this site the web

തകര്‍ത്തെറിയേണ്ട മണിമന്ദിരങ്ങള്‍

അബ്‌ദുല്‍വദൂദ്‌

അല്ലാഹു നീതിമാനാണ്‌. ഓരോ നാട്ടിലുമുള്ള എല്ലാവര്‍ക്കും സന്തോഷത്തോടെ ജീവിക്കാനുള്ള സമ്പത്ത്‌ അന്നാട്ടില്‍ തന്നെ അല്ലാഹു നല്‍കിയിട്ടുണ്ട്‌. പക്ഷേ ചിലര്‍ക്ക്‌ കൂടുതലായും വേറെ ചിലര്‍ക്ക്‌ കുറച്ചായുമാണ്‌ നല്‍കിയിരിക്കുന്നത്‌. എന്നിട്ട്‌ കുടൂതലുള്ളവര്‍ക്ക്‌ കൃത്യമായ നിര്‍ദേശങ്ങളും നല്‍കി. ആരും പട്ടിണി കിടക്കാതിരിക്കാന്‍ ആവശ്യമുള്ള മുന്‍കരുതലുകള്‍ ഒരുക്കിവെച്ചു.പക്ഷേ, കൂടുതല്‍ കിട്ടിയവര്‍ ആ നിര്‍ദേശങ്ങളെല്ലാം മറക്കുന്നു. അവര്‍ സ്വന്തത്തെക്കുറിച്ചു മാത്രം ചിന്തിക്കുന്നു. പണം പെരുപ്പിക്കുന്നതിനെ കുറിച്ചല്ലാതെ പണമില്ലാത്തവനെപ്പറ്റി ചിന്തിക്കുന്നേയില്ല. സ്വന്തം വീടിന്റെ മോടിയെക്കുറിച്ചല്ലാതെ ഒരു കൊച്ചുവീടെങ്കിലും സ്വപ്‌നം കാണുന്നവനെപ്പറ്റി ആലോചിക്കുന്നില്ല. സ്വന്തം മക്കളെക്കുറിച്ചാലോചിക്കുന്നതിനിടയില്‍ പാവങ്ങളുടെ മക്കളെ കാണാതെ പോകുന്നു. അപ്പുറത്തുള്ളവന്റെ സങ്കടങ്ങള്‍ കേള്‍ക്കാതിരിക്കാന്‍ സ്വന്തം വീടിനു ചുറ്റും ആകുന്നത്ര ഉയരത്തില്‍ മതിലുപണിയുന്നു. അഥവാ, സ്വന്തം ബാധ്യത വിസ്‌മരിക്കുന്നു.

അന്‍സ്വാരിയായ ഒരാളുടെ വീടിനു മുന്നില്‍ വലിയൊരു ഗേറ്റ്‌ പണിതത്‌ തിരുനബി(സ) കണ്ടു. ``അന്ത്യനാളില്‍ ഇതുപോലുള്ളതെല്ലാം അത്‌ നിര്‍മിച്ചയാള്‍ക്ക്‌ ദോഷമായിത്തീരും'' എന്നായിരുന്നു തിരുനബിയുടെ പ്രതികരണം. ഇതറിഞ്ഞപ്പോള്‍ അയാള്‍ തിരുനബിയുടെ അടുത്തെത്തി. സലാം പറഞ്ഞു. തിരുനബി(സ) സലാം മടക്കിയില്ലെന്നു മാത്രമല്ല, അയാള്‍ക്കു നേരെ മുഖം തിരിച്ചു. കരഞ്ഞുകൊണ്ടോടിപ്പോയ അയാള്‍ ആ ഗേറ്റ്‌ പൊളിച്ചുകളഞ്ഞു. റസൂല്‍(സ) പറഞ്ഞു: അല്ലാഹു അദ്ദേഹത്തിന്‌ കരുണ ചൊരിയട്ടെ; അല്ലാഹു അദ്ദേഹത്തിന്‌ കരുണ ചൊരിയട്ടെ!'' (അബൂദാവൂദ്‌ 5237)

സ്വന്തത്തെക്കുറിച്ചു മാത്രം ചിന്തിക്കുന്നവരെ അല്‍പന്മാരായാണ്‌ തിരുനബി വിശേഷിപ്പിച്ചത്‌. സുഖങ്ങളില്‍ മനംനിറഞ്ഞ്‌ സ്വാര്‍ഥചിന്തയോടെ ജീവിക്കുന്നവരെ മഹാവിഡ്‌ഢികളെന്നും പറഞ്ഞു. സ്വന്തത്തിനു വേണ്ടിയല്ല, മറ്റുള്ളവര്‍ക്ക്‌ വേണ്ടി കരയുന്നവരാണ്‌ ഉന്നതന്മാര്‍. സ്വാര്‍ഥതയുടെ കെട്ടുവെള്ളത്തില്‍ ചീര്‍ത്തുപോകാനല്ല, സാമൂഹിക ബോധത്തിന്റെ അകങ്ങളിലേക്ക്‌ ഒഴുകിയെത്താനാണ്‌ ഖുര്‍ആന്‍ നമ്മെ ഉണര്‍ത്തുന്നത്‌.

ആഡംബരവും സുഖചിന്തയും സത്യവിശ്വാസത്തിന്റെ ലക്ഷണമല്ല. സൗകര്യങ്ങളൊരുക്കാനും ഈ ജീവിതത്തിന്റെ നന്മക്കുവേണ്ടി പ്രാര്‍ഥിക്കാനും പറഞ്ഞതോടൊപ്പം ദുര്‍വ്യയങ്ങളില്‍ നിന്നകലാനും അല്ലാഹു കല്‍പിക്കുന്നു. ഭക്തിയോടെ ജീവിക്കുന്നതില്‍ നിന്ന്‌ നമ്മെ തടയാന്‍ സുഖചിന്തകള്‍ക്ക്‌ കഴിയും. നമുക്കു വേണ്ടിയല്ല, മറ്റുള്ളവര്‍ക്കു വേണ്ടി ജീവിക്കാനാണ്‌ ഇസ്‌ലാമിന്റെ കല്‌പന. കണ്ണില്‍ കാണുന്ന മനുഷ്യരെ സ്‌നേഹിക്കാതെ കണ്ണില്‍ കാണാത്ത അല്ലാഹുവിനെ സ്‌നേഹിക്കുന്നതെങ്ങനെ?

കൊതിപ്പിക്കുന്ന ലോകമാണ്‌ ചുറ്റും. ആഗ്രഹങ്ങളെല്ലാം സഫലമാക്കാന്‍ വായ്‌പകള്‍ നിറയുന്നു. ഭവനവായ്‌പകള്‍, വാഹനവായ്‌പകള്‍, വിദ്യാഭ്യാസ വായ്‌പകള്‍.... അങ്ങനെ എന്തിനും ഏതിനും വായ്‌പകള്‍. വീട്‌ നിര്‍മാണത്തിനാണ്‌ കൂടുതലാളുകളും വായ്‌പകളെ ആശ്രയിക്കുന്നത്‌. പണി തുടങ്ങാത്ത വീടിനും പണിപൂര്‍ത്തിയാക്കാത്ത വീടിനും വായ്‌പകളുണ്ട്‌. ആ പലിശപ്പാമ്പിനെ തോളില്‍ ചുറ്റാത്തവര്‍ വളരെക്കുറച്ചുപേര്‍ മാത്രം!

ആവശ്യത്തില്‍ കവിഞ്ഞ വീടു നിര്‍മിക്കുന്നവരാണ്‌ വായ്‌പകള്‍ക്ക്‌ ക്യൂ നില്‍ക്കുന്നത്‌. മറ്റുള്ളവര്‍ക്കൊപ്പിച്ച്‌ ജീവിക്കുന്നവര്‍ക്ക്‌ ഒരു വായ്‌പ കൊണ്ടൊന്നും എവിടെയുമെത്തില്ലല്ലോ. സ്വന്തം വരുമാനത്തിനൊത്ത്‌ ജീവിക്കാന്‍ ശീലിച്ചാല്‍ സമാധാനത്തോടെ ജീവിക്കാം. പക്ഷേ അധികമാളുകള്‍ക്കും ആ ശീലം നഷ്‌ടമായിരിക്കുന്നു.

വീട്‌ നിര്‍മാണത്തെക്കുറിച്ച തിരുനബിയുടെ താക്കീതുകള്‍ നമ്മളൊന്നു കേള്‍ക്കണം. ഒരൊറ്റ തിരുവചനം മതി എല്ലാം തിരിച്ചറിയാന്‍: ``അല്ലാഹു ഒരാള്‍ക്ക്‌ നാശം ഉദ്ദേശിച്ചാല്‍ കളിമണ്ണിലും ഇഷ്‌ടികക്കട്ടകളിലും അയാള്‍ക്ക്‌ താല്‍പര്യമുണ്ടാക്കും. അങ്ങനെ അയാള്‍ വീട്‌ നിര്‍മാണത്തില്‍ മുഴുകാന്‍ തുടങ്ങും.'' (ത്വബ്‌റാനി-കബീര്‍ 10287, മജ്‌മഉസ്സവാഇദ്‌ 4:70)

അബ്ബാസുബ്‌നു അബ്‌ദില്‍ മുത്വലിബ്‌(റ) ഒരു മണിമാളിക പണിതത്‌ അറിഞ്ഞ റസൂല്‍(സ) അത്‌ പൊളിച്ചുകളയാനാണ്‌ കല്‍പിച്ചത്‌. അത്‌ വില്‍പന നടത്തി പണം ദാനം ചെയ്‌താല്‍ മതിയോ എന്ന്‌ ചോദിച്ചപ്പോള്‍ തിരുനബി ദൃഢസ്വരത്തില്‍ പറഞ്ഞു: ``പൊളിച്ചു കളയുക.'' (അബൂദാവൂദ്‌)

തിരുനബിയുടെ താക്കീതുകള്‍ ഗൗരവതരമാണ്‌. നമ്മള്‍ പൊളിച്ചുകളയേണ്ടത്‌ മനസ്സിലെ മണിമാളികകളാണ്‌. ആര്‍ത്തികൊണ്ടും മോഹങ്ങള്‍ കൊണ്ടും സുഖചിന്തകള്‍ കൊണ്ടും മൂടിക്കെട്ടിയ മനസ്സില്‍ ഭക്തിയുടെ വെളിച്ചം പകരുമ്പോള്‍ മോഹങ്ങളുടെ കൊട്ടാരങ്ങള്‍ തകര്‍ന്നുവീഴും.

വീടു പണിയാന്‍ കോടികള്‍ ചെലവഴിക്കുന്നവര്‍ നിരവധിയാണിന്ന്‌. വീടിന്റെ വലുപ്പത്തിലും മതിലിന്റെ ഭംഗിയിലും അഹങ്കാരം നിറയ്‌ക്കുന്നവര്‍ ഒട്ടും വിരളമല്ല. സമ്പാദ്യം മുഴുവന്‍ വീടുനിര്‍മിച്ച്‌ തുലയ്‌ക്കുന്നവര്‍ യഥാര്‍ഥത്തില്‍ സ്വന്തം മക്കളോട്‌ അനീതിയാണ്‌ ചെയ്യുന്നത്‌. കാരണം, മക്കളില്‍ ഒരാള്‍ക്കേ ആ വീട്‌ സ്വന്തമായി ലഭിക്കൂ. മറ്റു മക്കള്‍ക്ക്‌ അത്ര മികച്ച വീട്‌ ലഭിക്കാന്‍ അവസരമില്ലാതായാല്‍ മക്കള്‍ക്കിടയില്‍ പിതാവ്‌ അനീതി കാണിച്ചുവെന്നുവരും.

ലോകം കണ്ട ദരിദ്രരിലൊരാളാണ്‌ ലോകാനുഗ്രഹിയായ തിരുനബി(സ). മാസങ്ങളോളം പച്ചയിലയും പച്ചവെള്ളവും മാത്രം കഴിച്ചുജീവിച്ചിട്ടുണ്ട്‌. അക്കാലത്ത്‌ അവരുടെ വിസര്‍ജ്യംപോലും മൃഗങ്ങളുടെ വിസര്‍ജ്യം പോലെയായിരുന്നുവെന്ന്‌ സ്വഹാബികള്‍ അനുസ്‌മരിക്കുന്നുണ്ട്‌. അത്രയും ദാരിദ്ര്യം! കീറപ്പായയില്‍ വലതുകൈ തലയിണയാക്കി കിടന്നുറങ്ങിയത്‌ ഏറ്റവു മികച്ച ദൈവസൃഷ്‌ടിയായ അന്ത്യദൂതനാണ്‌. എന്നിട്ടും ആ റസൂല്‍ കരഞ്ഞിട്ടില്ല. എന്നാല്‍ അനാഥയായ ഒരു കുഞ്ഞിനെക്കണ്ടപ്പോള്‍ സ്‌നേഹത്തിന്റെ പ്രവാചകന്‍ വിതുമ്പിപ്പോയി. പട്ടിണി കിടന്ന്‌ വയറൊട്ടിയവരെക്കണ്ടപ്പോള്‍ കണ്ണുപൊത്തിക്കരഞ്ഞുപോയി. സ്വന്തം ദു:ഖങ്ങളെ നിസ്സാരമാക്കി അന്യന്റെ ദു:ഖങ്ങളെ സ്വന്തമാക്കുന്ന ഈ മനസ്സാണ്‌ റസൂല്‍ നമുക്ക്‌ നല്‍കിയ സമ്മാനം. ഏറ്റവും കടുത്ത ദാരിദ്ര്യമനുഭവിച്ചിട്ടും റസൂല്‍ ഏറ്റവും മികച്ച സന്തോഷവാനായിരുന്നു; നമ്മളോ?!

0 comments:

 

തർബിയ

അശുദ്ധിയില്ലാത്ത മനസ്സും അഴകുള്ള ജീവിതവും കൈവരുമ്പോൾ മാത്രമേ ഒരാളുടെ ഇസ്‌ലാമിക വ്യക്തിത്വം അർഥപൂർണമാവൂ. വിശുദ്ധ ഖുർ‌ആനും തിരുനബി(സ)യുടെ സാരോപദേശങ്ങളും ഈ വഴിക്കാണ് നമ്മെ നയിക്കുന്നത്. വ്യക്തി എന്ന നിലയിലും കുടുംബ-സാമൂഹിക മേഖലകളിലെ അംഗമെന്ന നിലയിലും പാലിക്കേണ്ട നിർദേശ തത്വങ്ങളുടെ സംഗ്രഹമാണ് ഇസ്‌ലാം. ആദർശ നിഷ്‌ഠയും ആത്മശുദ്ധിയുമുള്ള ഒരു സമൂഹത്തെയാണ് ഇസ്‌ലാം വളർത്തിയെടുക്കുന്നത്. നിലവിലുള്ളതിൽ നിന്ന് കൂടുതൽ മികച്ച മറ്റൊരവസ്ഥയിലേക്ക് എത്തിക്കുക എന്ന പ്രക്രിയയാണ് അത്. പ്രവാചക തിരുമേനി(സ)യുടെ നിയോഗ ലക്ഷ്യമായ ‘തസ്‌കിയത്തി’ന് ഇങ്ങനെയൊരർഥം കൂടിയുണ്ട്. ഇസ്‌ലാമിക പ്രമാണങ്ങളെയും ചരിത്ര പാഠങ്ങളെയും മുൻ‌നിർത്തി ആത്മശുദ്ധീകരണപ്രധാനമായ ആലോചനകളാണ് ഈ ബ്ലോഗിലുള്ള കുറിപ്പുകൾ.

ഇസ്‌ലാം
ജീവിത ശുദ്ധീകരണത്തിന്റെ പുതുമഴയാണ്.
വ്യക്തിത്വത്തിന് ചന്തമുള്ള വഴിയാണ്.
വിശ്വാസിയെ അത് ശാന്തനും പോരാളിയുമാക്കുന്നു.
ഉള്ളും പുറവും സ്‌ഫടിക സുന്ദരമാക്കുന്നു.
സദ്‌ഗുണങ്ങളിലൂടെ സംസ്കാര സമ്പന്നമാക്കുന്നു.

സ്വസ്ഥമായിരുന്ന് സ്വന്തത്തെക്കുറിച്ചാലോചിക്കാൻ ഇതാ അല്പം ചിന്തകൾ.....

Usage Policies