടിവന്ന ദുസ്സ്വപ്‌നമാണെന്ന്‌ വിചാരിക്ക്‌. അകല്‍ച്ച ഇനിയും നീട്ടിക്കൊണ്ടുപോയാല്‍ നമ്മള്‍ വിചാരിക്കുന്നതിലേറെ അപകടത്തിലേക്കെത്തും. അല്ലാഹുവിന്റെ മുന്നില്‍ ജയിക്കണമെങ്കില്‍ പലരുടെയും മുന്നില്‍ തോല്‍ക്കേണ്ടിവരും. അതുകൊണ്ട്‌ നീ ക്ഷമിക്ക്‌. ചിലതൊന്നും കണ്ടില്ല, കേട്ടില്ല എന്ന്‌ വിചാരിച്ചാലേ മുന്നോട്ട്‌ പോകാനൊക്കൂ. നീ ഇപ്പോള്‍ തന്നെ ഉമ്മയെ വിളിക്കണം. ചെയ്‌തതിനും പറഞ്ഞതിനുമൊക്കെ മാപ്പുചോദിക്കണം. സഹോദരിമാരെയും വിളിക്കണം. എല്ലാ വെറുപ്പും മറന്ന്‌ അവര്‍ക്കൊക്കെ വേണ്ടി അല്ലാഹുവോട്‌ പ്രാര്‍ഥിക്കണം, ഞാനും പ്രാര്‍ഥിക്കാം. എല്ലാം ശരിയാകും.''

ഉമ്മയെ വിളിച്ചിങ്ങനെ പറഞ്ഞു: ``ഉമ്മാ, കാര്യങ്ങള്‍ കൈവിട്ട അവസ്ഥയിലെത്താന്‍ പാടില്ലായിരുന്നു. നിങ്ങള്‍ പറഞ്ഞതൊക്കെ ശരിയാണ്‌. എങ്കിലും അവനെ നിങ്ങള്‍ ഇനി കുറ്റപ്പെടുത്തരുത്‌. മറ്റുള്ളവരെ വെച്ച്‌ അവനെ അളക്കരുത്‌. നിങ്ങളെപ്പോലെ അവനും ദുഃഖത്തില്‍ തന്നെയാണ്‌. എന്തിനാണ്‌ രണ്ടാളും ഇങ്ങനെ ദുഃഖിച്ച്‌ കഴിയുന്നത്‌? ഇങ്ങനെ ജീവിക്കേണ്ട എന്ന്‌ രണ്ടാളും വിചാരിക്കുന്നുണ്ട്‌. അതുകൊണ്ട്‌ നമുക്കിത്‌ വേഗം പരിഹരിക്കണം. ഉണ്ടായതെല്ലാം ഉമ്മ മറക്കണം. അവനെക്കുറിച്ച്‌ നല്ലതുമാത്രം ചിന്തിക്കണം. മറക്കാനും പൊറുക്കാനുമൊക്കെ മനുഷ്യര്‍ക്കേ കഴിയൂ. ഉമ്മയെ അവനിപ്പോഴും നന്നായി സ്‌നേഹിക്കുന്നുണ്ട്‌. അവന്റെ ഭാര്യയെ നിങ്ങള്‍ തിരികെ കൊണ്ടുവരണം. അവന്‍ നിങ്ങളെ വിളിക്കും. ഉമ്മ സന്തോഷത്തോടെ സംസാരിക്കണം. അവനും അവന്റെ ഭാര്യക്കും വേണ്ടി ഉമ്മ ഉള്ളറിഞ്ഞ്‌ പ്രാര്‍ഥിക്കണം. ഞാന്‍ നിങ്ങള്‍ക്കെല്ലാം വേണ്ടി പ്രാര്‍ഥിക്കുന്നുണ്ട്‌. അല്ലാഹു എല്ലാം ശരിയാക്കും.''

അവന്‍ ഉമ്മയെ വിളിച്ചു. 


രണ്ടുപേരും കരഞ്ഞു. 

ഒന്നും പറയാനാകാതെ വിതുമ്പി. 
ആ കണ്ണീരില്‍ എല്ലാം തീര്‍ന്നു. 
പിണക്കത്തിന്റെ പര്‍വതം ഇണക്കത്തിന്റെ ഇഴുകിച്ചേരലായി. 
ഇരുപത്‌ ദിവസത്തെ ഇടവേളയ്‌ക്കു ശേഷം പരസ്‌പരം ശബ്‌ദം കേട്ടപ്പോള്‍ ആ ഉമ്മയും മകനും എല്ലാം മറന്നു. ആര്‍ദ്രതയുള്ള മാതാവും അനുസരണയുള്ള പുത്രനുമായി!
നോക്കൂ, ഇനിയും പരിഹരിക്കപ്പെടാത്ത എത്രയെത്ര അകല്‍ച്ചകളാണ്‌ നമുക്കിടയില്‍! ശ്രദ്ധയോടെയുള്ള ഒരാളുടെ ഇടപെടല്‍ അവയ്‌ക്ക്‌ പരിഹാരമേകും. സ്‌നേഹത്തോടെയുള്ള സംസാരം ഇരു കൂട്ടരെയും ഇണക്കും. വസ്‌ത്രത്തിലൊരു തുള വീണാല്‍ നാമെന്തുചെയ്യും? വിരലിട്ട്‌ ആ തുള വലുതാക്കുമോ? ഇല്ല. വേഗം തുന്നിക്കെട്ടി പരിഹരിക്കും, അല്ലേ? പ്രശ്‌നങ്ങളിലെല്ലാം നമ്മുടെ നിലപാട്‌ ഇതാകട്ടെ; നമ്മുടെ പ്രശ്‌നങ്ങളിലും, നമ്മളറിയുന്ന പ്രശ്‌നങ്ങളിലും!

0 comments:

 

തർബിയ

അശുദ്ധിയില്ലാത്ത മനസ്സും അഴകുള്ള ജീവിതവും കൈവരുമ്പോൾ മാത്രമേ ഒരാളുടെ ഇസ്‌ലാമിക വ്യക്തിത്വം അർഥപൂർണമാവൂ. വിശുദ്ധ ഖുർ‌ആനും തിരുനബി(സ)യുടെ സാരോപദേശങ്ങളും ഈ വഴിക്കാണ് നമ്മെ നയിക്കുന്നത്. വ്യക്തി എന്ന നിലയിലും കുടുംബ-സാമൂഹിക മേഖലകളിലെ അംഗമെന്ന നിലയിലും പാലിക്കേണ്ട നിർദേശ തത്വങ്ങളുടെ സംഗ്രഹമാണ് ഇസ്‌ലാം. ആദർശ നിഷ്‌ഠയും ആത്മശുദ്ധിയുമുള്ള ഒരു സമൂഹത്തെയാണ് ഇസ്‌ലാം വളർത്തിയെടുക്കുന്നത്. നിലവിലുള്ളതിൽ നിന്ന് കൂടുതൽ മികച്ച മറ്റൊരവസ്ഥയിലേക്ക് എത്തിക്കുക എന്ന പ്രക്രിയയാണ് അത്. പ്രവാചക തിരുമേനി(സ)യുടെ നിയോഗ ലക്ഷ്യമായ ‘തസ്‌കിയത്തി’ന് ഇങ്ങനെയൊരർഥം കൂടിയുണ്ട്. ഇസ്‌ലാമിക പ്രമാണങ്ങളെയും ചരിത്ര പാഠങ്ങളെയും മുൻ‌നിർത്തി ആത്മശുദ്ധീകരണപ്രധാനമായ ആലോചനകളാണ് ഈ ബ്ലോഗിലുള്ള കുറിപ്പുകൾ.

ഇസ്‌ലാം
ജീവിത ശുദ്ധീകരണത്തിന്റെ പുതുമഴയാണ്.
വ്യക്തിത്വത്തിന് ചന്തമുള്ള വഴിയാണ്.
വിശ്വാസിയെ അത് ശാന്തനും പോരാളിയുമാക്കുന്നു.
ഉള്ളും പുറവും സ്‌ഫടിക സുന്ദരമാക്കുന്നു.
സദ്‌ഗുണങ്ങളിലൂടെ സംസ്കാര സമ്പന്നമാക്കുന്നു.

സ്വസ്ഥമായിരുന്ന് സ്വന്തത്തെക്കുറിച്ചാലോചിക്കാൻ ഇതാ അല്പം ചിന്തകൾ.....

Usage Policies