this site the web

ഉര്‍വയുടെ പ്രാര്‍ഥന

വിശുദ്ധ കഅ്‌ബയിലെ റുക്‌നുല്‍ യമാനിക്കു സമീപം ചുറുചുറുക്കുള്ള നാലു യുവാക്കള്‍ ഒത്തുകൂടി. സഹോദരന്മാരായ അബ്‌ദുല്ലാഹിബ്‌നു സുബൈര്‍, മിസ്‌അബുബ്‌നു സുബൈര്‍, ഉര്‍വത്തുബ്‌നു സുബൈര്‍, പിന്നെ അബ്‌ദുല്‍മലിക്‌ബ്‌നു മര്‍വാനും. കൂട്ടത്തിലൊരാള്‍ പറഞ്ഞു: ``നമ്മുടെ മനസ്സിലുള്ള ഏറ്റവും വലിയ അഭിലാഷം നമുക്കിപ്പോള്‍ അല്ലാഹുവോട്‌ ചോദിക്കാം.'' ഓരോരുത്തരും ആലോചനയിലാണ്ടു. എന്തു ചോദിക്കും? വരാനിരിക്കുന്ന ജീവിതത്തിന്റെ വെയിലിലും മഴയിലും ഞാന്‍ ആരായിരിക്കണം? എന്തായിരിക്കണം? നിറയെ മോഹങ്ങളുണ്ട്‌. അബ്‌ദുല്ലാഹിബ്‌നു സുബൈര്‍ ആദ്യം പറഞ്ഞു: ``ഹിജാസിലെ ഖലീഫയാകാനാണ്‌ എനിക്കാഗ്രഹം.'' മിസ്‌അബിന്റെ അഗ്രഹമിങ്ങനെ: ``ഇറാഖിലെ ഭരണാധികാരിയാകണം.'' ഇതു രണ്ടും കേട്ട അബ്‌ദുല്‍മലിക്‌ബ്‌നു മര്‍വാന്‍: ``ഇത്ര നിസ്സാരമായ കാര്യമാണോ നിങ്ങള്‍ക്കിഷ്‌ടം? എന്റെ ആഗ്രഹം ഈ ലോകത്തിന്റെ തന്നെ ഭരണാധികാരിയാകാനാണ്‌. മുആവിയക്ക്‌ ശേഷം ഖിലാഫത്ത്‌ ലഭിക്കുക!'' ഉര്‍വത്തുബ്‌നു സുബൈര്‍ നിശ്ശബ്‌ദനായിരുന്നു. ``ഉര്‍വാ, നിനക്ക്‌ എന്താകാനാണ്‌ ആഗ്രഹം?''
``നിങ്ങളുടെ ഐഹിക മോഹങ്ങള്‍ സഫലമാകാന്‍ അല്ലാഹുവോട്‌ ഞാനും പ്രാര്‍ഥിക്കാം. എന്റെ ഏറ്റവും വലിയ മോഹം കര്‍മോത്സുകനായ പണ്ഡിതനായിത്തീരാനാണ്‌. ഖുര്‍ആനും സുന്നത്തും മതകാര്യങ്ങളും എന്നില്‍ നിന്ന്‌ ജനങ്ങള്‍ പഠിക്കാനും അതിലൂടെ അല്ലാഹുവിന്റെ തൃപ്‌തിക്കും സ്‌നേഹത്തിന്നും അര്‍ഹനാകാനും സാധിക്കണേ എന്നാണ്‌ എന്റെ എപ്പോഴുമുള്ള പ്രാര്‍ഥന.''
കാലം കടന്നുപോയി. അമവിയ്യാ ഭരണകൂടത്തിലെ രണ്ടാം ഖലീഫ യസീദുബ്‌നു മുആവിയയുടെ മരണശേഷം ഹിജാസ്‌, ഈജിപ്‌ത്‌, യമന്‍, ഖുറാസാന്‍, ഇറാഖ്‌ എന്നിവയുടെ ഭരണാധികാരിയായി അബ്‌ദുല്ലാഹിബ്‌നു സുബൈര്‍ അധികാരമേറ്റു. മാത്രമല്ല, ഹിജാസിലെ ഭരണാധികാരിയാകാന്‍ മോഹിച്ച്‌ പ്രാര്‍ഥിച്ച കഅ്‌ബയ്‌ക്കടുത്ത്‌ വെച്ചുതന്നെ അദ്ദേഹം കൊല്ലപ്പെടുകയും ചെയ്‌തു. മിസ്‌അബ്‌ബ്‌നു സുബൈറാകട്ടെ സഹോദരന്‍ അബ്‌ദുല്ലയുടെ പിന്തുണയോടെ ഇറാഖിലെ ഭരണാധികാരിയായി. പിതാവിന്റെ മരണശേഷം അബ്‌ദുല്‍മലിക്‌ബ്‌നു മര്‍വാന്‌ ഖിലാഫത്ത്‌ ലഭിച്ചു. പിന്നീട്‌ അബ്‌ദുല്ലയുടെയും മിസ്‌അബിന്റെയും കാലശേഷം പ്രാര്‍ഥനപോലെ, മുഴുവന്‍ മുസ്‌ലിംകളുടെയും ഖലീഫയായിത്തീര്‍ന്നു. ശരി! റുക്‌നുല്‍യമാനിക്കടുത്ത്‌ നിശ്ശബ്‌ദനായിരുന്ന ഉര്‍വത്ത്‌ ബിന്‍ സുബൈര്‍ ആരായിത്തീര്‍ന്നു? ആഇശ(റ)യുടെ സഹോദരി അസ്‌മാഇന്റെ പുത്രനാണ്‌ ഉര്‍വത്ത്‌. പിതാവ്‌ സുബൈറുബ്‌നുല്‍ അവ്വാം. ആഇശ(റ) മരണപ്പെട്ടപ്പോള്‍ ജനാസയുമായി ഖബ്‌റിലേക്കിറങ്ങിയതും മണ്ണ്‌ വാരിയിട്ടതും ഉര്‍വയായിരുന്നു.
കൂട്ടുകാരെ സാക്ഷി നിര്‍ത്തി നടത്തിയ ആ പ്രാര്‍ഥനയ്‌ക്കു ശേഷം ജീവിതം നിറയെ ഉര്‍വ നിരന്തര യാത്രയിലായിരുന്നു. വിജ്ഞാനം തേടിയുള്ള നിലയ്‌ക്കാത്ത സഞ്ചാരം. അന്ന്‌ ജീവിച്ചിരുന്ന സ്വഹാബിമാരുടെയെല്ലാം വീടുകളില്‍ പോയി അവരുടെ കൂടെ താമസിച്ച്‌ ദീനീ വിജ്ഞാനം നുകര്‍ന്നു. അലി(റ), അബ്‌ദുര്‍റഹ്‌മാനുബ്‌നു ഔഫ്‌(റ) തുടങ്ങിയ പ്രഗത്ഭ സ്വഹാബിമാരില്‍ നിന്ന്‌ നിരവധി ഹദീസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. മാതൃസഹോദരി ആഇശ(റ)യില്‍ നിന്ന്‌ എണ്ണമറ്റ മതവിജ്ഞാനം കൈവരിച്ചു. മര്‍മജ്ഞനായ മഹാപണ്ഡിതനായി ഉര്‍വതുബ്‌നു സുബൈര്‍ വളര്‍ന്നു. മദീനയിലെ ഏറ്റവും വലിയ ഏഴു കര്‍മശാസ്‌ത്രപണ്ഡിതന്മാരിലൊരാളായി അറിയപ്പെട്ടു. താഴ്‌മയോടെ നടത്തിയ പ്രാര്‍ഥനയുടെ ഫലം!
`ആരായിത്തീരണം?' എന്ന ചോദ്യത്തിന്‌ സ്വാഭാവികമായുണ്ടാകുന്ന മറുപടിയാണ്‌ മറ്റു മൂന്നുപേരും പറഞ്ഞത്‌. നമുക്കെല്ലാം അങ്ങനെയുള്ള മറുപടികളാണ്‌ മനസ്സിലുയരുക. ഡോക്‌ടറാകാണം, കലക്‌ടറാകണം, എഞ്ചിനീയറാകണം! മക്കളെക്കുറിച്ചുള്ള മാതാപിതാക്കളുടെ സ്വപ്‌നങ്ങളും അങ്ങനെ തന്നെ. ജീവിതത്തെക്കുറിച്ചുള്ള കാഴ്‌ചപ്പാട്‌ രൂപപ്പെടുത്തുന്നതിലെ പിഴവാകാം ഇത്‌. ഒരു സമൂഹമാകുമ്പോള്‍ അതില്‍ വ്യത്യസ്‌ത രംഗങ്ങളിലുള്ളവര്‍ വേണമല്ലോ. മക്കളുടെ കൂട്ടത്തിലും എല്ലാവര്‍ക്കും ഒരേ ജോലിയും വഴിയും ആകരുതല്ലോ; ശരി.
മനുഷ്യജീവിതത്തില്‍ ചെയ്യാവുന്ന ഏറ്റവും മികച്ച പ്രവൃത്തിയാണ്‌ ഉര്‍വതുബ്‌നു സുബൈര്‍ ആഗ്രഹിച്ചതും ആയിത്തീര്‍ന്നതും. സര്‍വശക്തനായ അല്ലാഹുവിന്റെ ദീന്‍ പഠിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക! അതിനോളം ആനന്ദകരവും പ്രതിഫലാര്‍ഹവുമായ പ്രവര്‍ത്തനം വേറെയില്ല. അതിനുവേണ്ടി ചെലവഴിക്കുന്ന ഓരോ നിമിഷവും പ്രതിഫലാര്‍ഹം! പ്രബോധനപ്രവര്‍ത്തനങ്ങളിലൂടെ സ്വയം പരിശുദ്ധി കൈവരിക്കാനാകുന്നു. പാപങ്ങള്‍ പൊറുക്കപ്പെടുന്നു.
ശരീരവും ആയുസ്സും എങ്ങനെ ചെലവഴിച്ചുവെന്ന്‌ ചോദിക്കപ്പെടാതെ ഒരാളുടെയും കാല്‌പാദം ഖിയാമത്തുനാളില്‍ ഒരടിപോലും മുന്നോട്ട്‌ നീങ്ങുകയില്ലെന്ന്‌ നബിതിരുമേനി(സ) പറയുകയുണ്ടായി. നാം എത്രയോ തവണ കേട്ടുകഴിഞ്ഞ ഹദീസ്‌. ഒന്നാലോചിച്ചു നോക്കൂ; നമ്മളെന്തു മറുപടിപറയും? ഉര്‍വതുബ്‌നു സുബൈറിന്‌ മറുപടിയുണ്ട്‌; ദീനിന്റെ മാര്‍ഗത്തില്‍!
``അല്ലാഹുവിലേക്ക്‌ ക്ഷണിക്കുകയും സല്‍കര്‍മം ചെയ്യുകയും മുസ്‌ലിംകളില്‍പെട്ടവനാണെന്ന്‌ പറയുകയും ചെയ്‌തവനേക്കാള്‍ മികച്ച വചനം പറഞ്ഞവന്‍ ആരുണ്ട്‌?'' (വി.ഖു. 41:33)
വസ്‌ത്രമലക്കുമ്പോള്‍ വസ്‌ത്രത്തിലെ ചെളിയോടൊപ്പം കൈയ്യിലെ ചെളിയും നീങ്ങുന്നു. ദഅ്‌വത്ത്‌ നമ്മെയും ശുദ്ധീകരിക്കുന്നു. അങ്ങനെയല്ലെങ്കില്‍ അത്‌ വലിയ പാപമായും തീരുന്നു. സൂറതുസ്സ്വഫ്‌ഫിലെ വചനം മനപ്പാഠമില്ലാത്തവര്‍ കുറവാണല്ലോ: ലിമ തഖൂലൂന മാലാ തഫ്‌അലൂന്‍. സൂറതുല്‍ ബഖറയിലെ 44ാം വചനത്തിലും ഇതേ ആശയം അല്ലാഹു ചോദിക്കുന്നുണ്ട്‌.
ഏറ്റവും നല്ല വചനം അല്ലാഹുവിന്റെ ദീനിലേക്കുള്ള ക്ഷണമാണ്‌. ആ മാര്‍ഗത്തിലുള്ള അധ്വാനത്തില്‍, യാത്രയില്‍, വിഷമങ്ങളില്‍ നമ്മുടെ കൂടെ അല്ലാഹുവുണ്ടാകും. കാരണം അത്‌ അവന്റെ മാര്‍ഗമാണ്‌. ആ മാര്‍ഗത്തില്‍ തന്നെയാണ്‌ പരീക്ഷണങ്ങള്‍ പതിഞ്ഞിരിക്കുന്നതും. ദഅ്‌വത്തിനുവേണ്ടി മാത്രം ജീവിതം നീക്കിവെച്ച ഉര്‍വതുബ്‌നു സുബൈറിന്റെ യൗവനകാലത്തു തന്നെ കാല്‌ നഷ്‌ടപ്പെട്ടു. ജീവിതാനന്ദമായി കിട്ടിയ മകന്‍ മരിച്ചുപോയി!

0 comments:

 

തർബിയ

അശുദ്ധിയില്ലാത്ത മനസ്സും അഴകുള്ള ജീവിതവും കൈവരുമ്പോൾ മാത്രമേ ഒരാളുടെ ഇസ്‌ലാമിക വ്യക്തിത്വം അർഥപൂർണമാവൂ. വിശുദ്ധ ഖുർ‌ആനും തിരുനബി(സ)യുടെ സാരോപദേശങ്ങളും ഈ വഴിക്കാണ് നമ്മെ നയിക്കുന്നത്. വ്യക്തി എന്ന നിലയിലും കുടുംബ-സാമൂഹിക മേഖലകളിലെ അംഗമെന്ന നിലയിലും പാലിക്കേണ്ട നിർദേശ തത്വങ്ങളുടെ സംഗ്രഹമാണ് ഇസ്‌ലാം. ആദർശ നിഷ്‌ഠയും ആത്മശുദ്ധിയുമുള്ള ഒരു സമൂഹത്തെയാണ് ഇസ്‌ലാം വളർത്തിയെടുക്കുന്നത്. നിലവിലുള്ളതിൽ നിന്ന് കൂടുതൽ മികച്ച മറ്റൊരവസ്ഥയിലേക്ക് എത്തിക്കുക എന്ന പ്രക്രിയയാണ് അത്. പ്രവാചക തിരുമേനി(സ)യുടെ നിയോഗ ലക്ഷ്യമായ ‘തസ്‌കിയത്തി’ന് ഇങ്ങനെയൊരർഥം കൂടിയുണ്ട്. ഇസ്‌ലാമിക പ്രമാണങ്ങളെയും ചരിത്ര പാഠങ്ങളെയും മുൻ‌നിർത്തി ആത്മശുദ്ധീകരണപ്രധാനമായ ആലോചനകളാണ് ഈ ബ്ലോഗിലുള്ള കുറിപ്പുകൾ.

ഇസ്‌ലാം
ജീവിത ശുദ്ധീകരണത്തിന്റെ പുതുമഴയാണ്.
വ്യക്തിത്വത്തിന് ചന്തമുള്ള വഴിയാണ്.
വിശ്വാസിയെ അത് ശാന്തനും പോരാളിയുമാക്കുന്നു.
ഉള്ളും പുറവും സ്‌ഫടിക സുന്ദരമാക്കുന്നു.
സദ്‌ഗുണങ്ങളിലൂടെ സംസ്കാര സമ്പന്നമാക്കുന്നു.

സ്വസ്ഥമായിരുന്ന് സ്വന്തത്തെക്കുറിച്ചാലോചിക്കാൻ ഇതാ അല്പം ചിന്തകൾ.....

Usage Policies